Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

വിശ്വാസത്തിന് തെളിവ് നിരത്തിയ വിധി

ഹസനുല്‍ ബന്ന

[അന്തിമ വിധിയിലെ അന്തഃസംഘര്‍ഷം- ഭാഗം മൂന്ന്]

വിശ്വാസം അനുസരിച്ചല്ല വിധി കല്‍പിക്കേണ്ടത് എന്ന് ബാബരി ഭൂമി കേസിലെ വിധിക്ക് ആമുഖമായി പറഞ്ഞ സുപ്രീംകോടതി അതിന് നേര്‍വിപരീതമായി രാമജന്മഭൂമി എന്നത് ഹിന്ദുക്കളുടെ വിശ്വാസമാണെന്ന് തെളിയിക്കാന്‍ പേജുകള്‍ നീക്കിവെച്ച വിചിത്ര അനുഭവമാണ് സുപ്രീംകോടതി വിധി നല്‍കുന്നത്.  ഹിന്ദുക്കള്‍ അങ്ങനെയാണ് വിശ്വസിക്കുന്നതെന്ന് അയോധ്യയിലെ മുസ്‌ലിംകള്‍ പറഞ്ഞതു പോലും ബാബരി മസ്ജിദ് രാമജന്മഭൂമിയാണെന്നുള്ള വിശ്വാസത്തിന്റെ തെളിവായി അഞ്ചംഗ ബെഞ്ചിലൊരാള്‍ പ്രത്യേകമായി എഴുതിയ വിധിപ്രസ്താവത്തില്‍ എടുത്തുകാണിച്ചിരുന്നു.

