Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 27

3132

1441 റബീഉല്‍ ആഖിര്‍ 30

നിയമാവിഷ്‌കാര വേദികളില്‍ അംഗമാകാനുള്ള ഉപാധികള്‍

റാശിദുല്‍ ഗന്നൂശി

(കഴിഞ്ഞ ലക്കം തുടര്‍ച്ച)


നിയമാവിഷ്‌കാര സമിതികളില്‍ അംഗമാകാനുള്ള മൂന്നാമത്തെ ഉപാധിയായി മൗലാനാ മൗദൂദി പറയുന്നത്, പ്രായപൂര്‍ത്തിയെത്തുകയും ബുദ്ധിസ്ഥിരതയുാവുകയും ചെയ്യുക എന്നതാണ്. നേതൃത്വം കൈയാളാന്‍ മാത്രമല്ല, രാഷ്ട്രീയ പങ്കാളിത്തത്തിനും ഈ രണ്ട് ഉപാധികളും ഒത്തുവരണം. പക്ഷേ നിയമാവിഷ്‌കാര സമിതികളിലെ അംഗത്വത്തിന് പ്രായപൂര്‍ത്തിയും കഴിഞ്ഞുള്ള ഒരു പ്രായപരിധിയാണ് ലോകത്തെ പല ഭരണഘടനകളും മുന്നോട്ടു വെക്കുന്നതെന്നു കാണാം. പാര്‍ലമെന്റില്‍ അംഗമാകാന്‍ മുപ്പതു വയസ്സ് പോലുള്ള വ്യവസ്ഥകള്‍ കാണാന്‍ പറ്റും. പഴയ തുനീഷ്യന്‍ ഭരണഘടനയില്‍ ഇങ്ങനെ കാണാം: 'തൂനിസുകാരനായ പിതാവിന് ജനിച്ച ഏതൊരാള്‍ക്കും 28 വയസ്സ് തികഞ്ഞാല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാനുള്ള അവകാശമുണ്ടായിരിക്കും.' പക്ഷേ ഇന്നോളം തയാറാക്കപ്പെട്ട ഇസ്‌ലാമിക ഭരണഘടനകളിലൊന്നും ഇങ്ങനെയൊരു പ്രായപരിധി ഉള്ളതായി കാണാന്‍ കഴിഞ്ഞിട്ടില്ല. ഭരണകാര്യങ്ങളിലെ പങ്കാളിത്തം വലിയൊരു ഉത്തരവാദിത്തമാണ്; മറ്റെന്തിനേക്കാളും സങ്കീര്‍ണമായ ഉത്തരവാദിത്തം. നമുക്ക് തോന്നുന്നത്, പ്രായപൂര്‍ത്തി എന്ന വ്യവസ്ഥ മാത്രം മതിയാകും എന്നാണ്. അല്ലെങ്കില്‍ പ്രായപരിധി ഇരുപത് വയസ്സ് എന്നു വെക്കാം. അതാണ് ഇസ്‌ലാമിലെ പൊതു ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട ചിന്താധാരകളുമായി ചേര്‍ന്നുപോകുന്നത്.
