Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 27

3132

1441 റബീഉല്‍ ആഖിര്‍ 30

ഉസ്മാനികളുടെ ചരിത്രം 'മമാലികുന്നാര്‍' പറയും പോലെയല്ല

ഡോ. അലി മുഹമ്മദ് സ്വല്ലാബി

പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക, പ്രസംഗങ്ങള്‍ കേള്‍ക്കുക, കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുക തുടങ്ങിയവ മാത്രമല്ല ചരിത്ര പഠനത്തിനുള്ള വഴികള്‍. പുതിയ കാലത്ത് ടെലിവിഷന്‍ സീരിയലുകളും സാമൂഹിക മാധ്യമങ്ങളും ചരിത്ര ചിത്രീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍, 'മമാലികുന്നാര്‍' (Kingdoms of Fire)  എന്ന് പേരിട്ടിരിക്കുന്ന ടെലിവിഷന്‍ പരമ്പര ഉസ്മാനിയ ചരിത്രത്തെ വികലമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ ചിത്രീകരണ പരമ്പരയുടെ ശില്‍പികള്‍ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ്. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (അല്‍മാഇദ 8). ''നിങ്ങള്‍ സാക്ഷ്യം മറച്ചുവെക്കരുത്. ആര് അത് മറച്ചുവെക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു'' (അല്‍ബഖറ 283).
ആയതിനാല്‍, ഇസ്ലാമിക ചരിത്രം ശരിയായ വിധത്തില്‍ രേഖപ്പെടുത്തുകയെന്നത് മുസ്ലിം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. മിഥ്യാധാരണകളെയും അസത്യങ്ങളെയും പൊളിച്ചെഴുതിയുള്ള പ്രയാണമാണത്. പക്ഷേ, 'മമാലികുന്നാര്‍' എന്ന ചിത്രീകരണ പരമ്പര വികല ചരിത്രമാണ് സമൂഹത്തിന് നല്‍കുന്നത്. ഈ ലേഖനത്തില്‍, ഉസ്മാനിയ ഭരണകൂടത്തിന്റെ അറബ് നാടുകളിലേക്കുള്ള പ്രവേശവും, മംലൂകുകളുമായുള്ള (Mamluk Sultanate) ഏറ്റുമുട്ടലുമാണ് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്വഫവികള്‍ക്കെതിരില്‍ ഇറാന്റെ വടക്കും പടിഞ്ഞാറും വിജയം വരിച്ച സുല്‍ത്താന്‍ സലീം ഒന്നാമന്‍,  മംലൂക് ഭരണത്തെ അവസാനിപ്പിക്കാന്‍ തയാറെടുക്കുകയായിരുന്നു. സിറിയ, ഈജിപ്ത് തുടങ്ങിയവ ഉസ്മാനിയ രാഷ്ട്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് വ്യത്യസ്ത കാരണങ്ങളുണ്ട്. ഒന്ന്, ഉസ്മാനിയ ഭരണകൂടത്തോടുള്ള മംലൂക് ഭരണകൂടത്തിന്റെ ശത്രുതയാണ്. സുല്‍ത്താന്‍ സലീം ഒന്നാമനില്‍നിന്ന് അകന്നു കഴിയുന്ന നേതാക്കളുമായി മംലൂകുകളുടെ സുല്‍ത്താന്‍ ഖാന്‍സു ഗോറി ഐക്യത്തിലായി. സുല്‍ത്താന്‍ സലീം ഒന്നാമന്റെ സഹോദരനായ അഹ്മദ് ആയിരുന്നു അവരുടെ മുന്‍പന്തിയിലുണ്ടായിരുന്നത്. ഇവരെയെല്ലാം കൂടെക്കൂട്ടി സുല്‍ത്താന്‍ സലീം ഒന്നാമനെ പ്രതിസന്ധിയിലകപ്പെടുത്താമെന്നാണ് മംലൂകുകള്‍ വിചാരിച്ചത്. അതോടൊപ്പം, ഉസ്മാനികള്‍ക്കും സ്വഫവികള്‍ക്കുമിടയില്‍ നിഷ്പക്ഷത കാണിക്കാതെ മംലൂകുകള്‍ ശാഹ് ഇസ്മാഈല്‍ സ്വഫവിയുമായി ധാര്‍മികതക്ക് നിരക്കാത്തവിധം നിലകൊള്ളുകയും ചെയ്തു. എന്നാല്‍, സുല്‍ത്താന്‍ സലീമുമായി പ്രത്യക്ഷ ശത്രുതാ നിലപാട് സ്വീകരിച്ചതുമില്ല.
