Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

കൂടംകുളം ആണവവിരുദ്ധ സമരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ലേഖനം - റസാഖ് പാലേരി

കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നേരിട്ട് ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കൂടംകുളം ആണവവിരുദ്ധ സമരം അമേരിക്കയും മറ്റും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളില്‍ നിന്ന് സഹായം സ്വീകരിച്ച് രാജ്യവികസനത്തെ തുരങ്കം വെക്കാനുള്ള കുത്സിത നീക്കത്തിന്റെ ഭാഗമാണെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. സമരവുമായി ബന്ധപ്പെട്ട് തൂത്തുകുടി ആര്‍ച്ച് ബിഷപ്പ് ഇവോണ്‍ അംബ്രോസിന്റെ വിദേശ പണമിടപാടുകള്‍ അന്വേഷിക്കാനും തമിഴ്‌നാട്ടിലെ മൂന്ന് എന്‍.ജി.ഒകളുടെ അക്കൗണ്ട് മരവിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടത്രെ. വിദേശ ഫണ്ട് ഉപയോഗിച്ച് രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഇത്തരം അന്വേഷണങ്ങള്‍ നടത്തി കണ്ടെത്താനും തുറങ്കിലടക്കാനും രാജ്യം ഭരിക്കുന്ന സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട് എന്നതില്‍ രണ്ടഭിപ്രായമില്ല.
എന്നാല്‍, ജനപക്ഷത്തു നിലയുറപ്പിച്ച് സമരം നടത്തുന്ന എല്ലാ ജനകീയ പോരാട്ട സംഘടനകള്‍ക്കെതിരെയും സര്‍ക്കാറുകള്‍ ആദ്യം ഉതിര്‍ക്കുന്ന വെടിയാണ് 'വിദേശസഹായം' എന്നത്. കേരളത്തിലെ സമരങ്ങളെ ഉള്‍പ്പെടെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് നിര്‍വീര്യമാക്കാന്‍ അതത് കാലത്തെ ഭരണകൂടങ്ങള്‍ ശ്രമിക്കാറുണ്ട്. തുടര്‍ന്ന് സമരക്കാര്‍ക്കുള്ള 'തീവ്രവാദി' ബന്ധവും പുറത്തുവരും. കൂടംകുളം സമരത്തില്‍ പ്രദേശവാസികള്‍ ഭൂരിഭാഗം ക്രിസ്ത്യാനികള്‍ ആയതിനാല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ സജീവമാണ്. അതുകൊണ്ട് ചിലപ്പോള്‍ 'തീവ്രവാദി' ആരോപണമുന്നയിക്കാന്‍ സാധ്യതയില്ല; ലോകത്തുടനീളം 'സമാധാനത്തിന്റെ മുന്നണി പോരാളികളും തീവ്രവാദത്തെ ചെറുത്തു തോല്‍പ്പിക്കുന്നവരും' ക്രിസ്ത്യന്‍ രാജ്യങ്ങളും ക്രിസ്ത്യന്‍ ഭരണാധികാരികളും ആയതുകൊണ്ട്!
യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും സമര മുന്നേറ്റത്തെ തകര്‍ക്കാനുമുള്ള വിലകുറഞ്ഞ പണിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മുംബൈയിലെ ആര്‍ച്ച് ബിഷപ്പിനെ സ്വാധീനിച്ചും, ജാതി, മത, വര്‍ഗ വേര്‍തിരിവുകള്‍ സൃഷ്ടിച്ചും സമരത്തെ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചത് ഫലം കാണാതെ വന്നപ്പോഴുള്ള ഒടുവിലത്തെ നീക്കമാണിത്. കൂടംകുളം സമരം വിജയിച്ചാല്‍ അതുവഴി പൊലിയുന്നത് അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങളിലെ ആണവമാഫിയകള്‍ക്ക് രാജ്യത്ത് യഥേഷ്ടം കയറി നിരങ്ങാനുള്ള അവസരമാണ്. അഥവാ 5 ലക്ഷം കോടിയുടെ ആണവ കച്ചവടത്തിന് വഴി തുറക്കുന്ന ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ ജനകീയ സമരത്തില്‍ പമ്പകടക്കും. പിന്നെ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും ഉപയോഗിച്ച് സമരത്തെ ചെറുക്കുകയല്ലാതെ പ്രധാനമന്ത്രിക്ക് രക്ഷയില്ലല്ലോ. എന്നാല്‍, സമരം ഉന്നയിക്കുന്ന യഥാര്‍ഥ വിഷയത്തിലേക്ക് ചര്‍ച്ചയെ കൊണ്ടുവരാനും അത് ഗൗരവത്തില്‍ പരിഗണിക്കാനുമുള്ള സന്മനസ്സാണ് ജനാധിപത്യ ഇന്ത്യയിലെ പ്രധാനമന്ത്രി കാണിക്കേണ്ടിയിരുന്നത്.

കൂടംകുളത്തെ സമരചരിത്രം
ഭരണകൂടം പറയുംപോലെ പ്ലാന്റിന്റെ പണിയെല്ലാം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് ഒരുക്കം നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണതല്ല കൂടംകുളത്തെ ആണവവിരുദ്ധ സമരം. ഇതേക്കുറിച്ച ചര്‍ച്ച ഭരണതലത്തില്‍ ആരംഭിച്ച ഒന്നാംനാള്‍ മുതല്‍ തന്നെ ജനം സമരവുമായി രംഗത്തുണ്ടായിരുന്നു. 1974-ലെ പൊക്രാന്‍ ആണവ പരീക്ഷണത്തെ തുടര്‍ന്ന് 1979-ല്‍ തുടങ്ങിയ ചര്‍ച്ചയാണ് ഇതുള്‍പ്പെടെയുള്ള ആണവനിലയങ്ങളുടെ കരാറിലെത്തിയത്. 1988-ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും സോവിയറ്റ് യൂനിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവും തമ്മില്‍ ഒപ്പുവെച്ച കരാറോടെയാണ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ കൂടംകുളത്ത് റഷ്യന്‍ സഹായത്തോടെ ആണവനിലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 1989 മേയില്‍ ഫിഷ്‌വര്‍ക്കേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനായിരങ്ങള്‍ പങ്കെടുത്ത 'പാനി ബച്ചാവോ, ജീവന്‍ ബച്ചാവോ' എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കപ്പെട്ട മാര്‍ച്ച് ഈ സമരത്തിന്റെ തുടക്കത്തിലെ ശക്തമായ അധ്യായമാണ്. അന്ന് പ്രതിഷേധക്കാര്‍ക്കെതിരെ വെടി ഉതിര്‍ത്തപ്പോള്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമരവും സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയുമെല്ലാം കാരണമായി പിന്നീട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. 1997-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി ദേവഗൗഡയും റഷ്യന്‍ ഭരണാധികാരി ബോറിസ് യെല്‍സിനും പുതിയ കരാറില്‍ ഏര്‍പ്പെട്ടതോടെ പദ്ധതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. അന്നുമുതല്‍ സമരവും തുടങ്ങിയിരുന്നു. സമരത്തെ മുഖവിലക്കെടുക്കാതെ 1100 ഓളം ഹെക്ടര്‍ സ്ഥലം അക്വയര്‍ ചെയ്ത് ഇടിന്തരക്കടുത്ത തീരദേശ മേഖല ഒന്നായി ശക്തമായ ബന്തവസാക്കി കടല്‍വഴികള്‍ ഉള്‍പ്പെടെ സാധന സാമ്രഗ്രികള്‍ കൊണ്ടുവന്നാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമായി നടന്നത്.

സുരക്ഷിതത്വമാണ് പ്രശ്‌നം
സമരസംഘടനകള്‍ ഉയര്‍ത്തുന്നത് മുഖ്യമായും സുരക്ഷാപ്രശ്‌നം തന്നെയാണ്. 2011 മാര്‍ച്ച് 11ന് ഉണ്ടായ ഫുക്കൂഷിമയിലെ ആണവ ദുരന്തത്തിന്റെ ഭീകരമായ അനുഭവങ്ങളാണ് സമരം ശക്തമാക്കാനുള്ള പ്രധാന കാരണം. തിരുനെല്‍വേലി ജില്ലയിലെ 20 ഗ്രാമങ്ങളിലെ 30000 ത്തിലധികം വരുന്ന ജനതക്ക് ഫുക്കുഷിമ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമരത്തിന് ഇന്ധനമായി മാറുകയായിരുന്നു. അതുകൊണ്ടാണ് കിട്ടിയ ലോറിയിലും മറ്റുംകയറി 15000 ആളുകള്‍ കഴിഞ്ഞ 5 മാസമായി തൊഴിലും വീടും ഉപേക്ഷിച്ച് ഇടിന്തകരയിലെ സമര പന്തലില്‍ എത്തിചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഒരു ഫണ്ടിംഗ് ഏജന്‍സിക്കും നയിക്കാനും നിയന്ത്രിക്കാനും കഴിയുന്നതല്ല അവരുടെ സമരബോധം. അത് മരണഭീതിയില്‍ നിന്ന് ഉയിര്‍കൊണ്ടതാണ്. കൂടംകുളം ആണവനിലയം നൂറു ശതമാനം സുക്ഷിതമാണെന്ന് ആണയിടുന്ന മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമുള്‍പ്പെടെയുള്ള ആണവ ശാസ്ത്രജ്ഞരും ഭരണക്കാരും ഈ സമരക്കാരെ അഭിമുഖീകരിക്കാനോ അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ തയാറാകാതെ ഒളിച്ചോടുകയാണ്.
ഫുക്കുഷിമ ദുരന്തമുണ്ടായപ്പോള്‍ 200 കിലോമീറ്റര്‍ ദൂരത്തുള്ള ടോക്കിയോ നഗരത്തില്‍ വരെ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. റേഡിയോ ആക്ടീവ് വികിരണത്തിന്റെ ആഘാതം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറം കാലിഫോര്‍ണിയയില്‍ വരെ എത്തി എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 20 ലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചിട്ടും ദുരന്തനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലത്രെ. ചെര്‍ണേബില്‍ ദുരന്തത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ കെടുതികള്‍ അനുഭവിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആണവോര്‍ജ പദ്ധതിയില്‍ നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണ്. മറ്റു ചില രാജ്യങ്ങള്‍ ആണവ നിലയങ്ങള്‍ വരെ അടച്ചു പൂട്ടാനുള്ള തയാറെടുപ്പിലാണ്. ഇന്ത്യയിലെ ഇരുപത് റിയാക്ടറുകള്‍ ഉള്‍പ്പെടെ ലോകത്തിലെ 410 ഓളം ആണവനിലയങ്ങളിലെ ആണവവേയ്സ്റ്റുകള്‍ നിക്ഷേപിക്കാന്‍ കടലോ ശൂന്യാകാശമോ കൂടുതല്‍ നല്ലത് എന്ന ചര്‍ച്ചയാണ് ഇന്നും നടക്കുന്നത്.
ലോക രാജ്യങ്ങള്‍ പലതും ആണവോര്‍ജത്തിന്റെ വഴിയില്‍ നിന്ന് പിന്മാറികൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ തിടുക്കം അപകട സൂചന നല്‍കുന്നതാണ്. ലോകം ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ തേടിക്കൊണ്ടിരിക്കുമ്പോള്‍ ജനകീയ സമരങ്ങള്‍ മുഖവിലക്കെടുത്ത് ജനപക്ഷത്ത് നിലയുറപ്പിക്കാനുള്ള ധാര്‍മിക ബാധ്യതയാണ് ജനപക്ഷ സര്‍ക്കാറുകള്‍ കാണിക്കേണ്ടത്.
kvrazakpaleri@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം