Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

സി.സി നൂറുദ്ദീന്‍ മൗലവി വിനയാന്വിതമായ പാണ്ഡിത്യഗരിമ

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

സി.സി നൂറുദ്ദീന്‍ മൗലവിയെ അല്ലാഹു തിരിച്ചുവിളിച്ചു- ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. 
ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്ത് സി.സി എന്ന രണ്ടക്ഷരം കൊണ്ട് സൂചിപ്പിക്കപ്പെടുന്ന രണ്ടു പേരില്‍ രണ്ടാമത്തെയാളായിരുന്നു സി.സി നൂറുദ്ദീന്‍ മൗലവി. സഹോദരന്‍ സി.സി അബ്ദുല്‍ഖാദര്‍ മൗലവി വര്‍ഷങ്ങള്‍ക്കുമുമ്പേ വിടപറഞ്ഞു. രണ്ടുപേരും കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളാണ്.
കേരളത്തിലെ എണ്ണം പറഞ്ഞ ഇസ്‌ലാമിക പണ്ഡിതരില്‍ ഒരാളായിരുന്നു മര്‍ഹൂം സി.സി നൂറുദ്ദീന്‍ മൗലവി. അറബി ഭാഷയിലും വൈവിധ്യമാര്‍ന്ന ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അദ്ദേഹത്തിന്റെ അവഗാഹം വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരുമായ ആരും തൊട്ടറിഞ്ഞിട്ടുണ്ടാവും. വിജ്ഞാനമാര്‍ജിക്കലും അധ്യാപനവുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടലോകം.
അരീക്കോട് സുല്ലമുസ്സലാമിലെ പഠനത്തിനു ശേഷം അദ്ദേഹം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. അസ്ഹറിലേക്ക് പോകുന്നതിനു മുമ്പ് തന്നെ അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ച പണ്ഡിതനായിരുന്നു. കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാന കലാലയങ്ങളില്‍ മികവുറ്റ അധ്യാപകനായിരുന്നു. സ്‌കോളര്‍ഷിപ്പുകളൊന്നുമില്ലാതിരുന്ന കാലത്ത് ഏറെ പ്രയാസങ്ങള്‍ സഹിച്ചായിരുന്നു നൂറുദ്ദീന്‍ മൗലവി അസ്ഹറിലെ പഠനകാലം പൂര്‍ത്തീകരിച്ചത്. പക്ഷേ, അസ്ഹറിലെ ജീവിതം നല്ലപോലെ ആസ്വദിച്ചുവെന്ന് അറബി, ഈജിപ്ഷ്യന്‍ സാഹിത്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പരിചയം വെളിപ്പെടുത്തുന്നുണ്ട്. അസ്ഹറിലെ പഠനകാലത്തു തന്നെ അദ്ദേഹത്തിന്റെ പാണ്ഡിത്യം കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കിടയില്‍ മതിപ്പുളവാക്കിയിരുന്നു. അതുകൊണ്ടുതന്നെ, അസ്ഹറിലെ പഠനം പൂര്‍ത്തിയാക്കി തിരിച്ചുവരുന്നതിനു മുമ്പേ വിവിധ ഇസ്‌ലാമിയാ കോളജുകള്‍ അദ്ദേഹത്തിനു വേണ്ടി 'പിടിവലി' ആരംഭിച്ചിരുന്നു. 'യോഗ്യനായ ഒരാളെ നമുക്ക് ലഭിക്കുമെ'ന്ന് മര്‍ഹൂം ശരീഫ് മൗലവി പ്രതീക്ഷയര്‍പ്പിച്ച് പറഞ്ഞതോര്‍ക്കുന്നു. അതുപോലെ തന്നെ സംഭവിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ അധ്യാപക സുഹൃത്തുക്കളില്‍ ഒരാളായി ഞാനുമുണ്ടായി.
