Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 13

3130

1441 റബീഉല്‍ ആഖിര്‍ 16

ഉമ്മ എന്ന സ്‌നേഹനിധി

ടി.കെ അബ്ദുല്ല

എന്റെ ഉമ്മ കടവത്തൂര്‍ പറമ്പത്ത് വലിയ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ ചെറുമരുമകള്‍ പാത്തു. പ്രമുഖ മതപണ്ഡിതനായ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ക്ക് ഏതോ രോഗബാധ നിമിത്തം കുട്ടികള്‍ ഉണ്ടാകുമായിരുന്നില്ല. ആ സ്‌നേഹലാളനകളെല്ലാം കൊച്ചു മരുമകളായ ഉമ്മക്കാണ് ലഭിച്ചത്. അതുകൊണ്ടു തന്നെ വീട്ടുകാര്യങ്ങളൊന്നും ഉമ്മ പഠിക്കാനിടവന്നില്ല. സ്‌കൂളിലയക്കാന്‍ അമ്മാവന്‍ താല്‍പര്യം കാണിച്ചതുമില്ല. അല്ലെങ്കിലും അക്കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമുദായം വളരെ പിന്നിലായിരുന്നു. അമ്മാവന്‍ വീട്ടില്‍ ഉസ്താദിനെ വെച്ച് ഉമ്മയെ ദീനും ഖുര്‍ആനും പഠിപ്പിക്കുകയാണ് ചെയ്തത്. കുഞ്ഞിസീതി എന്ന പരമ സാത്വികനായ ആ മൊല്ലാക്കയെ ഞാന്‍ കണ്ടിട്ടുണ്ട് (അന്നത്തെ ബ്രിട്ടീഷ് ഭരണകാലത്ത് മാപ്പിള സ്‌കൂളുകളില്‍ സ്‌കൂള്‍ സമയത്തിനു മുമ്പായി മതപഠനത്തിന് അനുവാദമുണ്ടായിരുന്നു. മലബാര്‍ ഭാഗത്ത് അധ്യാപകരില്‍ മിക്കപേരും ഹിന്ദുക്കളായിരുന്നുവെങ്കിലും കുട്ടികള്‍ക്ക് മതപഠനം സജീവമാക്കുന്നതില്‍ ഹിന്ദു അധ്യാപകര്‍ വളരെ താല്‍പര്യമെടുത്തിരുന്നു. കുട്ടികളുടെ ഹാജര്‍ കുറഞ്ഞാല്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ഇതിനു കാരണമാകാം). 
വാപ്പയെ പോലെ വലിയൊരു മതപണ്ഡിതനെ കണ്ടെത്തി ഉമ്മയെ കെട്ടിച്ചു കൊടുത്തതും അമ്മാവന്റെ സ്‌നേഹവാത്സല്യം കൊണ്ടുതന്നെ. വാപ്പയുടെ വീട്ടിലെത്തിയപ്പോഴും ഉമ്മയെ വീട്ടുവേലകള്‍ പഠിപ്പിക്കുന്നതില്‍ വാപ്പയോ വല്യുമ്മയോ പ്രത്യേകം താല്‍പര്യമെടുത്തില്ല. അതൊക്കെ വല്യുമ്മയും വേലക്കാരിയും വേണ്ടവിധം ചെയ്തുപോന്നു. ഉമ്മ പതിനാല് പപ്പടം കരിയാതെ വറുത്തെടുത്ത അതിശയം പറഞ്ഞതും കേട്ടുനിന്നവര്‍ ചിരിച്ചതും ഈ സാഹചര്യത്തിലായിരുന്നു. 
അപാര മതഭക്തയും സാത്വികയും സ്‌നേഹ സമ്പന്നയും ആയിരുന്നു ഉമ്മ. ആരെക്കുറിച്ചും നല്ല വശങ്ങളേ പറയൂ. ചീത്ത കാര്യങ്ങള്‍ പറയുന്നതോ കേള്‍ക്കുന്നതോ ഇഷ്ടമല്ല. നല്ലതല്ലാത്ത കാര്യങ്ങള്‍ ഉമ്മ പറയുന്നത് ഒരാളെ കുറിച്ച് മാത്രമേ കേട്ടിട്ടുള്ളൂ. അടിയന്തരാവസ്ഥയില്‍ എന്നെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത യേറാന്‍ പടിക്കന്‍ (ജയറാം പടിക്കല്‍) എന്ന പോലിസ് ഉദ്യോഗസ്ഥനെ കുറിച്ച് മാത്രം. എന്നെയും ജമാഅത്ത് നേതാക്കളെയും ജയിലിലടച്ചത് ഉമ്മാക്ക് തീരെ ഇഷ്ടമായില്ല. എന്തിനാണതെന്നും മനസ്സിലായില്ല. അക്ഷമയൊന്നും കാണിച്ചതുമില്ല.
ഉമ്മക്ക് സ്വന്തം സ്‌നേഹവാത്സല്യത്താല്‍ കെട്ടിപ്പടുത്ത വിശാലമായ ഒരു സുഹൃദ്‌വൃന്ദം ഉണ്ടായിരുന്നു. കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്നവരും സ്ത്രീകളുമടങ്ങുന്ന ആ സംഘത്തില്‍ അശേഷം ജാതി-മത വിവേചനം ഉണ്ടായിരുന്നില്ല. പുതിയൊരാള്‍ വീട്ടില്‍ വന്നാല്‍ അവരിലൂടെ കേട്ടറിഞ്ഞ പുതുമുഖങ്ങളെ ഉമ്മ ക്ഷണിച്ചു വരുത്തുക പതിവായിരുന്നു. വീട്ടില്‍ അപരിചിതര്‍ കയറി വരുമ്പോഴാണ് ഞങ്ങള്‍ക്കിത് മനസ്സിലാവുക. ഈ പരന്ന സുഹൃദ്ബന്ധം കാരണമായി വീട്ടിലിരിക്കുന്ന ഉമ്മക്ക് നാട്ടുകാരെയും നാട്ടുകാര്യങ്ങളും വേണ്ടുവോളം അറിയാമായിരുന്നു.
അമിത സൂക്ഷ്മതയും കരുതലും ഉമ്മയുടെ പ്രകൃതമായിരുന്നു. വീട്ടുകാര്‍ യാത്ര പോകുമ്പോഴും കുട്ടികള്‍ കളിക്കാന്‍ പോകുമ്പോഴും കുളക്കടവില്‍ പോകുമ്പോഴും മറ്റെല്ലാ കാര്യങ്ങളിലും പാലിക്കേണ്ട സൂക്ഷ്മതകള്‍ ഉമ്മ ഉപദേശിച്ചുകൊണ്ടേയിരിക്കും. ഈ 'സൂക്കേട്' കുറച്ചൊക്കെ എനിക്കും പകര്‍ന്നുകിട്ടിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കളുടെ അഭിപ്രായം. 'വസ്‌വാസ്' എന്നാണ് അവരിതിനെ കളിയാക്കുക. ഒരു ലേഖനമെഴുതിയാല്‍ ഒന്നിലധികം തവണ വായിക്കണം, ഞാന്‍ തന്നെ പ്രൂഫ് റീഡിംഗ് നടത്തണം, അവസാനത്തെ അക്ഷരത്തെറ്റും തിരുത്തണം എന്നതൊക്കെ പോലെ. ഇതൊന്നും ഇക്കാലത്ത് നടപ്പുള്ളതല്ലെന്ന് പറയേണ്ടതില്ലല്ലോ. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവനാണ് വിഡ്ഢിയാവുക. വാപ്പയില്‍നിന്ന് 'തഹ്ഖീഖ്' എന്ന ഒരു ദൗര്‍ബല്യവും എനിക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. ഒരു കാര്യം വേണ്ടതുപോലെ ഉള്ളറിവോടെ അറിഞ്ഞില്ലെങ്കില്‍ എനിക്ക് സംതൃപ്തി വരില്ല. ഇതും ഇക്കാലത്ത് നടപ്പുള്ളതല്ല. അര്‍ധജ്ഞാനത്തിന്റെ അസ്വസ്ഥത എന്റെ ഒരു സ്ഥിരം വേദനയാണ്. കൃഷികാര്യത്തിലുള്ള എന്റെ താല്‍പര്യവും വാപ്പയില്‍നിന്ന് പകര്‍ന്നുകിട്ടിയതു തന്നെ.
ഫലിതവും പഴഞ്ചൊല്ലും കടങ്കഥകളും ഉമ്മയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതൊക്കെ യഥാസമയം വേണ്ടവിധം കുറിച്ചുവെക്കാന്‍ കഴിയാതിരുന്നത് വലിയ നഷ്ടമായി തോന്നുന്നു. ഞാന്‍ അല്‍പസ്വല്‍പം ഫലിതം പറയുന്നുവെങ്കില്‍ ആ പ്രകൃതവും ഉമ്മയില്‍നിന്നുള്ളതാണ്.
 

