Prabodhanm Weekly

Pages

Search

2019 നവംബര്‍ 22

3127

1441 റബീഉല്‍ അവ്വല്‍ 24

ഈ പക്വമായ പ്രതികരണത്തിന് സദ്ഫലങ്ങളുണ്ടാകാതിരിക്കില്ല

1528 മുതല്‍ 1949 വരെ മുസ്‌ലിംകള്‍ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദില്‍ അതിക്രമിച്ച് കടന്നാണ് ചിലര്‍ അവിടെ വിഗ്രഹം പ്രതിഷ്ഠിച്ചത്.  അന്നുമുതല്‍ ഈ അടുത്ത ദിവസം വരെ, നീണ്ട ഏഴു പതിറ്റാണ്ട് കാലം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങള്‍ നടന്നുവരികയായിരുന്നു. 40 ദിവസത്തോളം നീണ്ട വാദങ്ങള്‍ക്കൊടുവില്‍ രാജ്യത്തെ പരമോന്നത കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുകയാണ്.
കോടതിയില്‍ ബാബരി മസ്ജിദിനെ പ്രതിനിധീകരിച്ചവര്‍ രാജ്യത്തെ പ്രഗത്ഭ അഭിഭാഷകരാണ്. അവര്‍ നിരത്തിയ സാക്ഷ്യങ്ങളും തെളിവുകളും ന്യായങ്ങളും വിശകലനം ചെയ്താല്‍ വിധി അനുകൂലമാകുമെന്നേ ആരും പ്രതീക്ഷിക്കുകയുള്ളൂ. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നേര്‍വിപരീതമാണ് സംഭവിച്ചത്.
ബാബരി മസ്ജിദ് പ്രശ്‌നം കോടതിയിലെത്തിയതു മുതല്‍ കോടതി തീര്‍പ്പ് എന്തായിരുന്നാലും അതിനെ മാനിക്കുമെന്ന് മുസ്‌ലിം സമുദായം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. കാരണം, രാജ്യത്തെ നീതിവ്യവസ്ഥയില്‍ സമുദായത്തിന്  വിശ്വാസമുണ്ട്. നിയമപരമായാണ് പ്രശ്‌നം പരിഹരിക്കേണ്ടത് എന്ന നിര്‍ബന്ധവും സമുദായത്തിനുണ്ടായിരുന്നു. കാരണം, രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കണം. അതില്ലെങ്കില്‍ അരാജകത്വമായിരിക്കും തദ്സ്ഥാനത്തുണ്ടാവുക. അത്തരം സാമൂഹിക സാഹചര്യം ഒരു ഘട്ടത്തിലും ഇസ്‌ലാം അനുവദിക്കുന്നില്ല. രാജ്യത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും നിയമവാഴ്ച തകിടം മറിക്കുന്ന ഒരു നിലപാടെടുക്കാന്‍ കഴിയില്ല.
സുപ്രീംകോടതി വിധി സമുദായം മാനിക്കുന്നു; അതീവ ദുഃഖത്തോടെയും വേദനയോടും കൂടി മാത്രം.  ഈ വിധിയില്‍ അസംതൃപ്തിയുള്ളവര്‍ മുസ്‌ലിം സമുദായം മാത്രമല്ല. രാജ്യത്തിന്റെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍, രാജ്യനിവാസികള്‍ക്ക് നന്മ ഇഛിക്കുന്നവര്‍ ഒക്കെയും ഈ വിധിയിലെ നീതികേടിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നു്. സുപ്രീം കോടതി പരമോന്നതമാണെങ്കിലും തീര്‍ത്തും അന്യൂനമോ കുറ്റമറ്റതോ ആണെന്ന് പറയാനാവില്ലെന്നാണ്  മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമായി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ബാബരി വിധിയെ കാണുന്നു. ന്യൂനപക്ഷങ്ങളോട് കാണിച്ചത് തെറ്റാണെന്ന് ജസ്റ്റിസ് എ.