Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

മാവോയിസ്റ്റുകള്‍ക്ക് ആരുമായാണ് ബന്ധം?

കര്‍ഷകത്തൊഴിലാളി യൂനിയന്‍ കോഴിക്കോട് ജില്ലാ സമ്മേളന സമാപനം താമരശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യവെ, കേരളത്തില്‍ മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആരോപിച്ചിരുന്നു. പ്രസംഗം വിവാദമായ ശേഷവും തന്റെ നിലപാടില്‍ ഉറച്ചുനിന്ന ജില്ലാ സെക്രട്ടറി സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ കൊണ്ടാവാം പിറ്റേ ദിവസം തിരുത്തിപ്പറഞ്ഞു. ഇസ്‌ലാമിക തീവ്രവാദ സംഘടനയെന്ന് താന്‍ ഉദ്ദേശിച്ചത് എന്‍.ഡി.എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നായിരുന്നു തിരുത്തല്‍. താമരശ്ശേരി പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും മൊത്തം മുസ്‌ലിം സംഘടനകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംസാരമായാണ് അത് അനുഭവപ്പെടുക. ഇസ്‌ലാമിക പ്രസ്ഥാനത്തെയും അതിന്റെ പോഷക സംഘടനകളെയും പത്ര പ്രസിദ്ധീകരണങ്ങളെയും സഖാവ് പ്രത്യേകം ടാര്‍ഗറ്റ് ചെയ്യുന്നുണ്ടോ എന്നൊരാള്‍ സംശയിച്ചാല്‍ അയാളെയും കുറ്റപ്പെടുത്താന്‍ കഴിയില്ല.
വിവാദ പ്രസ്താവനയെ ബി.ജെ.പി പൂര്‍ണ കൈയടികളോടെ സ്വീകരിച്ചത് സി.പി.എമ്മിനെ ശരിക്കും വെട്ടിലാക്കി. സി.പി.ഐ വരെ അതിനെ പരിഹസിച്ചു തള്ളുകയാണ് ചെയ്തത്. പ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍ സി.പി.എം ഉദ്ദേശിക്കുന്നില്ലെന്ന് അവരുടെ മുതിര്‍ന്ന നേതാക്കളുടെ സംസാരത്തില്‍നിന്ന് വ്യക്തവുമാണ്. അതേസമയം, മുസ്‌ലിം സംഘടനകളെ, പ്രത്യേകിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തെയും അതിന്റെ പോഷക സംഘടനകളെയും തീവ്രവാദചാപ്പ കുത്താന്‍ കേരളത്തിലെ സി.പി.എം വല്ലാതെ ഔത്സക്യം കാണിക്കുന്നുണ്ട്. ഗെയില്‍വിരുദ്ധ സമരത്തില്‍ നാമത് കണ്ടതാണ്. ജനപക്ഷത്ത് നിലയുറപ്പിച്ച് സമരം ചെയ്ത പല സന്ദര്‍ഭങ്ങളിലും ഇത്തരം അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.
സി.പി.എം അംഗങ്ങളായ അലന്‍ ശുഹൈബും ത്വാഹയും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതാണല്ലോ വിവാദ പ്രസ്താവനയുടെ പശ്ചാത്തലം. 'മുസ്‌ലിം തീവ്രവാദികളു'മായുള്ള സമ്പര്‍ക്കമാണ് മാവോയിസത്തിലേക്ക് അവര്‍ വഴുതിവീഴാനുള്ള കാരണം എന്നാണ് പ്രസ്താവനയുടെ ധ്വനി. കേട്ടാല്‍ തോന്നും, ഐ.എസ് ഭീകരന്‍ അബൂബക്കര്‍ ബഗ്ദാദിയോ മറ്റോ അവതരിപ്പിച്ച ആശയമാണ് ഈ മാവോയിസമെന്ന്. 'വിപ്ലവം തോക്കിന്‍കുഴലിലൂടെ' എന്ന മാവോയിസ്റ്റ് ആശയം തന്നെയല്ലേ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി 1948-ല്‍ അംഗീകരിച്ച കല്‍ക്കത്ത തീസീസിലും (ഇതിന് രണദിവെ തീസീസ് എന്നും പേരുണ്ട്) ഉള്ളത്? സായുധ വിപ്ലവം എന്ന ഈ ആശയം ഏതാനും വര്‍ഷങ്ങള്‍ക്കകം പാര്‍ട്ടി കൈയൊഴിഞ്ഞെങ്കിലും, 1964-ല്‍ സി.പി.ഐയുടെ 101 അംഗ ദേശീയ കൗണ്‍സിലില്‍നിന്ന് 32 അംഗങ്ങള്‍ ഇറങ്ങിപ്പോയി സി.പി.ഐ.എം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത് ചൈനയിലെ മാവോക്കും മാവോയിസ്റ്റ് ആശയങ്ങള്‍ക്കും വേണ്ടിയായിരുന്നില്ലേ? പുതുതായി രൂപംകൊണ്ട ഈ പാര്‍ട്ടി വിപ്ലവം സായുധ പോരാട്ടത്തിലൂടെ എന്ന പഴയ കല്‍ക്കത്താ തീസീസ് തിരിച്ചുപിടിക്കുകയാണ് ചെയ്തതെന്ന് തിക്കാറാം ശര്‍മ മെയ്ന്‍ സ്ട്രീം വീക്ക്‌ലിയില്‍ (2015 ഏപ്രില്‍ 5) എഴുതുന്നുണ്ട്. തെരഞ്ഞെടുപ്പുകളൊക്കെ വെറും തട്ടിപ്പാണെന്നും അവര്‍ പ്രചാരണം നടത്തി.
പക്ഷേ 1967-ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഇപ്പറഞ്ഞതൊക്കെ വിഴുങ്ങി സി.പി.ഐ.എം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിക്കകത്തു തന്നെയുള്ള തീവ്രവിഭാഗം ഇതിനെ എതിര്‍ക്കുകയും തെറ്റിപ്പിരിയുകയും ടി. നാഗിറെഡ്ഡിയെപ്പോലുള്ള നേതാക്കളുടെ നേതൃത്വത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും ചെയ്തു. അവരാണിപ്പോള്‍ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. മാവോയിസം എന്നാല്‍ മാവോ സേതൂങ് എന്ന ചൈനീസ് കമ്യൂണിസ്റ്റ് നേതാവിന്റെ ആശയങ്ങളല്ലേ? അതിനിവിടെ പ്രചാരം നല്‍കിയത് ആരാണ്? 1966 മുതല്‍ 1976 വരെ കമ്യൂണിസ്റ്റ് നേതാക്കളടക്കം ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ മാവോയുടെ ഉന്മൂലന പദ്ധതിയെ ഇവിടെ 'സാംസ്‌കാരിക വിപ്ലവ'മായി ആഘോഷിച്ചു നടന്നത് ആരായിരുന്നു? മറ്റുള്ളവരുടെ പുറത്ത് മാവോയിസ്റ്റ് ചാപ്പ കുത്തുമ്പോള്‍ സ്വന്തം ചരിത്രം അവരെ തിരിഞ്ഞുകൊത്തുമെന്ന സത്യം ഓര്‍മിപ്പിച്ചുവെന്നു മാത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