Prabodhanm Weekly

Pages

Search

2020 ജനുവരി 10

3134

1441 ജമാദുല്‍ അവ്വല്‍ 14

ഇന്ത്യന്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് കരുത്തേകി അല്‍ ജാമിഅ ബിരുദദാന സമ്മേളനം

മൂസക്കുട്ടി വെട്ടിക്കാട്ടിരി

രണ്ടു ദിവസങ്ങളിലായി വിവിധ സെഷനുകളില്‍ നടന്ന  വൈജ്ഞാനികവും ആദര്‍ശപരവുമായ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കു ശേഷം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ബിരുദദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം. ഇസ്ലാമിക പഠന രംഗത്ത് ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ദഅ്‌വ കോളേജ്, ഹദീസ് കോളേജ്, ഖുര്‍ആന്‍ കോളേജ്, ലാംഗ്വേജ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നുള്ള ബിരുദാനന്തര ബിരുദ  വിദ്യാര്‍ഥികളും ഉസ്വൂലുദ്ദീന്‍, ശരീഅ കോളജ് ബിരുദ വിദ്യാര്‍ഥികളുമായി 258 പേരാണ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. സര്‍ട്ടിഫക്കറ്റ് വിതരണം ബിരുദദാന സമാപന സമ്മേളനത്തില്‍ നടന്നു. ലോക പണ്ഡിതസഭാ അധ്യക്ഷന്‍ ഡോ. അഹ്മദ് അല്‍ റയ്സൂനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 
വിജ്ഞാനത്തിന്റെ കര്‍മസാക്ഷ്യങ്ങളാകാന്‍ പണ്ഡിതര്‍ക്ക് കഴിയണമെന്ന് ഡോ. അഹ്മദ് അല്‍  റൈസൂനി പറഞ്ഞു. ഇസ്‌ലാമിന്റെ വിളക്കുമാടങ്ങളാകാന്‍ ഇസ്‌ലാമിക വിജ്ഞാനമാര്‍ജിച്ച പുതിയ തലമുറക്ക് കഴിയണം. ബിരുദം നേടുന്നത് വിദ്യാഭ്യാസത്തിന്റെ അവസാനമല്ല, ആരംഭമാണ്. ജീവിതാവസാനം വരെ വിദ്യാര്‍ഥിയാകുന്നതാണ് പ്രവാചക അധ്യാപനം. എല്ലാ സന്ദര്‍ഭങ്ങളിലും ഫലം തരുന്ന ഒരു വൃക്ഷം പോലെയാകണം വിദ്യ നേടിയവര്‍. ജീവിക്കുന്ന നാടിനും സമൂഹത്തിനും ചുറ്റുപാടിനും അത് ഗുണം ചെയ്യണം. വിജ്ഞാനത്തിനും സകാത്തുണ്ട്. ആര്‍ജിച്ച വിദ്യയുടെ കര്‍മസാക്ഷികളാവുകയാണത്. ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ഈ അര്‍ഥത്തില്‍ വലിയ സേവനമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ് ദുല്‍ അസീസ് ബിരുദദാന പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി, ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. ഖലീഫ അല്‍ കുവാരി, മലേഷ്യന്‍ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി റെക്ടര്‍ പ്രഫ. ദില്‍കിഫ്‌ലി അബ്ദുര്‍റസാഖ്, കുവൈത്ത് ഔഖാഫ് മന്ത്രാലയ അസി. സെക്രടറി ഡോ. മുത്‌ലഖ് റാശിദ് അല്‍ ഖറാവി, ഖത്തര്‍ ഔഖാഫ് തലവന്‍ ഡോ. ഖാലിദ് അല്‍ഗാനിം, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ ടി. ആരിഫലി, മഞ്ഞളാംകുഴി അലി എം.എല്‍.എ, ദല്‍ഹി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍, ഡോ. മുഹമ്മദ് മഖ്സൂദുഗഌ (തുര്‍ക്കി), ഡോ. ഹംദി ആര്‍സലാന്‍ (തുര്‍ക്കി), ഡോ. കൂട്ടില്‍ മുഹമ്മദലി, നഹാസ് മാള, സി.വി ജമീല, സ്വാലിഹ് കോട്ടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ബിരുദം ഏറ്റുവാങ്ങുന്ന വിദ്യാര്‍ഥികളായ മുഹമ്മദ് വസീം അശ്റഫ്, നഫീസ തനൂജ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. അല്‍ ജാമിഅ അല്‍ ഇസ്ലാമിയ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും എ. ഫാറൂഖ് നന്ദിയും പറഞ്ഞു. 