ഒരു നുള്ള് പഞ്ചസാര

ചെറുപ്രായത്തില്‍ ഉമ്മയോട് പറഞ്ഞുപോയ ഒരു കളവ് ഈ ജീവിതാന്ത്യത്തിലും മറക്കാന്‍ കഴിയാതെ എന്നെ പിന്തുടരുന്നു. എനിക്ക് ഏഴോ എട്ടോ വയസ്സ് പ്രായം. ഉമ്മ ഒരു 'കുരിയലി'ല്‍ (കൈതോല കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒരുതരം സഞ്ചി) എവിടെയോ വിരുന്നു പോകാന്‍ പഞ്ചസാര നിറച്ചു വെച്ചിരുന്നു. അതില്‍ കൊച്ചു കൈവിരലിന്റെ അടയാളം പതിഞ്ഞതായി ഉമ്മ കണ്ടിരിക്കണം. അല്‍പം പഞ്ചസാര ഏതോ കുട്ടി നുള്ളിയെടുത്തിട്ടുണ്ട്. അത് ഞാനാകാനേ തരമുള്ളൂ. ഉമ്മ സ്‌നേഹത്തോടു കൂടി, മോന്‍ പഞ്ചസാര നുള്ളിയെടുത്തിരുന്നോ എന്ന് ചോദിച്ചപ്പോള്‍, 'ഇല്ല' എന്നായിപ്പോയി എന്റെ മറുപടി. അതേയെന്ന് പറഞ്ഞെങ്കില്‍ ഉമ്മക്ക് കൂടുതല്‍ സന്തോഷമാകുമായിരുന്നു. പക്ഷേ, ഇല്ലെന്നായിപ്പോയി മറുപടി. അവിചാരിതമായി വന്നുപോയ ഈ കളവ് ഇന്നും എന്നെ വേട്ടയാടുന്നു. സംഗതി നിസ്സാരമെങ്കിലും കുട്ടികള്‍ക്ക് ഇതൊരു പാഠമാകേണ്ടതാണ്.
വാപ്പയുടെ മരണശേഷം കാല്‍ നൂറ്റാണ്ട് കാലം ഞങ്ങള്‍ ഉമ്മയോടൊപ്പം  കൂട്ടുകുടുംബമായാണ് താമസിച്ചു വന്നത്. കെട്ടിച്ചയച്ച പെണ്‍കുട്ടികളേ വേറിട്ടു പോയിരുന്നുള്ളൂ. ആണ്‍കുട്ടികള്‍ മൂന്നു പേരും വിവാഹിതരാവുകയും അറുപതുകളില്‍ തറവാട് സ്വത്ത് ഭാഗം വെക്കുകയും ചെയ്ത ശേഷം ഞാന്‍ താമസം മാറുകയായിരുന്നു. ഉമ്മ എന്നോടൊപ്പം പോരാന്‍ സന്നദ്ധമായിരുന്നില്ല. അനുജന്‍ മമ്മുവിന്റെ കൂടെ തറവാട്ടില്‍ തങ്ങുകയായിരുന്നു. തുടര്‍ന്ന് ചില്ലറ അസുഖം ബാധിച്ചപ്പോള്‍ ചികിത്സാ സൗകര്യാര്‍ഥം ഉമ്മയെ ഞാന്‍ കുറ്റിയാടിയിലേക്ക് 'കട്ടോണ്ട്' പോരുകയാണുണ്ടായത്. ഉമ്മക്കോ അനുജന്‍ മമ്മുവിനോ അതില്‍ പ്രയാസം തോന്നിയതുമില്ല. സത്യത്തില്‍ ഉമ്മക്ക് കാര്യമായ രോഗമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങണമെന്നത് നിര്‍ബന്ധമായിരുന്നു. ഡോക്ടര്‍ വന്നാല്‍ തന്നെ പാതി രോഗം സുഖമായി. പിന്നെ വല്ല വിറ്റാമിന്‍ ഗുളികയോ ടോണിക്കോ എഴുതിക്കൊടുത്താല്‍ പരമ സുഖം.
ഉമ്മയുടെ ഹയാത്ത് കാലത്ത് ഞാന്‍ ഹജ്ജിന് പോകാതിരുന്നതും ഗള്‍ഫ് യാത്ര ചെയ്യാതിരുന്നതും തന്റെ ശേഷമല്ലാതെ രാജ്യത്തിന് പുറത്ത് പോകരുതെന്ന ഉമ്മയുടെ വസ്വിയ്യത്ത് പ്രകാരമായിരുന്നു. എന്നാല്‍ ദല്‍ഹിയില്‍ ശൂറക്ക് പോകുന്നതിന് തടസ്സമുണ്ടായിരുന്നില്ല.

