Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

ഇറാഖ് പ്രക്ഷോഭത്തിന്റെ നേര്‍കാഴ്ചകള്‍

ഹകീം പെരുമ്പിലാവ്

കൂട്ടുകാരന്‍ അന്‍മാര്‍ കുസൈരി  ഓഫീസ് ആവശ്യത്തിനു ബഗ്ദാദിലെത്തിയപ്പോള്‍ ഇറാഖിലെ പ്രധാന പ്രക്ഷോഭ കേന്ദ്രങ്ങളിലൊന്നായ തഹ്‌രീര്‍ ചത്വരത്തിനരികിലേക്കാണ് ആദ്യം പോയത്. പോയപ്പോഴുള്ള ഉന്മേഷമുണ്ടായിരുന്നില്ല തിരിച്ചുവന്നപ്പോള്‍. ജോലിയില്‍ തിരിച്ചു കയറേണ്ടതിനാല്‍  പ്രക്ഷോഭ രംഗത്ത് കൂടുതല്‍ തുടരാനായില്ലല്ലോ എന്നായിരുന്നു അന്‍മാറിന്റെ ദുഃഖം. അന്മാര്‍ ബ്രിട്ടീഷ് പൗരത്വമുള്ള ഇറാഖിയാണ്. ഇതൊരാളുടെ ദുഃഖമല്ല. മാറ്റത്തിനു ദാഹിക്കുന്ന ഒരു ജനത മുഴുവന്‍ തെരുവിലിറങ്ങി പലവിധ പ്രതിഷേധങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചയാണ് ബഗ്ദാദിലെങ്ങും. പ്രധാന നിരത്തുകള്‍ മുഴുവന്‍ പ്രക്ഷോഭകരുടെ കൈയിലാണ്. പല ഗവണ്‍മെന്റ് സ്ഥാപനങ്ങളും ആഴ്ചകളോളമായി അടഞ്ഞുകിടക്കുന്നു. പ്രധാനമായും ബഗ്ദാദ് കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം അരങ്ങേറുന്നതെങ്കിലും ബസ്വറയിലും നജ്ഫിലും സമാനമായ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബസ്വറയില്‍ പ്രക്ഷോഭം അക്രമാസക്തമാണ്. അതിനെ നേരിടുന്നത് കിരാതമായ രീതിയിലാണ്. ഇറാഖിലെ കച്ചവട മേഖലയില്‍ പ്രതിസന്ധി അനുദിനം രൂക്ഷമായി വരികയാണ്. പ്രക്ഷോഭം ഇതുവരെ എണ്ണയുല്‍പ്പാദനത്തെ ബാധിച്ചിട്ടില്ലെങ്കിലും, ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ 
എണ്ണ കയറ്റുമതിയെയടക്കം അത് സാരമായി ബാധിക്കാനിടയുണ്ട്. ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഇതിനകം നാനൂറിലധികം  പേരാണ് രക്തസാക്ഷികളായത്. മരിച്ചവരുടെ എണ്ണമെത്രയെന്ന് കൃത്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതെഴുതുമ്പോള്‍ ഇറാഖി പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയും ഏതാനും ചില മന്ത്രിമാരും രാജിവെച്ചിട്ടുണ്ടെങ്കിലും ഇനിയെന്ത് എന്ന് ഭരണകൂടത്തിനോ പ്രക്ഷോഭകര്‍ക്കോ തിട്ടമില്ലാത്ത സ്ഥിതിയാണ്. ഭരണം കൈയാളുന്ന മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണെന്നും എല്ലാവരും രാജിവെച്ചൊഴിയണമെന്നുമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. കടുത്ത ഇറാന്‍വാദികളായ മന്ത്രിമാരൊന്നും ഇതുവരെയും രാജിവെച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ പ്രക്ഷോഭങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഒരു വര്‍ഷമാണു ആദില്‍ അബ്ദുല്‍ മഹ്ദിക്ക് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാനായത്. നജ്ഫിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് പൂര്‍ണമായും കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ തച്ചുകെടുത്തുന്നതിനിടെ ഇറാഖിന്റെ തെക്കന്‍ നഗരമായ നാസിരിയ്യയില്‍ ഒറ്റ ദിവസം 28 പേരെയാണ് കൊന്നൊടുക്കിയത്. ഈ സംഭവത്തിനു ശേഷം ഇറാഖിലെ ശീഈകളുടെ മുഖ്യനേതാവായ ആയത്തുല്ല അലി അല്‍ സസ്താനി പോലും മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുകയുണ്ടായി. 