രണ്ട്, ത്വര്‍സൂസിലും, ഏഷ്യാ മൈനറിന്റെ തെക്കുകിഴക്കിനും സിറിയയുടെ വടക്കിനുമിടയിലുള്ള പ്രദേശങ്ങളിലുമായി ഉസ്മാനിയ ഭരണകൂടവും മംലൂകുകളും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ മേഖലയിലെ അമീറിന് കീഴിലുണ്ടായിരുന്ന ചെറിയ ഭരണകേന്ദ്രങ്ങള്‍ ഛിന്നഭിന്നമായി. ഉസ്മാനികള്‍ക്കും മംലൂകുകള്‍ക്കുമിടയില്‍ ഗോത്രങ്ങള്‍ കൂറ് ആരോട് എന്ന കാര്യത്തില്‍ ചാഞ്ചാടിക്കൊണ്ടിരിന്നു. ഇത് ഇരു ഭരണകൂടങ്ങള്‍ക്കുമിടയില്‍ അസ്വസ്ഥതയും തുടര്‍ന്ന് നിരന്തരമായ സംഘര്‍ഷവും സൃഷ്ടിച്ചു. അന്നേരം സലീം ഒന്നാമന്‍ അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ആ പ്രദേശങ്ങളെ ഉസമാനിയ ഭരണത്തിനു കീഴിലേക്ക് കൊണ്ടുവന്നു. 
മൂന്ന്, മംലൂകുകള്‍ അതിക്രമങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനാല്‍ സിറിയക്കാരും ഈജിപ്തിലെ പണ്ഡിതന്മാരും ഉസ്മാനിയ ഭരണത്തിനു കീഴില്‍ നിലകൊള്ളാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്.  പണ്ഡിതന്മാരും ന്യായാധിപന്മാരും സമൂഹത്തിലെ ഉയര്‍ന്ന വ്യക്തികളുമെല്ലാം ചേര്‍ന്ന് തങ്ങളുടെ നിലവിലെ അവസ്ഥ ചര്‍ച്ചചെയ്തു. നാല് മദ്ഹബുകളില്‍നിന്ന് ന്യായാധിപന്മാരെ തെരഞ്ഞെടുക്കാനും  അവര്‍ തീരുമാനിച്ചു. ഉസ്മാനിയ ഭരണാധികാരി സുല്‍ത്താന്‍ സലീം ഒന്നാമന് മുമ്പാകെ അവര്‍ ഇങ്ങനെയൊരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു: ''മംലൂകുകളുടെ അനീതി കാരണമായി സിറിയക്കാര്‍ ബുദ്ധിമുട്ടുകയാണ്. മംലൂകുകള്‍ ശരീഅത്തിനെതിരായി പ്രവര്‍ത്തിക്കുന്നു. മംലൂക് ഭരണകൂടത്തിനെതിരെ സുല്‍ത്താന്‍ സലീം ഒന്നാമന്‍ യുദ്ധത്തിനൊരുങ്ങുകയാണെങ്കില്‍ ജനം അത് ഏറ്റെടുക്കുന്നതാണ്. അത് ജനതയെ സന്തോഷിപ്പിക്കുന്ന കാര്യവുമാണ്. എല്ലാ ജനവിഭാഗവും ഐന്‍താബിലേക്ക് (ഹലബില്‍നിന്ന് വിദൂരത്തുള്ള സ്ഥലം) പുറപ്പെടുന്നതുമാണ്.'' ജനം അതിനെ സ്വാഗതം ചെയ്യുക മാത്രമായിരുന്നില്ല, സുല്‍ത്താന്‍ സലീമിനോട് ദൂതന്മാരെയും വിശ്വാസയോഗ്യരായ മന്ത്രിമാരെയും അയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ജനം അവരെ സ്നേഹപൂര്‍വം സ്വീകരിക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. ഇതിന്റെ രേഖ ഇസ്തംബൂളിലെ ത്വൂബ് കാബി മ്യൂസിയത്തിലെ ഉസ്മാനീ ചരിത്ര ശേഷിപ്പുകളിലുണ്ടെന്ന് ഡോ. മുഹമ്മദ് ഹര്‍ബ് വ്യക്തമാക്കുന്നു. 
