Prabodhanm Weekly

Pages

Search

2020 ജനുവരി 17

3135

1441 ജമാദുല്‍ അവ്വല്‍ 21

പൗരത്വനിഷേധ ഭീഷണി അടിവേരുകളുള്ള അജണ്ടയാണ്

ടി. മുഹമ്മദ് വേളം

''നിഷേധികള്‍ പ്രവാചകന്മാരോട് പറഞ്ഞു: നിങ്ങളെ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും, അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവരണം. അക്രമികളെ നാം ശിക്ഷിക്കുക തന്നെ ചെയ്യുമെന്ന് അവരുടെ നാഥന്‍ അവര്‍ക്ക് ദിവ്യബോധനം നല്‍കി. അവര്‍ക്കു ശേഷം നാം നിങ്ങളെ നാട്ടില്‍ അധിവസിപ്പിക്കും. എന്റെ സന്നിധിയില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് ഭയപ്പെടുകയും എന്റെ താക്കീതുകളെ പേടിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഔദാര്യമത്രെ ഇത്'' (ഇബ്‌റാഹീം 13-14).    
പൊതുവില്‍ പ്രവാചകന്മാരോട് അവരുടെ എതിരാളികള്‍ ഈ പുറത്താക്കല്‍ ഭീഷണി മുഴക്കി എന്നാണ് ഖുര്‍ആന്‍ പറയുന്നത്. നിങ്ങളെ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും എന്നതായിരുന്നു ആ ഭീഷണിയുടെ ഒന്നാമത്തെ മുദ്രാവാക്യം. അല്ലെങ്കില്‍ ഞങ്ങളുടെ മതത്തിലേക്ക് മടങ്ങിവരണം എന്നത് രാമത്തേതും. ഈ വിശ്വാസികള്‍ എല്ലാം നേരത്തേ പഴയ മതത്തിന്റെ അനുയായികളായിരുന്നു എന്ന അര്‍ഥത്തിലാണ് മടങ്ങിവരണം എന്ന മുദ്രാവാക്യം ഉന്നയിക്കുന്നത്. ഇന്ന് ഉന്നയിക്കപ്പെടുന്ന ഘര്‍വാപ്പസി (വീട്ടിലേക്ക് മടങ്ങല്‍) എന്ന ആവശ്യത്തിന്റെ ശരിക്കുമുള്ള പഴയ പകര്‍പ്പ്. 'ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും' എന്ന ബഹുദൈവകരുടെ പ്രയോഗത്തിനും വിപുലമായ അര്‍ഥങ്ങളുണ്ട്. വംശപരമായി അത് സത്യവിശ്വാസികളുടെയും ബഹുദൈവ വിശ്വാസികളുടെയും നാടാണ്. അവര്‍ ഇരുവരും ഒരേ വംശത്തില്‍പെട്ടവരാണ്. തലമുറകളായി അവിടെ താമസിച്ചുവരുന്നവരാണ്. എന്നിട്ടും 'നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും' എന്നു പറയുന്നതിന്റെ അര്‍ഥം ഈ നാട് വെറും ഒരു ഭൂമിശാസ്ത്ര പരിധിയല്ല. ഈ നാടിനെ ഈ നാടാക്കിത്തീര്‍ക്കുന്ന ഒരു ദേശീയ സംസ്‌കാരമുണ്ട്. അത് നമ്മുടെ പൂര്‍വികരുടെ മതമാണ്. അതില്‍നിന്ന് പുറത്തു പോകുന്നതിലൂടെ നാടിന്റെ സംസ്‌കാരത്തില്‍നിന്ന് നിങ്ങള്‍ പുറത്തുപോയിരിക്കുന്നു. നാട്ടില്‍ നിലനില്‍ക്കാനുള്ള നിങ്ങളുടെ അര്‍ഹത നിങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. അത് തിരിച്ചുകിട്ടണമെങ്കില്‍ പഴയ മതത്തിലേക്ക് മടങ്ങണം എന്നാണ്.
