Prabodhanm Weekly

Pages

Search

2020 ജനുവരി 10

3134

1441 ജമാദുല്‍ അവ്വല്‍ 14

അങ്ങനെ ഞാനും 'മൊതലാളി' ആയി!

ടി.കെ അബ്ദുല്ല

വാപ്പയുടെ ജീവിതകാലത്തും തുടര്‍ന്നും ആയഞ്ചേരി പ്രദേശത്ത് ഞങ്ങളുടെ തറക്കണ്ടി കുടുംബം  സാമ്പത്തികമായി ഇടത്തരക്കാരായാണ് അറിയപ്പെട്ടുവന്നത്. 100 ഏക്കര്‍ വരെ ഭൂസ്വത്തുള്ള അര ഡസന്‍ മുസ്‌ലിം കുടുംബങ്ങളെങ്കിലും ഉള്ള ചുറ്റുപാടില്‍ ഞങ്ങള്‍ ആറേക്കര്‍ ഭൂമിയുടെ ഉടമകള്‍ എങ്ങനെ ഇടത്തരക്കാരായി എന്ന ചോദ്യം പ്രസക്തമാണ്. അത്രതന്നെ പ്രസക്തമാണ്, പത്ത് സെന്റ് പുരയിടത്തില്‍ കൂലിപ്പണിക്കാരായ നൂറുകണക്കിന് സാധാരണക്കാര്‍ക്കിടയില്‍ ആറേക്കര്‍ ഭൂസ്വത്തുള്ളവര്‍  എങ്ങനെ ഇടത്തരക്കാവാതിരിക്കും എന്ന ചോദ്യവും. യഥാര്‍ഥത്തില്‍, ഇടത്തരക്കാരെ നിര്‍വചിക്കുന്നത് സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രമല്ല, സാമൂഹിക-സാംസ്‌കാരിക പരിഗണനകള്‍ കൂടി കണക്കിലെടുത്താണ്. അവിടെയാണ് വന്‍കിട ജന്മി മുതലാളിമാര്‍ക്കും താഴെ തട്ടിലുള്ളവര്‍ക്കും മധ്യേ ഇടത്തരക്കാരന്റെ ഇടം. പള്ളിപ്പിരിവ് മുതല്‍ കല്യാണാദി പൊതുകാര്യങ്ങളിലെല്ലാം ഇടത്തരക്കാരന്‍ ഉപരിവര്‍ഗത്തോട് ചേര്‍ന്നുനില്‍ക്കേണ്ടി വരുന്നതും അതുകൊണ്ടാണ്. സത്യത്തില്‍ പാവപ്പെട്ടവരില്‍ ഭേദപ്പെട്ടവന്‍ മാത്രമാണ് ഇടത്തരക്കാരന്‍ എന്നതാണ് ശരിയായ വായന. ഇതിവിടെ ചര്‍ച്ചാ വിഷയമല്ല. ആയഞ്ചേരിയിലെ ഇടത്തരക്കാരനായ ഞാന്‍ കുറ്റിയാടി ഭാഗത്തേക്ക് താമസം മാറിയതോടെ പെട്ടെന്നൊരു നാള്‍ 'മൊതലാളി' ആയ കഥക്ക് ഒരാമുഖം കുറിച്ചെന്നു മാത്രം.

