Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

റാണി അബ്ബാക്ക ചവുത

ഡോ. അലി അക്ബര്‍

യൂറോപ്യന്‍ കൊളോണിയല്‍ അധിനിവേശത്തിനെതിരെയുള്ള പോരാട്ട ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ കാലത്തിന്റെ വിസ്മൃതിയിലാണ്ടുപോയ അനേകം  പേരുകളിലൊന്നാണ് റാണി അബ്ബാക്ക ചവുത. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നാല്‍പതു വര്‍ഷത്തോളം വീറോടെ പോരാടി, യുദ്ധരംഗത്ത് അസാമാന്യ ധൈര്യം കാണിച്ച അബ്ബാക്ക എന്ന ഈ മഹതിയെ നിര്‍ഭയ റാണി എന്നാണ് തദ്ദേശീയര്‍ ബഹുമാനപുരസ്സരം വിളിച്ചിരുന്നത്.
12-ാം നൂറ്റാണ്ടില്‍ ഗുജറാത്തില്‍നിന്നും കുടിയേറിയ ദിഗംബര ജെയിന്‍ വിഭാഗക്കാരായിരുന്നു കര്‍ണാടക തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തുളുനാട് ഭരിച്ചിരുന്നത്. പുത്തിഗ   തലസ്ഥാനമായിരുന്നെങ്കിലും ഉള്ളാള്‍ ആയിരുന്നു പ്രധാന  വാണിജ്യ തുറമുഖ നഗരം. തിരുമലറായ്  മൂന്നാമനായിരുന്നു 16 -ാംനൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങള്‍ തുളുനാട് ഭരിച്ചിരുന്നത്. അബ്ബാക്ക 1525-ല്‍ ജനിച്ചു. മരുമക്കത്തായ സമ്പ്രദായം പാലിച്ചിരുന്ന ഈ രാജവംശത്തില്‍, സഹോദരീപുത്രന്മാരുടെ അഭാവത്തില്‍, അബ്ബാക്ക എന്ന അനന്തിരവളെയാണ്, തിരുമലറായ് തന്റെ അനന്തരാവകാശിയായി വാഴിച്ചത്.  കുതിര സവാരി, ആയോധന മുറകള്‍, രാജ്യതന്ത്രം, നയതന്ത്രം എന്നീ വിഷയങ്ങളില്‍ ചെറുപ്പത്തിലേ അബ്ബാക്ക പ്രാവീണ്യം  നേടി. മംഗലാപുരം ഭരിച്ചിരുന്ന കുടുംബത്തിലെ ലക്ഷ്മപ്പ ബംഗരാജ്  ആയിരുന്നു  അബ്ബാക്കയുടെ  ഭര്‍ത്താവ്. പക്ഷേ  ഭര്‍ത്താവ് പോര്‍ച്ചുഗീസ് പക്ഷം ചേര്‍ന്നതിനാല്‍ ഈ വിവാഹബന്ധം ഉടനെ വേര്‍പിരിഞ്ഞു.
മത സാമുദായിക സൗഹാര്‍ദത്തിന്റെ നല്ലൊരു ഉദാഹരണമായിരുന്നു അബ്ബാക്കയുടെ ഭരണ സംവിധാനം. ജെയിന്‍  വിഭാഗക്കാരായിരുന്നെങ്കിലും, അബ്ബാക്കയുടെ ഉദ്യോഗസ്ഥരില്‍ ഹിന്ദുക്കളും  മുസ്‌ലിംകളും ധാരാളം ഉണ്ടായിരുന്നു. മോഗാവീര വിഭാഗത്തില്‍പെട്ട, മുസ്‌ലിംകള്‍ മാത്രമടങ്ങുന്ന ശക്തമായ നാവികസേന അബ്ബാക്കയുടെ മുതല്‍ക്കൂട്ടായിരുന്നു. കോഴിക്കോട്  സാമൂതിരിയുമായും അഹ്മദ് നഗറിലെ  ബീജാപ്പൂര്‍  സുല്‍ത്താനുമായും ഊഷ്മളമായ സൗഹൃദവും ശക്തമായ  രാഷ്ട്രീയബന്ധവും അബ്ബാക്ക നിലനിര്‍ത്തിയിരുന്നു. പോര്‍ച്ചുഗീസുകാരുമായുള്ള യുദ്ധങ്ങളില്‍ പലപ്പോഴും അബ്ബാക്ക, കുട്ടിപ്പോക്കര്‍ എന്ന മരക്കാരുടെ നേതൃത്വത്തിലുള്ള സാമൂതിരിയുടെ നാവികസേനയുടെ സഹായം ഉപയോഗപ്പെടുത്തിയിരുന്നു. ഇത്തരം ഒരു നാവികയുദ്ധത്തില്‍  പോര്‍ച്ചുഗീസുകാരുടെ മംഗലാപുരം കോട്ട കീഴടക്കി വിജയശ്രീലാളിതനായി തിരിച്ചുവരുമ്പോഴാണ് കുട്ടിപ്പോക്കര്‍ മരണമടയുന്നത്.
സുദീര്‍ഘമായ നാലു പതിറ്റാണ്ടുകളാണ് അബ്ബാക്ക പോര്‍ച്ചുഗീസുകാരുമായി യുദ്ധം ചെയ്തത്. 1526-ല്‍ പോര്‍ച്ചുഗീസുകാര്‍ മംഗലാപുരം കീഴടക്കി. മലഞ്ചരക്ക് വ്യാപാരം വഴി  തിരക്കും അഭിവൃദ്ധിയും ഉണ്ടായിരുന്ന ഉള്ളാള്‍ തുറമുഖം  ആയിരുന്നു അവരുടെ അടുത്ത ലക്ഷ്യം. 1556-ല്‍ ഡോണ്‍ അല്‍വരോ ഡിസില്‍വാ എന്ന നാവികന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ പോര്‍ച്ചുഗീസുകാര്‍ അമ്പേ പരാജയപ്പെട്ടു. ഒരു സ്ത്രീയുടെ നേതൃത്വത്തിലുള്ള ചെറിയ ഒരു സൈന്യത്തോടല്ലേ ഏറ്റുമുട്ടുന്നത് എന്നായിരുന്നു പോര്‍ച്ചുഗീസുകാരുടെ കണക്കുകൂട്ടല്‍. രണ്ടു വര്‍ഷത്തിനു ശേഷം 1568-ല്‍ കൂടുതല്‍ കരുത്തോടെ  പോര്‍ച്ചുഗീസുകാര്‍ വീണ്ടും ഉള്ളാള്‍ ആക്രമിച്ചു. സാരമായ നാശനഷ്ടത്തോടെ പോര്‍ച്ചുഗീസുകാര്‍ പരാജയപ്പെട്ടു. സാമൂതിരിയുടെ സൈന്യത്തിലെ മുസ്‌ലിം പടയാളികള്‍ ഈ യുദ്ധത്തില്‍ സജീവമായി പങ്കെടുത്തു. അബ്ബാക്കയുടെ യാത്രകളെക്കുറിച്ച് മുന്‍ ഭര്‍ത്താവായ ലക്ഷ്മപ്പയില്‍നിന്നും രഹസ്യവിവരം ലഭിച്ച പോര്‍ച്ചുഗീസുകാര്‍,  ജനറല്‍ ജുഅവോ പിക്‌സോടോയുടെ നേതൃത്വത്തില്‍, ഉള്ളാള്‍ ആക്രമിച്ചു കീഴടക്കി. അവിടെനിന്നും വിദഗ്ധമായി രക്ഷപ്പെട്ട അബ്ബാക്ക, ഒരു മുസ്‌ലിം പള്ളിയില്‍ ഒളിച്ചു.  200 ഭടന്മാരെ കൂട്ടി ആ രാത്രിയില്‍തന്നെ പോര്‍ച്ചുഗീസ് സേനയെ ആക്രമിച്ചു. ഓര്‍ക്കാപ്പുറത്തുണ്ടായ ഈ  മുന്നേറ്റത്തില്‍ ജനറല്‍ ജുഅവോ പിക്‌സോടോ, അഡ്മിറല്‍ മസ്‌കാരെന്‍ഹാസ് ഉള്‍പ്പെടെ 70 പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു.  
നേരിട്ടുള്ള ഏറ്റുമുട്ടലില്‍ അബ്ബാക്കയെ കീഴടക്കുക അസാധ്യമാണെന്ന് മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ ചതിയുടെ മാര്‍ഗം സ്വീകരിച്ചു. പോര്‍ച്ചുഗീസുകാരില്‍നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിച്ച  മുന്‍ ഭര്‍ത്താവ് ലക്ഷ്മപ്പ, അബ്ബാക്കയുടെ നീക്കങ്ങളെ കുറിച്ച് രഹസ്യവിവരങ്ങള്‍ കൈമാറി മുന്‍ ഭാര്യയെയും ദേശത്തെയും ശത്രുക്കള്‍ക്ക് വില്‍പന നടത്തി.  കുടുംബക്ഷേത്രത്തില്‍ ദര്‍ശനം  കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന അബ്ബാക്ക റാണിയെ വലിയൊരു സൈനിക നീക്കത്തിലൂടെ കൊട്ടാരം വളഞ്ഞ് പൊടുന്നനെ തടവിലാക്കി. 1570-ലായിരുന്നു ഇത്. തടവറയിലും അവര്‍ വെറുതെയിരുന്നില്ല. തടവറയില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ റാണി  അബ്ബാക്ക ചവുത  കൊല്ലപ്പെട്ടു. ആളും അര്‍ഥവും  അതിലേറെ സൈനിക ബലവും ഉായിരുന്ന ഒരു വിദേശ വന്‍ശക്തിയെ സധൈര്യം  നേരിട്ട ഈ ധീര വനിതയുടെ വിജയത്തിന്റെ രഹസ്യമെന്താണ്?  ജാതി മത സാമുദായിക വ്യത്യാസങ്ങളൊന്നും  പരിഗണിക്കാതെ നാടിനുവേണ്ടി തന്റെ ദേശക്കാരെ ഒന്നിപ്പിച്ചു നിര്‍ത്തി എന്നതു തന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി