Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 27

3132

1441 റബീഉല്‍ ആഖിര്‍ 30

മതാധിഷ്ഠിത പൗരത്വം മ്യാന്മറും ഇസ്രയേലും ചെയ്തത്

പി.കെ. നിയാസ്

ഏതെങ്കിലും ഒരു രാഷ്ട്രത്തിലെ പൗരനായിരിക്കുക എന്നത് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. ഒരു രാഷ്ട്രത്തിലെ പൗരത്വം ഉപേക്ഷിക്കാനും മറ്റൊരു രാജ്യത്തെ പൗരനാവാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. ആര്‍ക്കൊക്കെ പൗരത്വം നല്‍കണമെന്നത് തീരുമാനിക്കാനുള്ള അധികാരം ഒരു രാജ്യത്തിന് ഉണ്ടെങ്കിലും അതിന് മതിയായ കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും പൗരാവകാശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടേ അത്തരം തീരുമാനം കൈക്കൊളളാന്‍ പാടുള്ളൂവെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം വ്യക്തമാക്കുന്നു. അതായത്, മതത്തിന്റെയും വംശത്തിന്റെയും ജാതിയുടെയും പേരില്‍ ഒരാളുടെയും പൗരത്വം സ്വേഛാപരമായി റദ്ദാക്കാന്‍ രാഷ്ട്രത്തിന് അവകാശമില്ല. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ (Universal Declaration of Human Rights) പതിനഞ്ചാം ഖണ്ഡിക ഇക്കാര്യം വ്യക്തമാക്കുന്നു.
1992-ല്‍ നിലവില്‍ വന്ന യൂറോപ്യന്‍ യൂനിയന്‍ ഉടമ്പടിയുടെ ഖണ്ഡിക രണ്ടില്‍ മനുഷ്യന്റെ അന്തസ്സ്, സ്വാതന്ത്ര്യം, ജനാധിപത്യം, തുല്യത, നിയമവാഴ്ച, ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ആദരിക്കല്‍ എന്നിവ യൂനിയന്റെ അടിസ്ഥാന മൂല്യങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍പറഞ്ഞവയിലെ ഏതു ലംഘനവും യൂറോപ്യന്‍ യൂനിയന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ലംഘനമായി കാണുമെന്നും അംഗരാജ്യങ്ങള്‍ ഇത്തരം ലംഘനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ തക്കതായ നടപടികള്‍ സ്വീകരിക്കാമെന്നും ഖണ്ഡിക ഏഴ് വ്യക്തമാക്കുന്നു. ഹംഗേറിയന്‍ പാര്‍ലമെന്റ് മേല്‍പറഞ്ഞ മേഖലകളില്‍ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് ആ രാജ്യത്തിനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആവശ്യപ്പെട്ടുന്ന പ്രമേയം 197-നെതിരെ 448 വോട്ടുകള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത് രണ്ടു വര്‍ഷം മുമ്പു മാത്രമാണ്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അംഗരാജ്യത്തിനെതിരെ ഇത്തരമൊരു നടപടി ഉണ്ടാകുന്നത്.
ഒരാള്‍ മതത്തിന്റെയോ വര്‍ണത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ പേരില്‍ വിവേചനം നേരിടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തുകൂടെന്നാണ് അന്താരാഷ്ട്ര നിയമങ്ങള്‍ അനുശാസിക്കുന്നത്.  ഏതെങ്കിലും തരത്തിലുള്ള വിവേചനം ഭയന്ന് അന്യരാജ്യത്ത് അഭയം തേടിയാല്‍ മാനുഷിക പരിഗണന നല്‍കി വ്യക്തികളെയോ സംഘങ്ങളെയോ ഉള്‍ക്കൊള്ളണമെന്നത് ഓരോ രാജ്യവും ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യമാണ്. പരിഷ്‌കൃത രാഷ്ട്രങ്ങള്‍ ഇവ പാലിക്കുന്നു. വിവിധ അന്താരാഷ്ട്ര ഉടമ്പടികളില്‍ ഒപ്പുവെക്കുന്നതോടെ രാഷ്ട്രങ്ങളുടെ മേല്‍ അതൊരു ബാധ്യതയായി മാറുകയാണ്.