വാപ്പയുടെ വേര്‍പാടിനു ശേഷം

ഞങ്ങളുടെ ആറംഗ കുടുംബത്തിന് അനന്തര സ്വത്തായി ലഭിച്ച ആറര ഏക്കറോളം വരുന്ന തെങ്ങിന്‍തോട്ടം രണ്ട് പതിറ്റാണ്ടിലേറെക്കാലം കൂട്ടുസ്വത്തായി കൈകാര്യം ചെയ്തുവരികയായിരുന്നു. 60-കളുടെ ആദ്യത്തില്‍ മധ്യസ്ഥരില്ലാതെ പരസ്പരം ഒത്തു ഭാഗിച്ചെടുത്തപ്പോള്‍ ഒരാണിന്റെ ഓഹരിയായി എനിക്ക് ലഭിച്ചത് കൃത്യം ഒന്നര ഏക്കര്‍. പൊന്ന് ഓഹരിവെക്കുന്ന കൃത്യതയോടെയാണ് ഞങ്ങള്‍ കൂട്ടുസ്വത്ത് ഭാഗം വെച്ചത്. എന്നാല്‍ പ്രായക്കുറവും പരിചയക്കുറവും കണക്കിലെടുത്ത് എല്ലാവരുടെയും അനുജന്‍ മമ്മുവിന് തറക്കണ്ടി തറവാടും വീടും മാറ്റിവെക്കുകയായിരുന്നു. എനിക്ക് ലഭിച്ചതും ഞാന്‍ തെരഞ്ഞെടുത്തതും മൂന്ന് കിലോമീറ്റര്‍ അകലെ ചേരാപുരം ഉള്‍പ്രദേശത്തെ വലിയടുത്ത് എന്ന പറമ്പായിരുന്നു. യാത്രാ സൗകര്യമില്ലാത്തതും എനിക്ക് തീരെ താമസയോഗ്യമല്ലാത്തതുമായ ആ സ്ഥലം വിറ്റ് കുറ്റിയാടി ഭാഗത്ത് പകരം ഭൂമി വാങ്ങണമെന്നായിരുന്നു ആഗ്രഹവും തീരുമാനവും. എന്റെ ഭാര്യാവീടും ധാരാളം പ്രസ്ഥാന സുഹൃത്തുക്കളും പരിചയക്കാരും ഗതാഗത സൗകര്യവും ഒത്തുചേര്‍ന്നതാണ് കുറ്റിയാടി മേഖല. ഈ ആലോചന നടന്നുകൊണ്ടിരിക്കെ കുറ്റിയാടിപ്പുഴക്ക് മറുകര ചെറിയകുമ്പളം പ്രദേശത്തുകാരനായ പാറ മൊയ്തീന്‍  എന്ന പരിചയക്കാരന്‍ പ്രബോധനം ഓഫീസില്‍ എന്നെ വന്നു കാണുകയായിരുന്നു. നിര്‍മല ആശുപത്രിയില്‍ വന്നപ്പോള്‍ ഓഫീസില്‍ വന്ന് കണ്ടതാണെന്നൊക്കെ പറഞ്ഞെങ്കിലും എന്നെ കാണാന്‍ തന്നെ വന്നതാണെന്ന് സംസാരശൈലിയില്‍നിന്ന് മനസ്സിലാക്കാമായിരുന്നു. താന്‍ താമസിക്കുന്ന ചെറിയകുമ്പളത്തെ നാലേക്കര്‍ ഇല്ലത്താന്‍ കണ്ടി പറമ്പ് വില്‍ക്കണം, ടി. കെക്ക് എല്ലാം കൊണ്ടും പറ്റിയ സ്ഥലമാണ് എന്നിങ്ങനെ  മൊയ്തീന്‍ പറഞ്ഞു തുടങ്ങി.  വില്‍ക്കുന്നത് അതിനേക്കാള്‍ ഇരട്ടി വലിപ്പമുള്ള മറ്റൊരു സ്ഥലം വാങ്ങാന്‍ വേണ്ടിയായതിനാല്‍  ടി.കെക്ക് വിഷമം തോന്നേണ്ട കാര്യമില്ല. ടി.കെ സ്ഥലം അന്വേഷിക്കുന്നതായി അറിയാന്‍ കഴിഞ്ഞെന്നും മൊയ്തീന്‍ പറഞ്ഞു. വീണ്ടുമൊരിക്കല്‍ കൂടി മൊയ്തീന്‍ വന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥലമൊന്ന് സന്ദര്‍ശിക്കാമെന്നു വെച്ചു. പറഞ്ഞതെല്ലാം ഏറക്കുറെ ശരിയാണെന്ന് അനുഭവത്തില്‍ ബോധ്യപ്പെട്ടു. പുഴക്കരയോടടുത്ത് വളക്കൂറുള്ള മണ്ണ്, നല്ല കായ്പ്പുള്ള തെങ്ങും കവുങ്ങും. മേല്‍ഭാഗം കുന്നും ബാക്കി സമനിരപ്പുമായി സ്ഥലത്ത് തല്‍ക്കാലം താമസിക്കാവുന്ന ചെറിയൊരു വീടും ഉണ്ടായിരുന്നു. 
പ്രശ്‌നം മറ്റൊന്നാണ്. ചേരാപുരത്തെ വലിയടുത്ത് പറമ്പ് വില്‍ക്കാതെ പുതിയ സ്ഥലം എങ്ങനെ വാങ്ങും? ആയഞ്ചേരിയിലും കുറ്റിയാടിയിലും ഭൂമിവിലയില്‍ വ്യത്യാസമുണ്ടെന്നത് ശരി. എന്നാലും  ഒന്നരയേക്കര്‍ സ്ഥലം വിറ്റ് നാലേക്കര്‍ വാങ്ങാന്‍ പറ്റുമോ?