ഔപചാരികമായ അര്‍ഥത്തില്‍ ഞങ്ങള്‍ തമ്മില്‍ ഗുരു-ശിഷ്യ ബന്ധമില്ല. എന്നാല്‍ തിരൂര്‍ക്കാട് ഇലാഹിയ കോളേജില്‍ അധ്യാപകനായിരിക്കെ അദ്ദേഹത്തിലെ ഗുരുവിനെയും പണ്ഡിതനെയും അനുഭവിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എങ്ങനെ അദ്ദേഹം തന്റെ വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരനായി എന്ന് മറ്റൊരധ്യാപകന്‍ എന്ന നിലക്ക് നോക്കിനിന്ന് മനസ്സിലാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം ഉസ്താദായിരുന്നില്ല, കൂട്ടുകാരനായിരുന്നു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം അധ്യാപകന്റെ സ്ഥാനത്തു നിന്നല്ല, അവരുടെ പക്ഷത്തു നിന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു. തന്റെ മുന്നിലിരിക്കുന്ന ഓരോരുത്തരുടെയും വീട്ടിലെ സാമ്പത്തികാവസ്ഥയും കുടുംബാന്തരീക്ഷവുമെല്ലാം മനസ്സിലാക്കിയായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനവും ഇടപെടലുകളും. വിദ്യാര്‍ഥികളുടെ പിരിമുറുക്കങ്ങളറിയാനും അതിന്റെ കാരണങ്ങള്‍ അവരുടെ ഇളംമനസ്സില്‍നിന്ന് കണ്ടെടുക്കാനുമുള്ള വൈദഗ്ധ്യവും സന്നദ്ധതയുമായിരിക്കണം ഈ ഗുരു ഇത്രമേല്‍ സ്‌നേഹിക്കപ്പെടാന്‍ കാരണം.
വലിയ ആവേശവും പ്രചോദനവുമായിരുന്നു നൂറുദ്ദീന്‍ മൗലവി. പുതിയ തലമുറയെ കുറിച്ച് അദ്ദേഹത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഭാവിയെ കുറിച്ച സന്ദേഹങ്ങളില്‍ ഉടക്കിനില്‍ക്കാതെ, അശുഭ ചിന്തകളില്‍ അഭിരമിക്കാതെ മുന്നോട്ടു നീങ്ങാനായിരുന്നു അദ്ദേഹം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നത്.  ഞാന്‍ എസ്.ഐ.ഒ നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ നടത്താനുദ്ദേശിക്കുന്ന പരിപാടികളെ കുറിച്ച് അഭിപ്രായം ചോദിക്കും. അദ്ദേഹം എല്ലാം സാകൂതം കേട്ടു നില്‍ക്കും. ഇതൊക്കെ സാധിക്കുമോ, എത്രമാത്രം വിജയിക്കും, കാര്യമുണ്ടാകുമോ തുടങ്ങിയ സന്ദേഹങ്ങള്‍ ആ നാവില്‍നിന്ന് ഉതിരുകയേ ഇല്ല. മറിച്ച്, ഇത്രയൊന്നും പോരാ, ഇങ്ങനെയും ചെയ്തുകൂടേ തുടങ്ങി മനം നിറഞ്ഞ് മുന്നോട്ട് പോകാനുള്ള കരുത്താണ് അദ്ദേഹം പകര്‍ന്നു നല്‍കുക.
ലളിതജീവിതമായിരുന്നു നൂറുദ്ദീന്‍ മൗലവിയുടെ മറ്റൊരു സവിശേഷത. ദുന്‍യാവില്‍നിന്ന് അദ്ദേഹം അധികമൊന്നും മോഹിച്ചില്ല. ഭക്ഷണം, വസ്ത്രം, വീട്, സംസാരം, ജീവിതശൈലി എല്ലാം ലളിതം. എന്നാല്‍ അതൊരിക്കലും ദാരിദ്ര്യമായിരുന്നില്ല. ഉള്ളതുകൊണ്ട് സുഭിക്ഷമായി ജീവിച്ചു. മറ്റുള്ളവര്‍ സുഭിക്ഷമായി ജീവിക്കണമെന്നാഗ്രഹിക്കുകയും ചെയ്തു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വഴിയില്‍ താന്‍ മാത്രമല്ല, കുടുംബവും സംതൃപ്തിയോടെ യാത്ര തുടരുമെന്നും അദ്ദേഹം ഉറപ്പുവരുത്തി.
സ്വന്തം പാണ്ഡിത്യത്തോടൊപ്പം പണ്ഡിതരും നേതാക്കളുമടക്കം വിനയമുള്ള ഒരു സംഘത്തെ കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സംഭാവന ചെയ്തു എന്നതു തന്നെയാണ് മര്‍ഹൂം നൂറുദ്ദീന്‍ മൗലവിയുടെ ഇടം. മേല്‍ക്കുമേല്‍ നന്മകള്‍ അദ്ദേഹത്തില്‍ ചെന്നുചേരുന്നതിന് അവര്‍ നിമിത്തമാകും. അല്ലാഹു അദ്ദേഹത്തിന്റെ സല്‍ക്കര്‍മങ്ങള്‍ സ്വീകരിക്കുമാറാകട്ടെ. അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ. അദ്ദേഹത്തിന്റെ വിയോഗമേല്‍പ്പിച്ച ആഘാതത്തില്‍നിന്ന് കുടുംബത്തിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും സഹപ്രവര്‍ത്തകര്‍ക്കും ആശ്വാസം നല്‍കുമാറാകട്ടെ - ആമീന്‍.

