Prabodhanm Weekly

Pages

Search

2020 ജനുവരി 10

3134

1441 ജമാദുല്‍ അവ്വല്‍ 14

മുസ്‌ലിംകള്‍ ഇന്ത്യയെ നിര്‍ണയിച്ച സര്‍ഗാത്മക പക്ഷം

ഡോ. ബദീഉസ്സമാന്‍

1920-കളുടെ തുടക്കം. ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന്, മുമ്പ് നല്‍കിയ മുഴുവന്‍ ഉറപ്പുകളും ലംഘിച്ച് ഉസ്മാനിയാ ഖിലാഫത്തിനെ തകര്‍ക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ലോകം മുഴുക്കെ പ്രതിഷേധം അലയടിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ രൂപീകരിച്ച ഖിലാഫത്ത് കമ്മിറ്റി 1920 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് തര്‍കെ മുവാലാത്ത് (നിസ്സഹകരണം) പ്രഖ്യാപിക്കുന്നു. ആ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് ഈ സമരപരിപാടി ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് - ഖിലാഫത്ത് സഖ്യത്തില്‍ ബ്രിട്ടീഷ് വിരുദ്ധസമരം വന്‍ ജനകീയ സമരമായി മാറുന്നു.
ഖിലാഫത്ത്-കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങി. നിരവധി പേര്‍ ഉദ്യോഗങ്ങള്‍ രാജിവെച്ചു. വിദ്യാര്‍ഥികള്‍ പഠനമുപേക്ഷിച്ച് കോളേജുകളും സര്‍വകലാശാലകളും വിട്ടിറങ്ങി. അതിന്റെ അനുരണനങ്ങള്‍ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലുമെത്തി. വിദ്യാര്‍ഥികള്‍ പലരും പഠനമുപേക്ഷിക്കാന്‍ മുന്നോട്ടു വന്നു. എന്നാല്‍ 1857-ലെ പോരാട്ടങ്ങളെ തുടര്‍ന്നുണ്ടായ ബ്രിട്ടീഷുകാരുടെ പ്രതികാര നടപടികളുടെ പരിക്ക് തീര്‍ത്ത് ബ്രിട്ടീഷ് ഭരണകൂടവുമായി സമരസപ്പെട്ടുപോകുന്നതിലാണ് സമുദായത്തിന്റെ ഭാവി എന്ന് ഉറച്ചു വിശ്വസിച്ച അലീഗഢ് അധികൃതര്‍ അതനുവദിച്ചില്ല. വൈസ് ചാന്‍സ്‌ലര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു വരുത്തി കുട്ടികളോട് പിന്‍വാങ്ങാന്‍ സമ്മര്‍ദം ചെലുത്തി.
അതേസമയം മൗലാനാ മുഹമ്മദലി യൂനിവേഴ്‌സിറ്റി കാമ്പസില്‍ ക്യാമ്പ് ചെയ്ത്, ബ്രിട്ടീഷ് അനുകൂല സ്ഥാപനം വിട്ടുപോരാന്‍ കുട്ടികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അനുഭാവം കാണിച്ച കുട്ടികളെ കാമ്പസിലെ പക്കീ ബാരക്കിന്റെ ഇടുങ്ങിയ കൊച്ചുമുറിയിലേക്ക് വിളിച്ച മൗലാന, ബ്രിട്ടീഷ് അടിമത്തത്തോട് ഒരു നിലക്കും രാജിയാവില്ലെന്ന് ഖുര്‍ആന്‍ കൈയില്‍ വെച്ച് അവരെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു. അലീഗഢ് പ്രസ്ഥാനത്തെ രണ്ടു ചേരിയാക്കിത്തിരിച്ച സംഘര്‍ഷാത്മക നാളുകള്‍ക്കൊടുവില്‍ ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്നു നിന്ന് പുതിയൊരു യൂനിവേഴ്‌സിറ്റി അലീഗഢ് കാമ്പസില്‍ പിറന്നു. അതാണ് 'ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ' എന്ന ദേശീയ മുസ്‌ലിം സര്‍വകലാശാല.
വീണ്ടുമൊരിക്കല്‍ കൂടി രാജ്യം സ്വാതന്ത്ര്യസംരക്ഷണത്തിനിറങ്ങുമ്പോള്‍ ഉറങ്ങിക്കിടന്ന പൗരസഞ്ചയത്തെ ഉത്തേജിപ്പിച്ചത് ജാമിഅ-അലീഗഢ് ഇരട്ടകളാണെന്നത് യാദൃഛികമല്ല. അടിമത്തം അംഗീകരിക്കില്ലെന്ന ആദ്യ തലമുറയെടുത്ത പ്രതിജ്ഞ തങ്ങളിലും ബാക്കിനില്‍ക്കുന്നു എന്നതിന്റെ പ്രഖ്യാപനമായി, പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ ഇളക്കുന്നതില്‍ ജാമിഅയിലെ പുതിയ തലമുറ എടുത്ത മുന്‍കൈ. ഡിസംബര്‍ 15-ന് ഞായറാഴ്ച രാത്രി ജാമിഅയിലെ സംഭവവികാസങ്ങളറിയാന്‍ ടി.വി തുറന്ന ഇന്ത്യയെ എതിരേറ്റത് ജാമിഅയോടൊപ്പം അലീഗഢും പോലീസ് നടപടി നേരിടുകയാണെന്ന വാര്‍ത്തയാണ്.

