Prabodhanm Weekly

Pages

Search

2019 നവംബര്‍ 22

3127

1441 റബീഉല്‍ അവ്വല്‍ 24

കല്‍പനകളെല്ലാം നിര്‍ബന്ധങ്ങളല്ല, നിരോധങ്ങളെല്ലാം നിഷിദ്ധങ്ങളും

സദ്‌റുദ്ദീന്‍ വാഴക്കാട്

നിര്‍ബന്ധങ്ങളുടെയും നിഷിദ്ധങ്ങളുടെയും മാത്രം സമുച്ചയമല്ല ഇസ്‌ലാം. വൈവിധ്യതയുടെ സൗന്ദര്യം സൃഷ്ടി പ്രപഞ്ചത്തിന് നല്‍കിയ പോലെ, അതിലെ പ്രധാനിയായ മനുഷ്യന് സമ്മാനിച്ച ജീവിതവ്യവസ്ഥയും ആവിഷ്‌കാര വൈജാത്യങ്ങളാല്‍ മനോഹരമാക്കാന്‍ യുക്തിമാനായ സ്രഷ്ടാവ് ബദ്ധശ്രദ്ധനായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും വിശദീകരിക്കപ്പെടുന്ന നിയമങ്ങള്‍ക്ക് ഒരു പൂന്തോട്ടത്തിന്റെ നിറഭേദങ്ങള്‍ കാണാം. നിയമസംഹിതക്കകത്ത് നിര്‍ബന്ധങ്ങളുടെയും നിഷിദ്ധങ്ങളുടെയും എതിര്‍ദിശകളിലുള്ള രണ്ടേരണ്ട് വഴികള്‍ മാത്രമല്ല ഉള്ളത്.  അതിനകത്ത് ഊര്‍ജ പ്രസരണികളായി പടര്‍ന്നും പുറത്ത് സുരക്ഷാകവചമായി പൊതിഞ്ഞും ബൃഹത്തായൊരു ധര്‍മസംഹിതയുണ്ട്. നിയമസംഹിതയെ ധര്‍മസംഹിത കൊണ്ട് ജീവസ്സുറ്റതാക്കിയ ദര്‍ശനമാണ് ഇസ്‌ലാം.
അനുഷ്ഠാനത്തിന്റെയും തിരസ്‌കാരത്തിന്റെയും ബഹുവിധ സാധ്യതകള്‍ തുറന്നിടുന്ന വ്യത്യസ്ത സ്വഭാവമുള്ള നിയമങ്ങള്‍,  വ്യത്യസ്ത വ്യക്തിത്വങ്ങളോടും സാഹചര്യങ്ങളോടും സംവദിക്കാന്‍ ശേഷിയുള്ളതാണ്. അതുകൊണ്ടാണ്, ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും യൂറോപ്പിലും ഭിന്നസാഹചര്യങ്ങളില്‍, വിരുദ്ധ പ്രകൃതങ്ങളോടെ കഴിയുന്ന അനേകകോടികള്‍ക്ക് ഒരേ സമയം ഇസ്‌ലാം ഇഷ്ടദര്‍ശനമാകുന്നത്. നിര്‍ബന്ധങ്ങളിലും (ഫര്‍ദ്, വാജിബ്) നിഷിദ്ധങ്ങളിലും (ഹറാം) കണിശത പുലര്‍ത്തിയും ഐഛിക കര്‍മങ്ങളുടെ ധാരാളിത്തം വഴിയും അല്ലാഹുവിന്റെ  സാമീപ്യം നേടുന്ന ഭക്തിയില്‍ മുമ്പരായവരെ ഇസ്‌ലാം പ്രകീര്‍ത്തിക്കുന്നു. നിര്‍ബന്ധങ്ങള്‍ മാത്രം നിര്‍വഹിച്ചും നിഷിദ്ധങ്ങള്‍ ഉപേക്ഷിച്ചും ചില മൂല്യങ്ങള്‍ പാലിച്ചും ജീവിച്ചവര്‍ക്കും ഇസ്‌ലാം പരലോക വിജയം ഉറപ്പ് നല്‍കുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ അംഗീകരിച്ചു പൂര്‍ത്തീകരിച്ചാല്‍ പിന്നെ അല്ലാഹുവിലേക്ക് പല വഴികളുണ്ട് എന്നര്‍ഥം. മനുഷ്യ പ്രകൃതത്തെ പരിപാലിക്കുന്ന പശിമ ഇസ്‌ലാമിന്റെ മഹിമയാകുന്നത് ഇതുകൊണ്ടെല്ലാമാണ്. 

