Prabodhanm Weekly

Pages

Search

2020 ജനുവരി 03

3133

1441 ജമാദുല്‍ അവ്വല്‍ 07

പ്രായോഗിക രാഷ്ട്രീയവും പ്രവാചക മാതൃകയും

ഡോ. സഅ്ദുദ്ദീന്‍ ഉസ്മാനി

അറബ്-ഇസ്‌ലാമിക നാടുകളിലെ സാമൂഹിക പരിഷ്‌കരണങ്ങളെക്കുറിച്ച പഠനം, അവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക സ്ഥിതിഗതികളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നവരെ സംബന്ധിച്ചേടത്തോളം പുതുമയുള്ളതും കൗതുകകരവുമാണ്. ഇസ്‌ലാമിലെ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ളതാണെങ്കിലും, അതിന്റെ പ്രകൃതം, അടിസ്ഥാന തത്ത്വങ്ങള്‍ എന്നിവയെ കുറിച്ചാണെങ്കിലും ആ പഠനങ്ങളുടെയൊക്കെ പ്രാധാന്യം വര്‍ധിക്കുകയേയുള്ളൂ. മാത്രവുമല്ല, ഇസ്‌ലാമിക രാഷ്ട്രീയത്തിന് വൈജ്ഞാനികവും രീതിശാസ്ത്രപരവുമായ വശത്തു നിന്നു കൊണ്ട് അതിന്റെ പ്രയോഗരീതി വികസിപ്പിച്ചെടുക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണ്. അതാകട്ടെ ഇസ്‌ലാമിക നിയമത്തിന്റെ ബലവത്തായ അടിത്തറയിലും ലക്ഷ്യത്തിലും ഊന്നി വേണം താനും. സമകാലിക ലോകത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ മുന്നേറ്റങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുന്നതിന് ഇത്തരം ശ്രമങ്ങള്‍ അനിവാര്യമാണ്.
ഇത് സാധ്യമാക്കാന്‍ നേതാവെന്ന നിലക്കുള്ള പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ രീതിശാസ്ത്രപരമായ അടിത്തറ(ങലവേീറീഹീഴശരമഹ ആമശെ)െയായി ഞാന്‍ സ്വീകരിച്ചു. പണ്ഡിതന്മാര്‍ അതിനെ എങ്ങനെ സമീപിച്ചു എന്നതും ഞാന്‍ പഠനവിധേയമാക്കി. സമകാലീന മുസ്‌ലിം രാഷ്ട്രീയ പരീക്ഷണങ്ങളുടെ വികാസത്തിന് വെളിച്ചം വീശുന്ന വ്യവസ്ഥാപിതമായ അടിസ്ഥാനമാണിത്. ഇതാകട്ടെ നമുക്കിടയില്‍ മതിയായ അളവില്‍ പ്രാധാന്യം ലഭിക്കാതെ പോയ വശവുമാണ്. ചരിത്രാനുഭവങ്ങളുടെ തടവറയില്‍നിന്ന് നമ്മെയിത് മോചിപ്പിക്കും. സമകാലീന മനുഷ്യാനുഭവങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് തടസ്സമാകുന്ന നമ്മുടെ പൂര്‍വകാല അവസ്ഥകളെ തിരിച്ചറിയാനും ഇത് സഹായകമാവും.
ഈ ചര്‍ച്ചയില്‍ മുന്‍ഗണനയര്‍ഹിക്കുന്ന പ്രശ്‌നങ്ങളും വിഷയങ്ങളും നിര്‍ണയിക്കല്‍ വളരെ പ്രധാനമാണ്. അതിനെ ഇപ്രകാരം ക്രമീകരിക്കാം: 
