Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

നവനാസ്തിക ലോകം സാമൂഹികവിരുദ്ധരുടെ പറുദീസ

അബ്ദുല്‍ മുഹ്‌സിന്‍

പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ തുടക്കം കുറിക്കപ്പെട്ട മാനവികതാ വാദത്തിന്റെ (Humanism) വക്താക്കളാണ് തങ്ങള്‍ എന്ന നിലയില്‍ ആശയ പ്രചാരണങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ് നവനാസ്തികര്‍. ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഉണ്മ മനുഷ്യനാണ് എന്ന് പ്രഖ്യാപിക്കുന്ന തത്ത്വചിന്താ പ്രവണതയാണ് 'ഹ്യൂമനിസം'. ദൈവത്തിനും കേവലാശയങ്ങള്‍ക്കും പരമപ്രാധാന്യം കല്‍പിക്കുന്ന നിലപാടുകളെ തീര്‍ത്തും നിരാകരിക്കുന്ന ഒരു സമീപനമാണതിനുള്ളത്. മാനവികത എന്ന ദര്‍ശനം ആത്യന്തികമായി മനുഷ്യ നന്മയാണ് ലക്ഷ്യമാക്കുന്നത് എന്നാണ് പറയപ്പെടുന്നത്. 

മാനവികതയും നവനാസ്തികതയും
ഹ്യൂമനിസത്തിന്റെ ലക്ഷ്യം മനുഷ്യ നന്മയാണെങ്കില്‍, ഹ്യൂമനിസത്തിന്റെ സ്വയംപ്രഖ്യാപിത വക്താക്കളായ ആധുനിക കാലഘട്ടത്തിലെ നവനാസ്തികരുടെ ലക്ഷ്യം തീര്‍ച്ചയായും അത് തന്നെയാകേണ്ടതാണ്. പക്ഷേ, ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകുന്ന വസ്തുത മറ്റൊന്നാണ്.                             
മനുഷ്യന്‍ എന്ന ജീവവര്‍ഗം മറ്റുള്ള ലക്ഷോപലക്ഷം ജീവികളെപ്പോലെ യാദൃഛികമായി പരിണാമ പ്രക്രിയയിലൂടെ ഉണ്ടായി എന്ന് പറയുന്ന നവനാസ്തികര്‍ എന്തിനാണ് മാനവികതയെക്കുറിച്ച് സംസാരിക്കുന്നത്? പരിണാമത്തിലൂടെയുണ്ടായ മറ്റു ജീവജാലങ്ങളെ പോലെ യാദൃഛികമായി ഉണ്ടായ മനുഷ്യന് മാത്രം എന്തിന് നവനാസ്തികര്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നു? തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പരിണാമവാദപ്രകാരം, യാദൃഛികമായി ഉണ്ടായ മനുഷ്യനെന്ന ജീവിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന മാനവികതയുടെ വക്താക്കളാണ് തങ്ങളെന്ന ധാരണ സൃഷ്ടിക്കാനുള്ള നവനാസ്തികരുടെ പരിശ്രമങ്ങള്‍ എന്തുമാത്രം പരിഹാസ്യമല്ല! ചരിത്രത്തില്‍ അങ്ങേയറ്റം ദുര്‍ബലമായ ഏതൊരു പ്രത്യയശാസ്ത്രത്തെയും ദര്‍ശനത്തെയും എടുത്തു നോക്കിയാലും, അവയില്‍ ഭൂരിഭാഗവും ചില അവകാശവാദങ്ങള്‍ ഉന്നയിച്ച് രംഗപ്രവേശം ചെയ്തതായിരിക്കും. ഉദാഹരണത്തിന്, ഫാഷിസം. ഫാഷിസത്തിന് സംഭാവന ചെയ്യാന്‍ ഘനഗംഭീരമായ ആശയങ്ങളൊന്നുമില്ല. ഏതെങ്കിലുമൊരു വംശത്തിന്റെയോ വര്‍ഗത്തിന്റെയോ ഔന്നത്യത്തെക്കുറിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണത്. നവനാസ്തികതയുടെ കാര്യവും ഏകദേശം ഇതിനു സമാനമാണ്. മനുഷ്യ നന്മക്ക് വേണ്ടി ഏറെ സംഭാവന ചെയ്യാന്‍ സാധിക്കുന്ന ശാസ്ത്രത്തിന്റെയും മാനവികതയുടെയും കുത്തകയവകാശപ്പെട്ടു കൊണ്ടാണവര്‍ രംഗപ്രവേശം ചെയ്തിട്ടുള്ളത്. നവനാസ്തികരുടെ ഇത്തരം വാദഗതികള്‍ യഥാര്‍ഥത്തില്‍ സത്യസന്ധമാണോ? 