കല്‍പനാ - നിരോധങ്ങളുടെ പ്രാധാന്യം
വിശുദ്ധ ഖുര്‍ആനിലെയും നബിചര്യയിലെയും കല്‍പനാ പ്രയോഗങ്ങളുടെയും (ഫിഅ്‌ലുല്‍ അംറ്) നിരോധ ക്രിയകളുടെയും (ഫിഅ്‌ലുന്നഹ്‌യ്) അര്‍ഥവും ഉദ്ദേശ്യവും പ്രമാണ വായനയിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. കല്‍പനാ പ്രയോഗങ്ങളെല്ലാം നിര്‍ബന്ധങ്ങളെയും (വുജൂബ്), നിരോധ ക്രിയകളെല്ലാം നിഷിദ്ധങ്ങളെയും (ഹറാം) കുറിക്കുന്നുവെന്നും അവ അനുഷ്ഠിക്കാത്തവര്‍ പാപികളാണെന്നും ചിലര്‍ ധരിച്ചുവശാകുന്നു. മറ്റു ചിലരാകട്ടെ, പ്രാധാന്യവും ഗൗരവവും ചോര്‍ത്തിക്കളഞ്ഞു കൊണ്ട് തികഞ്ഞ ഉദാസീനതയോടെ വിധിവിലക്ക് വചനങ്ങളെ സമീപിക്കുന്നു. പ്രമാണങ്ങള്‍ ബാഹ്യമായി പഠിച്ചിട്ടുണ്ടെങ്കിലും നിദാന ശാസ്ത്രതത്ത്വങ്ങള്‍ യഥാവിധി മനസ്സിലാക്കാത്തതിന്റെ ഫലമാണിത്.
ഉത്തരേന്ത്യന്‍ യാത്രക്കിടയില്‍ കണ്ടുമുട്ടിയ ഒരു ദീനീസ്ഥാപന മേധാവി 'മുഫ്തി'യുടെ യോഗ്യത നേടി പഠനം പൂര്‍ത്തീകരിച്ചയാളാണെന്ന് അദ്ദേഹത്തില്‍ നിന്നുതന്നെ അറിയാനായി. ഖുര്‍ആനിലെ കല്‍പനാ പ്രയോഗങ്ങള്‍ ഏതൊക്കെ വിധത്തിലുണ്ടെന്ന അന്വേഷണത്തിന്, ആദ്യമായി കേള്‍ക്കുന്നവന്റെ അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന കണ്ണുകളായിരുന്നു മറുപടി. ദക്ഷിണേന്ത്യയിലെ നവ പ്രഭാഷകനേതാക്കളും ഏറെയൊന്നും വ്യത്യസ്തരല്ല. നിദാന ശാസ്ത്രവും അനുബന്ധ വിഷയങ്ങളും (ഉലൂമുല്‍ ഖുര്‍ആന്‍, ഉസ്വൂലുല്‍ ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ്, താരീഖുത്തശ്‌രീഅ്, മഖാസ്വിദുശ്ശരീഅ തുടങ്ങിയവ) പഠിക്കേണ്ടതിന്റെ പ്രസക്തി ദീനീ വിദ്യാര്‍ഥികളും ഗവേഷകരും പണ്ഡിതരും ഇനിയും ഉള്‍ക്കൊള്ളേണ്ടതായിട്ടാണുള്ളത്. ഇസ്‌ലാമിക കലാലയങ്ങളുടെ പാഠ്യപദ്ധതിയില്‍ നിദാന ശാസ്ത്ര പഠനത്തിന് കുറേക്കൂടി പ്രാധാന്യം നല്‍കേണ്ടതുണ്ട്. പൗരാണികവും ആധുനികവുമായ നിദാന ശാസ്ത്ര ഗ്രന്ഥങ്ങള്‍ സമന്വയിപ്പിച്ച പാഠ്യപദ്ധതിയാകും ഉചിതം.
പ്രമാണങ്ങളുടെ ഭാഷ അറബിയാണ്. കല്‍പനാ ക്രിയകള്‍ക്ക് അറബിയില്‍ ഫിഅ്‌ലുല്‍ അംറ് എന്നാണ് പറയുക. കല്‍പിച്ചു, ശാസിച്ചു എന്നൊക്കെയാണ് അമറയുടെ ഭാഷാര്‍ഥം. കല്‍പിക്കുന്നവന്‍ പദവിയിലും മഹത്വത്തിലും കല്‍പിക്കപ്പെടുന്നവനേക്കാള്‍ ഉയര്‍ന്നിരിക്കണമെന്നത് അംറില്‍ പരിഗണിക്കണമെന്നും ഇല്ലെന്നും പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. അബൂ ഇസ്ഹാഖ് ശീറാസീ, ഇബ്‌നു സ്വബ്ബാഗ്, സംആനീ എന്നിവര്‍ പദവി പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുന്നു. അബുല്‍ ഹുസൈന്‍, ഇമാം ആമിദീ, ഇബ്‌നുല്‍ ഹാജിബ് തുടങ്ങിയവര്‍ മഹത്വം പരിഗണിക്കണമെന്ന പക്ഷക്കാരാണ്. ഒരു ആവശ്യം സൂചിപ്പിക്കുന്ന ഉദ്ദേശ്യപൂര്‍വമുള്ള പദപ്രയോഗം അംറായി പരിഗണിക്കാമെന്നാണ് അബൂ അലിയുടെ നിലപാട്. അംറിന് പ്രത്യേകമായൊരു ക്രിയാരൂപം ഇല്ലെന്നാണ് അബുല്‍ ഹസന്‍ അശ്അരി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.
കര്‍മ ശാസ്ത്ര നിദാന തത്ത്വങ്ങളിലെ അടിസ്ഥാന വിഷയങ്ങളിലൊന്നാണ് കല്‍പന-നിരോധ ക്രിയകള്‍. അവയുടെ പ്രാധാന്യത്തെക്കുറിച്ച് ഇമാം സര്‍ഖശീ പറയുന്നു; 'കല്‍പന - നിരോധ ക്രിയകളെക്കുറിച്ച്  തുടക്കത്തില്‍ തന്നെ ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. അവ രണ്ടുമാണ് പ്രധാനപ്പെട്ട പ്രശ്‌ന വിഷയങ്ങള്‍. അവയെക്കുറിച്ച് ശരിയായ ബോധ്യമുണ്ടായാല്‍ വിധി വിലക്കുകളെ സംബന്ധിച്ച അറിവ് പൂര്‍ണമാകും. അനുവദനീയവും നിഷിദ്ധവും വേര്‍തിരിക്കപ്പെടുന്നതും അതുവഴിയാണ്' (ഉസ്വൂലു സ്സര്‍ഖശീ 11, ദാറുല്‍ കുത്ബില്‍ ഇല്‍മിയ്യ). പ്രമാണങ്ങളിലെ ഭാഷയെ ആധാരമാക്കി ചിന്തിച്ചാല്‍, ഇസ്‌ലാമിക നിയമസംഹിതയുടെ (ശരീഅത്ത്) രൂപീകരണം കല്‍പന - നിരോധ ക്രിയകളില്‍ നിന്നാണ് മുഖ്യമായും സംഭവിക്കുന്നത്. നിയമപരമായ ബാധ്യതകളെല്ലാം ഓരോ മുസ്‌ലിമിലും വന്നു ചേരുന്നത് ഇവ വഴിയാണ്. നിരോധത്തേക്കാള്‍ കല്‍പനക്രിയയാണ് കൂടുതല്‍ പ്രധാനം. അതു കൊണ്ട് ആദ്യവും അധികവുമായി നിദാന ശാസ്ത്രകാരന്മാര്‍ ചര്‍ച്ച ചെയ്യുന്നതും കല്‍പന ക്രിയയെക്കുറിച്ചാണ് (സര്‍ഖശീ, അല്‍ ബഹ്‌റുല്‍ മുഹീത്വ്, 3/257). കല്‍പന ക്രിയകളില്‍ നിന്നു തന്നെ നിരോധങ്ങളും വ്യക്തമാകും. കാരണം, ഒരു വിഷയത്തില്‍ കല്‍പനയുണ്ടെങ്കില്‍ അതിന് വിരുദ്ധമായത് വിലക്കപ്പെട്ടതാണെന്ന് മനസ്സിലാക്കാം എന്ന് ഇബ്‌നു ഖുദാമ പറഞ്ഞിട്ടുണ്ട് (റൗദത്തുന്നാളിര്‍ പേജ് 226, ജാമിഅത്തുല്‍ ഇമാം).

അര്‍ഥ വൈപുല്യം
പ്രമാണങ്ങളിലെ കല്‍പനാ പ്രയോഗങ്ങള്‍ ഇരുപത്തിയാറ് അര്‍ഥങ്ങളിലും ഉദ്ദേശ്യങ്ങളിലും വരുമെന്നാണ് നിദാന ശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നത്; നിര്‍ബന്ധം, ഐഛികം, അനുവാദം, ഭീഷണി, മാര്‍ഗദര്‍ശനം, മാത്യകാ സ്വീകരണം, അനുവാദം, മര്യാദാഭ്യസനം, മുന്നറിയിപ്പ്, പ്രയോജനം, ആദരവ്, വിധേയപ്പെടുത്തല്‍, നിര്‍മാണം, ദുര്‍ബലപ്പെടുത്തല്‍, നിസ്സാരവല്‍ക്കരണം, സമീകരണം, പ്രാര്‍ഥന, ആഗ്രഹം, നിന്ദ്യത, വാര്‍ത്താ വിവരണം, അനുഗ്രഹം, പകരംവെപ്പ്, അത്ഭുതം, നിഷേധം, കൂടിയാലോചന, പാഠമുള്‍ക്കൊള്ളല്‍ എന്നിവയാണവ. ഇവയില്‍ അടിസ്ഥാന അര്‍ഥം ഏത് എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഭാഷാപരവും ബുദ്ധിപരവും നിയമപരവുമായി അംറ് നിര്‍ബന്ധത്തെയും (വുജൂബ്), നഹ്‌യ് നിഷിദ്ധത്തെയും (ഹറാം) കുറിക്കുന്നുവെന്നാണ് നിദാന ശാസ്ത്രകാരന്മാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം (ഇമാം റാസീ, അല്‍മഹ്‌സ്വൂല്‍, 2/44). ഐഛികം (നദ്ബ്) ആണ് അംറിന്റെ ഉദ്ദേശ്യമെന്ന് ഒരു വിഭാഗം പറയുന്നു.
