Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 27

3132

1441 റബീഉല്‍ ആഖിര്‍ 30

നാട് തിരിഞ്ഞുനടക്കാന്‍ തുടങ്ങിയിരിക്കുന്നു

എം.ഐ അബ്ദുല്‍ അസീസ് - അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും അതിശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങളെ കുറിച്ച വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സംഘ്പരിവാറിന് വഴങ്ങാന്‍ സന്നദ്ധമല്ലെന്ന് ഇന്ത്യന്‍ ജനത പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നമാണ് സംഘ്പരിവാര്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
മുസ്‌ലിം വംശീയ ഉന്മൂലനത്തിനുള്ള മൂര്‍ത്തമായ പദ്ധതിയാണ് പൗരത്വനിയമം എന്ന കാര്യത്തില്‍ സംശയമാര്‍ക്കുമില്ല. രാജ്യത്തിന്റെ പൊതുവിഷയമായി അതിനെ മനസ്സിലാക്കാനുള്ള ശേഷി ഈ ജനത ആര്‍ജിച്ചിരിക്കുന്നു. ഏതോ അപരനെ രണ്ടാം പൗരനാക്കുന്നു എന്ന നിലക്കല്ല; കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വെട്ടിമുറിക്കുന്നു, ജനത്തെ വിഭജിക്കുന്നു, ഭരണഘടനാ മൂല്യങ്ങള്‍ ഭീഷണിയിലാണ് എന്ന നിലക്ക് ഇതിനെ മനസ്സിലാക്കാന്‍ അവര്‍ക്കാവുന്നുണ്ട്.
അന്താരാഷ്ട്ര സമൂഹവും നിയമത്തിനെതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളും രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയാണ്. പൗരസമൂഹത്തോടുള്ള വിവേചനപരമായ നിലപാട് രാജ്യത്തിന്റെ അന്തസ്സ് കെടുത്താനേ ഉപകരിച്ചിട്ടുള്ളൂ.
ഈ പ്രക്ഷോഭങ്ങളുടെ സൗന്ദര്യത്തിലേക്കൊന്നു നോക്കൂ. എത്ര മനോഹരവും പ്രഹരശേഷിയുള്ളവയുമാണവ. പാര്‍ലമെന്റിനകത്ത് ബില്ലിനെ പിന്തുണച്ചവര്‍ക്ക് വരെ പിന്നീട്, തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് അവ നടപ്പിലാക്കില്ലെന്ന് പറയേണ്ടി വന്നു. ദേശീയതലത്തില്‍ കാമ്പസുകളിലെ പിന്മടക്കമില്ലാത്ത സമരോത്സുകതയെ അഭിവാദ്യം ചെയ്‌തേ പറ്റൂ. കാമ്പസുകളുടെ വസന്തം നഷ്ടപ്പെട്ടുവെന്നും സ്വാര്‍ഥതയും അരാഷ്ട്രീയതയും പുതുതലമുറയെ കീഴ്‌പ്പെടുത്തിയെന്നും രോദനം കൊണ്ടവരെവിടെ? പൊള്ളയായ ആശയങ്ങള്‍ മടുത്ത് അവര്‍ പുറംതിരിഞ്ഞു നിന്നപ്പോള്‍ ഉന്നയിച്ച ആരോപണം മാത്രമായിരുന്നു അത്. പുതിയ ആശയാദര്‍ശങ്ങളുടെ ബലത്തില്‍ കാമ്പസുകള്‍ പുതുവഴി വെട്ടുകയാണ്. ജാമിഅ മില്ലിയ ഇസ്‌ലാമിയ, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി, അലീഗഢ്, ജെ.എന്‍.യു... കാമ്പസുകളില്‍നിന്ന് കാമ്പസുകളിലേക്ക് പ്രക്ഷോഭം കത്തിയാളുകയാണ്. ഭാവി ഇന്ത്യയെ അവര്‍ നിര്‍ണയിക്കും എന്ന കാര്യത്തില്‍ സന്ദേഹത്തിനിടമില്ല.
ഭിന്നമായ വികാരമല്ല കേരളത്തിലുമുള്ളത്. കക്ഷി, സമുദായ ഭിന്നതകള്‍ക്കപ്പുറത്ത് ഒന്നിച്ചുനിന്ന അനുഭവം കേരളത്തില്‍ മുമ്പില്ല; ഇരു പ്രളയകാലങ്ങളിലല്ലാതെ. ദുരന്തമുഖത്ത് മാത്രമല്ല, മികച്ച രാഷ്ട്രീയ ഉള്ളടക്കത്തോടൊപ്പവും നമുക്കൊരുമിക്കാനാവും എന്ന് ഈ അനുഭവം നമ്മോട് പറയുന്നുണ്ട്. കേരളത്തിലെ കാമ്പസുകള്‍, തെരുവുകള്‍, ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ പരിപാടികള്‍ തൃണമൂലതലത്തിലുള്ള ഈ നാടിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തെ വെളിപ്പെടുത്തുന്നു. ഒരു അരാഷ്ട്രീയതയും ഇവിടെ സംഭവിച്ചിട്ടില്ല. രാഷട്രീയത്തെ പുറത്ത് ഊരിവെച്ച് ആരും