ഒന്ന്, ലോകത്തിന്റെ വ്യത്യസ്ത മേഖലകളിലും വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി ഏകോന്മുഖമായ സമീപനങ്ങളല്ല സ്വീകരിച്ചിട്ടുള്ളത്. ശാസ്ത്രീയമോ വസ്തുനിഷ്ഠമോ ആയ തെളിവുകളുടെ പിന്‍ബലമില്ലാതെ, ഒറ്റപ്പെട്ടവയെ സാമാന്യവത്കരിച്ചുകൊണ്ട് ചിലര്‍ നടത്തുന്ന നിരീക്ഷണങ്ങളുമല്ല ഈ വൈവിധ്യങ്ങള്‍ക്ക് കാരണം. വ്യത്യസ്ത ചിന്താധാരകളെ ആധാരമാക്കുന്നതിനാലാണ് വൈരുധ്യമെന്ന് തോന്നാവുന്ന വിധം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ദൃശ്യമാകുന്ന ഈ വൈവിധ്യം. ഈ വൈവിധ്യം ഒരു മോശം പ്രവണതയല്ല, നിഷേധാത്മകമായി അതിനെ വിലയിരുത്തേണ്ടതുമില്ല. ഇതാണ് പ്രാഥമികമായി ചര്‍ച്ച ചെയ്യണമെന്ന് കരുതുന്നത്.
രണ്ട്, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പൊതു പ്രവണത, സന്തുലിതവും മിതവുമായ ചിന്താധാരകള്‍ക്ക് രൂപം നല്‍കുന്നു എന്നതാണ്. നവോത്ഥാനവും പരിഷ്‌കരണവും സൃഷ്ടിക്കാന്‍ ഇവക്ക് സാധ്യമായി. ഇതിനായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സൃഷ്ടിപരവും നിയമാനുസൃതവുമായ മാര്‍ഗമാണ് അവലംബിച്ചത്. കാര്‍ക്കശ്യവും സംഘര്‍ഷവും രണോത്സുക ശൈലിയുമൊക്കെ ഒഴിവാക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചതും എടുത്തു പറയേണ്ടതാണ്.
മൂന്ന്, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്ന സാമൂഹിക പരിഷ്‌കരണം സവിശേഷമാണ്. ദീര്‍ഘവീക്ഷണമുള്ളതും ക്രമപ്രവൃദ്ധവുമായ പ്രവര്‍ത്തന രീതിയാണ് പരിഷ്‌കരണത്തിന് ഈ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. തിടുക്കവും ധൃതിയും ഒരു രംഗത്തും ഈ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്നില്ല. പരിഷ്‌കരണവും മാറ്റവും വളരെ വേഗത്തിലാകുമെന്ന മിഥ്യാധാരണയും അവക്കില്ല. ഇതിനു വിരുദ്ധമായ ശൈലി സ്വീകരിച്ച ഇടതുപക്ഷ, ദേശീയവാദ, ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങളൊക്കെ വഴിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
നാല്, രാഷ്ട്രീയ പരിഷ്‌കരണത്തിനും സാമൂഹിക മാറ്റത്തിനും നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി നേരിട്ട നിരവധി പ്രശ്‌നങ്ങളും അതിനോട് പാര്‍ട്ടി കൈക്കൊണ്ട സമീപനങ്ങളും ഒപ്പം ചര്‍ച്ച ചെയ്യണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

