Prabodhanm Weekly

Pages

Search

2019 നവംബര്‍ 22

3127

1441 റബീഉല്‍ അവ്വല്‍ 24

മെന്ററിംഗ്: വിദ്യാഭ്യാസ നവീകരണത്തിന് മാറ്റുകൂട്ടും

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്

'നീതി ആയോഗ്' തയാറാക്കിയ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര പട്ടികയില്‍ കേരളം ഒന്നാംസ്ഥാനം കൈവരിച്ചുവെന്നത് തികച്ചും അഭിമാനകരമാണ്. മറ്റേതൊരു സംസ്ഥാനത്തേക്കാളും വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഖജനാവിന്റെ പകുതിയിലധികം വിദ്യാഭ്യാസത്തിനായി നമ്മുടെ സംസ്ഥാനം ചെലവഴിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ സജീവ ശ്രദ്ധ പതിയുന്നുവെന്നത് ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും പഠനരീതി കൂടുതല്‍ ശിശുസൗഹൃദവും ആകര്‍ഷകവുമാക്കാനും ഉപകാരപ്പെടുന്നു. പൊതുവിദ്യാഭ്യാസരംഗം ശാക്തീകരിക്കാന്‍ കൈക്കൊണ്ട നടപടികള്‍ അധ്യയന സമ്പ്രദായത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്കിടയാക്കി. ഇവയൊക്കെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഉപകരിച്ചുവെന്ന് കാണുമ്പോള്‍ നീതി ആയോഗിന്റെ റിപ്പോര്‍ട്ട് തികച്ചും അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്.
ഖജനാവില്‍നിന്ന് ഇഷ്ടം പോലെ പണം ചെലഴവിച്ചതുകൊണ്ടുമാത്രം പരിഷ്‌കാരങ്ങള്‍ യാഥാര്‍ഥ്യമാവുകയില്ല. കാലത്തിന്റെ മാറ്റങ്ങള്‍ക്കും തേട്ടങ്ങള്‍ക്കുമനുസരിച്ച് നവംനവങ്ങളായ പദ്ധതികളും പരിഷ്‌കാരങ്ങളും ആവശ്യമാണ്. ഇതോടൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെ പൊതുവെയുമുള്ള പങ്കാളിത്തം കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ രംഗത്ത് എടുത്തുപറയത്തക്ക പുതിയ നീക്കമാണ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മെന്ററിംഗ് സമ്പ്രദായം. ഈ മാസം സ്‌കൂളുകളില്‍ പ്രത്യേക അധ്യാപക-രക്ഷാകര്‍തൃ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി മെന്ററിംഗ് പദ്ധതി വിശദീകരിക്കാനാണ് ഗുണനിലവാര പരിപാടി മേല്‍നോട്ട സമിതി (ക്യു.ഐ.പി) തീരുമാനിച്ചിട്ടുള്ളത്. ഇതോടൊപ്പം പഠനോത്സവങ്ങള്‍, സമഗ്ര പോര്‍ട്ടല്‍, സ്‌കൂള്‍-രക്ഷാകര്‍തൃബന്ധം മെച്ചപ്പെടുത്തല്‍ തുടങ്ങിയ പരിപാടികളും പി.ടി.എ യോഗങ്ങളില്‍ അവതരിപ്പിക്കും.
വിദ്യാഭ്യാസം ഉള്‍പ്പെടെ ബഹുമുഖ ഉല്‍പാദന-തൊഴില്‍ മേഖലകളില്‍ മെന്ററിംഗ് സമ്പ്രദായത്തിന്റെ ഗുണവശം ലോകം അംഗീകരിച്ചുകഴിഞ്ഞതാണ്. മറ്റൊരാളുടെ ജീവിത മേഖലകളിലും തൊഴില്‍രംഗത്തും പുരോഗതി കൈവരിക്കാന്‍ തന്റെ അറിവും നൈപുണികളും അനുഭവവും പങ്കുവെക്കുന്നയാളാണ് മെന്റര്‍; അധ്യാപകന്‍ മെന്ററായി മാറുന്നതോടെ വൈജ്ഞാനികമായും മാനസികമായും കൂടുതല്‍ ഉന്നതങ്ങളിലേക്ക് പറന്നുയരാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. നാളെയുടെ നാദവും ഭാവിവാഗ്ദാനവുമായി അവര്‍ മാറുന്നു. വഴികാട്ടി, പരിചാരകന്‍, ഫെലിസിറ്റേറ്റര്‍ തുടങ്ങിയ വിശേഷണങ്ങള്‍ അധ്യാപകന്റെ മേല്‍ ചാര്‍ത്തുന്നുണ്ടെങ്കിലും പ്രായോഗികരംഗത്ത് അതിന്റെ അടയാളങ്ങള്‍ പലപ്പോഴും കാണാനില്ല. അധ്യാപകന്‍ മെന്റര്‍ ആകുന്നതോടെ തക്കസമയത്ത് ആവശ്യമായ സഹായവും മാര്‍ഗദര്‍ശനവും നല്‍കി ശരിയായ പാതയിലൂടെ വിദ്യാര്‍ഥികളെ നയിക്കാന്‍ കഴിയും. ഇതുവഴി അധ്യാപകന്‍ തന്റെ നല്ലനല്ല അനുഭവങ്ങള്‍ കുട്ടികളിലേക്ക് കൈമാറുന്നു. അതിന്റെ സദ്ഫലങ്ങള്‍ ജീവിതത്തിലുടനീളം പ്രകടമാവുകയും ചെയ്യും. കുട്ടികളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും മെന്ററിംഗിലൂടെ സാധിക്കും. അവര്‍ ലക്ഷ്യബോധമുള്ളവരായി മാറുന്നു. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കണ്ടറിയാനും തിരിച്ചറിയാനുമുള്ള അവസരം കരഗതമാവുന്നു.
വിദ്യാഭ്യാസരംഗത്ത് ഇനിയും നമുക്ക് കൈവരിക്കാന്‍ കഴിയാതെ പോയ പല സുപ്രധാന കാര്യങ്ങളുമുണ്ട്. ചിന്താപരമായ നൈപുണികള്‍ കുട്ടികളില്‍ ഉണ്ടാകുന്നില്ല, ഗവേഷണപരതയില്ല. ഭാഷകള്‍ പഠിക്കുന്നുവെങ്കിലും ഭാഷാ പണ്ഡിതന്മാര്‍ ഉണ്ടാകുന്നില്ല. ചരിത്രം മനപ്പാഠം പഠിച്ച് മാര്‍ക്ക് വാങ്ങുന്നു; പക്ഷേ ചരിത്രകാരന്മാര്‍ ഉദയം ചെയ്യുന്നില്ല. വിദ്യാഭ്യാസത്തെ തൊഴില്‍ സമ്പാദനത്തിനു മാത്രമുള്ള മാര്‍ഗമായി ഏതൊരു സമൂഹം കാണുന്നുവോ ആ സമൂഹത്തില്‍ ഇത്തരം അപചയങ്ങള്‍ സ്വാഭാവികമാണ്. ഈ ഒഴുക്കിനെതിരെ നീന്താന്‍ സമയം അതിക്രമിച്ചിരിക്കുന്നു എന്ന ബോധ്യമാവാം പുതിയ പരീക്ഷണങ്ങളിലേക്ക് നീങ്ങാന്‍ ഗുണമേന്മാ മേല്‍നോട്ട സമിതിയെ പ്രേരിപ്പിച്ചതെന്നുവേണം കരുതാന്‍.
വിദ്യാര്‍ഥിയുടെ സര്‍ഗപരമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവനെ ഉന്നതങ്ങളിലേക്ക് കൈപ്പിടിച്ചുയര്‍ത്താനും സാധിക്കുമ്പോഴാണ് അധ്യാപകന്‍ യഥാര്‍ഥ വഴികാട്ടിയാകുന്നത്. വിദ്യാര്‍ഥികളുടെ നൈസര്‍ഗികമായ കഴിവുകള്‍ കണ്ടെത്തുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും പരാജയപ്പെട്ടുപോകുന്നു എന്നതാണ് ഇന്നത്തെ തലമുറ നേരിടുന്ന വലിയ ദുരന്തം. മുമ്പിലിരിക്കുന്ന കുട്ടികള്‍ നാളെയുടെ നാദങ്ങളാണെന്നും രാഷ്ട്രത്തിന്റെ ചുക്കാന്‍ പിടിക്കേണ്ടവരാണെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് അധ്യാപകന്‍ മെന്ററാകുന്നത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രവര്‍ത്തനപ്രക്രിയയുടെ ശില്‍പശാലയായി ക്ലാസ്മുറികള്‍ മാറുന്നു. ഈ മെന്ററിംഗ് പ്രക്രിയ പഠനവിഷയങ്ങളുടെ സംവേദനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഭാവി സമൂഹത്തിനും രാഷ്ട്രത്തിനും ഉപകാരപ്പെടുന്ന എന്തെല്ലാം സര്‍ഗവാസനകള്‍ വിദ്യാര്‍ഥിയില്‍ അന്തര്‍ലീനമായിരിക്കുന്നുവെന്ന് പഠിക്കാനും വികസിപ്പിക്കാനും അധ്യാപകനു കഴിയണം. അപ്പോഴാണ് നാളത്തെ ഭരണാധികാരികളും ശാസ്ത്രജ്ഞരുമൊക്കെ ക്ലാസ്മുറികളില്‍നിന്ന് ഉദയം ചെയ്യുന്നത്. അപ്പോള്‍ മാത്രമേ ''The Destiny of India is being shaped in the Classroom' (ഇന്ത്യയുടെ ഭാവി ക്ലാസ്മുറികളിലാണ് രൂപപ്പെടുന്നത്) എന്ന കോത്താരി കമീഷന്‍ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ യാഥാര്‍ഥ്യമാവുകയുള്ളൂ. അതോടൊപ്പം തന്നെ കുട്ടികളിലുള്ള ചീത്ത സ്വഭാവങ്ങളെയും അനഭിലഷണീയ പ്രവണതകളെയും മുളയില്‍തന്നെ നുള്ളിക്കളയാനുള്ള അവസരവും മെന്ററിംഗിലൂടെ കരഗതമാവുന്നു. ഇതിനുള്ള ആര്‍ജവവും പക്വതയും നേടിയെടുക്കാന്‍ അധ്യാപകരെ പരിശീലിപ്പിച്ചെടുക്കേണ്ടതുമുണ്ട്.
ഈ സംരംഭത്തില്‍ രക്ഷിതാക്കളെക്കൂടി പങ്കാളികളാക്കാനുള്ള കാല്‍വെപ്പാണ് രക്ഷാകര്‍തൃ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നതിന്റെ മറ്റൊരു ഉദ്ദേശ്യം. ഓരോ കുട്ടിയും അനന്തരമായി ലഭിക്കുന്ന സ്വഭാവ സവിശേഷതകളോടും പ്രകൃതത്തോടും കൂടിയാണ് അമ്മയുടെ മടിത്തട്ടില്‍ വളരുന്നത്. കൃത്യമായ സാമ്പത്തിക-സാമൂഹിക ചുറ്റുപാടുകള്‍ ഓരോ ഘട്ടത്തെയും കരുപ്പിടിപ്പിക്കുന്നു. ഈ ഘട്ടങ്ങളിലെല്ലാം കുട്ടിയോടൊപ്പം താങ്ങും തലോടലുമായി നിന്ന് പരിചരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരാണ് മെന്റര്‍മാര്‍. അധ്യാപകര്‍ മാത്രമല്ല, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ മെന്റര്‍മാര്‍ തന്നെയാണ്. എ.പി.ജെ അബ്ദുല്‍കലാം 'വിംഗ്‌സ് ഓഫ് ഫയര്‍' എന്ന പുസ്തകത്തില്‍ താന്‍ സത്യസന്ധതയും സ്വയം അച്ചടക്കവും പഠിച്ചത് മാതാവില്‍നിന്നും പിതാവില്‍നിന്നുമാണെന്ന് പറയുന്നുണ്ട്. കുട്ടികള്‍ക്ക് അവരുടെ ചിന്തകള്‍ക്കും ഭാവനകള്‍ക്കും അനുസൃതമായി പറന്നുയരാനുള്ള വഴിതുറക്കുകയാണ് മെന്റര്‍മാര്‍ ചെയ്യുന്നത്. രാമനാഥപുരത്തെ ഷുവാട്‌സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്റെ അധ്യാപകരായിരുന്ന ഇയ്യാദുരെ സോളമന്‍, രാമകൃഷ്ണ അയ്യര്‍, ട്രിച്ചി സെന്റ് ജോസഫ്‌സ് കോളേജിലെ റവ. ഫാ. ടി.എന്‍ സ്‌കറിയ, പ്രഫ. ചിന്നദ്വരെ, പ്രഫ. കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ തന്റെ വളര്‍ച്ചക്കും പുരോഗതിക്കും നല്‍കിയ മഹത്തായ സംഭാവനകളെക്കുറിച്ചും എ.പി.ജെ അഭിമാനപൂര്‍വം സ്മരിക്കുന്നുണ്ട്. കുട്ടികളുടെ വൈജ്ഞാനികദാഹം ശമിപ്പിക്കാന്‍ ബുദ്ധികൂര്‍മതയും തളരാത്ത ഉത്സാഹവുമാണ് മെന്റര്‍ എന്ന നിലയില്‍ അധ്യാപകനില്‍നിന്നുാകേണ്ടത്. നമ്മുടെ അധ്യാപകരെ പൂര്‍ണാര്‍ഥത്തില്‍ മെന്ററിംഗ് പ്രക്രിയയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ എല്ലാ മേഖലകളിലും തിളക്കമാര്‍ന്ന സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ കഴിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (45-48)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വയം പീഡയേല്‍ക്കലല്ല ആത്മീയത
നൗഷാദ് ചേനപ്പാടി