വീട്ടിലൊളിച്ചതുമല്ല. മുഷിഞ്ഞ ഭാണ്ഡക്കെട്ടുകള്‍ പേറാനില്ല എന്ന് തീരുമാനിച്ചിട്ടേയുള്ളൂ. മികച്ച ഒരു അജണ്ടക്കായി അവര്‍ അന്വേഷിക്കുകയായിരുന്നു. പൗരത്വനിയമത്തിനെതിരെ ഒറ്റക്കും കൂട്ടായും നടത്തുന്ന എല്ലാ പ്രക്ഷോഭങ്ങളും വിജയിക്കട്ടെ എന്നാണ് കേരളത്തിന്റെ മനസ്സ്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സര്‍ക്കാര്‍ മെഷിനറിയുടെയും സമ്മര്‍ദങ്ങളെ അതിജീവിച്ച് പല സമരങ്ങളും മലയാളികള്‍ വിജയിപ്പിച്ചെടുത്തത് അവരുടെ ഉള്ളിലെ വിമോചനസ്വപ്‌നങ്ങളെ അവ വെള്ളം തേവി നനക്കുന്നതുകൊണ്ടു കൂടിയാണ്. പരമ്പരാഗത വ്യാഖ്യാന, വ്യാകരണങ്ങള്‍ക്ക് വഴങ്ങാത്ത ഒരു രാഷ്ട്രീയം കേരളത്തില്‍ കരുത്താര്‍ജിക്കുന്നുണ്ട്. അത് വിധ്വംസകമല്ല, ജനാധിപത്യപരവും സംവാദക്ഷമവുമാണ്.
രാജ്യത്തെ വിഭജിച്ചു ഭരിക്കുക എന്നത് സാമ്രാജ്യത്വ ശക്തികളുടെ തന്ത്രമായിരുന്നു. സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് മുന്നില്‍ അവ അടിയറവ് പറഞ്ഞത് ചരിത്രം. ആ ചരിത്രത്തില്‍ സവിശേഷമായ  ഒരു രചനയും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മുന്‍മുറക്കാര്‍ നടത്തിയിട്ടില്ല. അതിന് തുരങ്കം വെച്ചിട്ടുമുണ്ട്. എന്നിട്ടും വിഭജിച്ചു ഭരിക്കുക എന്ന അതേ തന്ത്രം സ്വന്തം കരങ്ങളാല്‍ നടത്താനുള്ള ഗൂഢശ്രമത്തിലാണ് അവര്‍. ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും സ്വപ്‌നമാണത്രെ സാക്ഷാല്‍ക്കരിക്കാനുള്ളത്. 90 വര്‍ഷത്തിലധികം വര്‍ഗീയതയും വിഭാഗീയതയും ഇന്ധനമാക്കി അവര്‍ തേരുതെളിച്ചു, കലാപങ്ങളും കബന്ധങ്ങളും സൃഷ്ടിച്ചു. അവക്കു മേലാണ് സംഘ്പരിവാര്‍ അധികാരം പണിതത്. അതിനാലാണ് ഈ ഭരണകൂടത്തിന്റെ നിലപാടുകള്‍ക്ക് എപ്പോഴും ചോരയുടെ മണം. പക്ഷേ, രാജ്യം ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അത് വിദേശികള്‍ക്കെതിരല്ല. സ്വന്തം പൗരന്മാരെ വിദേശികളാക്കുന്ന സ്വദേശി ചമയുന്നവര്‍ക്കെതിരിലാണ്. വര്‍ഗീയതയും വിഭാഗീയതയും ജനങ്ങളെ തട്ടുകളാക്കി തിരിക്കുന്ന നിലപാടും ഇനി ഈ രാജ്യത്ത് വിലപ്പോവില്ലെന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. 
നാട് തനതായ ഉദാത്തമൂല്യങ്ങളിലേക്ക് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന് കരുത്താകുന്ന ആദര്‍ശത്തെ സംബന്ധിച്ച, അതിന് നേതൃത്വം നല്‍കുന്നവരെ കുറിച്ച തിരിച്ചറിവാണ് അക്രമികളെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന നരേന്ദ്ര മോദിയുടെ പ്രതികരണം. ഭ്രാന്തമായ ദേശീയതക്കും വിഭാഗീയതക്കുമെതിരായ ഏതു മുന്നേറ്റവും ചെന്നെത്തുന്നത് സമ്പൂര്‍ണമായ വിമോചനത്തിലാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ''ഇവര്‍ ഭൂമിയില്‍ വലിയ കേമന്മാരായി ഭാവിച്ചു, നീചമായ തന്ത്രങ്ങളിലേര്‍പ്പെട്ടു. നീചമായ തന്ത്രങ്ങള്‍ അത് പയറ്റുന്നവരെ തന്നെ ബാധിക്കുന്നു. അല്ലാഹു പൂര്‍വ സമുദായങ്ങളോടനുവര്‍ത്തിച്ച നടപടി തന്നെയാണോ ഇവരും കാത്തിരിക്കുന്നത്? അങ്ങനെയെങ്കില്‍ അല്ലാഹുവിന്റെ  നടപടിയില്‍ ഒരു മാറ്റവും നീ കാണുകയില്ല. അല്ലാഹുവിന്റെ നടപടിയുടെ ഗതിമാറ്റാന്‍ കഴിയുന്ന ഒരു ശക്തിയെയും നീ കണ്ടെത്തുകയുമില്ല''(ഖുര്‍ആന്‍ 35:43).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (56 - 57)
ടി.കെ ഉബൈദ്‌