കെ ഗാംഗുലിയും പറഞ്ഞു. നിയമവൃത്തങ്ങള്‍ക്കപ്പുറത്തും വിധിയുടെ പോരായ്മകളെ കുറിച്ചും നിയമ വ്യവസ്ഥയെ സംബന്ധിച്ചു തന്നെയും വീണ്ടുവിചാരങ്ങള്‍ക്ക് ഇത് നിമിത്തമായി. ഇന്ത്യന്‍ ഭരണഘടനയോട് നീതി ചെയ്യുന്നതാണോ ഈ വിധിപ്രസ്താവം എന്നതാണ്  ഇപ്പോള്‍ സംവാദവിഷയം.
അതേസമയം കോടതിയുടെ ചില കണ്ടെത്തലുകള്‍ ശ്രദ്ധേയമാണ്. ക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്നതിന് തെളിവുകളില്ല, പള്ളി നിര്‍മിക്കുന്നതിനും നാല് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന കെട്ടിടാവശിഷ്ടങ്ങളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തത് പോലുള്ളവ. ക്ഷേത്രം തകര്‍ത്തിട്ടാണ് പള്ളി നിര്‍മിച്ചത് എന്ന പ്രചാരണങ്ങളെയും കോടതി തള്ളുന്നു. ഒരു ആരാധനാലയവും തകര്‍ക്കപ്പെടരുത് എന്നതാണ് ഇസ്‌ലാമിന്റെ കര്‍ശന ആജ്ഞ. അത് ദൈവനീതിക്ക് വിരുദ്ധമാണ്. ''അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെ കൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും  ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടുപോകുമായിരുന്നു'' (ഖുര്‍ആന്‍ 22:40).
1949-ല്‍ പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിച്ചതും 1992-ല്‍ ബാബരി മസ്ജിദ് തകര്‍ത്തതും കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിക്കുന്നു. യഥാര്‍ഥത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ 1947-ലെ തല്‍സ്ഥിതി തുടരണമെന്ന് 1991-ലെ 'റിലീജിയസ് പ്ലേസസ് ഓഫ് വേര്‍ഷിപ്പ് ആക്ട്' നിഷ്‌കര്‍ഷിക്കുന്നുണ്ട്. ബാബരി മസ്ജിദിനു മേല്‍ കേസ് നടക്കുന്നതിനാല്‍ അന്നതിനെ ഈ നിയമപരിധിയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.  ആ നിയമത്തെ ബാബരി വിധിന്യായത്തില്‍ നിരവധി തവണ കോടതി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. വസ്തുതകള്‍ ഇതായിരുന്നിട്ടും രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യവും സാമൂഹികാന്തരീക്ഷവും പരിഗണിച്ച് സുപ്രീം കോടതി ആര്‍ട്ടിക്ക്ള്‍ 142 ഉപയോഗിക്കുകയാണുായത്. ഇതു കാരണം ഒരു സമുദായത്തിന് നീതി നിഷേധിക്കപ്പെടുകയും ചെയ്തു. ഖണ്ഡിക 142-നെ സംബന്ധിച്ച് പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ഇതുപ്രകാരം സ്ത്രീയെ പുരുഷനായും പുരുഷനെ സ്ത്രീയായും വിധിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്.''