 

**********************************************************************************************

വിദ്യാര്‍ഥികള്‍ക്കിടയില്‍ ജീവിച്ച ഗുരുനാഥന്‍

ഉസ്താദ് നൂറുദ്ദീന്‍ അസ്ഹരിയുടെ ശിഷ്യരാകാന്‍ ഭാഗ്യം ലഭിച്ചവര്‍ ജീവിതത്തില്‍ ഒരിക്കലും ആ മുഖം മറക്കില്ല. പലര്‍ക്കും അദ്ദേഹം പിതൃതുല്യനായ ഗുരുവായിരുന്നു, പഠനകാലത്തും ശേഷവും അവരുടെ ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളില്‍ പങ്കാളിയായ ഗുരു. ഒരു വിദ്യാര്‍ഥി സി.സിയോട് എത്ര അടുപ്പം പുലര്‍ത്തുന്നുവോ അതിനേക്കാള്‍ ആ വിദ്യാര്‍ഥിയിലേക്കദ്ദേഹം അടുക്കുമായിരുന്നു. സി.സിയുടെ ഈ സ്‌നേഹവലയത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പഠനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞും അദ്ദേഹത്തെ കാണാനായി മാത്രം കാമ്പസിലെത്തുമായിരുന്നു. പലപ്പോഴും തിരക്കുപിടിച്ച ജീവിതത്തിനിടക്ക് അധ്യാപക-ശിഷ്യ ബന്ധങ്ങള്‍ ക്ലാസ് മുറിയിലെ പഠനത്തില്‍ അവസാനിക്കുമ്പോള്‍ സി.സി അതിന് അപവാദമായി നിന്നു. സി.സിയോട് ഏറ്റവും അടുപ്പമുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം ആ വൈജ്ഞാനിക-വ്യക്തിബന്ധങ്ങള്‍ ഉണ്ടായിരിക്കുക ക്ലാസ് മുറിക്കു പുറത്തു വെച്ചായിരിക്കും. അവധിദിനങ്ങളിലൊഴികെ പഠിപ്പിക്കുന്ന കാമ്പസില്‍ തന്നെ താമസിക്കുന്നതിനാല്‍ സി.സിയെ വിദ്യാര്‍ഥികള്‍ക്ക് എപ്പോഴും ചെന്നു കാണാമായിരുന്നു. ഹോസ്റ്റലിലെ സി.സിയുടെ മുറിയില്‍ വെച്ചായിരിക്കും ക്ലാസ് റൂമിലേക്കാള്‍ അദ്ദേഹത്തിന്റെ അറിവുകള്‍ വിദ്യാര്‍ഥികള്‍ നുകര്‍ന്നിട്ടുണ്ടാവുക.
എല്ലാ തരത്തിലുള്ള വിദ്യാര്‍ഥികളും സി.സിയുടെ ഹോസ്റ്റല്‍ മുറിയിലെ സന്ദര്‍ശകരായിരിക്കും. സിലബസിനു പുറത്തുള്ള അറബി കവിതകള്‍ പഠിക്കാന്‍ ചില ഭാഷാസ്‌നേഹികള്‍ സ്ഥിരമായി അദ്ദേഹത്തിന്റെ റൂമിലുണ്ടാകും. മറ്റു ചിലര്‍ ഉസ്വൂലുല്‍ ഫിഖ്ഹ്, ശരീഅ വിഷയങ്ങളിലെ സംശയങ്ങള്‍ ചോദിക്കാനെത്തുന്നവരാകും. അറബി