നവനാസ്തികതയും ശാസ്ത്രവും
ശാസ്ത്രത്തിന്  ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ അവരുടെ ധിഷണ ഉപയോഗിച്ച് സ്വതന്ത്രമായി ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍, യാതൊരു സ്ഖലിതങ്ങളുമില്ല എന്ന് യൂറോപ്പില്‍ പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന  ബൈബിളില്‍ സ്ഖലിതങ്ങളുണ്ട് എന്ന തരത്തിലുള്ള ഫലങ്ങള്‍ പുറത്തുവന്നു. ജനങ്ങളുടെ മേല്‍ അധികാരവും മേല്‍ക്കോയ്മയും ഉണ്ടായിരുന്ന പൗരോഹിത്യത്തെ സ്വാഭാവികമായും ഇത്തരം ഗവേഷണഫലങ്ങള്‍ ചൊടിപ്പിച്ചു. അവര്‍ ഭീഷണികളുമായി രംഗത്തിറങ്ങി. അവരുടെ ഭീഷണികള്‍ക്ക് വഴങ്ങാത്തവരെ വിചാരണ ചെയ്തു ശിക്ഷകള്‍ക്ക് വിധേയരാക്കി. അങ്ങനെ പല സത്യാന്വേഷികളും പീഡിപ്പിക്കപ്പെട്ടു. ചിലര്‍ കാരാഗൃഹങ്ങളില്‍ ബന്ധനസ്ഥരാക്കപ്പെട്ടു. ചിലര്‍ നിഷ്ഠുരമായി വധിക്കപ്പെട്ടു. 
എന്നാല്‍, ത്യാഗങ്ങള്‍ സഹിക്കേണ്ട ഈ കാലഘട്ടത്തില്‍ നാസ്തികര്‍ ശാസ്ത്രത്തിന്റെ വക്താക്കളായിരുന്നില്ല. അവര്‍ ശാസ്ത്രത്തിന്റെ വക്താക്കളായി മാറിത്തുടങ്ങുന്നത് തന്നെ ന്യൂട്ടോണിയന്‍ ഭൗതികവാദം ശാസ്ത്രലോകത്ത് അവതരിപ്പിക്കപ്പെട്ടതു മുതലാണ്. അവരെ അതിന് പ്രേരിപ്പിച്ചത്, ശാസ്ത്രം ലാഭം കൊയ്യാന്‍ സാധിക്കുന്ന ഒരു വിജ്ഞാനശാഖയായി മാറി എന്ന വസ്തുതയാണ്. ഐസക് ന്യൂട്ടനെ പോലെയുള്ളവര്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് തന്നെ 'തത്ത്വശാസ്ത്രജ്ഞന്റെ ശില' (Philosopher's Stone) കണ്ടെത്താന്‍ വേണ്ടിയാണ്. ഏതു ലോഹവും സ്വര്‍ണമാക്കി മാറ്റാന്‍ സാധിക്കും എന്നായിരുന്നു അവര്‍ അതിനെക്കുറിച്ച് അനുമാനിച്ചിരുന്നത്. ശാസ്ത്രത്തിന് അങ്ങോട്ട് എന്തെങ്കിലും സംഭാവന ചെയ്യേണ്ടത് അനിവാര്യമായ സന്ദര്‍ഭത്തില്‍ അതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും, ശാസ്ത്രത്തില്‍ നിന്ന് ഇങ്ങോട്ട് നേട്ടങ്ങള്‍ ലഭിക്കുമെന്നായപ്പോള്‍ അതിന്റെ മൊത്തക്കുത്തക അവകാശപ്പെട്ടു  രംഗത്തിറങ്ങുകയും ചെയ്ത നവനാസ്തികരേക്കാള്‍ വലിയ അവസരവാദികള്‍ വേറെ ആരാണുള്ളത്!
മനുഷ്യനന്മക്ക്  വേണ്ടിയുള്ളതാണ് ശാസ്ത്രം എന്നതിനാലാണ് തങ്ങള്‍ ശാസ്ത്രത്തിന്റെ വക്താക്കളാകുന്നത് എന്ന തരത്തില്‍ പ്രചാരണം നടത്തുന്ന നാസ്തികര്‍ തന്നെയായിരുന്നു യഥാര്‍ഥത്തിലുള്ള ശാസ്ത്ര വിരുദ്ധര്‍. ദൈവമില്ല എന്ന് തെളിയിക്കാനും പരിണാമവാദത്തിന് പിന്‍ബലം സൃഷ്ടിക്കാനും കള്ള ഫോസിലുണ്ടാക്കി ശാസ്ത്രലോകത്തെ കബളിപ്പിച്ച ചാള്‍സ് ഡൗസന്റെ പിന്‍ഗാമികളായ നവനാസ്തികര്‍ക്ക് എന്ത് ശാസ്ത്രാവബോധമാണ് അവകാശപ്പെടാന്‍ കഴിയുക? ആധുനിക ഭൗതിക ശാസ്ത്രത്തില്‍ ഏറ്റവും അടിസ്ഥാനപരമായി പരിഗണിക്കപ്പെടുന്ന ബിഗ്-ബാങ് നടന്നിട്ടില്ലെന്ന് സ്ഥാപിക്കാന്‍ കോടികള്‍ ചിലവഴിച്ച ആന്‍ഡ്രി സ്റ്റനോവിന്റെ പിന്‍ഗാമികളായ നവനാസ്തികരാണോ ശാസ്ത്രാഭിമുഖ്യമുള്ളവര്‍? ജീവശാസ്ത്രത്തില്‍ പുതു വിപ്ലവങ്ങള്‍ സൃഷ്ടിച്ച ജനിതകത്തെ തന്നെ നിഷേധിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ട്രോഫിം ലിസെങ്കോയുടെ ശാസ്ത്ര ചിന്തയാണോ നവനാസ്തികര്‍ക്ക് പറയാനുള്ളത്? ദൈവത്തിനു കടന്നു വരാന്‍ സാധ്യതയുള്ളതിനാല്‍ ക്വാണ്ടം മെക്കാനിക്‌സിന് വിലക്ക് കല്‍പ്പിച്ച ജോസഫ് സ്റ്റാലിന്റെ പിന്‍ഗാമികളാണോ ശാസ്ത്രത്തിന്റെ വക്താക്കള്‍? തീര്‍ച്ചയായും അല്ല. 
പിന്നെ എന്തുകൊണ്ടാണ് നവനാസ്തികര്‍ ശാസ്ത്രത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്നത്? നവനാസ്തികതക്ക് കാര്യമായി ഒന്നും സംഭാവന ചെയ്യാനില്ലാത്തത് കൊണ്ടാണത്. മനുഷ്യനന്മക്ക് വേണ്ടി സംഭാവനകള്‍ അര്‍പ്പിക്കുന്ന ശാസ്ത്രത്തിന്റെ വക്താക്കളാണ് തങ്ങള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന നവനാസ്തികരാണ് യഥാര്‍ഥത്തില്‍ ശാസ്ത്രത്തിനു മുന്നില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ, അവരാണ് യഥാര്‍ഥത്തില്‍ ശാസ്ത്ര വിരുദ്ധര്‍. ഭൗതികശാസ്ത്രജ്ഞനായ മാര്‍സലോ ഗ്ലീസര്‍ ശാസ്ത്ര മാസികയായ 'സയന്റിഫിക് അമേരിക്ക'യുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്; 'നിരീശ്വരത്വം ശാസ്ത്ര സമ്പ്രദായത്തോട് പൊരുത്തക്കേടിലാണ്. അവിശ്വാസത്തിലുള്ള വിശ്വാസം പ്രകടമാക്കുന്ന സ്പഷ്ടമായ ഒരു പ്രസ്താവനയാണ് നിരീശ്വരത്വം.' നവനാസ്തികരുടെ അടിസ്ഥാന ആശയമായ നിരീശ്വരത്വം പോലും ശാസ്ത്ര സമ്പ്രദായവുമായി പൊരുത്തക്കേടിലാണ്. എന്നിരിക്കെ    നവനാസ്തികരെങ്ങനെ ശാസ്ത്രത്തിന്റെ വക്താക്കളാവും?   
നവനാസ്തികര്‍ പറയുന്നതുപോലെ അവര്‍ മാനവികതയുടെ വക്താക്കളാണോ? മനുഷ്യന്റെ ആത്യന്തികമായ നന്മയാണ് മാനവികതയുടെ ലക്ഷ്യമെങ്കില്‍, അത് സാക്ഷാല്‍ക്കരിക്കാനുള്ള എന്ത് മാനദണ്ഡമാണ് നവനാസ്തികരുടെ കൈയിലുള്ളത്? മനുഷ്യന്‍ മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യതിരിക്തനാകുന്നത് കേവലം ശാരീരിക സവിശേഷതകള്‍ കൊണ്ടല്ല, മറിച്ച് മാനവികമൂല്യങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഈ മാനവികമൂല്യങ്ങള്‍ ആരാണ് നിശ്ചയിക്കേണ്ടത് എന്ന കാര്യത്തില്‍ നവനാസ്തികര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്താണ് അതിന്റെ അടിത്തറ എന്ന കാര്യത്തിലും തഥൈവ. 

ഇസ്‌ലാമും മാനവികതയും
എന്നാല്‍ ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം മാനവിക മൂല്യങ്ങളുടെ അടിത്തറ മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ നിയമനിര്‍ദേശങ്ങളാണ്. പ്രപഞ്ചത്തില്‍ നായകസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യനാണെന്നും ആ നായക പദവിക്ക് അവനെ അര്‍ഹനാക്കുന്നത് മാനവികതയാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. മാനവിക മഹത്വമാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ഉല്‍പത്തി സിദ്ധാന്തം. എന്നാല്‍ പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ് മനുഷ്യനെന്ന ജീവവര്‍ഗം എന്ന് സിദ്ധാന്തിക്കുന്ന നവനാസ്തികരുടെ മാനവികതയെക്കുറിച്ചുള്ള വീക്ഷണം മൗലികമാണെന്ന് പറയുക സാധ്യമല്ല. എന്നാല്‍, സവിശേഷവും വ്യതിരിക്തവും ഉത്കൃഷ്ടവുമായി ദൈവനിശ്ചയപ്രകാരം സൃഷ്ടിക്കപ്പെട്ട ജീവിയായാണ് മനുഷ്യനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ദൈവിക ചൈതന്യം കൊണ്ട് പോഷിപ്പിക്കപ്പെട്ടതാണ് മനുഷ്യന്റെ അസ്തിത്വം എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ശരീര ഘടനയിലും മനുഷ്യസൃഷ്ടി വിശിഷ്ടമാണെന്ന്  ഖുര്‍ആന്‍ പറയുന്നുണ്ട്. 
മനുഷ്യജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നതും ലക്ഷോപലക്ഷം ജീവവര്‍ഗങ്ങളില്‍നിന്ന് വേര്‍തിരിക്കുന്നതുമാണ്  മനുഷ്യന്റെ ധൈഷണികമായ ശേഷികള്‍. മനുഷ്യന്റെ ഉല്‍പത്തിയെക്കുറിച്ച് വിശദമാക്കുന്ന ഖുര്‍ആനിക വചനങ്ങളില്‍ തന്നെ മനുഷ്യസൃഷ്ടിയില്‍ അന്തര്‍ലീനമായ ധൈഷണിക ശേഷികളെക്കുറിച്ച് പ്രതിപാദിക്കുന്നതായി കാണാം. ഭാഷയും നാമകരണവും വിവരണവും പോലുള്ള ആശയവിനിമയശേഷികളെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. മനുഷ്യരെല്ലാം വിശാലമായ അര്‍ഥത്തില്‍ നോക്കുകയാണെങ്കില്‍ ഒരേ മാതാപിതാക്കളുടെ മക്കളാണെന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ജന്മമല്ല, മറിച്ച് ജീവിതത്തില്‍ കൈക്കൊള്ളുന്ന സൂക്ഷ്മതയാണ് മനുഷ്യ മഹത്വത്തിന് നിദാനമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അന്യായമായി ഒരു മനുഷ്യ ജീവനെ ഹനിക്കുന്നത് മുഴുവന്‍ മനുഷ്യരാശിയെയും ഉന്മൂലനം ചെയ്യുന്നതിന് തുല്യമാണെന്നും, ഒരു മനുഷ്യ ജീവന്‍ രക്ഷിക്കുന്നത് ലോകത്തുള്ള മുഴുവന്‍ മനുഷ്യ ജീവനെയും രക്ഷിക്കുന്നതിന് തുല്യമാണെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഖുര്‍ആന്‍ ഈ വചനത്തിലൂടെ മനുഷ്യ ജീവന്റെ പ്രാധാന്യം സ്പഷ്ടമാക്കുന്നതോടൊപ്പം ചരിത്രത്തില്‍ തുല്യതയില്ലാത്ത മാനവിക പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത്. അതിനാല്‍ ഇസ്‌ലാം മാനവികതയുടെ മതമാണ്. 