വംശീയവും മതപരവുമായ മുഴുവന്‍ വിവേചനങ്ങളെയും നിരാകരിക്കുന്ന 1969-ലെ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലും (International Convention on the Elimination of All Forms of  Racial Discrimination) രാഷ്ട്രീയ, പൗരാവകാശങ്ങള്‍ ഉറപ്പാക്കുന്ന അന്താരാഷ്ട്ര കരാറിലും (International Covenant on Civil and Political Rights)  ഭാഗഭാക്കായ രാജ്യമാണ് ഇന്ത്യ. ഇവയുടെയൊക്കെ നഗ്നമായ ലംഘനമാണ് പൗരത്വ ഭേദഗതി നിയമവും (CAA) ദേശീയ പൗരത്വ പട്ടികയും (NRC). ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുന്ന മൂന്നു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിംകളല്ലാത്ത ആറ് മതവിഭാഗക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ വിഭാവന ചെയ്യുന്ന സി.എ.എ അന്താരാഷ്ട്ര ചട്ടങ്ങളുടെ മാത്രമല്ല, ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന തുല്യനീതിയുടെയും നഗ്‌നമായ ലംഘനമാണ്. സി.എ.എക്കു പിന്നാലെ നടപ്പാക്കാന്‍ പോകുന്ന എന്‍.ആര്‍.സിയാവട്ടെ, നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇന്ത്യയില്‍ ജീവിച്ചവരുടെയും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരുടെയും പിന്മുറക്കാരുടെ പൗരത്വം റദ്ദാക്കി അവരെ രണ്ടാം കിട പൗരന്മാരാക്കാനുള്ള ഹിന്ദു രാഷ്ട്രവാദികളുടെ ഗൂഢാലോചനകള്‍ക്ക് അരങ്ങൊരുക്കുന്ന കാടന്‍ നിയമമാണ്. ബുദ്ധമതക്കാര്‍ അതിന്റെ ഭീകരത പുറത്തെടുത്ത മ്യാന്മാറും സയണിസ്റ്റ് ഭീകരത അരങ്ങുവാഴുന്ന ഇസ്രയേലും ചുട്ടെടുത്ത മതവിവേചന നിയമങ്ങളോടാണ് അതിന് സാമ്യം.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അഭയാര്‍ഥി ഏജന്‍സിയായ UNHCR-ന്റെ 2014 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രണ്ടു ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മര്‍, എരിത്രിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഇവരില്‍ ഉള്‍പ്പെടും. ഏറ്റവും ആദ്യം അഭയാര്‍ഥികള്‍ ആയി എത്തിയതും അംഗസംഖ്യയില്‍ കൂടുതലുള്ളതും ബുദ്ധമതക്കാരായ തിബത്തന്‍ അഭയാര്‍ഥികളാണ്. 1959 മുതല്‍ അവര്‍ ഇന്ത്യയുടെ ഭാഗമാണ്. ഒന്നേകാല്‍ ലക്ഷത്തിലേറെയാണ് അവരുടെ എണ്ണം. പഴയ കിഴക്കന്‍ പാകിസ്താനില്‍നിന്ന് ബുദ്ധമതക്കാരായ ചക്മകള്‍ 1963 മുതല്‍ ഇന്ത്യയില്‍ അഭയം തേടിയെത്തിയിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങളില്‍നിന്ന് രക്ഷതേടി തമിഴ് വംശജരായ ഹിന്ദുക്കള്‍ 1983-ലും 89-ലും 95-ലും വ്യാപകമായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഇതൊക്കെ അവഗണിച്ചുകൊണ്ട്, മ്യാന്മറിലെ കൂട്ടക്കൊലകളില്‍നിന്ന് രക്ഷതേടിയെത്തിയ റോഹിങ്ക്യന്‍ മുസ്‌ലിംകളെ മാത്രം അവരുടെ മതം നോക്കി ഭീകരരുടെ പട്ടികയില്‍പെടുത്തുന്ന മനുഷ്യത്വവിരുദ്ധമായ നടപടികളാണ് സംഘ്പരിവാര്‍ ഭരണകൂടം കൈക്കൊണ്ടത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മറ്റു അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമ്പോള്‍ റോഹിങ്ക്യക്കാര്‍ മുസ്‌ലിംകളായതുകൊണ്ടു മാത്രം അത് നിഷേധിക്കപ്പെടും. അവരാകട്ടെ, നാടുകടത്തില്‍ ഭീഷണിയിലുമാണ്. ബംഗ്ലാദേശ് അഭയാര്‍ഥികളുടെ കാര്യത്തിലും ഇതാണ് സംഭവിക്കാന്‍ പോകുന്നത്.
റോഹിങ്ക്യകളെ മാത്രമാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ നാടുകടത്തിയത്. പീഡനം ഭയന്ന് പിറന്ന മണ്ണ് വിട്ടോടിയവരെ അതേ പീഡന കേന്ദ്രത്തിലേക്ക് തിരിച്ചയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. 2018 ഒക്‌ടോബര്‍ നാലിന് ഏഴംഗ സംഘത്തെ മ്യാന്മറിലേക്ക് നാടുകടത്തിയാണ് ബി.ജെ.പി ഭരണകൂടം തങ്ങളുടെ മുസ്‌ലിം വിരുദ്ധത പുറത്തെടുത്തത്. മതിയായ രേഖകള്‍ ഇല്ലെന്ന കുറ്റം ചുമത്തി 2012 മുതല്‍ ജയിലില്‍ കഴിയുന്ന ഇവരെ അഭയാര്‍ഥികളായി കണക്കാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും പ്രശ്‌നത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു നാടുകടത്തല്‍. 
ദല്‍ഹിയിലെ കാളിന്ദിഗഞ്ച് ക്യാമ്പില്‍ അമ്പതോളം അഭയാര്‍ഥി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. അവരില്‍പെട്ട അഞ്ചംഗ കുടുംബത്തെ ഈ വര്‍ഷാദ്യം നാടു കടത്തിയതോടെ റോഹിങ്ക്യകളില്‍ ഭീതി പടര്‍ന്നു. തുടര്‍ന്ന് 1,330-ലേറെ പേര്‍ ബംഗ്ലാദേശിലേക്ക് കടക്കുകയുണ്ടായി. പതിനാറു കുട്ടികളും ആറു സ്ത്രീകളും ഉള്‍പ്പെടെയുള്ള 31 അംഗ സംഘത്തെ അതിര്‍ത്തിയില്‍ ബംഗ്ലാദേശ് തടഞ്ഞതോടെ എവിടേക്കും പോകാനാവാതെ നാലു ദിവസമാണ് ഈ അഭയാര്‍ഥികള്‍ കഴിഞ്ഞത്. ഇവരുടെ കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് 31 പേരെയും അറസ്റ്റ് ചെയ്ത് ഇന്ത്യ ജയിലിലടച്ചു. അഭയാര്‍ഥികള്‍ മുസ്‌ലിംകള്‍ ആയതുകൊണ്ടു മാത്രം തടവറകളില്‍ കഴിയേണ്ട സാഹചര്യമാണ് സംഘ്പരിവാറിന്റെ മതഭ്രാന്തന്‍ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.

മ്യാന്മറിന്റെ പാതയിലേക്കോ?

'ദേശ വംശീയത' എന്ന ഹിറ്റ്‌ലറുടെ ആശയം ആധുനിക കാലത്തും പിന്തുടര്‍ന്ന രാജ്യങ്ങളിലൊന്നാണ് മ്യാന്മര്‍ എന്നറിയപ്പെടുന്ന പഴയ ബര്‍മ. 1982-ല്‍ അവിടത്തെ പട്ടാള ജണ്ട നടപ്പിലാക്കിയ പൗരത്വ നിയമത്തിന് പിന്നില്‍ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ, നൂറ്റാണ്ടുകളായി രാജ്യത്ത് ജീവിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ പുറന്തള്ളുക. അതിന് അനുസൃതമായുള്ള നിബന്ധനകളാണ് പൗരത്വ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. ഈ നിയമപ്രകാരം ബ്രിട്ടീഷുകാരുടെ പ്രഥമ അധിനിവേശകാലമായ 1824-നു മുമ്പ് രാജ്യത്ത് ഉണ്ടായിരുന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമേ പൂര്‍ണ പൗരത്വത്തിന് അര്‍ഹതയുണ്ടായിരുന്നുള്ളൂ. ഇവരാണ് ദേശവംശം എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നത്.
പുതിയ നിയമം പൗരന്മാരെ മൂന്നായി തിരിച്ചു: 1. യഥാര്‍ഥ പൗരന്മാര്‍, 2. അസോസിയേറ്റ് പൗരന്മാര്‍, 3. പൗരത്വം നല്‍കപ്പെട്ട വിദേശികള്‍.
എല്ലാം പൗരന്മാര്‍ക്കും ദേശീയ പൗരത്വ റജിസ്‌ട്രേഷന്‍ കാര്‍ഡ് (എന്‍.ആര്‍.സി) നിര്‍ബന്ധമാക്കി. പരമ്പരാഗതമായി രാജ്യത്ത് ജീവിക്കുന്നവരായാലും ഭരണകൂടം ആവശ്യപ്പെടുന്ന രേഖകളില്ലാത്തവരെ ഒന്നുകില്‍ ഫോറിന്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് (എഫ്.ആര്‍.സി) നല്‍കി രണ്ടാംകിട പൗരന്മാരാക്കും, അല്ലെങ്കില്‍ രാജ്യത്തുനിന്ന് പുറന്തള്ളുമെന്നായിരുന്നു നിയമത്തില്‍ പറഞ്ഞിരുന്നത്. ഭീകരമുറകളിലൂടെ അത് നടപ്പാക്കാന്‍ തുടങ്ങിയതോടെ 12 ലക്ഷത്തോളമുണ്ടായിരുന്ന മ്യാന്മറിലെ റോഹിങ്ക്യന്‍ ജനസംഖ്യ ഒരു ലക്ഷത്തോളമായി ചുരുങ്ങി. റോഹിങ്ക്യകളെ ആ പേരില്‍ അഭിസംബോധന ചെയ്യാന്‍ പോലും ഭരണകൂടം തയാറായിരുന്നില്ല. ബംഗാളികളെന്നാണ് അവരെ വിളിച്ചിരുന്നത്. പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഗവണ്‍മെന്റ് ഒരുക്കിയ തടവറ ക്യാമ്പുകളിലാണ് അവര്‍ കഴിയുന്നത്. എഫ്.ആര്‍.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവര്‍ക്ക് വോട്ടവകാശമോ സര്‍ക്കാര്‍ ജോലികളോ ലഭിക്കില്ല. ഭരണകൂടത്തിന്റെ കണ്ണില്‍ അവര്‍ വിദേശികളാണ്. ഒമ്പതു ലക്ഷത്തിലേറെ പേര്‍ ബംഗ്ലാദേശിലും ശേഷിക്കുന്നവര്‍ മറ്റു പല രാജ്യങ്ങളിലേക്കും പലായനം ചെയ്തു. പലയിടങ്ങളിലും വളരെ പ്രയാസകരമായ ജീവിതമാണ് അവര്‍ നയിക്കുന്നത്.
പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ പഴയ ബര്‍മയിലെ അരാക്കാന്‍ എന്ന പ്രദേശത്ത് ജീവിച്ചിരുന്ന മുസ്‌ലിം വിഭാഗമാണ് റോഹിങ്ക്യകള്‍. അറാക്കാന്‍ പ്രദേശം അന്ന് ബംഗാള്‍ സുല്‍ത്താന്മാരുടെ ഭരണപ്രദേശമായിരുന്നു. അറാക്കാന്‍ സ്വതന്ത്ര രാജ്യമായപ്പോഴും അവിടത്തെ രാജാക്കന്മാര്‍ സുല്‍ത്താന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഭരണത്തിലും സൈന്യത്തിലുമൊക്കെ റോഹിങ്ക്യകള്‍ മുഖ്യപങ്ക് വഹിച്ചിരുന്നു അക്കാലത്ത്. 1785-ല്‍ അറാക്കാന്‍ ബര്‍മയുടെ കീഴിലായെങ്കിലും 1825-ല്‍ ആദ്യ ആംഗ്ലോ-ബര്‍മീസ് യുദ്ധത്തില്‍ ബര്‍മ പരാജയപ്പെട്ടതോടെ പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. റോഹിങ്ക്യകളുടെ എണ്ണം വര്‍ധിച്ചുവരുന്നത് അവിടത്തെ ബുദ്ധമത വിഭാഗക്കാര്‍ ആശങ്കയോടെയാണ് കണ്ടത്. പലപ്പോഴും ഇത് ഏറ്റുമുട്ടലുകളിലേക്ക് നീങ്ങി. ബ്രിട്ടീഷുകാര്‍ അന്വേഷണ കമീഷനെ നിയോഗിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. 1937-ല്‍ ബ്രിട്ടീഷ് ബര്‍മയെ ബ്രിട്ടീഷ് ഇന്ത്യയില്‍നിന്ന് വേര്‍പിരിക്കുകയും 1948-ല്‍ ഔദ്യോഗികമായി അതിര്‍ത്തി നിര്‍ണയിക്കുകയും ചെയ്തു. ജപ്പാന്റെ അധിനിവേശകാലത്ത് ജപ്പാനെതിരെ പോരാടാന്‍ ആയുധങ്ങള്‍ നല്‍കി റോഹിങ്ക്യകളെ ബ്രിട്ടീഷുകാര്‍ ഉപയോഗപ്പെടുത്തി. എന്നാല്‍, പഴയ അറാക്കാനിലെ (റാഖൈന്‍) ഭൂരിപക്ഷമായ ബുദ്ധവംശജര്‍ ജാപ്പനീസ് അധിനിവേശക്കാരോടൊപ്പമായിരുന്നു. അന്ന് തൊട്ടാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള വൈരം ശക്തമാകുന്നത്. 1962-ല്‍ ജനറല്‍ നെ വിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സൈനിക അട്ടിമറിക്കുശേഷം റോഹിങ്ക്യകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ ആരംഭിച്ചു. 
റോഹിങ്ക്യകള്‍ക്ക് മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്ന നടപടികളാണ് മ്യാന്മര്‍ ഭരണകൂടം കൈക്കൊണ്ടത്. സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലികള്‍ക്കുമുള്ള അവകാശങ്ങള്‍ എന്നിവ നിഷേധിക്കപ്പെട്ടു. അടിച്ചമര്‍ത്തപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമെന്നാണ് റോഹിങ്ക്യന്‍ മുസ്‌ലിംകളെ 2013-ല്‍ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. 2017-ല്‍ മ്യാന്മര്‍ ഭരണകൂടം ആരംഭിച്ച വംശീയ ഉന്മൂലനത്തില്‍ 730 കുട്ടികള്‍ ഉള്‍പ്പെടെ 6,700-ലേറെ റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരായി. വെറും 400-ല്‍ താഴെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു ഭരണകൂടഭാഷ്യം. റോഹിങ്ക്യകള്‍ താമസിക്കുന്ന രാഖൈന്‍ സ്റ്റേറ്റിലെ 288 ഗ്രാമങ്ങള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ തീയിട്ടുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ആധുനിക കാലത്തെ ഏറ്റവും വലിയ വംശീയ വിവേചനമാണ് റോഹിങ്ക്യകള്‍ക്കെതിരെ അരങ്ങേറുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചന വിരുദ്ധ പോരാളിയും നൊബേല്‍ സമ്മാന ജേതാവുമായ ഡെസ്മണ്ട് ടുട്ടുവിനെപ്പോലെയുള്ള പ്രമുഖര്‍ അഭിപ്രായപ്പെടുന്നു.
സമാധാനത്തിന്റെ വക്താക്കളായി വിശേഷിപ്പിക്കാറുള്ള ബുദ്ധമത വിശ്വാസികളും അവരുടെ ഗുരുക്കന്മാരുമാണ് റോഹിങ്ക്യകളുടെ സമ്പൂര്‍ണ ഉന്മൂലനത്തിനായി കാത്തിരിക്കുന്നത്. ഇസ്രയേലിലേതുപോലെ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ടെററിസം പത്തിവിടര്‍ത്തി നില്‍ക്കുന്ന നാടാണ് മ്യാന്മര്‍. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള റോഹിങ്ക്യകളുടെ അവകാശത്തെ ചോദ്യം ചെയ്യുകയും അവരെ നിഷ്ഠുരമായി കൊന്നൊടുക്കുകയും ചെയ്യുന്ന ഭീകരതയെ താലോലിക്കുന്ന നിലപാടാണ് പട്ടാള ജണ്ടയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടുകയും പതിറ്റാണ്ടുകള്‍ വീട്ടുതടങ്കലില്‍ കഴിയുകയും ചെയ്ത ഓംങ് സാന്‍ സൂചിയെന്ന പഴയ പോരാളിയും സ്വീകരിച്ചത്. 
റോഹിങ്ക്യകളെ വംശശുദ്ധീകരണം നടത്തിയ സംഭവങ്ങള്‍ വ്യക്തമായ തെളിവുകളോടെ മൂന്നു ദിവസത്തെ ട്രൈബ്യൂണല്‍ സെഷനില്‍ ഉന്നയിക്കപ്പെട്ടപ്പോഴും അതിനെ പൂര്‍ണമായും നിഷേധിച്ച സൂചിയെ ഞെട്ടിച്ചുകൊണ്ട് മ്യാന്മര്‍ സൈന്യത്തിന്റെ ഭീകരത നേരില്‍ കണ്ട ഹമീദ ഖാതൂനും യൂസുഫ് അലിയും ഹസീന ബീഗവും ഹേഗിലെ കോടതി മുമ്പാകെ എത്തി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ബംഗ്ലാദേശിലെ കോക്‌സ്ബസാറിലെ കുതുപലോംഗ് റോഹിങ്ക്യ അഭയാര്‍ഥി ക്യാമ്പില്‍നിന്ന് എത്തിയതായിരുന്നു ഇവര്‍. സൂചിയെന്ന മനുഷ്യാവകാശ പോരാളി 2010-ല്‍ മത്സരിച്ചപ്പോള്‍ അവര്‍ക്ക് വോട്ട് ചെയ്തയാളായിരുന്നു താനെന്ന് അമ്പതുകാരിയായ ഖാതൂന്‍ ഓര്‍മിപ്പിച്ചു. 2017-ല്‍ മ്യാന്മര്‍ സൈന്യം നടത്തിയ ക്ലിയറന്‍സ് ഓപറേഷനില്‍ കാണാതായ തന്റെ ഭര്‍ത്താവ് പിന്നീട് തിരിച്ചുവന്നിട്ടില്ലെന്നും തന്റെ സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടുവെന്നും അവര്‍ വിശദീകരിക്കുകയുണ്ടായി. അലി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സൈന്യത്തിന്റെയും ബുദ്ധമത വിഭാഗക്കാരുടെയും നിഷ്ഠുരമായ പീഡനങ്ങള്‍ കണ്ടുവളര്‍ന്ന ഇരുപത്തിരണ്ടുകാരിയായ ഹസീന, സൂചിയെന്ന മനുഷ്യദ്രോഹിയോടുള്ള അടങ്ങാത്ത വിദ്വേഷമാണ് പങ്കുവെച്ചത്. സൂചി പെരും നുണ പറയുകയാണെന്ന് മൂവരും ഒരേ സ്വരത്തില്‍ വ്യക്തമാക്കുന്നു.   
 
ഇസ്രയേലില്‍ സംഭവിച്ചത്

ഇസ്രയേലിനെ സമ്പൂര്‍ണ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കുന്ന 'നാഷന്‍ സ്റ്റേറ്റ് ബില്‍' 2018 ജൂലൈ 19-ന് നിയമനിര്‍മാണ സഭ (നെസറ്റ്) പാസ്സാക്കിയത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇസ്രയേല്‍ രാഷ്ട്രം എഴുപതാം വാര്‍ഷികം ആഘോഷിച്ച് അധികനാള്‍ കഴിയും മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിന് അനുകൂലമായി 62 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 55 എം.പിമാര്‍ എതിര്‍ത്തു വോട്ടു ചെയ്തു. എതിര്‍ത്തവരില്‍ ഭരണപക്ഷത്തുള്ള നിരവധി പ്രമുഖരുമുണ്ടായിരുന്നു. ബില്ല് ജനാധിപത്യവിരുദ്ധവും രാജ്യത്തെ മത ന്യൂനക്ഷങ്ങളോട് വിവേചനം കാട്ടുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന തിരിച്ചറിവാണ് എതിര്‍ത്ത് വോട്ടുചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത്. എന്നാല്‍ നേരിയ ഭൂരിപക്ഷത്തിന് ബില്ല് പാസ്സായതോടെ അത് നിയമമായി. സുപ്രീം കോടതി പോലും അതിനെതിരെ രംഗത്തുവന്നില്ല.
ഇസ്രയേല്‍ ചരിത്രപരമായി ജൂതന്മാരുടെ ജന്മഭൂമിയാണെന്നും സ്വയംനിര്‍ണയാവകാശം ജൂതന്മാര്‍ക്ക് മാത്രം പരിമിതപ്പെടുമെന്നുമാണ് പുതിയ നിയമം പറയുന്നത്. നിലവില്‍ ഔദ്യോഗിക ഭാഷകളില്‍ ഇടമുണ്ടായിരുന്ന അറബിയെ ഒഴിവാക്കി ഹീബ്രുവിനെ മാത്രം ഔദ്യോഗിക ഭാഷയാക്കിയെങ്കിലും വന്‍ പ്രതിഷേധം ഭയന്ന് അറബിക്ക് 'പ്രത്യേക പദവി' നല്‍കി.  ജൂത മതവുമായി ബന്ധപ്പെട്ടവ ഇസ്രയേലിന്റെ ദേശീയ ചിഹ്നങ്ങളാക്കി. 
1948-ലെ ഇസ്രയേല്‍ രാഷ്ട്ര സ്ഥാപന പ്രഖ്യാപനത്തില്‍ പറയുന്നു: '...ജൂതന്മാര്‍ക്ക് കുടിയേറ്റത്തിനായി ഇസ്രയേലിന്റെ വാതിലുകള്‍ തുറന്നുകിടക്കുമെങ്കിലും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മതം, ജാതി, ലിംഗ വ്യത്യാസങ്ങളില്ലാതെ തുല്യനീതിയും സാമൂഹിക-രാഷ്ട്രീയ അവകാശങ്ങളും ഉറപ്പു നല്‍കുന്നതായിരിക്കും. എല്ലാവര്‍ക്കും അവരുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തും. അവരുടെ ഭാഷ, സംസ്‌കാരം എന്നിവ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കും. എല്ലാ മതവിഭാഗങ്ങളുടെയും പുണ്യ കേന്ദ്രങ്ങള്‍ക്കും സംരക്ഷണമുണ്ടാകും. ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിലെ തത്ത്വങ്ങള്‍ രാഷ്ട്രം മുറുകെ പിടിക്കുന്നതാണ്...'
എന്നാല്‍ ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നതു മുതല്‍ എല്ലാ അര്‍ഥത്തിലും മേല്‍ പ്രഖ്യാപനങ്ങള്‍ ഒന്നൊന്നായി കാറ്റില്‍ പറത്തി. 1967-ലെ യുദ്ധത്തില്‍ കൂടുതല്‍ ഫലസ്ത്വീന്‍ പ്രദേശങ്ങളില്‍ അധിനിവേശം നടത്തി അവിടങ്ങളിലെ ജനങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരിക്കാന്‍ തുടങ്ങി സയണിസ്റ്റ് ഭരണകൂടം. അവരുടെ ആരാധനാ സ്വാതന്ത്ര്യം മാത്രമല്ല, പൗരാവകാശങ്ങള്‍ ഒന്നടങ്കം കവര്‍ന്നെടുത്തു. യുദ്ധത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങള്‍ എന്നും ഇസ്രയേലിന്റേതാണെന്ന് ഉറപ്പിക്കുന്ന നിയമങ്ങള്‍ പല ഘട്ടങ്ങളിലായി സയണിസ്റ്റ് ഭരണകൂടം പാസ്സാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എന്‍ ആധികാരികമായി പ്രസ്താവിച്ച വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കന്‍ ജറൂസലം, ലബനാനിലെ ഗോലാന്‍ കുന്നുകള്‍ എന്നിവിടങ്ങളിലെ അധിനിവേശങ്ങള്‍ ഇങ്ങനെ 'നിയമവിധേയ'മാക്കിയതാണ്.