പ്രവര്‍ത്തനങ്ങളിലെ വൈവിധ്യം: പ്രവാചക മാതൃക

പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ ഒറ്റ രീതിയില്‍ മനസ്സിലാക്കുകയും ഏക അളവുകോല്‍ കൊണ്ട് വിലയിരുത്തുകയും എല്ലാം പിന്തുടരല്‍ നിര്‍ബന്ധമായ വഹ്‌യിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് കരുതുകയും ചെയ്യുന്നവരുണ്ട്. ഈ വീക്ഷണഗതിയുടെ അപാകതകള്‍ ധാരാളം പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രവാചകന്റെ ജീവിതത്തോടുള്ള ഒരുതരം വരണ്ട സമീപനമാണ് ഇതെന്നാണ് അവരുടെ പക്ഷം. നിരവധി പേര്‍ പ്രവാചകന്റെ നടപടിക്രമങ്ങളെ ഈ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അബൂ മുഹമ്മദു ബ്‌നു ഖുതൈബത്തു ദൈനൂരിയുടെ (മരണം ഹി. 276) 'തഅ്‌വീലു മുഖ്തലഫില്‍ ഹദീസ്' എന്ന കൃതിയിലും ഖാദി ഇയാദുല്‍ യഹ്‌സ്വബി (മരണം ഹി. 544)യുടെ അശ്ശിഫാ ബിതഅ്‌രീഫി ഹുഖൂഖില്‍ മുസ്ത്വഫായിലും ഇബ്‌നു ഖയ്യിമില്‍ ജൗസി(മരണം ഹി. 751)യുടെ നിരവധി കൃതികളിലും ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി(മരണം ഹി. 1176)യുടെ  ഹുജ്ജത്തുല്ലാഹില്‍ ബാലിഗയിലും ഈ വിഷയം സവിസ്തരം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ആധുനിക പണ്ഡിതന്മാരില്‍ ഈ വിഷയം അപഗ്രഥിച്ചവരില്‍ പ്രമുഖനാണ് ശൈഖ് മുഹമ്മദ് ത്വാഹിറു ബ്‌നു ആശൂര്‍ (മരണം ഹി. 1393). തന്റെ 'മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ' എന്ന കൃതിയില്‍ ഈ വിഷയം അദ്ദേഹം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രമുഖ ഉസ്വൂലീ പണ്ഡിതനായ ശിഹാബുദ്ദീന്‍ അല്‍ ഖറാഫി (മരണം ഹി. 684)യാണ് ഈ വിഷയത്തില്‍ വിശദവും സമഗ്രവുമായ പഠനം നടത്തിയത്. അദ്ദേഹത്തിന്റെ ഫിഖ്ഹ് വിജ്ഞാനകോശം തല്‍വിഷയകമായ കനപ്പെട്ട റഫറന്‍സാണ്. അദ്ദേഹത്തിന്റെ തന്നെ 'അല്‍ ഇഹ്കാം ഫീ തംയീസില്‍ ഫതാവാ അനില്‍ അഹ്കാമി വതസ്വര്‍റുഫാതില്‍ ഖാദി വല്‍ ഇമാം' എന്ന കൃതി ഈ വിഷയം സവിശേഷമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ രണ്ടായി തരം തിരിക്കാനാവുമെന്ന് ഈ കനപ്പെട്ട വൈജ്ഞാനിക ശേഖരങ്ങളെ മുന്‍നിര്‍ത്തി നമുക്ക് പറയാന്‍ സാധിക്കും: ഒന്ന്, നിയമപരമായി ഇസ്‌ലാമിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഇതാണ് സുന്നത്ത്. രണ്ട്, നിയമപരമായ അടിത്തറയായി വര്‍ത്തിക്കാത്ത പ്രവര്‍ത്തനങ്ങള്‍. ഇത് സുന്നത്തിന്റെ പരിധിയില്‍ വരില്ല. ഇവ അല്‍പം വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്. 

ഒന്ന്, തസ്വര്‍റുഫാത് തശ്‌രീഇയ്യ (നിയമപ്രാബല്യമുള്ള നടപടികള്‍)