നവനാസ്തികരുടെ മാനവികവിരുദ്ധത

നവനാസ്തികര്‍ മാനവികതയുടെ വക്താക്കളാണ് എന്ന് വാദിക്കുന്നതിനോടൊപ്പം തന്നെ, തങ്ങള്‍ മാനവിക വിരുദ്ധരാണ് എന്ന് അവര്‍ സ്വയം തെളിയിക്കുന്നുമുണ്ട്. മനുഷ്യ ജീവന്റെ പ്രാധാന്യമാണല്ലോ മാനവികതാവാദികള്‍ ഉയര്‍ത്തിക്കാണിക്കാറുള്ളത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ പീറ്റര്‍ സിംഗറെ 'വാള്‍സ്ട്രീറ്റ് ജേണല്‍' വിശേഷിപ്പിച്ചത് 'മരണത്തിന്റെ പ്രഫസര്‍' (Professor of Death) എന്നാണ്. അദ്ദേഹത്തെക്കുറിച്ച് ദി ഗാര്‍ഡിയന്‍ പത്രം വിശേഷിപ്പിച്ചത് 'ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍' (The most dangerous man in the world)  എന്നാണ്. നവമാധ്യമങ്ങള്‍ ഒരു നവനാസ്തികനെക്കുറിച്ചാണ് ഇങ്ങനെയെല്ലാം പറയുന്നത്. അതിന് ഗൗരവതരമായ ഒരു കാരണവുമുണ്ട്. പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ 'ബയോ എത്തിക്‌സില്‍' പ്രഫസറായ അദ്ദേഹത്തിന്റെ മുഖ്യവിഷയം ധാര്‍മികതയാണ്. തന്റെ 'മൃഗ വിമോചനം' (Animal Liberation)  എന്ന പുസ്തകത്തില്‍ അദ്ദേഹം ഒരു പദം മുന്നോട്ടുവെക്കുന്നുണ്ട്. "Specieism' എന്ന പദമാണത്. അദ്ദേഹം പറയുന്നത്, മനുഷ്യന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് മൃഗങ്ങളോടുള്ള വിവേചനമാണ് എന്നാണ്. ഇങ്ങനെ പറയുന്ന നവനാസ്തികര്‍, മനുഷ്യജീവന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്ന മാനവികതയുടെ വക്താക്കളാണ് എന്ന് വാദിക്കുന്നത് കാപട്യമല്ലേ?
നവമാധ്യമങ്ങളില്‍ വന്ന വിശേഷണങ്ങള്‍ക്ക് പീറ്റര്‍ സിംഗറെ അര്‍ഹനാക്കിയത് അദ്ദേഹത്തിന്റെ 'പ്രായോഗിക ധാര്‍മികത' (Practical Ethics) എന്ന കൃതിയിലെ ചില വാദങ്ങളാണ്. അംഗവൈകല്യങ്ങളുള്ള കുട്ടികള്‍ ജനിക്കുകയാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്ക് ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. സന്തോഷത്തിന്റെ അളവുകോല്‍ വെച്ച് ജീവിതത്തെ നോക്കുകയാണെങ്കില്‍ ആ കുടുംബത്തിന്റെ സന്തോഷത്തിന്റെ അളവ് കുറയും. അതുകൊണ്ട് ആകെ സന്തോഷത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ അംഗവൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെ കൊല്ലാം എന്നാണ് അദ്ദേഹം ഈ കൃതിയില്‍ സമര്‍ഥിക്കുന്നത്. പ്രശസ്ത ശാസ്ത്ര മാസികയായ 'സൈക്കോളജി ടുഡേ'ക്ക് നല്‍കിയ അഭിമുഖത്തില്‍, പീറ്റര്‍ സിംഗര്‍ 'ഹെപ്പറ്റൈറ്റിസി'നെതിരെയുള്ള  പ്രതിരോധ കുത്തിവെപ്പിന്റെ പരീക്ഷണത്തിന് ചിമ്പാന്‍സിയെ ഉപയോഗിക്കുന്നതിനുപകരം അംഗവൈകല്യമുള്ള മനുഷ്യരെ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. ഇങ്ങനെയുള്ള പീറ്റര്‍ സിംഗറെ നവനാസ്തികതയുടെ നാല് അപ്പോസ്തലന്മാരില്‍ പ്രധാനിയായ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഒരു അഭിമുഖത്തില്‍ പരിചയപ്പെടുത്തുന്നത് തന്നെ 'ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധാര്‍മികനായ മനുഷ്യന്‍' (The most moral man I have ever met)  എന്ന് പറഞ്ഞുകൊാണ്.  മാനവികതയുടെ വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്ന  നവനാസ്തികര്‍ തന്നെയാണ് ഏറ്റവും വലിയ മാനവിക വിരുദ്ധര്‍.