''ശുഐബ് നബിയോട് ആ സമൂഹത്തിലെ അഹങ്കാരികളായ അധീശശക്തികള്‍ പറഞ്ഞു: ശുഐബേ, നിന്നെയും നിന്നെ പിന്തുടര്‍ന്നവരെയും ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും; അല്ലെങ്കില്‍ ഞങ്ങളുടെ വിശ്വാസത്തിലേക്ക് മടങ്ങിവരണം. ശുഐബ് ചോദിച്ചു: ഞങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കിലും ബലമായി മടക്കപ്പെടുമെന്നോ, അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് രക്ഷിച്ചുകഴിഞ്ഞിരിക്കെ? ഇനി അതിലേക്ക് മടങ്ങുകയാണങ്കില്‍ ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം ചമച്ചവരാകും. ഞങ്ങളെ സംബന്ധിച്ചേടത്തോളം ഇനി ഒരു നിലക്കും അതിലേക്ക് മടങ്ങുക സാധ്യമല്ല. ഞങ്ങളുടെ നാഥനായ അല്ലാഹു അങ്ങനെ ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ റബ്ബിന്റെ ജ്ഞാനം സകല സംഗതികളും ഉള്‍ക്കൊണ്ടിരിക്കുന്നു'' (അല്‍അഅ്‌റാഫ് 88,89). ഇവിടെയും ഈ രണ്ടു കാര്യങ്ങളും പ്രവാചക പ്രതിയോഗികള്‍ ഉന്നയിക്കുന്നുണ്ട്. 300 വര്‍ഷത്തെ ഗുഹാ സുഷുപ്തിക്കു ശേഷം ഉണര്‍ന്ന ഗുഹാവാസികളായ പീഡിത വിശ്വാസിസമൂഹം അവരില്‍നിന്ന് ഒരാളെ ഭക്ഷണത്തിനായി അങ്ങാടിയിലേക്ക് അയക്കുമ്പോള്‍ ഈ പ്രശ്‌നത്തെക്കുറിച്ച് കരുതല്‍ പകരുന്നുണ്ട്: ''അവരുടെ പിടിയിലെങ്ങാനും പെട്ടുപോയാല്‍ അവര്‍ നമ്മെ കല്ലെറിയുകതന്നെ ചെയ്യും. അല്ലെങ്കില്‍ ബലം പ്രയോഗിച്ച് അവരുടെ മതത്തിലേക്ക് തിരിച്ചുകൊണ്ടുപോകും'' (അല്‍കഹ്ഫ് 20).
ഇന്ത്യയില്‍ ഇപ്പോള്‍ ഉയരുന്ന പൗരത്വനിഷേധ ഭീഷണിയുടെയും അടിസ്ഥാനം ഇതുതന്നെയാണ്. ഇത് പ്രവാചകന്മാരുടെയും പ്രബോധകന്മാരുടെയും ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇസ്‌ലാമില്‍നിന്ന് അകന്നതിന്റെ ഫലമായുണ്ടായ പ്രതിസന്ധിയല്ല ഇത്. എത്രയോ അളവില്‍   ഇസ്‌ലാമിനെ പ്രതിനിധീകരിച്ചതിന്റെ ഫലമായുണ്ടായ പ്രതിസന്ധിയാണ്. ചരിത്രത്തില്‍ പ്രവാചകന്മാര്‍ നേരിട്ടതിനു സമാനമായ പ്രതിസന്ധി. മതം മാറുകയാണെങ്കില്‍ പൗരത്വം തിരിച്ചുനല്‍കാമെന്ന് പറഞ്ഞതായി അസമില്‍നിന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഒന്നുകില്‍ ബഹുദൈവത്വ മതത്തിലേക്ക് മടക്കപ്പെടുക, അല്ലെങ്കില്‍ നാട്ടില്‍ നില്‍ക്കാനുള്ള അവകാശം നിഷേധിക്കപ്പെടുക എന്ന പ്രവാചകന്മാര്‍ അനുഭവിച്ച അതേ വെല്ലുവിളിയുടെ ആവര്‍ത്തനമാണിത്.