ജനങ്ങള്‍ പിന്തുടരണമെന്ന ഉദ്ദേശ്യത്തോടെ പ്രവാചകന്‍ ചെയ്യുന്ന കാര്യങ്ങളാണ് നിയമപരമായ പ്രാബല്യമുള്ള ഒന്നാമത്തെ ഇനം പ്രവാചക നടപടികള്‍. ഇത് രണ്ടു വിധമുണ്ട്. പൊതു നിയമങ്ങള്‍ക്ക് അടിത്തറയാകുന്ന പ്രവര്‍ത്തനങ്ങളാണ് ഒന്ന്. അന്ത്യനാള്‍ വരേക്കും ഇസ്‌ലാമിക സമൂഹത്തിനുള്ള മാര്‍ഗദര്‍ശനമാണിത്. ഇതിനെ വീണ്ടും രണ്ടായി തരംതിരിക്കാം:
ഒന്ന്, പ്രവാചകന്‍ എത്തിച്ചുതന്നവ. മാര്‍ഗദര്‍ശനവും നിയമവും എന്ന നിലക്ക് പ്രവാചകന്‍ അല്ലാഹുവില്‍നിന്ന് എത്തിച്ചുതന്ന കാര്യങ്ങളാണിത്. എല്ലാ നിലക്കും വഹ്‌യിന്റെ സ്ഥാനമാണിതിനുള്ളത്. ഒരു സന്ദര്‍ഭത്തിലും സ്വന്തം നിലക്ക് ഇതില്‍ എന്തെങ്കിലും മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ പ്രവാചകന് സാധിക്കുകയില്ല. ഇത് എത്തിച്ചുതരുന്ന കാര്യത്തില്‍ പ്രവാചകന് ഒട്ടും വീഴ്ചയും സംഭവിക്കുകയില്ല. അത് പ്രവാചകദൗത്യത്തിന്റെ പ്രകൃതത്തിന് വിരുദ്ധവുമാണ്. ഈ ഇനത്തിലാണ് അഞ്ചു നേരത്തെ നമസ്‌കാരങ്ങളും മറ്റു മുഴുവന്‍ ആരാധനകളും വരിക.
രണ്ട്, പ്രവാചകന്റെ വിധികള്‍ അഥവാ ഫത്‌വകള്‍. പ്രവാചകന്‍ പുറപ്പെടുവിക്കുന്ന മതവിധികളാണ് ഉദ്ദേശ്യം. ഇതും മുസ്‌ലിം സമൂഹത്തിന് പൊതുവായി ബാധകമാകുന്ന നിയമമാണ്. കാരണം ഇത്തരം ഫത്‌വകള്‍ നിയമത്തിന്റെ അനുബന്ധമോ വിശദാംശമോ ആയിരിക്കും. ഇത് ചിലപ്പോള്‍ വഹ്‌യിന്റെ അടിസ്ഥാനത്തിലും മറ്റു ചിലപ്പോള്‍ പ്രവാചകന്റെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലും ആയിരിക്കും. വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് ഇജ്തിഹാദ് നടക്കുന്നതും. ഇവയെല്ലാം പൊതു നിയമങ്ങളാണെങ്കില്‍ രണ്ടാമത്തെ ഇനം നിയമങ്ങള്‍ പൊതുവല്ലാത്തത് ആണ്. ഖാസ്വ് എന്നാണ് ഇതിനെ പറയുന്നത്.
കാല, ദേശ അവസ്ഥകളെ മുന്‍നിര്‍ത്തിയും വ്യക്തികളെ പരിഗണിച്ചുമുള്ള നിയമങ്ങള്‍ സമൂഹത്തിന് മുഴുവന്‍ ബാധകമാകുന്ന പൊതുവായ നിയമമോ വിധിയോ ആവുകയില്ല. ആര്‍ക്കു വേണ്ടിയാണോ പ്രവാചകന്‍ ആ നിയമങ്ങള്‍ ആവിഷ്‌കരിച്ചത് അവര്‍ക്ക് മാത്രം ബാധകമായതാണവ. മറ്റുള്ളവര്‍ക്കത് ബാധകമാവുകയില്ല. ജുസ്ഇയ്യ് അഥവാ ഭാഗികം, ഖാസ്സ്വ് അഥവാ പൊതുവല്ലാത്തത് എന്നൊക്കെ ഇത്തരം നിയമങ്ങളെ വിശേഷിപ്പിക്കാം. ഇതിനും രണ്ട് തലങ്ങളുണ്ട്:
