Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 13

3130

1441 റബീഉല്‍ ആഖിര്‍ 16

ദൈവദൂതന്മാര്‍ പറഞ്ഞത്

ജി.കെ എടത്തനാട്ടുകര

പ്രവാചകന്മാര്‍ മനുഷ്യന് നല്‍കിയ മുഖ്യസന്ദേശം എന്തായിരുന്നു എന്ന് ഖുര്‍ആനിലൂടെ സ്രഷ്ടാവായ ദൈവം മുഹമ്മദ് നബിയെ അറിയിച്ചതിങ്ങനെ:
''ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്ക് വഴിപ്പെടുക എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (21:25).
മനുഷ്യനെ 'മതംമാറ്റി'  സമുദായങ്ങളുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നില്ല പ്രവാചകന്മാര്‍, മനം മാറ്റി ജീവിതം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു. മനുഷ്യന്റെ ജീവിത വീക്ഷണമാണ് ജീവിത രീതിയെ നിര്‍ണയിക്കുന്നത്. ദൈവം പഠിപ്പിച്ച ജീവിത വീക്ഷണത്തെ അടിസ്ഥാനമാക്കി എങ്ങനെയാണ് മനുഷ്യന്‍ ജീവിക്കേണ്ടത് എന്ന കാര്യമാണ് എല്ലാ പ്രവാചകന്മാരും പഠിപ്പിച്ചത്. അതിനാല്‍ പ്രവാചകന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദപ്രമാണങ്ങളില്‍ വൈരുധ്യങ്ങളുണ്ടാവുകയില്ല; സമാനതകളാണുണ്ടാവുക. വൈരുധ്യങ്ങളുണ്ടെങ്കില്‍ അത് മനുഷ്യന്റെ കൈകടത്തലുകളായിരിക്കും.
വിശുദ്ധ ഖുര്‍ആനിലൂടെ ദൈവം മുഹമ്മദ് നബിയോട് പറയുന്നു: ''ദിവ്യബോധനം വഴി നാം താങ്കളിലേക്കയച്ച വേദമുണ്ടല്ലോ, അതുതന്നെയാകുന്നു സത്യം. അതിനു മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടാണ് അത് ആഗതമായിട്ടുള്ളത്'' (35:30,31). 
ഈ പറഞ്ഞതിനര്‍ഥം മുഹമ്മദ് നബി പറഞ്ഞതും യേശുക്രിസ്തു പറഞ്ഞതും ഒന്നായിരുന്നു എന്നാണ്. മോശാ പ്രവാചകന്‍ പറഞ്ഞതും അബ്രഹാം പ്രവാചകന്‍ പറഞ്ഞതും ലക്ഷത്തില്‍പരം മറ്റു പ്രവാചകന്മാര്‍ പറഞ്ഞതും ഒരേ കാര്യമായിരുന്നു.
എന്നാല്‍ സത്യവേദത്തെ അംഗീകരിക്കാന്‍ സന്നദ്ധമാകാതെ മനുഷ്യന്‍ ചെയ്ത ചില വിക്രിയകളിലേക്കും ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്നു: ''അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് ദൈവത്തില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് നാശം! തുഛമായ വില വാങ്ങാനാണ് അവരത് ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്ക് കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം'' (2:79).
ഈ പറഞ്ഞതിനര്‍ഥം വേദങ്ങള്‍ എന്ന പേരില്‍ ദൈവികമായവയും മനുഷ്യനിര്‍മിതമായവയുമുണ്ട് എന്നാണ്. എന്നു മാത്രമല്ല, മറ്റൊരു ഭാഗത്ത് ഖുര്‍ആനിലൂടെ ദൈവം പറയുന്നു: ''....അവര്‍ വേദവാക്യങ്ങളില്‍ കൃത്രിമം കാണിക്കുന്നു. നാം നല്‍കിയ ഉദ്‌ബോധനങ്ങളില്‍ വലിയൊരു ഭാഗം മറന്നുകളയുകയും ചെയ്തു....'' (5:13).