അന്ത്യയാത്ര

ഉമ്മ ലോകത്തോട് വിടപറഞ്ഞുപോയ ദിവസം കാലത്തു മുതല്‍ ഉമ്മയുടെ പ്രകൃതത്തിലും പെരുമാറ്റത്തിലും പതിവില്ലാത്ത വ്യത്യാസങ്ങള്‍ കാണാമായിരുന്നു. എന്തിനോ വേണ്ടിയുള്ള ഒരു തയാറെടുപ്പ് പോലെ. വീട്ടില്‍ നിത്യം വന്ന് ഞങ്ങളെ സഹായിക്കുന്ന മാണി എന്ന വേലക്കാരി ഉച്ചക്കു ശേഷം തിരിച്ചുപോവുകയാണ് പതിവ്. അന്ന് പോയില്ല. കാരണം തിരക്കിയപ്പോള്‍ ഉമ്മ പറഞ്ഞതുകൊണ്ടാണെന്ന് മനസ്സിലായി. മാണി ഇന്ന് ഇവിടെത്തന്നെ വേണം എന്നു പറഞ്ഞതിന്റെ കാരണം മാണിക്ക് മനസ്സിലായിരുന്നില്ല. അതുപോലെ ഞങ്ങളുമായി ഏറ്റവും അടുത്ത ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ഉമ്മ വിളിച്ച് വരുത്തിക്കുകയുമുണ്ടായി. അവസാനത്തോടടുത്തപ്പോള്‍ പറഞ്ഞത്, ഇനി എനിക്ക് ഒന്നേ വേണ്ടൂ, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന്! കലിമ ചൊല്ലുമ്പോള്‍ ശ്വാസം മുട്ടുന്നതായി തോന്നിയാല്‍ തല ഉയര്‍ത്തിപ്പിടിച്ചുതരണം എന്നും പറഞ്ഞു. അങ്ങനെ എല്ലാവരും നോക്കിനില്‍ക്കെ ശാന്തമായി, സംതൃപ്തമായി  ഉമ്മ അല്ലാഹുവിലേക്ക് മടങ്ങി.
ഭാര്യയും മക്കളും
ഭാര്യ: പരേതനായ കുറ്റിയാടി ഒ.കെ മമ്മദ് ഹാജിയുടെ മകള്‍ കുഞ്ഞാമി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുറ്റിയാടി കുല്ലിയത്തുല്‍ ബനാത്തില്‍ തുടര്‍ പഠനം. ഗൃഹഭരണം, പ്രസ്ഥാന ബന്ധം.

ജീവിത നിയോഗം

ഉമ്മക്കു വേണ്ടിയുള്ള സേവന ശുശ്രൂഷകള്‍ എന്റെ ഭാര്യ ജീവിത നിയോഗമായി സ്വയം ഏറ്റെടുക്കുകയായിരുന്നു. ഉമ്മക്കും അത് നിര്‍ബന്ധമായിരുന്നു. മറ്റാരുടെയും സേവനം മതിയാകുമായിരുന്നില്ല. ആവശ്യത്തിനും അല്ലാതെയും ഉമ്മ വിളിച്ചുകൊണ്ടേയിരിക്കും. അപ്പോഴെല്ലാം ഭാര്യ മുന്നിലെത്തും. കുറ്റിയാടിയില്‍ ഞങ്ങളുടെ വീടിന്റെ ദിനസരിയും ടൈംടേബഌം ഉമ്മയുടെ സൗകര്യം നോക്കിയാണ് നിശ്ചയിച്ചിരുന്നത്. ഭാര്യയുടെ സേവന സന്നദ്ധത മനസ്സിലാക്കാന്‍ ഒരു സംഭവം മാത്രം മതി. ഞങ്ങള്‍ ചെറിയ കുമ്പളത്ത് താമസമാക്കിയതു മുതല്‍ ഉമ്മയുടെ ജീവിതാന്ത്യം വരെ നീണ്ട ഇരുപത്തിയഞ്ച് വര്‍ഷം ഒരിക്കല്‍ പോലും ഭാര്യ മറ്റൊരു വീട്ടില്‍ രാപ്പാര്‍ത്തിട്ടില്ല. സ്വന്തം വീട്ടില്‍ കല്യാണ രാത്രി പോലും താമസിച്ച അനുഭവമില്ല. ഉമ്മക്ക് പ്രയാസം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ  ചെയ്തിരുന്നത്. അവളുടെ വീട്ടുകാര്‍ക്കും ഇതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്കെല്ലാം ഉമ്മയോട് അത്രമേല്‍ സ്‌നേഹാദരമായിരുന്നു.
മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍- മുന്‍ പ്രബോധനം സ്റ്റാഫ്, ഇപ്പോള്‍ ഹിറയില്‍ (റിസര്‍ച്ച് സെല്‍).
മുഹമ്മദ് ഫാറൂഖ്- ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍, ഇപ്പോള്‍ മാധ്യമം പബ്ലിഷര്‍. 
മുഹമ്മദ് ഫൈസല്‍ - (ചെറുപ്പത്തിലേ മരിച്ചു)
സാജിദ- ഭര്‍ത്താവ് ജാബിര്‍ (അരണ്യ ആയുര്‍വേദ ഫാര്‍മസി, ഊരള്ളൂര്‍ കൊയിലാണ്ടി)
ജീവിച്ചിരിക്കുന്ന പെങ്ങള്‍: ഐശു (മരിച്ച സി. മൂസ ഹാജിയുടെ ഭാര്യ) 
വിശദാംശങ്ങളിലേക്ക് പോകുന്നില്ല. കുടുംബം മൊത്തത്തില്‍ ദീനീബോധമുള്ളവരും പ്രസ്ഥാനതല്‍പരരും ആണെന്നതില്‍ സന്തോഷമുണ്ട്.
91-ന്റെ നിറവില്‍ പ്രായത്തിന്റെ പ്രാരബ്ദങ്ങളും കാല്‍മുട്ടു വേദനയും പേറുന്ന എനിക്ക് ഭാര്യയും കുടുംബവും വലിയ താങ്ങും തണലുമാണ്. വേണ്ടതിലധികം എന്നെ പരിഗണിക്കുന്നു, പരിചരിക്കുന്നു എന്നൊരു പരാതിയേ ഉള്ളൂ. എന്റെ എല്ലാ ആവശ്യങ്ങളും സന്തോഷങ്ങളും കണ്ടറിഞ്ഞ് നിറവേറ്റുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. പകരം നല്‍കാനുള്ളത് സ്‌നേഹവും പ്രാര്‍ഥനകളും മാത്രം! മാതാപിതാക്കള്‍ വിട്ടേച്ചുപോയ നന്മകളുടെ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തതിന്റെ നഷ്ടബോധവും കൂട്ടത്തില്‍ പങ്കുവെക്കുന്നു.  