സൈനിക നേതൃത്വം പോലുള്ള അതിസങ്കീര്‍ണ ചുമതലകള്‍ ഇരുപതു വയസ്സ് പോലുമാകാത്ത യുവാക്കള്‍ ഏറ്റെടുത്തിട്ടുണ്ട്, ഇസ്‌ലാമിക ചരിത്രത്തില്‍. ഉസാമ, സഖഫി, അലിയ്യുബ്‌നു അബീത്വാലിബ് പോലുള്ളവര്‍ ഉദാഹരണം. അനുഭവങ്ങളില്‍നിന്ന് പരിപക്വത നേടിയാലേ വൈജ്ഞാനിക കരുത്തും വൈകാരികത്തള്ളിച്ചയില്‍നിന്നുള്ള മാറിനില്‍പ്പും സാധ്യമാവൂ എന്നത് ശരിയാണ്. പ്രായത്തിന്റെ പക്വത വേണമെന്നര്‍ഥം. അതേസമയം സുബദ്ധമായ നീക്കങ്ങള്‍ പ്രായത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിന്റെ കുത്തകയാണെന്നും പറയാനാവില്ല. യുവാക്കളുടെ ഉശിരും ജ്വലിക്കുന്ന ധിഷണയും പാരമ്പര്യത്തിന്റെ നിശ്ചലതകളെ ഭേദിക്കാനുള്ള അവരുടെ ചങ്കൂറ്റവും നവംനവങ്ങളായ തീരുമാനങ്ങളിലേക്കും നിലപാടുകളിലേക്കും നമ്മെ കൊണ്ടെത്തിക്കും. യുവാക്കളുമായി കൂടിയിരുന്നാലോചിക്കാനും അവരുടെ ചിന്തകളെ ഉദ്ദീപിപ്പിക്കാനുമുള്ള അവസരങ്ങളൊന്നും പ്രവാചകന്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. ബനൂ മുസ്വ്ത്വലഖ് പോരാട്ടവേളയില്‍ അവിടുന്ന് സൈദു ബ്‌നു സാബിത്തിന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തു. ഉഹുദ് യുദ്ധദിനം ശത്രുക്കളെ നേരിടാനായി അങ്ങോട്ട് ചെന്നത് ഏതാനും ചെറുപ്പക്കാരുടെ നിര്‍ബന്ധത്താലും പ്രേരണയാലും ആയിരുന്നു. ആ ചെറുപ്പക്കാരുടെ നിലപാട് ശരിവെക്കുന്ന തരത്തില്‍ തന്നെയായിരുന്നു യുദ്ധത്തിന്റെ ആദ്യ ഗതിവിഗതികള്‍. അമ്പെയ്ത്തുകാര്‍ അവരെ നിര്‍ത്തിയ സ്ഥാനത്തു നിന്ന് ഇറങ്ങിവന്നതാണ് എല്ലാം തകിടം മറിച്ചത്. അതുകൊണ്ടാണ് നിരന്തരം കൂടിയാലോചിച്ചുകൊണ്ടേയിരിക്കൂ എന്ന് ഖുര്‍ആന്‍ നബിയെ ഉണര്‍ത്തിക്കൊണ്ടിരുന്നത്. ഇസ്‌ലാമിക സമൂഹം കടന്നുപോയ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തില്‍ - പ്രവാചകപത്‌നിക്കെതിരെ ദുരാരോപണം ഉയര്‍ന്ന സന്ദര്‍ഭത്തില്‍ - പ്രവാചകന്‍ ഉസാമയുമായും സൈദുമായും അലിയുമായും കൂടിയാലോചിച്ചിരുന്നു. ഇവരെല്ലാവരും യുവാക്കളുമായിരുന്നു.
ഒരിക്കല്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ് തന്റെ കൂടിയാലോചനാ സമിതിയിലേക്ക് കടന്നു ചെല്ലുമ്പോള്‍ അവിടെ മുതിര്‍ന്നവര്‍ക്കൊപ്പം അബ്ദുല്ലാഹിബ്‌നു അബ്ബാസിനെപ്പോലെ ഏതാനും കൗമാരക്കാരും ഇരിക്കുന്നുണ്ട്. ഈ കൗമാരക്കാരുടെ മികവും യോഗ്യതയും ഗ്രാഹ്യശക്തിയുമൊക്കെ ഉമര്‍ അവരെ ചില പരീക്ഷകള്‍ക്ക് വിധേയമാക്കി മുതിര്‍ന്നവരെ ബോധ്യപ്പെടുത്തുന്നുമുണ്ട്. അവര്‍ക്ക് അംഗത്വം