ഇന്ത്യയിലെ മുസ്‌ലിംകള്‍ അവരുടെ ചരിത്രത്തിലോ വര്‍ത്തമാനത്തിലോ  പ്രവാചകന്മാരെപ്പോലെ അത്യുജ്ജ്വലമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടാകില്ല; വര്‍ത്തമാനകാലത്ത് വിശേഷിച്ചും. എന്നിട്ടും എന്തുകൊണ്ട് പ്രവാചകന്മാര്‍ക്ക് സമാനമായ അനുഭവം ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് ഉണ്ടാകുന്നു എന്ന ആലോചന പ്രസക്തമാണ്. മുസ്‌ലിംകള്‍ നല്ലൊരു പരിധിവരെ ഹൈന്ദവധാരയില്‍ ലയിച്ചുചേരാതെ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചു എന്നതാണതിനു കാരണം. ഈ ലയിച്ചുചേരായ്മയും പ്രതിനിധാനവും തന്നെ ബഹുദൈവ സംസ്‌കാരത്തെ അസ്വസ്ഥപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതുമാണ്. ഇന്ത്യയില്‍ ആവിര്‍ഭവിച്ചിട്ടുള്ളതും കടന്നുവന്നതും ആയ മറ്റു മതങ്ങളെയെല്ലാം ബ്രാഹ്മണ മതം സ്വാംശീകരിക്കുകയായിരുന്നു. അഥവാ, അവ ഹൈന്ദവ സംസ്‌കാരത്തെ സ്വാംശീകരിക്കുകയായിരുന്നു. ഈ അസ്വസ്ഥത സംഘ് പരിവാറിന്റേത് മാത്രമല്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ സ്ഥാപകന്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ ജീവചരിത്രകാരന്‍ എ.കെ രിഫാഇ എഴുതുന്നു:
''1940-ന്റെ ആരംഭകാലം - ആ സമയം തിരുച്ചിറപ്പള്ളി സെയ്ദ് മുര്‍തളാ ഹസ്രത്ത് ദല്‍ഹി കേന്ദ്ര നിയമസഭ (MLA Central) മെമ്പറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒരു ദിവസം അദ്ദേഹം തിരുച്ചിറപ്പള്ളിയില്‍നിന്നും തീവണ്ടിയില്‍ മദ്രാസിലേക്ക് പുറപ്പെട്ടു. തിരുച്ചിറപ്പള്ളി ജംങ്ഷനില്‍നിന്നും ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്‌മെന്ററില്‍ കയറിയപ്പോള്‍ താഴെയുള്ള രണ്ടു ബര്‍ത്തുകളും റിസര്‍വ് ചെയ്യപ്പെട്ടിരുന്നതായി മനസ്സിലായപ്പോള്‍, അദ്ദേഹം മീതെയുള്ള ബര്‍ത്തില്‍ കയറി കിടന്നു. വളരെ ക്ഷീണിതനായതുകൊണ്ടോ മറ്റോ ആവാം, വണ്ടി പുറപ്പെടുന്നതിനു മുമ്പു തന്നെ അദ്ദേഹം മുകളില്‍ കയറി കിടന്നത്. അക്കാലത്ത് ആ വണ്ടി ശ്രീരംഗം റെയില്‍വേ സ്റ്റേഷനിലും നിര്‍ത്തി യാത്രക്കാരെ കയറ്റുമായിരുന്നു. ശ്രീരംഗത്തില്‍നിന്നും രണ്ടു യാത്രക്കാര്‍ മുര്‍തളാ ഹസ്‌റത്ത് കിടന്നിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ കയറി. അവര്‍ മറ്റാരുമായിരുന്നില്ല, ഒരാള്‍ രാജാജി, മറ്റൊരാള്‍ തിരുച്ചിറപ്പള്ളിക്കാരനായ ഡോ. ടി.എസ്.