പ്രമുഖ ഹനഫി പണ്ഡിതന്‍ അബൂമന്‍സൂര്‍ മാതുരീദി അഭിപ്രായപ്പെടുന്നത്, നിര്‍ബന്ധത്തെയും ഐഛികത്തെയും കല്‍പനാക്രിയ പങ്കുവെക്കുന്നുവെന്നാണ്. നിര്‍ബന്ധം, ഐഛികം, അനുവാദം എന്നിവ മൂന്നും അംറ് അടിസ്ഥാനപരമായി ഉള്‍ക്കൊള്ളുന്നുവെന്ന നിലപാടുകാരുമുണ്ട്. അബൂ ഹാമിദുല്‍ ഇസ്ഫറാഈനീ, ഇമാം റാസീ, ഖാദീ അബുത്ത്വയ്യിബ് ത്വാഹിറുത്ത്വബരി തുടങ്ങിയവരെല്ലാം കല്‍പനക്രിയക്ക് നാനാര്‍ഥങ്ങളുണ്ട് എന്ന നിലപാടുകാരാണ്. ഖുര്‍ആനിലെയും സുന്നത്തിലെയും കല്‍പനാ പ്രയോഗങ്ങളെല്ലാം നിര്‍ബന്ധങ്ങളെക്കുറിക്കുന്നതല്ല എന്നും ഏതെങ്കിലുമൊരു കല്‍പനക്രിയ നിര്‍ബന്ധത്തെ സൂചിപ്പിക്കുന്നുവെന്ന് സൂക്ഷ്മനിരീക്ഷണത്തിനു മുമ്പ് വിധി പറയുന്നത് ദീനിന്റെ പൊതുതത്ത്വത്തിന് എതിരാണ് എന്നും സര്‍വാംഗീകൃത നിലപാടാണ്. ഉപരി സൂചിത നിര്‍ദേശങ്ങളില്‍ രണ്ട് മുതല്‍ അഞ്ചു വരെ  അര്‍ഥങ്ങള്‍ പ്രാഥമികമായിത്തന്നെ കല്‍പനക്രിയക്ക് ഉണ്ടാകാം. കല്‍പനാപ്രയോഗത്തിന്റെ പശ്ചാത്തലവും  സാഹചര്യവും പരിഗണിച്ചു കൊണ്ടു മാത്രമേ അതിന്റെ അര്‍ഥവും ഉദ്ദേശ്യവും നിര്‍ണയിക്കാനാകൂ എന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു (ജംഉല്‍ ജവാമിഅ്, ഖാദീ താജുദ്ദീന്‍ അസ്സുബ്കീ, അല്‍ കിതാബുല്‍അവ്വല്‍, പേജ് 40-42).
കല്‍പന - നിരോധ ക്രിയകളോട് ചേര്‍ന്ന് വരുന്ന തെളിവുകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അവയുടെ സ്വഭാവം തീരുമാനിക്കപ്പെടുകയെന്ന നിലപാടാണ് ഉത്തമമായി തോന്നുന്നത്. തെളിവുകളൊന്നുമില്ലെങ്കില്‍ കല്‍പനക്രിയ നിര്‍ബന്ധത്തെക്കുറിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം (ഇബ്‌നുസ്സംആനീ, അല്‍ ഖവാത്വിഅ് 1/92). തെളിവുകളോട് ചേര്‍ന്നു വരുമ്പോള്‍ കല്‍പനക്രിയ ആലങ്കാരിക അര്‍ഥത്തിലായിരിക്കും (ജുര്‍ജാനീ, അത്തഅ്‌രീഫാത്ത്, 223). അതായത്, ഖുര്‍ആനിലോ സുന്നത്തിലോ ഒരു കല്‍പന കണ്ടാല്‍ ഉപേക്ഷിച്ചാല്‍ കുറ്റകരമാകുന്ന നിര്‍ബന്ധം (വാജിബ്, ഫര്‍ദ്) തന്നെയാണ് അതെന്ന് ധരിക്കരുത്. അപ്രകാരം, ചെയ്തു പോയാല്‍ പാപിയാകുന്ന നിഷിദ്ധത്തെ (ഹറാം) മാത്രമാണ് നിരോധം സൂചിപ്പിക്കുന്നതെന്നും വിചാരിക്കരുത്.
കല്‍പനാ - നിരോധ ക്രിയകളുടെ സ്വരഭേദങ്ങള്‍ നിര്‍ണയിക്കാനുള്ള തെളിവുകളും കാരണങ്ങളും എന്താണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല. തെളിവുകള്‍ പ്രമാണങ്ങളില്‍ നിന്നു തന്നെ ലഭിക്കണം, അല്ലെങ്കില്‍ ഏകോപിത തീരുമാനം (ഇജ്മാഅ്) വേണം എന്നാണ് ളാഹിരീ വീക്ഷണം (അല്‍ഇഹ്കാം 3/259). ഇത് ഭൂരിപക്ഷാഭിപ്രായത്തിന് വിരുദ്ധമാണ്. പ്രബലമായ ന്യായങ്ങള്‍ അടിസ്ഥാനമാക്കി കല്‍പനക്രിയയുടെ അര്‍ഥ രൂപീകരണം സാധ്യമാകുമെന്നാണ് ഭൂരിപക്ഷത്തിന്റെ നിലപാട്. പ്രമാണ വാക്യം (നസ്സ്വ്), ഏകോപിത തീരുമാനം (ഇജ്മാഅ്), തുലനം (ഖിയാസ്), ഗ്രാഹ്യം (മഫ്ഹൂം), വാചക ഘടനയും സന്ദര്‍ഭവും (സിയാഖുല്‍ കലാം) തുടങ്ങിയവയും പറയപ്പെട്ടതോ സാന്ദര്‍ഭികമോ ആയ മറ്റു തെളിവുകളും ആധാരമാക്കിയാണ് ഇത് തീരുമാനിക്കേണ്ടത് (ജുവൈനി-അല്‍ ബുര്‍ഹാന്‍, 1/267. സര്‍ഖശീ, അല്‍ബഹ്‌റുല്‍ മുഹീത്വ് 2/364). മര്യാദകളുടെയും ആചാരങ്ങളുടെയും ഗണത്തിലുള്‍പ്പെടുന്ന കാര്യങ്ങളും ചിലപ്പോള്‍ കല്‍പന - നിരോധങ്ങളുടെ ക്രിയകളുപയോഗിച്ചു പറഞ്ഞിട്ടുണ്ടാകാം. കല്‍പന നിര്‍ബന്ധത്തെയും നിരോധം നിഷിദ്ധത്തെയും കുറിക്കുന്നതോടൊപ്പം തന്നെ മര്യാദയുടെയും മറ്റും അര്‍ഥങ്ങളില്‍ വന്നിട്ടുള്ള നിര്‍ദേശങ്ങളെ അങ്ങനെത്തന്നെ മനസ്സിലാക്കണമെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട് (കിതാബുല്‍ ഉമ്മ് 7/305. അര്‍രിസാല 2/352).

ഉദാഹരണങ്ങള്‍
ഇത് മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ചില ഉദാഹരണങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്നത് സംബന്ധിച്ച നബിയുടെ ചില കല്‍പനകള്‍ നിര്‍ബന്ധത്തിന്റെ (വാജിബ്) ഗണത്തിലല്ല, സംസ്‌കാര മര്യാദകളുടെ ഇനത്തിലാണ് ഉള്‍പ്പെടുന്നത്. വലതു കൈ കൊണ്ട് ആഹരിക്കുക, അടുത്തുള്ളത് ഭക്ഷിക്കുക തുടങ്ങിയവ കല്‍പന ക്രിയകള്‍ ഉപയോഗിച്ചാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇത് പാലിക്കപ്പെടേണ്ട ഉത്തമ മൂല്യങ്ങളാണ്, നിര്‍ബന്ധ ശാസനകളല്ല എന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. അംറുബ്‌നു സലമ(റ) നിവേദനം ചെയ്യുന്നു; 'നബി(സ) പറഞ്ഞു: മോനേ, അല്ലാഹുവിന്റെ നാമം ചൊല്ലുക, വലതു കൈ കൊണ്ട് ഭക്ഷിക്കുക, നിന്റെ അടുത്തുള്ളതില്‍ നിന്ന് കഴിക്കുക'(ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍, 'നിങ്ങളിലാരും ഇടതു കൈ കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യരുത്' എന്നും നബി പഠിപ്പിച്ചത് കാണാം (ഇബ്‌നു ഉമര്‍ നിവേദനം ചെയ്ത ഹദീസ്, മുസ്‌ലിം ഉദ്ധരിച്ചത്). കല്‍പന ക്രിയയും (കുല്‍), ശക്തമായ നിരോധവും (തഅ്കീദ്) ഉള്‍പ്പെടുന്നതാണ് ഈ ഹദീസുകള്‍. പക്ഷേ, ഇത് നിര്‍ബന്ധത്തെക്കുറിക്കുന്നതല്ല എന്ന് ഭൂരിപക്ഷം പണ്ഡിതരും പറയുന്നു. ഇത് ഐഛികമാണ്. മര്യാദ പഠിപ്പിക്കലാണ് ഹദീസുകളുടെ ഉദ്ദേശ്യമെന്ന് അവര്‍ വിശദീകരിക്കുന്നു. ഇമാം ശാഫിഈ പറയുന്നു; 'ഭക്ഷണത്തളികയില്‍ അടുത്തുള്ളത് കഴിക്കണമെന്നും മധ്യത്തില്‍ നിന്ന് കഴിക്കരുതെന്നുമുള്ള നബിയുടെ കല്‍പന (അംറ്) ഭക്ഷണ മര്യാദ പഠിപ്പിക്കലാണ്. മധ്യത്തില്‍ നിന്ന് കഴിക്കുന്നതും അനുവദനീയമാകുന്നു. ഭക്ഷണ സദസ്സിന്റെ ഭംഗി അടുത്തുള്ളത് കഴിക്കലാണ്. ആര്‍ത്തിയില്‍ നിന്നും വഷളത്തരത്തില്‍ നിന്നും മുക്തമായ ഭക്ഷണ രീതിയും അതാണ്. ഭക്ഷണത്തിന്റെ മധ്യത്തിലാണ് അനുഗ്രഹം (ബറകത്ത്) ഉള്ളത്, അത് ബാക്കി ഭാഗത്തേക്കും ലഭ്യമാകണം. അതുകൊണ്ടാണ് മധ്യഭാഗം നിലനിര്‍ത്തി അടുത്ത ഭാഗത്തുനിന്ന് കഴിക്കണമെന്ന് പറഞ്ഞത്' (അര്‍ രിസാല 2/352).
വലതു കൈ കൊണ്ട് ഭക്ഷണം കഴിക്കാന്‍ നബി അംറുബ്‌നു സലമയോട്  കല്‍പിച്ച ഹദീസ് വിശദീകരിക്കവെ ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി  ഇമാം ഖുര്‍ത്വുബിയെ ഉദ്ധരിക്കുന്നുണ്ട്; 'ഖുര്‍ത്വുബി പറഞ്ഞു: ഈ കല്‍പന ഐഛികമായ (നദ്ബ്) അര്‍ഥത്തിലാണ്. ഇടതു കൈയേക്കാള്‍ വലതു കൈക്ക് പ്രാമുഖ്യം (തശ്‌രീഫ്) നല്‍കലാണത്. പൊതുവില്‍ വലതു കൈക്കാണ് ഇടതു കൈയേക്കാള്‍ ബലമുണ്ടാവുക. കൂടുതല്‍ പ്രവര്‍ത്തനക്ഷമവും വലതുകൈ തന്നെ. മാത്രമല്ല, വലതുപക്ഷമെന്ന് പറഞ്ഞു കൊണ്ടാണ് സ്വര്‍ഗാവകാശികളെ അല്ലാഹു പരിചയപ്പെടുത്തിയത്. നല്ല കാര്യങ്ങള്‍ക്കെല്ലാം വലതുകൈയാണ് ഉത്തമം. ഈ അര്‍ഥത്തില്‍, സദ്ഗുണങ്ങളുടെ പൂര്‍ണതയെന്ന നിലക്ക് ഐഛികമായ പ്രോത്സാഹനമാണ് നബി(സ) നല്‍കിയത്' (ഫത്ഹുല്‍ ബാരി, 9/523). 'വലതു കൈ മലമൂത്ര ശുചീകരണത്തിന് ഉപയോഗിക്കരുത്' എന്ന് നബി(സ) വിലക്കിയത് അത് നിഷിദ്ധം (ഹറാം) ആണെന്ന അര്‍ഥത്തിലല്ല, പരിശുദ്ധി കാത്തു സൂക്ഷിക്കുക എന്ന നിലക്കാണ് (ഫത്ഹുല്‍ ബാരി 1/253). ഇടതു കൈ കൊണ്ട് ആഹരിക്കുന്നവനെ പിശാചിനോട് തുലനം ചെയ്ത നബിവചനമുണ്ട് (ജാബിറുബ്‌നു അബ്ദുല്ല നിവേദനം ചെയ്ത പ്രബലമായ ഹദീസ്, മുസ്‌ലിം ഉദ്ധരിച്ചത്, 2019). 'നബിയുടെ ഈ വിലക്ക് (നഹ്‌യ്) നിഷിദ്ധത്തെക്കുറിക്കുന്നു. കാരണം വിലക്കിന്റെ (നഹ്‌യ്) അടിസ്ഥാന അര്‍ഥം നിഷിദ്ധം (ഹാം) ആണ്' എന്ന് ഇബ്‌നു അബ്ദില്‍ ബര്‍റ്, ഇബ്‌നു ഹസം, ഇബ്‌നു ഹജര്‍, ശൗകാനി തുടങ്ങിയ ഏതാനും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു (തുഹ്ഫത്തുല്‍ അഹ്‌വദി - 5/518). വലതു കൈയില്‍ കറിയും ഭക്ഷണാവശിഷ്ടവും ഉണ്ടായിരിക്കെ, ഇടതു കൈ കൊണ്ട് വെള്ളം കുടിക്കുന്നവരെ തുറിച്ചു നോക്കുകയും നിങ്ങള്‍ ഇബ്‌ലീസിന്റെ രീതി പിന്തുടരുന്നവരും നബിയുടെ സുന്നത്ത് ലംഘിച്ചവരുമാണെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന മതോപദേശികളെ കണ്ടിട്ടുണ്ട്. അവര്‍ക്ക് ആധാരം ഹദീസിലെ കല്‍പനാ ക്രിയയും ഒറ്റപ്പെട്ട പണ്ഡിതാഭിപ്രായവുമാണ്.
എന്നാല്‍, ഈ വിലക്ക് (നഹ്‌യ്) നിഷിദ്ധം (ഹറാം) എന്ന അര്‍ഥത്തിലല്ല, അനഭിലഷണീയം (കറാഹത്ത്) എന്ന സ്വഭാവത്തിലാണെന്ന നിലപാടാണ് നാല് മദ്ഹബിന്റെ ഇമാമുമാര്‍ക്കും ഭൂരിപക്ഷം പണ്ഡിതന്മാര്‍ക്കുമുള്ളത്.  