തൂക്കമൊപ്പിച്ചുള്ള ഭരണമുണ്ടാവില്ല

ആദില്‍ അബ്ദുല്‍ മഹ്ദി രാജിവെച്ചൊഴിഞ്ഞ ശേഷം പ്രക്ഷോഭകര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വീകാര്യനായ ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് കൊണ്ടു വന്നാലും നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള മുഖ്തദ സദ്‌റിനും ഇറാന്‍ പക്ഷമായ ഹാദി അല്‍ ആമിരിയുടെ സൈനിക ചേരിക്കുമാണ് പാര്‍ലമെന്റില്‍ മുന്‍തൂക്കം. എന്നാല്‍ സദ്ര്‍ പക്ഷം പ്രക്ഷോഭം നടത്തുന്നവരെ പിന്തുണക്കുന്ന വിചിത്ര കാഴ്ചയുമുണ്ട്. ശീഈപക്ഷങ്ങള്‍ തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് വന്നതോടെ അത്തരത്തിലുള്ള തൂക്കുഭരണ സാധ്യതകളും മങ്ങി. പാര്‍ലമെന്റ് അംഗങ്ങള്‍ നേരിട്ട് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന അവസ്ഥയുണ്ടാകരുതെന്നും പകരം പാര്‍ലമെന്റ് മുന്നോട്ടു വെക്കുന്ന അഞ്ചിലൊരാളെ ജനഹിതപരിശോധനയിലൂടെ കണ്ടെത്തണമെന്നുമാണ് സദ്ര്‍ പക്ഷം നിര്‍ദേശിക്കുന്നത്.  തങ്ങള്‍ക്ക് ലഭിക്കേണ്ട ക്വാട്ട നഷ്ടപ്പെടുമെന്നതിനാലും സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനമില്ലാതാവുമെന്നതിനാലും ഈ നിര്‍ദേശത്തിന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എതിരാണ്.
എന്തായിരുന്നാലും ഇറാഖ് പ്രധാനമന്ത്രിയുടെ രാജിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുകയില്ലെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒരു കാവല്‍ പ്രധാനമന്ത്രി വരാനാണ് സാധ്യത. നിലവിലെ ഭരണഘടനയനുസരിച്ച് പ്രസിഡന്റിനു 15 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഒരാളെ നിര്‍ദേശിക്കാം. ശീഈകളുടെ ഭരണം ഇനിയും സഹിക്കാനാവില്ലെന്നാണ് പ്രക്ഷോഭം നടത്തുന്ന ശീഈകള്‍ തന്നെ പറയുന്നത്. ഇറാന്‍ വൃത്തങ്ങള്‍ക്ക് അനുദിനം ഇറാഖിനു മേലുള്ള സ്വാധീനം നഷ്ടപ്പെടുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം അണിയറയില്‍ അമേരിക്ക ചില ചരടുവലികള്‍ നടത്തുന്നുണ്ടെന്നും അക്കാദമീഷ്യനായ ഒരു ക്രിസ്തീയ നാമം പരിഗണനയിലുണ്ടെന്നും സൂചനകളുണ്ട്.    

തഹ്‌രീര്‍ ചത്വരത്തിലെ നേര്‍ക്കാഴ്ചകള്‍

ഇറാഖിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ ഇറാഖീ ജനത തെരഞ്ഞെടുത്ത സ്ഥലമെന്നാണ് തഹ്‌രീര്‍ ചത്വരം ഇപ്പോള്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ഒരു മാസമായി ബഗ്ദാദിലെ തഹ്‌രീര്‍ ചത്വരവും അതിനോടു ചേര്‍ന്ന തുര്‍ക്കിഷ് ഹോട്ടല്‍ സമുച്ചയവും സജീവമാണ്. സര്‍വ സന്നാഹങ്ങളുമായാണ് ജനങ്ങള്‍ പ്രക്ഷോഭത്തിനെത്തിയിരിക്കുന്നത്. ചത്വരം നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കുരുതിക്കളമായി മാറിയിട്ടും ആടിയും പാടിയും പ്രക്ഷോഭത്തിന്റെ കനലണയാതെ സൂക്ഷിക്കുന്നു് ജനങ്ങള്‍. ദിനേനയെന്നോണം പതിനായിരങ്ങളാണ് ഇവിടെയെത്തുന്നത്. ഇറാഖിലെ മഹാഭൂരിപക്ഷം ജനതയും പ്രക്ഷോഭത്തെ അനുകൂലിക്കുന്നുവെന്നാണ് വിലയിരുത്തുന്നത്. തഹ്‌രീര്‍ ചത്വരത്തില്‍നിന്നൊരു പാലമുണ്ട് ഗ്രീന്‍ സോണിലേക്ക്. ഈ ഗ്രീന്‍സോണിലാണ് പ്രധാന എംബസികള്‍. അമേരിക്കന്‍ ബേസും ഇവിടെയാണ്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രീന്‍ സോണിലേക്ക് പ്രവേശിക്കാന്‍ പ്രക്ഷോഭകര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.

'ടുക് ടുക്' (റിക്ഷാ) വിപ്ലവം

നേരത്തേ ബഗ്ദാദില്‍ പോയപ്പോള്‍ നമ്മുടെ ഓട്ടോറിക്ഷ അവിടെ കണ്ടപ്പോള്‍ കൂട്ടുകാരോട് ചോദിച്ചിരുന്നു, ഇവിടെയുമുണ്ടോ ഈ കുടുകുടുവണ്ടി എന്ന്. ഇന്ത്യയില്‍നിന്നാണ് അവ ഇറക്കുമതി ചെയ്യുന്നതെന്ന് അന്നവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ ഓട്ടോറിക്ഷകളാണ് വിപ്ലവക്കളത്തിലെ പുലികള്‍. ടുക് ടുക് എന്നാണ് ഇറാഖികള്‍ ഇതിനെ ഇവിടെ വിളിക്കുന്നത്. ഈ വിപ്ലവം വിജയിച്ചാല്‍ ഇതിനു 'ടുക് ടുക്' വിപ്ലവമെന്ന പേരുവരാനും സാധ്യതയുണ്ട്. മറ്റൊരു വാഹനത്തിനും പ്രവേശനമില്ലാത്ത പ്രക്ഷോഭം നടക്കുന്ന ഇടങ്ങളിലേക്ക് സഹായവുമായാണ് ഓട്ടോറിക്ഷകള്‍ ആദ്യം കടന്നുവന്നത്. പിന്നീട് ടുക് ടുക് ഒരു തരംഗമായി മാറി. വിപ്ലവത്തിന്റെ ഭാഗമാകണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. പരിക്കേറ്റവരെയും കൊണ്ട് അവര്‍ ആശുപത്രികളിലേക്ക് കുതിക്കുന്നു. പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ആവശ്യമായ  ഭക്ഷണവും വെള്ളവും വസ്ത്രവും വിതരണം ചെയ്യുന്നതും ടുക് ടുക് ഏറ്റെടുത്തു.
പ്രക്ഷോഭ വാര്‍ത്തകള്‍ ഭരണകൂടം മൂടി വെക്കുന്നതിനാല്‍ 'ടുക് ടുക്' എന്ന പേരില്‍ 8 പേജുള്ള ഒരു പത്രവും ഇറാഖില്‍ നിന്ന് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇറാഖി തെരുവുകളില്‍ സൗജന്യമായി പത്രമെത്തിക്കുന്ന ജോലിയും ടുക് ടുക് ഡ്രൈവര്‍മാര്‍ ഏറ്റെടുത്തു. ബഗ്ദാദിലെ അജ്ഞാതമായ ഏതോ പ്രസ്സില്‍നിന്നാണ് ഇത് അച്ചടിക്കുന്നത്. പ്രക്ഷോഭകരുടെ ശബ്ദമായി മാറിയ  ടുക് ടുക് ഇറാഖിന്റെ ചരിത്രത്തില്‍ സുപ്രധാനമായ ഇടം നേടുകയാണ്. ടുക് ടുക് ഇന്നൊരു ശക്തമായ പ്രതിഷേധ ചിഹ്നമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ ആഴ്ച തോറുമിറങ്ങുന്ന പത്രം പ്രക്ഷോഭം നീളുകയാണെങ്കില്‍ ദിനേനയാക്കാന്‍ ആലോചിക്കുന്നുണ്ടത്രെ. ആയിരത്തില്‍ തുടങ്ങി ഇപ്പോള്‍ 3000 കോപ്പി അടിക്കുന്ന പത്രത്തിനു ഇറാഖില്‍ അനുദിനം പ്രിയമേറിവരുന്നു. കിംവദന്തികള്‍ക്ക് പകരം ശരിയായ വിവരമെത്തിക്കുകയായാണു ദൗത്യമെന്ന് ഇതിന്റെ എഡിറ്റര്‍ പറയുന്നു. 