മുസ്‌ലിം സമുദായ നേതൃത്വം അവരുടെ ബാധ്യത നിര്‍വഹിച്ചിട്ടുണ്ട്. നീണ്ട എഴുപതു വര്‍ഷം അവര്‍ പൊരുതിനിന്നത് - വിധി എന്തായിരുന്നാലും- കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് നിയമമാണ്, ആള്‍ക്കൂട്ടമല്ല എന്ന് സ്ഥാപിക്കാനായിരുന്നു. ഭൂരിപക്ഷത്തിന്റെയോ ആള്‍ക്കൂട്ടത്തിന്റെയോ ആക്രോശങ്ങള്‍ക്ക് വഴങ്ങാന്‍ സന്നദ്ധമല്ല എന്ന് പ്രഖ്യാപിക്കുകയാണ് മുസ്‌ലിം സമുദായം ചെയ്തത്. വിധിയില്‍ സംതൃപ്തിയില്ലാതിരുന്നിട്ടും തുടര്‍ന്നും നിയമത്തിന്റെ വഴിയിലൂടെ മുന്നോട്ടു പോകുമെന്ന് തീരുമാനിക്കുന്നതും ഇക്കാരണത്താലാണ്. 
മുസ്‌ലിം സമുദായവും സമുദായ നേതൃത്വവും 
പൊതു ശ്രദ്ധ നേടിയ സന്ദര്‍ഭം കൂടിയാണിത്. എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ ഒരു വിധിയോട് വളരെ പക്വമായിട്ടാണ് അവര്‍ പ്രതികരിച്ചത്. മാധ്യമങ്ങളും ഇസ്‌ലാം വിരുദ്ധരുമെല്ലാം ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത തിന്മയുടെ പ്രതിഛായയല്ല മുസ്‌ലിമിനുള്ളതെന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനെയും മുസ്‌ലിമിനെയും കുറിച്ച പുതിയ വിചിന്തനങ്ങള്‍ക്ക് ഇത് നിമിത്തമായിട്ടുണ്ട്. അതിനാല്‍ ഇസ്‌ലാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചിരിക്കുന്നു. ഉത്തമ സമൂഹം എന്ന നിലക്ക് മുഴുവന്‍ മനുഷ്യസമൂഹത്തിന്റെയും നന്മയാണ് നാം ലക്ഷ്യമിടുന്നത്. അതിനുള്ള ഏകമാര്‍ഗം ദൈവിക സന്മാര്‍ഗമായ ഇസ്‌ലാം ആണെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. ഈ രാജ്യത്തെ സമ്പൂര്‍ണ നീതിയിലേക്ക്, സമാധാനത്തിലേക്ക് നയിക്കാന്‍ അതിനേ കഴിയൂ. എല്ലാവരുടെയും വിമോചനത്തിന്റെയും മോക്ഷത്തിന്റെയും വഴി അതാണ്. ഇക്കാര്യം മനസ്സുകളോട് സംവദിച്ച് മാത്രമേ ബോധ്യപ്പെടുത്താനാവൂ എന്ന ധാരണ ഇന്ന് സമുദായം ആര്‍ജിച്ചെടുത്തിട്ടുണ്ട്.  സംഘര്‍ഷങ്ങളും അസമാധാനവും ആ ദൗത്യനിര്‍വഹണത്തിന് ഗുണം ചെയ്യില്ലെന്ന് അവര്‍ മനസ്സിലാക്കി.  ബാബരി മസ്ജിദ് ധ്വംസനത്തിന്റെ കാലത്തു നിന്നും 'വിധി'യുടെ ഇക്കാലത്തെത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ മുസ്‌ലിം സമുദായത്തിന് സംഭവിച്ചിട്ടുണ്ട്.  