ഈ ചിന്തകള്‍ക്കിടെ മറ്റൊരു ചെറിയ യാദൃഛിക സംഭവമുണ്ടായി. ചേരാപുരത്തുകാരന്‍ ഒരു അപരിചിതന്‍ എന്നെ വന്നു കാണുന്നു. അദ്ദേഹത്തിന്റെ മകളുടെ വിവാഹബന്ധം തുടര്‍ന്നു പോകാന്‍ പ്രയാസം. പിരിയലാണ് നല്ലതെന്ന് ഇരുകൂട്ടര്‍ക്കും ഉള്ളാലെ ബോധ്യമായിരിക്കുന്നു. പക്ഷേ  വാശിക്കാരനായ ഭര്‍ത്താവ് മൊഴി തരാന്‍ കൂട്ടാക്കുന്നില്ല. കക്ഷി ടി.കെയുടെ അടുത്ത സുഹൃത്താണ്. പറഞ്ഞാല്‍ കേള്‍ക്കും.  മൊഴി വാങ്ങിച്ചുതരാന്‍ സഹായിക്കണം. ഇതായിരുന്നു ചേരാപുരത്തുകാരന്റെ ആവശ്യം. വിശദാംശങ്ങള്‍ കേട്ടപ്പോള്‍ ത്വലാഖാണ് പരിഹാരമെന്ന് എനിക്കും ബോധ്യമായി. ശ്രമിച്ചുനോക്കാമെന്ന് പറഞ്ഞ കൂട്ടത്തില്‍ അങ്ങോട്ട് ഒരു ചെറിയ കാര്യം സാന്ദര്‍ഭികമായി ഞാനും ഉണര്‍ത്തിച്ചു. ഞങ്ങളുടെ പ്രദേശങ്ങളില്‍ പണപ്പയറ്റ് എന്ന കുറിക്കല്യാണം ഒരാഘോഷം പോലെ സജീവമായി തുടരുന്ന കാലം. എന്റെ വലിയടുത്ത് പറമ്പ് വില്‍പനക്ക് വെച്ച കാര്യം കുറിക്കല്യാണ പന്തലുകളില്‍ നാട്ടുവര്‍ത്തമാനത്തിനിടെ പറഞ്ഞാല്‍ കൊള്ളാമെന്നായിരുന്നു അദ്ദേഹത്തോട് ഞാന്‍ സൂചിപ്പിച്ച കാര്യം. കാക്കയ്ക്ക് മണി കെട്ടിയ പോലുള്ള ആളോടാണ് ഞാന്‍ പറഞ്ഞതെന്ന് അപ്പോള്‍ എനിക്കറിയുമായിരുന്നില്ലെങ്കിലും തുടര്‍ന്നുള്ള അനുഭവം കൊണ്ട് ബോധ്യമായി. വെള്ളിമാടുകുന്ന് നിര്‍മല ആശുപത്രിയില്‍ വന്നതെന്ന ഭാവേന ചില സംഘങ്ങള്‍ പ്രബോധനം ഓഫീസില്‍  എന്നെ കാണാന്‍ വന്നു തുടങ്ങി. വലിയ താല്‍പര്യമൊന്നുമില്ലാത്ത പോലെ എന്റെ പറമ്പ് വില്‍പനക്ക് വെച്ച കാര്യവും അവര്‍ സൂചിപ്പിച്ചുവന്നപ്പോള്‍ പറമ്പിന് ആവശ്യക്കാരുണ്ടെന്നും നല്ല ഡിമാന്റ് ഉണ്ടെന്നും എനിക്ക് ബോധ്യമായി. ഇതിനിടെ, പ്രദേശത്തുകാരനായ എറണാകുളത്ത് ബിസിനസ്സുള്ള തേവര അമ്മദില്‍ നിന്ന് എനിക്കൊരു കത്ത് കിട്ടി. വലിയടുത്ത് പറമ്പ് എനിക്ക് വേണം, മുഖദാവില്‍ കാണാം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഈ കത്ത്‌വാര്‍ത്ത പറമ്പിന്റെ ആവശ്യക്കാരെ ഒന്നുകൂടി സമ്മര്‍ദത്തിലാക്കി. ചുരുക്കത്തില്‍, അന്നത്തെ മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ മോഹവിലയ്ക്ക് പറമ്പ് വില്‍പനയായി. 1960-കളില്‍ ഒന്നര ഏക്കറിന് 32000 രൂപ ചേരാപുരം പരിസരത്ത് വലിയൊരു വിലയായിരുന്നു. അതേസമയം, ചെറിയകുമ്പളത്തെ കൂടുതല്‍ മെച്ചപ്പെട്ട നാലേക്കര്‍ സ്ഥലം മുപ്പത്തയ്യായിരം രൂപക്ക് വാങ്ങാനും കഴിഞ്ഞു. ഇങ്ങനെയാണ് ഇടത്തരക്കാരനായ ഞാന്‍ പൊടുന്നനെ 'മൊതലാളി'യാകുന്നത്. പിന്നീടുണ്ടായ ചില യാദൃഛികസംഭവങ്ങള്‍ ശരിയായും തെറ്റായും എന്റെ മുതലാളിത്ത പരിവേഷം പൊലിപ്പിക്കാനാണ് സഹായകമായത്.