(തുടരും)

എന്റെ ഓര്‍മക്കുറിപ്പില്‍ (2019 ഡിസംബര്‍ 06) വാപ്പയുടെ കോട്ടുമായി ബന്ധപ്പെട്ട് സുഹൃത്ത് ഉത്താറി അമ്മദിന്റെ പേര് പരാമര്‍ശിച്ചതില്‍ അതിയായി ഖേദിക്കുകയും കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

ടി.കെ

 

 

വാപ്പയെ കുറിച്ച് രണ്ട് പ്രമുഖ മതപണ്ഡിതന്മാരുടെ ഓര്‍മകളില്‍നിന്ന്

മര്‍ഹൂം മൗലാനാ ഹസന്‍ ഹസ്രത്ത് (ശൈഖുല്‍ ഹദീസ്, വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്): ''സര്‍വ വിജ്ഞാനങ്ങളിലും പ്രഗത്ഭനും മഹാപണ്ഡിതനും ഗാംഭീര്യതയുടെ പ്രതീകവുമായ മൗലാനാ ആയഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ബാഖവി എന്റെ ഗുരുനാഥനാണ്. അദ്ദേഹം നാദാപുരത്ത് അധ്യാപനം നടത്തുന്ന കാലത്ത് അവിടെ വെച്ച് സ്വഹീഹുല്‍ ബുഖാരി ഓതുകയുണ്ടായി. ഹദീസിന്റെ ഫന്നില്‍ അതുല്യ വിജ്ഞാനം നേടിയ ഗുരുഭൂതര്‍, മറ്റെല്ലാ ഫന്നിനേക്കാളും ഹദീസ് ദര്‍സില്‍ അതീവ ശ്രദ്ധാലുവായിരുന്നു. ഹദീസിന് അര്‍ഹമായ സ്ഥാനംനല്‍കിക്കൊണ്ടുള്ള അധ്യാപനമായിരുന്നു മൗലാന സ്വീകരിച്ചിരുന്നത്. പണ്ഡിതവര്യരും ജീവിച്ചിരിപ്പുള്ളവരുമായ കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ (നാദാപുരം മുദര്‍രിസ്) മുതലായ ഉലമാക്കള്‍ അന്ന് എന്റെ സഹപാഠികളായിരുന്നു. ബുഖാരിയില്‍ ഏതാനും പേജ് ഓതാന്‍ ബാക്കിയുള്ളപ്പോഴായിരുന്നു ഉസ്താദിന്റെ വഫാത്ത്.''(ബാഖിയാത്ത് ശതവാര്‍ഷികപ്പതിപ്പ് ലേഖനം പുനഃപ്രസിദ്ധീകരണം-അല്‍ബാഖിയാത്ത് 2013).
എ. നജീബ് മൗലവി: ''നാദാപുരം മേഖലയില്‍ തറക്കണ്ടിയിലെ ഓര്‍ എന്ന് ആദരപൂര്‍വം വിളിക്കപ്പെടുന്ന മഹാ പണ്ഡിതന്‍. തെക്കും വടക്കും ഭേദമില്ലാതെ കേരളത്തിലെങ്ങും പുറത്തും അറിയപ്പെടുന്നത് ആയഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ (റ) എന്നാണ്. ഉദ്ദേശം 63 വയസ്സ് ജീവിച്ച് തന്റെ സൃഷ്ടിപ്പ് ലക്ഷ്യം സാക്ഷാല്‍ക്കരിച്ച ആ മഹാമനീഷിക്ക് ജന്മം നല്‍കാന്‍ ഭാഗ്യം ലഭിച്ച മാതാപിതാക്കള്‍ ആയഞ്ചേരി അബ്ദുല്ലയും കുളമുള്ളതില്‍ മായിന്‍കുട്ടി മകള്‍ കുഞ്ഞാമിനയുമാണ്. അവരെത്ര ഭാഗ്യവാന്മാര്‍! ഹിജ്‌റ 1298-ലാണ് ഓരുടെ ജനനം. കുനിച്ചം വീട്ടില്‍ ഓര്‍ എന്ന് നാദാപുരം ഭാഗത്ത് പ്രസിദ്ധരായ അല്ലാമ അഹ്മദ് ശീറാസിയില്‍നിന്നാണ് മഹാനര്‍ ദര്‍സ് പഠനം ആരംഭിക്കുന്നത്. പിന്നീട് ദീര്‍ഘകാലം  ഓതിത്താമസിച്ചത് പ്രസിദ്ധമായ പൊന്നാനി പള്ളിയില്‍ ബഹു. തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാരില്‍നിന്നും. പ്രധാന കിതാബുകളെല്ലാം ആ മഹദ് വിദ്വാനില്‍നിന്നാണ് ഓതിത്തീര്‍ത്തത്. മഅ്ക്കൂലാത്തുകള്‍ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയില്‍നിന്ന് തന്നെ ഓതി. ശൈഖുനാ താജുല്‍ ഉലമായുടെ പിതാവ്  കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാരും ഓരുടെ ഉസ്താദ് ആണ്. ഗുരുവര്യന്മാരെല്ലാം അക്കാലത്തെ ഏറ്റവും ഉയര്‍ന്ന മുഹഖ്ഖിക്കുകള്‍. അവരില്‍നിന്ന് പ്രവഹിക്കുന്ന ഉലൂമുകള്‍ വന്നു വീഴുന്നതാണെങ്കില്‍ അവ പെട്ടെന്ന് സ്വീകരിക്കാനും കിളിര്‍ത്തു വളരാനും പാകവും യോഗ്യവുമായ മനസ്സിലും! ഇതിന്റെ സദ്ഫലം പറയേണ്ടതുണ്ടോ? അല്ലാഹു കനിഞ്ഞ ഈ അനുഗ്രഹങ്ങളാണ് മഹാഗുരുവര്യന്മാര്‍ എല്ലാവരുടെയും പിന്‍ഗാമിയായി തിളങ്ങിയ മുഹഖ്ഖികും മുദഖ്ഖിഖുമായ ആയഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ പിറവിക്ക് കാരണം. 
മലബാറിലെ അധ്യയനത്തിനു ശേഷം ബഹുവന്ദ്യര്‍ തെന്നിന്ത്യയിലെ ഉന്നത കലാലയമായ വെല്ലൂര്‍ ബാഖിയാത്തിലും ചേര്‍ന്നു, 1914-ല്‍. ബാനീ അഹഌ ഹദ്‌റത്ത് അബ്ദുല്‍ ജബ്ബാര്‍ ഹദ്‌റത്ത്, അബ്ദുല്‍ ഖാദിര്‍ ബാദുഷ എന്ന ഫാരിസീ ഖാന്‍, ശൈഖ് ആദം ഹദ്‌റത്ത്, അബ്ദുര്‍റഹീം ഹദ്‌റത്ത് എന്നിവരൊന്നിച്ചുള്ള സുവര്‍ണകാലമാണിത്. രണ്ട് വര്‍ഷത്തെ മുത്തവ്വല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും ന്യായമായ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാതെ നാട്ടിലേക്ക് തിരിച്ച ഓര്‍ക്ക്, യോഗ്യത ബോധ്യപ്പെട്ട ഉസ്താദുമാരും മാനേജിംഗ് കമ്മിറ്റിയും ബിരുദവും സനദും ഔദ്യോഗികമായി അയച്ചുകൊടുക്കുകയായിരുന്നു. 
പൊന്നാനിക്കടുത്ത അയിരൂര്‍, പാനായിക്കുളം എന്നിവിടങ്ങളിലാണ് ബാഖിയാത്ത് വിട്ട് വന്ന വര്‍ഷം മൗലാനാ ആയഞ്ചേരി ദര്‍സ് ആരംഭിച്ചത്. ശേഷം തന്റെ പ്രഥമ പഠനകളരിയായ നാദാപുരം പള്ളിയില്‍ ദീര്‍ഘവര്‍ഷം ദര്‍സ് നടത്തി. അനന്തരം ഉത്തരമലബാറിലെ തുരുത്തി, കാസര്‍ഗോഡ്, ചേരാപുരം എന്നിവിടങ്ങളിലും കോടഞ്ചേരി, വാഴക്കാട് ദാറുല്‍ ഉലൂം തുടങ്ങിയ പ്രസിദ്ധ ദര്‍സ് കേന്ദ്രങ്ങളിലും മഹാനര്‍ മുദര്‍രിസായിരുന്നിട്ടുണ്ട്..........
മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാര്‍, കേളോത്ത് കണ്ടി ചെറിയമ്മദ് മുസ്‌ലിയാര്‍, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, വില്യാപ്പള്ളി കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാര്‍, പാനായിക്കുളം ബാപ്പു മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹദ്‌റത്ത്, കല്ലൂര്‍ വലിയ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരും മൗലാനാ ആയഞ്ചേരിയുടെ പ്രമുഖ ശിഷ്യന്മാരാണ്. അനുഗൃഹീത ബുദ്ധിയും വിദ്യാര്‍ഥി മനസ്സുകളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനുള്ള അസാധാരണ സിദ്ധിയും ഇബാറത്തുകള്‍ ഇഴപിരിച്ച് കെട്ടഴിക്കാനുള്ള അസാമാന്യ പാടവവും സമര്‍ഥന ചാതുരിയും ശബ്ദഗാംഭീര്യവുമെല്ലാം ഒത്തുചേര്‍ന്ന മൗലാനയുടെ അനുപമ തദ്‌രീസിന്റെ ശൈലി ഏവരാലും വാഴ്ത്തപ്പെട്ട അത്യാകര്‍ഷക ഗുണമായിരുന്നു. കിടയറ്റ, ഗുരുപ്രമുഖരെല്ലാവരില്‍നിന്നും കൂടി മഹാനര്‍ സ്വായത്തമാക്കിയതാകണമിത്. അല്ലാഹു തദ്‌രീസിനായി പടച്ചിട്ടുള്ളതാണ് ഓരെ എന്ന തന്റെ പിന്‍ഗാമി ശംസുല്‍ ഉലമാ കീഴന ഓരുടെ പ്രകീര്‍ത്തനം ഇതിന്റെ  അന്തര്‍രഹസ്യം പ്രകാശനം ചെയ്യുന്നുണ്ട്'' (ഇരുപതാം നൂറ്റാണ്ടിലെ പണ്ഡിതാഗ്രേസരര്‍ 52-53).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