Prabodhanm Weekly

Pages

Search

2019 നവംബര്‍ 22

3127

1441 റബീഉല്‍ അവ്വല്‍ 24

ബാബരി വിധിന്യായത്തിലെ പൊരുത്തക്കേടുകള്‍

എ. റശീദുദ്ദീന്‍

ബാബരി മസ്ജിദ് വിധിയെ അവലോകനം ചെയ്ത് ഹിന്ദു ദിനപത്രം എഴുതിയ എഡിറ്റോറിയലിലെ ആദ്യ വാചകം ഇങ്ങനെയാണ്. 'അനീതി ഇല്ലാതാക്കുക എന്നതിനേക്കാള്‍ ചില അധ്യായങ്ങള്‍ അടച്ചുപൂട്ടലും ശാന്തി ഉറപ്പുവരുത്തലും സുപ്രധാനമായി മാറുന്ന സമയങ്ങള്‍ ഉണ്ടാവാറുണ്ട്. സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ അയോധ്യയിലെ തര്‍ക്കസ്ഥലത്ത് ക്ഷേത്ര നിര്‍മാണത്തിന് ഉത്തരവിടുക വഴി പ്രധാനമായും സാമുദായിക സൗഹാര്‍ദത്തിന് അനുകൂലമായ പാതയാണ് കോടതി തെരഞ്ഞെടുത്തത്.' 70-ലേറെ വര്‍ഷം നീണ്ട അയോധ്യ കേസ് അവസാനിപ്പിച്ച രീതിക്ക് ഇതിനേക്കാള്‍ മികച്ച മറ്റൊരു വിശദീകരണം നല്‍കാനാവില്ല. നിയമവിരുദ്ധമായി തകര്‍ത്ത മുസ്ലിംകളുടെ മസ്ജിദിന് പകരമായി അയോധ്യയില്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി നിയമപരമായ നഷ്ടപരിഹാരത്തേക്കാളുപരി ഒരു രാഷ്ട്രീയ സമാശ്വാസമാണെന്നും മുഖപ്രസംഗം വിലയിരുത്തുന്നുണ്ട്. ഏതെങ്കിലുമൊരു മതത്തിന് മറ്റൊരു മതത്തേക്കാളും ഭരണഘടനാപരമായ പ്രാധാന്യം ഇന്ത്യയില്‍ ഇല്ലെന്നും കോടതി അടിവരയിടുന്നുണ്ട്. എന്നിട്ടും നിയമപരമായി എല്ലാ അര്‍ഥത്തിലും തെറ്റുകാരെന്ന് കോടതി തന്നെ കണ്ടെത്തിയ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് തര്‍ക്കഭൂമി വിട്ടുകൊടുത്തത് കുറച്ചൊന്നുമല്ല നിയ മവൃത്തങ്ങളെ അമ്പരപ്പിക്കുന്നത്. നിയമത്തിന്റെ തത്ത്വങ്ങളെ കൃത്യമായി ഉപന്യസിക്കുകയും എന്നിട്ട് തെറ്റായ അവകാശവാദങ്ങള്‍ക്കു മേല്‍ അത് ബാധകമാക്കുകയുമായിരുന്നു കോടതി ചെയ്തത്. വിധിപ്രസ്താവത്തിലുടനീളം എണ്ണിപ്പറയുന്ന ന്യായങ്ങളോരാന്നും കോടതി തന്നെ ഖണ്ഡിക്കുന്ന, അക്കാര്യത്തില്‍ ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടില്ലാത്ത അസാധാരണമായ വിധി പ്രസ്താവമായിരുന്നു ഇത്. എഴുതിയത് ഏത് ജഡ്ജിയെന്നു പോലും വ്യക്തമാക്കാത്ത ഇന്ത്യാ ചരിത്രത്തിലെ ആദ്യവിധി. സര്‍ക്കാറിനെതിരെയാണെങ്കില്‍ പോലും നിര്‍ഭയനായും പ്രീണനമില്ലാതെയും വിധിക്കാനാവണം എന്നതായിരുന്നല്ലോ രഞ്ജന്‍ ഗോഗോയിയും മൂന്ന് ജഡ്ജിമാരും മുമ്പൊരിക്കല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പ്രേരണയായിരുന്നത്. എന്തുപറ്റി അന്നത്തെ ആ ഗോഗോയിക്ക്? 