എസ്. രാജന്‍. രണ്ടു പേരും മുകള്‍ ബര്‍ത്തിലുള്ള ആളെ ശ്രദ്ധിച്ചിരുന്നില്ല. രണ്ടാളും തങ്ങളുടെ കിടക്കകള്‍ ശരിപ്പെടുത്തിക്കൊണ്ടു കിടക്കാന്‍ തുടങ്ങി. രണ്ടു പേരും ഉറങ്ങിയില്ല; സംസാരിച്ചുകൊണ്ടു കിടക്കുകയായിരുന്നു. താഴെ കിടക്കുന്നവര്‍ ആരാണെന്ന് അവരുടെ ശബ്ദങ്ങളില്‍നിന്നും മുര്‍തളാ ഹസ്‌റത്തിനു മനസ്സിലായി. അദ്ദേഹത്തിനു ഉറക്കം വന്നുകൊണ്ടിരുന്നുവെങ്കിലും താഴെ കിടക്കുന്നവരുടെ സംസാരം അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഉറക്കം പോയി, സംസാരം ശ്രദ്ധിച്ചു കേട്ടുകൊണ്ട് അദ്ദേഹം കിടന്നു. അവര്‍ രണ്ടു പേരും വിവിധ വിഷയങ്ങളെക്കുറിച്ച് അഭിപ്രായ വിനിമയം നടത്തിക്കൊണ്ടിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചും അവര്‍ സംസാരിച്ചു. അവരുടെ മനസ്സിലിരുപ്പ് അപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചു. മുസ്‌ലിംകളെ പറ്റിയുള്ള അവരുടെ സംസാരത്തിന്റെ ചുരുക്കം ഇതായിരുന്നു: ഈ രാജ്യത്തേക്ക് എത്രയോ സംസ്‌കാരങ്ങളും മതങ്ങളും സിദ്ധാന്തങ്ങളും കടന്നുവന്നിട്ടുണ്ട്. ഈ വിശ്വാസപ്രമാണങ്ങള്‍ കൊണ്ടുവന്നവര്‍ ഈ രാജ്യം കീഴ്‌പ്പെടുത്തി ഭരണം നടത്തിയെങ്കിലും ക്രമേണ ആ സിദ്ധാന്തങ്ങളും മതങ്ങളും സംസ്‌കാരങ്ങളുമെല്ലാം ഇന്ത്യന്‍ സംസ്‌കാരത്തില്‍ ലയിക്കുകയുണ്ടായി; സംഗമിക്കുകയുണ്ടായി- വിജയം നേടിയവരുടെ സംസ്‌കാരം പരാജയപ്പെട്ടവരുടെ സംസ്‌കാരത്തിലും ആദര്‍ശങ്ങളിലും മതങ്ങളിലുമൊതുങ്ങി. അതുമാത്രമല്ല, ഈ രാജ്യത്തു തന്നെ ചില വിപ്ലവവാദികളുണ്ടായി. ഇവിടെയുള്ള മതങ്ങളെ എതിര്‍ത്തു; ആചാര സമ്പ്രദായങ്ങളെ ഖണ്ഡിച്ചു. ബുദ്ധന്‍, മഹാവീരന്‍ പോലെയുള്ളവര്‍ സ്ഥാപിച്ച സിദ്ധാന്തങ്ങളെയും കാലക്രമത്തില്‍ ഇവിടത്തെ ഭൂരിപക്ഷ മതം വിഴുങ്ങി ദഹിപ്പിച്ചു. എന്നാല്‍ ഇസ്‌ലാം മതം മാത്രം അതിന്റെ സ്വാഭാവിക തനിമ നഷ്ടപ്പെടാതെ തന്നെ നിലനില്‍ക്കുന്നു. ആയിരം വര്‍ഷങ്ങള്‍ ത്വരിതഗമനം ചെയ്‌തെങ്കിലും ആ മതത്തെ നമ്മുടെ സംസ്‌കാരത്തിന് ദഹിപ്പിക്കാന്‍ കഴിഞ്ഞില്ല; ഛിന്നഭിന്നമാക്കാന്‍ കഴിഞ്ഞിട്ടില്ല. വയറിനുള്ളില്‍ എത്തപ്പെട്ട കല്ലുപോലെയാണ് ഇസ്‌ലാമിന്റെ നില്‍പ്പ്. അതിനെ ദഹിപ്പിക്കാന്‍ നമുക്കാവില്ല. അതിനെ പുറത്തേക്ക് കളയാമെന്നു വെച്ചാലോ, അതിന് സാധിക്കുകയില്ല. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് മനസ്സിലാകുന്നില്ല'' (പേജ് 114-116).
ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇസ്‌ലാമിന്റെ ഹിന്ദുവല്‍ക്കരണത്തിനെതിരായ സംസ്‌കരണ പരിശ്രമങ്ങളായിരുന്നു അത് എന്നു കാണാന്‍ കഴിയും. സഹസ്രാബ്ദത്തിന്റെ നവോത്ഥാന നായകന്‍ എന്നറിയപ്പെടുന്ന ശൈഖ് അഹ്മദ് സര്‍ഹിന്ദിയെ കുറിച്ച് അബ്ദുല്‍ ഹഖ് അന്‍സാരി എഴുതുന്നു: ''ദല്‍ഹിയിലെ മുഗള്‍ ഭരണാധികാരിയായ അക്ബര്‍ ചക്രവര്‍ത്തി ഇസ്‌ലാമിന് ഗുരുതരമായ പരിക്കേല്‍പ്പിക്കുന്ന ചില നയങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പ്രവാചക തിരുമേനി കൊണ്ടുവന്ന മതം കാലഹരണപ്പെട്ടുവെന്നും അതിന്റെ സ്ഥാനത്ത് പുതിയ മതം ആവശ്യമായി വന്നിരിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. മാത്രമല്ല അദ്ദേഹം സ്വന്തമായി ഒരു മതം നിര്‍ബന്ധിച്ച് അവതരിപ്പിക്കുകയും ചെയ്തു. മറുവശത്ത് സൂഫികള്‍ തസ്വവ്വുഫിന്റെ മറവില്‍ മുസ്‌ലിം ബഹുജനത്തിനിടയില്‍ പലതരം വിശ്വാസങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യയിലെ ബഹുദൈവ വിശ്വാസത്തിന്റെ സ്വാധീനഫലമായി നേരത്തേതന്നെ 'ശിര്‍കി'(ബഹുദൈവത്വം)ന്റെ പല രൂപങ്ങളുമായി ഉടമ്പടിയിലേര്‍പ്പെട്ടവരായിരുന്നു ഈ മുസ്‌ലിം ബഹുജനം. ഇസ്‌ലാമിന്റെ കാവല്‍ക്കാരായി കരുതപ്പെടുന്ന ഉലമാക്കള്‍ ഇത്തരം അനിസ്‌ലാമിക ആചാരങ്ങളെ ന്യായീകരിക്കുന്നതിനു വേണ്ടിയാണ് തങ്ങളുടെ കഴിവും പ്രാഗത്ഭ്യവും വിനിയോഗിച്ചത്. ഈ തിന്മക്കെതിരെ ശൈഖ് സര്‍ഹിന്ദി സാഹസികമായ പോരാട്ടം നടത്തി'' (സൂഫിസവും ശരീഅത്തും, സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനം, ആമുഖം).
ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ പ്രവര്‍ത്തനങ്ങളിലും ഈ ഘടകം നമുക്ക് കാണാനാകും: ''സഹായം പ്രതീക്ഷിച്ചുകൊണ്ട് അജ്മീറിലെയോ സാലാര്‍ മസ്ഊദിലെയോ മഖ്ബറകളില്‍ പോകുന്നത് വ്യഭിചാരത്തേക്കാളും കൊലപാതകത്തേക്കാളും മാരകമായതാണ് എന്ന്  ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി അഭിപ്രായപ്പെടുന്നു'' (ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്‌ലിംകളും: കെ.ടി ഹുസൈന്‍ -പേജ് 132). കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചരിത്രമെടുത്താലും സമുദായത്തിനകത്തെ ഹൈന്ദവ സ്വാധീനത്തിന്റെ കളപറിക്കലായിരുന്നു അവയെന്ന് കാണാന്‍ കഴിയും. മറുഭാഗത്ത് ഇസ്‌ലാമിന്റെ ഹൈന്ദവവല്‍ക്കരണ ശ്രമങ്ങളെ സംഘ് പരിവാര്‍ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതായി ആര്‍.എസ്.എസിനെ കുറിച്ച് പഠനം നടത്തിയ ഹാരിസ് ബശീര്‍ ചൂണ്ടിക്കാട്ടുന്നു: ''പള്ളികളും ചര്‍ച്ചുകളും നിര്‍മിക്കുന്നതില്‍ പല തടസ്സങ്ങളും ഉണ്ടാക്കുന്ന സംഘ് പരിവാര്‍ തന്നെ മുസ്‌ലിം സിദ്ധന്മാരുടെ മഖ്ബറകളില്‍ നടക്കുന്ന ഉറൂസുകള്‍, ജാറം മൂടല്‍ തുടങ്ങിയവക്ക് പ്രോത്സാഹനം നല്‍കുകയും അതിന്റെ കൂടെ നില്‍ക്കുകയും ചെയ്യുന്നു. ജാറം നടത്തിപ്പുകാരായ സജ്ജാദനശീന്മാരോടും സ്വയം പ്രഖ്യാപിത സൂഫികളോടും ഹിന്ദു ഭാര്യമാരെ വെച്ചുപുലര്‍ത്തുന്ന മുസ്‌ലിം നേതാക്കന്മാരിലും ഓഫീസര്‍മാരിലും കൂടുതല്‍ വിശ്വാസം പ്രകടിപ്പിക്കുന്നതും മുസ്‌ലിംകള്‍ക്കിടയിലെ ഹിന്ദുത്വ അജണ്ടയാണ്'' (ആര്‍.എസ്.എസ്; ഒരു വിമര്‍ശന വായന- പേജ് 112).