കവിതാ-വ്യാകരണ നിയമങ്ങളുമായിരിക്കും വേറെ ചിലരുടെ വിഷയങ്ങള്‍. ചിലപ്പോള്‍ കോളേജിലെ വിദ്യാര്‍ഥി നേതാക്കള്‍ അദ്ദേഹത്തിന്റെ മുറിയില്‍ മണിക്കൂറുകള്‍ ക്യാമ്പടിക്കുന്നതു കാണാം. സ്ഥാപനാധികൃതര്‍ പുതുതായി നടപ്പിലാക്കിയ വിദ്യാര്‍ഥി സൗഹൃദമല്ലാത്ത നിയമത്തെ കുറിച്ച് പരാതിപ്പെടാന്‍ വന്നതായിരിക്കുമവര്‍. പലപ്പോഴും സി.സി വഴിയായിരിക്കും വിദ്യാര്‍ഥികള്‍ അവരുടെ അഭിപ്രായങ്ങളും വിയോജിപ്പുകളും ഉത്തരവാദപ്പെട്ടവരെ അറിയിക്കുക. കോളേജിലും ഹോസ്റ്റലിലുമൊക്കെ നടക്കുന്ന സ്വാഭാവിക പ്രശ്‌നങ്ങളില്‍ കടുത്ത അച്ചടക്ക നടപടിക്ക് വിധേയമായാല്‍ അതില്‍ ഇളവനുവദിക്കാന്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ ശിപാര്‍ശ പറയാന്‍ സമീപിക്കുന്നതും സി.സിയെ ആയിരിക്കും. ഇങ്ങനെ പലവിധ വിദ്യാര്‍ഥികളാല്‍ സി.സിയുടെ റൂമെപ്പോഴും സജീവമായിരിക്കും.
സാഹിത്യ സമാജങ്ങളിലും മോഡല്‍ പാര്‍ലമെന്റിലും നടക്കുന്ന വൈജ്ഞാനിക ചര്‍ച്ചകളില്‍ വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരുണ്ടാകും. തങ്ങളുടെ വിഷയം സമര്‍പ്പിക്കാനാവശ്യമായ പോയിന്റുകളും സമര്‍ഥന തന്ത്രങ്ങളും സി.സിയില്‍നിന്നാണ് അവരെല്ലാം പഠിച്ചെടുക്കുക. ഇങ്ങനെ ഇബാദത്ത്, ഹാകിമിയ്യത്ത്, ഇസ്തിഗാസ, സ്ത്രീ പള്ളിപ്രവേശം തുടങ്ങിയ പതിവ് വിവാദചര്‍ച്ചകള്‍ക്ക് ഓരോ പക്ഷത്തിനും ആവശ്യമായ തെളിവുകള്‍ അദ്ദേഹം പറഞ്ഞുകൊടുക്കും. തര്‍ക്കശാസ്ത്രത്തിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു.
വൈകുന്നേരം ഒഴിവു സമയത്ത് പുറത്തിറങ്ങിയാലും ഉസ്താദിനു ചുറ്റും ഒരു കൂട്ടം വിദ്യാര്‍ഥികളുണ്ടാകും. അവരില്‍ മിക്കവരും പ്രകൃതിസ്‌നേഹികളായിരിക്കും. ഔഷധ സസ്യങ്ങളെയും വ്യത്യസ്ത ചെടികളെയും കുറിച്ചായിരിക്കും അവരുടെ ചര്‍ച്ച. ചിലപ്പോള്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ അവര്‍ കാമ്പസിന്റെ പല ഭാഗങ്ങളിലായി ഇത്തരം ഔഷധ സസ്യങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതും കാണാം. ഒരു പുതിയ ചെടിയോ ഔഷധ സസ്യമോ കിട്ടിയാല്‍ കാമ്പസിലത് നടണമെന്നാണ് അവര്‍ക്ക് ഉസ്താദ് നല്‍കിയ നിര്‍ദേശം. ഇങ്ങനെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടാക്കിയ ചെറിയ ഒരു ഉദ്യാനം ശാന്തപുരം അല്‍ജാമിഅയിലുണ്ടായിരുന്നു.
ക്ലാസ് റൂമില്‍ പതിഞ്ഞ സ്വരത്തില്‍ പഠിപ്പിക്കുമ്പോള്‍ ലോകപ്രശസ്തമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ പത്തു വര്‍ഷം ഉപരിപഠനം നടത്തിയ പണ്ഡിത ഹാവഭാവങ്ങളൊന്നും ആ മുഖത്തുണ്ടാവില്ല. ലളിതവും സരസവുമായ രീതിയില്‍ പാഠഭാഗങ്ങള്‍ വിശദീകരിച്ച ശേഷം ദിവസവും അല്‍പ്പസമയം വിദ്യാര്‍ഥികളുടെ വിശേഷങ്ങളും അവരുടെ കൊച്ചുകൊച്ചു പരാതികളും കേള്‍ക്കാന്‍ അദ്ദേഹം സമയം നീക്കിവെക്കും. ഹോസ്റ്റലിലും കാന്റീനിലുമൊക്കെ എന്തെങ്കിലും ചില്ലറ പ്രശ്‌നങ്ങള്‍ ഇല്ലാത്ത ദിവസം വിദ്യാര്‍ഥികാലത്ത് അപൂര്‍വമായിരിക്കുമല്ലോ. അഞ്ചോ പത്തോ മിനിറ്റ് സി.സി അതെല്ലാം കേട്ടിരിക്കും. വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളതു കേട്ടാല്‍ തന്നെ അവരുടെ മിക്ക പരാതികളും തീരുമെന്ന മനഃശാസ്ത്രം സി.സിക്കറിയാമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് എന്തും പങ്കുവെക്കാനുള്ള അധ്യാപകനായി സി.സി മാറി. പ്രശ്‌നം ഉത്തരവാദപ്പെട്ടവരുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതാണെങ്കില്‍ അദ്ദേഹം അതിന് മുന്‍കൈയെടുക്കുകയും ചെയ്തു. സി.സി അടിമുടി ഒരധ്യാപകനായിരുന്നു. അധ്യാപനത്തിന് നേരിയ തടസ്സമായേക്കാവുന്ന സ്ഥാപന ഉത്തരവാദിത്തങ്ങള്‍ പോലും അദ്ദേഹം ഏറ്റെടുത്തില്ല. അദ്ദേഹം ഒരു എഴുത്തുകാരനോ പ്രഭാഷകനോ ആയിരുന്നില്ല. അതിനാല്‍തന്നെ ആഘോഷിക്കപ്പെടാത്ത പണ്ഡിതനായി അദ്ദേഹം നമുക്കിടയില്‍ ജീവിച്ചു മരിച്ചു. അധ്യാപകനായി മാത്രം ജീവിക്കാനാഗ്രഹിച്ച സി.സിക്കതില്‍ പരിഭവമോ സങ്കടമോ ഒട്ടും ഉണ്ടായിരുന്നില്ല താനും. 

ബഷീര്‍ തൃപ്പനച്ചി

 

********************************************************************************************

സി.സി നൂറുദ്ദീന്‍ അസ്ഹരി (1939-2019)

ഈജിപ്തിലെ പ്രശസ്തമായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയ ആദ്യകാല മലയാളികളില്‍ പ്രമുഖനാണ് സി.സി നൂറുദ്ദീന്‍ അസ്ഹരി. കോഴിക്കോട് ജില്ലയിലെ ചാലിയത്തിനടുത്ത മണ്ണൂര്‍ വടക്കുമ്പാടില്‍ 1939 ജൂലൈ 15-നാണ് സി.സി നൂറുദ്ദീന്‍ മൗലവി ജനിച്ചത്. പിതാവ് കുഞ്ഞിക്കോയ. മാതാവ് കുഞ്ഞിമാച്ചുട്ടി. പ്രഗത്ഭ പ്രഭാഷകനായിരുന്ന സി.സി അബ്ദുല്‍ഖാദര്‍ ജ്യേഷ്ഠസഹോദരനായിരുന്നു.
നാട്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജില്‍ ചേര്‍ന്നു. അവിടെനിന്ന് അഫ്ദലുല്‍ ഉലമ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം എടവണ്ണ ജാമിഅ നദ്‌വിയ്യയിലെ ദ്വിവര്‍ഷ പി.ജി കോഴ്‌സിന് ചേര്‍ന്നു. ജാമിഅ നദ്‌വിയ്യയിലെ പ്രഥമ കോഴ്‌സും ആദ്യബാച്ചുമായിരുന്നു അത്. മുജാഹിദ് നേതാവായ സി.പി ഉമര്‍ സുല്ലമി ഈ കോഴ്‌സില്‍ സി.സിയുടെ സഹപാഠിയായിരുന്നു. പ്രമുഖ പണ്ഡിതരായിരുന്ന എ. അലവി മൗലവി, അമാനി മൗലവി, അബ്ദുല്ലത്വീഫ് മൗലവി എന്നിവരായിരുന്നു ജാമിഅ നദ്‌വിയ്യയിലെ പ്രധാന അധ്യാപകര്‍. മുജാഹിദ് നേതൃത്വത്തിലുണ്ടായിരുന്ന കെ.പി മുഹമ്മദ് മൗലവിയും ശൈഖ് മുഹമ്മദ് മൗലവിയും അരീക്കോട് സുല്ലമുസ്സലാമിലെ സി.സിയുടെ  പ്രധാന അധ്യാപകരായിരുന്നു.
എടവണ്ണ ജാമിഅയിലെ പഠനശേഷം നാലര വര്‍ഷം വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജില്‍ പ്രിന്‍സിപ്പലായി സി.സി സേവനമനുഷ്ഠിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിയുടെ ആവശ്യപ്രകാരം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ സി.സി അധ്യാപകനായി. പിന്നീടദ്ദേഹം തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജിലേക്ക് അധ്യാപന സേവനം മാറ്റി. തിരൂര്‍ക്കാട് അധ്യാപകനായിരിക്കെയാണ് 1975-ല്‍ അദ്ദേഹത്തിന് ഈജിപ്ത് അല്‍ അസ്ഹറില്‍ ഉപരിപഠനാവസരം ലഭിക്കുന്നത്. മദ്രാസില്‍ നടന്ന ഇന്റര്‍വ്യൂവില്‍ ആ വര്‍ഷം അസ്ഹറിലേക്ക് പ്രവേശനം ലഭിച്ച ഏക ഇന്ത്യക്കാരന്‍ അദ്ദേഹമായിരുന്നു. അല്‍ അസ്ഹറിലെ കുല്ലിയത്തുശ്ശരീഅ വല്‍ ഖാനൂനിലെ പഞ്ചവര്‍ഷ ബിരുദ കോഴ്‌സിലാണ് അദ്ദേഹത്തിന് പ്രവേശനം ലഭിച്ചത്. ഇസ്‌ലാമിക ശരീഅത്തും നിയമങ്ങളുമായിരുന്നു മുഖ്യ പഠനവിഷയങ്ങള്‍. ഇസ്‌ലാമിക കോടതികളില്‍ വക്കീലും ജഡ്ജിയുമാകാന്‍ യോഗ്യത നല്‍കുന്ന കോഴ്‌സായിരുന്നു അത്. അത് പൂര്‍ത്തീകരിച്ച ശേഷം ഉസ്വൂലുല്‍ ഫിഖ്ഹ് മുഖ്യവിഷയമായെടുത്ത് പി.