Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 27

3132

1441 റബീഉല്‍ ആഖിര്‍ 30

പൗരത്വം, ഭരണഘടന ഇന്ത്യന്‍ നീതിന്യായവ്യവഹാരങ്ങളിലെ  മുസ്‌ലിം

അഡ്വ. സി അഹ്മദ് ഫായിസ്

പൗരത്വ ഭേദഗതി ബില്ല് ലോക്സഭയും രാജ്യസഭയും പാസ്സാക്കിയതോടെ കേന്ദ്ര സര്‍വകലാശാലകളായ ജാമിയ മില്ലിയ്യയിലും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലും അതിനെതിരായ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അലയടിക്കുകയും പോലീസ് - അര്‍ധ സൈനിക വിഭാഗങ്ങള്‍ ഈ കാമ്പസുകളില്‍ വിദ്യാര്‍ഥിവേട്ട നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കുന്ന ഒന്നല്ല ഇപ്പോള്‍ നിയമമായി കഴിഞ്ഞ പൗരത്വ ഭേദഗതി നിയമം (Citizenship Amendment Act). അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ  മൂന്നു രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി, ജൂത, ജൈന മതക്കാര്‍ 2014 ഡിസംബര്‍ 31-നു മുമ്പ് ഇന്ത്യയില്‍ വന്നവരും കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യയില്‍ അഭയാര്‍ഥികളായി ജീവിക്കുന്നവരുമാണെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഉതകുന്നതാണ് ഇപ്പോള്‍ നിലവില്‍ വന്ന നിയമം.
പല തരത്തില്‍ ഭരണഘടനാ വിരുദ്ധമാണ് ഈ നിയമം. എന്തുകൊണ്ട് ഈ മൂന്നു രാജ്യങ്ങള്‍ മാത്രം എന്നതും എന്തുകൊണ്ട് മുസ്‌ലിംകള്‍ ആയിട്ടുള്ള അഭയാര്‍ഥികളെ മാത്രം ഒഴിവാക്കി എന്നതും ഭരണഘടനാപരമായി വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. അതിനുള്ള ന്യായങ്ങളായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടു വെച്ച വാദങ്ങള്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതുമല്ല. പൗരത്വത്തിന് മാനദണ്ഡമായി മതം നിര്‍ണയിക്കുന്നത് ഭരണഘടനയിലെ അഞ്ചു മുതല്‍ 11 വരെയുള്ള വകുപ്പുകളുടെയും 14, 15 വകുപ്പുകളുടെയും നഗ്‌നമായ ലംഘനമാണ്. മതേതരം എന്ന് നിര്‍വചിക്കപ്പെട്ട ഈ രാജ്യത്തെ പൗരത്വത്തിന് മതപരമായ വിവേചനം ഉണ്ടാകുന്നു എന്ന ഭരണഘടനാ ലംഘനമാണ് ഈ നിയമ ഭേദഗതി.
 
