Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

ഉമര്‍ ഫാറൂഖ് - ധന്യമായ മനസ്സിന്റെ ഉടമ

വി.കെ ഹംസ അബ്ബാസ്

എല്ലാവരോടും സ്‌നേഹവും സൗഹൃദവും കാരുണ്യവും കാത്തു സൂക്ഷിച്ച മഹാമനസ്‌കനായിരുന്നു ഈയിടെ നിര്യാതനായ എം.കെ ഉമര്‍ ഫാറൂഖ്. തലശ്ശേരി പാറാല്‍ ചാലക്കര മിന്നത്ത് വീട്ടില്‍ തടിച്ചുകൂടിയ ജനാവലി അദ്ദേഹത്തിന്റെ ഉയര്‍ന്ന ചിന്തയും ദീര്‍ഘവീക്ഷണവും മാന്യമായ പെരുമാറ്റവും അനുഭവിച്ചറിഞ്ഞവരായിരുന്നു. അവസാന നിമിഷം വരെ തന്റെ കാഴ്ചപ്പാടും ഉന്നത അഭിലാഷവും പങ്കുവെക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്മരിക്കുന്നു. തായാട്ട് അബൂബക്കറിന്റെയും മൂര്‍ക്കോത്ത് കുഞ്ഞായിശുവിന്റെയും മകനായി ജനിച്ച അദ്ദേഹം ഇസ്‌ലാമിക പഠനം പൂര്‍ത്തീകരിച്ചത് പള്ളി ദര്‍സുകളില്‍നിന്നാണ്. വിഷയങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യാനും കാര്യങ്ങളുടെ അന്തസ്സത്ത കണ്ടെത്താനും അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ക്ലാസും പ്രഭാഷണങ്ങളും ആകര്‍ഷകമായിരുന്നു.
കേരളത്തില്‍നിന്ന് ഗള്‍ഫ് പ്രവാസം സജീവമായ 1970-കളില്‍തന്നെ ഇസ്ലാമികപ്രവര്‍ത്തകര്‍ ഒറ്റയും തെറ്റയുമായി ബഹ്‌റൈനിലും എത്തിയിരുന്നു. ആദ്യകാലങ്ങളില്‍ ഇന്നത്തെപ്പോലെയുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇല്ലാത്തതിനാല്‍ സ്ഥിരമായ യോഗങ്ങളോ പരിപാടികളോ നടക്കാറുണ്ടായിരുന്നില്ല. വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചകളിലും വര്‍ത്തമാനങ്ങളിലും ചര്‍ച്ചകളിലും ഒതുങ്ങുമായിരുന്നു അന്നത്തെ ഇസ്ലാമികപ്രവര്‍ത്തനം.
എഴുപതുകളുടെ തുടക്കത്തില്‍ ആണ് ഉമര്‍ ഫാറൂഖ് ബഹ്റൈനില്‍ എത്തുന്നത്. വന്ന സമയത്ത് അദ്ദേഹത്തിന് പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ സാമാന്യം നല്ല വേതനമുള്ള ജോലി കിട്ടി. പിന്നീട് തന്റെ അദമ്യമായ വൈജ്ഞാനിക  പ്രേമത്താല്‍ മനാമയിലെ ഫാറൂഖ് പള്ളിയിലേക്ക് ജോലിമാറുകയായിരുന്നു. പഠനത്തിനും വായനക്കും വേണ്ടി തന്റെ സമയത്തിന്റെ നല്ലൊരു പങ്ക് അദ്ദേഹം മാറ്റിവെച്ചിരുന്നു. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അദ്ദേഹത്തിന് നല്ല വ്യുല്‍പത്തിയുണ്ടായിരുന്നു. നാട്ടിലേക്ക് പോവുമ്പോള്‍ കെട്ടുകണക്കിനു അറബിഗ്രന്ഥങ്ങളുമായാണ്  അദ്ദേഹം യാത്രയാവുക. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ക്ലാസുകളും ഏതൊരു സാധാരണക്കാരനും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതും എന്നാല്‍ സാരസമ്പൂര്‍ണവും അറിവിന്റെ ഗരിമ വിളിച്ചോതുന്നതുമായിരുന്നു. 