സര്‍റാത്ത് കൊ ബോസ ലേനെ കോ
സൗ ബാര്‍ ഝുകാ ആകാശ് യഹാന്‍
ഖുദ് ആന്‍ഖ് സെ ഹംനേ ദേഖീ ഹെ
ബാതില്‍ കീ ശികസ്‌തേ ഫാഷ് യഹാന്‍
(മണ്ണിന് ഉമ്മ കൊടുക്കാനായി
നൂറ് തവണ ആകാശം കുനിഞ്ഞ സ്ഥലമാണിത്,
ദുഷ്ട ശക്തികളുടെ സമ്പൂര്‍ണ പരാജയം
സ്വന്തം കണ്ണ് കൊണ്ട് കാണുന്ന ഇടമാണിത്)
മജാസ് ലഖ്‌നവി എഴുതിയ അലീഗഢ് യൂനിവേഴ്‌സിറ്റി ഗീത(തരാനാ)ത്തിലെ വരികളെ അന്വര്‍ഥമാക്കി ഇന്ത്യാവിരുദ്ധ ദുഷ്ട ശക്തികളെ മുട്ടുകുത്തിക്കാനുള്ള ശ്രമത്തിലാണ് ആ വിദ്യാര്‍ഥികള്‍. യൂനിവേഴ്‌സിറ്റി ബലാല്‍ക്കാരം അടപ്പിച്ചും പതിനായിരത്തില്‍ പരം വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തും പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പക്ഷേ സ്വാതന്ത്ര്യസമരത്തിന്റെ രണ്ട് ഘട്ടങ്ങളുടെ തീച്ചൂളയില്‍ രൂപം കൊണ്ട രണ്ട് യൂനിവേഴ്‌സിറ്റികളും ഒന്നുചേര്‍ന്ന് മൂന്നാം സ്വാതന്ത്ര്യപ്പോരാട്ടത്തെ നയിക്കുന്നതാണ് ഒടുവിലത്തെ കാഴ്ച.