മുതലാളിത്ത പരിവേഷത്തിന്റെ ചേരുവകള്‍

ഒന്ന്, തൊള്ളായിരത്തി അറുപത്തിയേഴ് ജൂലൈ ഒടുവില്‍ ഞാന്‍ ചെറിയകുമ്പളത്തേക്ക് താമസം മാറ്റുമ്പോള്‍  ആ കുഗ്രാമം അങ്ങേയറ്റം പിന്നാക്കാവസ്ഥയിലായിരുന്നു. 'മൊതലാളി' പരിവേഷമുള്ളവര്‍ പേരിന് മാത്രം. മഹാഭൂരിപക്ഷം പട്ടിണിക്കാരും പാവപ്പെട്ടവരും. പലിശക്കടത്തില്‍ മുങ്ങിയ സാധാരണക്കാര്‍ ചെറിയ ചെറിയ വായ്പകള്‍ക്ക് ഞങ്ങളെ സമീപിച്ചുകൊണ്ടിരുന്നു. അവരെ നിരാശപ്പെടുത്താന്‍ പറ്റുമായിരുന്നില്ല. അത്യാവശ്യക്കാരെ കടം കൊടുത്ത് സഹായിക്കാന്‍ സ്വയം പ്രയാസപ്പെട്ടും ഒരു സംഖ്യ നീക്കിവെച്ചു. പലപ്പോഴും അവധി തെറ്റിക്കുമെങ്കിലും ആരും പറ്റിച്ചില്ല. 'ഇടപാട്' തുടര്‍ന്നുകൊണ്ടിരുന്നു. ആളുകള്‍ക്ക് ആശ്വാസവും ഞങ്ങള്‍ക്ക് സംതൃപ്തിയും നല്‍കി. മറുവശത്ത് 'മുതലാളിത്ത മുഖഛായ' കൂടുതല്‍ വളരാനും ഇത് നിമിത്തമായി.
രണ്ട്, എന്റെ വീട്ടില്‍നിന്ന് 300 മീറ്ററോളം അകലെ  മൂന്ന് മീറ്റര്‍ വീതിയില്‍ ഒരു കട്ട് റോഡുണ്ട്. അവിടന്ന് ചെളിനിറഞ്ഞ വയല്‍ വരമ്പിലൂടെ കാല്‍നടയായി വേണം വീട്ടിലെത്താന്‍. ഇത് മൂന്ന് മീറ്റര്‍ റോഡാക്കി മാറ്റണമെന്ന് അതിയായ ആഗ്രഹമുണ്ടായി. ചേരാപുരത്തെ സ്ഥലം ഗതാഗതയോഗ്യമല്ലാത്തതിനാല്‍ ഉപേക്ഷിക്കേണ്ടി വന്ന എന്നെ സംബന്ധിച്ച് ഇത് നിര്‍ബന്ധവുമായിരുന്നു.എന്നാല്‍ റോഡിനാവശ്യമായ ഭൂമിയില്‍ നൂറ് മീറ്ററോളമേ എന്റെ കൈവശമുണ്ടായിരുന്നുള്ളൂ.  മൂന്നില്‍ രണ്ട് ഭാഗവും കളത്തില്‍ കുഞ്ഞമ്മദ് ഹാജി എന്ന നല്ല മനുഷ്യന്റെ ഉടമസ്ഥതയിലാണ്. കുഞ്ഞമ്മദ് ഹാജി ജമാഅത്ത് ഗുണകാംക്ഷിയും വ്യക്തിപരമായി എന്റെ വളരെ അടുത്ത സുഹൃത്തുമാണ്. റോഡിന്റെ കാര്യം സംസാരിച്ചപ്പോള്‍ ഹാജി വളരെ സന്തോഷത്തോടെ സ്ഥലം അനുവദിച്ചു നല്‍കുകയുണ്ടായി. (കോഴിക്കോട് ഇഖ്‌റഅ് ആശുപത്രിയിലെ ബശീര്‍ ഡോക്ടറുടെ വന്ദ്യ പിതാവാണ് മര്‍ഹും കുഞ്ഞമ്മദ് ഹാജി).  ബാക്കി വരുന്ന ചെറിയൊരു ഭാഗത്തിനുടമയായ എരോത്ത് അമ്മദ് സാഹിബും സ്ഥലം നല്‍കി സഹായിച്ചു. പിന്നീടങ്ങോട്ട് തൊട്ടില്‍പാലത്തെ ചേരിക്കമ്പനി വെയ്സ്റ്റും സൗജന്യമായി കിട്ടാവുന്ന കല്ലും മണ്ണുമൊക്കേ ശേഖരിച്ച് ക്രമേണ റോഡ് ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. 7000 രൂപ ചെലവില്‍ ഒരു ചെറിയ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കേണ്ടി വന്നതൊഴിച്ചാല്‍ ഇതിനൊന്നും കാശ് മുടക്കേണ്ടിവന്നില്ലെന്ന് ചുരുക്കം. റോഡ് വന്നപ്പോള്‍ ആള്‍ക്കാര്‍ക്കും അയല്‍ക്കാര്‍ക്കുമെല്ലാം ബഹുസന്തോഷം. അതേസമയം എന്റെ മുതലാളിച്ചിറകില്‍ പുതിയൊരു തൂവല്‍ കൂടി ചേരുകയായിരുന്നു.
മൂന്ന്, ചെറിയകുമ്പളം സ്ഥലപരിചയം വന്നതോടെ എന്റെ പറമ്പിന് തൊട്ട് നിസ്സാര വിലയ്ക്ക് കാലി സ്ഥലങ്ങള്‍ വില്‍പനക്ക് വെച്ചതായി അറിയാന്‍ കഴിഞ്ഞു. ഉടമസ്ഥര്‍ എന്നെ ബന്ധപ്പെട്ടുകൊണ്ടുമിരുന്നു. കൈയില്‍ കാശില്ലെങ്കിലും കാശുണ്ടാക്കാന്‍ ഞങ്ങളുടെ പ്രദേശങ്ങളില്‍ അന്തസ്സുള്ള ഒരെളുപ്പ വഴിയുണ്ടായിരുന്നു. അതാണ്  മുമ്പു സൂചിപ്പിച്ചതുപോലെ പണപ്പയറ്റ് എന്ന കുറിക്കല്യാണം. പണം 'പയറ്റിയ' ആള്‍ രണ്ടോ നാലോ കൊല്ലത്തിനകം പയറ്റു കഴിക്കുമ്പോള്‍ തിരിച്ചുനല്‍കിയാല്‍ മതി എന്നതാണ് ഇതിലെ സൗകര്യം. എട്ടോ പത്തോ കൊല്ലത്തിനകം കൊടുത്താല്‍ മതിയാകുന്നവരും ഉണ്ടാവും. ലളിതമായ ചെലവില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഞാനും പയറ്റ് കഴിച്ച് കാശ് സ്വരൂപിച്ച് കാലിസ്ഥലം വാങ്ങി കൃഷിയോഗ്യമാക്കി. ഇതോടെ മുതലാളിത്ത ഭാവം അംഗീകൃത വസ്തുതയായി മാറുകയായിരുന്നു.
നാല്, ഇനിയാണ് രാഷ്ട്രീയം കടന്നുവരുന്നത്.  എല്‍.ഡി.എഫിനെതിരെ 'കോ ലീ ബി' സഖ്യം ബേപ്പൂരില്‍ ഡോ. കെ മാധവന്‍ കുട്ടി നിയമസഭയിലേക്കും വടകരയില്‍ അഡ്വ. രത്‌ന സിങിനെ പാര്‍ലമെന്റിലേക്കും സ്ഥാനാര്‍ഥികളായി മത്സരിപ്പിച്ച് പരാജയപ്പെട്ട കാലം. വടകരയില്‍ ജയിച്ച എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസ് എസ്സിലെ കെ.പി ഉണ്ണികൃഷ്ണന്‍ കേന്ദ്രമന്ത്രിസഭയില്‍ ടെലി കമ്യൂണിക്കേഷന്‍ മന്ത്രി. കുറ്റിയാടിയിലെ എന്റെ സുഹൃത്ത് അഡ്വ. സി.എം അഹമ്മദ് കുട്ടി കോണ്‍ഗ്രസ് -എസ്സില്‍ ഉണ്ണികൃഷ്ണന്റെ സഹപ്രവര്‍ത്തകനാണ്. എന്റെ മകള്‍ സാജിദയുടെ കല്യാണം കുറ്റിയാടി ഇസ്‌ലാമിയ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. അന്ന് ആ വഴിയെ ഉണ്ണികൃഷ്ണന്‍ കടന്നുപോകുന്നതായി സുഹൃത്ത് അഡ്വ. അഹമ്മദ് കുട്ടിക്ക് അറിയാം. എനിക്കാകട്ടെ, ഉണ്ണികൃഷ്ണനുമായി യാതൊരു ബന്ധവും  മുന്‍പരിചയവുമില്ല. രാഷ്ട്രീയക്കാരുടെ പതിവുരീതിയനുസരിച്ച് അഡ്വ. അഹമ്മദ് കുട്ടി മന്ത്രി ഉണ്ണികൃഷ്ണനെ കൈകാട്ടി നിര്‍ത്തി എന്റെ കല്യാണത്തിലേക്ക് ക്ഷണിച്ചുകൊണ്ടു വന്നു.  