സംഘ് പരിവാറിന് മുസ്‌ലിംകളോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ അത് ദേശീയ സംസ്‌കാരം എന്ന് അവര്‍ പേരിട്ടു വിളിക്കുന്ന ബഹുദൈവത്വ സംസ്‌കാരത്തില്‍ ലയിച്ചു ചേരണമെന്ന കാര്യം മാത്രമാണ്. തീര്‍ത്തും വൈയക്തിക ജീവിതത്തിലെ ആരാധനകളുടെ കാര്യത്തില്‍, ബഹുദൈവ സംസ്‌കാരത്തില്‍ തന്നെ വൈവിധ്യങ്ങള്‍ ഉള്ളതു കൊണ്ടും ആരാധന നടത്തണമെന്നതു പോലും ആര്‍.എസ്.എസിന്റെ മുഖ്യ പരിഗണനാ വിഷയമല്ലാത്തതുകൊണ്ടും, അക്കാര്യത്തില്‍ അവര്‍ മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നു. അല്ലെങ്കില്‍, സ്വാതന്ത്ര്യം അനുവദിക്കുന്നുവെന്ന് അവകാശപ്പെടുന്നു. പൂജാ രീതി എന്ന നിലയിലെ ആരാധനാകാര്യം ഒഴിച്ച് ബാക്കി സാംസ്‌കാരിക കാര്യങ്ങളിലെല്ലാം ദേശീയ സംസ്‌കാരം എന്നവര്‍ വിളിക്കുന്ന ബഹുദൈവത്വ സംസ്‌കാരത്തില്‍ ലയിച്ചുചേരണമെ
ന്നാണ് അവര്‍ മുസ്‌ലിംകളോട് ആവശ്യപ്പെടുന്നത്. 'ആധുനിക തുര്‍ക്കിയുടെ നിര്‍മാതാവായ കമാല്‍ പാഷ പഴയ ദേശീയ ജീവിതക്രമം വീണ്ടെടുക്കുകയും ഇസ്‌ലാമിന്റെ പങ്ക് വ്യക്തിപരമായ ഈശ്വരാരാധനയില്‍ ഒതുക്കിനിര്‍ത്തുകയും ചെയ്തു' എന്ന് ഗോള്‍വാള്‍ക്കര്‍ മുസ്‌ലിംകള്‍ അവലംബിക്കേണ്ട സംഘ് വിഭാവനയിലെ മതമാതൃകയെ കുറിച്ച് പറയുന്നുണ്ട് (വിചാരധാര - പേജ് 196). ഹാരിസ് ബശീര്‍ എഴുതുന്നു: ''മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ആര്‍.എസ്.എസ് പത്രമായ ഓര്‍ഗനൈസറില്‍ 'സംഘ് എന്റെ ആത്മാവ്' എന്ന പേരിലെഴുതിയ ലേഖനത്തില്‍ സംഘിന്റെ രണ്ട് അടിസ്ഥാന പ്രവര്‍ത്തനങ്ങളെ വിവരിച്ചത് ഇപ്രകാരമായിരുന്നു: 'ആദ്യം ഹിന്ദുക്കളെ സംഘടിപ്പിക്കുക, രണ്ടാമത് അഹിന്ദുക്കളായ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മുഖ്യധാരയിലേക്ക് സ്വാംശീകരിക്കുക.' അതേപ്പറ്റി പിന്നീട് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വാജ്‌പേയ് അതിനെ നിഷേധിക്കുകയും എഡിറ്റര്‍ താനുമായി നടത്തിയ ചര്‍ച്ച ലേഖനമാക്കിയപ്പോള്‍ പറ്റിയ അബദ്ധമാണതെന്ന് പറയുകയുമുണ്ടായി. പക്ഷേ, അപ്പോഴും ആര്‍.എസ്.എസിന് ആ ലക്ഷ്യം ഇല്ല എന്ന് അദ്ദേഹം പറഞ്ഞില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആര്‍.എസ്.