Prabodhanm Weekly

Pages

Search

2020 ജനുവരി 03

3133

1441 ജമാദുല്‍ അവ്വല്‍ 07

ബി. അബ്ദുല്‍ ഹകീം

എ. സൈനുദ്ദീന്‍ കോയ, കൊല്ലം

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്കു കടന്നുവന്ന ആദ്യകാല ജമാഅത്ത് അംഗമാണ് ഈയിടെ നിര്യാതനായ ബി. അബ്ദുല്‍ ഹകീം (86). വ്യക്തി സംസ്‌കരണത്തിലൂടെ ഇസ്‌ലാമികപ്രസ്ഥാനം ആഗ്രഹിക്കുന്ന ഉന്നത വിതാനത്തിലെത്തിയ മാതൃകാ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി മുസ്‌ലിം ജമാഅത്തുള്‍പ്പെടുന്ന മുത്താന എന്ന ഗ്രാമത്തില്‍ ജനിച്ചു. ദാരിദ്ര്യം കാരണം സ്‌കൂള്‍ പഠനം നാലാം ക്ലാസില്‍ അവസാനിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഒരു കമ്പനിയില്‍ ബീഡിത്തൊഴിലാളിയായി. അവിടെ വച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. അന്ന് വയസ്സ് 16. പാര്‍ട്ടി നേതാക്കളുമായുള്ള നിരന്തര ബന്ധവും യോഗങ്ങളിലെ പങ്കാളിത്തവും, തമിഴിലുള്ള നിരവധി പുസ്തകങ്ങളുടെ വായനയും അദ്ദേഹത്തെ തീവ്ര കമ്യൂണിസ്റ്റും പാര്‍ട്ടി മെമ്പറുമാക്കി. പാര്‍ട്ടി ഗ്രാമമായ ജന്മനാട്ടില്‍ മറ്റു പാര്‍ട്ടികളൊന്നും പ്രവര്‍ത്തിക്കരുതെന്ന വാശിയോടെ മഹല്ല് പള്ളിയില്‍ ചെങ്കൊടി ഉയര്‍ത്തിക്കെട്ടിക്കൊണ്ടാണ് പാര്‍ട്ടി കൂറ് പ്രകടമാക്കിയത്. ആ ചെയ്തത് ദൈവധിക്കാരമായിരുന്നു എന്ന് പില്‍ക്കാലത്ത് അദ്ദേഹം ഖേദപൂര്‍വം പശ്ചാത്തപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, നയനിലപാടുകളിലെ വൈരുധ്യങ്ങളും നേതാക്കളുടെ ജീവിതശൈലിയും പാര്‍ട്ടി പിളര്‍പ്പുമെല്ലാം അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് അകറ്റി.
ഈ അവസരത്തിലാണ്, പാര്‍ട്ടിയിലും ബീഡിത്തെറുപ്പിലും തന്റെ സഹപ്രവര്‍ത്തകനായിരുന്ന, പിന്നീട് ഇസ്‌ലാമിക പ്രവര്‍ത്തകനായി മാറിയ റോഡുവിളയിലെ മുസ്തഫാ സാഹിബ് ബന്ധപ്പെടുന്നതും പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതും. അദ്ദേഹം നല്‍കിയ 'യാഥാര്‍ഥ്യാന്വേഷണം' (വഹീദുദ്ദീന്‍ ഖാന്‍) എന്ന പുസ്തകം ഹകീം സാഹിബിന്റെ ചിന്തകളെ  മാറ്റിമറിച്ചു. തുടര്‍ന്ന് കൊച്ചിക്കാരന്‍ സി.കെ കോയ സാഹിബുമായുള്ള ബന്ധവും കെ.ടി അബ്ദുര്‍റഹീം സാഹിബിന്റെ ക്ലാസ്സുകളും അദ്ദേഹത്തെ സജീവ ജമാഅത്തുകാരനാക്കി. നാട്ടിലും വീട്ടിലും മതബോധമോ, മതപഠന സൗകര്യമോ ഇല്ലാത്ത ചുറ്റുപാടില്‍ വളര്‍ന്ന അദ്ദേഹം, ഇസ്‌ലാമിനെ അറിഞ്ഞതും നമസ്‌കാരം, നോമ്പ് തുടങ്ങിയവ അനുഷ്ഠിക്കാന്‍ തുടങ്ങിയതും ജമാഅത്തില്‍ വന്നതിനു ശേഷമായിരുന്നു.