ഉണ്ണികൃഷ്ണന്‍ ജയിച്ച കുറ്റിയാടി ഉള്‍പ്പെട്ട വടകര പാര്‍ലമെന്റ്  മണ്ഡലത്തില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ഉണ്ണികൃഷ്ണന്നാണ് വോട്ട് ചെയ്തത്. ഈ വിദൂര രാഷ്ട്രീയ യാദൃഛികതയുടെ ചെലവില്‍ നാട്ടിലെങ്ങും ഒരഭ്യൂഹം പടര്‍ന്നു.  ജമാഅത്ത് വോട്ട് ചെയ്ത വകയിലാണ് ഉണ്ണികൃഷ്ണന്‍ ടി.കെയുടെ കല്യാണത്തിന് വന്നത്. സാജിദക്ക് മന്ത്രി പാരിതോഷികം നല്‍കിയത് പത്ത് പവന്‍ സ്വര്‍ണമാല! മാത്രമല്ല, ചെറിയകുമ്പളത്ത് മറ്റാര്‍ക്കും ഫോണ്‍ കണക്ഷന്‍ കിട്ടാതിരിക്കെ ടി.കെക്ക് ലാന്റ് ഫോണ്‍ കിട്ടിയതും ഉണ്ണികൃഷ്ണന്‍ നേരിട്ട് ഇടപെട്ടതുകൊണ്ട്. രാഷ്ട്രീയക്കാര്‍ക്ക് മാലും മാലയും അങ്ങോട്ട്  നല്‍കലല്ലാതെ കല്യാണപെണ്ണിന് 10 പവന്‍ മാലയുമായി മന്ത്രി വന്ന അസംബന്ധ നാടകം രസകരം തന്നെ (പിന്നിലെ രാഷ്ട്രീയക്കളി ഊഹിക്കാവുന്നതേയുള്ളൂ). ഫോണിന്റെ കാര്യമാകട്ടെ കൂടുതല്‍ രസകരമാണ്. എന്റെ ബന്ധുവും പ്രസ്ഥാന സുഹൃത്തുമായ എന്‍.ബി.എസ്  കുഞ്ഞമ്മദ് ഞാനറിയാതെ എന്റെ പേരില്‍ എന്നോ ഫോണ്‍ കണക്ഷന് അപേക്ഷ കൊടുത്തിട്ടിരുന്നു. പെട്ടെന്നൊരു നാള്‍ കുഞ്ഞമ്മദ് ഓടിക്കിതച്ചു വന്ന് എന്റെ പേരില്‍ ഫോണ്‍ പാസ്സായതായി അറിയിക്കുന്നു. എനിക്ക് നിര്‍ബന്ധമില്ലെങ്കില്‍ കാശ് കൊടുത്ത് വാങ്ങാന്‍ വേറെ അത്യാവശ്യക്കാരുണ്ടെന്നും പറഞ്ഞു. എനിക്ക് തന്നെ വേണമെന്ന് പറഞ്ഞതുകൊണ്ടാണ് അപ്രതീക്ഷിതമായി വീട്ടില്‍ ലാന്റ് ഫോണ്‍ കണക്ഷന്‍ കിട്ടിയത്. ഈ യാദൃഛിക സംഭവത്തെ കേന്ദ്രമന്ത്രിയുമായി ചേര്‍ത്തുവെച്ച രാഷ്ട്രീയ ഭാവന അപാരം.
നിനച്ചിരിക്കാതെ ഫോണ്‍ കിട്ടിയപ്പോള്‍ നല്ലൊരു സേവനമാര്‍ഗമായി അതുപയോഗിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. ചുറ്റുവട്ടത്തുള്ള വീട്ടുകാര്‍ക്കെല്ലാം വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടാന്‍ ഞങ്ങളുടെ ഫോണ്‍ വലിയൊരു അവലംബവും ആശ്വാസവുമായി. അകലങ്ങളില്‍ പോലും അടിയന്തര വിവരങ്ങളറിയിക്കാന്‍ ഇത് സഹായകമായി. ഒരു ഇബാദത്തായി ഗണിച്ചതുകൊണ്ട് ഞങ്ങള്‍ക്കും സന്തോഷമേ തോന്നിയുള്ളൂ. അപ്പോഴും മുതലാളിത്തത്തിന് മാറ്റു കൂടിയത് മിച്ചം.

അറബിപ്പണത്തിന്റെ മതവും രാഷ്ട്രീയവും

അഞ്ച്, ഇതുവരെ പറഞ്ഞതെല്ലാം (രാഷ്ട്രീയം ഒഴിച്ച്) വസ്തുതയുടെ ചേരുവകള്‍ ഉള്ളതുകൊണ്ട് സഹിക്കാവുന്നതേയുള്ളൂ. ഇനി പറയുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ്. എന്റെ ഗള്‍ഫ്  കണക്ഷനും അറബി ബന്ധവുമാണ് വിഷയം. അയല്‍വാസിയായ എടത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ക്ക് 50000 രൂപ ബന്ധുവിന്റെ കല്യാണാവശ്യത്തിന് മുട്ടുവായ്പ വേണം. സ്ഥലം വിറ്റ് തിരിച്ചു തന്നുകൊള്ളാം. വളരെ ലാഘവ ബുദ്ധിയോടെയാണ് നായര്‍  എന്നോട് സംസാരിച്ചത്. 50000 രൂപ അക്കാലത്ത് വലിയൊരു സംഖ്യയാണെങ്കിലും എനിക്ക് നിസ്സാരം എന്ന മട്ടിലാണ് വര്‍ത്തമാനവും ശരീരഭാഷയും. കാശ് ഇല്ലെന്ന് ഞാന്‍ പറഞ്ഞില്ല. പറമ്പ് വിറ്റ് സംഖ്യ തിരിച്ചു തരണമെങ്കില്‍ ആവശ്യക്കാരന്‍ വാങ്ങിയിട്ടു വേണ്ടേ, അതിനെന്താണ് ഉറപ്പ് എന്ന് ചോദിച്ചപ്പോള്‍  വളരെ അലക്ഷ്യഭാവത്തില്‍ അതൊക്കെ മൗലവി തന്നെ കൈകാര്യം ചെയ്താല്‍ മതിയല്ലോ എന്നായിരുന്നു മറുപടി. കേവലം കൃഷിക്കാരനായ എനിക്കെങ്ങനെ അമ്പതിനായിരം രൂപ കടം തരാന്‍ കഴിയുമെന്ന ചോദ്യത്തിന് കുഞ്ഞിക്കൃഷ്ണന്‍ നായരുടെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു: 'ഈ കൃഷിയിടത്തില്‍നിന്നുള്ള വരവ് മൗലവിയുടെ കൃഷിപ്പണിക്ക് പോലും മതിയാകില്ലെന്ന് ആര്‍ക്കാണറിയാത്തത്? അതൊക്കെ ഞങ്ങളെപ്പോഴും പറയാറുള്ളതല്ലേ. അതല്ലല്ലോ മൗലവിയുടെ പ്രധാന വരുമാനം?' 
'പിന്നെന്താണ്?'
'അത് ഞാന്‍ പറയണോ? അക്കരെ പേരോട് മുസ്‌ലിയാരും ഇക്കരെ ടി.കെയും -അറബിപ്പണത്തിന്റെ കാര്യം എല്ലാര്‍ക്കും അറിയുന്നതല്ലേ. ടി.കെ പക്ഷേ,  പേരോടിനോളം വരില്ല. അതുകൊണ്ടല്ലേ, പേരോടിന്റെ പള്ളി ശരാ ന്ന് തീര്‍ന്നപ്പോള്‍ ടി.കെയുടെ പള്ളിപ്പണി ഇഴഞ്ഞു നീങ്ങുന്നത്.' പ്രതീക്ഷിക്കാത്ത പ്രത്യുത്തരം കേട്ടപ്പോള്‍ എനിക്ക് പെട്ടെന്ന് ഒന്നും പറയാന്‍ തോന്നിയില്ല. ചെറിയൊരു മൗനത്തിനു ശേഷം ഞാന്‍ ചോദിച്ചു: 'ഇതൊക്കെ കുഞ്ഞികൃഷ്ണന്‍ നായരോട് ആരാ പറഞ്ഞത്?' നായരുടെ മറുപടി: 'അതോ, നിങ്ങളുടെ ജാതിക്കാര്‍ തന്നെ. മുസ്‌ലിം രാഷ്ട്രീയക്കാര്‍, എന്റെ സുഹൃത്തുക്കള്‍.'
ഞാന്‍ 'മൊതലാളി'യായ കഥയുടെ ചുരുക്കമാണ് മുകളില്‍ കുറിച്ചത്. ഒരു ഘട്ടത്തില്‍ എട്ടേക്കര്‍ വരെ കൃഷിഭൂമിക്ക് ഉടമയായിരുന്നു ഞാന്‍. ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയും കൃഷിപ്പണിക്ക് കുറഞ്ഞ കൂലിയും ഉണ്ടായിരുന്ന കാലത്തെ കഥയാണത്. 1960- 70 കളില്‍ രണ്ടര മൂന്ന് രൂപയുടെ സ്ഥാനത്ത് ഇന്ന് അറുന്നൂറ് രൂപയാണ് ഞങ്ങളുടെ പ്രദേശങ്ങളില്‍ കൃഷിപ്പണിക്ക് കൂലി. ഇടക്കൊരു മിന്നലാട്ടം പോലെ ഉല്‍പന്നവില അല്‍പം മെച്ചപ്പെട്ടാലും അതിന് സ്ഥായീസ്വഭാവമില്ല. തേങ്ങക്ക് വിലയിടിഞ്ഞ്, തെങ്ങ് മുറിച്ച് റബര്‍ വെച്ച കര്‍ഷകര്‍ ഇന്ന് റബര്‍ മരത്തില്‍ തൂങ്ങുന്ന സ്ഥിതിയാണ്. കറുത്ത സ്വര്‍ണം എന്ന വിശേഷണമുള്ള നാടന്‍ കുരുമുളകിന്റെ സ്ഥാനം 'പരദേശികള്‍' കൈയടക്കിക്കഴിഞ്ഞു. വിദേശ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിയും വെളിച്ചെണ്ണയിലെ മായാമറിമായവും ചേര്‍ന്ന് നാളികേര മാര്‍ക്കറ്റിനെയും തകര്‍ക്കുന്നു. 
ജീവിതാവശ്യങ്ങള്‍ വര്‍ധിച്ചുവരികയും വരുമാനം പൂജ്യത്തിലെത്തുകയും ചെയ്യുമ്പോള്‍ ഭൂമി വിറ്റ് കാര്യം നിര്‍വഹിക്കുകയേ മാര്‍ഗമുള്ളൂ. അങ്ങനെ എന്റെ എട്ടേക്കര്‍ ഇപ്പോള്‍ മൂന്നേക്കറില്‍ എത്തിനില്‍ക്കുന്നു. പരിസരങ്ങളില്‍ ഗള്‍ഫ് 'മണി'മുഴങ്ങുമ്പോള്‍ പണ്ടത്തെ പാവപ്പെട്ടവര്‍ ഇന്നത്തെ പുതുപ്പണക്കാര്‍. അപ്പോഴും പഴയ മുതലാളി തന്നെ ഇന്നും മുതലാളി!  ഈ പേരുദോഷം നിര്‍ത്തുന്നതോ നല്ലത് അതോ നിലനിര്‍ത്തുന്നതോ? മുതലാളിപ്പെരുമക്ക് നിദാനം മാലും മുതലും മാത്രമല്ല,  ഗോത്ര-കുടുംബ-സാംസ്‌കാരിക പാരമ്പര്യങ്ങളും ജനമനസ്സിലെ അംഗീകാരവും കൂടിയാണ് എന്ന വിലയിരുത്തലാണ് ശരിയെന്ന് തോന്നുന്നു.

Comments

Other Post

ഹദീസ്‌

മനുഷ്യബന്ധങ്ങളുടെ മഹത്വം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (60-63)
ടി.കെ ഉബൈദ്‌