ഒന്ന്, ഖദാഅ് അഥവാ വിധിപ്രസ്താവനകള്‍. ഒരു ന്യായാധിപന്‍ എന്ന നിലക്ക് രണ്ടു കക്ഷികള്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് പ്രവാചകന്‍ പുറപ്പെടുവിക്കുന്ന വിധിപ്രസ്താവനകളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ആ കക്ഷികള്‍ക്കു മാത്രമാണ് ഇത് ബാധകമാവുക. മറ്റുള്ളവര്‍ക്ക് ഇത് ബാധകമാവുകയില്ല. അപ്രകാരം തന്നെ പ്രവാചകനല്ലാത്ത ന്യായാധിപന്മാര്‍ക്ക് സമാനമായ സംഭവങ്ങളില്‍ വിഷയങ്ങള്‍ പഠിച്ചു മനസ്സിലാക്കി വിധി പ്രസ്താവിക്കുന്നതിന് ഇത് തടസ്സമാവുകയുമില്ല. ഇത്തരം നടപടികളിലൂടെ പ്രവാചകന്‍ നടത്തിയ വിധികള്‍ പൊതുവായ വിധിയുമല്ല. ഉമ്മുസലമ (റ) റിപ്പോര്‍ട്ട് ചെയ്ത പ്രവാചക വചനമാണ് ഇതിന്റെ തെളിവ്.
പ്രവാചകന്‍ പറഞ്ഞു: ''നിങ്ങള്‍ എന്റെ അടുക്കല്‍ വന്ന് വാദങ്ങള്‍ ഉന്നയിക്കുന്നു, തര്‍ക്കിക്കുന്നു. ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരേക്കാള്‍ വാചാലരും തങ്ങളുടെ വാദം മനോഹരമായി അവതരിപ്പിക്കാന്‍ കഴിവുള്ളവരുമാകാം. ഞാന്‍ കേട്ടതിന്റെ അടിസ്ഥാനത്തില്‍ ആ വിഷയത്തില്‍ ഒരു തീര്‍പ്പിലെത്തിച്ചേരും; വിധി പ്രസ്താവിക്കും. അതുവഴി തന്റെ സഹോദരന്റെ അവകാശമാണ് ഞാനയാള്‍ക്ക് വിധിച്ചുനല്‍കുന്നതെങ്കില്‍ അയാള്‍ ഒരിക്കലും അത് സ്വീകരിക്കരുത്. കാരണം അപ്പോള്‍ ഞാന്‍ അയാള്‍ക്ക് മുറിച്ചു നല്‍കുന്നത് നരകത്തിന്റെ ഒരു കഷ്ണമായിരിക്കും'' (ബുഖാരി).
ഈ ഹദീസ്, ന്യായാധിപന്‍ എന്ന നിലക്കുള്ള പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ വഹ്‌യ് അല്ല എന്നതിന്റെ തെളിവാണ്. തെറ്റും ശരിയും സംഭവിക്കാവുന്ന ഗവേഷണമാണിത്. 'കിതാബുല്‍ ഉമ്മി'ല്‍ ഇമാം ശാഫിഈ ഈ വിഷയകമായി ആഴത്തിലുള്ള തെളിവുകള്‍ സമര്‍പ്പിക്കുന്ന ആദ്യ പണ്ഡിതനാണ്. അദ്ദേഹം പറയുന്നു: ''തങ്ങള്‍ക്ക് മനസ്സിലായ കാര്യങ്ങള്‍ മുന്നില്‍ വെച്ച് വിധിന്യായങ്ങള്‍ നടത്താന്‍ പ്രവാചകന്‍ (സ) ജനങ്ങളെ പഠിപ്പിച്ചുകൊടുക്കുകയാണ് ഇതിലൂടെ. തങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ അല്ലാഹു ഏറ്റെടുക്കും. മുസ്‌ലിംകള്‍ ഈ രീതിയാണ് മാതൃകയായി സ്വീകരിക്കേണ്ടത്. പ്രകടമായ തെളിവുകളെ ആധാരമാക്കി അവര്‍ വിധി പ്രസ്താവിക്കട്ടെ.'' തുടര്‍ന്ന് അദ്ദേഹം തന്നെ പറയുന്നത് വിധിപ്രസ്താവനകള്‍ 'വഹ്‌യി'നെ അടിസ്ഥാനമാക്കിയാണ് നടത്തേണ്ടതെന്നു വരികില്‍, നബി(സ)ക്കു ശേഷം ആര്‍ക്കും വിധിപ്രസ്താവനകള്‍ പുറപ്പെടുവിക്കാനാവുകയില്ല. കാരണം നബി(സ)ക്കു ശേഷം ആര്‍ക്കും ആന്തരിക ജ്ഞാനം ഇല്ലല്ലോ!1

രണ്ട്, തസ്വര്‍റുഫാത് ബില്‍ ഇമാമ (വ്യവഹാരങ്ങള്‍, നേതാവെന്ന നിലക്ക്)
ഈ വിഷയത്തിലെ രണ്ടാമത്തെ ഇനം, ഒരു നേതാവ് എന്ന നിലക്കുള്ള പ്രവാചകന്റെ പ്രവര്‍ത്തനങ്ങളാണ്. മുസ്‌ലിംകളുടെ നായകന്‍, രാഷ്ട്രത്തലവന്‍, പൊതു വ്യവഹാരങ്ങളില്‍ ഇടപെടുന്ന പൊതു പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാമുള്ള പ്രവാചകന്റെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും പ്രവാചകന്റെ നടപടിക്രമങ്ങളും തീരുമാനങ്ങളും ഈ ഇനത്തിലാണ് വരിക. ഇത് കൂടുതല്‍ വിശദമാക്കേണ്ട വിഷയമാണ്.

മൂന്ന്, തസ്വര്‍റുഫാത് ഖാസ്സ്വ (പ്രത്യേക വ്യവഹാരങ്ങള്‍)

നബി(സ)യില്‍നിന്ന് ചില പ്രത്യേക വ്യക്തികള്‍ക്കു വേണ്ടി ഉണ്ടായ നിയമപരമായ ഇടപെടലുകളാണ് ഇത്. പൊതുനിയമങ്ങള്‍ക്ക് ചേരാത്തതാകും ചിലപ്പോള്‍ ഇവ. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ ഇതു സംബന്ധമായി വളരെയേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ പ്രസ്താവിച്ച രണ്ടാമത്തെ ഇനം നടപടികളാണ് ഇനി ചര്‍ച്ച ചെയ്യുന്നത്. അഥവാ 'തസ്വര്‍റുഫാത് ഗൈര്‍ ശര്‍ഇയ്യ'  (നിയമസംബന്ധിയല്ലാത്ത പ്രവര്‍ത്തനങ്ങള്‍). ഇതിനെ അഞ്ചായി തരംതിരിക്കാം:
ഒന്ന്, ജബലിയ്യായ നടപടികള്‍. അതായത് തനി മനുഷ്യന്‍ എന്ന നിലക്ക് പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളുമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. 
രണ്ട്, സാധാരണ ശീലങ്ങള്‍ അഥവ 'ആദിയ്യ'. തന്റെ ജനത്തിന്റെ ശീലങ്ങളുടെ ഭാഗമായി പ്രവാചകന്‍ ചെയ്ത കാര്യങ്ങളാണിത്. അന്നപാനീയങ്ങള്‍, വസ്ത്രധാരണം എന്നിവയെല്ലാം ഈ ഗണത്തിലാണ് വരിക. വിവാഹം, പ്രസവം, മരണം പോലെയുള്ള അവസരങ്ങളില്‍ നാട്ടാചാരങ്ങളായ ചിലത് നബിയും ചെയ്തിരുന്നു. അപ്രകാരം ജീവിതത്തിന്റെ മറ്റു സന്ദര്‍ഭങ്ങളിലും. ഇതൊന്നും മതനിയമങ്ങളായി പരിഗണിക്കേണ്ടവയല്ല.
മൂന്ന്, ഭൗതിക കാര്യങ്ങള്‍. കൃഷി, നിര്‍മാണം, ചികിത്സ തുടങ്ങിയ മേഖലകളില്‍ മനുഷ്യര്‍ തങ്ങളുടെ അധ്വാനം കൊണ്ടും നിരന്തരമായ പരിശീലനം കൊണ്ടും ആര്‍ജിച്ച കഴിവുകളാണ് ഇതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഈ രംഗങ്ങളിലുള്ള പ്രവാചക കര്‍മങ്ങളും സുന്നത്തിന്റെ പരിഗണനയില്‍ വരില്ല. ഇവയെല്ലാം മനുഷ്യന്റെ അറിവിനും പരിചയത്തിനും വിട്ടുനല്‍കിയിട്ടുള്ള കാര്യങ്ങളാണ്. വ്യത്യസ്ത പരമ്പരകളിലൂടെ ഇമാം മുസ്‌ലിം തന്റെ സ്വഹീഹിലും മറ്റും വിവരിച്ച സംഭവം ഇതിന്റെ മികച്ച ഉദാഹരണമാണ്. മൂസബ്‌നു ത്വല്‍ഹ തന്റെ പിതാവില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ഞാന്‍ നബിയോടൊപ്പം ഈന്തപ്പന കര്‍ഷകരായ ഒരു വിഭാഗമാളുകളുടെ അടുക്കലൂടെ നടക്കുകയായിരുന്നു. അവര്‍ പനയുടെ മുകളിലിരിക്കുന്നത് കാണാമായിരുന്നു. നബി ചോദിച്ചു: 'ഇവരെന്താണ് ചെയ്യുന്നത്?' അവര്‍ ചെടികളില്‍ കൃത്രിമ പരാഗണം നടത്തുകയാണെന്ന് മറുപടി കിട്ടി. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'ഇതവര്‍ക്ക് എന്തെങ്കിലും പ്രയോജനം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.' പ്രവാചകന്റെ ഈ അഭിപ്രായം കര്‍ഷകര്‍ അറിഞ്ഞു. അവര്‍ ആ കാര്‍ഷിക രീതി ഉപേക്ഷിച്ചു. ഇതറിഞ്ഞ പ്രവാചകന്‍ പറഞ്ഞു: 'ഈ കൃഷിരീതി അവര്‍ക്കെന്തെങ്കിലും പ്രയോജനം നല്‍കുന്നുവെങ്കില്‍ അവരത് തുടരട്ടെ. ഞാനെന്റെ ഒരഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. എന്റെ ധാരണ മാത്രമാണത്. അത് നിങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നില്ല. ഞാന്‍ അല്ലാഹുവില്‍നിന്നെന്തെങ്കിലും നിങ്ങളോടുണര്‍ത്തിയാല്‍ അത് നിങ്ങള്‍ പ്രവര്‍ത്തിക്കണം. കാരണം, അല്ലാഹുവിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് കളവ് പറയുകയില്ല.'2
പ്രവാചകന്‍ അവരോട് പറഞ്ഞതായി റാഫിഉബ്‌നു ഖുദൈജ് പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: 'ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദീനിനെക്കുറിച്ച് ഞാനെന്തെങ്കിലും നിങ്ങളോട് കല്‍പിച്ചാല്‍ അത് നിങ്ങള്‍ സ്വീകരിക്കണം. എന്റെ അഭിപ്രായമായി ഞാനെന്തെങ്കിലും നിങ്ങളോട് പറഞ്ഞാല്‍; ഞാനൊരു മനുഷ്യന്‍ മാത്രമാണ്.' ആഇശയുടെയും അനസിന്റെയും ഹദീസില്‍ 'നിങ്ങളുടെ ദുന്‍യാവിന്റെ കാര്യങ്ങള്‍ ഏറ്റവും നന്നായി അറിയുന്നവന്‍ നിങ്ങള്‍ തന്നെയാണ്' എന്നാണ് പ്രവാചകന്‍ പറഞ്ഞത് എന്നും കാണാം.3
നാല്, പ്രവാചകന്റെ മാര്‍ഗനിര്‍ദേശം (ഇര്‍ശാദി). നിര്‍ബന്ധമോ ഐഛികമോ ഒന്നുമല്ല ഇവ. സ്വഹാബി വനിതയായ ബരീറയുടെ വിവാഹമോചന കാര്യത്തില്‍ പ്രവാചകന്റെ നടപടി ഇതിന്റെ മികച്ച ഉദാഹരണമാണ്. ഭര്‍ത്താവിനെ ഉപേക്ഷിച്ച ബരീറയോട്, അദ്ദേഹത്തെ തിരിച്ചെടുത്തുകൂടേ എന്ന് പ്രവാചകന്‍ ആരാഞ്ഞു. അപ്പോള്‍ അവര്‍ നബിയോട് ചോദിച്ചു: 'അങ്ങ് എന്നോട് കല്‍പിക്കുകയാണോ?' നബി പറഞ്ഞു: 'അല്ല, ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ.' അവര്‍ പറഞ്ഞു: 'എനിക്കയാളില്‍ ഒരാവശ്യവുമില്ല' (ബുഖാരി, കിതാബുത്ത്വലാഖ്). ഇതിലൂടെ ഇത്തരത്തിലുള്ള തന്റെ നടപടികള്‍ നിയമപരതയുള്ളതല്ല എന്ന് വ്യക്തമാക്കുകയാണ് നബി (സ). ദമ്പതികള്‍ക്കിടയിലെ അകല്‍ച്ചയില്‍ പ്രവാചകനുണ്ടായ മനോവിഷമമാണ് ഈ നടപടിയിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നത്.
അഞ്ച്, പ്രവാചകനു മാത്രം ബാധകമാകുന്നത്. മറ്റുള്ളവര്‍ക്ക് ബാധകമല്ലാത്തതും അവര്‍ തങ്ങളുടെ ജീവിതത്തില്‍ പിന്തുടരേണ്ടതില്ലാത്തതുമായ വിഭാഗത്തില്‍ വരുന്ന കാര്യമാണിത്.