ഇന്ത്യയും ഇസ്‌ലാമും
സംഘ് പരിവാറിന്റെ അടിസ്ഥാനങ്ങളിലൊന്നായ മുസ്‌ലിം വൈരത്തെ അടിസ്ഥാനപ്പെടുത്തി, ഗോള്‍വാള്‍ക്കര്‍ തന്റെ വിചാരധാരയില്‍ ചൂണ്ടിക്കാണിച്ച പോലെ മുസ്‌ലിംകളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റാനുള്ള പദ്ധതി, പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ നടപ്പാക്കാനുള്ള കുതന്ത്രത്തിനെതിരെയാണല്ലോ ഇപ്പോള്‍ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവന്നിരിക്കുന്നത്. ഗോള്‍വാള്‍ക്കറും സവര്‍ക്കറും വരച്ചുകാണിച്ചത്, കിട്ടിയ ഒന്നാമത്തെ അവസരത്തില്‍ തന്നെ നടപ്പിലാക്കാനായിരുന്നു സംഘ് പരിവാര്‍ ശ്രമം. 800 കൊല്ലം ഈ നാടിനെ കീഴ്‌പ്പെടുത്തി ഭരിച്ച അക്രമികളാണ് മുസ്‌ലിംകളെന്നും ഇവിടെ വന്നവരോ സ്വാധീനത്താല്‍ വഴങ്ങി മതം മാറിയവരോ ആയ ഒരു മുസ്‌ലിമിനും ആത്മാര്‍ഥതയുള്ള ഇന്ത്യന്‍ പൗരന്മാരാകാന്‍ കഴിയില്ലെന്നും സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യ നേരിടുന്ന പ്രധാന മൂന്ന് ആഭ്യന്തര ഭീഷണികളിലൊന്നായാണ് മുസ്‌ലിംകളെ അവര്‍ കാണുന്നത്.
എന്നാല്‍, ചരിത്രസത്യങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും വിരുദ്ധമാണ് സംഘ് പരിവാറിന്റെ ഈ പ്രചാരണങ്ങളൊക്കെ. ഇന്ത്യാ ഉപഭൂഖണ്ഡമെന്ന് ഇന്ന് നാം വിളിക്കുന്ന ഭൂവിഭാഗം അതിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ പ്രത്യേകതകളോടെ ആയിരക്കണക്കില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്നു. പക്ഷേ, ഇസ്‌ലാമിന്റെ സന്ദേശവുമായി മുഹമ്മദ് നബിയുടെ അനുയായികള്‍ ഇവിടെ വരുമ്പോള്‍ നൂറു കണക്കിന് നാട്ടുരാജ്യങ്ങളുടെ സംഘാതമാണ് ഈ പ്രദേശം. നമ്മള്‍ ഇന്ന് കാണുന്ന ഇന്ത്യയില്ല എന്നര്‍ഥം. രാഷ്ട്രീയമായും ജാതീയമായും ആയിരക്കണക്കില്‍ ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഈ പ്രദേശത്തെ രാഷ്ട്രീയമായി ഏകോപിപ്പിച്ചതും മാനുഷിക ബന്ധങ്ങളാല്‍ സഹവര്‍ത്തിപ്പിച്ചതും ഇസ്‌ലാമിന്റെ അനുയായികളാണ്. തുല്യതയില്ലാത്ത മനുഷ്യത്വവിരുദ്ധതയുടെ ഘടനാരൂപമായ ജാതിവ്യവസ്ഥയുടെ അടിമത്ത നുകത്തിനു കീഴില്‍ ക്ലേശിച്ചുകൊണ്ടിരുന്ന തദ്ദേശീയര്‍ക്ക് മോചനമന്ത്രമായി ഇസ്‌ലാം.
ഈ അവസ്ഥ വരച്ചുകാണിച്ചുകൊണ്ട് മൗലാനാ അബുല്‍ കലാം ആസാദ് 1940 മാര്‍ച്ചില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ പദവിയേറ്റെടുത്ത് രാംഗഢില്‍ നടന്ന അമ്പത്തിമൂന്നാം വാര്‍ഷിക യോഗത്തില്‍ ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു: ''ഞാനൊരു മുസ്‌ലിമാണ് എന്നതോടൊപ്പം അതില്‍ അഭിമാനം കൊള്ളുന്ന ആളുമാണ്. ഇസ്‌ലാമിന്റെ ആവേശജനകമായ 1300 കൊല്ലത്തിന്റേതാണ് എന്റെ പാരമ്പര്യം. അതിന്റെ ചെറിയൊരു ഭാഗം പോലും നഷ്ടപ്പെടുത്താന്‍ ഞാന്‍ തയാറല്ല. ഇസ്‌ലാമിന്റെ ചരിത്രം, അധ്യാപനങ്ങള്‍, കല, സാഹിത്യം, സംസ്‌കാരം ഇവയൊക്കെ എന്റെ സമ്പത്തും സൗഭാഗ്യങ്ങളുമാണ്. അവയെ സംരക്ഷിക്കുക എന്നത് എന്റെ ബാധ്യതയാണ്. മുസ്‌ലിമെന്ന നിലയില്‍ ഇസ്‌ലാം മതത്തിലും സംസ്‌കാരത്തിലും എനിക്ക് സവിശേഷ താല്‍പര്യമുണ്ട്. അതിലെ ഒരു കൈകടത്തലും എനിക്ക് സഹിക്കാനാവില്ല....