എസ് സര്‍ സംഘ് ചാലക് തന്നെ ഹിന്ദു ധര്‍മത്തിന് മറ്റെല്ലാ വിഭാഗങ്ങളെയും സ്വാംശീകരിക്കാനുള്ള ശേഷിയുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്'' (ആര്‍.എസ്.എസ് ഒരു വിമര്‍ശന വായന- പേജ് 118-119). ഇപ്പോഴത്തെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് മുംബൈയില്‍ വെച്ച് നടന്ന വി.എച്ച്.പിയുടെ സുവര്‍ണ ജൂബിലി പരിപാടിയിലാണ് ഇത് പറഞ്ഞത്: 'ഭാരതം തിരിച്ചറിയപ്പെടുന്നത് ഹിന്ദു രാഷ്ട്രത്തിലൂടെയാണ്. ഹിന്ദുത്വയില്‍ പല മതങ്ങളും പല വിഭാഗങ്ങളും ഉണ്ടെന്നും പല മതങ്ങളെയും വിഭാഗങ്ങളെയും സ്വാംശീകരിക്കാനുള്ള കഴിവ് അതിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു' (ദൈനിക് ജാഗരണ്‍, 2014 ആഗസ്റ്റ് 18). എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന മോഹന്‍ ഭാഗവതിന്റെ ഈ അടുത്ത കാലത്തെ പ്രസ്താവനയുടെയും യഥാര്‍ഥ അര്‍ഥം ഇതു തന്നെയാണ്. 'സര്‍വഗാഹി ആയ ഹിന്ദു തത്ത്വശാസ്ത്രത്തില്‍ അഹിന്ദു വിഭാഗങ്ങളെ വിലയിപ്പിക്കാനുള്ള ശക്തി നിഗര്‍ഭിതമാണ്. പണ്ട് കാലത്ത് ശകന്മാരും ഹൂണന്മാരുമായ അക്രമികളെ സ്വാംശീകരിച്ചതു പോലെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദു സമൂഹത്തില്‍ സ്വാംശീകരിക്കേണ്ടത് ആവശ്യമാണ്' എന്ന് വിചാരധാരയില്‍ പറയുന്നുണ്ട് (പേജ് 210).
ഇസ്‌ലാമിന്റെ സാന്നിധ്യവും ഇന്ത്യന്‍ ബഹുദൈവത്വത്തില്‍ ലയിച്ചു ചേരാതെയുള്ള അതിന്റെ തനതായ നിലനില്‍പ്പും സൃഷ്ടിച്ച പ്രകോപനമാണ് പൗരത്വ നിഷേധശ്രമത്തിന് പിന്നിലുള്ളത്. സാംസ്‌കാരികവും മതപരവുമായ ഈ വ്യത്യസ്തത മറ്റു മതസ്ഥരുടെ ജീവിതത്തെ ബാധിക്കുന്നതോ അവര്‍ക്ക് പ്രായോഗിക തലത്തില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമോ അല്ല. എന്നു മാത്രമല്ല, ഇസ്‌ലാമിന്റെ ഈ വ്യത്യസ്തത ഇന്ത്യയെ നവീകരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയായ നാനാത്വത്തില്‍ ഏകത്വം എന്നതിന്റെ അര്‍ഥം. ഇന്ത്യയിലെ മുസ്‌ലിംകളുടെ മനസ്സിലും ജീവിതത്തിലും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ സംശുദ്ധവും കരുത്തുമുള്ള വിശ്വാസവും ദൈവഭക്തിയും അതില്‍നിന്നുണ്ടാകുന്ന സമര്‍പ്പണവും സൃഷ്ടിച്ചുകൊണ്ടു മാത്രമേ നിലവിലെ പ്രതിസന്ധിയെ മറികടക്കാനാവൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (64-69)
ടി.കെ ഉബൈദ്‌