പൗരത്വം ഇന്ത്യന്‍ നിയമത്തില്‍

ജന്മംകൊണ്ട് പൗരത്വം നല്‍കുന്നത് ഒരു കുട്ടിയുടെ മൗലികാവകാശമായി അന്താരാഷ്ട്ര ധാരണകളില്‍ കണക്കാക്കിപ്പോരുന്നുണ്ട്. ആധുനിക-ലിബറല്‍-ജനാധിപത്യ രാഷ്ട്രങ്ങളെല്ലാം ഈ തത്ത്വം അംഗീകരിക്കുന്നുണ്ട്.
നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ഈ സാര്‍വദേശീയ യാഥാര്‍ഥ്യം അംഗീകരിച്ചവരായിരുന്നു. വിഭജനത്തിന്റെയും അഭയാര്‍ഥി പ്രവാഹത്തിന്റെയും സങ്കല്‍പാതീതമായ വര്‍ഗീയ ഹിംസകളുടെയും കാലത്ത് തികച്ചും ബഹുസ്വരമായ ഒരു ദേശത്ത് വംശത്തിന്റെയോ മതത്തിന്റെയോ നാഗരികതയുടെയോ അടിസ്ഥാനത്തിലുള്ള പൗരത്വ സങ്കല്‍പങ്ങള്‍ എത്രമാത്രം അപകടകരമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പൗരത്വത്തെ സംബന്ധിച്ച ഉദാരമായ സമീപനമാണ് ഭരണഘടനയില്‍ കാണാനാവുക.
ആഗോള തലത്തില്‍ തന്നെ പൗരത്വത്തിനു രണ്ടു തരത്തിലുള്ള തത്ത്വങ്ങളാണുള്ളത്. ഒന്ന് jus soli, അതായത് ജനിച്ച സ്ഥലം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന തത്ത്വം. രണ്ടാമത്തേത് jus sanguinis- രക്തബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തെ നിര്‍വചിക്കുന്ന തത്ത്വം. 1928-ല്‍ മോത്തിലാല്‍ നെഹ്റു കമ്മിറ്റി റിപ്പോര്‍ട്ട്  പുറത്തു വന്ന കാലം മുതല്‍ക്കേ നേരത്തേ പറഞ്ഞ ജനിച്ച സ്ഥലം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന തത്ത്വത്തിനായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാക്കള്‍ പ്രാമുഖ്യം കല്‍പ്പിച്ചത്. വംശീയ ചിന്തയായ jus sanguinis അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന തത്ത്വത്തെ ഭരണഘടനാ അസംബ്ലി തള്ളിക്കളയുകയുണ്ടായിട്ടുണ്ട്.
ആ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ  അഞ്ചാം വകുപ്പില്‍ ഭരണഘടന നിലവില്‍ വന്ന ദിവസത്തിനുമുമ്പ് ആറു മാസമെങ്കിലും ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിച്ചവര്‍ക്കെല്ലാം പൗരത്വം വാഗ്ദാനം ചെയ്യുന്നത്. പിന്നീടങ്ങോട്ട് ജനനമായി പൗരത്വത്തിന്റെ അടിസ്ഥാനം. പൗരത്വത്തെ, 11-ാം വകുപ്പ് നല്‍കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് നിര്‍വചിക്കണമെന്ന് പാര്‍ലമെന്റിനു തോന്നുന്നത് 1956-ല്‍ മാത്രമാണ്. അങ്ങനെയാണ് പൗരത്വ നിയമത്തിലൂടെ ഇന്ത്യയിലെ പൗരന്മാര്‍ നിര്‍വചിക്കപ്പെട്ടത്. പിന്നീട് 1986, 1992, 2003, 2005, 2015 വര്‍ഷങ്ങളില്‍ ഭേദഗതികള്‍ വരുന്നുണ്ട്. ഇപ്പോള്‍ 1986 ജൂലൈ ഒന്നിനു മുമ്പ് ഇന്ത്യയില്‍ ജനിച്ചവര്‍ ജനനം വഴി പൗരന്മാരാണ്. 1987 ജൂലൈ ഒന്നിനും 2004 ഡിസംബര്‍ മൂന്നിനും ഇടയില്‍ ജനിച്ചവരുടെ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യക്കാരനെങ്കില്‍ അയാള്‍ ഇന്ത്യന്‍ പൗരനാണ്. അതിനുശേഷം ജനിച്ചവരുടെ രക്ഷിതാക്കള്‍ ഇരുവരും ഇന്ത്യന്‍ പൗരന്മാരെങ്കില്‍ മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ.
അങ്ങനെ ഭരണഘടന മുന്നോട്ടുവെച്ച ഉദാരമായ പൗരത്വസങ്കല്‍പത്തില്‍നിന്ന് നമ്മള്‍ ഏറെ അകന്നുകഴിഞ്ഞു. ജന്മനാ ലഭിക്കുന്ന പൗരത്വം എന്ന ആശയം ഉപേക്ഷിച്ച്, നമ്മള്‍ ഇന്ന് പിന്തുടരുന്നത് രക്തബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വമാണ്.