അന്താരാഷ്ട്ര അക്കാദമിക സമ്മേളനം

ഇന്ത്യയിലെ ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് കാതലായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന്  ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന അക്കാദമിക സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക കലാലയങ്ങളിലെ വിദ്യാഭ്യാസരംഗത്തെ കാലഹരണപ്പെട്ട നടപ്പുരീതികള്‍ മാറ്റി പുതിയ കാലത്തോട് സംവദിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന പാഠ്യപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും അക്കാദമിക സമ്മേളനം ആഹ്വാനം ചെയ്തു. 'ഉന്നത ഇസ്ലാമിക വിദ്യാഭ്യാസം ഇന്ത്യയില്‍: പുതിയ പരിപ്രേക്ഷ്യം, പുതിയ സമീപനം' എന്ന തലക്കെട്ടിലാണ് അക്കാദമിക സമ്മേളനം നടന്നത്. ഇസ്ലാമിക വിദ്യാഭ്യാസരംഗം മാറ്റിപ്പണിയുന്നതിന് നിലനില്‍ക്കുന്ന സമ്പ്രദായത്തിന്റെ ശക്തിദൗര്‍ബല്യങ്ങളും സാധ്യതകളും വെല്ലുവിളികളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 
ഖത്തര്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയ ഉപദേഷ്ടാവ് മന്ത്രി ഡോ. ഖലീഫ ബിന്‍ ജാസിം അല്‍ കുവാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഡോ. അഹ്മദ് അല്‍ റൈസൂനി അധ്യക്ഷത വഹിച്ചു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ഡോ. സുബൈര്‍ ഹുദവി, ഡോ. മുഹ്യിദ്ദീന്‍ ഗാസി,  ഡോ. മുഹമ്മദ് അബൂബക്കര്‍ അല്‍ മുസ്ലിഹ്, ഡോ. ബദീഉസ്സമാന്‍, കെ.സി അബ്ദുല്ലത്വീഫ്, ശഹീന്‍ കെ. മൊയ്തുണ്ണി,   ഡോ. അബ്ദുല്‍ വാസി ധര്‍മഗിരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ജഅ്ഫര്‍ ഹുദവി, യാസിര്‍ ഇല്ലത്തൊടി, സയ്യിദ് ശിഹാബ് തങ്ങള്‍, ത്വല്‍ഹ നദ്വി അയ്‌നി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അബ്ദുല്ല മന്‍ഹാം സ്വാഗതവും ഡോ. നിഷാദ് കുന്നക്കാവ് നന്ദിയും പറഞ്ഞു.

മില്ലീ സമ്മേളനം

രാജ്യത്തെ മുസ്‌ലിം ജനവിഭാഗത്തിനുള്ള മാര്‍ഗരേഖയായി ഒരു മാനിഫെസ്റ്റോ വേണമെന്നും കേരളത്തിലെ മുസ്‌ലിംകള്‍ ഇതിന് നേതൃത്വം നല്‍കണമെന്നും മില്ലീ സമ്മേളനം അഭിപ്രായപ്പെട്ടു. ചെറിയ കാര്യങ്ങളുടെ പേരില്‍ ഭിന്നിക്കാനുള്ള സമയമല്ലിതെന്നും വിദ്യാഭ്യാസപരമായും ആദര്‍ശപരമായും കൈകോര്‍ത്ത് മുന്നേറാന്‍ ശ്രമം വേണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
മുസ്‌ലിം ന്യൂനപക്ഷ ഐക്യം യാഥാര്‍ഥ്യമാവുകയാണെന്നും പൊതുപ്രശ്‌നങ്ങളില്‍ ഒന്നിച്ചുനീങ്ങലാണ് ആദ്യചുവടെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണത്തിലേറെ രാജ്യത്തെ ദുര്‍ബല വിഭാഗത്തിന്റെ ശാക്തീകരണമാണ് മുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുള്ളത് ഒരു സമുദായത്തെയോ മതത്തെയോ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും സമരത്തില്‍ രക്തസാക്ഷികളായവരെ ശ്രദ്ധിച്ചാല്‍ മുസ്‌ലിം ജനവിഭാഗം മാത്രമല്ല മുന്നില്‍ നില്‍ക്കുന്നതെന്ന് ബോധ്യമാകുമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
ബഹുസ്വരതയും ഭരണഘടനയും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ബഹുസ്വര സമൂഹത്തോടൊപ്പം നില്‍ക്കാന്‍ മുസ്‌ലിം ജനതക്കും ഇസ്‌ലാമിക സംഘടനകള്‍ക്കും കഴിയണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. ഉത്തമ മൂല്യങ്ങളാണ് മുന്‍കാല മുസ്‌ലിം തലമുറകളെ വ്യത്യസ്തരാക്കിയിരുന്നതെങ്കില്‍ ആ സ്ഥിതിയാണോ ഇന്നെന്ന് പരിശോധിക്കണമെന്ന് അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരി അഭിപ്രായപ്പെട്ടു. വിദ്യാസമ്പന്നരാണ് ജാമിഅ മില്ലിയ്യയിലെയും അലീഗഢിലെയും സമരത്തിന് മുന്നിലെത്തിയത് എന്നതിനാല്‍ വിദ്യാഭ്യാസം മാനിഫെസ്റ്റോയുടെ ഭാഗമാക്കണമെന്ന് കേരള മുസ്‌ലിം യൂത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ ജുനൈദ് പറഞ്ഞു. ടി. മുഹമ്മദ് വേളം പ്രമേയം അവതരിപ്പിച്ചു. പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഇല്‍യാസ് മൗലവി എന്നിവര്‍ സംസാരിച്ചു.

സാംസ്‌കാരിക സമ്മേളനം

ജനാധിപത്യത്തില്‍നിന്ന് വളരെ ദൂരം  പിന്നോട്ട് നടന്ന ഭരണകൂടത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ക്കു ശേഷവും രാജ്യത്തെ വീണ്ടെടുക്കാന്‍ വലിയ കാലയളവ് വേണ്ടിവരുമെന്നും എന്നാലും അത് സംഭവിക്കുകതന്നെ ചെയ്യുമെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോരാട്ടത്തിന്റെ വഴിയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച എല്ലാ ജോലികളും നിര്‍ത്തിവെച്ച പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുകയാണെന്നും മറ്റു സംസ്ഥാനങ്ങള്‍ കൂടി ഈ പാതയിലേക്ക് കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ ഭരണകൂടങ്ങളുടെ പരാജയമാണെന്ന തിരിച്ചറിവുള്ളതിനാല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാവും രാജ്യത്തുണ്ടാവുക. ഇപ്പോള്‍ നടക്കുന്ന സമരം കരുത്താര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ജനാധിപത്യവും മതേതരത്വവും ഭരണഘടനയുമാണ് വീണ്ടെടുക്കേണ്ടത് എന്നതിനാല്‍ അവ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് ചിന്തിക്കണമെന്ന് മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ എതിര്‍ചേരിയില്‍ നിലകൊള്ളുന്നവര്‍ക്ക് വ്യക്തമായ അജണ്ടകളും കര്‍മപദ്ധതികളും പ്രചാരണ മാര്‍ഗങ്ങളും ഉണ്ടെന്നും അതേസമയം രാജ്യത്തെ മതേതര പ്രതിപക്ഷ കക്ഷികള്‍ അനുദിനം ദുര്‍ബലമായി വരികയാണെന്നും മീഡിയവണ്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ എ. റശീദുദ്ദീന്‍ പറഞ്ഞു. 
ഡോ. പി ഗീത, ഡോ. പി.കെ പോക്കര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ.ടി ശറഫുദ്ദീന്‍ സ്വാഗതവും ഡോ. വി.എം സാഫിര്‍ നന്ദിയും പറഞ്ഞു.