കെ.കെ.എസ് തങ്ങള്‍ കണ്‍വീനറായും ഐ.എം സലീം സെക്രട്ടറിയായും 1976-ല്‍ 'ബഹ്റൈന്‍ ഇസ്ലാമിക് സെന്റര്‍' എന്ന പേരില്‍ ഇവിടത്തെ ഇസ്ലാമികപ്രവര്‍ത്തകര്‍ ഒരു കൂട്ടായ്മ രൂപീകരിച്ചപ്പോള്‍ അതിന്റെ ജോയിന്റ് കണ്‍വീനറായിരുന്നു എം.കെ ഉമര്‍ഫാറൂഖ്. 1981-ല്‍ കെ.കെ.എസ് തങ്ങള്‍ ബഹ്റൈനില്‍നിന്ന് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയപ്പോള്‍ പിന്നീട്  കണ്‍വീനറായി ഫാറൂഖ് സാഹിബ് നേതൃസ്ഥാനം ഏറ്റെടുക്കുകയും സംഘടനക്ക് കേരള ഇസ്‌ലാമിക് സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. 1994 മാര്‍ച്ചില്‍ ഫാറൂഖ് സാഹിബിന്റെ നേതൃതത്തില്‍ കെ.ഐ.സിക്ക് (കേരള ഇസ്ലാമിക് സെന്റര്‍) ഘടനാപരമായ ചില മാറ്റങ്ങള്‍ വരുത്തി കെ.ഐ.ജി (കേരള ഇസ്ലാമിക് ഗ്രൂപ്പ്) എന്ന പുതിയ പേര് നല്‍കി. 1995 ജനുവരിയില്‍ അദ്ദേഹം കെ.ഐ.ജിയുടെ കേന്ദ്ര പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 1996-ലാണ് അദ്ദേഹം പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. 
ബഹ്റൈനിലെ അദ്ദേഹത്തിന്റെ ജീവിതം പ്രാസ്ഥാനിക വികാസത്തിനും ഇസ്ലാമികപ്രബോധനത്തിനും വേണ്ടി നീക്കിവെച്ചതായിരുന്നു. വളരെ ആസൂത്രിതവും വ്യവസ്ഥാപിതവുമായിട്ടാണ് അദ്ദേഹം ഓരോ കാര്യവും ചെയ്യുക. താനുമായി ബന്ധപ്പെടുന്ന ആളുകളെ തന്നിലേക്കും അതിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്കും ആകര്‍ഷിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനിതരസാധാരണമായിരുന്നു. ഒരിക്കല്‍ ബന്ധപ്പെടുന്ന ആളുകള്‍ പിന്നീട് അദ്ദേഹത്തിന്റെ സന്തതസഹചാരികളായി മാറുന്നതാണ് അനുഭവം. ഫാറൂഖ് സാഹിബിന്റെ വിയോഗശേഷം മനാമയിലെ ഫാറൂഖ് പള്ളിയില്‍വെച്ച് ഇമാം ശൈഖ് അവാദ് മുഹമ്മദ് അല്‍മുതവല്ലിയുടെ  നേതൃത്വത്തില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ശേഷം നടന്ന അനുസ്മരണ സദസ്സിലും ആളുകള്‍ അദ്ദേഹത്തെകുറിച്ചുള്ള ദീപ്തമായ ഓര്‍മ്മകള്‍ പങ്കുവെച്ചു. ബഹ്റൈനില്‍  ആദ്യമായി 'കുടുംബ ക്ലാസ്' ആരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. മനാമയിലെ യമനി പള്ളിയില്‍ നടന്നിരുന്ന അദ്ദേഹത്തിന്റെ ദൈ്വവാര ഖുര്‍ആന്‍ പഠനക്ലാസ്സുകളില്‍ ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിനാളുകളാണ് പങ്കെടുത്തിരുന്നത്. അന്ന് ആ ക്ലാസുകളിലൂടെ പഠിച്ച ഖുര്‍ആന്‍ അധ്യായങ്ങളും  ആയത്തുകളും ഇന്നും പലരും ഓര്‍ക്കുകയും അയവിറക്കുകയും ചെയ്യുന്നതു കാണാം. യമനിപള്ളിക്ക് പുറമെ മുഹറഖിലും മനാമയിലെ മറ്റിടങ്ങളിലും അദ്ദേഹത്തിന്റെ ക്ലാസുകള്‍ ധാരാളമായി നടക്കാറുണ്ടായിരുന്നു. ഖുര്‍ആനിക ആയത്തുകളെ ആനുകാലിക സംഭവങ്ങളുമായി ചേര്‍ത്തുവെച്ച് ഇസ്ലാമികപരിപ്രേക്ഷ്യത്തിലുള്ള അവതരണമാണ് അദ്ദേഹത്തിന്റേത്.