വേദങ്ങള്‍ എന്ന പേരില്‍ മനുഷ്യനിര്‍മിതമായവയും യഥാര്‍ഥ വേദവാക്യങ്ങള്‍ വളച്ചൊടിച്ച് ചില ഭാഗങ്ങള്‍ വിട്ടുകളഞ്ഞ് തെറ്റായ പ്രചരിപ്പിക്കപ്പെടുന്നവയുമുണ്ടെന്നര്‍ഥം. അതിനാല്‍ ഖുര്‍ആന്‍ സത്യപ്പെടുത്തിയ മുന്‍കാല വേദങ്ങള്‍ ഇവയല്ല. എന്നാല്‍ അവയില്‍ ചില സത്യങ്ങള്‍ അവശേഷിക്കുന്നുണ്ടുതാനും. അതുകൊണ്ടാണ് ഇന്നും 'ഏകദൈവത്വ'വും മരണാനന്തര ജീവിതവും ഉദ്‌ഘോഷിക്കാത്ത വേദഗ്രന്ഥങ്ങള്‍ വിരളമായിപ്പോയത്.
യജുര്‍വേദം 32:10-ല്‍ ദൈവത്തെപ്പറ്റി പറയുന്നു: ''അല്ലയോ മനുഷ്യരേ! ആ പരമാത്മാവ് നമ്മുടെ സുഖദായകനായ ബന്ധുവും സ്രഷ്ടാവുമാണ്. ആ ജഗന്നിയന്താവ്, വിധാതാവ് (രക്ഷകന്‍) എല്ലാ ലോകങ്ങളെയും നാമ, സ്ഥാന, ജന്മങ്ങളെയും അറിയുന്നു. ഏത് സാംസ്‌കാരിക ദുഃഖരഹിതവും നിത്യാനന്ദയുക്തവും ആയ മോക്ഷരാജ്യത്തില്‍ അമൃതത്വത്തെ പ്രാപിച്ച് വിദ്വാന്മാര്‍ ഇഛാനുസൃതം സഞ്ചരിക്കുന്നുവോ ആ ബ്രഹ്മം സ്രഷ്ടാവും രക്ഷകനും മുക്തിപ്രദായകനുമാണ്'' (ചതുര്‍സംഹിത, ഭാഗം 2, ആചാര്യ നരേന്ദ്രഭൂഷണ്‍).
''കണ്ണിനു കാഴ്ച നല്‍കിയതും എന്നാല്‍ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുമായ ശക്തിയേതോ അത് ബ്രഹ്മ(ദൈവം)മെന്ന് നീ അറിയുക. എന്നാല്‍ നീ ബ്രഹ്മമെന്ന് വിചാരിച്ച് ഉപാസനം ചെയ്യുന്നതൊന്നും ബ്രഹ്മമല്ല'' (കേദോപനിഷത്ത് 1;7). ഈ ഉപനിഷത്് വാക്യവും സ്രഷ്ടാവായ ഏക ശക്തിയാണ് ദൈവം എന്ന യാഥാര്‍ഥ്യത്തിനാണ് അടിവരയിടുന്നത്.
മരണാനന്തര ജീവിതത്തെ സംബന്ധിച്ച അധ്യാപനങ്ങളും വേദപ്രമാണങ്ങളില്‍ കാണാം: ''അസുരഭാവിതര്‍ പല കാര്യങ്ങളില്‍ മനസ്സു പതറുന്നവരായി, തെറ്റിദ്ധാരണയാകുന്ന വലയില്‍ കുടുങ്ങിയവരായ ഇന്ദ്രിയ സുഖാനുഭവങ്ങളില്‍ പറ്റിക്കൂടിയവരായിട്ട് നിന്ദ്യമായ നരകത്തില്‍ പതിക്കുന്നു'' (ഭഗവദ്ഗീത 16-16).