മതേതര ഇന്ത്യയെ വര്‍ഗീയ അജണ്ടകളിലേക്ക് വഴിതിരിച്ചുവിട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സുപ്രധാനമായ അജണ്ടയാണ് ഇല്ലാതാകുന്നതെന്ന പ്രതീക്ഷയാണ് ഈ വിധിയെ സ്വാഗതം ചെയ്യുന്നവരിലുള്ളത്. അയോധ്യാ തര്‍ക്കം കെട്ടടങ്ങുകയും അസ്വസ്ഥതകള്‍ അവസാനിക്കുകയും ചെയ്യുമെങ്കില്‍ ഈ പ്രതീക്ഷകള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. '90-കളെ രാഷ്ട്രീയമായി ജ്വലിപ്പിച്ചു നിര്‍ത്തിയ രാമജന്മഭൂമി തര്‍ക്കത്തില്‍നിന്നും തലയൂരാന്‍ പിന്നീടുള്ള രണ്ടു പതിറ്റാണ്ടുകളില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ചെലവഴിക്കേണ്ടി വന്ന സമയവും അധ്വാനവും മുന്‍നിര്‍ത്തിയാണ് ഈ ശുഭാപ്തിവിശ്വാസമെങ്കില്‍ അത്രയൊന്നും യുക്തിസഹമല്ല ആ വിലയിരുത്തല്‍. അയോധ്യാ വിധിക്കു തൊട്ടുടനെ ഏകസിവില്‍ കോഡിനെ കുറിച്ച് രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനയും ജനസംഖ്യാ നിയന്ത്രണത്തെ മുസ്ലിംകളിലേക്ക് ചേര്‍ത്തുകെട്ടി സാക്ഷി മഹാരാജ് നടത്തിയ പ്രസ്താവനയും ശ്രദ്ധിക്കുക. വര്‍ഗീയ ധ്രുവീകരണത്തിന് കൂടുതല്‍ വിഷയങ്ങള്‍ ഉയര്‍ന്നുവരികയും സമൂഹത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് പടരുകയുമാണ് ഇപ്പോഴും രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതേതരത്വത്തിന്റെ ഈ ഓട്ടപ്പാത്രത്തെ ഇരുട്ടു കൊണ്ട് അടക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. ബാബരി മസ്ജിദിനകത്ത് വിഗ്രഹം ഒളിച്ചുകടത്തിയതും പിന്നീട് മസ്ജിദ് ഇടിച്ചുപൊളിച്ചതും നിയമവ്യവസ്ഥയുടെ കടുത്ത ലംഘനമാണെന്നും ഇന്ത്യയുടെ മതേതര സങ്കല്‍പ്പങ്ങള്‍ക്കേറ്റ ആഘാതമാണെന്നും കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ സ്വാഭാവികമായും ഒന്നുകില്‍ ഈ തെറ്റുകള്‍ തിരുത്താനോ തെറ്റു ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാനോ നന്നെ ചുരുങ്ങിയത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി എടുക്കാനെങ്കിലുമായിരിക്കുമല്ലോ വിധിന്യായത്തില്‍ മുതിരേണ്ടിയിരുന്നത്. ആത്മാര്‍ഥമായാണ് ഇതു പറയുന്നതെങ്കില്‍ ഉടമസ്ഥാവകാശകേസ് തീരുമാനിച്ച അതേ വേഗതയില്‍ എന്തുകൊണ്ട് മസ്ജിദ് തകര്‍ത്ത കേസ് വിചാരണ ചെയ്യാന്‍ കോടതിക്കു കഴിയുന്നില്ല? രാജ്യത്തിന്റെ മതേതര, നൈതിക പാരമ്പര്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടുന്ന നിലപാടുകള്‍ക്കു പകരം ഏകപക്ഷീയമായ ഒത്തുതീര്‍പ്പാണ് പുറത്തുവന്നത് എന്ന് പറയേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്. ന്യായവും നീതിയും എന്തായിരുന്നാലും ഇതല്ലാത്ത മറ്റൊരു വിധിയും ഈ രാജ്യത്ത് നടപ്പാകാന്‍ പോകുന്നില്ലെന്ന് തുറന്നു സമ്മതിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും നമ്മുടെ ഭാവി? 
എങ്കില്‍പോലും മതേതര ഇന്ത്യക്ക് ഏറെ ആഹ്ലാദിക്കാനുള്ള ഒരുപാട് അടിസ്ഥാന നിരീക്ഷണങ്ങള്‍ ഇതേ വിധിന്യായത്തിലുണ്ട്. ബാബരി മസ്ജിദ് നിര്‍മിച്ചത് ഏതെങ്കിലും ക്ഷേത്രം പൊളിച്ചതിനു ശേഷമല്ലെന്ന കോടതിയുടെ ഉത്തരവും രാമജന്മഭൂമി നിയമപരമായ വസ്തുവല്ലെന്ന വിധിന്യായത്തിലെ കണ്ടെത്തലും എല്ലാ അര്‍ഥത്തിലും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ആഹ്ലാദാരവങ്ങളുടെ പൊലിമ കുറക്കുന്നുണ്ട്. 18-ാം നൂറ്റാണ്ടിനുമുമ്പ് ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം നിലനിന്നതിന് വിശ്വാസയോഗ്യമായ ഒരു തെളിവും ഇല്ലെന്നാണ് കോടതിയുടെ കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനം. അതായത് തമ്മിലടിപ്പിക്കല്‍ നയത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നതായിരുന്നു ഈ വിവാദമെന്ന മുസ്ലിം സംഘടനകളുടെ നിലപാടാണ് കോടതി അംഗീകരിച്ചത്. വിശ്വാസത്തിന്റെയോ ആര്‍ക്കിയോളജി തെളിവുകളുടെയോ യാത്രാവിവരണങ്ങളുടെയോ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശ കേസുകള്‍ വിധിക്കാനാവില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയതോടെ വാരാണസി, മഥുര പോലുള്ള തര്‍ക്കങ്ങള്‍ അയോധ്യാ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംഘ്പരിവാര്‍ നീക്കത്തെ നിയമപരമായി അടച്ചുകളയുക കൂടിയാണ് ഭരണഘടനാ ബെഞ്ച് ചെയ്തത്. മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ പേരില്‍ ഹിന്ദുസംഘടനകള്‍ നടത്തിയത് നുണപ്രചാരണമാണെന്നാണ് കോടതി  ഉത്തരവിന്റെ എഴുതാപ്പുറം. ബാബരി മസ്ജിദില്‍ ഉണ്ടായിരുന്ന ചില കറുത്ത തൂണുകള്‍, തകര്‍ത്ത രാമക്ഷേത്രത്തിന്റേതായിരുന്നുവെന്ന വാദവും കോടതി തള്ളി. ഈ തൂണുകള്‍ പുറമെനിന്നും കൊണ്ടുവന്നതാണെങ്കിലും പുരാവസ്തു വകുപ്പ് നടത്തിയ ഉദ്ഖനനത്തില്‍ കണ്ടെത്തിയ കെട്ടിടാവശിഷ്ടത്തിന്റെ തറയുമായി ഒരു നിലക്കും ചേരുന്ന തൂണുകളായിരുന്നില്ല മസ്ജിദിനകത്ത് ഉണ്ടായിരുന്നതെന്ന് കോടതി അംഗീകരിച്ചു. ഈ തൂണുകള്‍ കസൗട്ടി കല്ലുകളല്ലെന്നും അതിലെ ലിഖിതങ്ങള്‍ ഹിന്ദുക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലെന്നും കൂടി ബഹുമാനപ്പെട്ട ജഡ്ജിമാര്‍ വ്യക്തമാക്കുമ്പോള്‍ ശ്രീരാമജന്മസ്ഥാനം എന്നത് ഒരു അടിത്തറയുമില്ലാത്ത പൊള്ളയായ രാഷ്ട്രീയ മുദ്രാവാക്യമാവുകയാണ് ചെയ്തത്. 'വിശ്വാസ'ത്തിന്റെ മാത്രം പ്രാധാന്യമായിരുന്നു ഏറ്റവുമൊടുവില്‍ കോടതിമുറിയില്‍ ഹിന്ദു സംഘടനകള്‍ക്ക് ബാക്കിയുണ്ടായിരുന്നത്. 
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന് പറയുന്ന അവശിഷ്ടം ക്ഷേത്രത്തിന്റേതാണെന്ന് തെളിയിക്കാന്‍ ഹിന്ദുസംഘടനകള്‍ക്കും മസ്ജിദിന്റേതാണെന്ന് തെളിയിക്കാന്‍ മുസ്ലിംകള്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി ഒപ്പം ഒരു കാര്യം കൂടി അടിവരയിട്ടു. ഈ അവശിഷ്ടം കണ്ടെത്തിയ മണ്ണടരിനു മുകളില്‍ ബാബരി മസ്ജിദിലേക്ക് നാലു നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞുപോയിട്ടുണ്ട് എന്ന്. ഒരു അര്‍ഥശങ്കയുമില്ലാതെ, കൃത്യമായി തന്നെ രാമജന്മഭൂമി വിവാദത്തിന്റെ മുനയൊടിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. ഭൂമിക്കു താഴെ പടിഞ്ഞാറു ദിശയില്‍ കണ്ടെത്തിയ ഒരു ചെറിയ മതില്‍ക്കെട്ടായിരുന്നു ഇത്. അത് ഒരു ക്ഷേത്രത്തിന്റെ പോയിട്ട് ഒരു കെട്ടിടത്തിന്റെയെങ്കിലും ഭാഗമായിരുന്നുവെങ്കില്‍ മറ്റു ദിശകളിലേക്ക് ഈ മതിലിന്റെ അവശിഷ്ടങ്ങള്‍ കാണണമായിരുന്നു. അല്ലെങ്കില്‍ തറയോ മറ്റെന്തെങ്കിലും അവശിഷ്ടങ്ങളോ അതേ ഭൂനിരപ്പില്‍ കണ്ടെത്തണമായിരുന്നു. അങ്ങനെ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഈ മതിലില്‍ അതിന്റെ ഘടനയുമായി ബന്ധപ്പെടാത്ത രീതിയില്‍ ലഭിച്ച രണ്ട് ക്ഷേത്രാവശിഷ്ടങ്ങളെ കുറിച്ച് എ.