ഒരു പ്രബോധക സംഘമായി അവര്‍ സ്വയം തിരിച്ചറിയുന്നു. ഇന്ത്യയിലുടനീളം അവരുയര്‍ത്തിയ സംയമന മതില്‍ തിരിച്ചറിവിന്റേതാണ്. അതിനു പിന്നില്‍ പരിപക്വമാവുന്ന ഒരു പ്രബോധക സംഘം വളരുന്നുണ്ട്. വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് പ്രബോധകരാവുകയാണവര്‍. സമുദായത്തിന്റെ പുതിയ തലമുറ 'കേവല സമുദായം' ആയിരിക്കില്ല. ഒരു ദര്‍ശനത്തിന്റെ പ്രബോധകരും പ്രചാരകരുമായിരിക്കും. തത്ത്വദീക്ഷയും സ്ട്രാറ്റജികളുമുള്ള സംഘം.
ഇതാദ്യമായിട്ടല്ല, വിഗ്രഹങ്ങള്‍ നിയമവിരുദ്ധമായി പ്രതിഷ്ഠിക്കപ്പെടുന്നതും പള്ളികള്‍ തകര്‍ക്കപ്പെടുന്നതും. ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട കഅ്ബയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടു. തൗഹീദിന്റെ പ്രബോധകനും പ്രചാരകനുമായ ഇബ്‌റാഹീ(അ)മിന്റെ വിഗ്രഹം പോലും അവിടെ പ്രതിഷ്ഠിക്കപ്പെട്ടുവല്ലോ. ആ പ്രതിഷ്ഠ വെച്ച് അവിടെ ആരാധനകള്‍ തുടങ്ങി. സമൂഹത്തിന് അതിലെ അരുതായ്മ ബോധ്യപ്പെട്ട് അവരുടെ കൈകള്‍ തന്നെ ആ വിഗ്രഹങ്ങളെ എടുത്തുമാറ്റും വരെ പ്രവാചകന്‍ ആ കഅ്ബയിലേക്ക് തിരിഞ്ഞു തന്നെയാണ് നമസ്‌കരിച്ചത്. അതിനിടയില്‍ എന്തെല്ലാം സംഭവിച്ചു! പ്രവാചകനെ അപായപ്പെടുത്താനൊരുങ്ങിയവര്‍ അദ്ദേഹത്തിന്റെ അനുചരന്മാരായി മാറി. പള്ളികള്‍ മാത്രമല്ല, പാഠശാലകളും ലൈബ്രറികളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ലൈബ്രറികളിലെ പുസ്തകങ്ങള്‍ കൊണ്ട് യൂഫ്രട്ടീസിന് കുറുകെ 'പാലം തീര്‍ത്തു.' പക്ഷേ, തകര്‍ക്കപ്പെട്ട പള്ളികളുടെ അവശിഷ്ടങ്ങളില്‍നിന്നും ചുട്ടുകരിക്കപ്പെട്ട പുസ്തകത്താളുകളില്‍നിന്നും ഈ സമുദായം ഉയര്‍ത്തെഴുന്നേറ്റ് യാത്ര തുടരുകയായിരുന്നു. താര്‍ത്താരികള്‍ തരിപ്പണമാക്കിയ പള്ളികളെത്ര! പിന്നീട്, താര്‍ത്താരികള്‍ ഒന്നടങ്കം ഇസ്‌ലാമിലെത്തുന്നതാണല്ലോ കാണുന്നത്. സാമൂഹിക പരിവര്‍ത്തനം സംഭവിക്കുക ഭൗതികശാസ്ത്രത്തിന്റെ കാര്യകാരണ വ്യവസ്ഥ പ്രകാരമല്ല. നീതി പുലരാന്‍ നാം കരുതുന്നയത്രയും കാലവിളംബം ആവശ്യമായി എന്നും വരില്ല. 
അപ്പോള്‍ പ്രതീക്ഷിക്കാനേ ചരിത്രം പഠിപ്പിക്കുന്നുള്ളൂ. ഉത്തമ സമുദായത്തിന്റെ സ്വഭാവഗുണങ്ങള്‍ ഈ സമുദായം ആര്‍ജിക്കുമ്പോള്‍ അല്ലാഹുവിന്റെ വിധി സമാഗതമാവും. അല്ലാഹുവിന്റെ നിയമവ്യവസ്ഥയെ ജനത ജീവിതത്തിന്റെ ഏകകമായി സ്വയം സ്വീകരിക്കും. കാത്തിരിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (45-48)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വയം പീഡയേല്‍ക്കലല്ല ആത്മീയത
നൗഷാദ് ചേനപ്പാടി