Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

'ഇസ്‌ലാം ഒരു പാഠപുസ്തകം' എന്നിലുണര്‍ത്തിയ ചിന്തകള്‍

വാണിദാസ് എളയാവൂര്

മുഹമ്മദ് ശമീമിന്റെ 'ഇസ്‌ലാം ഒരു പാഠപുസ്തകം' വായിച്ചു; ഒരു വട്ടമല്ല, രണ്ടു കുറി. പ്രൗഢമായ പ്രപഞ്ചനമാണത്. ആഖ്യാനം അവക്രമാണ്, ആകര്‍ഷകവുമാണ്. അതെന്റെ മനസ്സില്‍ വിളയിച്ച ചിന്തകള്‍ - വിചാരങ്ങള്‍- ഞാനിവിടെ പകര്‍ത്തട്ടെ.
ഇസ്‌ലാമിന്റെ അഥവാ ഖുര്‍ആനിന്റെ അവലംബശിലകള്‍ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂന്നെണ്ണമാണ്. സാമാന്യമായി ഇസ്‌ലാമിനെ അറിയുക എന്നുപറഞ്ഞാല്‍ പ്രകൃതിയെ മനസ്സിലാക്കുക എന്നാണര്‍ഥം. മനുഷ്യജീവിതം ഊനമുറ്റതും അപൂര്‍ണവുമാണ്. ഇടക്ക് പറയട്ടെ, മനുഷ്യന്റെ സ്വത്വവും സത്തയും അനശ്വരമാണ്. മനുഷ്യന്റെ അകത്തും പുറത്തും ഈശ്വരവിലാസങ്ങളുണ്ട്. ഈശ്വരന്‍ എന്റെയടുത്തുണ്ട്, എപ്പോഴും എന്നോടൊപ്പമുണ്ട്. ഈ വിശ്വാസം - ബോധ്യം -ഉള്ളവര്‍ക്ക് അരുതായ്മകള്‍ ചെയ്യാനാവില്ല. ഈ ബോധ്യം പ്രസരിപ്പിക്കലാണ് ഇസ്‌ലാമിക ധര്‍മം.
ഉമര്‍ ഖലീഫ ജനക്ഷേമമറിയാന്‍ വേഷപ്രഛന്നനായി ജനപദങ്ങളില്‍ ഒരു രാത്രി സഞ്ചരിക്കുകയായിരുന്നു. ഒരു കൊച്ചു വീട്ടില്‍നിന്ന് കേട്ട സംസാരം അദ്ദേഹത്തെ അങ്ങോട്ടാകര്‍ഷിച്ചു. പാലില്‍ വെള്ളം ചേര്‍ത്ത് അളവു കൂട്ടാനാവശ്യപ്പെടുന്ന പിതാവ് ധൈര്യം കൊടുത്തു. മകള്‍ വിയോജിച്ചു. അവിടെ മറ്റാരും കാണാനില്ലെന്ന് പിതാവ് പറയുന്നു. മകള്‍ പ്രതിവചിച്ചു: ''ബാപ്പ മുമ്പ് പറഞ്ഞിട്ടില്ലേ എല്ലാം കാണുന്ന പടച്ചവന്‍ അടുത്തുണ്ടെന്ന്.'' പിതാവ് മകളെ അഭിനന്ദിച്ചു. 
ഒന്നു വ്യക്തം. ധര്‍മബോധവും പ്രലോഭനവും തമ്മിലേറ്റുമുട്ടുമ്പോള്‍ ധര്‍മപക്ഷത്ത് നില്‍ക്കാന്‍ പ്രബോധിപ്പിക്കണം. മൂല്യങ്ങളുടെ പ്രഘോഷണമാണ് ഖുര്‍ആന്‍. ഈശ്വരന്‍ എപ്പോഴും തന്റെ കൂടെയുണ്ടെന്ന് കരുതുമ്പോള്‍ ആര്‍ക്കും അധര്‍മം ചെയ്യാനാവില്ല. 
പ്രവാചകന്മാര്‍ ദൈവദൂതന്മാരാണ്. ദൈവത്തിന്റെ അരുളപ്പാടുകള്‍ നേരിട്ട് സ്വീകരിക്കാനും അത് മനുഷ്യസാമാന്യത്തെ പഠിപ്പിക്കാനും യഥാര്‍ഹം പരിശീലിപ്പിക്കാനുമായി ദൈവത്താല്‍ നിയോഗിക്കപ്പെട്ട ലോക ഗുരുക്കന്മാരാണ് പ്രവാചകന്മാര്‍. ലോകത്തിലെ എല്ലാ ജനപദങ്ങളിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്കിടയില്‍ സമത്വം കല്‍പിക്കണം. തുല്യനിലയില്‍ അവര്‍ അംഗീകരിക്കപ്പെടണം, ആദരിക്കപ്പെടണം. ഏകദൈവത്വത്തില്‍ -തൗഹീദ്- ഇസ്‌ലാം ഊന്നിയുറച്ചു നില്‍ക്കുന്നു. അതിനാല്‍ മനുഷ്യരെല്ലാം സഹജാതരും സമസൃഷ്ടങ്ങളുമാണ് എന്നത് അനുക്തസിദ്ധമായ സത്യമത്രെ.