അസമില്‍ നടപ്പാക്കിയ എന്‍.ആര്‍.സിയുടെ ഭരണഘടനാ പ്രശ്‌നങ്ങള്‍

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയ നാള്‍വഴികള്‍ രണ്ടായി പകുക്കാം. ഒന്ന്, ഇപ്പോഴത്തെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നല്‍കിയ ഹരജിയില്‍  സുപ്രീം കോടതി പുറപ്പെടുവിച്ച വിധി. രണ്ട്, 2013 മുതല്‍ 2019 വരെ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന എന്‍.ആര്‍.സി നടപ്പിലാക്കലിന്റെ മേല്‍നോട്ടം. ഈ രണ്ടു ഘട്ടവും ഭരണഘടനാപരമായ പല പ്രതിസന്ധികള്‍ നമുക്കു മുന്നില്‍ കൊണ്ടുവരുന്നുണ്ട്.
സര്‍ബാനന്ദ സോനോവാള്‍ വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി ആധികാരികമല്ലാത്ത, ഇപ്പോള്‍ എല്ലാവരും തള്ളിപ്പറയുന്ന കണക്കുകള്‍ വെച്ചാണ് കുടിയേറ്റത്തെ (Migration), ബാഹ്യ ആക്രമണം (External Aggression) എന്ന രീതിയില്‍ വിലയിരുത്തിയത്. ഒരു വ്യക്തി വിദേശിയാണ്/വിദേശിയല്ല എന്ന് തെളിയിക്കേണ്ട  ഭരണകൂടത്തിന്റെ ബാധ്യത വ്യക്തിയിലേക്ക് മാറിയത് ഈ കേസിലൂടെയാണ്.
രണ്ടാമതായി, ഇത്തരമൊരു തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ തികച്ചും ഭരണപരമായ (Executive) ഒരു ജോലിയായ പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ പ്രക്രിയ  കോടതി തന്നെ ഏറ്റെടുത്തപ്പോള്‍ അത് പിന്നീട് തിരുത്താനോ കൂടുതല്‍ ചോദ്യം ചെയ്യപ്പെടാനോ പറ്റാത്ത അവസ്ഥ ഭരണഘടനാപരമായി വന്നു ചേര്‍ന്നു. അസം കരാറിന്റെ ഭാഗമായി നിലവില്‍ വന്ന  പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എ ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞുകൊണ്ടുള്ള കേസ് ഇപ്പോഴും സുപ്രീം  കോടതിയുടെ പരിഗണനയിലാണ്. കൂടാതെ അസമിലെ പൗരത്വം അടിസ്ഥാനമാക്കുന്നത് 1971 മാര്‍ച്ച് 24 എന്ന തീയതി മുന്‍നിര്‍ത്തിയാണ്. അത് ഭരണഘടനാ വിരുദ്ധമാണ്  എന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ 1951 ആയിരിക്കണം അസമിലെയും പൗരത്വത്തിനു അടിസ്ഥാനമാക്കേണ്ട വര്‍ഷം എന്നുമാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയും പരിഗണനയിലാണ്. ഇവയുടെ ഭരണഘടനാ വിരുദ്ധത സംബന്ധിച്ച ചോദ്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് അസമിലെ പൗരത്വ രജിസ്റ്റര്‍ പുറത്തുവിടുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലൂടെ നിലവില്‍ വന്ന വിദേശി ട്രൈബ്യൂണലുകളിലേക്ക് അസമും ബോര്‍ഡര്‍ ഫോഴ്‌സും ഇലക്ഷന്‍ കമീഷനും ഡി വോട്ടര്‍മാരുടെ ലിസ്റ്റുകള്‍ കൈമാറി. ഈ ട്രൈബ്യൂണലുകള്‍ പുറത്തായ ആളുകളില്‍ മൂന്നില്‍ രണ്ടു പേരെയും വളരെ ഏകപക്ഷീയമായി, പുറത്താക്കാനുള്ള കാരണമൊന്നും രേഖപ്പെടുത്താതെ   വിദേശികളായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തെ വായിക്കേണ്ടത്. വരാനിരിക്കുന്ന, അഖിലേന്ത്യാ തലത്തില്‍ നടപ്പാക്കും എന്ന് അമിത് ഷാ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ള ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്‍) അതിനെ തുടര്‍ന്നുള്ള ദേശീയ   പൗരത്വ പട്ടികയും, അസമില്‍ ഫോറിന്‍ ട്രൈബ്യൂണലുകള്‍ ഉപയോഗിച്ചു എങ്ങനെയാണോ 19 ലക്ഷം ജനങ്ങളെ പുറന്തള്ളിയത് അതു പോലെ ആളുകളെ പുറന്തള്ളാന്‍ ഉപയോഗിച്ചേക്കാം എന്ന ആരോപണത്തില്‍ കഴമ്പുണ്ട് എന്നാണ് ദേശീയ നിയമ സര്‍വകലാശാലയായ നല്‍സാറിന്റെ  വൈസ് ചാന്‍സലറും ഭരണഘടനാ വിദഗ്ധനുമായ ഫൈസാന്‍ മുസ്തഫയെ പോലുള്ളവര്‍  ചൂണ്ടിക്കാണിക്കുന്നത്. അതില്‍തന്നെ മുസ്‌ലിം സമുദായത്തിന്റെ ആശങ്ക മുഖവിലക്കെടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം ഹിന്ദുസ്താന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. അതോടൊപ്പം അസമില്‍ സംഭവിച്ചതുപോലെ  തന്നെ പാവപ്പെട്ട ഹിന്ദുക്കള്‍, വിശിഷ്യാ ദലിതരും സമാനമായ രീതിയില്‍ പൗരത്വ പട്ടികക്ക് പുറത്തായേക്കാം എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
കോടതിയില്‍ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ഭരണഘടനാ ബെഞ്ചിന് വിടുകയും കോടതി ശക്തമായ നിലപാട് എടുക്കുകയും വിഷയത്തില്‍ തീര്‍പ്പു കല്‍പിക്കും വരെ എന്‍.ആര്‍.സി നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യുകയും ചെയ്യാത്തേടത്തോളം കാലം  ഈ നിയമം നടപ്പിലാക്കപ്പെടുമെന്നും അദ്ദേഹം പ്രസ്തുത ലേഖനത്തില്‍ ആശങ്കപ്പെടുന്നുണ്ട്.

ഇന്ത്യന്‍ നീതിന്യായ വ്യവഹാരങ്ങളിലെ മുസ്‌ലിം

ഭരണഘടനയിലുള്ള  തുല്യപൗരത്വവും രാഷ്ട്രീയാവകാശങ്ങളും സാംസ്‌കാരികാവകാശങ്ങളും വിവിധ സമുദായങ്ങള്‍ ഒരു സാമൂഹിക കരാറിന്റെ ഭാഗമായി ഭരണഘടനാ  അസംബ്ലിയില്‍ രണ്ടര വര്‍ഷത്തോളം നടന്ന സംവാദത്തിലൂടെ നേടിയതാണ്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന, നിയമസഭകളിലും മറ്റും ഉണ്ടായിരുന്ന രാഷ്ട്രീയ സംവരണമടക്കമുള്ള അവകാശങ്ങള്‍ ത്യജിച്ചുകൊണ്ടാണ് സാംസ്‌കാരിക അവകാശങ്ങളില്‍ തങ്ങളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തിയത്. എന്നാല്‍ എഴുപതു വര്‍ഷ കാലത്തെ ജനാധിപത്യ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ഒരു സമുദായം എന്ന നിലയില്‍ തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. മതപരിവര്‍ത്തന നിരോധന ബില്ലും ഏക സിവില്‍ കോഡുമടക്കമുള്ള പല നിയമങ്ങളും അണിയറയില്‍ സജ്ജമാവുന്നതിന്റെ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ കേവല സാംസ്‌കാരികാവകാശത്തില്‍ തൃപ്തിപ്പെട്ടുകൊണ്ടുള്ള ഭരണഘടനാധിഷ്ഠിതമായ രാഷ്ട്രീയത്തെ കുറിച്ച് പുനരാലോചന ആവശ്യപ്പെടുന്ന സന്ദര്‍ഭം കൂടിയാണ് ഇത്. നിലവിലുള്ള ഭരണഘടനയിലെ ഹിന്ദു സ്വാധീനത്തെ കുറിച്ച് പ്രീതം സിംഗിനെ പോലുള്ളവര്‍ കൃത്യമായി ചൂണ്ടിക്കാണിക്കുകയുണ്ടായിട്ടുണ്ട്. ഒരു ഭരണഘടന എന്ന നിലയില്‍ അതിന്റെ  പരിമിതിയെ കുറിച്ച് ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്കര്‍ തന്നെ അത് നിലവില്‍ വന്ന ശേഷം നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
നിലവിലെ ഭരണഘടന അതേപോലെ നിലനിര്‍ത്തണം എന്ന ആവശ്യം  മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയത്തേക്കാള്‍ ഒരു ഭരണഘടനാനന്തര (Post Constitutional)  രാഷ്ട്രീയം അനിവാര്യമാക്കുന്ന സന്ദര്‍ഭത്തിലാണ് നാമിന്നുള്ളത്. മുസ്‌ലിം സമുദായത്തെ കുറിച്ചും അവരുടെ അവകാശങ്ങള്‍ സംബന്ധിച്ചുമുള്ള കാര്യങ്ങള്‍  നീതിന്യായ വ്യവഹാരങ്ങളില്‍ എങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് എന്നത് ബാബരി മസ്ജിദ് വിധിയാനന്തര കാലഘട്ടത്തില്‍ പഠിക്കേണ്ട ഒന്നാണ്. തീവ്രവാദ കേസുകളില്‍ കുറ്റാരോപിതരായവര്‍ കാലങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുമ്പോള്‍ കോടതിയുടെ സമീപനം എന്തായിരുന്നു എന്നതും സവിശേഷ പഠനം അര്‍ഹിക്കുന്നു.    ഒരു സമുദായമെന്ന നിലയില്‍ ഇത്തരത്തിലുള്ള പഠനങ്ങള്‍ രാഷ്ട്രീയ ഭാഷയിലേക്കു കൂടി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രമാണ്  ഈ കെട്ടകാലത്തെ അതിജീവിക്കാന്‍ കഴിയുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (56 - 57)
ടി.കെ ഉബൈദ്‌