നാല്, ഈജിപ്തും സിറിയയും ഉസ്മാനിയ ഭരണത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് സമൂഹത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സഹായകരമാണെന്ന് പണ്ഡിതര്‍ മനസ്സിലാക്കുകയുണ്ടായി. ചെങ്കടലിലും  ഇസ്ലാമിന്റെ വിശുദ്ധ പ്രദേശങ്ങളിലും പോര്‍ച്ചുഗീസുകാരുടെ അധിനിവേശ സാധ്യതയുണ്ടായിരുന്നു. അതുപോലെ, മെഡിറ്ററേനിയന്‍ കടലിടുക്കില്‍ ഫുര്‍സാന്‍ ഖദീസ് യോഹന്നാന്റെയും ആക്രമണ സാധ്യതയുമുണ്ടായിരുന്നു. ഇതാണ് ഉസ്മാനിയ ഭരണാധികാരികളെ പൗരസ്ത്യ ദേശങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ച പ്രധാന കാരണങ്ങള്‍. തുടക്കത്തില്‍ ഈ ആക്രമണത്തെ ചെറുക്കുന്നതിനായി ഉസ്മാനികള്‍ മംലൂകുകള്‍ക്കൊപ്പമായിരുന്നു. പിന്നീട് മംലൂക് ഭരണകൂടത്തിന്റെ പതനത്തോടുകൂടി മേഖലയിലെ വിപത്കരമായ സ്ഥിതിവിശേഷത്തെ ചെറുക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉസ്മാനിയ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. റൈദാനിയ്യ യുദ്ധത്തില്‍ മംലൂക് ഭരണകൂടം പരാജയപ്പെട്ടതിനു ശേഷം, മംലൂകുകളുടെ അവസാന ഭരണാധികാരിയായിരുന്ന തൂമാന്‍ ഭായിയുമായി ഉസ്മാനിയ ഭരണാധികാരി സലീം ഒന്നാമന്‍ നടത്തിയ സംസാരത്തില്‍നിന്നത് വ്യക്തമാണ്: ''പട്ടണങ്ങളിലെ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരമാണ് ഞാന്‍ നിങ്ങളിലേക്ക് വന്നിട്ടുള്ളത്. ഞാന്‍ റാഫിദകള്‍ക്കെതിരെയും (സ്വഫവികള്‍) തെമ്മാടികള്‍ക്കെതിരെയും (പോര്‍ച്ചുഗീസുകാര്‍, ഫുര്‍സാന്‍ ഖദീസ് യോഹന്നാന്‍) യുദ്ധത്തിന് തയാറെടുക്കുകയാണ്. എന്നാല്‍ നിങ്ങളുടെ നേതാവ് ഖാന്‍സു ഗോറി അധര്‍മം പ്രവര്‍ത്തിച്ച് സൈന്യവുമായി ഹലബിലേക്ക് വന്ന് റാഫിദകളുമായി ഒത്തുചേര്‍ന്നു. ഞങ്ങള്‍ പൂര്‍വ പിതാക്കന്മാരില്‍നിന്ന് അനന്തരമായി ലഭിച്ച രാജവംശത്തിലേക്ക് പ്രയാണം നടത്താന്‍ തീരുമാനിക്കുകയാണ്. ആ സമയം ഞങ്ങള്‍ റാഫിദകളെ മാറ്റിനിര്‍ത്തി മംലൂകുകളെ ലക്ഷ്യംവെച്ച് നീങ്ങുകയും വിജയം സാക്ഷാത്കരിക്കുകയും ചെയ്തു.''

ഏറ്റുമുട്ടലുകളും അസ്വാരസ്യങ്ങളും

സ്വഫവികള്‍ക്കും ഉസ്മാനികള്‍ക്കുമിടയിലുണ്ടായ സംഭവവികാസങ്ങളില്‍ മംലൂക് സുല്‍ത്താന്‍ ഖാന്‍സു ഗോറി താഴെ പറയുന്ന നിലപാടുകളിലൊന്നായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്:  ഒന്ന്, സ്വഫവികള്‍ക്കെതിരെ ഉസ്മാനികളോടൊപ്പം നില്‍ക്കുക. രണ്ട്, ഉസ്മാനികള്‍ക്കെതിരെ സ്വഫവികള്‍ക്കൊപ്പം നില്‍ക്കുക. മൂന്ന്, രണ്ട് വിഭാഗങ്ങള്‍ക്കുമിടയില്‍ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുക. മംലൂക് ഭരണകൂടത്തിന് മുമ്പിലുണ്ടായിരുന്ന ഈ അവസരങ്ങളില്‍ ഗോറി തെരഞ്ഞെടുത്തത് പ്രത്യക്ഷത്തില്‍ രണ്ടു പക്ഷത്തിന്റെയും കൂടെ നില്‍ക്കുക എന്നതായിരുന്നു. എന്നാല്‍, മംലൂകുകളും ഫ്രഞ്ചുകാരും തമ്മിലുള്ള രഹസ്യസഖ്യത്തെ സംബന്ധിച്ച് ഉസ്മാനിയ ഭരണകൂടം മനസ്സിലാക്കിയിരുന്നു. ഇസ്തംബൂളിലെ ത്വൂബ് ഖാബി മ്യൂസിയത്തിലെ ചരിത്രരേഖകളില്‍ ഇത് കണ്ടെത്താന്‍ കഴിയും.
സുല്‍ത്താന്‍ സലീം ഒന്നാമന്‍ പേര്‍ഷ്യയിലുള്ള ശീഈ സ്വഫവികളുമായി യുദ്ധത്തിന് തയാറെടുക്കാന്‍ തീരുമാനിച്ചു. സാഹചര്യം അനുകൂലമായതിനാല്‍ മംലൂക് ഭരണപ്രദേശങ്ങളെ സുല്‍ത്താന്‍ സലീം ഒന്നാമന്‍ ഉസ്മാനിയ ഭരണകൂടത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഇരുകൂട്ടരും 1516-ല്‍ ഹലബിന്റെ പ്രാന്തപ്രദേശങ്ങളിലായി മറജ് ദാബിഖില്‍ മുഖാമുഖം ഏറ്റുമുട്ടി. അതില്‍ ഉസ്മാനികള്‍ക്കായിരുന്നു വിജയം. മംലൂക് സുല്‍ത്താന്‍ ഖാന്‍സു ഗോറി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഉസ്മാനികള്‍ ഗോറിയുടെ മരണശേഷം അദ്ദേഹത്തെ ആദരിക്കുകയും അദ്ദേഹത്തിനു വേണ്ടി ജനാസ നമസ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന് ഹലബിലെ പ്രാന്തപ്രദേശത്ത് അദ്ദേഹത്തെ മറവ് ചെയ്തു. അങ്ങനെ, സലീം ഒന്നാമന്‍ ഹലബിലും പിന്നീട് ദമസ്‌കസിലും കടന്നു. സുല്‍ത്താന്‍ മസ്ജിദുകളിലേക്ക് ക്ഷണിക്കപ്പെടുകയും, സുല്‍ത്താനായും ഖലീഫയായും അദ്ദേഹത്തിന്റെ നാമം നാണയത്തില്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്തു. സുല്‍ത്താന്‍ സലീം ഒന്നാമന്‍ സിറിയയില്‍നിന്ന് ഈജിപ്തിലെ മംലൂക് തലവനായ തൂമാന്‍ ഭായിക്ക് ഉസ്മാനിയ ഭരണത്തിന് കീഴൊതുങ്ങാന്‍ ആവശ്യപ്പെട്ട് സന്ദേശമയച്ചിരുന്നു. എന്നാല്‍, മംലൂക് ഭരണാധികാരി അതിനെ പരിഹസിക്കുകയും ദൂതനെ കൊലപ്പെടുത്തുകയുമാണ് ചെയ്തത്.