വൈറലായി ഉമ്മയും മകനും

ഇറാഖിലെ മന്‍സൂറില്‍ താമസിക്കുന്ന ഗസ്സാന്‍ കഴിഞ്ഞ 15 ദിവസമായി വീട്ടില്‍ പോയിട്ടില്ല. ഫോണില്‍ വിളിച്ച് ഉമ്മയെ മിസ്സ് ചെയ്യുന്നുണ്ടെന്നും എന്നാലും ലക്ഷ്യം നേടിയേ മടങ്ങൂ എന്നും ആ മകന്‍ ഉമ്മയോട് പറഞ്ഞു. ആ ഉമ്മ തടസ്സങ്ങളൊന്നും പറഞ്ഞില്ല. ദൗത്യം പൂര്‍ത്തീകരിക്കാന്‍ പ്രാര്‍ഥിക്കാമെന്ന് മാത്രം പറഞ്ഞു. പക്ഷേ ആ ഉമ്മ  കുറച്ച് പലഹാരവുമായി തഹ്‌രീര്‍ ചത്വരത്തിലേക്ക് വണ്ടി കയറി. ഒരു ദിവസം മുഴുവന്‍ മകനെ തെരഞ്ഞു. അവസാനം ചത്വരത്തിലെ പാലത്തിന്റെ മുകളില്‍ അവനെ കണ്ടെത്തി. ആ ഉമ്മയും പ്രക്ഷോഭത്തിന്റെ ഭാഗമായി. പാലത്തിന്റെ മുകളില്‍നിന്ന് ഇറങ്ങിവന്ന മകനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. കൈയിലുണ്ടായിരുന്ന പലഹാരം കൂട്ടുകാര്‍ക്കൊക്കെ നല്‍കി പുറത്തേക്ക് വന്ന് റോഡരികിലിരുന്ന ആ ഉമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു മകന്‍. ആരോ ഈ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടു. പിന്നീട് ചിത്രവും ഉമ്മയും വൈറലായി.

പ്രക്ഷോഭം പൂക്കുന്ന രാത്രികാലം

രാത്രികാല ജീവിതം പൊതുവെ ഇറാഖികള്‍ക്ക് പ്രിയങ്കരമാണ്. തഹ്‌രീര്‍ ചത്വരത്തിനു ചുറ്റും ആയിരങ്ങളാണു രാത്രി ചെലവഴിക്കാനെത്തുന്നത്. പാട്ടുപാടിയും റോഡുകളിലുടനീളം കബാബുണ്ടാക്കി ചൂടോടെ കഴിച്ചും മത്തന്‍ കുരു കൊറിച്ചും ചീട്ട് കളിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും അവര്‍ നേരം വെളുപ്പിക്കുന്നു. രാവിലെ ജോലിയുള്ള ആളുകളെല്ലാം രാത്രികാലങ്ങളില്‍ പ്രക്ഷോഭത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തുന്നുണ്ട്. പ്രക്ഷോഭകരെ ഒതുക്കാന്‍ വൈദ്യുതി വിഛേദിക്കുമ്പോള്‍ റോഡ് നീളെ മെഴുകുതിരി കത്തിച്ചു വെച്ചാണു പ്രതിഷേധം തീര്‍ത്തത്. ചത്വരത്തിനു മുകളില്‍ മെഴുകുതിരി കത്തിച്ച് വെച്ച ചിത്രങ്ങള്‍ ചാനലുകളില്‍ പിന്നീട് ചര്‍ച്ചയാവുകയും ചെയ്തു.  

ആരാണു സ്‌പോണ്‍സര്‍?