ഹിന്ദുവിശ്വാസത്തിന് നിരത്തിയ മൊഴികള്‍

കൗശല്‍ കിഷോര്‍ മിശ്രയുടേതാണ് അനുബന്ധമായി എഴുതിയ വിധിപ്രസ്താവത്തില്‍ ഇടംപിടിച്ച ഒരു സാക്ഷിമൊഴി. തന്റെ മുത്തഛനും അഛനുമൊത്ത് രാമജന്മഭൂമിയില്‍ പോകാറുള്ളപ്പോള്‍ ആരാധകരും തീര്‍ഥാടകരുമായി വരാറുള്ളവരെല്ലാം ശ്രീരാമ ജന്മഭൂമിയില്‍ വരുന്നത് താന്‍ ശ്രദ്ധിച്ചിരുന്നുവെന്നായിരുന്നു മിശ്രയുടെ മൊഴി. ഉത്സവാവസരങ്ങളില്‍ ലക്ഷത്തിലധികം ആളുകള്‍ വരാറുണ്ടായിരുന്നുവെന്നും അവല്ലൊവരും രാം ഛബൂത്രയും സീതാര സോയിയും ശിവഛബൂത്രയും ഭഗവാന്‍ രാമന്‍ ജനിച്ച പള്ളിയുടെ മധ്യതാഴികക്കുടത്തിന് പിന്നിലുള്ള സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും പള്ളിയുടെ ചുമരിനെ വലയം വെക്കാറുണ്ടായിരുന്നുെവന്നും ത്രേതാ യുഗത്തില്‍ ദശരഥന്റെ മകനായി ഭഗവാന്‍ രാമന്‍ ജനിച്ചത് മൂന്ന് താഴികക്കുടങ്ങള്‍ക്ക് താഴെയാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നതായി അഛനും മുത്തഛനും തന്നോട് പറഞ്ഞിരുന്നുവെന്നും മിശ്രയുടെ മൊഴിയിലുള്ളതായി അഞ്ചംഗ ബെഞ്ച് പറയുന്നു. ബാബരി മസ്ജിദ് നിര്‍മിച്ചിടത്താണ് രാമന്‍ ജനിച്ചതെന്നത് വിശ്വാസമാണെന്ന് ക്രോസ് വിസ്താരത്തില്‍ സാക്ഷി പറഞ്ഞിരുന്നതായും വിധിയില്‍ ഉദ്ധരിച്ചിരിക്കുന്നു.
അയോധ്യയില്‍ സന്യാസിയാകാനായി വന്ന നാരദ് ശരണ്‍ എന്നയാള്‍ 2003 ജനുവരി 27-ന് നല്‍കിയ മൊഴിയാണ് മറ്റൊന്ന്. സുപ്രീംകോടതി വിധിയില്‍ അതിങ്ങനെ രേഖെപ്പടുത്തിയിരിക്കുന്നു: ''കിഴക്കുഭാഗത്തെ പ്രവേശന കവാടത്തിലൂടെ ഉള്ളിലേക്ക് കടക്കുേമ്പാള്‍ പടിഞ്ഞാറു ഭാഗത്ത് മൂന്ന് താഴികക്കുടങ്ങളുള്ള ഒരു കെട്ടിടമുണ്ടായിരുന്നു. അവിടെയാണ് ഗര്‍ഭഗൃഹം എന്നതിനാല്‍ ആളുകള്‍ ആരാധിച്ചിരുന്നത് അവിടെയായിരുന്നു. ചരിത്രാതീതമായ കാലം മുതല്‍ക്കേ രാമന്റെ ജന്മസ്ഥലമാണെന്ന് കരുതി ഇവിടെയാണ് ആളുകള്‍ ആരാധിച്ചിരുന്നത്. ഈ വിശുദ്ധ മന്ദിരം ആയിരക്കണക്കിന് തീര്‍ഥാടകരെ കൊണ്ടു നിറഞ്ഞിരുന്നു. അവര്‍ സീതയുടെ അടുക്കളയും രാം ഛബൂത്രയുമെല്ലാം സന്ദര്‍ശിച്ചിരുന്നു''. തുടര്‍ന്ന് ക്രോസ് വിസ്താരത്തില്‍ അയാള്‍ പറഞ്ഞതും സുപ്രീം കോടതി ഉദ്ധരിക്കുന്നു: ''ഭഗവാന്‍ രാമന്റെ ജന്മഭൂമി അയോധ്യയാണ്. തര്‍ക്കമന്ദിരത്തിന്റെ മധ്യ താഴികക്കുടത്തിന് താഴെയാണ് ജന്മസ്ഥാനമായി എന്ന് ഞങ്ങള്‍ കണക്കാക്കുന്നത്. ജന്മസ്ഥാനും ജന്മഭൂമിക്കും ഒരേ അര്‍ഥമാണ്''.
69 വയസ്സുകാരനായ ജഗദ്ഗുരു രാമാനന്ദ് ആചാര്യ സ്വാമി ഹര്യാചാര്യയാണ് മെറ്റാരു സാക്ഷി. 'ഭഗവാന്റെ ദര്‍ശനത്തിനായി മൂന്ന് തവണ ഞാന്‍ താഴികക്കുടത്തിന്റെ ഭാഗത്ത് പോകാറുണ്ടായിരുന്നു. ശ്രീരാമ വിഗ്രഹ ദര്‍ശനവും ഞാന്‍ നടത്തിയിട്ടുണ്ട്. ദര്‍ശനത്തിലൂടെ മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണത്.' 75 വയസ്സായ സന്യാസി ഭാസ്‌കര്‍ ദാസ് പറയുന്നതും സുപ്രീംകോടതി വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്നതിന്റെ ന്യായമായി നിരത്തിയിട്ടുണ്ട്. '1946 മുതല്‍ 1949 വരെയുള്ള തന്റെ കാലയളവില്‍ നമസ്‌കരിക്കാന്‍ ഏതെങ്കിലും ഒരു മുസ്‌ലിം അവിടെ വരികയോ നമസ്‌കാരം നിര്‍വഹിക്കുകയോ ചെയ്തിട്ടില്ല. ഹിന്ദു ഭക്തര്‍ വന്ന് പണവും പഴങ്ങളും മധുരപലഹാരങ്ങളും കെട്ടിടത്തിന് അകത്തും പുറത്തുമുള്ള ദേവീദേവന്മാര്‍ക്ക് അര്‍പ്പിക്കാറുണ്ടായിരുന്നു. നിര്‍മോഹി അഖാഡയുടെ പുരോഹിതന്മാര്‍ വഴിയായിരുന്നു അത് ചെയ്തിരുന്നത്' എന്നാണ് ആ മൊഴി. ബാബരി മസ്ജിദ് എന്നു പറയുന്നതിനെ തന്നെയാണ് ഹിന്ദുക്കള്‍ ജന്മസ്ഥാന്‍ എന്ന് വിശ്വസിക്കുന്നത് എന്ന് മറ്റു സാക്ഷികളും പറഞ്ഞിട്ടുണ്ടെന്ന് അന്തിമ വിധിയില്‍ വ്യക്തമാക്കിയതിലുടെ ഹിന്ദുക്കളുടെ വിശ്വാസമാണ് വിധിയുടെ അടിസ്ഥാനം എന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയാണ് സുപ്രീംകോടതി ചെയ്തത്.

മുസ്‌ലിംകളുടെ മൊഴിയും രാമക്ഷേത്രത്തിനുള്ളതാക്കി

കേസിലെ ഹരജിക്കാരനായ പരേതനായ മുഹമ്മദ് ഹാശിം അന്‍സാരി മുസ്‌ലിംകള്‍ ബാബരി മസ്ജിദ് എന്ന് പറയുന്ന സ്ഥലത്തിന് ഹിന്ദുക്കള്‍ രാമജന്മഭൂമി എന്നാണ് പറയാറുള്ളത് എന്ന് സുപ്രീംകോടതി വിധിയില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. മക്ക മുസ്‌ലിംകള്‍ക്ക് പ്രധാനമാണെന്നതു പോലെയാണ് അയോധ്യ ഹിന്ദുക്കള്‍ക്ക് എന്നും ഹാശിം അന്‍സാരി പറഞ്ഞിട്ടുണ്ടല്ലോ എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. അയോധ്യയെ കുറിച്ച് ഹിന്ദുക്കള്‍ക്കുള്ള സങ്കല്‍പത്തെ കുറിച്ച് ഹാശിം അന്‍സാരി പറഞ്ഞത് പോലും അദ്ദേഹം കൈയാളിയിരുന്ന വഖ്ഫ് സ്വത്ത് രാമക്ഷേത്രത്തിനായി വിട്ടുകൊടുക്കുന്നതിനുള്ള ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ തെളിവായി ഉദ്ധരിക്കുന്ന തലത്തിലേക്ക് വരെ സുപ്രീംകോടതി പോയി. ഹിന്ദുക്കളുടെ വിശ്വാസത്തെ മാനിച്ചുകൊണ്ടുള്ള വിധിയേ തങ്ങള്‍ക്ക് പുറപ്പെടുവിക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കാനാണിത്.
ചുമരിനോട് ചേര്‍ന്ന കമ്പിവേലി കെട്ടി വേര്‍തിരിച്ച ഭാഗത്തെ പള്ളിയായി തന്നെയാണ് തങ്ങള്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ അത് ക്ഷേത്രമാണെന്ന് മറുവിഭാഗം പറഞ്ഞിരുന്നുവെന്നും ഹാജി മഹ്ബൂബ് അലി എന്നയാള്‍ പറഞ്ഞതും സുപ്രീംകോടതിക്ക് ഹിന്ദുവിശ്വാസത്തിന്റെ തെളിവായി മാറി. അയോധ്യ വാസികളായ മുഹമ്മദ് ഖാസിം, മുഹമ്മദ് യാസീന്‍ എന്നീ മുസ്‌ലിംകളും തങ്ങള്‍ കാണാറുള്ള ഹിന്ദുക്കള്‍ ബാബരി മസ്ജിദിന്റെ ഭൂമിയെ രാമജന്മഭൂമി എന്ന് പറയാറുണ്ട് എന്ന് കോടതിയില്‍ പറഞ്ഞത് ഹിന്ദുക്കള്‍ക്ക് അനുകൂലമായ സാക്ഷി മൊഴിയാക്കി സുപ്രീംകോടതി വിധിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.
എഴുതിയയാളെ വ്യക്തമാക്കാതെ അഞ്ച് പേര്‍ക്കും കൂടി എഴുതിയുണ്ടാക്കിയ വിധിപ്രസ്താവനയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ വിശ്വാസമുള്ള ഇടമായി ബാബരി ഭൂമിയെ വിശേഷിപ്പിച്ച ശേഷമാണ് ഹിന്ദുക്കളുടെ വിശ്വാസത്തിന് സാക്ഷിമൊഴി നിരത്താന്‍ സുപ്രീംകോടതി മുതിര്‍ന്നത്. 1857-ല്‍ വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിച്ച് ഇരുമ്പുവേലി കെട്ടിയുണ്ടാക്കിയതിനെ പരാമര്‍ശിക്കുന്ന സുപ്രീംകോടതി പള്ളിക്ക് അകവും പുറവും തമ്മില്‍ ഹിന്ദുക്കള്‍ ഒരു വ്യത്യാസവും കല്‍പിച്ചിട്ടില്ല എന്ന് പ്രസ്താവിച്ചിരിക്കുന്നു. ബാബരി മസ്ജിദ് സമുച്ചയമൊന്നാകെ ഹിന്ദുക്കള്‍ക്ക് മതപരമായി പ്രാധാന്യമുള്ള ഒന്നായി സുപ്രീംകോടതി വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.

(അവസാനിച്ചു)

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