Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 13

3130

1441 റബീഉല്‍ ആഖിര്‍ 16

അതിജീവന പ്രചോദനങ്ങള്‍

റഹ്മാന്‍ മധുരക്കുഴി

'സ്തംഭിച്ചുനില്‍ക്കരുത്-ആത്മവിശ്വാസത്തോടെ അതിജീവിക്കണം' എന്ന ശീര്‍ഷകത്തില്‍ ഡോ. അബ്ദുസ്സലാം അഹ്മദും 'പ്രതിസന്ധികള്‍ മറികടക്കാന്‍ ദൃഢവിശ്വാസവും ഇഛാശക്തിയും' എന്ന ശീര്‍ഷകത്തില്‍ സയ്യിദ് സആദത്തുല്ല ഹുസൈനിയും പ്രബോധനം 24-ാം ലക്കത്തില്‍ എഴുതിയ ലേഖനങ്ങള്‍, ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ സുപ്രീം കോടതിയുടെ നീതിരഹിത വിധിയില്‍ ചകിതരും നിരാശരുമായി കഴിയുന്ന മുസ്‌ലിം സമൂഹത്തിന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉജ്ജ്വല പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതാണ്.
അധികാര കേന്ദ്രങ്ങളില്‍നിന്ന് അടിച്ചമര്‍ത്തല്‍ നടപടികളും ക്രൂരമായ അവഗണനകളും നേരിടുമ്പോള്‍ ഇതികര്‍ത്തവ്യാമൂഢരും നിരാശരുമായി നിഷ്‌ക്രിയത്വത്തിന്റെ വാത്മീകത്തിലൊളിക്കുകയും അനീതിയുടെ മൊത്ത വിതരണക്കാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് വഴിവിട്ട നടപടികള്‍ക്ക് ഓശാന പാടുകയും ചെയ്യുന്ന നിലപാട് ആത്മഹത്യാപരമാണെന്ന്, വേദവാക്യങ്ങളുടെയും ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും പിന്‍ബലത്തോടെ സമര്‍ഥിക്കുന്നുണ്ട് പ്രസ്തുത ലേഖനങ്ങള്‍. പ്രതിസന്ധികള്‍ മറികടക്കാന്‍ ദൃഢവിശ്വാസവും ഇഛാശക്തിയും കൈമുതലാക്കി രംഗത്തിറങ്ങേണ്ടതിന്റെ അനിവാര്യത ലേഖകര്‍ വരച്ചുകാണിക്കുന്നു. 

 

ഏഴു വര്‍ഷം തികയണം ഡസര്‍ട്ട് സര്‍ട്ടിഫിക്കറ്റിന്

പ്രബോധനം നവംബര്‍ 22 ലക്കത്തിലെ 'പ്രശ്‌നവും വീക്ഷണവും' പംക്തി, ഭര്‍ത്താവിന്റെ ദീര്‍ഘകാല തിരോധാനം സംബന്ധിച്ച പ്രശ്‌നത്തില്‍, അവരുടെ ഭാര്യമാര്‍ ഇസ്‌ലാമികദൃഷ്ട്യാ എന്ത് നിലപാട് എടുക്കണം എന്നതില്‍ വെളിച്ചം നല്‍കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍, വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ ഏതു രൂപത്തിലാണ് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ പല ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുള്ളവരാണ് ഈ വിഭാഗം സ്ത്രീകള്‍. ഇസ്‌ലാമികദൃഷ്ട്യാ ഇവര്‍ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നാല് വര്‍ഷമാണ് കാലാവധിയെങ്കിലും നമ്മുടെ നാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കാലയളവ് ഏഴു വര്‍ഷമാണ്. ഭര്‍ത്താവിനെ കാണാതാകുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ തീയതിയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഈ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചുകൊണ്ട് സ്ത്രീ താമസിക്കുന്ന പരിധിയിലുള്ള വില്ലേജ് ഓഫീസില്‍നിന്നും ഡസര്‍ട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്. ഈ വിഭാഗം സ്ത്രീകളെ ഡസര്‍ട്ട് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഡസര്‍ട്ട് സര്‍ട്ടിഫിക്കറ്റ് മതിയാകുന്നതാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും 30 വയസ്സായിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ലഭിക്കുന്ന തൊഴില്‍ ആനുകൂല്യമായ പ്രയോറിറ്റി കാറ്റഗറി ഈ വിഭാഗത്തിനും ലഭിക്കുന്നതാണ്. കൂടാതെ ഇവരെ സ്വയം തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തയാറാക്കിയ 'ശരണ്യ' പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനും ഇവര്‍ അര്‍ഹരാണ്. അത് മുഖേന അമ്പതിനായിരം രൂപ പലിശരഹിത ലോണ്‍ ലഭിക്കും. അതില്‍ ഇരുപത്തയ്യായിരം രൂപ മാത്രം അഞ്ചു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയാകുന്നതാണ്. അതിനായി ഡസര്‍ട്ട് സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ മുഖേന തഹസില്‍ദാറില്‍നിന്നും ലഭ്യമാക്കേണ്ടതാണ്. ഇതിനെല്ലാം കാലാവധി നിശ്ചയിച്ചിരിക്കുന്നത് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ തീയതി മുതലുള്ള ഏഴു വര്‍ഷമാണ്. ഇസ്‌ലാമികദൃഷ്ട്യാ നാല് വര്‍ഷമാണ് എന്നത് ആശ്വാസമാണെങ്കിലും നിലവിലുള്ള നിയമപ്രകാരം ഔദ്യോഗിക അംഗീകാരമുള്ള ഡസര്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവിനെ കാണാതായ സ്ത്രീകള്‍ക്ക് ലഭിക്കാന്‍ ഏഴു വര്‍ഷം വരെ കാത്തിരിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