ബഹ്‌റൈനില്‍നിന്നാണ് അദ്ദേഹവുമായി ആദ്യം പരിചയപ്പെടുന്നത്. 40 കൊല്ലങ്ങള്‍ക്കു മുമ്പ് വാദിഹുദാ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ യാത്ര അദ്ദേഹത്തിന്റെ പ്രേരണയാലായിരുന്നു. അദ്ദേഹത്തിന്റെ അകമഴിഞ്ഞ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് ആ യാത്ര വിജയിച്ചത്. ഗള്‍ഫ് മാധ്യമം ബഹ്‌റൈനില്‍നിന്ന് ആരംഭിക്കാനുള്ള മുഖ്യകാരണക്കാരന്‍ അദ്ദേഹമായിരുന്നു. ബഹ്‌റൈനിലെ പ്രമുഖ ബിസിനസ്സുകാരനും പണ്ഡിതനുമായ ശൈഖ് നിസാം യഅ്ഖൂബിയുമായി ബന്ധപ്പെടുത്തിത്തന്നത് അദ്ദേഹമാണ്. ശൈഖിന്റെ പരിചിത വൃത്തത്തില്‍ പെട്ട അല്‍ അയ്യാം പത്രത്തിന്റെ മുഖ്യകാര്‍മികനും ബഹ്‌റൈന്‍ ഭരണാധികാരി ശൈഖ് ഹമദിന്റെ മാധ്യമ ഉപദേഷ്ടാവുമായ നബീല്‍ യഅ്ഖൂബ് അല്‍ഹമറുമായി അദ്ദേഹം ബന്ധപ്പെടുകയും മാധ്യമം അച്ചടിക്കാനുള്ള അനുമതി വാങ്ങിത്തരികയും ചെയ്തു. വലിയൊരു സംരംഭത്തിന്റെ ശുഭോദര്‍ക്കമായ തുടക്കം കുറിച്ചത് ഉമര്‍ ഫാറൂഖാണെന്ന് പറയാം. ആ കാലത്ത് അദ്ദേഹം ബഹ്‌റൈന്‍ കെ.ഐ.ജിയുടെ പ്രസിഡന്റായിരുന്നു. ഹുറയിലെ ഫാറൂഖ് മസ്ജിദില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പള്ളിക്ക് സമീപത്തെ ഓഡിറ്റോറിയത്തില്‍ ഗള്‍ഫ് മാധ്യമം പ്രഥമ വാര്‍ഷികമാഘോഷിച്ചത് ഇന്നും ഓര്‍ക്കുന്നു. ജ. കൃഷ്ണയ്യര്‍ ആ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായിരുന്നു. പള്ളിയിലെ ഇമാമുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം ജ. കൃഷ്ണയ്യര്‍ക്ക് ആതിഥ്യമരുളാനും നിയമകാര്യവകുപ്പ് മേധാവി ശൈഖ് അബ്ദുര്‍റഹ്മാന്‍ ആല്‍ ഖലീഫയുമായി ബന്ധപ്പെടാനും ബഹ്‌റൈനിലെ കോടതികള്‍ സന്ദര്‍ശിക്കാനും കൃഷ്ണയ്യര്‍ക്ക് സന്ദര്‍ഭമൊരുക്കി.
ചേറ്റംകുന്ന് വനിതാ ഇസ്‌ലാമിയാ കോളേജില്‍ പത്തു വര്‍ഷക്കാലം അധ്യാപകനും അതിന്റെ അഡ്മിനിസ്‌ട്രേറ്ററുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സ്ഥാപിച്ച് വയോജനങ്ങള്‍ക്കും യുവാക്കള്‍ക്കും ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു. ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ ജില്ലാ സമിതി അംഗമായിരുന്നു. ചാലക്കര സലഫി മസ്ജിദിലടക്കം നിരവധി പള്ളികളില്‍ ഖുത്വ്ബ നടത്തിയിട്ടുണ്ട്. മാടപീടിക രാജാസ് സ്‌കൂളില്‍ അറബിക് അധ്യാപകനായി അദ്ദേഹം ജോലി ചെയ്തിട്ടു്. നന്മ നിറഞ്ഞ മനസ്സ്, എപ്പോഴും പുഞ്ചിരിക്കുന്ന മുഖം, സൗമ്യമായ സംസാരം, ആരെയും വശീകരിക്കുന്ന പെരുമാറ്റം. ഇതായിരുന്നു ഉമര്‍ ഫാറൂഖ്.
ഭാര്യ: താഹിറ കോഹിനൂര്‍. മക്കള്‍: ജസീല്‍ (അബൂദബി), ജാസിം (ജിദ്ദ), ജസ്ന, ജവാദ് (ഖത്തര്‍), ഡോ. നാജില.

