Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 20

3131

1441 റബീഉല്‍ ആഖിര്‍ 23

പൗരത്വഭേദഗതി ബില്‍ ദേശീയ പൗരത്വ പട്ടികയിലേക്കുള്ള ചുവടുവെപ്പ്

എ. റശീദുദ്ദീന്‍

ലോക്സഭ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിന്റെ അടുത്ത ഘട്ടമായി പുറത്തു വരുന്ന ദേശീയ പൗരത്വ പട്ടികയാണ് ബി.ജെ.പിയും ആര്‍.എസ്.എസും യഥാര്‍ഥത്തില്‍ എന്താണ് ഇന്ത്യയില്‍ ലക്ഷ്യം വെച്ചതെന്ന് തുറന്നു കാട്ടാന്‍ പോകുന്നത്. മോദി കാലത്തെ ഇന്ത്യയില്‍ ഹിന്ദുക്കളല്ലാത്ത പൗരന്മാരുടെ പദവി നിശ്ചയിക്കാനുള്ള ആര്‍.എസ്.എസ് ശ്രമങ്ങളില്‍  ആദ്യത്തെ ചുവടുവെപ്പ് മാത്രമാണ് പൗരത്വ ബില്ലിലെ ഭേദഗതി. വിജയദശമി പ്രഭാഷണങ്ങളില്‍ വസുധൈവ കുടുംബകത്തെ കുറിച്ചും ഹൈന്ദവ സഹിഷ്ണുതയെ കുറിച്ചും സര്‍സംഘ് ചാലകുമാര്‍ നടത്താറുള്ള ഗിരിപ്രഭാഷണങ്ങള്‍ ഉള്ളുപൊള്ളയായ വര്‍ത്തമാനങ്ങള്‍ മാത്രമായിരുന്നുവെന്നാണ് ആര്‍.എസ്.എസിന്റെ ഇന്നേവരെയുള്ള ചരിത്രം. ബില്‍ ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്ന് പ്രധാനമന്ത്രി മുതല്‍ക്കുള്ളവര്‍ പറയുന്നുണ്ടായിരിക്കാം. നുണ പറയുന്നതില്‍ ഒരു മടിയുമില്ലാത്ത നേതാക്കന്മാരുള്ള പാര്‍ട്ടിയായതുകൊണ്ട് മുഖവിലക്കെടുക്കാനാവില്ല എന്നു മാത്രം. ലോക്സഭയിലും രാജ്യസഭയിലും നടന്ന ചര്‍ച്ചകളില്‍ മതേതരത്വത്തിന്റെ ഇടിപ്പണ്ടമായി ഇതിനകം ഈ ബില്‍ മാറിയതു കൊണ്ടും അമേരിക്കയിലും മറ്റും ഇന്ത്യക്കെതിരെ ഉപരോധമുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് മുറവിളി ഉയരുന്നതുകൊണ്ടും ചില പ്രചാരണ കോപ്രായങ്ങള്‍ക്ക് ദേശീയ മാധ്യമങ്ങളും വരും ദിവസങ്ങളില്‍ തുടക്കമിട്ടേക്കാം. പക്ഷേ അമിത് ഷാ പൗരത്വ ബില്ലിനെ കുറിച്ച പ്രസംഗത്തിനിടയില്‍ പാര്‍ലമെന്റില്‍ ഇടക്കെപ്പോഴോ നടത്തിയ ഒരു ഭീഷണിയില്‍ ദേശീയ പൗരത്വ ബില്ലും ഉണ്ടായിരുന്നല്ലോ. രണ്ടും തമ്മില്‍ ബന്ധമില്ലെങ്കില്‍ ബില്ലിനിടയില്‍ പട്ടികയുടെ കാര്യം പരാമര്‍ശിച്ചതെന്തിന്?
