Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

പേരില്ലാതായിപ്പോകുന്ന പെണ്ണ്

ഫൗസിയ ഷംസ് 

2012 ഡിസംബറിലെ തണുപ്പില്‍ രാജ്യമൊന്നാകെ കത്തിച്ചുവെച്ച മെഴുകുതിരികള്‍ ദല്‍ഹിയിലെ അസ്ഥി തുളക്കുന്ന തണുപ്പിനെ ശമിപ്പിക്കാനായിരുന്നില്ല, മനുഷ്യത്വം മരവിച്ചുപോയവര്‍ ബലാത്സംഗം ചെയ്ത്  ക്രൂരമായി കൊലപ്പെടുത്തിയ പെണ്‍കുട്ടിക്കു വേണ്ടിയായിരുന്നു. അന്ന് നാമെല്ലാവരും മനമുരുകി പ്രാര്‍ഥിച്ചിരുന്നു, സ്വന്തം പേരു പോലും അപ്രസക്തമായി നിര്‍ഭയ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ആ പെണ്‍കുട്ടിയെ പോലെ ഇനിയൊരു പെണ്ണും സ്വന്തം പേരില്ലാതെ  ഈ ലോകത്തുനിന്നും വിടപറയരുതേ എന്ന്. പക്ഷേ ഇന്ത്യന്‍ സാമൂഹികാവസ്ഥ ഈ നൂറ്റാണ്ടിലും സ്ത്രീയെ മാനിക്കുന്ന തരത്തിലേക്ക് പാകപ്പെട്ടില്ല എന്നു തെളിയിച്ചുകൊണ്ട് പെണ്‍മാനം കവര്‍ന്നും പെണ്ണിനെ കത്തിച്ചും കെട്ടിത്തൂക്കിയും കൊന്നുതള്ളുന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിക്കൊണ്ടേയിരിക്കുകയാണ് നാം. സ്ത്രീശാക്തീകരണ പദ്ധതികളും പരിപാടികളുമായി സര്‍ക്കാറും അതിന്റെ മെഷിനറിയും പണം വാരിയെറിയുന്നതിനിടയിലും മാനവും നാണവും പറിച്ചെറിയപ്പെട്ട്  പേരുപോലും ഇല്ലാതായിപ്പോകുന്ന അവസ്ഥയാണ് ഇന്ത്യന്‍ സ്ത്രീയുടേത്. കശ്മീമിരിലെ കഠ്‌വ മുതല്‍ കേരളത്തിലെ വാളയാര്‍ വരെ രാജ്യമങ്ങോളമിങ്ങോളം അടയാളപ്പെടുത്തപ്പെട്ട സ്ഥലനാമങ്ങള്‍ പെണ്‍മാനം പിച്ചിച്ചീന്തിയതിന്റെ സാക്ഷ്യങ്ങളാണ്.
രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നടപ്പിലാക്കിയതാണ് 'പുതിയ ഇന്ത്യ' പദ്ധതി. സ്ത്രീയെ സ്വയം ശാക്തീകരിക്കാനായി ഗോവര്‍ധന്‍ പദ്ധതി, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, ഗാര്‍ഹിക പീഡന നിയമം, ചൈല്‍ഡ് ലൈന്‍, ബാലനീതി നിയമം, വനിതാ കമീഷന്‍, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മന്ത്രാലയം.... അവസാനം ഇതാ പോക്‌സോ വരെ എത്തിനില്‍ക്കുന്ന സ്ത്രീ സുരക്ഷാ നിയമങ്ങള്‍. എന്നിട്ടും ഇന്ത്യന്‍ സ്ത്രീത്വം നിലവിളിക്കുകയാണ്, തങ്ങളുടെ മാനം ആരും കട്ടെടുക്കല്ലേയെന്ന്.
പത്ത് ആണ്‍കുട്ടികള്‍ക്കു സമമാണ് ഒരു പെണ്‍കുട്ടിയെന്നും രാജ്യത്തിന്റെ പുരോഗതിക്കു സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും 'മന്‍കീ ബാത്ത്' പരിപാടിയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്  നമ്മുടെ പ്രധാനമന്ത്രി. പക്ഷേ അതു അംഗീകരിക്കാന്‍ ലോകം തയാറല്ല. അവര്‍ തിരിച്ച് പറയുന്നത്; നിങ്ങളുടെ നാട് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കൊള്ളില്ലെന്നാണ്. സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യയെന്നും ലൈംഗികാതിക്രമത്തിനും അടിമപ്പണിക്കും ഇന്ത്യയിലെ സ്ത്രീകളെ ഉപയോഗിക്കുന്നുന്നെും കണക്കുകള്‍ നിരത്തി പറയുകയാണവര്‍. 
വേള്‍ഡ് ഇക്കണോമിക്‌സ് ഫോറത്തിന്റെ റിപ്പോര്‍ട്ട് ലിംഗനീതിയുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ഏറ്റവും പിന്നിലാണെന്നാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ലോകത്ത് നാലാം സ്ഥാനത്ത് ഇന്ത്യയാണെന്നാണ് തോംസണ്‍ റോയിട്ടേഴ്‌സ് ട്രസ്റ്റ് ലോ വിമണ്‍ എന്ന അന്താരാഷ്ട്ര സംഘടനയുടെ മറ്റൊരു പഠനത്തില്‍ പറയുന്നത്. ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളിലാണ് ഫൗണ്ടേഷന്‍ പഠനം നടത്തിയത്. ആധുനിക സ്ത്രീ എങ്ങനെയാണ് അവളുടെ ജീവിതത്തെ പൊതു ഇടത്തും കുടുംബത്തിനകത്തും അടയാളപ്പെടുത്തിക്കൊണ്ടിക്കുന്നതെന്നറിയാന്‍  ലോകത്തോളം നാം പോകേണ്ടതില്ല. നമ്മുടെ വിശാലമായ ഇന്ത്യയിലേക്കൊന്നു കണ്ണോടിച്ചു നോക്കിയാല്‍ മാത്രം മതി. മാനം പോകുമോയെന്ന പേടിയില്‍ സാമൂഹിക സുരക്ഷയോര്‍ത്ത് അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പോലും പുറംജോലിക്ക് പോകുന്നത് കുറക്കുകയാണെന്നാണ് അസോച്ചയെന്ന സംഘടനയുടെ പഠനത്തില്‍ കണ്ടെത്തിയത്.
മാംസക്കച്ചവടത്തിനായി വിവിധയിടങ്ങളിലേക്ക് സ്ത്രീകളെ കടത്തുന്നതിന്റെ കേന്ദ്രമായി ഇന്ത്യ മാറുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍. പൗരന്റെ മൗലികാവകാശങ്ങളില്‍ പരമപ്രധാനമാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം. ഇന്ത്യയും വിവിധ ലോകരാജ്യങ്ങളോടൊപ്പം ഇതുമായ ബന്ധപ്പെട്ട് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നിട്ടും 2012-ല്‍തന്നെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ സ്ത്രീകളുടെ കാര്യത്തില്‍ ഏറ്റവും മോശം രാജ്യമായി പേരുചേര്‍ക്കപ്പെടുകയാണുണ്ടായത്. ആസിഡ് ആക്രമണം, സ്ത്രീധനക്കൊലകള്‍, ബലാത്സംഗം, ബാലികമാരെ ബലമായി ലൈംഗികത്തൊഴിലാളികളാക്കാന്‍ തുടങ്ങി ഇന്ത്യയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളു്. ഇന്ത്യ സ്ത്രീകള്‍ക്കെതിരെ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന നാടാണെന്നും അങ്ങോട്ടേക്കുള്ള യാത്ര സൂക്ഷിച്ചുവേണമെന്നും അമേരിക്കയും ബ്രിട്ടനും തങ്ങളുടെ ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബലാത്സംഗം: നിര്‍വചനവും നിയമവും