 

 

പി. അബ്ദുല്‍ മജീദ്

ഇസ്‌ലാമിക പ്രസ്ഥാനത്തെ  ആദ്യകാല നേതാക്കളിലൂടെ തന്നെ അടുത്തറിയാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ് കക്കോടി മോരിക്കര പിലാത്തോട്ടത്തില്‍ താഴം അബ്ദുല്‍ മജീദ് സാഹിബ് (72). പ്രസ്ഥാനം തുടക്കകാലത്തേ രൂപീകൃതമായ കക്കോടി പ്രദേശത്ത് ചെറുപ്രായത്തില്‍ തന്നെ അതിന്റെ ഭാഗമായി. ജീവിതത്തിന്റെ വലിയൊരു ഭാഗം മജീദ് സാഹിബ്  ചെലവഴിച്ചത് ഖത്തറിലായിരുന്നു. 70-80 കളില്‍ കുടുംബസമേതം ഖത്തറില്‍ ഉണ്ടായിരുന്ന ചുരുക്കം മലയാളികളില്‍ ഒരാള്‍. മജീദ് സാഹിബും പണ്ഡിതയും പ്രഭാഷകയുമായ ഭാര്യ മര്‍യം സാഹിബയും ഖത്തറിലെ പ്രസ്ഥാന പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപകാംഗമായിരുന്നു. സ്ഥാപനത്തിന്റെ ഭരണ നിര്‍വഹണ സമിതിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്തു.
വായന അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. മലയാള സാഹിത്യങ്ങള്‍ക്കു പുറമെ ഇംഗ്ലീഷിലും  ഉര്‍ദുവിലുമുള്ള പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ അദ്ദേഹം ശേഖരിക്കുമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് ഉര്‍ദുവിലിറങ്ങിയ അപൂര്‍വ സാഹിത്യങ്ങള്‍ വരെ അതിലുണ്ട്. ഖത്തറിലെ ജമാഅത്ത് യോഗങ്ങളില്‍ പലപ്പോഴും പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടി നടത്തിയിരുന്നതും അദ്ദേഹമായിരുന്നു.
സാമ്പത്തികമായി ഉദാരമായി ചെലവഴിക്കുന്ന അദ്ദേഹം അസുഖബാധിതനായി നാട്ടില്‍ വിശ്രമിക്കുേമ്പാഴും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധാലുവായിരുന്നു.
ഭാര്യ: ജമാഅത്ത് അംഗമായ മര്‍യം (മൊറയൂര്‍). മക്കള്‍: ഖാനിത്ത, മാജിദ, ഇന്‍തിസാര്‍ നഈം (ഖത്തര്‍), മദീഹ.

സ്വാലിഹ് കക്കോടി

 

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