''എല്ലാ ആഗ്രഹങ്ങളും പൂര്‍ണമാക്കുന്ന അല്ലയോ ഭഗവാനേ, അങ്ങില്‍നിന്നും ഏറ്റവും വലിയ ദാനം ലഭിക്കാന്‍ അങ്ങയെ ഞങ്ങള്‍ സന്തോഷിപ്പിക്കുന്നു. ജ്ഞാനത്തിനായും ഭൂമിയില്‍ ശാന്തിയുണ്ടാക്കാനായും പരലോകത്ത് ശാന്തിയുണ്ടാക്കാനായും ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു'' (സാമവേദം, ആഗ്നേയകാണ്ഡം 93).
ബൈബിള്‍ പഴയനിയമത്തില്‍ യഹോവ പറയുന്നു: ''ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും സുഖദുഃഖങ്ങള്‍ നല്‍കുന്നതും ഏകദൈവമായ ഞാന്‍ മാത്രമാണ്'' (ആവര്‍ത്തന പുസ്തകം 32:39). ''ഞാന്‍ ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. എനിക്ക് തുല്യനായി ആരുണ്ട്?'' (യശയ്യ 44:6,7). മാത്രമല്ല, മോശാ പ്രവാചകന്‍ പറഞ്ഞു: ''ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു തുല്യനായി മറ്റാരുമില്ല'' (പുറപ്പാട്: 8:10).
ദാവീദ് പറഞ്ഞു: ''ദൈവമായ കര്‍ത്താവേ, അങ്ങ് ഏറ്റവും വലിയവനത്രെ! അങ്ങ് അതുല്യനാണ്. ഞങ്ങള്‍ കാതുകൊണ്ട് കേട്ടതനുസരിച്ച് അവിടന്നല്ലാതെ വേറെ ദൈവമില്ല'' (കക സാമുവല്‍ 7:22).
സകരിയ്യ പ്രവാചകന്‍ പറഞ്ഞു: ''കര്‍ത്താവ് ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് കര്‍ത്താവ് ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കയൊള്ളൂ. അവിടത്തേക്ക് ഒരു നാമം മാത്രം'' (സകരിയ്യ 14:9).
ബൈബിളില്‍ പറയുന്ന പ്രവാചകന്മാരുടെ ഈ സാക്ഷ്യങ്ങള്‍ ഏകദൈവത്വത്തെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ച എന്ന നിലക്ക് യേശുക്രിസ്തുവിന്റെ അധ്യാപനം ബൈബിള്‍ പുതിയ നിയമത്തില്‍ കാണാം: ''ശാസ്ത്രിമാരില്‍ ഒരാള്‍: 'എല്ലാറ്റിലും മുഖ്യകല്‍പന ഏത്?' അതിന് യേശു: 'യിസ്രയേലേ, കേള്‍ക്ക നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കണം എന്നാകുന്നു.' ശാസ്ത്രി അവനോട്: നന്നു, ഗുരോ നീ പറഞ്ഞതു സത്യം തന്നെ; ഏകനായൊള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല'' (മാര്‍ക്കോസ് 12:28-32).
വ്യാഖ്യാനപ്പഴുതില്ലാത്തവിധം ഏകദൈവത്വം ഉദ്‌ഘോഷിക്കുന്നുണ്ട് മേല്‍ സംഭാഷണം. ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ, ദൈവകല്‍പിതമായ ഒരു ജീവിത വീക്ഷണമാണ് പ്രവാചകന്മാരെല്ലാം പഠിപ്പിച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ അടിക്കടി ബോധ്യപ്പെടുത്തുന്നുണ്ട്.
മരണാനന്തര ജീവിതത്തെ സംബന്ധിച്ച് ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും അധ്യാപനങ്ങളുണ്ട്; ''എന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയില്‍നിന്നു കയറ്റുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും'' (യെഹെസ്‌ക്കേല്‍, ബൈബിള്‍ പഴയ നിയമം 37:13).