ഈജിപ്ത് ലക്ഷ്യം വെച്ച് സുല്‍ത്താന്‍ സലീം ഫലസ്ത്വീന്‍ മരുഭൂമി മുറിച്ചുകടന്നു. ആ സമയം മുന്നോട്ടു ഗമിച്ചിരുന്ന സൈന്യത്തിന് ആകാശത്തു നിന്ന് മഴ സഹായമായി പെയ്തിറങ്ങി. അങ്ങനെ ഫലസ്ത്വീന്‍ മരുഭൂമി പ്രയാസമില്ലാതെ മുറിച്ചുകടക്കാന്‍ സൈന്യത്തിന് സാധിച്ചു. ഗസ്സയിലെ യുദ്ധത്തിലും പിന്നീട് നടന്ന റൈദാന്‍ യുദ്ധത്തിലും ഉസ്മാനിയ ഭരണകൂടം വലിയ അളവില്‍ വിജയം നേടുകയുണ്ടായി. മംലൂക് ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ച കാരണങ്ങള്‍ താഴെ പറയുന്നവയാണ്:
ഒന്ന്: ഉസ്മാനിയ ഭരണകൂടത്തിന് ശക്തമായ സൈനിക പിന്‍ബലമുണ്ടായിരുന്നു. മംലൂകുകളുടെ കൈയിലുണ്ടായിരുന്ന വലിയ പീരങ്കികളാകട്ടെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കാന്‍ കഴിയാത്തതായിരുന്നു. എന്നാല്‍ ഉസ്മാനി ഭരണകൂടത്തിന്റെ കൈയിലുണ്ടായിരുന്നത് ഭാരം കുറഞ്ഞ പീരങ്കിയായതിനാല്‍ ഏതു ഭാഗത്തേക്ക് തിരിക്കാനും എളുപ്പമായിരുന്നു. രണ്ട്: ഉസ്മാനിയ ഭരണകൂടത്തിന്റെ സൈനിക തന്ത്രങ്ങള്‍ കുറ്റമറ്റതായിരുന്നു. അവര്‍ ഒരുപാട് ദൂരം വളരെ പെട്ടെന്നുതന്നെ താണ്ടി ശത്രുക്കളുടെ അധീനതയിലുള്ള മേഖലയിലാണ് യുദ്ധം ചെയ്തത്. ഇത് പ്രതിയോഗികളെ അമ്പരപ്പിച്ചു. മൂന്ന്: ഉസ്മാനിയ ഭരണകൂടത്തിന് ധാര്‍മികതയുടെ കരുത്തുണ്ടായിരുന്നു. സൈന്യം ഇസ്‌ലാമിക സംസ്‌കരണം സിദ്ധിച്ചവരുമായിരുന്നു. നീതിപൂര്‍വം യുദ്ധം നയിക്കാനാണ് അവരോട് പറഞ്ഞിരുന്നത്. മംലൂകുകളില്‍ ഇത്തരത്തിലുള്ള ധാര്‍മിക ഗുണ വശങ്ങള്‍ കാണാന്‍ കഴിയില്ല.
നാല്: ഉസ്മാനിയ ഭരണകൂടം ജീവിതത്തില്‍ എല്ലാ മേഖലകളിലും ഇസ്ലാമിക ശരീഅത്ത് മുറുകെ പിടിക്കാന്‍ പ്രോത്സാഹനം നല്‍കിയിരുന്നു. നീതിബോധം കൈവിടാതെ പ്രവര്‍ത്തിക്കാനും പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ, മംലൂകുകള്‍ ഇസ്ലാമിന്റെ എല്ലാ മൂല്യങ്ങളില്‍നിന്നും പുറത്തുപോവുകയും, സ്വന്തം ജനതക്ക് മേല്‍ അക്രമം അഴിച്ചുവിടുകയുമായിരുന്നു.
അഞ്ച്: മംലൂകുകളിലെ ഒരു വിഭാഗം നേതാക്കള്‍ സുല്‍ത്താന്‍ സലീമിനൊപ്പം നിലകൊള്ളാന്‍ കൊതിക്കുന്നവരായിരുന്നു. അവര്‍ ഉസ്മാനിയ ഭരണകൂടത്തിനു വേണ്ട സഹായസഹകരണങ്ങള്‍ നല്‍കാനും, ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തില്‍ പങ്കാളിത്തം വഹിക്കാനും സന്നദ്ധരായിരുന്നു. സുല്‍ത്താന്‍ സലീം ഒന്നാമന്‍ ഈജിപ്തിലെ അധികാരം നല്‍കിയ ഫെയര്‍ബെക്കും, ദമസ്‌കസില്‍ അധികാരം നല്‍കിയ ജാന്‍ ബര്‍ദ് ഗസ്സാലിയും ഉസ്മാനിയ ഭരണത്തോട് ആഭിമുഖ്യം കാണിച്ച മംലൂകി നേതാക്കളാണ്.
1516-1517-ല്‍ മംലൂകുകള്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ഈ രാജവംശം അതിന്റെ വാര്‍ധക്യാവസ്ഥയിലായിരുന്നു. അത് അവരുടെ ചരിത്ര ഏടുകളിലെ അവസാനത്തെ ഏടുകളായിരുന്നു. അവരുടെ ഊര്‍ജസ്വലത നഷ്ടമാവുകയും, അങ്ങനെ ആ ഭരണകൂടം അസ്തമിച്ചു പോവുകയുമായിരുന്നു. ഇത്തരം രാജഭരണ പ്രദേശങ്ങളെല്ലാം ഉസ്മാനിയ ഭരണകൂടത്തിനു കീഴില്‍ വരികയാണുണ്ടായത്.

ഖിലാഫത്ത് നീങ്ങിപ്പോകുന്നു

ഖിലാഫത്ത് ഉസ്മാനി കുടുംബത്തിലേക്ക് നീങ്ങിപ്പോകുന്നത് അവര്‍ ഈജിപ്തില്‍ കൈവരിച്ച വിജയം കാരണമാണ്. ഈജിപ്തിലെ അവസാനത്തെ അബ്ബാസിയ ഭരണാധികാരി ഭരണം സലീം ഒന്നാമനു വേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. ആധുനിക ചരിത്രകാരനായ ഇബ്നു ഇയാസ്, ഉസ്മാനികള്‍ ഈജിപ്തിനെ ഭരണകൂടത്തോട് ചേര്‍ത്തുവെന്ന യാതൊരു പരാമര്‍ശവും നടത്തുന്നില്ല. അതുപോലെ, സുല്‍ത്താന്‍ സലീം ഒന്നാമന്‍ തന്റെ മകന്‍ സുലൈമാന് അയച്ച കത്തുകളിലൊന്നും സുല്‍ത്താന്‍ സലീമിനു വേണ്ടിയാണ് ഖലീഫ സ്ഥാനം ഒഴിഞ്ഞുകൊടുത്തത് എന്ന സൂചനയും കാണുന്നില്ല. അതുപോലെ, ആധുനിക അവലംബങ്ങളില്‍ ഉസ്മാന്‍ കുടുംബത്തിലേക്ക് ഖിലാഫത്ത് നീങ്ങിയത് ശരിയായ വിധത്തില്‍ വരച്ചുകാണിക്കുന്നുമില്ല.