എസ്.ഐ പറയുന്നുണ്ട്. അതിലൊന്ന് ക്ഷേത്രങ്ങളില്‍ മാത്രം ഉപയോഗത്തിലുള്ള ഒരു വിളക്കും മറ്റൊന്ന് വെള്ളം ഒഴുകി പോകുന്ന ഒരു ഓവുമാണ്. ക്ഷേത്രങ്ങളിലാണ് ഇവ കാണപ്പെടാറുള്ളത് എന്നത് ശരിയാണെങ്കിലും കെട്ടിടം ക്ഷേത്രമാകാന്‍ അതു മാത്രം പോരെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. അന്നത്തെ കാലഘട്ടത്തിലെ ക്ഷേത്രങ്ങളുടെ പൊതുരൂപമോ സവിശേഷതകളോ ഈ അവശിഷ്ടങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഈ കെട്ടിടം നിലനിന്നതിനു ശേഷമുള്ള നാല് നൂറ്റാണ്ടില്‍ അതിനു മുകളില്‍ മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിനും പിഞ്ഞാണ പാത്രങ്ങളും മൃഗങ്ങളുടെ എല്ലുകളുമൊക്കെ കിട്ടിയിരുന്നു എന്നതിനുമുള്ള മുസ്ലിം പക്ഷത്തിന്റെ വാദങ്ങളാണ് അംഗീകരിക്കപ്പെട്ടത്. 
ഒരു നുണയെ മറ്റൊന്ന് കൊണ്ട് സ്ഥാപിച്ചെടുക്കാനായിരുന്നു സംഘ്പരിവാര്‍ ശ്രമിച്ചത്. മുസ്ലിം സമൂഹത്തിന്റെ വിശാലമനസ്‌കത തിരിച്ചറിയാത്തതായിരുന്നു രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നം. മസ്ജിദിന്റെ തൊട്ടുതാഴെ മറ്റൊരു കെട്ടിടം ഉണ്ടെന്ന് 2009-ലെ ഉത്ഖനനം തെളിയിച്ചിരുന്നുവെങ്കില്‍ ഈ കേസ് ഉപേക്ഷിക്കാമെന്ന് അന്നേ മുസ്ലിംകള്‍ പറഞ്ഞിരുന്നില്ലേ? സുപ്രീംകോടതിയെ കൊണ്ട് ഇത് പറയിച്ച് നാണം കെടേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ? എന്നിട്ടും എന്തടിസ്ഥാനത്തില്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കി? എന്തായിരുന്നു അതിലടങ്ങിയ നിയമവശം? അത് ഒരര്‍ഥത്തില്‍ നമ്മുടെ നിയമവ്യവസ്ഥയുടെ ദൗര്‍ബല്യവും ഒപ്പം നിസ്സഹായതയുമാണ് തുറന്നുകാട്ടുന്നത്. വാദം സമാപിപ്പിക്കവെ രാജീവ് ധവാനും പരാശരനും ഇരുപക്ഷങ്ങള്‍ക്കും വേണ്ടി കോടതിയില്‍ ആവശ്യപ്പെട്ടത് എന്തായിരുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം. കൈവശാവകാശം വേണമെന്നാണ്, അല്ലാതെ ഉടമസ്ഥാവകാശം വേണം എന്നായിരുന്നില്ല ഇരുകക്ഷികളും വാദിച്ചത്; അല്ലെങ്കില്‍ മുസ്ലിംകള്‍ക്ക് വാദിക്കേണ്ടി വന്നത്. ബാബരി മസ്ജിദിന്റെ ആധാരമോ പട്ടയമോ മുസ്ലിംകളുടെ കൈയിലും രാമജന്മസ്ഥാനമാണെന്നതിന്റെ ഭൂരേഖകള്‍ ഹിന്ദുപക്ഷത്തിന്റെ പക്കലും ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരുടെ കൈവശാവകാശമാണ് നിലനില്‍ക്കുന്നതെന്നാണ് ഒടുവില്‍ കോടതി വിധി പറഞ്ഞത്. മുസ്ലിംകള്‍ മസ്ജിദിനകത്ത് ആരാധന നടത്തിയതിന് 1885 മുതല്‍ 1949 വരെ മാത്രമേ  ചരിത്രപരമായ രേഖകളും തെളിവുകളുമുള്ളൂ എന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രമാദമായ കണ്ടെത്തലുകളില്‍ ഒന്ന്. ഏതാണ്ട് സമാനമായ കാലഘട്ടം അത് അടഞ്ഞു കിടക്കുകയോ ഹിന്ദുക്കള്‍ പൂജ നടത്തുകയോ ചെയ്തിട്ടുമുണ്ട്. 1885-ന് മുമ്പുള്ള കാലത്ത് മുസ്ലിംകള്‍ ബാബരി മസ്ജിദിനകത്ത് നമസ്‌കരിച്ചു എന്നതിന് കോടതി ഭാഷയില്‍ ബോധ്യപ്പെടുന്ന തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. 1885 വരെ എന്ന വര്‍ഷത്തിന്റെ പ്രാധാന്യം പോലും അക്കാലത്ത് ഹിന്ദുക്കള്‍ നല്‍കിയ ഒരു കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമായതു കൊണ്ടാണ് അംഗീകരിക്കപ്പെട്ടത്. രാംചബൂത്ര എന്ന പള്ളിക്കു പുറത്തെ ഒരു തിണ്ണയുടെ കൈവശാവകാശം ചോദിച്ചാണ് അന്ന് ഹിന്ദുക്കള്‍ കോടതി കയറിയത്. അതല്ലെങ്കില്‍ പള്ളി മുസ്ലിംകളുടേതാണെന്നതിനും അവിടെ അവര്‍ നമസ്‌കരിച്ചിരുന്നു എന്നതിനും ഇപ്പോഴും തെളിവുണ്ടാകുമായിരുന്നില്ല. 