നല്‍കിയത് എന്തിനാണെന്ന് മുതിര്‍ന്നവര്‍ക്ക് ബോധ്യമാവുകയും ചെയ്തു. ഇതിലൊന്നും ഒരു അത്ഭുതവുമില്ല. കാരണം തുടക്കകാലത്ത് ഇസ്‌ലാം ഒരു യുവജനപ്രസ്ഥാനം തന്നെയായിരുന്നു. പ്രബോധന ചരിത്രത്തില്‍ യുവാക്കള്‍ വഹിച്ച നേതൃപരമായ പങ്ക് ഖുര്‍ആന്‍ തന്നെ ഊന്നിപ്പറയുകയും ചെയ്യുന്നുണ്ടല്ലോ. പ്രവാചകന്‍ ഇബ്‌റാഹീം ബിംബങ്ങളെ തകര്‍ക്കുമ്പോള്‍ ഒരു കൗമാരക്കാരന്‍ മാത്രമായിരുന്നു. മൂസാ നബിക്കൊപ്പം ഉണ്ടായിരുന്നത് തന്റെ സമൂഹത്തിലെ ചെറുപ്പക്കാരായിരുന്നു. ലോകചരിത്രത്തിന്റെ ഗതി തിരിച്ചു വിട്ട് പ്രവാചകന്‍ നടത്തിയ ആ വിപ്ലവമുണ്ടല്ലോ, അതൊരു യുവജന മുന്നേറ്റമല്ലാതെ മറ്റൊന്നുമായിരുന്നില്ല. മുഴുവന്‍ നാഗരിക പരിവര്‍ത്തനങ്ങളുടെയും ഇന്ധനമാണ് യുവാക്കള്‍. എങ്കില്‍പിന്നെ ശൂറയില്‍നിന്നും നേതൃതലങ്ങളില്‍നിന്നും അവരെ മാറ്റിനിര്‍ത്തുന്നതില്‍ എന്ത് ന്യായമാണുള്ളത്?
അപ്പോള്‍ പ്രായപൂര്‍ത്തിയെത്തുക എന്ന ഉപാധിയേ വെക്കേണ്ടതുള്ളു. അതാണ് യുക്തിക്കും പ്രമാണത്തിനും നിരക്കുന്നത്. നമ്മുടെ ചെറുപ്പക്കാരില്‍ വളരെക്കുറഞ്ഞ ആളുകള്‍ മാത്രമേ നിയമാവിഷ്‌കാര സമിതികളില്‍ എത്തിപ്പെടുന്നുള്ളൂ. അതേസമയം മുഴുവന്‍ നേതൃതലങ്ങളിലും പുതുതലമുറക്ക് അവസരമൊരുക്കിക്കൊടുക്കേണ്ടതും അനിവാര്യം. എങ്കില്‍പിന്നെ പാര്‍ലമെന്റിലും മറ്റും വിദ്യാര്‍ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതില്‍ എന്താണ് തടസ്സം?
നിയമാവിഷ്‌കാര സമിതികളിലെ അംഗത്വത്തിന് നാലാമത്തെ ഉപാധിയായി മൗലാനാ മൗദൂദി പറയുന്നത്, ദാറുല്‍ ഇസ്‌ലാമിലെ താമസക്കാരനായിരിക്കണം എന്നാണ്. ഖുര്‍ആനില്‍ ഇപ്രകാരം വന്നിരിക്കുന്നു: ''എന്നാല്‍ സത്യത്തില്‍ വിശ്വസിക്കുകയും സ്വദേശം വിടാതിരിക്കുകയും ചെയ്തവരാകട്ടെ സ്വദേശം വിടുന്നതു വരെ അവരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ല'' (8:72). ഈ സൂക്തം പൗരത്വത്തിന് രണ്ട് ഉപാധികള്‍ വെക്കുന്നു: ''ഒന്ന്, വിശ്വാസം. രണ്ട്, ദാറുല്‍ ഇസ്‌ലാമിലെ താമസക്കാരനായിരിക്കുക, അല്ലെങ്കില്‍ അങ്ങോട്ട് താമസം മാറുക. ഇനിയൊരാള്‍ വിശ്വാസി ആയിരിക്കുകയും ദാറുല്‍ കുഫ്ര്‍ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ അയാളെ ദാറുല്‍ ഇസ്‌ലാമില്‍പെട്ടയാളായി ഗണിക്കുകയില്ല.''1
പൗരത്വത്തെ സംബന്ധിച്ച് മൗലാനാ മൗദൂദി പ്രകടിപ്പിച്ച ഈ അഭിപ്രായത്തോട് വിയോജിക്കുന്നവരാണ് മിക്ക സമകാലിക മുസ്‌ലിം ചിന്തകരും. അവരുടെ വീക്ഷണഗതികളിലും ലക്ഷ്യങ്ങളിലും ഗണ്യമായ അന്തരവുമുണ്ട്.
ഒന്നാമത്തെ വീക്ഷണഗതി: ഒരു ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തില്‍ മുസ്‌ലിംകളല്ലാത്തവരുടെ പൗരത്വം സംരക്ഷിക്കപ്പെടണം. ശരീഅ അധ്യാപകനായ അബ്ദുല്‍കരീം സൈദാന്‍ തന്റെ പ്രശസ്തമായ അഹ്കാമു അഹ്‌ലിദ്ദിമ്മ എന്ന കൃതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഫത്ഹീ ഉസ്മാന്‍,2 ഇസ്മാഈല്‍ ഫാറൂഖി3, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഫഹ്മീ ഹുവൈദി4 തുടങ്ങിയവരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ കൂടിയാലോചനാ സമിതികളിലെ അംഗത്വത്തിന് ഇസ്‌ലാം ഒരു ഉപാധി ആകരുത് എന്നാണവര്‍ വാദിക്കുന്നത്. മുസ്‌ലിംകളല്ലാത്തവര്‍ക്കും ഇത്തരം വേദികളില്‍ അംഗത്വത്തിന് അവകാശമുണ്ട്. പൗരത്വത്തിന്റെ അടിസ്ഥാനത്തിലാണ് അത് സ്ഥാപിതമാവുക5. ജയിച്ചടക്കുക (ഫത്ഹ്) എന്ന അര്‍ഥത്തിലല്ല, ഇസ്‌ലാമിക ആശയങ്ങള്‍ക്ക് പ്രാമുഖ്യമുണ്ടാവുക എന്ന അടിസ്ഥാനത്തിലായിരിക്കും ഇസ്‌ലാമിക രാഷ്ട്രം എന്ന ഈ പുതിയ വിഭാവന. രാഷ്ട്രത്തെ വൈദേശിക ശക്തികളില്‍നിന്ന് മോചിപ്പിക്കാന്‍ ഈ ഭൂരിപക്ഷത്തോടൊപ്പം മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷങ്ങളും പങ്കു ചേര്‍ന്നിട്ടുണ്ടാവും. ഇത്തരമൊരു സ്ഥിതിവിശേഷമൊന്നും പാരമ്പര്യ ഫിഖ്ഹീഗ്രന്ഥങ്ങളില്‍ പരതിയാല്‍ നാം കണ്ടെത്തുകയില്ല. ജയിച്ചടക്കുക (ഫത്ഹ്) എന്നതിന്റെ നിയമാനുസൃതത്വം ഖിലാഫത്തിന്റെ പതനത്തോടെ ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കു വഹിച്ചവരെന്ന നിലക്കുള്ള തുല്യ പൗരത്വമാണ് ഇന്ന് അടിസ്ഥാനമായി സ്വീകരിക്കുക.6
രണ്ടാമത്തെ വീക്ഷണഗതി: ദാറുല്‍ ഇസ്‌ലാമിലെ താമസക്കാരനായിരിക്കണം എന്ന ഉപാധി അംഗീകരിക്കാനാവില്ലെന്നാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ പക്ഷം. പൗരത്വത്തിന് ഭൂമിശാസ്ത്രപരിധികള്‍ തടസ്സമാകരുതെന്നും അവര്‍ വാദിക്കുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യം എന്നത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഏകതയെ കുറിക്കുന്നു എന്നാണവരുടെ ന്യായം.7 മുസ്‌ലിംകള്‍ എവിടെയായിരുന്നാലും അവര്‍ ഒരു രാഷ്ട്രത്തിലെ പൗരന്മാര്‍ എന്ന ആശയമാണ് ഇവര്‍ മുന്നോട്ടു വെക്കുന്നത്.8
ഇത്തരം ന്യായവാദങ്ങളൊക്കെ പ്രമാണപരമായും യുക്തിപരമായും ശക്തമാണെങ്കിലും, നിലവിലുള്ള അവസ്ഥയെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കണമെന്നാണ് എനിക്ക് ഇസ്‌ലാമിസ്റ്റുകളോട് പറയാനുള്ളത്. അവസ്ഥകള്‍ മാറുമ്പോള്‍ വിധികളും മാറും എന്ന തത്ത്വം അവര്‍ മറക്കാന്‍ പാടില്ല. യാഥാര്‍ഥ്യബോധമില്ലെങ്കില്‍ അവര്‍ പ്രയാസങ്ങളില്‍ ചെന്നു ചാടുകയും ചിലപ്പോള്‍ വഴിയറിയാതെ ഉഴറുകയും ചെയ്യും. ഒന്നാലോചിച്ചുനോക്കൂ, എല്ലാ മുസ്‌ലിംകള്‍ക്കും ഹിജ്‌റ ചെയ്യാന്‍ പറ്റിയ ഏതെങ്കിലും രാഷ്ട്രം ഇന്ന് ഈ ഭൂമുഖത്തുണ്ടോ? യഥാര്‍ഥത്തില്‍ അങ്ങനെയൊരു പലായനം തന്നെ ഇന്ന് അസാധ്യമല്ലേ? ഇനിയത് സാധ്യമാന്നെന്നു തന്നെ വെക്കുക. എങ്കിലത് ഉദ്ദേശിച്ച ഫലം ചെയ്യുമോ?
അഞ്ചാമത്തെ ഉപാധി: സമിതികളിലെ അംഗത്വത്തിന് അടുത്ത ഉപാധി അറിവ് ഉണ്ടായിരിക്കുക എന്നതാണ്. ഇത് ഗവേഷണ ജ്ഞാനത്തോളം (ഇജ്തിഹാദ്) ഉണ്ടാവണമെന്നില്ല. ഹലാല്‍, ഹറാം പോലുള്ളവയെ സംബന്ധിച്ച് അടിസ്ഥാന ദീനീ ജ്ഞാനമെങ്കിലും ഉണ്ടാവണം. അറിവ് ഗവേഷണ ജ്ഞാനത്തോളമെത്തുന്നത് വളരെ നല്ലതു തന്നെ. പക്ഷേ അത്രത്തോളം അറിവ് ഉണ്ടാവുക എന്നത് ഒരു ഉപാധിയായി വെക്കാന്‍ പറ്റില്ല എന്നു മാത്രം. ഈ അടിസ്ഥാന ജ്ഞാനമാര്‍ജിച്ചു എന്നതിന്റെ തെളിവ് വ്യക്തിയുടെ പ്രവൃത്തിയിലും നല്ല പെരുമാറ്റത്തിലുമാണ് പ്രകടമാവേണ്ടത്. അല്‍ അദാല (നീതി) എന്ന ഫിഖ്ഹീ സംജ്ഞ ദ്യോതിപ്പിക്കുന്ന ആശയം അതാണ്. നിയമാവിഷ്‌കാര സമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ജനങ്ങളുടെ ജീവിതാവസ്ഥകളെക്കുറിച്ചും അവരുടെ നിലപാടുകളെക്കുറിച്ചും ചിന്താഗതികളെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചുമൊക്കെ അറിവ് വേണം. ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് ഇത്തരം അറിവുകള്‍ കൂടാതെ കഴിയില്ലല്ലോ.