അബൂബക്കര്‍ സിദ്ദീഖ് പറവണ്ണ

 

അധ്യാപകന്‍ നിസ്സഹായനാകുന്നു


സ്‌കൂള്‍ അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണിതാവായി എത്തിയതായിരുന്നു. മീറ്റിംഗ് തുടങ്ങാന്‍ സമയമുണ്ട്. എത്തിച്ചേര്‍ന്ന മറ്റുള്ളവരുമായി കുശലം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ തൊട്ടടുത്ത മുറിയില്‍നിന്ന് അത്യുച്ചത്തിലുള്ള സംസാരം കേട്ടു. കുട്ടികളുടെ കഴിഞ്ഞ പരീക്ഷയിലെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഒപ്പിടാനും അധ്യാപകരോട് സംസാരിക്കാനും രക്ഷിതാക്കള്‍ക്ക് അനുവദിച്ച ദിവസവും കൂടിയായിരുന്നു അന്ന്. 'ഇവിടത്തെ അധ്യാപകര്‍ക്ക് എന്താണ് ജോലി? അവര്‍ കുട്ടികളുടെ കാര്യത്തില്‍ തീരെ ശ്രദ്ധിക്കുന്നില്ല. എന്റെ കുട്ടിയുടെ മാര്‍ക്ക് കണ്ടില്ലേ? വളരെ മോശം.' അങ്ങനെ രക്ഷിതാവ് പ്രധാനാധ്യാപികയോട് തട്ടിക്കയറുകയാണ്. പ്രധാനാധ്യാപിക മറുപടി പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രക്ഷിതാവ് കത്തിക്കയറുകയാണ്. ക്ലാസ് ടീച്ചറുമായി കലഹം കൂടിയതിനു ശേഷമാണ് രക്ഷിതാവ് പ്രധാനാധ്യപികയുടെ മുറിയിലെത്തിയത്. രക്ഷിതാവിന്റെ സംസാരശൈലി അത്ര പന്തിയല്ലെന്ന് കണ്ട് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ രക്ഷിതാവിനെ മീറ്റിംഗ് റൂമിലേക്ക് ക്ഷണിച്ചു. ഇത് അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗാണെന്ന് പറഞ്ഞയുടന്‍ രക്ഷിതാവ് ദേഷ്യത്തില്‍ പ്രതികരിച്ചു: 'നിങ്ങളിങ്ങനെ മീറ്റിംഗ് കൂടിയിരുന്നിട്ടെന്താ കാര്യം? കുട്ടികളുടെ മാര്‍ക്ക് കൂടുന്നില്ലല്ലോ. മഹാ കഷ്ടം.' രക്ഷിതാവിന്റെ ചൂടൊന്ന് ശമിപ്പിക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു. കുട്ടിയുടെ മാര്‍ക്ക് ലിസ്റ്റ് ഞങ്ങളൊന്നു പരിശോധിച്ചു. എല്ലാ വിഷയത്തിനും 92 ശതമാനത്തിലധികം മാര്‍ക്ക്! ഇന്റേണല്‍ അസസ്‌മെന്റിലും നല്ല മാര്‍ക്ക്. അപ്പോഴേക്കും ഹെഡ്മിസ്ട്രസും കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുക്കാനായി മുറിയിലെത്തി. കുട്ടിയെ പറ്റിയുള്ള അഭിപ്രായം അവര്‍ പറയാന്‍ തുടങ്ങി: 'സ്‌കൂളിലെ ഏറ്റവും നല്ല കുട്ടി. നന്നായി പ്രസംഗിക്കും. യൂത്ത് ഫെസ്റ്റിവെലില്‍ സബ് ജില്ലയില്‍ മികച്ച പ്രകടനം. മാതൃകാപരമായ അച്ചടക്കം, ചെറുകഥ എഴുതും...' 'മതി നിര്‍ത്തൂ. ഇതിനൊന്നുമല്ല എന്റെ കുട്ടിയെ ഞാന്‍ സ്‌കൂളിലേക്കയച്ചത്. അവന് നല്ല മാര്‍ക്ക് കിട്ടണം. അതില്ലെങ്കില്‍ ഇക്കാലത്ത് എന്താണ് കാര്യം.' മാര്‍ക്ക് ലിസ്റ്റ് കൈയിലെടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു: 'ഇതു വളരെ നല്ല മാര്‍ക്കാണല്ലോ. കുട്ടിയെയും ടീച്ചറെയും ശകാരിക്കേണ്ട ആവശ്യമില്ല.' അപ്പോള്‍ രക്ഷിതാവ് മനസ്സ് ഒന്നു കൂടി തുറന്നു: 'കഴിഞ്ഞ പരീക്ഷയില്‍ എന്റെ കുട്ടി ക്ലാസ്സില്‍ ഒന്നാമനായിരുന്നു. ഇപ്പോള്‍ രണ്ടാമനായി മാറിയിരിക്കുന്നു. ഇത് ഞങ്ങള്‍ക്ക് നാണക്കേടായിപ്പോയി.' ഇവിടെ കുട്ടിക്ക് മാര്‍ക്ക് കിട്ടിയാല്‍ മാത്രം പോരാ. അതിനേക്കാള്‍ കൂടിയ മാര്‍ക്ക് മറ്റാര്‍ക്കും കിട്ടരുത്!
രക്ഷിതാവിന്റെ രോഷപ്രകടനം കേട്ട് അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗും കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് നവംബര്‍ 15-ലെ പ്രബോധനവുമായി ഏജന്റ് വീട്ടിലെത്തുന്നത്. ആദ്യം തന്നെ വാണിദാസ് എളയാവൂരുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖമാണ് വായിച്ചത്. ''ഇന്ന് വിദ്യാര്‍ഥികളില്ല, പരീക്ഷാര്‍ഥികളേ ഉള്ളൂ എന്നതും ദുഃഖസത്യമാണ്. വിദ്യ എന്ന അനവദ്യമായ ഒന്ന് സ്വായത്തമാക്കുകയല്ല, ഇന്ന് ലക്ഷ്യം പരീക്ഷ മാത്രമാണ്. അധ്യാപകനില്ല, പരീക്ഷാ സഹായിയാണുള്ളത്.... കുട്ടികളുടെ മനസ്സില്‍ നിറയുന്ന ഇരുട്ട് ഇല്ലാതാക്കുന്നവനാണ് ഗുരുനാഥന്‍.'' വളരെ അര്‍ഥവത്തായ തത്ത്വങ്ങളാണ് എളയാവൂരിന്റേത്. പക്ഷേ മേല്‍പറഞ്ഞ സ്വഭാവത്തിലുള്ള രക്ഷിതാക്കളും അവരുടെ കുട്ടികളും പഠിക്കാനല്ല, മറിച്ച് പരീക്ഷയെഴുതി ജയിക്കാനാണ് സ്‌കൂളില്‍ വരുന്നതെന്ന പൊതു പ്രതിഭാസത്തെ എങ്ങനെ തരണം ചെയ്യാന്‍ കഴിയും? വിദ്യാര്‍ഥിയുടെ കഴിവുകള്‍ വളര്‍ത്തുകയാണ് ലക്ഷ്യമാക്കേണ്ടത്. മനുഷ്യന്റെ സഹജാവബോധത്തെ, നിര്‍ജീവമായി കിടക്കുന്ന വാസനകളെ, ഉള്‍പ്രേരണകളെ തട്ടിയുണര്‍ത്തി വളര്‍ത്തിയെടുക്കണം- ഇതൊക്കെയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന വാണിദാസിന്റെ വീക്ഷണങ്ങളോട് പൂര്‍ണമായി യോജിക്കുന്നു. പക്ഷേ, ഇന്നത്തെ പരീക്ഷാ സമ്പ്രദായവും മാര്‍ക്കും റാങ്കുകളുമൊക്കെ വിദ്യാഭ്യാസത്തിന്റെ വിജയ പരാജയത്തിന്റെ മാനദണ്ഡങ്ങളായി പരിഗണിക്കുന്ന സ്ഥിതിവിശേഷത്തില്‍ മാര്‍ക്കിനു വേണ്ടി പഠിപ്പിക്കാന്‍ അധ്യാപകന്‍ നിര്‍ബന്ധിതനാകുന്ന അവസ്ഥയാണ് ഉള്ളത്. ഗവണ്‍മെന്റും വിദ്യാഭ്യാസ വകുപ്പും മാധ്യമങ്ങളും പൊതു സമൂഹവും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം കുട്ടികളെ വിലയിരുത്തുകയും അധ്യാപകരെയും സ്‌കൂളുകളെയും അതേ നിലവാരത്തില്‍ ശ്രേണീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധ്യാപകന്‍ നിസ്സഹായനായി മാറുകയാണ്. 'വിദ്യാഭ്യാസ സംവിധാനത്തില്‍ മൗലികമായ മാറ്റം വരണം' എന്ന വാണിദാസിന്റെ അഭിപ്രായം കാലാകാലങ്ങളായി നാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതെങ്ങനെ? അതിനുള്ള ഉത്തരമാണ് നമുക്കിന്നാവശ്യം. 

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്

 

 

പച്ചപ്പ് നഷ്ടപ്പെടുന്ന കേരളം

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹരിതഭംഗി കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്നതും സന്തുലിതമായ കാലാവസ്ഥയും കേരളത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന പേരില്‍ അറിയപ്പെടുന്ന മലയാളനാടിനു ഈ പച്ചപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ധാരാളമായി ലഭിക്കുന്ന മഴയും നദികളും കായലുകളുമാണ്. 44 നദികളാണ് കേരളത്തിലൂടെ ഒഴുകുന്നത്. അതില്‍ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടുമാണ്. പ്രധാനപ്പെട്ട ഈ പുഴകളോട് ചേര്‍ന്ന് ഒരുപാട് കായലുകളുമുണ്ട്. എന്നാല്‍ അടുത്തകാലത്തായി സന്തുലിതമല്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങളും പ്രകൃതിയോടുള്ള അവഗണനയും ക്രൂരതയും കേരളത്തിന്റെ ഹരിതഭംഗി നഷ്ടപ്പെടുത്തുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.
കേരളത്തിലെ പല വ്യവസായങ്ങളും നദികളുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നതും വികാസം പ്രാപിച്ചതും. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളും ഭൂമിശാസ്ത്രപരമായി മലനാട്, ഇടനാട്, തീരപ്രദേശം എന്നിവയില്‍ പെട്ടതാണ്. പര്‍വതങ്ങളും പശ്ചിമഘട്ടങ്ങളും വനങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് മലനാട്. കടല്‍തീരങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ് തീരപ്രദേശം. ഇതിനിടയിലുള്ളവ ഇടനാട് എന്ന പേരില്‍ അറിയപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും നമുക്ക് കിട്ടിയ പ്രകൃതിസമ്പത്തിനെയും പുഴകളെയുമൊക്കെ നാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. ഓരോ നാടിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വന്ന കോടതിവിധിയും വിവാദങ്ങളും പരിശോധിച്ചാല്‍ മനസ്സിലാവുന്ന കാര്യമാണത്. കായല്‍ നികത്തി വലിയ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ആത്യന്തികമായി നമ്മുടെ ആവാസവ്യവസ്ഥ തന്നെ തകരുകയാണ്. വയലുകളും കായലുകളും  നികത്തി റോഡുകളും കെട്ടിടങ്ങളും പണിയുന്നു.  കുന്നുകള്‍ നശിപ്പിച്ച് ക്വാറികള്‍ നിര്‍മിക്കുന്നു. യാതൊരു ലജ്ജയുമില്ലാതെ സ്വന്തം ഭക്ഷണാവിശിഷ്ടങ്ങള്‍ പോലും പുഴകളില്‍ തള്ളുന്നു. നമ്മുടെ മാലിന്യങ്ങള്‍ തള്ളാനുള്ള കുപ്പത്തൊട്ടികളല്ല പുഴകള്‍ എന്ന് രണ്ട് പ്രളയങ്ങള്‍ സമ്മാനിച്ച ദുരന്തങ്ങള്‍ അനുഭവിച്ചിട്ടും നമുക്ക് മനസ്സിലായിട്ടില്ല. ഇതേ മനോഭാവം തുടരുകയാണെങ്കില്‍ ഓണവും പെരുന്നാളും പോലെ എല്ലാ വര്‍ഷവും പ്രളയവും ആഘോഷിക്കേണ്ടിവരുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വനങ്ങളുടെയും  പുഴകളുടെയുമൊക്കെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് മനസ്സിലാക്കി അതിനുവേണ്ട നടപടികള്‍  വ്യക്തിതലത്തിലും സര്‍ക്കാര്‍ തലത്തിലും എടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കേരളത്തിന്റെ ഹരിതഭംഗിയും സന്തുലിത കാലാവസ്ഥയും നഷ്ടപ്പെടാന്‍ അധികകാലം വേണ്ടിവരില്ല. ഇനിയും മഴ പെയ്യും, പുഴയുമൊഴുകും, മാറേണ്ടത് നമ്മളാണ്. 

നജീബ് കാഞ്ഞിരോട്, കണ്ണൂര്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