ദീനീവിജ്ഞാനങ്ങളോടും ഹദീസുകളോടുമുള്ള സമീപനം എന്തായിരിക്കണമെന്ന് നിര്‍ണയിക്കുന്നതിലും ഈ പഠനത്തിന് ധാരാളം സംഭാവനകള്‍ നല്‍കാന്‍ കഴിയും. മിക്കവാറും മുസ്‌ലിംകള്‍ പ്രവാചകജീവിതത്തിലെ എല്ലാ നടപടികളെയും ഒരേ നിലക്കാണ് സമീപിക്കുന്നത്. പ്രമാണങ്ങളുടെ ഉള്ളറകളിലേക്കും ഭാഷാപരമായ അതിന്റെ അടിത്തറകളിലേക്കുള്ള കവാടം ഇങ്ങനെ കൊട്ടിയടക്കപ്പെടുകയും ചെയ്യും. സാഹചര്യങ്ങളോ മറ്റു സദൃശ കാര്യങ്ങളോ അവര്‍ ശ്രദ്ധിക്കുക പോലുമില്ല. ചില പ്രത്യേക സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും നബി (സ) ചെയ്ത കാര്യങ്ങളെ ആ സന്ദര്‍ഭം തീരെ പരിഗണിക്കാതെയാണ് അവര്‍ സമീപിക്കുക. പ്രവാചക നടപടികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെയും അവര്‍ പരിഗണനക്കെടുക്കുകയില്ല. തല്‍ഫലമായി, പ്രവാചക സുന്നത്ത് എന്നത് കേവല തത്ത്വങ്ങളും നിയമങ്ങളും മാത്രമായിപ്പോകുന്ന സ്ഥിതിവിശേഷമുണ്ട്. സംഭവലോകവുമായി അതിന് പ്രത്യേകിച്ചൊരു ബന്ധവുമില്ല എന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. മനുഷ്യപ്രകൃതവുമായോ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത ഏതോ ലോകത്ത് രൂപപ്പെട്ട നിയമങ്ങളാണ് സുന്നത്ത് എന്നു വന്നുചേരുന്നു!
പ്രവാചകചര്യയെ പലതായി വേര്‍തിരിച്ചതില്‍നിന്നും, തല്‍സംബന്ധമായി ഉസ്വൂലിന്റെ പണ്ഡിതന്മാര്‍ നടത്തിയ പഠനങ്ങളില്‍നിന്നും പ്രവാചക നടപടികളെല്ലാം പിന്തുടരല്‍ നിര്‍ബന്ധമായ സുന്നത്തല്ല എന്ന് മനസ്സിലാക്കാന്‍ കഴിയും. മനുഷ്യന്‍ എന്ന നിലയില്‍ പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളുമുണ്ട്. ദൈനംദിന ജീവിതവും രാഷ്ട്രീയ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട നിഗമനങ്ങളും ഉ്. ഇക്കാര്യങ്ങളാല്‍തന്നെ പ്രവാചകന്റെ പ്രവൃത്തികള്‍ തമ്മിലെ വ്യത്യാസം മനസ്സിലാക്കാനുള്ള അടിസ്ഥാന തത്ത്വം അറിയുക എന്നത് നിയമത്തിന്റെ അടിത്തറയായിട്ടാണ് ശിഹാബുദ്ദീന്‍ അല്‍ ഖറാഫി പരിഗണിച്ചിട്ടുള്ളത്. പ്രവാചക നടപടികളുടെ ഇനങ്ങള്‍ വിവരിക്കുകയും അവക്കിടയിലെ വ്യത്യാസങ്ങള്‍ വ്യക്തമാക്കുകയും ചെയ്ത ശേഷം ഖറാഫി പറയുന്നു: 'ഈ നിയമങ്ങളും പ്രവാചകന്റെ പ്രവൃത്തികളിലെ ഈ വ്യത്യാസങ്ങളും മനസ്സിലാക്കല്‍ ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍പെട്ടതാണ്.4
ഈ വിഷയത്തില്‍ ഇബ്‌നുല്‍ ഖയ്യിമില്‍ ജൗസിയ്യ സുപ്രധാനമായ ഒരു തത്ത്വം അവതരിപ്പിക്കുന്നുണ്ട്: 'ഭാഗികവും പ്രത്യേകവുമായ ഒന്നിനെ സംബന്ധിച്ച പ്രവാചകന്റെ വചനത്തെ സാമാന്യവും പൊതുവുമായി മനസ്സിലാക്കരുത്. ലക്ഷ്യത്തിനു വിരുദ്ധമായ തെറ്റിലേക്ക് അതുമൂലം എത്തിച്ചേരും.'5 

(തുടരും)


കുറിപ്പുകള്‍
1.    ഖറാഫിയുടെ അല്‍ ഇഹ്കാം ഫീ തംയീസില്‍ ഫതാവാ, പേ: 99-103
2.    തഫ്‌സീറുല്‍ മനാര്‍, മുഹമ്മദ് റശീദ് രിദാ, വാള്യം: 9/287
3.    'കിതാബുല്‍ ഫദാഇലി'ല്‍ ഇമാം മുസ്‌ലിം ഉദ്ധരിച്ചത്. 'കിതാബുല്‍ മുസാറഅ'യില്‍ ഈന്തപ്പനയുടെ പരാഗണം എന്ന അധ്യായത്തില്‍ ഇബ്‌നുമാജയും ഇത് നിവേദനം ചെയ്തിട്ടുണ്ട്.
4.    അല്‍ ഫുറൂഖ് 1/109
5.    സാദുല്‍ മആദ് 4/110

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (58-59)
ടി.കെ ഉബൈദ്‌