ഒരു സ്ത്രീയുമായി അവളുടെ സമ്മതമോ അനുവാദമോ ഇല്ലാതെ പുരുഷന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 375-ാം വകുപ്പു പ്രകാരം പീഡനമായി കാണുന്നത്. 18 വയസ്സിനു താഴെയുള്ള കുട്ടികളുമായി അനുവാദത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാലും പീഡനമായി കണക്കാക്കും. നിയമത്തിലെ 376-ാം വകുപ്പ് അതിനുള്ള ശിക്ഷയായി കണക്കാക്കിയത് എഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെയുള്ള തടവാണ്. 1983-ലെ മധുര കേസാണ് ഇതിനു അടിസ്ഥാനം. 1972-ല്‍ മധുര എന്ന ആദിവാസി യുവതി മഹാരാഷ്ട്ര പോലീസ് സ്റ്റേഷനില്‍ ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷമാണ് ഈ നിയമനിര്‍മാണം. ഈ കേസില്‍ ബലാത്സംഗമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്തുടനീളം പ്രധിഷേധമുണ്ടായതിനെ തുടര്‍ന്നാണ് 1983-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ ഭേദഗതി വരുത്തിയത്. ഈ ഭേദഗതിയിലൂടെ തന്റെ സമ്മതമില്ലാതെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് സ്ത്രീ മൊഴി നല്‍കിയാല്‍ അത് തെളിവായി കാണാമെന്ന വ്യവസ്ഥ വന്നു.  പിന്നീട് നിര്‍ഭയ കേസോടെ ജസ്റ്റിസ് ജെ. എസ് വര്‍മ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഭേദഗതി വരുത്തുകയും ഇരകളെ കൊല്ലുകയോ ആപല്‍ക്കരമായ ഘട്ടത്തിലാക്കുകയോ ചെയ്താല്‍ വധശിക്ഷ വരെയാക്കി നിയമം ഭേദഗതി ചെയ്തു. കൂട്ട ബലാത്സംഗ കേസുകളില്‍ പത്ത് വര്‍ഷം തടവെന്നത് 20 വര്‍ഷമായി ദീര്‍ഘിപ്പിച്ചു. ഇപ്പോള്‍ തെലങ്കാന, ഉന്നാവ, ആന്ധ്ര സംഭവങ്ങളോടെ വീണ്ടും ഐ.പി.സിയും സി.ആര്‍.പിയും ഭേദഗതി ചെയ്യുന്നതിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
 
പോക്‌സോ നിയമം

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 2012-ല്‍ പാസാക്കിയ നിയമമാണ് പോക്‌സോ.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. ഈ നിയമത്തിലെ വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വര്‍ഷത്തില്‍ കുറയാത്തതോ ജീവപര്യന്തം വരെയുള്ളതോ ആയ തടവാണ് ശിക്ഷ. പിഴ കൊടുക്കേിവരികയും ചെയ്യും. ഇതിലെ വകുപ്പ് അഞ്ച് അനുസരിച്ച് ഗൗരവതരമായ ലൈംഗിക കടന്നാക്രമണത്തിന് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിനതടവും പിഴയുമാണ് ശിക്ഷ. 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയാലുള്ള ശിക്ഷ മരണം വരെ ജീവപര്യന്തമാക്കി. ഇപ്പോള്‍ പാര്‍ലമെന്റ് നിയമം വീും ഭേദഗതി ചെയ്തു. 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷക്ക് ശിപാര്‍ശ ചെയ്തിരിക്കുകയാണ്. ജൂണ്‍ 30 വരെ പോസ്‌കോ പ്രകാരം 24,212 കേസാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍ 11,981 കേസ് പോലീസ് അന്വേഷിക്കുന്നു. 12,231 കേസുകളില്‍ കുറ്റപത്രം നല്‍കി. വിചാരണ തുടങ്ങിയത് 64449, തീര്‍പ്പായത് 9991. കേസുകള്‍ മുഴുവന്‍ തീര്‍പ്പാക്കണമെങ്കില്‍ പത്തു കോടതികളെങ്കിലും സ്ഥാപിക്കേണ്ടി വരും. കാരണം ഓരോ ജില്ലയിലും നൂറിലധികം കേസുകളുണ്ട്. 

വൈകുന്ന നീതി

ബലാത്സംഗ കേസുകള്‍ പെരുകുമ്പോഴും രാജ്യത്തെ 15 സംസ്ഥാനങ്ങളിലും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആയിട്ടില്ല. സ്ത്രീ പീഡനങ്ങളുടെ തലസ്ഥാനമായി മാറുന്ന യു.പിയിലും വെറ്റിനറി ഡോക്ടറെ നിഷ്ഠുരം കൊന്ന തെലങ്കാനയിലും പ്രത്യേക കോടതിയില്ല. 1023 അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ 2019 ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 389 എണ്ണം പോക്‌സോ കേസുകള്‍ക്കു മാത്രമുള്ളതാണ്. ഇതിന്റെ ഭാഗമായി കേരളത്തില്‍ സ്ഥാപിക്കുന്ന 56 കോടതികളില്‍ 28 എണ്ണത്തിനാണ് കേന്ദ്രാനുമതി ലഭിച്ചത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ആറു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള 166882 കേസുകള്‍ ഉടന്‍ തീര്‍പ്പാക്കാനാണ് പ്രത്യേക അതിവേഗ കോടതി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ 13-ന് സുപ്രീം കോടതിയും ഇതേ നിര്‍ദേശം മുന്നോട്ടുവെച്ചു. നാലു മാസം പിന്നിട്ടിട്ടും 16 സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങള്‍ മാത്രമാണ് പദ്ധതിയില്‍ ചേര്‍ന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കുട്ടികളെ പീഡിപ്പിച്ച 6,934 കേസുകളുണ്ടായതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 7,924 പ്രതികളുണ്ട്. 4,971 കേസുകളില്‍ മാത്രമാണ് കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കിയത്. 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണിത് സൂചിപ്പിക്കുന്നത്.
നമ്മുടെ കോടതികളില്‍ ഒന്നര ലക്ഷം ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 18,300 കേസുകള്‍ മാത്രമാണ് തീര്‍പ്പായത്. ശിക്ഷ വിധിച്ചത് തുലോം വിരളം. ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ  32.2 ശതമാനം ബലാത്സംഗ കേസുകളില്‍ മാത്രമാണ് ശിക്ഷ വിധിച്ചത്. ദല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലെ ശിക്ഷാ നിരക്ക് 22.2 ശതമാനമാണ്. പോക്‌സോ പ്രകാരം ശിക്ഷിക്കപ്പെട്ടത് അതിനേക്കാള്‍ വളരെ താഴെയാണ്.

എന്തുകൊണ്ട്?

നിയമത്തില്‍ കര്‍ശനമായ വകുപ്പുകള്‍ എഴുതിച്ചേര്‍ത്തിട്ടും ഒട്ടനേകം സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഉണ്ടായിട്ടും എന്തുകൊിതു സംഭവിക്കുന്നു? വാര്‍ത്തകള്‍ കോളിളക്കമുാക്കുമ്പോള്‍ പ്രഖ്യാപനങ്ങള്‍ നടത്തുക എന്നതല്ലാതെ പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടാവുന്നില്ല. പീഡിത നിയമത്താല്‍ പരിരക്ഷിക്കപ്പെടുകയല്ല, അവളുടെ പേരില്‍ നിയമമുണ്ടാവുക മാത്രമാണ് സംഭവിക്കുന്നത്. കേന്ദ്രം പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതി മുതല്‍ കേരളം ഇപ്പോള്‍ പ്രഖ്യാപിച്ച നിഴല്‍ പദ്ധതി വരെ ഇങ്ങനെ പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പേരില്‍ ഉണ്ടാക്കപ്പെട്ടവയാണ്.  
നൂറിലധികം പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ലകളില്‍ ഒരു പോക്‌സോ കോടതി വേണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇപ്പോള്‍ കേരളത്തില്‍ പോക്‌സോ കോടതിയുള്ളത്. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച് എല്ലാ ജില്ലകളിലും പോക്‌സോ കോടതിക്ക് സാധ്യത തെളിയുകയാണ്. ഏതൊരു രാജ്യത്തിന്റെയും അന്തസ്സ് ആ നാട്ടിലെ സ്ത്രീ ജീവിതാവസ്ഥയെ മുന്‍നിര്‍ത്തിയാണ് നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കൂടുതലായി രൂപീകരിക്കപ്പെടുന്ന പോക്‌സോ കോടതികള്‍ ഒരിക്കലും സാമൂഹിക സുരക്ഷയുടെ അടയാളമോ അഭിമാനമോ അല്ല. അത് രാജ്യത്തിനു നാണക്കേടാണ്.
ഫാഷിസ്റ്റ് പുരുഷാധിപത്യ ജാതിഘടനയുടെ സാമൂഹിക പരിസരമാണ് ഇത്തരം ആപല്‍ക്കരമായ കാര്യങ്ങള്‍ക്ക് ഹേതുവെന്നു കണ്ടെത്താവുന്നതാണ്. ഫാഷിസ്റ്റ് മനോഭാവമുള്ള പുരുഷന് അവന്റെ ജനനേന്ദ്രിയവും ഒരു ആയുധമാണ്. കഠ്‌വയിലെ ആസിഫയെന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് വംശീയ ഉന്മൂലനത്തിന് വേണ്ടിയായിരുന്നു. ഭരണകൂട നെറികേടുകള്‍ക്കെതിരെ പ്രതികരിക്കുന്ന ഛത്തീസ്ഗഢിലെ സോണി സോറിയോട് മാനം വേണമെങ്കില്‍ അടങ്ങിയിരുന്നോ എന്നാണ് ആജ്ഞാപിച്ചത്. മണിപ്പൂരില്‍ മനോരമയെണ സ്ത്രീയെ നാമോര്‍ക്കുന്നത് ഭരണകൂട സംവിധാനങ്ങളാല്‍ മാനം പിച്ചിച്ചീന്തപ്പെട്ടവള്‍ എന്ന നിലക്കാണ്. അഫ്‌സ്പ എന്ന നിയമം അധികാരത്തിന്റെ ബലാത്സംഗ അധീശത്വത്തെ സ്ഥാപിച്ചെടുക്കാനുള്ളതാണ്. 
മാനവികതയിലും ധാര്‍മിക മൂല്യങ്ങളിലും ഊന്നിയ നവോത്ഥാന സങ്കല്‍പങ്ങള്‍ക്ക് ഇളക്കം തട്ടുകയും സ്ത്രീവിരുദ്ധമായ ജാതി വ്യവസ്ഥയിലൂന്നിയ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ മേല്‍ക്കൈ നേടുകയും ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മുടെ നാട്ടില്‍. കാമ്പസിനകത്ത് ഫാഷിസത്തിനെതിരെ പ്രതിഷേധിക്കുന്ന പെണ്ണിനോട് ബലാത്സംഗം ചെയ്യപ്പെടാനാണോ നിങ്ങള്‍ വന്നത് എന്ന് ചോദിച്ചത് നാം കേട്ടതാണ്. മതത്തിനും ജാതിക്കും വംശത്തിനും അതിര്‍ത്തികള്‍ നിര്‍മിച്ച് വിദ്വേഷം പടര്‍ത്തുന്ന വിപണി താല്‍പര്യക്കാരായ ഭരണാധികാരികള്‍ക്ക് പെണ്ണ് ആരാലും ബലാത്സം ചെയ്യപ്പെടേണ്ട വെറുമൊരു ഇര; പ്രത്യേകിച്ച് അവര്‍ താഴ്ന്ന ജാതിക്കാരിയായാല്‍.

പരിഹാരം

നിയമത്തെക്കുറിച്ച അജ്ഞത നിയമലംഘനത്തിന് കാരണമായിക്കൂടാ എന്നതാണ് ആദ്യത്തെ നിയമപാഠം. നമ്മുടെ നിയമത്തില്‍ പലതും എഴുതിചേര്‍ത്തിട്ടുണ്ടെങ്കിലും നിയമത്തെക്കുറിച്ച് പലരും അറിയുന്നില്ല എന്നതാണ് ബലാത്സംഗം കൂടാനുള്ള കാരണങ്ങളിലൊന്ന്. ഇന്ത്യയില്‍ ബലാത്സംഗ ഇരകളുടെയും അതിലെ പ്രതികളുടെയും ചിത്രം പരിശോധിച്ചാല്‍ ചില വസ്തുതകള്‍ വെളിവാകുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ഭരണകൂടങ്ങളാല്‍ എല്ലാ അര്‍ഥത്തിലും ഇരയാക്കപ്പെടുന്നവരാണ് മിക്ക പ്രതികളും പീഡിപ്പിക്കപ്പെടുന്നവരും. ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനാകാത്തവര്‍ കിട്ടിയത് ഭക്ഷിക്കുന്നു. കിട്ടിയേടത്ത് ഉറങ്ങുന്നു. കിട്ടുന്നേടത്തുനിന്ന് ഭോഗിക്കുന്നു. അവനു മുന്നില്‍ നീതിയോ നിയമമോ രക്ഷാശിക്ഷ വിധികളോ ഇല്ല; അടച്ചുറപ്പില്ലാത്ത കൂരയും ചാളയും പുറമ്പോക്കില്‍ കെട്ടിയുണ്ടാക്കിയ ടാര്‍പോളിന്‍ ഷീറ്റുമൊന്നും അതേ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവന്റെ കാമാര്‍ത്തിപൂണ്ട കണ്ണുകളില്‍നിന്നു പെണ്ണിനെ രക്ഷിച്ചെടുക്കാന്‍ പര്യാപ്തമല്ല. അക്ഷരാഭ്യാസമില്ലാത്തവന്, മദ്യത്താലും മയക്കുമരുന്നിനാലും സമനില തെറ്റിയവന് എന്ത് നീതി, എന്ത് നിയമം! ഇന്ത്യന്‍ യുവത്വത്തെ മദ്യത്തിലും മയക്കുമരുന്നിലും തളര്‍ത്തിക്കിടത്തി പരമത വിദ്വേഷത്താലും പരമത നിന്ദയാലും രാജ്യത്തെ ദേശീയോദ്ഗ്രഥനം സാധ്യമാക്കാന്‍ പാടുപെടുന്നതിനിടയില്‍ ഒരു നാടിന്റെ യുവത്വത്തിന്റെ സാംസ്‌കാരിക ബോധത്തെയാണ് ഇല്ലാതാക്കിക്കളയുന്നത്. നിയമങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. നീതിബോധവും നിര്‍ഭയത്വവുമുള്ള ഒരു സാമൂഹിക വ്യവസ്ഥിതി സൃഷ്ടിച്ചെടുക്കുകയാണ് വേത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി