Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

നിരോധത്തിന്റെ നാനാര്‍ഥങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

കല്‍പനകളെല്ലാം നിര്‍ബന്ധങ്ങളല്ല, നിരോധങ്ങളെല്ലാം നിഷിദ്ധങ്ങളും-3

ഒരു കാര്യം ചെയ്യരുത് എന്ന് വിലക്കുന്നതാണ് നിരോധക്രിയ അഥവാ ഫിഅ്‌ലുന്നഹ്‌യ്. 'അരുത്' എന്ന ആശയം സൂചിപ്പിക്കുന്ന വ്യത്യസ്ത പ്രയോഗങ്ങളുണ്ട് അറബി ഭാഷയില്‍. ഈ പ്രയോഗങ്ങളെല്ലാം ഖുര്‍ആനിലും ഹദീസിലും വന്നിട്ടുണ്ട്. 'നീ ചെയ്യരുത്' എന്നും 'നിരോധിച്ചിരിക്കുന്നു' എന്നും  വ്യക്തമായി വിലക്കുന്ന പ്രയോഗങ്ങളാണ് അവയിലൊന്ന്. 'ഉപേക്ഷിക്കൂ' എന്ന കല്‍പനയും നിരോധത്തിന്റെ ആശയം പ്രദാനം ചെയ്യുന്നു. അല്ലാഹു 'മ്ലേഛതയും നിഷിദ്ധവും അക്രമവും വിലക്കുന്നു' എന്ന ആയത്തില്‍ (അന്നഹ്ല്‍ 90) യന്‍ഹാ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. 'തെളിഞ്ഞ പാപങ്ങള്‍ വര്‍ജിക്കുവിന്‍, ഒളിഞ്ഞ പാപങ്ങളും' (അല്‍ അന്‍ആം 120), 'ശവവും രക്തവും പന്നിമാംസവും അല്ലാഹു അല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതും..... നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു' (അല്‍മാഇദ 3) തുടങ്ങിയ സുക്തങ്ങള്‍ ഉദാഹരണം. മഹാപാപം, നരകശിക്ഷ തുടങ്ങിയവ ചേര്‍ത്തു പറയുന്നത് നിഷിദ്ധങ്ങളില്‍ (ഹറാം) പെടുന്നു. 'നബി(സ) ചോദിച്ചു; മഹാപാപങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ അറിയിച്ചു തരട്ടെയോ? സ്വഹാബികള്‍ പറഞ്ഞു: അതേ. നബി(സ) വിശദീകരിച്ചു; അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍, മാതാപിതാക്കളെ ധിക്കരിക്കല്‍....' (ബുഖാരി, ശഹാദാത്ത് 3/225). 'ഒരു സത്യവിശ്വാസിയെ ആരെങ്കിലും ബോധപൂര്‍വം വധിച്ചാല്‍ അവനുള്ള ശിക്ഷ ശാശ്വത നരകമാകുന്നു' (അന്നിസാഅ് 93). 'ധിക്കാരികളുടെ സങ്കേതം എത്ര മോശമാണ്' (അന്നഹ്ല്‍ 29 ). 'മോഷണം നടത്തിയ സ്ത്രീയുടെയും പുരുഷന്റെയും കൈകള്‍ ഛേദിച്ചുകളയുക......' (അല്‍മാഇദ 38). നിഷിദ്ധമാക്കി, നിരോധിച്ചു തുടങ്ങിയ പദങ്ങള്‍ പ്രയോഗിച്ചില്ലെങ്കിലും, ഈ പ്രമാണങ്ങളിലെ ആശയവും ശൈലിയും നിഷിദ്ധത്തെ കുറിക്കുന്നു.