ഇടതു കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് മര്യാദകേടാണ് എന്ന് സൂചിപ്പിക്കാനാണ് പിശാചിനോട് താരതമ്യം ചെയ്തത്, നിഷിദ്ധമാക്കാനല്ല എന്ന് അവര്‍ വിശദീകരിക്കുന്നു. വലതു കൈ ഉപയോഗിക്കുന്നത് നബി ഇഷ്ടപ്പെട്ടിരുന്നതിനാല്‍ അത് പ്രോത്സാഹിപ്പിക്കാനാണ് ഇടതു കൈ കൊണ്ട് കഴിക്കുന്നത് വിലക്കിയത്. വലതു കൈ കൊണ്ട് കഴിക്കല്‍ നിര്‍ബന്ധമുള്ള കാര്യമല്ല താനും. ഹനഫീ പണ്ഡിതനായ ഇമാം ഇബ്‌നുന്നജീം പറയുന്നു; 'ആരാധനാപരമായ (ഇബാദത്ത്) മാനത്തോടെയാണെങ്കില്‍ മാത്രമേ സ്ഥിരമായി ചെയ്ത കാര്യം സുന്നത്ത് ആവുകയുള്ളൂ. ആചാരപരമായ (ആദത്ത് ) കാര്യമാണെങ്കില്‍ അത് ഐഛികവും (നദ്ബ്) ഉത്തമവും (ഇസ്തിഹ്ബാബ്) ആണ്, സുന്നത്ത് അല്ല. വലത്തേതു കൊണ്ട് ഭക്ഷണം കഴിക്കുന്നതും വസ്ത്രം ധരിക്കുന്നതും ഉദാഹരണം. നബി സ്ഥിരമായി ചെയ്തത് രണ്ടാമത്തെ ഗണത്തില്‍പെടുന്നു. ശര്‍ഹുല്‍ വിഖായയിലും അസ്സിറാജുല്‍ വഹ്ഹാജിലും ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്, (1/30). മാലികി മദ്ഹബിന്റെ അഭിപ്രായം അല്ലാമാ അന്നഫ്‌റാവീ രേഖപ്പെടുത്തുന്നത് ഇങ്ങനെ; 'ഭക്ഷ്യപാനീയങ്ങള്‍ വലതുകൈ കൊണ്ട്  ആഹരിക്കുന്ന മര്യാദ ഐഛികമാണ്' (അല്‍ഫവാകിഹുദ്ദവാനീ). മാലികി മദ്ഹബിന്റെ എല്ലാ ഗ്രന്ഥങ്ങളിലും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ശാഫിഈ മദ്ഹബിന്റെ അഭിപ്രായം ഇമാം ശര്‍ബീനി പറയുന്നു; 'ഭക്ഷണ പാത്രത്തില്‍ കൈ കുടയുക, അടുത്തിരിക്കുന്നവന്റെ ദേഹത്ത് വായില്‍ നിന്ന് വെള്ളം തെറിക്കുക, ഇടതു കൈ കൊണ്ട് തിന്നുക, പാത്രത്തില്‍ ഊതുക തുടങ്ങിയവ വെറുക്കപ്പെട്ട (മക്‌റൂഹ്) കാര്യങ്ങളാണ്' (മുഗ്‌നി അല്‍മുഹ്താജ് 4/412). ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫത്തുല്‍ മുഹ്താജ്, സകരിയ്യ അല്‍അന്‍സാരിയുടെ അസ്‌നല്‍ മത്വാലിബ് തുടങ്ങിയ കൃതികളില്‍ രേഖപ്പെടുത്തിയ മദ്ഹബിന്റെ നിലപാടും ഇതു തന്നെ. ഹമ്പലി പണ്ഡിതന്‍ ഇബ്‌നു ഖുദാമയും (അല്‍ മുഗ്‌നി 7/222), ഇമാം മുറാദവീയും (അല്‍ ഇന്‍സാഫ് 8/327) ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്.  ഖുര്‍ത്വുബി പറയുന്നു: 'ഈ കല്‍പനകളെല്ലാം നന്മകളുടെ പൂര്‍ത്തീകരണവും വിലമതിക്കേണ്ട മൂല്യങ്ങളുമാണ്. ഇതിനുള്ള പ്രോത്സാഹനവും ഐഛിക കര്‍മവുമാണ് (നദ്ബ്) ഹദീസിന്റെ അടിസ്ഥാന സ്വഭാവം. ന്യായം (ഉദ്ര്‍) ഉണ്ടെങ്കില്‍ വലതുകൈ കൊണ്ട് ഭക്ഷിക്കുന്നത് തടയപ്പെടുകയും ഇടതു കൈ കൊണ്ട് അനുവദിക്കപ്പെടുകയും ചെയ്യുമെന്ന് ഇമാം നവവിയുടെ ഒരു അഭിപ്രായം.  വലതു കൈ കൊണ്ട് ഭക്ഷിക്കണം എന്ന ശാസന, ഐഛികം (നദ്ബ്) ആണെന്ന് ശാഫിഈ പണ്ഡിതരില്‍ അധികപേരുടെയും നിലപാട് എന്നാണ് ഹാഫിള് ഇറാഖി തുര്‍മുദിയുടെ വിശദീകരണത്തില്‍ പറയുന്നത്. ഇമാം ഗസ്സാലിയും നവവിയും ഇതു തന്നെ ഉറപ്പിച്ച് പറയുന്നു' (തുഹ്ഫത്തുല്‍ അഹ്‌വദി - 5/518). 
ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്നതിനെ പിശാചിനോട് തുലനം ചെയ്തതിനാല്‍ അത് നിഷിദ്ധവും അതിന് വിരുദ്ധം ചെയ്യല്‍ നിര്‍ബന്ധവും ആണെങ്കില്‍, ഉച്ചഭക്ഷണശേഷം ഉറങ്ങുന്നതും (ഖൈലൂലത്ത്) നിര്‍ബന്ധം (വാജിബ്) ആണെന്നു വരും. കാരണം, പിശാചിന് വിരുദ്ധമായി നിങ്ങള്‍ ഉച്ചയുറക്കില്‍ ഏര്‍പ്പെടണമെന്ന് നബി കല്‍പിച്ചിട്ടുണ്ട്. അനസ് നിവേദനം ചെയ്യുന്നു: നബി പറഞ്ഞു; 'നിങ്ങള്‍ ഉച്ചക്ക് ഉറങ്ങുക. കാരണം പിശാച് ഉച്ചക്ക് ഉറങ്ങാറില്ല' (ത്വബറാനി, അല്‍ മുഅ്ജമുല്‍ വസീത്വ് - 1/13). ഉച്ചയുറക്കം നിര്‍ബന്ധം (വുജൂബ്) ആണെന്നും ഉറങ്ങാത്തവന്‍ കുറ്റവാളിയാണെന്നും ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.   ഇപ്രകാരം ധാര്‍മിക ഉപദേശങ്ങള്‍ ഹദീസുകളില്‍ വേറെയും വന്നിട്ടുണ്ട്, അവ നിര്‍ബന്ധത്തെയും നിഷിദ്ധത്തെയും കുറിക്കുന്നതല്ല, മര്യാദ പഠിപ്പിക്കുന്നതാണ്. 'ഭക്ഷണം കഴിച്ചാല്‍ വിരലുകള്‍ ഊമ്പണം' എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. കല്‍പന പ്രയോഗം (ഫല്‍ യല്‍അഖ്) തന്നെയാണ്  ഹദീസില്‍ വന്നിട്ടുള്ളത്. 'ഭക്ഷണത്തിന്റെ ഏത് അംശത്തിലാണ് ബറകത്ത് ഉള്ളതെന്ന് അറിയില്ല' എന്ന കാരണവും നബി കൂട്ടിച്ചേര്‍ക്കുന്നു (അബൂഹുറയ്‌റ നിവേദനം ചെയ്ത ഹദീസ്, മുസ്‌ലിം ഉദ്ധരിച്ചത്). നബി വിരലുകള്‍ ഊമ്പിയിരുന്നതായും ഹദീസുകളില്‍ കാണുന്നതിനാല്‍ അത് സുന്നത്താണെന്ന കാര്യത്തില്‍ സംശയമില്ല. കല്‍പന പ്രയോഗം നിര്‍ബന്ധത്തെക്കുറിക്കുന്നതാണെങ്കില്‍, ഭക്ഷണാനന്തരം വിരലുകള്‍ ഊമ്പല്‍ നിര്‍ബന്ധവും ചെയ്യാതിരിക്കുന്നത് സുന്നത്തിന്റെ ലംഘനവും ആവില്ലേ?(തുഹ്ഫത്തുല്‍ അഹ്‌വദി - 5/520). 
രണ്ട് കൈകള്‍ ചേര്‍ത്തുകൊണ്ട് ഭക്ഷണം കഴിക്കല്‍ അനുവദനീയമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു, അപ്പോള്‍ ഇടതു കൈ കൊണ്ടും ഭക്ഷിക്കാം എന്ന് വരുന്നു. ഇടതു കൈ കൊണ്ട് മാത്രം ഭക്ഷണം കഴിക്കുന്നതേ വിലക്കപ്പെട്ടിട്ടുള്ളൂവത്രെ! പിശാച് ഇടതു കൈ കൊണ്ട് മാത്രമാണ് ഭക്ഷിക്കുക, പിശാചിന് വിരുദ്ധം ചെയ്യുകയാണ് ലക്ഷ്യം എന്നതിനാല്‍ രണ്ട് കൈകളും ചേര്‍ത്ത് ചെയ്താല്‍ മതിയാകും! രണ്ട് കൈകളില്‍ വെള്ളമെടുത്ത് കുടിക്കല്‍ വെറുക്കപ്പെട്ടതല്ലെന്ന് ഇമാം നവവി പറയുന്നു (അല്‍ മജ്മൂഅ് 3/16). 'വെള്ളം കൈയില്‍ കോരിയെടുത്തവര്‍ ഒഴികെ' എന്ന ആയത്ത് വിശദീകരിവെ, 'മുന്‍കൈകളാണ് ഏറ്റവും ശുദ്ധിയുള്ള പാത്രം' എന്ന അലിയ്യുബ്‌നു അബൂത്വാലിബിന്റെ വചനം ഉദ്ധരിച്ചു കൊണ്ട്, രണ്ട് കൈകളും ചേര്‍ത്ത് ഭക്ഷിക്കാം, അത് നിഷിദ്ധമല്ലെന്ന് ഇമാം ഖുര്‍ത്വുബി പറയുന്നുണ്ട് (തഫ്‌സീറുല്‍ ഖുര്‍ത്വുബി 3/253254).
സംസ്‌കാര മര്യാദകളില്‍ (അദബ്) ഉള്‍പ്പെടുന്ന കാര്യങ്ങളില്‍, കല്‍പനാ പ്രയോഗം (അംറ് ) ഐഛികമായ (നദ്ബ്) അര്‍ഥത്തിലാണ് മനസ്സിലാക്കേണ്ടത്. ഉദാഹരണമായി 'പരസ്പര ഇടപാടുകളില്‍ ഉദാരത മറക്കരുത്' എന്ന സുക്ത ഭാഗം (അല്‍ബഖറ 237) മര്യാദ ഉപദേശിക്കുകയാണ്, നിര്‍ബന്ധം കല്‍പിക്കുകയല്ല. വിലക്കുകള്‍ (നഹ്‌യ്) മര്യാദയുടെയും മാര്‍ഗദര്‍ശനത്തിന്റെയും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന്റെയും (ഇഖ്തിയാര്‍) ഗണത്തില്‍ വരുന്നത് എങ്ങനെയൊക്കെയെന്ന് ഇബ്‌നു അബ്ദുല്‍ ബര്‍റ് വിശദീകരിച്ചതും പ്രസ്താവ്യമാണ് (അല്‍ ഇസ്തിദ്കാര്‍ 5/288).  

 (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (45-48)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വയം പീഡയേല്‍ക്കലല്ല ആത്മീയത
നൗഷാദ് ചേനപ്പാടി