പ്രക്ഷോഭം നടത്തുന്നവരെ ആരാണു സഹായിക്കുന്നത്? ദരിദ്രരാജ്യമായിട്ടും പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഒന്നിനും യാതൊരു മുട്ടുമില്ല. ആഘോഷം കണക്കെ ആരാണു രംഗം കൊഴുപ്പിക്കുന്നതെന്ന് അജ്ഞാതമാണ്. ടുക് ടുക് (റിക്ഷകള്‍) ഓടിക്കൊണ്ടിരിക്കുന്നു. ഭക്ഷണവും മരുന്നും വേണ്ടത്രയുണ്ട്. പ്രക്ഷോഭ സ്ഥലത്തേക്കുള്ള വഴികളില്‍ സ്ത്രീകള്‍ തങ്ങളുടെ കഴിവനുസരിച്ച് ഭക്ഷണമുണ്ടാക്കുന്നുണ്ട്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും സൗജന്യമായി ഭക്ഷണം കഴിക്കാം. മരുന്നും ഭക്ഷണവും ഇറാഖിന്റെ തോരണങ്ങളും സൗജന്യമാണ്. ഇറാനെ തളര്‍ത്താന്‍ അമേരിക്കയുടെ ധനസഹായത്തോടെയാണിതെന്ന് ഒരു കൂട്ടര്‍. നിലവിലുള്ള ഭരണകൂടം ഇസ്രയേല്‍ വിരുദ്ധമായതിനാല്‍ ഇസ്രയേലാണിതിന്റെ പിന്നിലെന്ന് പറയുന്നവരുമു്. ഇറാനെ തളക്കാന്‍ ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ് മുഴുവന്‍ ധനസഹായവും നല്‍കി പ്രക്ഷോഭത്തെ ലൈവ് ആക്കി നിര്‍ത്തുന്നതെന്ന് മറ്റൊരു വിലയിരുത്തല്‍. എന്നാല്‍ തങ്ങള്‍ക്കാണ് പ്രക്ഷോഭത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് എന്ന് ആരും അവകാശപ്പെടുന്നുമില്ല.  

വിഭാഗീയതക്കെതിരെ കൈകോര്‍ത്ത് ഒരുമ

ഇറാഖിലെ ജാദിരിയ്യയിലുള്ളവര്‍ക്ക് മന്‍സൂറിലുള്ളവരെ കണ്ടുകൂടാ. ഇതുപോലെ പ്രാദേശികവും വിഭാഗീയവും വംശീയവുമായ വേര്‍തിരിവുകളും സമ്പത്തിന്റെയും ആഭിജാത്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ചേരിതിരിവുമെല്ലാം ഇന്നും ഇറാഖികള്‍ക്കിടയിലുണ്ട്. അതിന്റെ കൂടിയ പതിപ്പാണ് ശീഈ, സുന്നി, കുര്‍ദി എന്നിങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വേര്‍തിരിവുകള്‍. എന്നാല്‍ ഈ പ്രക്ഷോഭം എല്ലാവരെയും ഒന്നിപ്പിച്ചിരിക്കുന്നു. ഒന്നിച്ച് പോരാടുകയാണെന്നതിനാല്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു, ഒന്നിച്ച് കിടക്കുന്നു. വിഭാഗീയതകള്‍ മറന്നു എല്ലാവരേയും ഒന്നായി കാണാന്‍ പ്രക്ഷോഭകര്‍ക്ക് കഴിയുന്നു. ഇറാഖിനു അതു പുതുമയാണെന്ന് തന്നെ പറയേണ്ടിവരും. കാരണം ഇപ്പോഴും വംശവും ഗോത്രവും കുടുംബമഹിമയൂം ഒക്കെ പറഞ്ഞു തല്ലിയും കുത്തിയും കീഴടക്കുന്നവരാണ് ഇറാഖികള്‍. അതിനാല്‍ ഈ ഒരുമ എടുത്ത് പറയേണ്ടതാണ്.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അഴിമതി തുടച്ചു നീക്കുന്നതിനും, രാജ്യനിവാസികള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും, പൊതുസേവനത്തിലെ അനാസ്ഥ പരിഹരിക്കുന്നതിനുമൊക്കെയായി ആരംഭിച്ച പ്രക്ഷോഭം എങ്ങനെ അവസാനിക്കുമെന്ന് ഇപ്പോഴും പറയുക വയ്യ. ഇറാഖിലെ മുഴുവന്‍ തദ്ദേശീയര്‍ക്കും ഗുണകരമായ ഒരു രാഷ്ട്രീയ പരിഹാരമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് പ്രക്ഷോഭമുഖത്തുള്ള യുവതലമുറ പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ കുറേ കാലമായി അസ്ഥിരതക്ക് പകരം സ്ഥിരതയുള്ള ഒരു സുരക്ഷിത രാജ്യത്തെയാണ് ഇറാഖി ജനത ഉറ്റുനോക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി