Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

പുസ്തകങ്ങളെ മരിക്കാന്‍ വിടാത്ത പുസ്തകമേള

കെ.ടി ഹുസൈന്‍

അറബ് ലോകം രാഷ്ട്രീയമായി രാജഭരണത്തിലാണെങ്കിലും വായനയോടും പുസ്തകങ്ങളോടുമുള്ള അവരുടെ താല്‍പര്യം മേറ്റതൊരു ജനാധിപത്യ രാജ്യത്തോടും കിടപിടിക്കുന്നതാണെന്ന് തെളിയിക്കുന്നതാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ അവസാനത്തിലും നവംബര്‍ ആദ്യത്തിലുമായി പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഷാര്‍ജ ഇന്റര്‍നാഷ്‌നല്‍ ബുക്ക്‌ഫെയര്‍. വലുപ്പത്തില്‍ ലോകത്ത് തന്നെ രണ്ടാമത്തെയോ മൂന്നാമത്തെയോ പുസ്തകമേളയാണ് വായനയെയും എഴുത്തിനെയും വല്ലാതെ പ്രണയിക്കുന്ന ഷാര്‍ജാ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ ഷാര്‍ജ ഇന്റര്‍ നാഷ്‌നല്‍ ബുക്ക് ഫെയര്‍. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷം ഷാര്‍ജ ബുക്ക്‌ഫെയറില്‍ ഐ.പി.എച്ചിനെ പ്രതിനിധീകരിച്ച് ഡോ. കൂട്ടില്‍ മുഹമ്മദലിയോടൊപ്പം പങ്കെടുക്കാന്‍ അവസരമുണ്ടായി. 
ഷാര്‍ജ ബുക്ക്‌ഫെയര്‍ മലയാളത്തിലെ പ്രസാധകരുടെയും പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും  ഒരു കാര്‍ണിവല്‍ കൂടിയായി മാറിയിട്ടുണ്ട്. ഡി.സിയും മാതൃഭൂമിയും ചിന്തയും അടക്കം മലയാളത്തിലെ മിക്കവാറും എല്ലാ പ്രസാധനാലയങ്ങളും ഇപ്പോള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഷാര്‍ജ മേള ആരംഭിച്ചതു മുതല്‍ മുടങ്ങാതെ പങ്കെടുത്തു വരുന്ന ഏക ഇന്ത്യന്‍  പ്രസാധനാലയം ഐ.പി.എച്ച് മാത്രമാണ്. ഷാര്‍ജ മേള ആരംഭിച്ച കാലത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക പ്രസാധനാലയം ഐ.പി.എച്ച് ആയിരുന്നുവെന്ന് മേളയുടെ മുഖ്യ സംഘാടകരില്‍ ഒരാളായ  മോഹന്‍കുമാര്‍ സൗഹൃദ സംഭാഷണത്തില്‍ അനുസ്മരിക്കുകയുണ്ടായി.   ഇന്നാകട്ടെ, ഇന്ത്യന്‍ പ്രസാധനാലയങ്ങള്‍ക്ക് മാത്രമായി മാറ്റിവെച്ച ഏഴാം നമ്പര്‍ ഹാളിന്റെ  ഭൂരിഭാഗവും കൈയടക്കിയിരിക്കുന്നത് മലയാളത്തിലെ പ്രസാധകരാണ്. തങ്ങളുടെ പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനുള്ള വേദിയായും ഇപ്പോള്‍ ഷാര്‍ജ മേളയെ മലയാളത്തിലെ എഴുത്തുകാരും പ്രസാധകരും മാറ്റിയിരിക്കുന്നു. അതിനാല്‍ മലയാളത്തിലെ നിരവധി എഴുത്തുകാര്‍ ഷാര്‍ജ ബുക്ക്‌ഫെയറില്‍ പങ്കെടുക്കാനായി മാത്രം ഇവിടെ എത്തുന്നുണ്ട്. ഏഴാം നമ്പര്‍ ഹാളിലെ റൈറ്റേഴ്സ് ഹാളില്‍ എല്ലാ ദിവസവും ഇടതടവില്ലാതെ പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും സാംസ്‌കാരിക പരിപാടികളുമായിരുന്നു. ടി പത്മനാഭന്‍, കെ.എസ് ചിത്ര, കെ.ആര്‍ മീര, എം.എസ് പ്രദീപ്  തുടങ്ങിയവരായിരുന്നു മലയാളത്തില്‍നിന്നുള്ള മേളയിലെ പ്രധാന അതിഥികള്‍.