യഥാര്‍ഥ ചരിത്രമെന്നത്, 1514 മുതല്‍ സുല്‍ത്താന്‍ സലീം ഒന്നാമന്‍ സ്വയം തന്നെ വിശേഷിപ്പിച്ചതാണ് 'വിശാലമായ ഭൂമിയിലെ അല്ലാഹുവിന്റെ ഖലീഫ' എന്ന പ്രയോഗം. അഥവാ സിറിയ, ഈജിപ്ത് തുടങ്ങിയവ ഉസ്മാനികള്‍ ജയിച്ചടക്കുന്നതിനും, ഉസ്മാനികള്‍ക്ക് കീഴൊതുങ്ങി എന്ന് ഹിജാസികള്‍ പ്രഖ്യാപിക്കുന്നതിനും മുമ്പ് തന്നെ ഈ വിശേഷണമുണ്ട്. സുല്‍ത്താന്‍ സലീമും അദ്ദേഹത്തിന്റെ പൂര്‍വപിതാക്കന്മാരും 'ഖിലാഫത്ത്' എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കിയ മഹാത്മാക്കളാണ്. മക്കയും മദീനയും ഉസ്മാനിയ ഭരണത്തിനു കീഴില്‍ വന്നപ്പോള്‍ പ്രത്യേകിച്ച്, ദുര്‍ബല ജനവിഭാഗത്തിന്റെ അത്താണിയായി മാറുകയായിരുന്നു ഉസ്മാനിയ ഭരണകൂടം. ഏഷ്യയിലും ആഫ്രിക്കയിലും പോര്‍ച്ചുഗീസുകാര്‍ അധിനിവേശം നടത്തിയപ്പോള്‍ സഹായം തേടി അന്നാട്ടുകാര്‍ ഉസ്മാനിയ ഭരണ നേതൃത്വത്തെയാണ് സമീപിച്ചത്. സുല്‍ത്താന്‍ സലീം 'ഖിലാഫത്ത്' എന്ന വിളിപ്പേരിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. അപ്രകാരം തന്നെയായിരുന്നു അവരെ തുടര്‍ന്നുവന്ന മറ്റു ഉസ്മാനി ഭരണാധികാരികളും. 'ഖിലാഫത്ത്' എന്ന പ്രയോഗത്തിന് പ്രാധാന്യം കൈവരുന്നത് ഉസ്മാനിയ ഭരണകൂടം ദുര്‍ബലമായ പില്‍ക്കാലങ്ങളിലാണ്. 

മംലൂക് ഭരണകൂടം അധഃപതിക്കാനുള്ള കാരണങ്ങള്‍

ഒന്ന്: ആയുധങ്ങള്‍ വേണ്ട വിധത്തില്‍ രൂപപ്പെടുത്തിയില്ല. മംലൂകുകള്‍ ഫ്രാന്‍സിനെ ആശ്രയിച്ചു. ഉസ്മാനികള്‍ തീകൊണ്ടുള്ള ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്, പ്രത്യേകിച്ച് പീരങ്കി.
രണ്ട്: ഭരണത്തിനു കീഴില്‍ പ്രശ്നങ്ങളും ദുരിതങ്ങളും സങ്കീര്‍ണതകളും വര്‍ധിച്ചിരുന്നു. ഏറ്റവും സങ്കീര്‍ണത നിറഞ്ഞ ഘട്ടത്തില്‍ ഭരണകൂടത്തിന് പിടിച്ചുനില്‍ക്കാനായില്ല.
മൂന്ന്: മംലൂക് നേതൃത്വങ്ങളോട് അണികള്‍ക്ക് കടുത്ത വെറുപ്പുണ്ടായിരുന്നു. മംലൂകുകള്‍ കുലീന വര്‍ഗങ്ങളെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ.
നാല്: മംലൂകുകള്‍ക്കിടയില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഉദാഹരണം: ഹലബിലെ ഗവര്‍ണര്‍ ഖയര്‍ ബക്കിനും ജാന്‍ ബര്‍ദ് ഗസ്സാലിക്കുമിടയില്‍ രൂപപ്പെട്ട തര്‍ക്കം. ഇത് മംലൂക് ഭരണകൂടത്തിന്റെ പതനത്തിന് ആക്കംകൂട്ടി.
അഞ്ച്: സാമ്പത്തികമായ മോശം അവസ്ഥയും മംലൂക് ഭരണകൂടത്തിന്റെ പെട്ടെന്നുള്ള പതനത്തിന് കാരണമായി. പ്രത്യേകിച്ച്, കാല്‍നടയായി കച്ചവടം ചെയ്തിരുന്നവര്‍ തങ്ങളുടെ വഴി മാറ്റി പുതിയ വഴി (റഅസ് റജാഹ് സ്വാലിഹ്) കണ്ടെത്തിയതും  തകര്‍ച്ചക്ക് വേഗത പകര്‍ന്നു.
ആറ്: ഈ കാരണങ്ങള്‍ക്കെല്ലാമൊപ്പം ദൈവിക ജീവിതസരണിയെ തള്ളിക്കളഞ്ഞതും മംലൂകുകള്‍ അധഃപതിക്കാനുള്ള പ്രധാന നിമിത്തമായി. ഉസ്മാനികളാകട്ടെ അല്ലാഹുവിന്റെ നിയമം മുറുകെ പിടിക്കുന്നവരായിരുന്നു.

ഹിജാസ് ഉസ്മാനിയ ഭരണകൂടത്തിന് കീഴൊതുങ്ങുന്നു
അടിമ രാജവംശത്തിനു കീഴിലായിരുന്നു ഹിജാസ്. സുല്‍ത്താന്‍ ഗോറിയുടെയും അദ്ദേഹത്തിന്റെ പ്രതിനിധി തൂമാന്‍ ഭായിയുടെയും മരണവാര്‍ത്ത അറിഞ്ഞ മക്കയിലെ ശരീഫ് (ബറകാത് ബിന്‍ മുഹമ്മദ്) സുല്‍ത്താന്‍ സലീം ഒന്നാമന്റെ അടുക്കലേക്ക് ആളെ അയച്ചു. തങ്ങള്‍ ഉസ്മാനിയ ഭരണകൂടത്തിനു കീഴില്‍ വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിച്ചു. കൂടാതെ, കഅ്ബയുടെ താക്കോലും നല്‍കി. സുല്‍ത്താന്‍ സലീം ഒന്നാമന്‍, ബറകാതിനെ മക്കയുടെയും ഹിജാസിന്റെയും ഗവര്‍ണറായി നിയോഗിച്ചു. ഇങ്ങനെ സുല്‍ത്താന്‍ സലീം മക്കയുടെയും മദീനയുടെയും സേവകനായി മാറുകയായിരുന്നു. ഇസ്ലാമിക വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ ഉയര്‍ന്നു. തുടര്‍ന്ന് ഉസ്മാനിയ ഭരണകൂടം പുണ്യസ്ഥലങ്ങളില്‍ ഒരുപാട് ധര്‍മദാനങ്ങള്‍ (വഖ്ഫ്) അനുവദിച്ചു. ഇതില്‍നിന്നുള്ള വരുമാനം ഭരണാധികാരിയുടെ കൊട്ടാരത്തിലെ സ്വതന്ത്ര ഖജനാവിലാണ് സൂക്ഷിച്ചിരുന്നത്. ഹിജാസിനെ ഉസ്മാനിയ ഭരണകൂടത്തിലേക്ക് ചേര്‍ത്തതോടെ ചെങ്കടലില്‍ ഉസ്മാനികളുടെ മേല്‍ക്കോയ്മ അരക്കിട്ടുറപ്പിച്ചു. ഇത് ഹിജാസിന് ഭീഷണികളായി നിലകൊണ്ടിരുന്നപോര്‍ച്ചുഗീസുകാരുടെ ചെങ്കടലിലെ വിളയാട്ടങ്ങള്‍ക്ക് അറുതിവരുത്തി. പതിനെട്ടാം നൂറ്റാണ്ടുവരെയും ഇതായിരുന്നു സ്ഥിതി.

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (56 - 57)
ടി.കെ ഉബൈദ്‌