Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

അധാര്‍മിക രാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിണതി

സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യാ ചരിത്രത്തിലെതന്നെ ഏറ്റവും അപഹാസ്യമായ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും പങ്കാളികളായ മഹാ വികാസ് അഘാഡി എന്ന ത്രികക്ഷി സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ് ഇതെഴുതുമ്പോള്‍.  വിചിത്ര ജീവികള്‍ ശയ്യ പങ്കിടുന്ന പുതിയ ഭരണകൂടത്തിന്റെ ആയുസ്സെത്ര എന്ന ചോദ്യവും വരും ദിനങ്ങളില്‍ ശക്തമായി ഉയര്‍ന്നുവരും. സകലവിധ ഭരണഘടനാ ചട്ടങ്ങളും ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി തങ്ങളുടെ സ്വന്തം ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിക്കസേരയിലിരുത്താന്‍ ശ്രമിച്ചത്. കസേരയില്‍ ഇരുന്നെങ്കിലും ഇരുന്നതിനേക്കാള്‍ വേഗത്തില്‍ എണീക്കേണ്ടിവരികയും ചെയ്തു. ഇതിനു വേണ്ടി രാഷ്ട്രപതി ഭവന്‍, രാജ് ഭവന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം ചവിട്ടിമെതിച്ചു. ഈ കുതിരക്കച്ചവടത്തിന്റെയും കുതികാല്‍വെട്ടിന്റെയും പാരമ്യത്തിലായിരുന്നു ഇന്ത്യന്‍ ഭരണഘടന എഴുപതാണ്ട് പിന്നിട്ടതിന്റെ ആഘോഷങ്ങള്‍. ചെയ്തതിലൊന്നും യാതൊരു ചമ്മലുമില്ലാതെ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളുടെ ഭരണഘടനാ സംരക്ഷണ വെടിക്കെട്ട് പ്രസംഗങ്ങളും ഉണ്ടായി. രാഷ്ട്രീയം ഇത്രയേറെ ചീഞ്ഞുനാറിയ മറ്റൊരു സന്ദര്‍ഭം ഉണ്ടാകാനിടയില്ല.
രാഷ്ട്രീയ നീക്കങ്ങളെല്ലാം അധാര്‍മികവും അശ്ലീലവുമാകുന്ന ഒരു ചരിത്രഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കൂറുമാറ്റവും ചാക്കിട്ടുപ്പിടിത്തവുമൊക്കെ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോഴതിന് യാതൊരുവിധ ലോജിക്കും ബാധകമല്ലെന്നായിരിക്കുന്നു. സംസ്ഥാന നിയമസഭയില്‍ ഒരൊറ്റ എം.എല്‍.എ പോലുമില്ലാത്ത ഒരു കക്ഷി ഒരൊറ്റ ദിവസം കൊണ്ട് മുഖ്യ പ്രതിപക്ഷമാകുന്ന അപൂര്‍വ പ്രതിഭാസം നമ്മുടെ രാജ്യത്തുണ്ടായി. ആ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ കക്ഷിയെ ഹോള്‍സെയിലായി ചാക്കിട്ടു പിടിക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുക പോലുമില്ല ബി.ജെ.പിയുടെ ചട്ടുകങ്ങളായി മാറിയ ഗവര്‍ണര്‍മാര്‍. മഹാരാഷ്ട്രയില്‍ കണ്ടത് ഇതിന്റെ ഏറ്റവും വൃത്തികെട്ട മുഖമായിരുന്നു. പക്ഷേ, 'ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍' സുപ്രീം കോടതി സത്വരം ഇടപെട്ടതു കൊണ്ടു മാത്രമാണ് നാടകത്തിന് താല്‍ക്കാലികമായെങ്കിലും തിരശ്ശീല വീണത്. 'കുതിരക്കച്ചവടത്തിന് സാധ്യതയുണ്ട്' എന്നും കോടതി നിരീക്ഷിക്കുകയുണ്ടായല്ലോ.
അജിത് പവാറിലൂടെ എന്‍.സി.പി എം.എല്‍.എമാരെ മൊത്തം അടര്‍ത്തി മാറ്റാനുള്ള ശ്രമം പാൡയങ്കിലും കര്‍ണാടകയിലേതു പോലെ ഈ സഖ്യകക്ഷി ഭരണത്തെ തകര്‍ത്തിട്ടേ ബി.ജെ.പി അടങ്ങു എന്ന കാര്യം വ്യക്തം. ഒരവസരം കിട്ടിയാല്‍ പഴയ നാടകങ്ങളൊക്കെ വീണ്ടും തകര്‍ത്താടും. ബി.ജെ.പിയെ മാത്രം കുറ്റപ്പെടുത്തുന്നതിലും അര്‍ഥമില്ല. മുക്കൂട്ട് മുന്നണിയിലെ ശിവസേന ആശയപരമായി കോണ്‍ഗ്രസ്സിന്റെയും എന്‍.സി.പിയുടെയും എതിര്‍ ധ്രുവത്തിലാണ്. മുഖ്യ ശത്രുവിനെതിരെ അവര്‍ ഇപ്പോള്‍ ഒന്നിച്ചെങ്കിലും ഈ ഭിന്നത മറനീക്കി പുറത്തുവരുമെന്ന് തന്നെ കരുതണം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഒന്നുകില്‍ ശിവസേന നിലപാട് മാറ്റണം. അല്ലെങ്കില്‍ ശിവസേനയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസ്സും എന്‍.സി.പിയും കണ്ടില്ലെന്നു നടിക്കണം.
ഏതൊരു രാജ്യത്തും ജനാധിപത്യം വിജയിക്കണമെങ്കില്‍ അന്നാട്ടുകാര്‍ക്ക് മിനിമം ധാര്‍മികതയെങ്കിലുമുണ്ടായിരിക്കണമെന്ന് മൗലാനാ മൗദൂദി നിരീക്ഷിച്ചിട്ടുണ്ട്. പൊതുജീവിതത്തില്‍ ധാര്‍മികതയും സത്യസന്ധതയും സുതാര്യതയും കാലം ചെയ്ത ഒരു നാട്ടില്‍ ഇപ്പോള്‍ നടന്നതൊക്കെയും ഇനിയും പല രീതിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. സ്ഥലവും കാലവും അഭിനേതാക്കളും മാത്രമേ മാറുന്നുള്ളൂ. മൗലാനാ മൗദൂദി പറഞ്ഞ അതേ കാര്യം മറ്റൊരു ഭാഷയില്‍ ഡോ. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്: ''ഒരു ഭരണഘടന പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും ആ ഭരണഘടനയുടെ സ്വഭാവം അനുസരിച്ചല്ല... തങ്ങളുടെ രാഷ്ട്രീയവും അഭിലാഷങ്ങളും ചുമലിലേറ്റാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വഭാവമനുസരിച്ചിരിക്കും സ്റ്റേറ്റ് മെഷിനറികളുടെ പ്രവര്‍ത്തനം.'' ഇങ്ങനെ തെരഞ്ഞെടുക്കുന്നവരും തെരഞ്ഞെടുക്കപ്പെടുന്നവരും ഒരുപോലെ അഴിമതിയിലും അധാര്‍മികതയിലും മുങ്ങിക്കുളിച്ചിരിക്കെ ആര്‍ക്ക്, എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനാവുക! 

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