മൂന്ന് പുതിയ പുസ്തകങ്ങളാണ് ഐ.പി.എച്ച് മേളയില്‍ പ്രകാശനം ചെയ്തത്. ഡോ മുഹമ്മദ് ഹമീദുല്ലയുടെ ദൈവദൂതനായ മുഹമ്മദ് (വിവ. അശ്റഫ് കീഴുപറമ്പ്), ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ ആത്മകഥ പൂമ്പാറ്റയുടെ ആത്മാവ് (വിവ. ബഷീര്‍ മിസ്അബ്), ഒ. അബ്ദുര്‍റഹ്മാന്റെ ആത്മകഥ ജീവിതാക്ഷരങ്ങള്‍ എന്നിവയാണ് മേളയില്‍ പ്രകാശനം ചെയ്ത ഐ.പി.എച്ച് കൃതികള്‍. ഡോ. എം.കെ മുനീര്‍, ഡോ. സയ്യിദ് മുഹമ്മദ് ശാകിര്‍, ഡോ. ജാബിര്‍ അമാനി, എം.സി.എ നാസര്‍, ഫൈസല്‍ എളേറ്റില്‍, ഡോ. കൂട്ടില്‍ മുഹമ്മദലി,  ഡോ. മുഹമ്മദ് നജീബ്, കെ.ടി ഹുസൈന്‍, മൊയ്തീന്‍ വടക്കാങ്ങര എന്നിവര്‍ പ്രകാശന പരിപാടിയില്‍ പങ്കെടുത്തു. 
മേളയിലെ ഐ.പി.എച്ച്  പവലിയന്‍ ഉദ്ഘാടനം ചെയ്തത് സാംസ്‌കാരിക പ്രവര്‍ത്തകനായ പി.കെ പോക്കറാണ്. കെ.പി രാമനുണ്ണി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വീരാന്‍കുട്ടി, വി.ടി ബല്‍റാം, ഹുസൈന്‍ സലഫി, കുഞ്ഞി മുഹമ്മദ് പറപ്പൂര്‍, ഹാശിം ഹദ്ദാദ് തങ്ങള്‍, വി.കെ ഹംസ അബ്ബാസ് തുടങ്ങിയ നിരവധി പ്രമുഖര്‍ പവലിയന്‍ സന്ദര്‍ശിച്ചു.
അറബി, ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍, അറബ്  സാഹിത്യത്തെയും കലയെയും കുറിച്ച ഗഹനമായ ചര്‍ച്ചകള്‍, പരമ്പരാഗത അറബ് സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന  കലാ പ്രദര്‍ശനങ്ങള്‍ എന്നിവ കൊണ്ടും മേള സമ്പന്നമായിരുന്നു. ഏറ്റവും കൂടുതല്‍ എഴുത്തുകാര്‍  പങ്കെടുക്കുന്ന മേള എന്ന നിലയില്‍ ഷാര്‍ജ ഇന്റര്‍നാഷ്‌നല്‍ ബുക്ക്‌ഫെയര്‍  ഗിന്നസ് ബുക്കില്‍ ഇടം
പിടിച്ചതാണ് ഇക്കൊല്ലത്തെ പുസ്തക മേളയുടെ സവിശേഷത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 2000 എഴുത്തുകാര്‍ അണിനിരന്ന പ്രത്യേക പരിപാടിയില്‍ ഷാര്‍ജാ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഗിന്നസ് ബുക്കില്‍ ഇടം നേടിയ വിവരം പ്രഖ്യാപിച്ചു. മലയാളത്തിലെ മുന്നൂറോളം എഴുത്തുകാരാണ്  ഈ പരിപാടിയില്‍ പങ്കെടുത്തത്.
ഏകാധിപത്യ രാജ്യങ്ങളില്‍ വായന കൂടുകയാണെന്ന്  മുപ്പത്തെട്ടാമത് ഷാര്‍ജ ഇന്റര്‍നാഷ്‌നല്‍ ബുക്ക്‌ഫെയറിലെ  മുഖ്യാതിഥിയായിരുന്ന  നോബേല്‍ സമ്മാന ജേതാവ് ഓര്‍ഹാന്‍ പമുഖ് ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞത് അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു മേളയിലെ ജനപങ്കാളിത്തം. രാജ്യത്തിനകത്തും പുറത്തും ഒന്നിലധിക അന്താരാഷ്ട്ര പുസ്തക മേളകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അവിടെയൊന്നും ഷാര്‍ജാ മേളയിലേത് പോലുള്ള ജനപങ്കാളിത്തം കാണാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ ടെക്നോളജിയുടെ വികാസത്തില്‍ പുസ്തകങ്ങളും വായനയും മരിച്ചുപോകും എന്ന അശുഭ ചിന്തയെ ഇത്തരം മേളകള്‍ ഒരു പരിധി വരെ ഇല്ലാതാക്കുന്നുണ്ട്. അറബ് ലോകത്തെ പുതിയ രാഷ്ട്രീയ സാഹചര്യം തീര്‍ച്ചയായും പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായി കാണാം. ഇസ്ലാമിക ക്ലാസിക്കുകളും ഫിക്ഷനുകളും ലോക ക്ലാസിക്കുകളുടെ പരിഭാഷകളുമാണ് അറബ് പ്രസാധനാലയങ്ങള്‍ അധികവും വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. കൂടാതെ മനശ്ശാസ്ത്രം, വ്യക്തിത്വ വികസനം, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