ഈ കേസിനെ തുടര്‍ന്ന് ഒരു രാഷ്ട്രീയ ദുരാരോപണത്തില്‍നിന്നു കൂടി ഇന്ത്യയിലെ മുസ്ലിംകള്‍ രക്ഷപ്പെടുന്നുണ്ട്. മുസ്ലിം ചക്രവര്‍ത്തിമാര്‍ മതഭ്രാന്തന്മാരായിരുന്നു എന്നതിന്റെ സുപ്രധാന തെളിവുകളിലൊന്നായിരുന്നല്ലോ ബാബര്‍ രാമജന്മ ഭൂമി തകര്‍ത്ത് സ്വന്തം പേരില്‍ പള്ളി പണിതുവെന്ന ആരോപണം. എന്നാല്‍ ബാബരി മസ്ജിദ് ആരാണ് ഉണ്ടാക്കിയത് എന്നതിന് മുഗള്‍ ചക്രവര്‍ത്തിമാരുടെ ഡയറിക്കുറിപ്പുകളായ ബാബര്‍നാമയിലോ അക്ബര്‍നാമയിലോ ആലംഗീര്‍നാമയിലോ ഒന്നും സവിശേഷമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. അതിന്റെ അര്‍ഥം മീര്‍ബാഖി എന്ന ഗവര്‍ണര്‍ ബാബറുടെ പേരിട്ട് അയോധ്യയില്‍ ഉണ്ടാക്കിയ തികച്ചും സാധാരണമായ ഒരു നമസ്‌കാര പള്ളി മാത്രമായിരുന്നു അതെന്നാണ്. കോടതി ഈ വാദം അംഗീകരിച്ചതു കാണാനാവും. യഥാര്‍ഥത്തില്‍ അത്രയേ ബാബരി മസ്ജിദിന് പ്രാധാന്യം ഉണ്ടായിരുന്നുള്ളൂ. ബാബര്‍ ഒരിക്കലും അയോധ്യയില്‍ പോയിട്ടേ ഇല്ലെന്നാണ് ചരിത്രരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. പേരു കൊണ്ടു മാത്രമായിരുന്നു അത് ബാബരി മസ്ജിദ്.  എന്നാല്‍ ഈ പള്ളിയുടെ മിഹ്റാബ് നിലനില്‍ക്കുന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നതായും ഈ മിഹ്‌റാബിനു നേര്‍ക്ക് തിരിഞ്ഞ് അവര്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്നും വിധിന്യായത്തില്‍ കോടതി എടുത്തു പറയുന്നു. എന്നു മുതല്‍ എന്നുവരെ എന്ന തര്‍ക്കം അക്കാര്യത്തില്‍ ഉയര്‍ന്നുവന്നിട്ടില്ല. ചുരുക്കത്തില്‍, രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കൈയേറ്റം മാത്രമായിരുന്നു ഈ കേസിനെ കുറിച്ച് ഒടുവില്‍ നടന്ന വാദം. 1527 മുതല്‍ 1949 വരെ അവരുടെ ആരാധനാലയം മുസ്ലിംകള്‍ കൈയേറിയത് പിന്നീടിങ്ങോട്ട് തിരിച്ചു പിടിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് ഹിന്ദുക്കളുടെ വാദം. നിലവില്‍ 70 വര്‍ഷമായി തര്‍ക്കഭൂമി ഹിന്ദുക്കളുടെ കൈയിലായതു കൊണ്ട് കൈവകാവകാശ നിയമമനുസരിച്ച് ഭൂമി വിട്ടുകിട്ടണമെന്നാണ് അവര്‍ വാദിച്ചത്. നമസ്‌കരിക്കാത്ത മസ്ജിദുകളുടെ അവകാശവാദം കൈയേറുന്നവരുടേതാണെന്ന ദുര്‍വ്യാഖ്യാനത്തിനുള്ള പഴുത് ഒടുവിലത്തെ വിധിന്യായം ബാക്കിയാക്കുന്നുണ്ട്. കൈയേറ്റം ചെയ്യപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച കേസുകളില്‍ ഈ വിധിന്യായം നിര്‍ണായകമായി മാറിയേക്കും. ശേഷിച്ച 3000 പള്ളികളെ ചൊല്ലി വി.എച്ച്.പി നേതാക്കള്‍ പുറപ്പെടുവിക്കുന്ന ഭീഷണമായ പ്രസ്താവനകളില്‍ അടങ്ങിയ ദുരുദ്ദേശ്യങ്ങളും ആശങ്കയുണര്‍ത്തുന്നുണ്ട്. അതേസമയം തന്നെ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച് നരസിംഹറാവു സര്‍ക്കാര്‍ കൊണ്ടുവന്ന 1991-ലെ നിയമം സുപ്രീംകോടതി എടുത്തുപറയുകയും മതേതരത്വം സംരക്ഷിക്കേണ്ട ബാധ്യതയെ കുറിച്ച് സര്‍ക്കാറിനെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മതേതര ഇന്ത്യയുടെ ഭരണഘടനാപരമായ അടിസ്ഥാനവുമായി ബന്ധപ്പെട്ടതും തിരുത്തല്‍ അസാധ്യവുമായ ഒരു നിയമമാണ് അതെന്നാണ് കോടതി ഓര്‍മിപ്പിച്ചത്. 
ഇങ്ങനെയൊക്കെയാണെങ്കിലും 1885 ജനുവരി 16-ന് മഹന്ത് രഘുബീര്‍ദാസ് ഫൈസാബാദ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ അതേ ആവശ്യത്തില്‍ തന്നെയാണ് മറ്റൊരര്‍ഥത്തില്‍ ഒരു നൂറ്റാണ്ടിനു ശേഷം സുപ്രീംകോടതി വിധി പറഞ്ഞത്. വെറും ഒമ്പത് ദിവസം കൊണ്ടാണ് അന്ന് മജിസ്‌ട്രേറ്റ് ഹരിനാരായണ്‍ പാണ്ഡെ രഘുബീര്‍ ദാസിന്റെ ഹരജി തള്ളിയത്. തുടര്‍ന്ന് ജില്ലാ ജഡ്ജി കേണല്‍ ജെ.ഇ.എ ചേംബിയറിന്റെ കോടതിയും ദാസിന്റെ ഹരജി തള്ളി. മസ്ജിദിനു മുറ്റത്ത് ക്ഷേത്രം പണിയാനായിരുന്നു അന്നത്തെ ആവശ്യമെന്ന് ഓര്‍ക്കുക. അന്നത്തെ വിധിയില്‍നിന്നാണ് നമസ്‌കാരം നടക്കുന്നതുമായി ബന്ധപ്പെട്ട മുകളിലത്തെ പരാമര്‍ശം കോടതി എടുത്തതെങ്കിലും നമസ്‌കാരം നടക്കുന്ന സ്ഥലം പള്ളിയാണെന്ന് വിധിച്ച പാണ്ഡെയെയും ബ്രിട്ടീഷ് ജഡ്ജിയെയും വര്‍ഷങ്ങള്‍ക്കിപ്പുറം രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ച് ശരിവെക്കുകയും ഒപ്പം തിരുത്തുകയുമാണ് ഉണ്ടായത്. ബ്രിട്ടീഷുകാര്‍ കെട്ടിയ ചുറ്റുമതിലിനു പുറത്ത് സ്ഥിതിചെയ്ത വിഗ്രഹം എടുത്ത് പള്ളിയുടെ അകത്ത് സ്ഥാപിച്ച നടപടിയും പിന്നീട് 1992 ഡിസംബര്‍ 6-ന് പള്ളി തകര്‍ത്ത നടപടിയുമൊക്കെ നിയമവിരുദ്ധമായിരുന്നുവെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. മൊത്തത്തില്‍ എല്ലാ തെളിവുകളും എതിരാണെന്ന് സ്ഥാപിച്ചതിനു ശേഷം, രാമക്ഷേത്രം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ഹിന്ദു സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയതിനു ശേഷം, രാമന്റെ ജന്മസ്ഥാനം മസ്ജിദിന് അകത്താണെന്നത് കോടതിക്ക് തീരുമാനിക്കാനാവുന്ന വിഷയമല്ലെന്ന് പ്രഖ്യാപിച്ചതിനു ശേഷം കോടതി തന്നെ ഒരു വിട്ടുവീഴ്ച ചെയ്യുകയാണ് ഈ കേസിലുണ്ടായത്. ബാബരി മസ്ജിദ് സംരക്ഷിക്കണമെന്നാണ് 1992-ല്‍ സുപ്രീംകോടതി തന്നെയും കേന്ദ്രസര്‍ക്കാറിന് നല്‍കിയ അന്ത്യശാസനത്തില്‍ ആവശ്യപ്പെട്ടത്. അന്ന് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും വി.എച്ച്.പിയും മസ്ജിദ് മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന കാലമാണ്. എന്നല്ല എല്ലാ ബഹുമാനത്തോടെയും അത് അയോധ്യക്ക് പുറത്തേക്ക് മാറ്റിപ്പണിയാന്‍ ബി.ജെ.പി തയാറാണെന്ന് 1991-ലെ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പാര്‍ട്ടി എഴുതി വെക്കുക പോലുമുണ്ടായി. പഴയ പള്ളി പുഴക്കിയെടുക്കുന്നതിന്റെ സാങ്കേതിക വിദ്യ പോലും അക്കാലത്ത് ബി.ജെ.പി ചര്‍ച്ച ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവുമൊടുവില്‍ സുപ്രീംകോടതി മുസ്ലിംകള്‍ക്കു പകരം അഞ്ചേക്കര്‍ ഭൂമി നല്‍കുമ്പോള്‍ അത് സ്വീകരിക്കാനുള്ള വൈമനസ്യം എന്താണെന്ന് കോടതി കൂടി മനസ്സിലാക്കാനാണ് അദ്വാനിയുടെ ഈ വാഗ്ദാനം ഓര്‍മിപ്പിച്ചത്. 
ഹിന്ദുക്കള്‍ക്ക് ഭൂമി വിട്ടു നല്‍കിയതിലുമുണ്ട് നിയമപീഠം ഇതേ വിധിയില്‍ എഴുതിവെച്ച തത്ത്വങ്ങളുമായി ബന്ധപ്പെട്ട ചില പൊരുത്തക്കേടുകള്‍. അനുരഞ്ജനത്തിന് വേണ്ടിയാണെങ്കില്‍ പോലും തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ച അലാഹാബാദ് ഹൈക്കോടതിയുടെ നടപടി ശരിയായിരുന്നില്ലെന്ന് വിധിന്യായത്തിലൊരിടത്ത് കോടതി വ്യക്തമാക്കുന്നുണ്ട്. മൂന്നായി വിഭജിച്ചത് ശാശ്വതമായ സമാധാനത്തിന് തടസ്സമാവുമെന്നും കോടതി പറയുന്നു. മൂന്നു കക്ഷികളുടെയും ഭാഗികമായ സംതൃപ്തിയാണോ രണ്ടു പേരുടെ പൂര്‍ണമായ അസംതൃപ്തിയാണോ വലുത്? എങ്ങനെയാണ് അക്കാര്യത്തില്‍ ഒരു കോടതിക്ക് തീരുമാനത്തിലെത്താനാവുക? ഒരു മതത്തിനും ഭരണഘടനാപരമായി മറ്റൊരു മതത്തേക്കാള്‍ പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയതിനു ശേഷമാണ് കോടതി വിധിന്യായത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നത്. അതേസമയം അവസാനത്തെ 116 പേജുകള്‍ക്ക് ഈ വിധിന്യായത്തില്‍ എന്തു പ്രസക്തിയാണ് ഉള്ളത്? ഹിന്ദു സംഘടനകളുടെ ആത്മവീര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് അത് എഴുതിച്ചേര്‍ത്തതെന്ന ആരോപണം നിയമത്തിന്റെ പദാവലിയിലൂടെ കോടതിക്ക് നിഷേധിക്കാനാവുമോ? രാമനിലുള്ള വിശ്വാസം എത്രത്തോളം പ്രധാനപ്പെട്ടതെന്ന് സ്ഥാപിക്കാനാണ് ഈ പേജുകളില്‍ കോടതി സാഹസപ്പെടുന്നത്. അതിലെവിടെയാണ് മറ്റുള്ളവരുടെ വിശ്വാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്? ഒരു ഭക്തന്‍ തന്റെ വിശ്വാസത്തെ കുറിച്ച് മൊഴി നല്‍കിയാല്‍ അതിനെ കീറിമുറിച്ച് പരിശോധിച്ച് ഉത്തവിടുക എന്നത് കോടതി ചെയ്യേണ്ട പണിയല്ല എന്നാണ് ഇതേ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഷാബാനു കേസ് മുതല്‍ ശബരിമല ക്ഷേത്ര കേസില്‍ വരെ ഇതായിരുന്നില്ലല്ലോ പക്ഷേ ഇത്രയും കാലം സുപ്രീംകോടതിയുടെ നിലപാട്. (ശബരിമല കേസിലെ അന്തിമവിധി വരുന്നതിന് മുമ്പെയാണ് ഇതെഴുതിയത്) 
വിധിന്യായത്തിലെ ഏതാണ്ടെല്ലാ പരാമര്‍ശങ്ങള്‍ക്കും മുസ്ലിം സമുദായം സുപ്രീംകോടതിയോട് കടപ്പെട്ടവരാണെന്ന് പറഞ്ഞു കൊണ്ടു തന്നെ ഒത്തുതീര്‍പ്പ് വ്യവസ്ഥയെ കുറിച്ച വിയോജിപ്പ് കൂടി രേഖപ്പെടുത്തട്ടെ. മുസ്ലിംകള്‍ക്ക് വിട്ടുകൊടുത്ത ഭൂമിയുടെ കാര്യത്തില്‍ നിയമവുമായി ബന്ധപ്പെട്ട വലിയൊരു പൊരുത്തക്കേട് ആശങ്കയുണ്ടാക്കുന്നുണ്ട്. ഏത് നിയമമനുസരിച്ചാണ് ഈ സമാശ്വാസം? 142-ാം വകുപ്പ് എന്നാണ് ഉത്തരമെങ്കില്‍ ആ വകുപ്പ് ഉള്ളിടത്തോളം കാലം ഇത്തരം ഉത്തരവുകള്‍ ഭാവിയില്‍ ഏത് ബെഞ്ചിനും പുറപ്പെടുവിച്ചുകൂടേ? കോടതി ഇങ്ങനെയൊരു ഉത്തരവിടുമ്പോള്‍ അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ എന്താണ്? അയോധ്യാ കേസിലെ വിധി കീഴ്വഴക്കമായാല്‍ രാജ്യത്ത് എന്തുണ്ടാകും? ഭൂമിക്ക് അവകാശം ഇല്ലെന്നു കണ്ടെത്തിയ കക്ഷിക്ക് ഒത്തുതീര്‍പ്പിന്റെ ഭാഗമായി തര്‍ക്കഭൂമി നല്‍കുകയും പരാതിക്കാരന് പകരം വേറെയെവിടെയെങ്കിലും സമാശ്വാസം നല്‍കണമെന്നുമുള്ള ഈ വിധി മഥുരയിലും വാരാണസിയിലുമൊക്കെ ആവര്‍ത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്? സമൂഹത്തില്‍ കടുത്ത ധ്രുവീകരണം ഉണ്ടാക്കാന്‍ ബോധപൂര്‍വം ഒരു കൂട്ടര്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അവസാനത്തെ പോംവഴി ഇതു തന്നെയാണെന്നല്ലേ ഒടുവില്‍ സ്ഥാപിക്കപ്പെടുക? അന്തിമമായി പറയാനുള്ളത് ഇത്രയുമാണ്: ഭൂമി നിങ്ങളുടേതാണ്. അവകാശവും നിങ്ങളുടേതാണ്. എങ്കിലും പൊതുമനസ്സാക്ഷിയുടെ താല്‍പര്യം പരിഗണിച്ചും നിലവില്‍ അതൊരു ക്ഷേത്രമായി ഉപയോഗിക്കുന്നതുകൊണ്ടും മുസ്ലിംകള്‍ ഭൂമി വിട്ടു കൊടുക്കണമെന്ന അഭ്യര്‍ഥനയോടെയാണ് സുപ്രീംകോടതി ഈ വിധിന്യായം പുറപ്പെടുവിക്കേണ്ടിയിരുന്നത്. അതായിരുന്നു വിവേകവും. സമാധാനത്തിന് പ്രാമുഖ്യം നല്‍കേണ്ടിവരുന്ന അസാധാരണമായ ഒരു സാഹചര്യമായിരുന്നു ഇതെന്ന വാദം അംഗീകരിക്കുക. പക്ഷേ, രാജ്യം നിലനില്‍ക്കുന്ന കാലത്തോളം എല്ലാവര്‍ക്കും ആവശ്യമുള്ള ഒരു വ്യവസ്ഥയാണ് കോടതികള്‍. നിയമത്തിന്റെ വ്യാഖ്യാനത്തിനും ബുദ്ധിക്കും വഴങ്ങുന്നില്ലെങ്കില്‍ വിശ്വാസത്തിന്റെ ആലങ്കാരികമായ ഭാഷ്യങ്ങള്‍ കോടതിവിധികളില്‍ ചേര്‍ക്കാതിരിക്കലായിരുന്നു ഭംഗി. കൈയേറിയ മസ്ജിദിനു വേണ്ടി  70 കൊല്ലക്കാലം നിയമത്തിന്റെ വഴി മാത്രം തേടിയ ഒരു സമുദായത്തിന് ആ അഞ്ച് ഏക്കര്‍ ഭൂമിയേക്കാളേറെ പ്രാധാന്യം രാജ്യമാണെന്ന് കോടതിയെങ്കിലും തിരിച്ചറിയണം എന്നതുകൊണ്ടാണ് ഇങ്ങനെയൊരു വിരാമ തിലകം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (45-48)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വയം പീഡയേല്‍ക്കലല്ല ആത്മീയത
നൗഷാദ് ചേനപ്പാടി