ആറാമത്തെ ഉപാധി: ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റുക. അയാള്‍ പറഞ്ഞാല്‍ ജനം കേള്‍ക്കണം, അനുസരിക്കണം. ആ വ്യക്തി പ്രതിനിധീകരിക്കുന്ന ജനം ഒരുപക്ഷേ ഒരു ഗോത്രമാവാം, ഗ്രാമമാവാം, തൊഴിലാളി വിഭാഗമാവാം, രാഷ്ട്രീയ പാര്‍ട്ടിയാവാം. ഇസ്‌ലാമിന്റെ ആഗമനകാലത്ത് ഗോത്രമായിരുന്നു സംഘശക്തി. പിന്നെയത് പലതരം കൂട്ടായ്മകള്‍ക്ക് വഴിമാറി. അഹ്‌ലുല്‍ ഹല്ലു വല്‍ അഖ്ദ് എന്ന് വിളിക്കപ്പെടുന്ന നേതാക്കള്‍ ഏതു വിധേന വന്നവരാണെങ്കിലും, അത് സംഭവിക്കുന്നത് തെരഞ്ഞെടുപ്പിലൂടെയാണെങ്കിലും ഇസ്‌ലാമിന് അക്കാര്യത്തില്‍ എതിര്‍പ്പൊന്നുമില്ല. പ്രവാചക ചരിത്രത്തിലും ഇസ്‌ലാമിക സംസ്‌കൃതിയിലും ഇതിന് ധാരാളം തെളിവുകളുണ്ട്. ഔസ്, ഖസ്‌റജ് ഗോത്രങ്ങളോട് തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെടുന്നുണ്ടല്ലോ. അങ്ങനെ ഓരോ വിഭാഗത്തിന്റെയും എണ്ണത്തിനനുസരിച്ച് അവരില്‍നിന്ന് പന്ത്രണ്ടു നേതാക്കളെ തെരഞ്ഞെടുത്തു..... ഒരു സംഘത്തില്‍ വ്യവഹാരം ഒരാളുടേത് മാത്രമായിപ്പോകരുത് എന്ന തത്ത്വം മുഹമ്മദ് അബ്ദു വികസിപ്പിച്ചെടുത്തിട്ടുണ്ട്.9
ഖാലിദ് മുഹമ്മദ് ഖാലിദ് എഴുതുന്നു: ''എന്നെ സംബന്ധിച്ചേടത്തോളം ശൂറായുടെ നവീന വ്യാഖ്യാനം പാര്‍ലമെന്ററി ഡെമോക്രസിയാണ്. തങ്ങളുടെ ഇഛകളെയും താല്‍പ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്നവരെ ജനം തെരഞ്ഞെടുക്കുന്നു. രാഷ്ട്രത്തില്‍ സമൂഹത്തിന്റെ അവകാശങ്ങളുടെ പാറാവുകാര്‍ അവരായിരിക്കും. അവര്‍ തന്നെയാണ് അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്.''10 അപ്പോള്‍ കൂടിയാലോചനാ സമിതികളിലെ അംഗങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വിവിധ യോഗ്യതകളുള്ളവരാണെങ്കില്‍ അത്തരം സമിതികളുടെ പോരായ്മകള്‍ക്ക് അത് പരിഹാരമാവും. ഒരു ഇസ്‌ലാമിക രാഷ്ട്ര സംവിധാനം മൂന്ന് വിധത്തിലാണ് രൂപപ്പെടുക:
1. നേര്‍ക്കു നേരെയുള്ള പൊതു തെരഞ്ഞെടുപ്പോ ജനഹിത പരിശോധനയോ. കരാറുകള്‍, ഉടമ്പടികള്‍, ദിശാമാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ തുടങ്ങി രാഷ്ട്രത്തിന്റെയും ജനതയുടെയും ഭാഗധേയം നിര്‍ണയിക്കുന്ന നീക്കങ്ങളില്‍ ജനഹിതമറിഞ്ഞേ മുന്നോട്ടു പോകാനാവൂ. ഇതൊരു രാഷ്ട്രീയ ഇജ്മാഅ് ആണ്. പൊതുജനാഭിപ്രായത്തെ ഒരിക്കലും മാറ്റിനിര്‍ത്താനാവില്ല ഇത്തരം വിഷയങ്ങളില്‍. നേര്‍ക്കു നേരെയുള്ള ഈ ശൂറാ പ്രക്രിയയുടെ നിരവധി മാതൃകകള്‍ നമുക്ക് നബിയുടെയും ഖുലഫാഉര്‍റാശിദുകളുടെയും ചരിത്രത്തില്‍ കാണാം. ഖുര്‍ആനികാധ്യാപനങ്ങളുടെ അക്ഷരാര്‍ഥത്തിലുള്ള പ്രയോഗവല്‍ക്കരണമാണ് എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഇത്തരം തെരഞ്ഞെടുപ്പുകളും ഹിതപരിശോധനകളും. കാരണം രാഷ്ട്രീയവും മറ്റുമായ തീരുമാനങ്ങളില്‍ ഒരാളെയും ഒഴിച്ചുനിര്‍ത്തരുതെന്ന സൂചനയാണ് ഖുര്‍ആനിക പ്രയോഗങ്ങള്‍ നല്‍കുന്നത്. സാമ്പത്തിക മേഖല, കൃഷി, ഗ്രാമ ഭരണം, മുന്‍സിപ്പല്‍ ഭരണം, കുടുംബം തുടങ്ങി സാമൂഹികതയുടെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ശൂറാ സംസ്‌കാരമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്.