സമൂഹത്തിന്റെ നിലനില്‍പ്പ്

വ്യക്തി എന്ന നിലയില്‍ മനുഷ്യനില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഘടകമാണ് സമൂഹം. ആ സമൂഹത്തിന്റെ നിലനില്‍പ്പിന് ഏറ്റവും അനിവാര്യമാണ് സാമൂഹിക സ്ഥാപനങ്ങള്‍. കുടുംബവും രക്തബന്ധങ്ങളുമെല്ലാം സാമൂഹിക സ്ഥാപനങ്ങളാണ്. ഒരു വ്യക്തിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന സാമൂഹിക സ്ഥാപനമാണ് കുടുംബം. ആ കുടുംബം ഉണ്ടാകുന്നത് വിവാഹത്തിലൂടെയാണ്. വിവാഹത്തിന് അതുകൊണ്ട് തന്നെ ഇസ്‌ലാം ഏറെ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ വിവാഹത്തെ എതിര്‍ക്കുകയാണ് നാസ്തികര്‍ ചെയ്യുന്നത്. നാസ്തികനായ ഏറ്റുമാനൂര്‍ ഗോപാലന്‍ എഴുതുന്നു: ''മതത്തിന്റെ പ്രകടനപരതയെ എതിര്‍ക്കുന്നത് കൊണ്ട് മതപരമായ ആചാരങ്ങളോട് നിഷേധാത്മകത കാണിക്കണമെന്ന് പൊതുവെ അംഗീകരിച്ചിരിക്കുന്നു. 'വിവാഹം' ഉദാഹരണമായി എടുക്കാവുന്നതാണ്. വിവാഹം ഏതുവിധത്തിലുള്ളതായാലും മതപരമാണ്. മതപരമായ സാമൂഹിക സദാചാരം വളര്‍ന്നു വന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരു ഉപാധി എന്ന നിലയില്‍ വിവാഹ സമ്പ്രദായം ആവിഷ്‌കരിക്കപ്പെട്ടത്. ആദികാല സമൂഹങ്ങളില്‍ വിവാഹമില്ലായിരുന്നു.'' വിവാഹത്തെ എതിര്‍ക്കുന്നതു വഴി മറ്റു സാമൂഹിക സ്ഥാപനങ്ങളെ കൂടി തകര്‍ക്കുക മാത്രമല്ല, സാമൂഹികവിരുദ്ധതയുടെ വിഷബീജങ്ങള്‍ സമൂഹത്തില്‍ കുത്തിവെക്കുക കൂടിയാണ് നാസ്തികത ചെയ്യുന്നത്. 
ജീവിതം പരമാവധി ആസ്വദിക്കുക, കാരണം ജീവിതം ഒന്നേയുള്ളൂ എന്നതാണ് അവര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം. റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ അഭിപ്രായത്തില്‍, മനുഷ്യര്‍ ജനിക്കുന്നത് തന്നെ സ്വാര്‍ഥരായിക്കൊണ്ടാണ്. അങ്ങനെ സ്വാര്‍ഥ ജീനുകള്‍ പേറുന്ന മനുഷ്യര്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കപ്പുറം മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും എന്തിന് പരിഗണിക്കണം? മനുഷ്യര്‍ എന്തിന് മറ്റുള്ളവരോട് നന്മ ചെയ്യണം? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി നവനാസ്തികതക്കില്ല. എന്തിനു നന്മ ചെയ്യണം എന്ന ചോദ്യത്തിനുള്ള യുക്തിപരമായ ഉത്തരം നല്‍കാന്‍ മതത്തിന് സാധിക്കും. നന്മ ചെയ്ത് ജീവിതത്തെ സംസ്‌കരിക്കുന്നവര്‍ക്ക് സുഖാനുഭൂതികളുടെ ശാശ്വതമായ ലോകവും, തിന്മ ചെയ്തവര്‍ക്ക് വേദനാജനകമായ ശാശ്വത ജീവിതവും, എന്തിനു നന്മ ചെയ്യണം, തിന്മയില്‍നിന്ന് എന്തിന് വിട്ടുനില്‍ക്കണം എന്ന ചോദ്യത്തിനുള്ള യുക്തിപരമായ ഒരു കാരണമാണ്. ഇത്തരത്തിലുള്ള ഒരു കാരണം നിരത്താന്‍ നവനാസ്തികര്‍ക്ക് സാധ്യമല്ല. നവനാസ്തികര്‍ സൃഷ്ടിച്ചെടുക്കാന്‍ പരിശ്രമിക്കുന്ന ലോകക്രമം ആഗോള തലത്തില്‍ നിലവില്‍ വന്നാല്‍, അത് സാമൂഹികവിരുദ്ധരുടെ പറുദീസ തന്നെയായിരിക്കും എന്ന് നിസ്സംശയം നമുക്ക് പറയാം. 

 

References:- 

1) https://www.scientificamerican.com/article/atheism-is-inconsistent-with-the-scientific-method-prizewinning-physicist-says/
2) ഖുര്‍ആന്‍ 17:70, 2:30
3) ഖുര്‍ആന്‍ 32:79
4) ഖുര്‍ആന്‍ 64:3
5) ഖുര്‍ആന്‍ 2:31, 55:34
6) ഖുര്‍ആന്‍ 4:1
7) ഖുര്‍ആന്‍ 49:13
8) ഖുര്‍ആന്‍ 5:32
9) 'Animal Liberation‑' þ Peter Singer - (page - 18)
10)Practical Ethics‑' þ Peter Singer - (page - 186)
11) https://www.utilitarian.net/singer/interviews-debates/1999----02.htm
12) ജാമിഉത്തുര്‍മുദി  (Book  11)  (Hadith - 2) കിതാബുന്നികാഹ്
13) 'യുക്തിവാദിയുടെ സാമൂഹിക വീക്ഷണം', ഏറ്റുമാനൂര്‍ ഗോപാലന്‍, പേജ് 30
14) ‘Selfish Gene‑' þ Richard Dawkins - (Chapter - I - Why are people?) - (page -3)

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