''ഞാനൊരു ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ ദേശീയത എന്ന അവിഭാജ്യ ഏകത്വത്തിന്റെ ഭാഗമാണ് ഞാന്‍; ഇന്ത്യ എന്ന മഹത്തായ ഭവനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗവും. എന്നെക്കൂടാതെ ഈ മനോഹര ഘടന അപൂര്‍ണമാണ്. ഇന്ത്യയെ പണിത അവശ്യ ഘടകമാണ് ഞാന്‍ എന്ന എന്റെ അവകാശവാദം ഞാന്‍ ഒരിക്കലും ഉപേക്ഷിക്കില്ല............
''നമ്മള്‍ ഒരുപാട് നിധികള്‍ ഇവിടെ കൊണ്ടുവന്നു... നമ്മുടെ സമ്പത്ത് ഇന്ത്യക്ക് നല്‍കി; ഈ നാടാകട്ടെ, അതിന്റെ ഖജനാവുകള്‍ നമുക്കായി തുറന്നു വെച്ചു. നമ്മള്‍ ഇന്ത്യക്കു നല്‍കിയത് രാജ്യത്തിന് ഏറ്റവും അത്യാവശ്യമുള്ളതും ഇസ്‌ലാമിന്റെ ഖജനാവിലെ ഏറ്റവും വിലപിടിപ്പുള്ളതുമായ സമ്മാനമാണ് - ജനാധിപത്യവും മനുഷ്യസമത്വവുമാണത്.''
കഴിഞ്ഞ ആയിരത്തില്‍പരം കൊല്ലമായി ഇന്ത്യന്‍ സമൂഹഘടനയെ രൂപപ്പെടുത്തുന്നതില്‍ കേന്ദ്രസ്ഥാനം വഹിച്ച സാമൂഹിക വിഭാഗമാണ് മുസ്‌ലിംകള്‍. തുല്യതയിലും മനുഷ്യസാഹോദര്യത്തിലും ഊന്നിയ ഇസ്‌ലാമികാദര്‍ശമാണ്, ജാതിവ്യവസ്ഥ ജനതയിലെ ഭൂരിപക്ഷത്തിനും നിഷേധിച്ച തുല്യാവസരങ്ങളോടു കൂടിയ പൊതുജീവിതവും ഒന്നിച്ചു നടക്കാവുന്ന പൊതുവഴികളും അന്തസ്സാര്‍ന്ന വേഷങ്ങളും സാധ്യമാക്കിയത്. മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും നീതിയിലധിഷ്ഠിതമായ നിയമവാഴ്ചയും നിരവധി ഭരണവംശങ്ങളുടെ സംഭാവനയാണ്. മുഗള്‍ ഭരണകാലത്ത് ഘടന ഭദ്രമാക്കിയ റവന്യൂ ഭരണ സംവിധാനങ്ങളാണ് പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്നത്.
തൊള്ളായിരത്തോളം കൊല്ലം ഭരിച്ചിട്ടും ഒരിക്കല്‍പോലും ഇന്ത്യന്‍ പ്രദേശത്തെ മുസ്‌ലിം ജനസംഖ്യ 25 ശതമാനത്തിനു മുകളില്‍ പോയില്ല. ഭരണ സൗകര്യാര്‍ഥം നിലനില്‍ക്കുന്ന ജാതിഘടനയെ കാര്യമായി അലോസരപ്പെടുത്താന്‍ മുസ്‌ലിം രാജവംശങ്ങള്‍ ശ്രമിച്ചില്ല എന്ന വിമര്‍ശമുണ്ടെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരിക്കലും മുസ്‌ലിം ഭരണകൂടങ്ങളുടെ അജണ്ടയായിരുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. അവരനുവര്‍ത്തിച്ച മതസ്വാതന്ത്ര്യത്തിലൂടെയും അമ്പലങ്ങള്‍ക്കും മഠങ്ങള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായങ്ങളിലൂടെയുമൊക്കെയാണ് പിന്നീട് മതനിരപേക്ഷത എന്ന് പേരു വിളിക്കപ്പെട്ട ബഹുസ്വര സഹവര്‍ത്തിത്വം ഇന്നാട്ടില്‍ ഇന്ന് നാം കാണുന്ന രൂപം കൊണ്ടത്.
നീണ്ട കാലത്തെ ഭരണത്തിനിടയില്‍ നയപരമായ പാളിച്ചകളോ അക്രമങ്ങളോ ഉണ്ടായിട്ടില്ല എന്നല്ല. മതപ്രചോദിതം എന്നതിനപ്പുറം രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളായിരുന്നു അവക്കു പിന്നില്‍. മാത്രമല്ല, ദേശരാഷ്ട്രങ്ങള്‍ രൂപം കൊള്ളുകയും അതിര്‍ത്തികള്‍ കടക്കാന്‍ പാസ്‌പോര്‍ട്ട് /വിസ സംവിധാനങ്ങള്‍ ആവശ്യമായി വരികയും ചെയ്ത ആധുനിക കാലത്തിരുന്നു കൊണ്ട് സൈനിക മേധാശക്തി കാര്യങ്ങള്‍ തീരുമാനിച്ച പഴയ കാലത്തെ കാണുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഉന്നയിക്കപ്പെടുന്നവയില്‍ പലതും. പക്ഷേ അടിസ്ഥാനപരമായി ഇസ്‌ലാമിക മൂല്യങ്ങളാല്‍ പ്രചോദിതമായ ആ കാലത്തെ ഭരണകൂടങ്ങള്‍ നീതിനിര്‍വഹണത്തിലോ വിഭവവിതരണത്തിലോ മതജാതി വിവേചനങ്ങള്‍ കാണിച്ചില്ല എന്നതാണനുഭവം. സാമ്പത്തികമായി വികസിതവും ഘടനാപരമായി ഭദ്രവുമായ രീതിയില്‍ മുഗളരില്‍നിന്ന് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ഇന്ത്യ എങ്ങനെയാണ് 200 കൊല്ലം കൊണ്ട് ദരിദ്രമായത് എന്ന ചോദ്യത്തിന് ബ്രിട്ടീഷ് അധിനിവേശം എന്നാണ് ഉത്തരം.

ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യബോധവും
വ്യക്തി, സമൂഹം എന്നീ നിലകളില്‍ വിശ്വാസദാര്‍ഢ്യത്തിന്റെയും കര്‍മനിഷ്ഠയുടെയും കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാമെങ്കിലും ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു മൂല്യമണ്ഡലത്തിന്റെ സ്വാധീനം പൊതുവെ മുസ്‌ലിംകളുടെ ജീവിതത്തില്‍ കാണാവുന്നതാണ്. സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും ഏകത്വം, വിധിവിശ്വാസം മുതലായവയെ ആധാരമാക്കി ഒരു നഗരകേന്ദ്രീകൃത (ഡൃയമിശ്വലറ) സാമൂഹികജീവിതം നയിക്കുന്നവരാണ് മുസ്‌ലിംകള്‍. പള്ളികളും അവയിലെ അഞ്ചു നേര നമസ്‌കാരവുമൊക്കെ ചേര്‍ന്നുണ്ടാക്കുന്ന സാമൂഹികബോധം മുസ്‌ലിംജീവിതങ്ങളുടെ ഒരു അടിസ്ഥാനമാണ്. പ്രസവം, വിവാഹം, രോഗം, മരണം തുടങ്ങിയ മുഴുവന്‍ ജീവിതാവസ്ഥകളിലും ഈ സംഘബോധം മുസ്‌ലിം ജീവിതങ്ങളില്‍നിന്ന്  കണ്ടെടുക്കാനാവും.
തൗഹീദില്‍നിന്ന് ഉത്ഭൂതമാകുന്ന സ്വാതന്ത്ര്യബോധമാണ് മുസ്‌ലിം ലോകവീക്ഷണത്തിന്റെ സവിശേഷത. മുഴുവന്‍ അടിമത്തങ്ങളെയും നിരാകരിക്കാന്‍ തൗഹീദീ ദര്‍ശനം മുസ്‌ലിംകള്‍ക്ക് പ്രേരണയാകുന്നു. അതിനാലാണ് ലോകത്തെവിടെയും കൊളോണിയല്‍വിരുദ്ധ പോരാട്ടങ്ങളില്‍ അവര്‍ മുന്‍നിരക്കാരായത്. ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാര്‍ മുതലുള്ള മുഴുവന്‍ അധിനിവേശകര്‍ക്കെതിരിലും സ്വാതന്ത്ര്യപോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട് മുസ്‌ലിംകള്‍. കുഞ്ഞാലി മരക്കാരുടെ രക്തസാക്ഷിത്വം ഒറ്റപ്പെട്ടതല്ല. ടിപ്പു സുല്‍ത്താന്റെ കൈയില്‍നിന്നും മലബാര്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ വന്ന 1792 മുതല്‍ ഓരോ വര്‍ഷവുമെന്ന നിലയില്‍ ചെറുതും വലുതുമായ മാപ്പിള കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ നേര്‍ക്കുനേരെയും, അവരുടെ പിണിയാളുകളായി നിന്ന് നികുതിപിരിവിന്റെയും മറ്റും പേരില്‍ സാധാരണക്കാരെ പീഡിപ്പിച്ചവര്‍ക്കെതിരെയുമായിരുന്നു ഈ കലാപങ്ങള്‍. ചെമ്പന്‍ പോക്കര്‍, അത്തന്‍ കുരിക്കള്‍, ഹൈദ്രോസ് കുട്ടി മൂപ്പന്‍ തുടങ്ങിയവരുടെയൊക്കെ നേതൃത്വത്തില്‍ പലപ്പോഴായി നടന്ന ചെറുത്തുനില്‍പ്പുകളുടെ ഒരു മൂര്‍ധന്യാവസ്ഥ എന്ന നിലയിലാണ് 1921-ലെ മലബാര്‍ കലാപം ഉണ്ടാകുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണക്കനുസരിച്ചു തന്നെ 2339 ആളുകള്‍ കൊല്ലപ്പെടുകയും 45000-ല്‍ പരം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത പോരാട്ടമായിരുന്നു അത്.
ദേശീയതലത്തിലാണെങ്കില്‍, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ഹിന്ദുവും മുസ്‌ലിമുമൊക്കെ ഒന്നു ചേര്‍ന്ന് നടത്തിയതായിരുന്നു. അധികാരമേറെയും നഷ്ടപ്പെട്ട് ദുര്‍ബലനും വൃദ്ധനുമായ ബഹദൂര്‍ ഷാ സഫറിനെയാണ് സ്വാതന്ത്ര്യഭടന്മാര്‍ അത്തരമൊരു വിപ്ലവത്തില്‍ തങ്ങളുടെ നായകനാക്കിയത് എന്നതില്‍നിന്ന് മുഗളരെ ഒരിക്കലും അതിക്രമകാരികളായല്ല ഇന്ത്യക്കാര്‍ കണ്ടിരുന്നത് എന്നു മനസ്സിലാക്കാം. എന്നാല്‍ വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് അതിഭീകരമായ പ്രതികാര നടപടികളാണ് ബ്രിട്ടീഷുകാരില്‍നിന്ന് മുസ്‌ലിംകള്‍ക്ക് നേരിടേണ്ടിവന്നത്. ആയിരക്കണക്കില്‍ മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയും മുഗള്‍ ഭരണത്തോട് ചേര്‍ന്നു നിന്നിരുന്ന ഉന്നത കുലങ്ങളില്‍പെട്ട മുസ്‌ലിംകളെ തെരഞ്ഞു പിടിച്ച് ശിക്ഷിക്കുകയും ചെയ്തു. ദല്‍ഹി ജമാമസ്ജിദ് 1857 മുതല്‍ അഞ്ച് കൊല്ലക്കാലം ബ്രിട്ടീഷനുകൂല സിഖ് പട്ടാളത്തിന്റെ ക്യാമ്പാക്കി മാറ്റുകയും അക്ബറാബാദീ മസ്ജിദടക്കമുള്ള നിരവധി പള്ളികളും ചെങ്കോട്ടയുടെ അഞ്ചിലൊന്നൊഴികെ ഭാഗങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു. പേര്‍ഷ്യന്‍, തുര്‍ക്കി, മുഗള്‍ അന്താരാഷ്ട്ര ഇസ്‌ലാമിക ഗൂഢാലോചനയുടെ ഭാഗമായാണ് 1857-ലെ സമരം നടന്നത് എന്നാരോപിച്ച് ബഹദൂര്‍ ഷാ സഫറിനെ റങ്കൂണിലേക്ക് നാടു കടത്തുകയും മക്കളില്‍ ചിലരെ ഖൂനീ ദര്‍വാസയില്‍ കൊണ്ടുവന്ന് വെടിവെച്ചു കൊല്ലുകയും ചെയ്തു. 1860-ല്‍ പറ്റ്‌നയില്‍ വഹാബി ഗൂഢാലോചനയാരോപിച്ച് നിരവധി മുസ്‌ലിം പണ്ഡിതന്മാരെ തൂക്കിക്കൊന്നു.
1757-ലെ പ്ലാസി യുദ്ധത്തില്‍ സിറാജുദ്ദൗലയുടെ പരാജയത്തിന് മുസ്‌ലിംകള്‍ കൊടുക്കേണ്ടിവന്ന വില വഖ്ഫുകളില്‍ ചുമത്തപ്പെട്ട നികുതിയായിരുന്നു. മുസ്‌ലിം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നട്ടെല്ലാണ് അതുവഴി തകര്‍ക്കപ്പെട്ടത്.