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ മതപീഡനം നേരിടുന്ന ഹിന്ദു, ജൈന, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, പാര്‍സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലേക്കല്ലാതെ മറ്റെങ്ങും പോകാനില്ലെന്നും അത്തരക്കാര്‍ക്ക് അഭയം നല്‍കുക എന്നത് ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ ഈ ബില്‍ കൊണ്ടുവന്നത്. സവിശേഷവും ഒട്ടും ചേര്‍ച്ചയില്ലാത്തതുമായ ഒരു കാവിക്കുപ്പായമിട്ട് അമിത് ഷാ ഈ ബില്‍ അവതരിപ്പിക്കാനെത്തിയപ്പോള്‍ തന്നെ അതിലടങ്ങിയ 'സനാതന ഭാരതീയത്വം' വ്യക്തമായിരുന്നു. ആര്‍.എസ്.എസ് യോഗങ്ങളില്‍ പ്രചാരകുമാര്‍ പറയാറുള്ള വഷളന്‍ യുക്തികളെ സാമാന്യവല്‍ക്കരിച്ചാണ് രാജ്യത്തിന്റെ പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സംസാരിച്ചത്. രാജ്യം വിഭജിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലായതുകൊണ്ടും അന്ന് അഭയാര്‍ഥികള്‍ വന്നതും പോയതും മതത്തിന്റെ അടിസ്ഥാനത്തിലായതുകൊണ്ടും ഇന്നും അതേ തത്ത്വമനുസരിച്ച് പൗരത്വം നല്‍കാമെന്നായിരുന്നു ഷാ സ്ഥാപിച്ചെടുത്തത്. മാത്രമല്ല വിഭജനം എന്ന ദുരന്തത്തെ തന്റെ പരമദരിദ്രമായ ചരിത്രബോധം ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനും അദ്ദേഹം ശ്രമിച്ചു. കോണ്‍ഗ്രസിനെയും ബ്രിട്ടീഷുകാരെയും ജിന്നയെയുമൊക്കെ വിഭജനത്തിന്റെ കാരണക്കാരായി പറയാന്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ന് ആര്‍.എസ്.എസിന് കഴിയുന്നുണ്ടാവാം; സവര്‍ക്കര്‍, വീരനും സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്നെന്ന് ഇപ്പോള്‍ പറയുന്നതുപോലെ. പക്ഷേ ഹിന്ദുക്കള്‍ ഒരു പ്രത്യേക രാജ്യമാണെന്ന് മുഹമ്മദലി ജിന്നക്കും പതിറ്റാണ്ടുകള്‍ മുമ്പേ പൂര്‍വസൂരികള്‍ പുസ്തകത്തില്‍ അച്ചടിച്ചുവെച്ചതിന്റെ തുടര്‍ച്ചയാണ് തന്റെ രാഷ്ട്രീയമെന്ന് ഗുജറാത്തിലെ ഏതോ സ്‌കൂളില്‍നിന്നും പാസായ ഈ മാന്യന് അറിവുണ്ടായിരിക്കില്ല. അതുമാത്രമല്ല വിഭജനകാലത്ത് പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് ഒറ്റ മുസ്ലിമും വന്നിട്ടില്ലെന്ന ഒരുതരം  പുതിയ ചരിത്രം കൂടി തന്റെ അപകടകരമായ ബില്ലിനടിയിലൂടെ അമിത് ഷാ ഒളിച്ചുകടത്തുന്നുണ്ടായിരുന്നു.
ഭരണകക്ഷി അംഗങ്ങളുടെ അളിഞ്ഞ പരിഹാസത്തിന്റെ കൂട്ടച്ചിരിയില്‍ മുക്കി, 'ന്യൂനപക്ഷങ്ങളെ നിങ്ങള്‍ക്കൊക്കെ വലിയ ഇഷ്ടമാണല്ലോ, അവരെയാണ് ഞങ്ങള്‍ സംരക്ഷിക്കാന്‍ പോകുന്നതെ'ന്ന് അമിത് ഷാ പറഞ്ഞതില്‍ വാക്കുകളുടെയും പ്രയോഗങ്ങളുടെയും മ്ലേഛമായ സംഘ്പരിവാര്‍ രാഷ്ട്രീയമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇഷ്ടമായതുകൊണ്ട് ഞങ്ങള്‍ക്ക് പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ ഇഷ്ടപ്പെടാനുള്ള അവകാശമുണ്ടെന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ ഇന്ത്യന്‍ പ്രതീകമായാണ് 20 കോടിയിലേറെ വരുന്ന ഒരു മതസമൂഹം ഈ ചര്‍ച്ചയിലുടനീളം മാറിക്കൊണ്ടിരുന്നത്. ബി.ജെ.പി ആഗ്രഹിച്ച വഴിയിലൂടെയായിരുന്നു ഈ ചര്‍ച്ച മുന്നോട്ടു പോയത്. അതായത് ഹിന്ദു-മുസ്ലിം തര്‍ക്കമെന്ന നിലയിലും ആ തര്‍ക്കത്തില്‍ മുസ്ലിംകളെ തകര്‍ക്കുന്ന ഗൂഢമായ ഒരു പദ്ധതിയാണ് ഇതെന്ന് മറ്റുള്ളവരെക്കൊണ്ട് സ്ഥാപിച്ചെടുക്കുന്നതിലും. സാങ്കേതിക വാദമെന്ന നിലയില്‍ ഈ ബില്‍ മുസ്ലിംകള്‍ക്ക് എതിരല്ലെന്ന് അമിത് ഷാ ഇടക്കിടെ പറയുന്നുമുണ്ടായിരുന്നു. മുസ്ലിംകള്‍ക്ക് എതിരെയാണോ അല്ലേ എന്നതല്ലല്ലോ യഥാര്‍ഥ പ്രശ്നം. ഈ ബില്‍ ഇന്ത്യക്ക് എതിരെ ആയിരുന്നോ എന്നതല്ലേ? അതുകൊണ്ടാണ് ഡി.എം.കെ നേതാവ് ദയാനിധി മാരന്‍ ചെകുത്താന്‍ വേദമോതുന്നുവെന്ന് പാര്‍ലമെന്റില്‍ പറഞ്ഞത്. ഞങ്ങള്‍ ഹിന്ദുവിരുദ്ധരായതല്ല ബില്ലിനെ എതിര്‍ക്കുന്നതിന്റെ കാരണമെന്ന് കോണ്‍ഗ്രസ് സഭാധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിക്ക് പറയേണ്ടിവന്നതിന്റെ പശ്ചാത്തലവും മുസ്ലിംകളെ ഒഴിവാക്കുന്നതിന്റെ പുതിയ ഒരുതരം രീതിയാണ് മറ്റുള്ളവരുടെ മാത്രം പേരുകള്‍ പറയുന്നതിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അമിത് ഷായുടെ മുഖത്തു നോക്കി കുഞ്ഞാലിക്കുട്ടി പറഞ്ഞതും അതാണ്. പാകിസ്താനില്‍നിന്നോ ബംഗ്ലാദേശില്‍നിന്നോ മുസ്ലിംകള്‍ വന്ന് ഇന്ത്യയില്‍ പൗരത്വമെടുക്കുമെന്ന്, എടുക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെടുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ലല്ലോ. അവിടെ നിന്നും വരുന്ന യഥാര്‍ഥ അഭയാര്‍ഥികള്‍ക്ക് പൗരത്വം കൊടുക്കരുതെന്നും ആരും പറഞ്ഞിട്ടില്ല. പ്രതിപക്ഷ നിരയിലോ പാര്‍ലമെന്റിനു പുറത്തെ സഹസ്രകോടി ജനങ്ങളിലോ അവരുടെ സംഘടനകളിലോ ആരും അങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടില്ല. ബില്‍ ഹിന്ദുവിനോ മുസ്ലിമിനോ അല്ല ഭരണഘടനക്കും ഇന്ത്യ എന്ന ബൃഹത്തായ സങ്കല്‍പ്പത്തിനും എതിരായിരുന്നുവെന്നാണ് ബി.ജെ.പിക്ക് ഇഷ്ടമില്ലാതിരുന്ന ചര്‍ച്ച. പലപ്പോഴും മുസ്ലിം വിരുദ്ധതയുടെ വൈകാരികമായ തലങ്ങളിലേക്ക് ചര്‍ച്ച വഴിതെറ്റിയപ്പോള്‍ ഭരണപക്ഷം ഒരക്ഷരം മറുത്തു പറയാതെ ആസ്വദിച്ചിരുന്നതിന്റെ കാരണവും അതാണ്. ചുളുവില്‍ ഒന്നാന്തരം വര്‍ഗീയ ധ്രുവീകരണമായിരുന്നു ഈ ബില്ലിനെ കുറിച്ച ചര്‍ച്ച രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരുന്നത്.
ബി.ജെ.പിയുടെ കാര്യവും കാരണവും ഒന്നായിരുന്നില്ല. പാകിസ്താനില്‍നിന്നോ ബംഗ്ലാദേശില്‍നിന്നോ ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ വാഗ്ദത്ത ഹിന്ദു ഇന്ത്യയിലേക്ക് അതതു രാജ്യങ്ങളിലെ മതപീഡനം മൂലം ഒഴുകിയെത്തുമെന്നും മറ്റും പറയുന്നത് വലിയൊരളവില്‍ ശുദ്ധ ഭോഷത്തമാണ്. ഇന്ത്യയെ കുറിച്ച സംഘ്പരിവാര്‍ ആത്മരതിയില്‍നിന്നും ഉടലെടുക്കുന്ന പതിവ് ഗീര്‍വാണങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന വാദമായിരുന്നു അത്. ഏതാനും ആയിരങ്ങള്‍ മാത്രമാണ് ഇങ്ങനെ ഇന്ത്യയില്‍ എത്തിയവര്‍. അവരുടെ എണ്ണം പറയാനുള്ള ധൈര്യം ലോക്സഭയില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ചിട്ടില്ല. മറുഭാഗത്ത് സിംഹഭാഗം നുഴഞ്ഞുകയറ്റക്കാരും വന്നത് തൊഴിലും ജീവിത സാഹചര്യങ്ങളും തേടിയാണ്. വന്നവര്‍ക്ക് മതപരമായ സംരക്ഷണവും ആര്‍.എസ്.എസിന്റെ ശാഖകളില്‍ അംഗത്വവും കിട്ടുമായിരിക്കും. ആരാണവര്‍ക്ക് തൊഴിലും ജീവിതവും നല്‍കാന്‍ പോകുന്നത്? ഏതു സംസ്ഥാനങ്ങളാണ് അവരെ കൈയും നീട്ടി സ്വീകരിക്കാന്‍ പോകുന്നത്? പാകിസ്താനിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഹിന്ദുവിരുദ്ധമാണെന്ന് സമ്മതിച്ചാല്‍ തന്നെയും താര്‍പാര്‍ക്കര്‍ എന്ന ഒരു ജില്ല തന്നെ അവിടെ ഹിന്ദു ഭൂരിപക്ഷ മേഖലയായി ഉണ്ടെന്നും അതില്‍തന്നെ മീത്തി എന്ന പട്ടണത്തില്‍ 80 ശതമാനവും ഹിന്ദുക്കളാണെന്നും എത്ര പേര്‍ക്കറിയാം? മറുഭാഗത്ത് ബംഗ്ലാദേശിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് ഇന്ത്യയുടേതുമായി തട്ടിച്ചുനോക്കിയാല്‍ നമ്മളേക്കാളും ബഹുദൂരം മുന്നിലാണ് എന്നത് ഇന്ത്യ മറച്ചു പിടിക്കുന്ന വസ്തുതയാണ്. നുഴഞ്ഞുകയറിയവരൊന്നും അടുത്ത കാലത്ത് ഇന്ത്യയില്‍ വന്നവരല്ല. ആദ്യകാല ബംഗ്ലാദേശീ നുഴഞ്ഞുകയറ്റവും അന്നാട്ടിലെ സാമ്പത്തിക അവസ്ഥയും പരിശോധിച്ചാല്‍ 90-കള്‍ വരെ ഈ ഒഴുക്ക് കൂടുതലായിരുന്നതും പിന്നീടിങ്ങോട്ട് ക്രമേണ കുറഞ്ഞു വന്നതുമാണ് ചിത്രം. ഈ ഒഴുക്കിന് മതപരമായ ഒരു മുഖം ഉണ്ടായിരുന്നു എന്നതും വസ്തുതയാണ്. ബംഗ്ലാദേശി ഹിന്ദുക്കള്‍ ഇങ്ങോട്ടൊഴുകിയത് പട്ടിണിയില്‍നിന്നുള്ള മോചനത്തോടൊപ്പം ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ എന്ന സുരക്ഷിത ബോധം കൊണ്ടും കൂടിയാണ്. അതേസമയം ഇതേ കാരണം കൊണ്ടുതന്നെയാണ് ബംഗ്ലാദേശില്‍നിന്നും മുസ്ലിംകള്‍ 70-കള്‍ക്കു ശേഷം ഇന്ത്യയിലേക്ക് വരാന്‍ ഭയന്നതും. അതിര്‍ത്തിയില്‍ പൗരത്വം പരിശോധിക്കാറുണ്ടായിരുന്നത് രേഖകള്‍ നോക്കിയല്ല, ഉടുമുണ്ട് പൊക്കിയാണെന്ന് പണ്ടുതൊട്ടേ അസമില്‍ കേള്‍ക്കാറുള്ള ആരോപണമാണ്. അതിര്‍ത്തിയില്‍നിന്നും ആരംഭിക്കുന്ന പീഡനം അവന്‍ ചെന്നെത്തുന്ന ഗ്രാമത്തിലും പോകുന്നിടത്തൊക്കെയും നേരിടാന്‍ ഉണ്ടായിരിക്കെ എന്തിന് ഉള്ള സ്വാസ്ഥ്യവും കളഞ്ഞ് ഉള്‍ഫയുടെയും ആസുവിന്റെയും എ.ജി.പിയുടെയും മണ്ണിന്റെ മക്കള്‍വാദത്തിന്റെ ഇരകളാവാനും വെടിയേറ്റു ചാകാനും മുസ്ലിംകള്‍ ഇങ്ങോട്ട് നുഴഞ്ഞുകടക്കണമായിരുന്നു? ഇനി അഥവാ പറ്റുമെങ്കില്‍ തന്നെ ബംഗ്ലാദേശിനേക്കാളും മികച്ച എന്ത് ജീവിത സാഹചര്യമാണ് അസമിലോ ബംഗാളിലോ ഉണ്ടായിരുന്നത്? നുഴഞ്ഞു വന്നതു മുഴുവനും ഹിന്ദുക്കള്‍ മാത്രമായിരുന്നു. അവര്‍ തന്നെയും പലതരം കേട്ടറിവുകളുടെയും മിഥ്യകളുടെയും ഇരകളുമായിരുന്നു.
ബി.ജെ.പിയുടെ രാഷ്ട്രീയം വടക്കു കിഴക്കന്‍ മേഖലയില്‍ വളര്‍ന്നത് ഈ നുഴഞ്ഞുകയറ്റ സിദ്ധാന്തം പ്രചരിപ്പിച്ചാണ്. 80 ലക്ഷം വരെ മുസ്ലിംകള്‍ അഭയാര്‍ഥികളായി ഉണ്ടെന്ന ഈ അസംബന്ധ രാഷ്ട്രീയം കള്ളക്കണക്കെടുപ്പിലൂടെ കഴിഞ്ഞ വര്‍ഷം 41 ലക്ഷമാക്കി മാറ്റിയെടുത്തെങ്കിലും ഏറ്റവുമൊടുവില്‍ 19 ലക്ഷമായി കുറഞ്ഞ ചിത്രമാണ് അസമിലുള്ളത്. അതില്‍തന്നെ പുറത്തു പറയുന്നില്ലെങ്കിലും ആറു ലക്ഷത്തോളം പേര്‍ ബംഗാളി ഹിന്ദുക്കളുമാണ്. പൗരത്വ പട്ടികയില്‍ പെടാതെ ബാക്കിയുള്ള ഈ 14 ലക്ഷം പോലും കോടതി കണ്ണുരുട്ടിയാല്‍ ഏതാനും ആയിരങ്ങള്‍ മാത്രമായി ചുരുങ്ങുമെന്ന യാഥാര്‍ഥ്യവും ബി.ജെ.പിക്കറിയാം. കാരണം രേഖകളിലെ അക്ഷരത്തെറ്റുകളാണ്, അല്ലാതെ രേഖകള്‍ ഇല്ലാത്തതല്ല ഈ 14 ലക്ഷത്തെ നിലവില്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള കാരണമായതെന്ന് മുന്‍ രാഷ്ട്രപതിയുടെ കുടുംബത്തിന്റെ ഉദാഹരണമുള്‍പ്പെടെ ചൂണ്ടിക്കാട്ടി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അസമിനകത്ത് ജീവിക്കുന്നവര്‍ മുസ്ലിംകളാണെങ്കില്‍ നുഴഞ്ഞുകയറ്റക്കാരായിരിക്കുമെന്ന പൊതുബോധം സൃഷ്ടിച്ചുണ്ടാക്കിയതിനു ശേഷം പുതിയ യാഥാര്‍ഥ്യം പുറത്തുവന്നപ്പോള്‍ അതില്‍ ബി.ജെ.പി ഒട്ടും പ്രതീക്ഷിക്കാത്ത രണ്ടാമത്തെ അപകടം വെളിച്ചത്തു വന്നു; അതായത് ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഒരു രേഖയുമില്ലാതെ അസമിലും ബംഗാളിലും മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും താമസിക്കുന്നുണ്ടെന്ന്. ഒരു സമുദായത്തെ മൊത്തം നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച് ഇത്രയും കാലം വേട്ടയാടിയതിനു മാപ്പു പറയുന്നതിന് പകരം ഈ അസംബന്ധത്തെ എങ്ങനെയെങ്കിലും വെളുപ്പിച്ചെടുക്കാനുള്ള നീക്കമാണ് പാര്‍ലമെന്റില്‍ ബി.ജെ.പി നടത്തിയത്. അതിന്റെ ഭാഗമായിരുന്നു പൗരത്വ ബില്ലിലെ ഭേദഗതി. ഒപ്പം ആര്‍.എസ്.എസിന്റെ ചില ജനിതക വൈകല്യങ്ങള്‍ക്ക് ചികിത്സ കൊടുക്കാനുള്ള ശ്രമവും. ഹിന്ദുക്കളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാവാന്‍ കഴിയില്ല എന്നാണല്ലോ പാര്‍ട്ടിയുണ്ടാക്കിയ ചിത്പവന്‍ ബ്രാഹ്മണന്മാര്‍ പറഞ്ഞുവെച്ചിട്ടുള്ളത്.
അതായത് ഇനി നടക്കാന്‍ പോകുന്നതാണ് യഥാര്‍ഥ പൂരം. പുതിയ പൗരത്വ ബില്‍ നടപ്പിലാവുന്നതോടെ എല്ലാ ഹിന്ദു നുഴഞ്ഞുകയറ്റക്കാരും സ്വാഭാവികമായും രാജ്യത്തെ പൗരന്മാരായി മാറും. അടുത്തു തന്നെ സഭയില്‍ കൊണ്ടുവരുന്ന ബില്ലിലൂടെ പൗരത്വ പട്ടിക ഇന്ത്യയിലുടനീളം നിര്‍ബന്ധിതമാക്കി മാറ്റും. അസമില്‍ ചെയ്തതുപോലെ പൗരത്വ പരിശോധനാ ട്രൈബ്യൂണലുകളുടെ മേല്‍നോട്ടം വഹിക്കാന്‍ പേരിനു മുമ്പില്‍ എല്‍.എല്‍.ബി എന്ന് എഴുതിവെക്കാന്‍ അവകാശമുള്ള എല്ലാ സംഘ്പരിവാര്‍ ശിങ്കിടികളെയും ഏര്‍പ്പാടാക്കും. മുമ്പിലെത്തുന്ന ഓരോ മുസ്ലിമിനെയും എങ്ങനെ പട്ടികക്കു പുറത്താക്കാനാവുമെന്ന് അസം മാതൃകയില്‍ അവര്‍ തെളിയിക്കും. റേഷന്‍ കാര്‍ഡിലെ പേരും വോട്ടര്‍ കാര്‍ഡിലെ പേരുമൊക്കെ ഒന്നല്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ഈ രേഖകളിലെ തെറ്റുകള്‍ തിരുത്തുന്നതിനു പകരം ആദ്യം പൗരത്വം റദ്ദാക്കും. എന്നിട്ട് ട്രൈബ്യൂണലില്‍ പോയി തെളിയിക്കാന്‍ ആവശ്യപ്പെടും. കുടുംബത്തില്‍ പിതാവ് ഇന്ത്യക്കാരനാവുകയും മക്കള്‍ അല്ലാതാവുകയും ചെയ്ത അസം മോഡല്‍ അസംബന്ധങ്ങള്‍ രാജ്യത്തുടനീളം ആവര്‍ത്തിക്കും. ഇക്കൂട്ടത്തില്‍ ചിലപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങളും രാജ്യത്തിനു വേണ്ടി പോരാടി മരിച്ച സൈനികന്റെ വിധവയും മക്കളുമൊക്കെ ഉള്‍പ്പെടുമ്പോള്‍ മാധ്യമങ്ങളും പൊതുസമൂഹവും നടുക്കം രേഖപ്പെടുത്തും. യഥാര്‍ഥ പൗരന്മാരായ ആരോടും ഒരു അനീതിയും കാണിക്കില്ലെന്നും എല്ലാവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ടാകുമെന്നും അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവനയിറക്കും. രാജ്യത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടേണ്ട ബില്ലാണെന്നും എതിര്‍ക്കുന്നവരുടേത് പാകിസ്താന്റെ ശബ്ദമാണെന്നും നരേന്ദ്ര മോദി തന്നെ പ്രഖ്യാപിക്കും. ട്രൈബ്യൂണലില്‍ പോകാന്‍ പാങ്ങില്ലാത്തവര്‍ എങ്ങനെ ഹൈക്കോടതിയെ സമീപിക്കും എന്നൊന്നും ചോദിക്കരുത്. റൊട്ടിയില്ലെങ്കില്‍ കേക്ക് തിന്നാല്‍ പോരേയെന്ന് പണ്ടേതോ രാജാവിന്റെ പട്ടമഹിഷി ചോദിച്ചിട്ടില്ലേ? അതു തന്നെ തത്ത്വം. 
ഒരു രാജ്യവുമായി ആയിരത്തിലേറെ വര്‍ഷം ബന്ധമുള്ള ഒരു സമൂഹം നുഴഞ്ഞുകയറ്റക്കാരനും അഭയാര്‍ഥിക്കുമിടയില്‍ പുനര്‍നിര്‍വചിക്കപ്പെടുകയാണ്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതില്‍ മറ്റെല്ലാവരെയും പോലെ പങ്കുള്ള സമൂഹം. അവരെ മതമായല്ല, പൗരന്മാരായാണ് ഈ രാജ്യം ഉള്‍ക്കൊണ്ടിരുന്നതെന്നത് ഇനിയുള്ള കാലം പഴങ്കഥയാവും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (53-55)
ടി.കെ ഉബൈദ്‌

ഹദീസ്‌

അറിവ് നിധിയാണ്, പ്രയോജനപ്പെടുത്തണം
അബ്ദുല്ലത്വീഫ് കൊടുവള്ളി