'പരിശുദ്ധാത്മാവിനെതിരെ സംസാരിക്കുന്ന ഒരുവനോടും ഈ ലോകത്തിലോ വരാനിരിക്കുന്ന ലോകത്തിലോ ക്ഷമിക്കപ്പെടുകയില്ല' എന്ന് ബൈബിള്‍ പുതിയ നിയമത്തില്‍ മത്തായി 12:32-ല്‍ പറയുന്നുണ്ട്.
ഖുര്‍ആനും പ്രവാചകനും മരണാനന്തര ജീവിതത്തെ സംബന്ധിച്ച് സവിസ്തരം പറഞ്ഞുതന്നിട്ടുണ്ട്. ഖുര്‍ആന്‍ 18-ാം അധ്യായം 110-ാം വാക്യത്തില്‍ ദൈവം പ്രവാചകനെ അഭിസംബോധന ചെയ്ത്, ജനങ്ങളോട് പറയാന്‍ പറയുന്നു: ''പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല്‍ ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ.''
ഈസാ നബിയുടെ അഥവാ യേശുക്രിസ്തുവിന്റെ ഒരു പ്രസ്താവന ഖുര്‍ആന്‍ 3:50-ല്‍ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്: ''തൗറാത്തില്‍നിന്ന് എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ള നിയമശാസനകളെ സത്യപ്പെടുത്തുന്നവനായാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.''
ഖുര്‍ആനിലെ ഈ പ്രസ്താവനയെ ശരിവെക്കുന്നുണ്ട് യേശുവിന്റെ ഗിരിപ്രഭാഷണം. യേശുപറഞ്ഞു: ''ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ, നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുത്. നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്'' (മത്തായി 5:17).
പ്രവാചകന്മാരിലൂടെ പഠിപ്പിച്ച ന്യായപ്രമാണത്തെ അഥവാ ദൈവകല്‍പനകളെ നിവര്‍ത്തിക്കാന്‍ ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു യേശു എന്ന കാര്യം വ്യക്തമാണ്. എന്നു മാത്രമല്ല യശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് യേശു പറയുന്നു: ''....നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ച് യെശയ്യാവ്: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. മനുഷ കല്‍പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യര്‍ഥമായി ഭജിക്കുന്നു'' (മത്തായി 15:6-9).
മനുഷ്യകല്‍പനകളെയല്ല, ദൈവകല്‍പനകളെയാണ് പഠിപ്പിക്കേണ്ടതും പിന്‍പറ്റേണ്ടതും എന്ന കാര്യമാണ് യശയ്യാ പ്രവാചകനും യേശുവുമൊക്കെ പഠിപ്പിച്ചതെന്നു ചുരുക്കം.
'നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെ പോലെ ഭൂമിയിലും ആക്കേണമേ' (ബൈബിള്‍, പുതിയ നിയമം, മത്തായി 6:10) എന്ന യേശു പഠിപ്പിച്ച പ്രാര്‍ഥന സൂചിപ്പിക്കുന്നത് പ്രവാചകന്മാരിലൂടെ പഠിപ്പിച്ച സന്മാര്‍ഗം കേവലം ഒരു മതമല്ല; അതൊരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണെന്ന കാര്യമാണ്. വിശുദ്ധ ഖുര്‍ആനും അന്ത്യപ്രവാചകനും ഇത് കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. അതിന്റെ ഒരു ചുരുക്കം ഇങ്ങനെ കാണാം: ജന്മനാടായ മക്കയില്‍ പതിമൂന്നു വര്‍ഷക്കാലം അസഹ്യമായ പീഡനങ്ങള്‍ സഹിച്ച് ദൈവകല്‍പന പ്രകാരം മദീനയിലേക്ക് ഹിജ്‌റ (ദേശത്യാഗം) ചെയ്തു മുഹമ്മദ് നബി. മദീനയില്‍ പിന്നെ പ്രവാചകനെ കാണുന്നത് അവിടെ പണിത ഒരു പള്ളിയുടെ പള്ളിക്കമ്മിറ്റി പ്രസിഡന്റ് എന്ന നിലക്കോ പള്ളി ഇമാം എന്ന നിലക്കോ അല്ല. ഭൂരിപക്ഷമായ ജൂത, ക്രൈസ്തവരടക്കമുള്ള മദീനാവാസികള്‍ അധിവസിക്കുന്ന രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലക്കാണ്. അതോടെ 'നിന്റെ രാജ്യം വരേണമേ....' എന്ന യേശു പഠിപ്പിച്ച പ്രാര്‍ഥനയുടെ ഉത്തരമെന്നോണം 'ദൈവരാജ്യം' ഒരു യാഥാര്‍ഥ്യമാവുന്നതിന് തുടക്കമാവുകയും ചെയ്തു.
അതിനുശേഷം അവതീര്‍ണമായ ഖുര്‍ആനിലെ പല ദൈവകല്‍പനകളും ഒരു മതനേതാവിന് നടപ്പിലാക്കാവുന്നവയല്ല, ഒരു ഭരണകൂടത്തിനും ഭരണാധികാരിക്കും മാത്രം സാധിക്കുന്നവയാണ്. ഉദാഹരണത്തിന്, ഖുര്‍ആനിലെ 9-ാം അധ്യായത്തിലെ 103-ാം വാക്യത്തില്‍ പ്രവാചകനോടുള്ള കല്‍പന ഇതാണ്: ''നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും.''
ഈ പറയുന്ന സകാത്ത് ധനവാന്റെ ധനത്തിലുള്ള ദരിദ്രന്റെ അവകാശമാണ്, ധനവാന്‍ ദരിദ്രനു കൊടുക്കുന്ന ഔദാര്യമല്ല. അത് പിടിച്ചെടുത്ത് ദരിദ്രനെത്തിക്കാന്‍ ധാര്‍മികോപദേശം മാത്രം മതിയാവുകയില്ല. അത്‌പോലെ, വേദഗ്രന്ഥമായ ഖുര്‍ആനില്‍ കാണുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട കല്‍പനകളൊന്നും ഒരു മതനേതാവിന് നടപ്പാക്കാനാവുന്നവയല്ല.
മദീനയില്‍ സ്ഥാപിതമായ മാര്‍ക്കറ്റിലൂടെ പ്രവാചകന്‍ നടന്നു. മുകളില്‍ ഉണങ്ങിയ ഗോതമ്പിട്ട് അടിയിലെ നനഞ്ഞ ഗോതമ്പ് ഉപഭോക്താവറിയാതെ വില്‍പന നടത്തിയ കച്ചവടക്കാരന്റെ കൈക്കു പിടിച്ച് ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്തു. അതിനര്‍ഥം പ്രവാചകന്‍ പള്ളിക്കാര്യം മാത്രമല്ല, അങ്ങാടിക്കാര്യമടക്കം അവിടത്തെ സകല കാര്യങ്ങളിലും ഇടപെട്ടിരുന്നു എന്നാണ്. പള്ളിയില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയതുകൊണ്ടു മാത്രം അങ്ങാടിയിലെ അധര്‍മം മാറുകയില്ല.