ഗാന്ധിജി, ഖിലാഫത്ത്, സ്വാതന്ത്ര്യസമരം
ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ കൊടുത്തതാണ് വിഭജനത്തിലെത്തുന്ന രീതിയില്‍ ഇന്ത്യയിലെ മുസ്‌ലിം സാമുദായിക രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയത് എന്നത് ഹിന്ദുത്വര്‍ മുതല്‍ ലിബറലുകള്‍ വരെ ഉന്നയിക്കുന്ന ഒരു ആരോപണമാണ്. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ഭരണ സഭകളിലെ പ്രാതിനിധ്യം പോലുള്ള പരിമിത ആവശ്യങ്ങളുന്നയിച്ച് വാര്‍ഷിക പൊതുയോഗങ്ങള്‍ കൂടി പിരിഞ്ഞിരുന്ന ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനെ പാന്‍ ഇന്ത്യന്‍ അപ്പീലുള്ള ഒരു സ്വാതന്ത്ര്യ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഖിലാഫത്ത് പ്രസ്ഥാനവുമായുള്ള അതിന്റെ സഖ്യമാണ്. ഖിലാഫത്ത് സംരക്ഷണ പ്രസ്ഥാനത്തിന്റെ ബ്രിട്ടീഷ്‌വിരുദ്ധ മുഖത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയ ഗാന്ധിജിയുടെ രാഷ്ട്രീയ നീക്കമാണ് സ്വാതന്ത്ര്യശ്രമങ്ങളെ ഒരു ബഹുജന പ്രക്ഷോഭമാക്കി മാറ്റിയത്. അങ്ങനെയാണ് 1920 ഫെബ്രുവരിയില്‍ ഖിലാഫത്ത് കമ്മിറ്റി പ്രഖ്യാപിച്ച നിസ്സഹകരണ പ്രക്ഷോഭം ആ വര്‍ഷം ആഗസ്റ്റില്‍ ഗാന്ധിജി കോണ്‍ഗ്രസ് ബാനറില്‍ ഏറ്റെടുക്കുന്നത്.
ഇതിനു മുന്നെ തന്നെ മൗലാനാ ആസാദ് തന്റെ അല്‍ ഹിലാല്‍, അല്‍ ബലാഗ പത്രങ്ങളിലൂടെ ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് അതിശക്തമായ പ്രചാരണമാണ് സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയത്. ബ്രിട്ടീഷ് ആധിപത്യത്തിലെ ഇന്ത്യ ശത്രുഗേഹമാണെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്താനിലേക്ക് ഹിജ്റ പോകാനായി ഹിജ്‌റ മൂവ്‌മെന്റ് പ്രവര്‍ത്തിച്ചിരുന്ന നാടാണ് ഇന്ത്യ. തന്ത്രപരമായി പരാജയപ്പെട്ടെങ്കിലും മുസ്‌ലിം ജനതയുടെ സ്വാതന്ത്ര്യദാഹം എത്രയെന്ന് വെളിപ്പെടുത്തുന്നു ഈ നീക്കം.
1937-ലെ തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണ് ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗിനെ അയഞ്ഞ ഫെഡറല്‍ ഘടനയോടു കൂടിയ സ്വയംഭരണ പ്രവിശ്യകള്‍ എന്ന ആവശ്യത്തിലേക്കും പിന്നീട് അവസാന ഘട്ടത്തില്‍ ഒരു സ്വതന്ത്ര രാജ്യം എന്നുള്ള നിലപാടിലേക്കും എത്തിക്കുന്നത് എന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ഹിന്ദുക്കളും മുസ്‌ലിംകളും വ്യത്യസ്ത ദേശീയതകളാണെന്നും ഒരിക്കലും ഒന്നിച്ചുകഴിയാനാവില്ലെന്നുമുള്ള സിദ്ധാന്തം മുന്നോട്ടു വെച്ചത് വി.ഡി സവര്‍ക്കറായിരുന്നു എന്നതും ഇന്ന് സര്‍വസമ്മതമാണ്. ഇന്ത്യാ വിഭജനം പോലും സംഭവിക്കുന്നത് കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും അത് സമ്മതിച്ചതുകൊണ്ടും ബ്രിട്ടീഷ് മധ്യസ്ഥതയില്‍ അത് നടന്നതുകൊണ്ടുമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വിഭജനാനന്തര ഇന്ത്യയില്‍ രചിക്കപ്പെട്ട സ്വാതന്ത്ര്യ സമരചരിത്രത്തില്‍ മുസ്‌ലിം പക്ഷം സമം ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗ് എന്ന നിലയിലാണ് ചിത്രീകരിക്കപ്പെട്ടത്. വിഭജനത്തിന്റെ ഉത്തരവാദിത്തം മുഴുവനായും മുഹമ്മദലി ജിന്നയുടെയും മുസ്‌ലിം ലീഗിന്റെയും തലയില്‍ ചുമത്താനും കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കിക്കാണിക്കാനുമുള്ള വ്യഗ്രതക്കിടയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി മുസ്‌ലിം സമൂഹം നടത്തിയ ശ്രമങ്ങളെ വേണ്ട അളവില്‍ പരിഗണിച്ചുകൊണ്ടുള്ള ചരിത്രരചനയല്ല സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായത്. കൊളോണിയല്‍ കാലത്തിന്റെ തുടക്കം മുതല്‍ സ്വാതന്ത്ര്യ സമര യത്‌നങ്ങളില്‍ വ്യാപൃതരായ അസംഖ്യം മുസ്‌ലിം നേതാക്കളുടെ തുടര്‍ച്ചയായല്ല, എങ്ങനെയോ സംഭവിച്ചുപോയ അപവാദങ്ങളോ ഷോ ബോയ് വാല്യൂ മാത്രമുള്ള കെട്ടുകാഴ്ചകളോ ആയാണ് മൗലാനാ ആസാദ്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് തുടങ്ങിയവര്‍ പോലും പരിഗണിക്കപ്പെട്ടത്. സര്‍ സയ്യിദ് അഹ്മദ് ഖാന്‍, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, അലി സഹോദരന്മാര്‍ തുടങ്ങിയ മുഴുവന്‍ ഐക്കണുകളെയും സ്വന്തമാക്കാന്‍ സ്വാതന്ത്ര്യാനന്തരം പാകിസ്താന്‍ നടത്തിയ ശ്രമം ഇന്ത്യാ ചരിത്രമെഴുതിയ വലതുപക്ഷക്കാര്‍ക്ക് മുസ്‌ലിം അരികുവല്‍ക്കരണം എളുപ്പമാക്കുകയും ചെയ്തു. നേരത്തേ തന്നെ കൊളോണിയല്‍ ചരിത്രനിര്‍മിതിയില്‍ അപകര്‍ഷബോധത്തിനടിപ്പെട്ട മുസ്‌ലിം സമൂഹമാകട്ടെ, വിഭജനത്തിന്റെ ആരോപിക്കപ്പെട്ട ഭാരം സ്വയമേറ്റെടുത്ത് മാപ്പുസാക്ഷി മനോഭാവത്തില്‍ ഒതുങ്ങുകയും ചെയ്തു.