2. പ്രാതിനിധ്യം വഴിയുള്ളത്. 'കെട്ടാനും അഴിക്കാനും യോഗ്യതയുള്ളവര്‍' പ്രതിനിധികള്‍ ആയിരിക്കുമല്ലോ. ജനകീയ നേതൃത്വത്തിന്റെ ഒരു പരിഛേദമായിരിക്കും ഇവര്‍. സല്‍സ്വഭാവികള്‍, കറപുരളാത്ത പൊതുജീവിതത്തിന്റെ ഉടമകള്‍, അല്ലാഹുവിനോടും അവന്റെ ദൂതനോടും ആത്മാര്‍ഥതയുള്ള പൊതുസേവകര്‍. ഇവരെ തെരഞ്ഞെടുക്കുന്നത് ഗ്രാമങ്ങളോ നഗരങ്ങളോ ലേബര്‍ യൂനിയനുകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഒക്കെ ആവാം. ഈ പ്രതിനിധി സഭകളില്‍ മുസ്‌ലിമേതര ന്യൂനപക്ഷങ്ങള്‍ക്കും സവിശേഷ കഴിവുകളുള്ളവര്‍ക്കുമെല്ലാം പ്രാതിനിധ്യമുണ്ടാവും. മേല്‍നോട്ടം വഹിക്കുക, ഗവണ്‍മെന്റിനും സമൂഹത്തിനും മാര്‍ഗനിര്‍ദേശം നല്‍കുക തുടങ്ങിയവ ഈ പ്രതിനിധി സഭകളുടെ ഉത്തരവാദിത്തമായിരിക്കും. ''നിങ്ങളില്‍നിന്നൊരു വിഭാഗം ഉണ്ടായിത്തീരേണ്ടതുണ്ട്. അവര്‍ നന്മയിലേക്ക് ക്ഷണിക്കുന്നു, സല്‍കാര്യങ്ങള്‍ ഉപദേശിക്കുന്നു, തിന്മകളെ തടയുകയും ചെയ്യുന്നു'' (3:104).
3. നിയമത്തിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ആഴത്തില്‍ അറിവുള്ള പണ്ഡിത സമിതി. അവര്‍ ദൈവഭക്തരും എന്ത് ത്യാഗങ്ങള്‍ക്കും തയാറുള്ളവരുമായിരിക്കും. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ദിശതെറ്റുന്നില്ലെന്ന് ഉറപ്പു വരുത്തുന്നത് ഇത്തരം ഉന്നതാധികാര സമിതികളായിരിക്കും. ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണം നടത്തി തീര്‍പ്പു കല്‍പ്പിക്കുക ഈ സമിതിയായിരിക്കും. ഇത് രാഷ്ട്രസംവിധാനത്തില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന ഒന്നായിരിക്കും; അമേരിക്കയിലെ സുപ്രീം കോടതി പോലെ, ഫ്രാന്‍സിലെ രാഷ്ട്ര സമിതി പോലെ, ഇറാനിലെ ഭരണഘടനാ സംരക്ഷണ സമിതി പോലെ.
കേവല ഭൂരിപക്ഷമുണ്ട്, എന്നാല്‍ തീരുമാനിച്ചു കളയാം എന്ന നിലപാടല്ല വേണ്ടത്. സമവായമോ (ഇജ്മാഅ്) അതിനോടടുത്തു വരുന്ന തീരുമാനമോ ആണ് ഉണ്ടാവേണ്ടത്. സമൂഹത്തെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ് ശൂറാ ചെയ്യേണ്ടത്. അംഗബലം മാത്രം നോക്കി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ല. ശൂറാ എന്നത് ഇജ്മാഇന്റെ പ്രായോഗിക രൂപമാണ്. ഈ ഐക്യം സാധ്യമാവണമെങ്കില്‍ ബഹുത്വത്തെ അംഗീകരിക്കാനും ആദരിക്കാനും സാധിക്കണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംവാദത്തിന്റെയും ചര്‍ച്ചയുടെയും വഴികള്‍ സ്വീകരിക്കണം. ഐക്യം കാക്കാനെന്ന പേരില്‍ എതിരഭിപ്രായങ്ങളെ റദ്ദു ചെയ്യുന്നത് പുറമെ നിന്നുള്ള ഇടപെടലിന് വഴിയൊരുക്കും, ശൈഥില്യത്തിന് നിമിത്തമാകും. 

കുറിപ്പുകള്‍
1.    മൗലാനാ മൗദൂദി - തദ്‌വീനുദ്ദസ്തൂരില്‍ ഇസ്‌ലാമി പേ: 56-57
2.    ബൈറൂത്തില്‍നിന്നിറങ്ങിയിരുന്ന അല്‍ബയാനില്‍ (1979 ആഗസ്റ്റ്) ഫത്ഹീ ഉസ്മാന്‍ എഴുതിയ ലേഖനം.
3.    ഇസ്മാഈല്‍ ഫാറൂഖി- 'ഹുഖൂഖു ഗൈരില്‍ മുസ്‌ലിമീന ഫിദ്ദൗലതില്‍ ഇസ്‌ലാമിയ്യ' (അല്‍ മുസ്‌ലിമുല്‍ മുആസ്വിറില്‍ -ലക്കം 26- എഴുതിയ ലേഖനം).
4.    ഫഹ്മീ ഹുവൈദി - മുവാത്വിനൂന്‍, ലാ ദിമ്മിയ്യൂന്‍ (ദാറുശ്ശുറൂഖ്, ഹി. 1405)
5.    റാശിദ് ഗന്നൂശി - ഹുഖൂഖുല്‍ മുവാത്വന: മൗഖിഉ ഗൈരില്‍ മുസ്‌ലിം ഫിദ്ദൗലതില്‍ ഇസ്‌ലാമിയ്യ, സലീം അല്‍അവാ - ഫിന്നിളാമിസ്സിയാസീ ലിദ്ദൗലതില്‍ ഇസ്‌ലാമിയ്യ എന്നീ കൃതികള്‍ കാണുക.
6.    അല്‍അവാ - അതേ കൃതി, പേ: 257, 258
7.    അബൂഹബീബ് - ദിറാസതുന്‍ ഫി മിന്‍ഹാജില്‍ ഇസ്‌ലാമിസ്സിയാസി, പേ: 525
8.    മുഹമ്മദ് ഹുസൈന്‍ ഫദ്‌ലുല്ലയുടെ മഫ്ഹൂമുല്‍ ഹുര്‍രിയ്യ ഫില്‍ ഇസ്‌ലാം എന്ന കൃതി കാണുക. ശഹീദ് സയ്യിദ് ഖുത്വ്ബ് 'ജിന്‍സിയത്തുല്‍ മുസ്‌ലിമി അഖീദത്തുഹു' എന്ന ലേഖനത്തിലും തന്റെ മആലിമുത്ത്വരീഖ് എന്ന കൃതിയിലും (പേ: 80) ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.
9.    അബ്ദു - റിളാ: തഫ്‌സീറുല്‍ മനാര്‍
10.    ഖാലിദ് മുഹമ്മദ് ഖാലിദ് - അദ്ദൗലതു ഫില്‍ ഇസ്‌ലാം, പേ: 58, 59

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (56 - 57)
ടി.കെ ഉബൈദ്‌