എണ്‍പതു ലക്ഷത്തിലേറെ വരുന്ന ഇസ്രയേലി ജനസംഖ്യയില്‍ 18 ലക്ഷത്തിലേറെ (20 ശതമാനം) വരും അറബികള്‍. എന്നാല്‍, കാലങ്ങളായി അറബ് വംശജരെ രണ്ടാം തരക്കാരായാണ് സയണിസ്റ്റ് ഭരണകൂടങ്ങള്‍ പരിഗണിച്ചുപോന്നിരുന്നത്. ഇസ്രയേലി പൗരന്മാരായ ഫലസ്ത്വീനികളോടും അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങളോടും വിവേചനം കാണിക്കുന്ന 65-ലേറെ നിയമങ്ങള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ അവര്‍ ചുട്ടെടുത്തിട്ടുണ്ട് എന്നറിയുമ്പോഴാണ് സയണിസ്റ്റ് ഭരണത്തില്‍ ജൂതന്മാരല്ലാത്തവര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ വ്യാപ്തി ബോധ്യപ്പെടുക. മുസ്‌ലിംകളെ മാത്രമല്ല, ക്രിസ്ത്യാനികളെയും ഭരണകൂടവുമായി കുടുതല്‍ അടുപ്പമുള്ള ദ്രൂസുകളെയും ബാധിക്കുന്നതാണ് പല നിയമങ്ങളും. മേല്‍പറഞ്ഞ നിയമങ്ങളില്‍ 57 എണ്ണവും ഇസ്രയേലിലെ ഫലസ്ത്വീന്‍ പൗരന്മാരെ ലക്ഷ്യമിടുന്നവയാണ്. നെസറ്റിലെ അറബ് എം.പിമാരെ നോക്കുകുത്തികളാക്കി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഉണ്ടാക്കിയതാണ് അവയില്‍ മുപ്പത്തൊന്നും. 
ഇസ്രയേല്‍ നിലവില്‍വന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്ക് പാസ്സാക്കിയ 1950-ലെ 'ആബ്‌സന്റീസ് പ്രോപര്‍ട്ടീ ലോ' ജന്മനാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്ത്വീനികള്‍ക്ക് തങ്ങളുടെ ഭൂമിയും സ്വത്തുവകകളും നിഷേധിക്കുന്ന നിയമമാണ്. 1960-ലെ 'ഇസ്രയേലി ലാന്റ്‌സ് ലോ' ഭൂമി ലീസിന് എടുക്കുന്നതില്‍നിന്ന് ഫലസ്ത്വീനികളെ വിലക്കുന്നു. 2003-ല്‍ പാസ്സാക്കിയ നിയമം (Ban of Family Unification) ഇസ്രയേല്‍ പിറവിയോടെ വേര്‍പ്പെട്ട ഫലസ്ത്വീന്‍ കുടുംബങ്ങളുടെ കൂടിച്ചേരലിനെ തുരങ്കം വെക്കുന്നു. ഏറ്റവുമൊടുവില്‍, 2018-ല്‍ പാസ്സാക്കിയ 'ബ്രീച്ച് ഓഫ് ലോയല്‍റ്റി ലോ' ജറൂസലമിലെ ആയിരക്കണക്കിന് ഫലസ്ത്വീനികളെ പുറത്താക്കാനുള്ള വിവിധ വകുപ്പുകള്‍ ചേര്‍ത്ത് തയാറാക്കിയതാണ്. വിവേചന പൂര്‍ണമായ നിയമങ്ങളില്‍ ചിലത് മാത്രമാണിവ.
അറബികളായ പൗരന്മാരെ ഇസ്രയേലില്‍നിന്ന് പുറത്താക്കാന്‍ പല പദ്ധതികളും കാലങ്ങളായി ആവിഷ്‌കരിച്ചുവരികയാണ് ഇസ്രയേലിലെ തീവ്ര വലതുപക്ഷ ഗവണ്‍മെന്റുകള്‍. ചില ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്ത് ഫലസ്ത്വീനികളായ പൗരന്മാരെ വെസ്റ്റ് ബാങ്കിലേക്കോ ഗസ്സയിലേക്കോ കയറ്റി അയക്കാനുള്ള പദ്ധതി വരെ തയാറാക്കിയിട്ടുണ്ട്. ഗസ്സയും വെസ്റ്റ് ബാങ്കും മാത്രം ഉള്‍പ്പെടുത്തിയോ ഈജിപ്തില്‍നിന്ന് സീനായിയുടെ ചില പ്രദേശങ്ങള്‍ അതിനോട് ചേര്‍ത്തോ ഫലസ്ത്വീനികള്‍ക്ക് ഒരു രാജ്യം നല്‍കാന്‍ അറബ് രാജ്യങ്ങളില്‍ ചിലവയുടെ പിന്തുണയോടെ ഗൂഢപദ്ധതി പോലും അരങ്ങേറിയിരുന്നു. ഇപ്പോള്‍ അതും കടന്ന് കൂടുതല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ പണിത് വെസ്റ്റ് ബാങ്കും സയണിസ്റ്റ് രാഷ്ട്രത്തിനു കീഴിലാക്കി വികസിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
തലമുറകളായി ഫലസ്ത്വീന്‍ മണ്ണില്‍ ജീവിക്കുന്ന അറബ് മുസ്‌ലിംകളെ  കൊന്നും ഭീകര മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആട്ടിപ്പുറത്താക്കിയുമാണ് സയണിസ്റ്റുകള്‍ ഇസ്രയേല്‍ രാഷ്ട്രം ഉണ്ടാക്കിയത്. 1940-കളിലും അമ്പതുകളിലും ഏഴര ലക്ഷത്തോളം വരുന്ന ഫലസ്ത്വീനികള്‍ സ്വന്തം മണ്ണില്‍നിന്ന് വംശീയ ഉന്മൂലനം ചെയ്യപ്പെട്ടിരുന്നില്ലെങ്കില്‍ ഇസ്രയേലി ജനസംഖ്യയില്‍ ഇക്കാണുന്ന 20 ശതമാനത്തിന്റെ കണക്കായിരുന്നില്ല ഫലസ്ത്വീനികള്‍ക്ക് പറയാനുണ്ടാവുക. പുറത്താക്കപ്പെട്ട ഫലസ്ത്വീനികളെ തിരിച്ചുവരാന്‍ അനുവദിക്കില്ലെന്ന സയണിസ്റ്റുകളുടെ ധിക്കാരം യു.എന്‍ പ്രമേയങ്ങളുടെ ലംഘനമാണ്. യു.എന്‍ രക്ഷാസമിതി പാസ്സാക്കിയ 194-ാം നമ്പര്‍ പ്രമേയം ജന്മനാട്ടിലേക്ക് തിരിച്ചുവരാനുള്ള ഫലസ്ത്വീനീ അഭയാര്‍ഥികളുടെ അവകാശം ഊന്നിപ്പറയുന്നുണ്ട്. തിരിച്ച് 'ഫലസ്ത്വീന്‍ മണ്ണിലേക്ക് തിരിച്ചുവരാന്‍ ജൂതന്മാര്‍ക്കുള്ള അവകാശ'ത്തെക്കുറിച്ച് ഒരു അന്താരാഷ്ട്ര നിയമത്തിലും ഒരു പരാമര്‍ശവുമില്ലെന്നതും ശ്രദ്ധേയമാണ്.
ഫലസ്ത്വീനികളെ ജന്മനാട്ടില്‍നിന്ന് പുറത്താക്കി സൈനിക പിന്‍ബലത്തില്‍ 1948-ല്‍ നിലവില്‍ വന്ന ഇസ്രയേല്‍ അതിന്റെ 'സ്വാതന്ത്ര്യ പ്രഖ്യാപന'ത്തെയാണ് പുതിയ നിയമത്തിലൂടെ റദ്ദു ചെയ്തത്. ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുമെന്നും മതം, ജാതി, ലിംഗം എന്നിവക്ക് അതീതമായി തുല്യത ഉറപ്പുവരുത്തുമെന്നുമുള്ള പ്രസ്തുത പ്രഖ്യാപനം കാറ്റില്‍ പറത്തിയ നടപടിക്കെതിരെ ആദ്യം ശബ്ദിക്കേണ്ടത് ഇസ്രയേല്‍ പിറവിക്ക് പച്ചക്കൊടി കാട്ടിയ യു.എന്നും അതിനു പിന്തുണ നല്‍കിയ രാജ്യങ്ങളുമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഐക്യരാഷ്ട്ര സഭയോ ലോകത്തെ വന്‍ശക്തി രാഷ്ട്രങ്ങളോ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഫലസ്ത്വീന്‍ പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരത്തിനായി ഇവരൊക്കെ നിരന്തരം ആവര്‍ത്തിക്കാറുള്ള ദ്വിരാഷ്ട്ര ഫോര്‍മുലയെ തല്ലിക്കെടുത്തുന്നതാണ് പുതിയ നിയമം. 
മതത്തിന്റെ പേരില്‍ ഉദയം ചെയ്ത രാഷ്ട്രങ്ങളും, ബഹുഭൂരിപക്ഷം ജനങ്ങളും ഒരു മതത്തിന്റെ അനുയായികള്‍ ആയതിനാല്‍ ആ മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളും ലോകത്തുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങള്‍ ഉദാഹരണം. എന്നാല്‍ അവിടങ്ങളിലൊന്നും ഇസ്രയേലിലെയും മ്യാന്മറിലെയും പോലെ ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ പൗരാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ കാണാനാവില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയാവട്ടെ, ഒരു പ്രത്യേക മതവിഭാഗത്തിന് ഭൂരിപക്ഷമുണ്ടെങ്കിലും എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ട് മതനിരപേക്ഷ രാജ്യമാകാനാണ് തീരുമാനിച്ചത്. അതിനാല്‍തന്നെ, സയണിസ്റ്റുകളെപ്പോലെ പൗരന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കാനുള്ള ഏതു നീക്കവും തടയപ്പെടണം. പരമോന്നത കോടതി ആ വഴിക്കു നീങ്ങിയില്ലെങ്കില്‍ ആഭ്യന്തര കലാപത്തിലേക്കായിരിക്കും രാജ്യം എടുത്തെറിയപ്പെടുക. ലബനാനും ആഫ്രിക്കന്‍ രാജ്യങ്ങളുമൊക്കെ നമുക്ക് മുന്നിലുള്ള ഉദാഹരണങ്ങളാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (56 - 57)
ടി.കെ ഉബൈദ്‌