മുന്നോട്ടുള്ള വഴി
രാജ്യം ഒരിക്കല്‍കൂടി ഒരു ചരിത്രസന്ധിയില്‍ നില്‍ക്കുമ്പോള്‍ നീതിക്കും നിയമവാഴ്ചക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തെ ഒരുമിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കാനുള്ളവരാണ് മുസ്‌ലിം സമൂഹം എന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്. ജാതിവ്യവസ്ഥയുടെ കൊടൂരതകളാല്‍ പരസ്പരം കാണാനോ മിണ്ടാനോ അടുത്തിടപഴകാനോ കഴിയാതിരുന്ന ഒരു ജനസമൂഹം സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം, നീതി എന്നിവ അടിസ്ഥാനമാക്കിയ ഭരണഘടന എന്ന പൊതു കരാറിനെ മുന്‍നിര്‍ത്തി ഒന്നിച്ചുനീങ്ങുന്ന അവസ്ഥയിലേക്ക് വളര്‍ന്നത് ആയിരത്തില്‍പരം കൊല്ലമായി ഇസ്‌ലാമിക മൂല്യങ്ങള്‍ ഈ നാടിനെ സ്വാധീനിച്ചതിന്റെ കൂടി ഫലമാണ്. ആ അര്‍ഥത്തില്‍ ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ നട്ടെല്ലാണ് മുസ്‌ലിം സമൂഹവും അവര്‍ പ്രസരിപ്പിക്കുന്ന മൂല്യവ്യവസ്ഥയും. ആ നട്ടെല്ലിനോ അതിന്റെ ഏതെങ്കിലും കശേരുക്കള്‍ക്കോ ഏല്‍ക്കുന്ന പരിക്ക് ഇന്ത്യന്‍ സാമൂഹിക ശരീരത്തെ ഭാഗികമായോ പൂര്‍ണമായോ തളര്‍ത്തും. അത് സംഭവിക്കാതിരിക്കുക എന്നത് ഈ നാടിന്റെ ആവശ്യമാണ്. ഭൂമിയില്‍ വേരാഴ്ത്തി, പടര്‍ന്നു പന്തലിച്ചു നിന്ന്, എപ്പോഴും സദ്ഫലങ്ങള്‍ നല്‍കുന്നൊരു പരിശുദ്ധ വാക്യത്തെ നെഞ്ചേറ്റിയവര്‍ക്ക് ഈ സി.എ.എ / എന്‍.പി.ആര്‍ /എന്‍.ആര്‍.സി ഭീഷണിക്കാലത്തും വലിയ ഉത്തരവാദിത്തങ്ങള്‍ തന്നെയാണ് നിര്‍വഹിക്കാനുള്ളത്. ആയിരത്തില്‍പരം കൊല്ലമായി ഈ നാടിനെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച സമൂഹമാണ് തങ്ങളെന്ന അഭിമാന ബോധവും, അനാവശ്യമായി കെട്ടിയേല്‍പിക്കപ്പെട്ട വിഭജനത്തിന്റെ മാറാപ്പുകള്‍ കുടഞ്ഞെറിയാനുള്ള ധൈര്യവും കാണിക്കുക എന്നതാണ് ഇതിലെ ആദ്യപടി. അക്രമികളായ ഭരണാധികാരികള്‍ക്കെതിരെ വൈവിധ്യബഹുത്വങ്ങളാല്‍ സമ്പന്നമായ ഇന്ത്യന്‍ ജനസഞ്ചയത്തെ ഒന്നിച്ചുകൊണ്ടുപോകാന്‍ വേണ്ട സ്ട്രാറ്റജിയും ഡിപ്ലോമസിയും ധൈര്യവും ആത്മാഭിമാനമുള്ള അത്തരമൊരു സമൂഹത്തിന് താനേ കൈവരും.
ഇന്ന് നിങ്ങള്‍ ചെറിയ കമ്പനത്തെപ്പോലും ഭയക്കുന്നു; ഒരിക്കല്‍ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചവരായിരുന്നല്ലോ നിങ്ങള്‍.
ഇന്ന് നിങ്ങള്‍ തമസ്സിനെ പേടിക്കുന്നു; ഇന്നലെകളിലെ ഇരുള്‍ നിറഞ്ഞ വഴികളില്‍ വെളിച്ചമായിരുന്നുവല്ലോ നിങ്ങള്‍.
മഴ പെയ്താല്‍ നനയുമെന്ന് കരുതി പൈജാമ തെറുത്തു കയറ്റി ഇറയത്ത് കയറിയിരിക്കുകയാണോ നിങ്ങള്‍? തിരമാലകളെ അവഗണിച്ച് സമുദ്രത്തിലേക്ക് കുതിച്ചുചാടിയവരായിരുന്നല്ലോ നിങ്ങളുടെ പിതാമഹര്‍;
പര്‍വതങ്ങളെ ചവിട്ടിമെതിച്ചവരാണവര്‍.
ഇടിമിന്നലിനെ പുഞ്ചിരിയോടെ നേരിട്ടവര്‍.
കൊടുങ്കാറ്റിനെ മറികടന്നവര്‍.
ചുഴലിക്കാറ്റിനെ വെല്ലുവിളിച്ചും പലപ്പോഴും ദിശമാറ്റിയും വഴികളുണ്ടാക്കിയവര്‍.......
അവരുടെ പിന്‍ഗാമികളായ നിങ്ങളെ ഓടിക്കാന്‍ ഒരാള്‍ക്കുമാവില്ല; നിങ്ങള്‍ സ്വയം ഓടിപ്പോവുന്നതു വരെ

(മൗലാനാ അബുല്‍ കലാം ആസാദ് 1947 ഒക്‌ടോബര്‍ 13-ന് ദില്ലി ജമാ മസ്ജിദില്‍ ചെയ്ത പ്രസംഗത്തില്‍നിന്ന്).

Comments

Other Post

ഹദീസ്‌

മനുഷ്യബന്ധങ്ങളുടെ മഹത്വം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (60-63)
ടി.കെ ഉബൈദ്‌