ഇസ്‌ലാം ഒരു മതമാണ്, പ്രത്യയശാസ്ത്രമാണ്, ദര്‍ശനമാണ്. സൂക്ഷ്മദൃക്കുകള്‍ക്ക് ആഴപ്പരപ്പുകളില്‍ അഭിദര്‍ശിക്കാന്‍ കഴിയുന്ന ഒരു വിചാരവേദിയാണത്. ഇവ മൂന്നും മനുഷ്യനിലൂന്നുന്നു. ഖുര്‍ആന്‍ മനുഷ്യനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഖുര്‍ആനിന്റെ അന്തസ്സാരം പ്രബോധനമാണ്. അതാണ് ഗ്രന്ഥത്തിന്റെ വിഭാവിത ലക്ഷ്യം. ഏകദൈവത്വത്തിലൂന്നിയ തൗഹീദാണ് പ്രകൃത ഗ്രന്ഥത്തിന്റെ പ്രമുഖമായ പ്രമേയം. മാനവജീവിതം കൊണ്ട് സാക്ഷാത്കരിക്കാനാഗ്രഹിക്കുന്നത് ശാന്തിയാണ്. ഇസ്‌ലാം ശാന്തിയുടെ മതമാണ്. ഖുര്‍ആനും സുന്നത്തും പഠിച്ചവന് തീവ്രവാദിയാവാന്‍ സാധ്യമല്ല. സംശുദ്ധമായ ഈമാനുള്ളവന് ചാവേറാവാന്‍ കഴിയുകയില്ല. സകാത്ത് പ്രയോഗത്തില്‍ വരുത്തിയാല്‍ ദാരിദ്ര്യനിര്‍മാര്‍ജനം സാധിക്കും; സാമ്പത്തിക സമീകരണവും. ജിഹാദാചരിച്ചാല്‍, ആത്മവിരേചനം വഴി പകയൊഴിഞ്ഞ, പ്രതികാരമകന്ന, ധര്‍മബോധമണിഞ്ഞ പുതിയ മനുഷ്യനെ രൂപപ്പെടുത്താം. 
ഖുര്‍ആന്‍പോലെ ജീവിത ഗന്ധിയായ മറ്റൊരു മതഗ്രന്ഥമില്ല. മതം തരുന്ന വിശ്വാസവിശേഷങ്ങളെ സംസ്‌കാരമാക്കി മാറ്റുകയാണാവശ്യം. പ്രപഞ്ചമാണ് കര്‍മതലം; ആദര്‍ശാത്മകമായി ജീവിക്കുക. കര്‍മഫലമനുഭവപ്പെടുന്ന തലമാണ് പരലോകം. മതം ഒരു യൂനിഫോമിന്റെ പേരായി ചുരുങ്ങരുത്. അങ്ങനെ വരുമ്പോള്‍ അത് എളുപ്പത്തില്‍ അഴിച്ചുവെക്കാന്‍ കഴിയുന്ന ഒന്നായി മാറും. മതം ഹൃദയത്തില്‍ കുടികൊള്ളുകയും കാരുണ്യം മാത്രം സ്പന്ദിക്കുകയും ചെയ്യുന്ന ഒന്നാവണം. ജാതി, വംശം, വര്‍ഗം എന്നിവയെയല്ല ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്, മനുഷ്യനെയാണ്. പല ദര്‍ശന പഥങ്ങളും പ്രസ്ഥാനങ്ങളും ആത്മീയതക്ക് വ്യാഖ്യാനം കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അപരന്റെ വിശപ്പ് തന്റെ വിശപ്പായി അനുഭവപ്പെടുന്നതാണ് ആത്മീയതയെന്ന് ഇസ്‌ലാം പഠിപ്പിച്ചു. 
വര്‍ഗീയതയും വംശീയതയും അനുവദിക്കപ്പെടാത്ത ഇസ്‌ലാമില്‍ മനുഷ്യകുലം മുഴുവന്‍ ഒരൊറ്റ ജാതിയാണ്. വാളല്ല, തൂലികയാണ് മാറ്റത്തിന്റെ മാധ്യമമെന്ന് ഇസ്‌ലാം ഘോഷിക്കുന്നു. ഉടവാളുലച്ചിറങ്ങുക എന്നല്ല ആശയങ്ങളുടെ ആയുധമണിഞ്ഞൊരുങ്ങുക എന്നാണ് സത്യവേദം ആഹ്വാനം ചെയ്യുന്നത്; അതാണ് പ്രബോധന ജിഹാദ് (ജിഹാദുദ്ദഅ്‌വ). ''അതുകൊണ്ട് സത്യനിഷേധികള്‍ക്ക് വഴങ്ങിപ്പോകരുത്. ഈ ഖുര്‍ആന്‍ മുഖേന അവരോട് ശക്തമായി സമരം ചെയ്യുക'' (അല്‍ഫുര്‍ഖാന്‍ 52).
പതിമൂന്ന് അധ്യായങ്ങളുള്ള പുസ്തകം 'ദുഃഖ നിര്‍മാര്‍ജനത്തിന്റെ തത്ത്വശാസ്ത്രത്തില്‍' തുടങ്ങി 'വിധിക്കപ്പെട്ടത്' എന്ന പാഠത്തില്‍ അവസാനിക്കുന്നു. ഒരു ചോദ്യവും അതിനുള്ള ഉത്തരവും എന്നതാണ് അവതരണ രീതി. പാനൂര്‍ എലാങ്കോട്ടെ ബാലിയില്‍ ശൈഖ് മെമ്മോറിയല്‍ ട്രസ്റ്റാണ് സൗജന്യ വിതരണത്തിനു വേണ്ടി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 
കോപ്പികള്‍ക്ക്:
ബി.എസ്.എം ട്രസ്റ്റ്, എലാങ്കോട്, പാനൂര്‍, കണ്ണൂര്‍- 670692
ഫോണ്‍, വാട്ട്‌സ്ആപ്പ്: 9744615434, 9072091543 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി