Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 27

3132

1441 റബീഉല്‍ ആഖിര്‍ 30

പൗരത്വ ഭേദഗതി ബില്‍ പ്രക്ഷോഭത്തിന്റെ നാള്‍വഴികള്‍

കെ.സി സലീം കരിങ്ങനാട്

2019 ഡിസംബര്‍ 4-ന് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും, ഡിസംബര്‍ 10-ന് ലോക്‌സഭയിലും, ഡിസംബര്‍ 11-ന് രാജ്യസഭയിലും പാസ്സാക്കി തൊട്ടടുത്ത ദിവസം തന്നെ രാഷ്ട്രപതി ഒപ്പിട്ട് നിയമമാവുകയും ചെയ്ത പൗരത്വ ഭേദഗതി ബില്‍ ആണ് ഇന്ത്യയില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ ക്ഷണിച്ച് വരുത്തിയ ഒരു ഭേദഗതിയാണ് രാജ്യത്തിന്റെ നിയമനിര്‍മാണ സഭകള്‍ ഏറെ തിടുക്കത്തോടെ പാസ്സാക്കിയെടുത്തത്. ഇന്ത്യ എങ്ങോട്ടാണ് പോയി കൊണ്ടിരിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനകള്‍ പ്രസ്തുത ബില്‍ നമുക്ക് നല്‍കുന്നുണ്ട്. ബില്‍ അവതരണ വേളയില്‍ ഇരുസഭകളിലും ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ മറികടന്നാണ് ബില്‍ പാസ്സാക്കിയെടുത്തത്. ലോക്‌സഭയും രാജ്യസഭയും കടന്ന് പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഇന്ത്യന്‍ തെരുവുകളിലേക്കും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു. പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ തുനിയുന്ന കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ മൂല്യങ്ങളെ റദ്ദ് ചെയ്യുക കൂടിയാണിവിടെ. ജനാധിപത്യ രീതിയില്‍നിന്ന് ഏകാധിപത്യത്തിലേക്ക് വഴിമാറി നടക്കുന്ന എല്ലാ ഭരണകൂടങ്ങളെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെ താഴെയിറക്കിയ ചരിത്രം നമുക്ക് മുന്നില്‍ എന്നും ആവേശവും പ്രചോദനവുമായി നിലനില്‍ക്കുന്നുണ്ട്. ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുന്ന തിടുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ആ തിടുക്കങ്ങളാണ് രാജ്യത്തെ ഇളക്കിമറിച്ചിരിക്കുന്നത്. ആ പ്രക്ഷോഭങ്ങളിലൊക്കെയും ഭാവി പ്രതീക്ഷകളായ വിവിധ ഇന്ത്യന്‍ സര്‍വകലാശാലകളിലെയും കാമ്പസുകളിലെയും വിദ്യാര്‍ഥികള്‍ മുന്‍നിരയിലുണ്ടെന്നതാണ്  ഇതിനെ വ്യതിരിക്തമാക്കുന്നത്.

ഇരുസഭകള്‍ കടന്ന ബില്‍
ഏറെ പ്രതിഷേധങ്ങള്‍ വരുത്തിവെച്ച ശേഷമാണ് ലോക്‌സഭയില്‍ ബില്‍ പാസ്സാക്കുന്നത്. 80-ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുമെത്തുന്ന അമുസ്‌ലിംകളായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി. ഈ രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളതുകൊണ്ട് അവിടെ നിന്നുള്ള മുസ്ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ ജനങ്ങളെ മതപരമായി വിഭജിക്കുന്ന നിയമനിര്‍മാണമാണ് ഭേദഗതിയിലൂടെ ബി.ജെ.പി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. രാഷ്ട്രീയ അജണ്ടകളില്ലെന്നും ഒരു മതത്തിനും ബില്‍ എതിരല്ലെന്നും അമിത് ഷാ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം തുടര്‍ന്നു. ബില്ലിനെതിരെ പ്രതിഷേധിച്ച് ലോക്‌സഭയില്‍ ബില്‍ കീറിയെറിഞ്ഞ  അസദുദ്ദീന്‍ ഉവൈസി ന്യൂറംബെര്‍ഗ് വംശീയ നിയമം പോലെയും ഇസ്രയേല്‍ പൗരത്വ നിയമം പോലെയും പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയതില്‍ അമിത് ഷായുടെ സ്ഥാനം ഹിറ്റ്‌ലര്‍ക്കൊപ്പമായിരിക്കുമെന്ന് തുറന്നടിച്ചു. ആറു മാസം മാത്രം ലോക്‌സഭയില്‍ വന്ന് പരിചയമുള്ള അമിത് ഷാക്ക് സഭാ നടപടിക്രമങ്ങളിലും ചട്ടങ്ങളിലും വലിയ ധാരണ കാണില്ലെന്ന തൃണമൂല്‍ എം.പി സൗഗത റോയിയുടെ പരാമര്‍ശം ബി.ജെ.പി പക്ഷത്തെ ഏറെ പ്രകോപിതരാക്കി. തങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരാണെന്നും ഈ അഞ്ചു വര്‍ഷക്കാലവും തങ്ങളെ കേട്ടിരിക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞപ്പോള്‍ അഞ്ചു വര്‍ഷക്കാലവും നിങ്ങളെ എതിര്‍ത്തുകൊണ്ടേയിരിക്കും എന്നാണ് തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജി അതിന് മറുപടി നല്‍കിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് ബില്ലെന്നും, ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ലംഘിക്കുന്നതും ഭരണഘടനയുടെ ആമുഖത്തിന് എതിരാണെന്നും കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ ചൗധരി കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തെ ബില്ലില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത് അവരെയാണെന്നുള്ള യാഥാര്‍ഥ്യത്തില്‍ നിന്ന് സര്‍ക്കാറിന് ഒളിച്ചോടാനാകില്ലെന്നും അധീര്‍ ചൂണ്ടിക്കാട്ടി. മതത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളുടെ പൗരത്വം തീരുമാനിക്കുന്നതെന്ന് വന്നാല്‍ അത് പാകിസ്താന്റെ ആശയമാണെന്ന് ശശി തരൂര്‍. ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തി മറ്റു ആറു വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ മതത്തിന്റെ പേരിലുള്ള ഭിന്നത തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍.കെ പ്രേമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ഗൗരവ് ഗോഗോയ് എന്നിവരും ബില്ലവതരണത്തെ എതിര്‍ത്ത് സംസാരിച്ചു. 
ദ്വിരാഷ്ട്ര വാദത്തിന് നിയമ പരിരക്ഷ നല്‍കുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ രാജ്യസഭയില്‍ കുറ്റപ്പെടുത്തിയത്. രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്ന ബില്ലാണിത്. സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത്. പേരു പറയാതെ ഒരു സമുദായത്തെ എതിര്‍ക്കുന്ന ബില്ലാണിതെന്നും ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക് ആക്കി മാറ്റരുതെന്നും കപില്‍ സിബല്‍ പറഞ്ഞു. ബില്ലിലൂടെ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍, ജര്‍മനിയില്‍ നാസികള്‍ പാസ്സാക്കിയ ബില്ലിന് സമാനമാണ് കേന്ദ്രം അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്‍ എന്നും ആരോപിച്ചു. 99-ന് എതിരെ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ ബില്‍ പാസ്സാക്കിയത്.

തെരുവുകളെ ഇളക്കിമറിച്ച പ്രതിഷേധങ്ങള്‍
  ബില്ലിന് രാജ്യസഭ അനുമതി നല്‍കിയതോടെ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം ആദ്യം ശക്തിപ്പെട്ടത്. ആയിരങ്ങള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി തെരുവിലിറങ്ങി. അസമില്‍നിന്നാരംഭിച്ച പ്രക്ഷോഭം പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. അസമില്‍  ഇന്റര്‍നെറ്റ് ബന്ധം വരെ വിഛേദിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം ഇത് കാരണം അനിശ്ചിതമായി നീട്ടിവെച്ചു. അമിത് ഷായുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനവും നിര്‍ത്തിവെക്കേണ്ടി വന്നു. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ ഡിസംബര്‍ 12-ന് രാത്രി പത്ത് മുതല്‍ അനിശ്ചിതകാല നിശാനിയമം പ്രഖ്യാപിച്ചിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചും കേന്ദ്രസേനയെ വിന്യസിച്ചും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിഛേദിച്ചുമൊക്കെയാണ് സര്‍ക്കാര്‍ പ്രക്ഷോഭങ്ങളെ നേരിട്ടത്.  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൗരത്വ ബില്ലിനെതിരെ ലക്ഷങ്ങളെ അണിനിരത്തി കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദേശീയ പൗരത്വ ഭേദഗതി നിയമം തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന ആര്‍ജവമുള്ള നിലപാട് സ്വീകരിച്ചു. ഭരണഘടനാവിരുദ്ധമായ നിയമമാണിതെന്നും മതാടിസഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ലെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ചോദ്യം ചെയ്യും. ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന നിയമമാണിത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന നിലപാടുകാരനാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി തുടക്കം മുതലേ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള കാലത്തോളം പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണവര്‍.
കേരളത്തിലും പ്രതിഷേധങ്ങള്‍ ശക്തമാണ്. ഭരണഘടനാവിരുദ്ധമായ പൗരത്വനിയമം പിന്‍വലിക്കാനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുമാവശ്യപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി തലസ്ഥാനത്ത് രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക-സാമുദായിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സത്യാഗ്രഹം നടത്തി. സംസ്ഥാനത്തെ ബി.ജെ.പിയിതര സംഘടനകളെല്ലാം ശക്തമായി സമരരംഗത്തുണ്ട്. പൗരത്വത്തില്‍ വിവേചനം അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് കടപ്പുറത്ത് വന്‍ ജനപങ്കാളിത്തത്തോടെ പൗരത്വ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം പൂക്കോട്ടൂരില്‍ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തിയ ഡേ-നൈറ്റ് മാര്‍ച്ചില്‍ പതിനായിരക്കണക്കിന് യുവാക്കള്‍ അണിചേര്‍ന്നു. ദേശീയ പൗരത്വ ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരത്ത് 'പൗരത്വ ഭേദഗതി ബില്‍ കേരളം തള്ളിക്കളയുന്നു' എന്ന തലക്കെട്ടില്‍ നീതി സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. മത-രാഷ്ട്രീയ-സാമൂഹിക - മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സമ്മേളനമായിരുന്നു അത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, ഡി.എച്ച്.ആര്‍.എം തുടങ്ങി മുപ്പതോളം സംഘടനകളും ആക്ടിവിസ്റ്റുകളും സംയുക്തമായി നടത്തിയ ഹര്‍ത്താലും വിജയം കണ്ടു. വിവിധ മതസംഘടനകളെല്ലാം തന്നെ വ്യത്യസ്ത പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഒട്ടെറെ രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടായ്മകളും നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ്, സി.പി.എം, കേരളത്തില്‍നിന്നുള്ള സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റടക്കം അറുപതോളം ഹരജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

കാമ്പസുകള്‍ തീര്‍ത്ത സമരജ്വാല

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ ജാമിഅ മില്ലിയ്യ സര്‍വകലാശാലാ വിദ്യാര്‍ഥികളാണ് വേറിട്ട പ്രക്ഷോഭത്തിന് നാന്ദി കുറിച്ചത്. ദല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും പൗരത്വ ഭേദഗതി നിയമത്തിലും പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ദല്‍ഹി, ഹൈദറാബാദ്, ലഖ്‌നൗ, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, പട്‌ന തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അലയടിച്ചു. പോലീസ് നരനായാട്ടിനെതിരെ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും വിദ്യാര്‍ഥികള്‍ പ്രതിഷേധ രംഗത്തുണ്ടായിരുന്നു. കൊടും തണുപ്പ് വകവെക്കാതെ ഷര്‍ട്ടൂരി എറിഞ്ഞുള്ള പ്രതിഷേധങ്ങള്‍ക്കും രാജ്യ തലസ്ഥാനം സാക്ഷിയായി. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുമുണ്ടായിരുന്നു. അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും പോലീസിന്റെ അക്രമണത്തിനിരയാകേണ്ടി വന്നു. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ഹൈദറാബാദിലെ മൗലാനാ ആസാദ് നാഷ്‌നല്‍ ഉര്‍ദു സര്‍വകലാശാല, ലഖ്‌നോ നദ്‌വത്തുല്‍ ഉലമ, മദ്രാസ് ഐ.ഐ.ടി, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദറാബാദ് കേന്ദ്ര സര്‍വകലാശാല, പോണ്ടിച്ചേരി സര്‍വകലാശാല, കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാല, കേരളത്തിലെ കോഴിക്കോട് ഫാറൂഖ് കോളേജ്, മലപ്പുറം ഗവ.കോളേജ്, പാലക്കാട് ഗവ. വിക്‌ടോറിയ കോളേജ് തുടങ്ങി വിവിധ കാമ്പസുകളിലെ വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ മതേതര, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങുകയായിരുന്നു. ഭാവി ഇന്ത്യക്ക് ഒരുപാട് പ്രതീക്ഷകളേകുന്ന, രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവതയാണ് കാമ്പസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നതെന്ന ശുഭസൂചനയാണിത് നല്‍കുന്നത്.

രാജ്യാതിര്‍ത്തി കടന്ന പ്രതിഷേധങ്ങള്‍

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും ഭരണകൂട അജണ്ടയെ അപലപിച്ചും വിവിധ ലോകരാജ്യങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്. മുസ്‌ലിംകളെ പാടേ ഒഴിവാക്കിയുള്ള ഇന്ത്യയിലെ പുതിയ പൗരത്വ നിയമ ഭേദഗതി അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം ആശങ്ക പ്രകടിപ്പിച്ചു. 'ആ നിയമം സുപ്രീം കോടതി പുനഃപരിശോധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക് അനുഗുണമായി കോടതി നിയമത്തെ ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.' യു.എന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് ജെറമി ലോറന്‍സ് ജനീവയില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ ഭാഗമായവയുള്‍പ്പെടെ യു.എന്നിന് സ്വന്തമായ അടിസ്ഥാന തത്ത്വങ്ങളുണ്ടെന്നും അവ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഉപവക്താവ് ഫര്‍ഹാന്‍ ഹഖ് പ്രസ്താവിച്ചു. യു.എന്‍ മനുഷ്യാവകാശ വിഭാഗത്തിലെ ചിലര്‍ ഈ നിയമത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. മറ്റൊരു നയതന്ത്ര തിരിച്ചടിയെന്നോണം, പൗരത്വ ബില്‍ പാസ്സാക്കിയതിന് പിറ്റേന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എം.കെ അബ്ദുല്‍ മുഅമിന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലും ബോസ്റ്റണിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. ഓവര്‍സീസ് ഇന്ത്യന്‍ കൗണ്‍സില്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, വിവിധ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഇന്ത്യയില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.
പൗരത്വ ബില്ലിനെതിരെ കടുത്ത വിമര്‍ശനവുമായി വിദേശ മാധ്യമങ്ങളും രംഗത്തുണ്ട്. ഇന്ത്യയിലെ നിയമനിര്‍മാതാക്കള്‍ മതത്തെ ദേശീയതയുടെ മാനദണ്ഡമായി ഉള്‍പ്പെടുത്തുന്നതിനുള്ള പൗരത്വ ഭേദഗതി ബില്ലാണ് പാസ്സാക്കിയിരിക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്. മതേതര ആദര്‍ശങ്ങളില്‍ സ്ഥാപിതമായ ഇന്ത്യ ഒരു ഹിന്ദു രാജ്യമായി മാറുന്നുവെന്ന ആശങ്കയും വാഷിംഗ്ടണ്‍ പോസ്റ്റ് പങ്കു വെക്കുന്നുണ്ട്. ഇന്ത്യയിലെ ഭരണകക്ഷിയായ ഹിന്ദു ദേശീയ സര്‍ക്കാര്‍ മുസ്‌ലിം ജനവിഭാഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള വിവാദ നിയമത്തിന് പാര്‍ലമെന്റില്‍ അംഗീകാരം നേടിയിരിക്കുന്നുവെന്നാണ് ദി  ഇന്‍ഡിപെന്‍ഡന്റ് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭിന്നിപ്പിന്റെ നിയമമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയിരിക്കുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. പുതിയ നിയമനിര്‍മാണം വഴി മുസ്‌ലിംകള്‍ ഒഴികെയുള്ള മതവിഭാഗങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനുള്ള പാതയൊരുക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാറെന്ന് അല്‍ ജസീറ. 64 വര്‍ഷം പഴക്കമുള്ള പൗരത്വ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഇന്ത്യ എന്നും അല്‍ ജസീറ കൂട്ടിച്ചേര്‍ക്കുന്നു.

പ്രമുഖരുടെ നിലപാടുകള്‍, പ്രതികരണങ്ങള്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യക്കകത്തും പുറത്തുമുള്ള അക്കാദമിക വിദഗ്ധരും ശാസ്ത്രജ്ഞരും സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 14 പ്രകാരം നിയമത്തിനു മുമ്പില്‍ സമത്വമോ തുല്യമായ നിയമ സംരക്ഷണമോ ഉറപ്പു നല്‍കുന്ന അവകാശത്തിനെതിരാണിതെന്ന് രാജ്യത്തെ 750-ന് മുകളില്‍ പേര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നരനായാട്ടിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയുമൊക്കെയാണവര്‍ തങ്ങളുടെ പ്രതികരണങ്ങളറിയിച്ചത്. കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പ് നല്‍കുന്നുവെന്നാണ് ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചത്. സമ്പദ്ഘടനയെ തച്ചുടച്ചും തൊഴിലുകള്‍ അപ്രത്യക്ഷമാക്കിയും ഇന്റര്‍നെറ്റ് വിഛേദിച്ചും ലൈബ്രറികളിലേക്ക് പോലീസിനെ അയച്ചും യുവതയുടെ ക്ഷമ അളക്കാന്‍ നില്‍ക്കരുതെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രതികരിച്ചിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (56 - 57)
ടി.കെ ഉബൈദ്‌