തുടര്‍ന്ന്, കുറേ യുവാക്കളെ ഉള്‍പ്പെടുത്തി ഒരു സ്റ്റഡി സര്‍ക്കിള്‍ രൂപീകരിച്ചുകൊണ്ട് നാട്ടില്‍ പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ചു. പണ്ഡിതന്മാരുടെ അഭാവത്തില്‍ അദ്ദേഹം തന്നെയാണ് ക്ലാസുകളെടുത്തത്. പുസ്തകവായനയിലൂടെ നേടിയ അറിവാണ് അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത്. ക്ലാസുകള്‍ സംസ്‌കരണപരവും  ആകര്‍ഷകവുമായിരുന്നു.
കച്ചവടാവശ്യാര്‍ഥം ദീര്‍ഘകാലം കുളത്തൂപ്പുഴയില്‍ താമസിച്ചു. അവിടെ ബീഡിത്തെറുപ്പുകാരെ സംഘടിപ്പിച്ചു. വ്യാപകമായി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊല്ലം ജില്ലയിലെ നാലാമത്തെ ജമാഅത്ത് ഘടകം രൂപീകരിച്ചു. മുസ്‌ലിം അസോസിയേഷന്‍ എന്ന പേരില്‍ ഒരു പൊതുവേദി രൂപീകരിച്ചു. മഹല്ല്പള്ളിയുമായി സഹകരിച്ച് സംഘടിത സകാത്ത്, ഫിത്വ്ര്‍ സകാത്ത്, ഉദ്ഹിയ്യത്ത് എന്നിവ നടപ്പിലാക്കി. അവിടെ ഒരു ഇസ്‌ലാമിക് സെന്ററും മദ്‌റസയും പള്ളിയും സ്ഥാപിക്കുന്നതില്‍ പങ്ക് വഹിച്ചു. സന്ദര്‍ശാനാര്‍ഥം എത്തുന്ന പ്രസ്ഥാന നേതാക്കള്‍ക്ക് മഹല്ല് പള്ളിയില്‍ പ്രസംഗിക്കാന്‍ അവസരമൊരുക്കി. ദീര്‍ഘകാലം മഹല്ല് പ്രസിഡന്റായിരുന്ന മീരാ സാഹിബ് ലബ്ബയുമായുള്ള ബന്ധം ഇതിനൊക്കെ സഹായകമായി.
നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ജമാഅത്ത് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് കൊല്ലം ഉമയനല്ലൂര്‍ കോംപ്ലക്‌സില്‍ ജോലിയില്‍ പ്രവേശിച്ചു. താമസം കൊല്ലത്തേക്ക് മാറ്റുകയും ചെയ്തു. കോംപ്ലക്‌സിലെ അനാഥ കുട്ടികള്‍ക്ക് എല്ലാമെല്ലാമായിരുന്നു അദ്ദേഹം. കൊല്ലൂര്‍വിള ഹല്‍ഖാ നാസിം, ജമാഅത്ത് ജില്ലാസമിതിയംഗം, പ്രബോധനം ഏജന്റ് തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.
പ്രായഭേദമന്യേ എല്ലാവരോടും ആദരവോടും സ്‌നേഹത്തോടും പെരുമാറി. പ്രയാസപ്പെടുന്നവര്‍ക്ക് അദ്ദേഹത്തിന്റെ സാമീപ്യം ആശ്വാസമായിരുന്നു. സൗമ്യവും മിതവുമായ സംഭാഷണം, യോഗങ്ങളിലെ സമയനിഷ്ഠ, ഭംഗിയുള്ള കൈയക്ഷരം ഇവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. സഞ്ചരിക്കുന്ന ഒരു ഇസ്‌ലാമിക പ്രസ്ഥാനമായിരുന്നു അദ്ദേഹം. പലതരം രോഗങ്ങളാല്‍ അവശതയില്‍ പെട്ടപ്പോഴും പ്രസ്ഥാന യോഗങ്ങളില്‍ നിഷ്ഠയോടെ പങ്കെടുത്തിരുന്നു (അബ്ദുല്‍ ഹകീം സാഹിബുമായുള്ള വിശദമായ അഭിമുഖം പ്രബോധനം 2007 ആഗസ്റ്റ് 11,18,25 ലക്കങ്ങളില്‍ വന്നിട്ടുണ്ട്).
ഭാര്യ: റംലാ ബീവി, മകന്‍: സിയാദ്, മരുമകള്‍ ബിസ്മി എല്ലാവരും പ്രസ്ഥാന പ്രവര്‍ത്തകരാണ്.

 

 

വി.കെ അബ്ദുല്ലക്കുട്ടി

വായന തപസ്യയാക്കി മാറ്റിയ വിജ്ഞാനപ്രേമിയായിരുന്നു നവംബര്‍ 30-ന് നിര്യാതനായ കരിങ്കല്ലത്താണി പൂവത്താണിയിലെ വള്ളൂര്‍ക്കാവില്‍ അബ്ദുല്ലക്കുട്ടി (78). നിരന്തര വായന മലയാളത്തിനു പുറമെ ഇംഗ്ലീഷ്, കന്നട, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ പ്രാപ്തനാക്കി. ചരിത്രം, മതം, രാഷ്ട്രീയം തുടങ്ങി പലതരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ അക്കൂട്ടത്തിലുണ്ടാവും. പുതുതായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നതിലും സ്വന്തമായി വാങ്ങി സൂക്ഷിക്കുന്നതിലും പ്രത്യേകം താല്‍പര്യം കാണിച്ചു. അതുകൊണ്ടുതന്നെ വലിയൊരു പുസ്തക ശേഖരത്തിന്റെ ഉടമയുമായിരുന്നു. പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുകളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. ഏറ്റവും അവസാനമായി പങ്കെടുത്തത് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ഒ. അബ്ദുര്‍റഹ്മാന്റെ 'ജീവിതാക്ഷരങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു.
മണ്ണാര്‍ക്കാട്ട് പഴയകാല ഹാര്‍ഡ്‌വെയര്‍ വ്യാപാരിയായിരുന്നു അബ്ദുല്ലക്കുട്ടി. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് പ്രസിഡന്റായിരുന്നു. കര്‍ണാടകയിലെ കോലാപൂരിലും ബിസിനസ് നടത്തിയിരുന്നു.
മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി മണ്ണാര്‍ക്കാട് ഇര്‍ഷാദ് എജുക്കേഷ്‌നല്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപിച്ചപ്പോള്‍ അബ്ദുല്ലക്കുട്ടി അതിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇര്‍ഷാദ് ഹൈസ്‌കൂള്‍ സ്ഥാപിച്ചപ്പോള്‍ അതിന്റെ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കരിങ്കല്ലത്താണി ഇസ്‌ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റ്, തിരുവാഴാംകുന്ന് ഇസ്‌ലാമിക് ട്രസ്റ്റ് എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. കുറെക്കാലം ജമാഅത്തെ ഇസ്‌ലാമി ഹല്‍ഖാ നാസിമുമായിരുന്നു. ദഅ്‌വാ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ഔത്സുക്യം പ്രകടിപ്പിച്ചു. സമ്മേളനങ്ങളിലും സെമിനാറുകളിലും ചര്‍ച്ചാ യോഗങ്ങളിലുമൊക്കെ സജീവ പങ്കാളിയായിരുന്നു. ജാതി-മത-കക്ഷി ഭേദമന്യേ എല്ലാവരുമായും സൗഹൃദ ബന്ധം സ്ഥാപിക്കുന്നതില്‍ മാതൃകാപരമായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍.
ഭാര്യ: ഖദീജ. മക്കള്‍: ഉമ്മു ഹബീബ, മുഹമ്മദ് ഇഖ്ബാല്‍ (ജിദ്ദ), മുജീബുര്‍റഹ്്മാന്‍ (യു.എ.ഇ), തസ്‌നീമ, മുഹമ്മദ് റിയാസ് (ജിദ്ദ), നജാത്തുല്ല സിദ്ദീഖ് (യു.എ.ഇ), ജലീസ (ബി.ഡി.ഒ മങ്കട), മുഹമ്മദ് നബ്ഹാന്‍ (മര്‍ച്ചന്റ് നേവി), പരേതയായ ഉമ്മുസല്‍മ.

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്

 

 

അബ്ദുല്‍ഹകീം

പ്രബോധനം  പ്രസ്സിലെ ആദ്യകാല ജീവനക്കാരനായിരുന്നു അബ്ദുല്‍ ഹകീം. വാഴക്കാട് മുണ്ടുമുഴി സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി ഈസ്റ്റ് വെള്ളിമാടുകുന്നിലായിരുന്നു സ്ഥിരതാമസം. പ്രബോധനം പ്രസ്സ് പ്രവര്‍ത്തനം നിര്‍ത്തിയശേഷം മാധ്യമത്തില്‍ സെക്യൂരിറ്റി സ്റ്റാഫായി ജോലിചെയ്തു. കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ജോലിസ്ഥലത്തും നാട്ടിലും നിശ്ശബ്ദ സാന്നിധ്യമായിരുന്നു ഹകീംക്ക. സ്വന്തം പ്രയാസങ്ങള്‍ മറച്ചുവെച്ച് മറ്റുള്ളവരുടെ സങ്കടങ്ങള്‍ പരിഹരിക്കാന്‍ എന്തുണ്ട് മാര്‍ഗമെന്ന് ചിന്തിച്ചു നടന്ന സാധു മനുഷ്യന്‍ എന്നാണ് ഒറ്റവാക്കില്‍ അദ്ദേഹത്തെപ്പറ്റി പറയാന്‍ കഴിയുക. പതിഞ്ഞ ശബ്ദത്തിലുള്ള ചെറിയൊരു വാക്കിലോ സൂചനയിലോ ഒതുങ്ങുന്നതായിരിക്കും മിക്കവാറും അദ്ദേഹത്തിന്റെ സേവനമെങ്കിലും അത് ലഭിക്കുന്നവര്‍ക്കത് നിസ്സാരമായ ആശ്വാസമായിരിക്കില്ല. തന്നാലാവുന്ന നന്മകള്‍ എഴുതിച്ചേര്‍ത്തും ആര്‍ക്കും അലോസരമുണ്ടാക്കാതെയും കര്‍മലോകത്തുനിന്ന് വിടവാങ്ങിയ അദ്ദേഹത്തിന്റെ അന്ത്യം പ്രബോധനം കോമ്പൗണ്ടിലെ പള്ളിയില്‍ വെച്ച് ളുഹ്‌റ് നമസ്‌കരിച്ചുകൊണ്ടിരിക്കെയായിരുന്നു. മയ്യിത്ത് നമസ്‌കാരത്തിനുമുമ്പ് വെള്ളിമാടുകുന്ന് പള്ളിയിലെ ഇമാം സ്മരിച്ചതും പറഞ്ഞതും ഹകീംക്കയുടെ അച്ചടക്കമുള്ള പെരുമാറ്റത്തെക്കുറിച്ചും എല്ലാ ജനങ്ങളോടുമുള്ള സ്‌നേഹത്തെക്കുറിച്ചും തന്നെയായിരുന്നു.
ഭാര്യ: ഖദീയ എടയൂര്‍. മക്കള്‍: ആരിഫ് നിഷാദ്, മുഹമ്മദ് ഇര്‍ഷാദ്, അസ്മ ഷാഹിദ, മുര്‍ഷിദ.

സി.പി ജൗഹര്‍
 


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (58-59)
ടി.കെ ഉബൈദ്‌