ജി കോഴ്‌സിന് ചേര്‍ന്നു. രണ്ട് വര്‍ഷത്തെ പഠനവും മൂന്ന് വര്‍ഷമെടുത്തുള്ള തിസീസ് സമര്‍പ്പണവും ഉള്‍ക്കൊള്ളുന്ന അഞ്ചു വര്‍ഷ കോഴ്‌സായിരുന്നു അസ്ഹറിലെ പി.ജി കോഴ്‌സുകള്‍. ഇങ്ങനെ ഗവേഷണ പ്രബന്ധവും സമര്‍പ്പിച്ച് പത്തു വര്‍ഷത്തെ പഠനത്തിനു ശേഷം 1985-ലാണ് സി.സി നാട്ടില്‍ തിരിച്ചെത്തുന്നത്.
അല്‍ അസ്ഹര്‍ പഠനകാലത്ത് ശരീഅ, ഉസ്വൂലുല്‍ ഫിഖ്ഹ് വിഷയങ്ങള്‍ക്കൊപ്പം അറബി സാഹിത്യത്തിലും സി.സി അവഗാഹം നേടിയിരുന്നു. അസ്ഹര്‍ പണ്ഡിതന്മാരുമായുള്ള സി.സിയുടെ സഹവാസവും അടുപ്പവും കേരളത്തിലെ ഇസ്‌ലാമിയാ കോളേജുകളെ അസ്ഹറുമായി അക്കാദമിക സഹകരണമുണ്ടാക്കാന്‍ സഹായിച്ചു. ഇപ്രകാരം സി.സി അസ്ഹറില്‍ പഠിക്കുന്ന കാലത്ത് ശാന്തപുരം കോളേജ്, കുറ്റിയാടി ഇസ്‌ലാമിയാ കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ് എന്നീ കലാലയങ്ങളിലേക്ക് ഈജിപ്ത് സ്വദേശികളായ അസ്ഹരി പണ്ഡിതന്മാര്‍ അധ്യാപകരായി വന്നു.
1985-ല്‍ പഠനം പൂര്‍ത്തിയാക്കി കേരളത്തിലെത്തിയ സി.സി അധ്യാപനജീവിതം തുടര്‍ന്നു. തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജിലും ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും ഒരേസമയം അധ്യാപകനായിരുന്നു അദ്ദേഹം. പിന്നീട് കോഴിക്കോട് വെള്ളിമാടുകുന്ന് കേന്ദ്രീകരിച്ച് ദഅ്‌വാ കോളേജ് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അതിലെ ആദ്യകാല പ്രമുഖാധ്യാപകരുടെ കൂട്ടത്തില്‍ സി.സിയുമുണ്ടായിരുന്നു. 5 വര്‍ഷം ദഅ്‌വാ കോളേജില്‍ അധ്യാപന ജീവിതം തുടര്‍ന്ന ശേഷം വീണ്ടും തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജ്, വണ്ടൂര്‍ വനിതാ കോളേജ്, ശാന്തപുരം അല്‍ജാമിഅ എന്നിവയില്‍ അധ്യാപകനായി തുടര്‍ന്നു. 2010-ലാണ് ശാന്തപുരത്തെ അധ്യാപന ജീവിതം അവസാനിപ്പിക്കുന്നത്. പിന്നീട് കുറച്ചു കാലം തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജില്‍ സേവനമനുഷ്ഠിച്ചെങ്കിലും ശാരീരികാവശതയെ തുടര്‍ന്ന് വൈകാതെ അതും അവസാനിപ്പിച്ചു.
2019 നവംബര്‍ 22-ന് സി.സി നൂറുദ്ദീന്‍ മൗലവി മരണപ്പെട്ടു. ഭാര്യ; സുലൈഖ കൊടിയത്തൂര്‍. മക്കള്‍: ബുശ്‌റ, ബഹിയ്യ. മരുമക്കള്‍: മുബശ്ശിര്‍ പൂനൂര്‍, മുഹമ്മദ് ആശിഫ് അലി തിരൂരങ്ങാടി.

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