പൂര്‍വ വിദ്യാര്‍ഥി സമ്മേളനം

ജ്ഞാനം നേടലും അറിവുല്‍പാദനവും മാത്രമല്ല നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന സമൂഹത്തെ സൃഷ്ടിക്കലും കലാലയങ്ങളുടെ ലക്ഷ്യമാവണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.ബി മൊയ്തീന്‍കുട്ടി ചൂിക്കാട്ടി. ശാന്തപുരം അല്‍ ജാമിഅ പൂര്‍വവിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലുംനി അസോസിയേഷന്‍ പ്രസിഡന്റ് എ. ഹൈദറലി ശാന്തപുരം അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ഥികളുടെ സേവനങ്ങള്‍ അടയാളപ്പെടുത്തുന്ന 'കാല്‍പാടുകള്‍' ഡോ. അബ്ദുസ്സലാം അഹ്മദും പൂര്‍വ വിദ്യാര്‍ഥിയായ കെ.എം ഹനീഫ് രചിച്ച 'ധര്‍മഗീതങ്ങള്‍' ശമീം ചൂനൂരും പ്രകാശനം ചെയ്തു.
ഖുര്‍ആനിക സേവനത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട ടി.കെ ഉബൈദിനെ ചടങ്ങില്‍ ആദരിച്ചു. റഹ്മാന്‍ മുന്നൂര് ഇസ്‌ലാമിക ഗാന രചനാ അവാര്‍ഡിന് ഇഖ്ബാല്‍ മുള്ളുങ്ങല്‍ അര്‍ഹനായി. വിവിധ ബാച്ചുകള്‍ അല്‍ ജാമിഅക്ക് നല്‍കുന്ന വനിതാ ഹോസ്റ്റലിലേക്കുള്ള ഡിജിറ്റല്‍ ലൈബ്രറി, ശുദ്ധജല പ്ലാന്റ്, മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നീ പദ്ധതികളുടെ സമര്‍പ്പണവും പ്രഖ്യാപനവും വേദിയില്‍ നടന്നു.
ന്യൂജെന്‍ സെഷനില്‍ നഹാസ് മാള ആമുഖ ഭാഷണം നിര്‍വഹിച്ചു. പുതുതലമുറയുടെ കര്‍മസാക്ഷ്യം പ്രമേയമാക്കി പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി ശ്രദ്ധേയമായി. ഡോ. അബ്ദുല്‍വാസിഅ്, ഡോ. അലിഫ് ശുകൂര്‍, വസീം, ഹുസ്‌ന മുംതാസ് എന്നിവര്‍ വിവിധ യൂനിവേഴ്‌സിറ്റികളിലെ പഠനാനുഭവങ്ങള്‍ പങ്കുവെച്ചു. ശരീഫ് കൊച്ചിന്‍ ഗാനം ആലപിച്ചു.
2020-2023 കാലയളവിലേക്കുള്ള അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നടന്നു. പി. മുജീബുര്‍റഹ്മാന്‍, വി.കെ ഹംസ അബ്ബാസ്, ടി.കെ ഉബൈദ്, വി.എ കബീര്‍, വി.പി സുഹൈബ് മൗലവി, ഡോ. എ.എ ഹലീം, അശ്‌റഫ് കീഴുപറമ്പ്, ടി.എ മുനീര്‍ എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി 'വിശ്വാസം, അഭിമാനം, സാമൂഹികത' എന്ന തലക്കെട്ടില്‍ നടന്ന വനിതാ സമ്മേളനത്തില്‍ എ. റഹ്മത്തുന്നിസ, പി.വി റഹ്മാബി, കെ.കെ ഫാത്വിമ സുഹ്‌റ, സി.വി ജമീല, പി. റുക്‌സാന, അഫ്‌റ ശിഹാബ്, സഫീദ മര്‍യം എന്നിവര്‍ സംസാരിച്ചു.
ഉര്‍ദു സമ്മേളനത്തില്‍ സയ്യിദ് സആദത്തുല്ല ഹുസൈനി, ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, മൗലാനാ ഹഫീസുര്‍റഹ്മാന്‍, ഡോ. സലീംഖാന്‍, ഡോ. മുഹ്‌യിദ്ദീന്‍ ഗാസി എന്നിവരും സംസാരിച്ചു.
വിവിധ സെഷനുകളിലായി വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളുമുണ്ടായിരുന്നു.

Comments

Other Post

ഹദീസ്‌

മനുഷ്യബന്ധങ്ങളുടെ മഹത്വം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (60-63)
ടി.കെ ഉബൈദ്‌