ഒരു മുസ്‌ലിം നടത്തിയ മോഷണക്കുറ്റം ഒരു ജൂതന്റെ പേരില്‍ ആരോപിക്കാന്‍ ചില മുസ്‌ലിംകള്‍ വരെ ശ്രമം നടത്തി. അപ്പോഴാണ് വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായം 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ ജൂതന് അനുകൂലമായി അവതരിപ്പിക്കപ്പെട്ടത്. അങ്ങനെ കുറ്റവാളിയായ മുസ്‌ലിമിന് ശിക്ഷ വിധിച്ചതോടെ പ്രവാചകന്‍ ഒരു മതനേതാവോ സമുദായ നേതാവോ അല്ലെന്നും മനുഷ്യര്‍ക്കിടയില്‍ ദൈവിക നീതി നടപ്പിലാക്കി മാതൃക കാണിക്കേണ്ട ദൈവനിയോഗിതനായ ഭരണാധികാരിയാണെന്നും സ്ഥാപിതമായി.
അന്ത്യപ്രവാചകനിലൂടെ വിത്തു പാകപ്പെട്ട 'ദൈവരാജ്യം' ക്രമേണ വളര്‍ന്നു വികസിച്ച് രണ്ടാം ഖലീഫയായിരുന്ന ഉമറുല്‍ ഫാറൂഖിന്റെ കാലമായപ്പോഴേക്ക് പൂത്തുലയാന്‍ തുടങ്ങി. സ്വതന്ത്ര ഇന്ത്യയെ വിഭാവന ചെയ്തപ്പോള്‍ ഗാന്ധിജിപോലും ഖലീഫാ ഉമറിന്റെ കാലഘട്ടത്തിലേതു പോലുള്ള ഒരു 'രാമരാജ്യ'ത്തെ വിഭാവന ചെയ്തതായി കാണാം (ഹരിജന്‍ 27/7/1937).
പള്ളിക്ക് സൗകര്യം മതിയാവാതെ വന്നപ്പോള്‍ തൊട്ടടുത്തുള്ള ക്രൈസ്തവ സ്ത്രീയുടെ വീട്, അവര്‍ക്കിഷ്ടമില്ലാതെ മാറ്റിപ്പണിത് ഗവര്‍ണര്‍ പള്ളി വികസിപ്പിച്ചു. ഗവര്‍ണറുടെ ഈ നടപടി അറിഞ്ഞപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ ഭരണഘടനയായിട്ടുള്ള ഭരണകൂടത്തിന്റെ ഭരണാധികാരി ഖലീഫാ ഉമര്‍ ഗവര്‍ണറെ വിളിപ്പിച്ചു. പള്ളി പൊളിക്കാനും വീട് പുനര്‍നിര്‍മിക്കാനും ഗവര്‍ണറോട് കല്‍പിച്ചു. ഒരു ക്രൈസ്തവ സഹോദരിയുടെ നീതിക്കുവേണ്ടി മുസ്‌ലിം പള്ളിപോലും പൊളിക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരിക്കും 'ദൈവരാജ്യം' എന്നര്‍ഥം.
ചുരുക്കത്തില്‍, പ്രവാചകന്മാര്‍ പറഞ്ഞു പഠിപ്പിച്ച ദൈവരാജ്യവും മതരാഷ്ട്രവും ഒന്നല്ല; ദൈവവിശ്വാസവും മതവിശ്വാസവും ഒന്നല്ലാത്തതുപോലെ. ദൈവവിശ്വാസമില്ലാത്തവര്‍ക്കു പോലും മതവിശ്വാസിയാവാന്‍ കഴിയും. സൂക്ഷ്മ വിശകലനത്തില്‍ മതവിശ്വാസത്തില്‍ സാമുദായികതയുണ്ട്. കാരണം മതങ്ങളെ പ്രതിനിധീകരിക്കുന്നത് സമുദായങ്ങളാണ്. മതപ്രവര്‍ത്തനങ്ങള്‍ അതത് സമുദായങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയോ വളര്‍ച്ചക്കു വേണ്ടിയോ ആയിത്തീരുന്നത് അതുകൊണ്ടാണ്.
ആദിവാസികളെ മതത്തില്‍ ചേര്‍ക്കാന്‍ പണിയെടുക്കുന്ന മതസംഘടനകള്‍ക്ക്, അവര്‍ തങ്ങളുടെ മതത്തില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും മനുഷ്യരെന്ന നിലക്ക് അവര്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരാണെന്നതിനാല്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പണിയെടുക്കല്‍ മാനവിക ബാധ്യതയാണെന്നു തോന്നാത്തത്, മതം മാനവികം എന്നതിനേക്കാള്‍ സാമുദായികം ആയതുകൊണ്ടാണ്. ഇത്തരം മതകാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന രാഷ്ട്രം മതരാഷ്ട്രമായിരിക്കും. സാമുദായികതയും വര്‍ഗീയതയുമായിരിക്കും അതിന്റെ മുഖമുദ്ര.
എന്നാല്‍, അന്ത്യപ്രവാചകന്‍ പ്രതിനിധീകരിച്ച ദൈവരാജ്യം യഥാര്‍ഥ ദൈവവിശ്വാസത്തിലധിഷ്ഠിതമായിരുന്നു. മതവിശ്വാസം സാമുദായികമാണെങ്കില്‍ ദൈവവിശ്വാസം മാനവികമാണ്. അതുകൊണ്ടുതന്നെ മതരാഷ്ട്രം സാമുദായികതയിലും ദൈവരാജ്യം മാനവികതയിലും അധിഷ്ഠിതമായിരിക്കും.
മക്കയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട പ്രവാചകന്‍ മദീനയില്‍ അവിടത്തെ രാജ്യത്തിന്റെ ഭരണാധികാരിയായിരിക്കെ മക്കയിലെ ജനങ്ങള്‍ വരള്‍ച്ച കാരണം പട്ടിണി കിടക്കുന്നു എന്നറിഞ്ഞപ്പോള്‍ ധാന്യശേഖരങ്ങളുമായി റിലീഫ് സംഘങ്ങളെ അയക്കുകയാണ് ചെയ്തത്. ഒരു ദൈവരാജ്യം മാനവികമായിരിക്കും എന്നതിനാണിത് അടിവരയിടുന്നത്.
പിന്‍കുറി:
''ഇസ്‌ലാം വിഭാവനം ചെയ്ത് നടപ്പിലാക്കിയ വിശ്വമാനവികത ലോകത്തിനു ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യങ്ങളില്‍ ഒന്നാണ്. മദീനയിലെ പള്ളിയില്‍ ക്രൈസ്തവ പുരോഹിതന്മാര്‍ക്ക് പ്രാര്‍ഥിക്കാന്‍ അവസരം നല്‍കിയതും ജൂതന്റെ ശവശരീരം കൊണ്ടുപോകുമ്പോള്‍ കണ്‍മറയുന്നതുവരെ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചതും അന്യമതത്തിലെ സ്ത്രീക്ക് മൂന്നിരട്ടി വിലനല്‍കി അവരുടെ വീട് പൊളിച്ചു പള്ളി വികസിപ്പിച്ചതിനുശേഷം പള്ളി പൊളിച്ച്  അവര്‍ക്ക് അതേ സ്ഥലത്ത് വീട് പുനര്‍നിര്‍മിച്ചുകൊടുക്കാന്‍ ഭരണാധികാരി ഉത്തരവിട്ടതും ഫലസ്ത്വീന്‍ പിടിച്ചടക്കാനുള്ള പൊരിഞ്ഞ പോരാട്ടവേളയില്‍ അസുഖം ബാധിച്ച ശത്രുനേതാവിന് സ്വലാഹുദ്ദീന്‍ അയ്യൂബി മരുന്നുകള്‍ കൊടുത്തയച്ച് അസുഖം മാറുംവരെ യുദ്ധം നിര്‍ത്തിവെച്ചതും ഇസ്‌ലാമിന്റെ ഈ ഏകമാനവികതയുടെ നിരവധി ഉദാഹരണങ്ങളില്‍ ചിലതു മാത്രം'' (ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