എന്നാല്‍, പൊതുവില്‍ 'നിരോധക്രിയ' ഉപയോഗിച്ച്  പരാമര്‍ശിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ഇസ്‌ലാമില്‍ തീര്‍ത്തും നിഷിദ്ധങ്ങള്‍ (ഹറാം) ആണോ? അല്ല എന്നാണുത്തരം. നീ ചെയ്യരുത് എന്ന നിരോധക്രിയ, നിഷിദ്ധം, അനഭികാമ്യം, മാര്‍ഗനിര്‍ദേശം, പ്രാര്‍ഥന, പരിണതിയുടെ വിശദീകരണം, പരിമിതപ്പെടുത്തലും നിസ്സാരവല്‍ക്കരിക്കലും, നിരാശ എന്നീ പത്ത് ഉദ്ദേശ്യങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട് (അല്‍ മുസ്തസ്വഫാ, ഇമാം ഗസ്സാലി 1/419). എന്നാല്‍, നിഷിദ്ധത്തിന്റെയും വിലക്കിന്റെയും ഫത്‌വകള്‍ കൊണ്ട് കര്‍മശാസ്ത്ര ഭൂമിക നിറക്കുന്ന പ്രവണതയുണ്ട്. ലളിത വിശാലവും സുതാര്യവുമായ ഇസ്‌ലാമിക ജീവിതക്രമവും നിയമ വ്യവസ്ഥയും ക്ലിഷ്ടവും പ്രയാസകരവുമായി അനുഭവപ്പെടാന്‍ ഇത് കാരണമാകുന്നു. സന്തോഷവും സമാധാനവും എന്നതിനേക്കാള്‍, ഇത്തരം ഫത്‌വകളിലൂടെ ഭയവും ആശങ്കകളുമാണ് സൃഷ്ടിക്കപ്പെടുന്നത്. മുസ്‌ലിം സമൂഹത്തിലെ ചിലരെങ്കിലും ദീനില്‍ നിന്ന് അകലാനോ, വിപ്രതിപത്തി പുലര്‍ത്താനോ ഇടുക്കമുണ്ടാക്കുന്ന ഈ സമീപനം കാരണമാകുന്നു.
നിരോധത്തിന്റെ അടിസ്ഥാന അര്‍ഥം 'നിഷിദ്ധം' ആണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുമ്പോഴും, സാഹചര്യങ്ങളും തെളിവുകളും ആധാരമാക്കി നിരോധത്തിന് വ്യത്യസ്ത അര്‍ഥങ്ങള്‍ വരുമെന്നും പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. ചില നിരോധങ്ങള്‍ സ്ഥിരവും മറ്റു ചിലത് സന്ദര്‍ഭാനുസാരം താല്‍ക്കാലികവും ആകാം (ഇഹ്കാമുല്‍ ആമുദീ 2/284, തഫ്‌സീറുല്‍ ഖുര്‍ത്വുബി 18/108, അത്തഹ്‌രീറു മഅത്തഖ്‌രീര്‍ 1/329, തഫ്‌സീറുന്നുസൂസ് 2 /883).

നാനാര്‍ഥങ്ങള്‍
ഒന്ന്; നിഷിദ്ധം അഥവാ ഹറാം. ഇസ്‌ലാമില്‍ തീര്‍ത്തും വിലക്കപ്പെട്ടതും ചെയ്താല്‍ പാപിയാകുന്നതുമായ കാര്യങ്ങളുടെ നിരോധം (തഹ്‌രീം) പ്രഖ്യാപിക്കുന്നതാണ് ചില സുക്തങ്ങള്‍. 'നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കരുത്' (അല്‍ ഇസ്‌റാഅ് 32). 'സമീപിക്കരുത്' എന്ന നിരോധക്രിയ ശാശ്വതമായ നിക്ഷിദ്ധത്തെയാണ്  കുറിക്കുന്നത്. 'അത് മ്ലേഛമാണ്' എന്ന് പറയുന്നതിനാല്‍ നിരോധത്തിന് നിഷിദ്ധത്തിന്റെ അര്‍ഥം കൈവരുന്നു. വ്യഭിചാരത്തെ വന്‍പാപമായി എണ്ണിയ ഹദീസുകളും ഈ ആശയത്തെ ബലപ്പെടുത്തുന്നു.
രണ്ട്; വെറുക്കപ്പെട്ടത് അഥവാ കറാഹത്ത്. ചില കാര്യങ്ങള്‍ പൂര്‍ണ നിഷിദ്ധം (ഹറാം) അല്ലെങ്കിലും മാന്യതക്ക് നിരക്കാത്തതോ, അഭിലഷണീയമല്ലാത്തതോ ആയ കാര്യമാണ് കറാഹത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. 'നിങ്ങള്‍ ചെലവഴിക്കുന്നതില്‍ മ്ലേഛമായവ കലര്‍ത്തരുത്' (അല്‍ബഖറ 267). 'അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച വിശിഷ്ട കാര്യങ്ങള്‍ നിങ്ങള്‍ നിഷിദ്ധമാക്കരുത്' (അല്‍മാഇദ 87).
മൂന്ന്; മാര്‍ഗനിര്‍ദേശം അഥവാ ഇര്‍ശാദ്. ഒരു കാര്യം ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന ഉപദേശമാണ് ഉദ്ദേശ്യം. അത് ചെയ്യുന്നയാള്‍ പാപിയായിത്തീരുന്നില്ല. ചെയ്താല്‍ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാം. 'വിശദമാക്കപ്പെട്ടാല്‍ നിങ്ങളെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചോദിക്കരുത്' (അല്‍മാഇദ 101).
നാല്; പ്രാര്‍ഥന അഥവാ ദുആഅ്. ഭാഷാപരമായി നിരോധ ക്രിയയാണ് ഉപയോഗിക്കുന്നതെങ്കിലും ശാസനാ സ്വഭാവത്തിലുള്ള വിലക്കല്ല, അപേക്ഷാ സ്വരത്തിലുള്ള അര്‍ഥനയാണ് ഉദ്ദേശ്യം. 'ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഹൃദയത്തേ വ്യതിചലിപ്പിക്കരുതേ...' (ആലു ഇംറാന്‍ 8 ).
അഞ്ച്; പരിണതി പ്രഖ്യാപനം അഥവാ ബയാനുല്‍ ആഖിബത്ത്. ഒരു കാര്യം ചെയ്യരുത് എന്ന വിലക്കിന്റെ രൂപത്തിലല്ല, ഒരു കര്‍മത്തിന്റെ അനന്തരഫലം ഇതായിരിക്കുമെന്ന മുന്നറിയിപ്പിന്റെ സ്വരത്തില്‍ ചിലപ്പോള്‍ നിരോധ ക്രിയകള്‍ വരാം.' 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മരിച്ചു പോയവരാണെന്ന് നിങ്ങള്‍ ധരിക്കരുത്. അവര്‍ ജീവിച്ചിരിക്കുന്നവരാണ്' (ആലുഇംറാന്‍ 169). ജിഹാദിന്റെ അനന്തരഫലം ജീവിതമാണ്, മരണമല്ല എന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. 'അക്രമികള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങള്‍ ധരിക്കരുത്' (ഇബ്‌റാഹീം 42).
ആറ്; പരിമിതീകരണവും നിസ്സാരവല്‍ക്കരണവും അഥവാ അത്തഖ്‌ലീലു വല്‍ ഇഹ്തിഖാര്‍. ഒരു കാര്യം ചെയ്യുന്നത്, നിഷിദ്ധമെന്ന അര്‍ഥത്തില്‍ വിലക്കുകയല്ല, അത് നിസ്സാരവും പരിമിതവുമെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ സ്വരത്തിലുള്ള നിരോധ ക്രിയകള്‍. 'അവരില്‍ ചിലര്‍ക്ക് ആസ്വദിക്കാനായി നാം നല്‍കിയ വിഭവങ്ങളിലേക്ക് നിന്റെ കണ്ണുകള്‍ നീളാതിരിക്കട്ടെ' (ത്വാഹാ 131).
ഏഴ്; നിരാശ പ്രകടിപ്പിക്കല്‍ അഥവാ, യഅ്‌സ്. ചെയ്യരുത് എന്നല്ല, ചെയ്തിട്ട് ഫലമില്ല എന്ന അര്‍ഥത്തിലാണ് ചിലപ്പോള്‍ നിരോധ ക്രിയകള്‍ പ്രയോഗിക്കുക. 'ഇന്ന് നിങ്ങള്‍ ഉദ്‌റ് ബോധിപ്പിക്കരുത്' (അത്തഹ്‌രീം 7). നിദാന ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍ കാണാം (ജംഉല്‍ ജവാമിഅ്, അല്‍ കിതാബുല്‍ അവ്വല്‍ 43,44).
ഖുര്‍ആനിലും അതിലേറെ സുന്നത്തിലും വന്നിട്ടുള്ള നിരോധ ക്രിയകള്‍ ചൂണ്ടി എല്ലാം നിഷിദ്ധമാണെന്ന് പറയുമ്പോള്‍, നാനാര്‍ഥങ്ങളിലാകാനുള്ള ഈ സാധ്യതകള്‍ വിസ്മരിക്കരുത്. ഹറാം ഫത്‌വകളാല്‍ സാമൂഹികാന്തരീക്ഷം മുഖരിതമാക്കപ്പെടുന്നത് ഈ ധാരണയില്ലാത്തതുകൊണ്ടാണ്. നിരോധങ്ങളെല്ലാം നിഷിദ്ധങ്ങള്‍ (ഹറാം) അല്ല എന്നതിന്റെ മികച്ച ഉദാഹരണമാണ് ഒരു ചെരിപ്പ് മാത്രം ധരിച്ച് നടക്കരുത് എന്ന നബിവചനം. അബൂഹുറയ്‌റ (റ) നിവേദനം ചെയ്യുന്നു; നബി(സ) പറഞ്ഞു: 'നിങ്ങളിലൊരാളും ഒറ്റച്ചെരിപ്പ് മാത്രം ധരിച്ച് നടക്കരുത്. ഒന്നുകില്‍ രണ്ടും ധരിക്കുക. അല്ലെങ്കില്‍, രണ്ടും അഴിച്ച് കളയുക' (ബുഖാരി 5855, മുസ്‌ലിം 2097). 'ഒരു ചെരിപ്പിന്റെ വള്ളി പൊട്ടിയാല്‍ അത് നന്നാക്കും വരെ ഒറ്റച്ചെരിപ്പില്‍ നടക്കരുത്' എന്ന് മറ്റൊരു നിവേദനത്തിലുമുണ്ട് (മുസ്‌ലിം). ജാബിര്‍ നിവേദനം ചെയ്യുന്നത്, നിന്നു കൊണ്ട് ചെരിപ്പ് ധരിക്കുന്നത് നബി നിരോധിച്ചിരിക്കുന്നു (നഹാ) എന്നാണ് (അബൂദാവൂദ് 3/1651). ഹദീസുകള്‍ ഇങ്ങനെയായിരിക്കെ, ഒറ്റച്ചെരിപ്പ് മാത്രം ധരിച്ച് നടക്കുന്നതിന്റെയും നിന്നുകൊണ്ട് പാദരക്ഷ ധരിക്കുന്നതിന്റെയും വിധിയെന്താണ്? അവന്‍ നിഷിദ്ധം (ഹറാം) ചെയ്തുവെന്ന് പറയാമോ? അതിന്റെ പേരില്‍ അയാള്‍ക്ക് ശിക്ഷ കിട്ടുമോ?
ഒറ്റക്കാലില്‍ ചെരിപ്പ് ധരിച്ച് നടക്കുന്നത് ഇസ്‌ലാമില്‍ നിഷിദ്ധം (ഹറാം) അല്ല, അനഭിലഷണീയം (കറാഹത്ത്) ആണ്. ഇതു സംബന്ധിച്ച നബിയുടെ വിലക്ക് തഹ്‌രീമുല്‍ കറാഹത്ത് എന്ന ഗണത്തിലാണ് ഉള്‍പ്പെടുക. അല്ലാഹുവിങ്കല്‍ ശിക്ഷാര്‍ഹമായ പാപമായല്ല, സമൂഹത്തില്‍ മാന്യതക്ക് നിരക്കാത്ത പ്രവൃത്തിയായാണ് ഇത് പരിഗണിക്കപ്പെടുക. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിലപാട് ഇതാണ്. ഒറ്റപ്പെട്ട ചിലര്‍ ഇത് തീര്‍ത്തും നിരോധിക്കപ്പെട്ടതായി കരുതുന്നു. ഒരു ചെരിപ്പ് കേടുവന്നത് നന്നാക്കുന്ന അത്ര സമയം പോലും മറ്റേ ചെരിപ്പ് മാത്രം ധരിച്ച് നില്‍ക്കാതെ സൂക്ഷ്മത പാലിക്കുന്ന, ഉത്തമ സ്വഭാവഗുണങ്ങളാര്‍ജിച്ച ഉന്നത വ്യക്തിത്വങ്ങളുടെ രൂപീകരണമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. സ്വകാര്യ ജീവിതത്തില്‍ സൂക്ഷ്മമായ ദൈവഭക്തിയും പൊതുജീവിതത്തില്‍ വിശാലമായ സാമൂഹികബോധവും പുലര്‍ത്താന്‍ മുസ്‌ലിമിന് ബാധ്യതയുണ്ട്. മാന്യതക്ക് നിരക്കാത്തതെല്ലാം ഉപേക്ഷിക്കണം. ഒറ്റക്കാലില്‍ ചെരിപ്പ് ധരിക്കുക, ഒറ്റക്കൈയുള്ള ഷര്‍ട്ട് അണിയുക, മീശയും താടിയും പാതി വടിക്കുക, അലങ്കോലമാംവിധം മുടിവെട്ടുക, സ്ത്രീകള്‍ ഒരു കണ്ണില്‍ സുറുമയെഴുതുക തുടങ്ങിയവയൊക്കെ സഭ്യമല്ലാത്തവയാണ്. ഇത്തരം കാര്യങ്ങള്‍ സ്വല്‍പം മാനസിക പ്രശ്‌നമുള്ളവരോ, രോഗം കാരണം ഓര്‍മപ്പിശകുള്ളവരോ ഒക്കെ ആവും ചെയ്യുക. ഇതെല്ലാം അനഭിലഷണീയം (മക്‌റൂഹ്) ആണെന്ന് ഇമാം മാലിക്, ഇമാം നവവി, ഇബ്‌നു അബ്ദില്‍ ബര്‍റ്, ഇബ്‌നു മുഫ്‌ലിഹ്, ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി തുടങ്ങി ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നു (അല്‍ ഫജ്‌റുസ്സാത്വിഅ് അലാ സ്വഹീഹില്‍ ജാമിഅ്, അല്‍ ആദാബു ശറര്‍ഇയ്യ).  ഇരുന്നു കൊണ്ട് ചെരിപ്പ് ധരിക്കണം, നിന്നു കൊണ്ട് ധരിക്കരുത് എന്ന നബി വചനം ഗുണകരമായ ഒന്നിലേക്കുള്ള മാര്‍ഗനിര്‍ദേശം (ഇര്‍ശാദ്) ആണെന്ന് അല്ലാമ മുനാവിയും രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ നി രോധന ക്രിയകളെല്ലാം നിഷിദ്ധത്തെ കുറിക്കുന്നില്ല എന്ന് വ്യക്തം.
ഇസ്‌ലാമിക പ്രമാണങ്ങളിലെ വിധി വചനങ്ങള്‍ മനസ്സിലാക്കുന്നതിലും വേര്‍തിരിച്ച് വ്യാഖ്യാനിക്കുന്നതിലും കവിഞ്ഞ സൂക്ഷ്മത ആവശ്യമാണെന്ന് ഈ ചര്‍ച്ചകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. ഒറ്റയൊറ്റ പാഠങ്ങളും അവയിലെ പ്രയോഗങ്ങളും മാത്രം നോക്കി വിധി തീര്‍പ്പില്‍ എത്തുന്നത് സൂക്ഷ്മതയല്ല. തൗഹീദ്, ശിര്‍ക്ക്, നിര്‍ബന്ധം, നിഷിദ്ധം തുടങ്ങിയ അതിപ്രധാനമായ സാങ്കേതിക സംജ്ഞകള്‍ യഥേഷ്ടം ഫത്‌വകളിലും പ്രഭാഷണങ്ങളിലും ഉപയോഗിക്കുന്നതും വിവേകമാകില്ല. വിശ്വാസപരമായ വൈകാരിക ആവേശങ്ങളെ ജ്ഞാനവും വിവേകവും കൊണ്ട് ക്രമപ്പെടുത്താനുള്ള തഴക്കവും വഴക്കവുമാണ് പാണ്ഡിത്യത്തിന്റെ ലക്ഷണം. 

(അവസാനിച്ചു)

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