Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

സാന്‍ലി ഉര്‍ഫ അഥവാ പ്രവാചകന്മാരുടെ നഗരം

പി.കെ നിയാസ്

(യാത്ര-2)

വലുപ്പം കൊണ്ട് ലോക രാജ്യങ്ങളില്‍ പാകിസ്താനു തൊട്ടു താഴെ മുപ്പത്തേഴാം സ്ഥാനത്താണ് തുര്‍ക്കി. എന്നാല്‍, ചരിത്രം, നാഗരികത, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ തുര്‍ക്കിയോളം അനുഭവസമ്പത്തുള്ള രാജ്യങ്ങള്‍ വിരളമാണ്. ആധുനിക തുര്‍ക്കി ലോകരാജ്യങ്ങളില്‍ സവിശേഷ സ്ഥാനം അലങ്കരിക്കുന്നു. നാറ്റോ രാജ്യങ്ങളില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ സൈനിക ശക്തി തുര്‍ക്കിയാണ്. സാമ്പത്തിക മേഖലയില്‍ യൂറോപ്യന്‍ ശക്തികള്‍ക്കൊപ്പമാണ് തുര്‍ക്കിയുടെ സ്ഥാനം. 
രണ്ടു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏക രാജ്യം എന്ന പദവിയുള്ള തുര്‍ക്കിയെ മര്‍മറ, ഈജിയന്‍, മെഡിറ്ററേനിയന്‍, കരിങ്കടല്‍, മധ്യ അനാത്തോലിയ, കിഴക്കന്‍ അനാത്തോലിയ, തെക്കു-കിഴക്കന്‍ അനത്തോലിയ എന്നിങ്ങനെ മേഖലാടിസ്ഥാനത്തില്‍ വിഭജിക്കാം. മര്‍മറ മേഖലയിലാണ് ഇസ്തംബൂള്‍ നഗരം. തലസ്ഥാനമായ അങ്കാറ, പുരാതന നഗരമായ കാപഡോകിയ തുടങ്ങിയവ മധ്യ അനത്തോലിയയിലും നിരവധി ചരിത്ര സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന ഗാസിയന്‍ടെപ്പ്, സാന്‍ലി ഉര്‍ഫ, മാര്‍ദിന്‍ തുടങ്ങിയവ തെക്കുകിഴക്കന്‍ അനത്തോലിയയിലും ഉള്‍പ്പെടുന്നു.
തുര്‍ക്കിയുടെ തെക്കു-കിഴക്കന്‍ അനത്തോലിയയിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. ഭൂമിശാസ്ത്രപരമായി തുര്‍ക്കിയുടെ 9.7 ശതമാനം മാത്രം ഉള്‍ക്കൊള്ളുന്നതാണ് ഈ മേഖല. മൊത്തം വിസ്തൃതി ഏതാണ്ട് 75,000 ച.കി.മീറ്റര്‍ വരും. എന്നാല്‍ പ്രകൃതിസുന്ദരവും പുരാതന നഗരങ്ങളാല്‍ ചുറ്റപ്പെട്ടതുമായ മേഖലയെന്ന നിലയില്‍ തെക്കു-കിഴക്കന്‍ അനത്തോലിയക്ക് സവിശേഷ പ്രാധാന്യമുണ്ട്. വിശാലമായ കൃഷിഭൂമികള്‍, പര്‍വത നിരകള്‍, സമതലങ്ങള്‍, നദികള്‍, അണക്കെട്ടുകള്‍ തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ഇവിടെ കാണാം.
ഗാസിയന്‍ടെപ്പ്, സാന്‍ലി ഉര്‍ഫ, മാര്‍ദിന്‍, ദിയാര്‍ ബാകിര്‍, ബാറ്റ്മാന്‍, അദിയാമാന്‍, കിലിസ്, സിര്‍നാക്, സിര്‍ത് തുടങ്ങി ഒമ്പത് പ്രവിശ്യകളാണ് ഈ മേഖലയിലുള്ളത്. പ്രധാന നഗരത്തിന്റെ പേരില്‍ തന്നെ പ്രവിശ്യകളും അറിയപ്പെടുന്നു. തുര്‍ക്കിയിലെ 81 പ്രവിശ്യകളും ഇങ്ങനെയാണ്. രാജ്യത്ത് എണ്ണഖനനം നടക്കുന്ന ഏക മേഖല കൂടിയാണ് തെക്കു-കിഴക്കന്‍ അനത്തോലിയ. എന്നാല്‍ ഇവിടത്തെ സമ്പദ്‌രംഗം മുഖ്യമായും കൃഷിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഗോതമ്പ്, ബാര്‍ലി, പിസ്ത, പയര്‍ വര്‍ഗങ്ങള്‍, പരുത്തി, പുകയില എന്നിവ പ്രധാന കാര്‍ഷിക വിഭവങ്ങള്‍.
തെക്കു-കിഴക്കന്‍ അനത്തോലിയ പദ്ധതി (ഏഅജ) ക്കു കീഴില്‍ ഉള്‍പ്പെടുത്തി വലിയ വികസന പദ്ധതികളാണ് ഈ പ്രവിശ്യകളില്‍ തുര്‍ക്കി നടപ്പാക്കിയത്. മേല്‍പറഞ്ഞ ഒമ്പത് പ്രവിശ്യകളില്‍ ഗാസിയന്‍ടെപ്പ്, സാന്‍ലി ഉര്‍ഫ, മാര്‍ദിന്‍, ദിയാര്‍ ബാകിര്‍, കിലിസ് എന്നീ അഞ്ച് പ്രവിശ്യകളാണ് ഈ യാത്രയില്‍ പിന്നിട്ടത്. 
ജുമുഅ നമസ്‌കാരാനന്തരം ടര്‍ക്കിഷ് ലഞ്ചും കഴിഞ്ഞ് ഗാസിയന്‍ടെപ്പില്‍നിന്ന് യാത്ര തുടര്‍ന്നത് അയല്‍ പ്രവിശ്യയായ സാന്‍ലി ഉര്‍ഫയിലേക്ക്. ചരിത്ര സ്മാരകങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഉര്‍ഫയിലേക്ക് 150 കി.മീറ്റര്‍ റോഡ് യാത്രയുണ്ട്. ഗാസിയന്‍ടെപ്പ് ടൂറിസം വകുപ്പിന്റെ പ്രത്യേക വാഹനമാണ് യാത്രക്ക് ഒരുക്കിയിരുന്നത്. സാന്‍ലി ഉര്‍ഫ പ്രവിശ്യയിലെത്തിയാല്‍ അവിടത്തെ ടൂറിസം വകുപ്പിന്റെ വാഹനത്തിലേക്ക് മാറിക്കയറണമെന്ന് നിര്‍ദേശിച്ചിരുന്നു. 
വഴിയിലുടനീളം മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍. നിരനിരയായുള്ള പിസ്താഷിയോ തോട്ടങ്ങള്‍. ഒരു മണിക്കൂര്‍ യാത്രക്കു ശേഷം സാന്‍ലി ഉര്‍ഫയിലെ ഒരു ജില്ലയായ ഹാല്‍ഫെതിയിലെത്തി. ഒരു ഭാഗം വലിയ മലനിരയാണെങ്കില്‍ മറുഭാഗത്ത് ശാന്തമായി ഒഴുകുന്ന യൂഫ്രട്ടീസ്. ഹാല്‍ഫെതി സഞ്ചാരികളെ വരവേല്‍ക്കുന്നത് ഇങ്ങനെയാണ്. തുര്‍ക്കിയില്‍ മറ്റെവിടെയും കാണാത്ത അപൂര്‍വ ദൃശ്യങ്ങളുടെ കേന്ദ്രമാണ് യൂഫ്രട്ടീസിന്റെ കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഹാല്‍ഫെതി. 1990-ല്‍ അല്‍ബൈറ അണക്കെട്ട് തകര്‍ന്ന് വെള്ളത്തിനടിയിലായ ഗ്രാമങ്ങളുടെ ചരിത്രം അയവിറക്കാനുണ്ട് ഹാല്‍ഫെതിക്ക്. പുതിയ ടൗണ്‍ പണിത് പിന്നീട് ജനങ്ങളെ പുനരധിവസിപ്പിക്കുകയായിരുന്നു. 

യൂഫ്രട്ടീസിന്റെ തീരത്ത്
യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഇറാഖാണ് ഓര്‍മയിലെത്തുക. എന്നാല്‍, 2,800 കി.മീറ്റര്‍ നീളമുള്ള യൂഫ്രട്ടീസിന്റെ മൂന്നിലൊന്ന് (ഏകദേശം 971 കി.മീറ്റര്‍) തെക്കു-കിഴക്കന്‍ തുര്‍ക്കിയിലെ സാന്‍ലി ഉര്‍ഫ, അദിയാമന്‍, ഗാസിയന്‍ടെപ്പ് പ്രവിശ്യകളിലൂടെയാണ് ഒഴുകുന്നതെന്ന് അധിക പേര്‍ക്കും അറിയില്ല. തുര്‍ക്കിയിലൂടെ മാത്രമല്ല, സിറിയയിലൂടെയും ഒഴുകിയാണ് യൂഫ്രട്ടീസ് നദി ഇറാഖിലെ ശത്വുല്‍ അറബ് ജലപാതയുടെ ഭാഗമായ ടൈഗ്രീസിനോട് ചേരുന്നത്.
അറബിയില്‍ അല്‍ ഫുറാത് എന്ന് വിളിക്കുന്ന യൂഫ്രട്ടീസ് ടര്‍ക്കിഷ് ഭാഷയിലെത്തുമ്പോള്‍ ഫിറാത് എന്നാകും; ടൈഗ്രീസ് ദിക്ലെ എന്നും. യൂഫ്രട്ടീസിനു കുറുകെയായി നിരവധി വന്‍ അണക്കെട്ടുകള്‍ തുര്‍ക്കി പണികഴിപ്പിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും വലുത് സാന്‍ലി ഉര്‍ഫ പ്രവിശ്യയിലെ അത്താതുര്‍ക്ക് അണക്കെട്ടാണ്. 1983 മുതല്‍ 1992 വരെയുള്ള കാലയളവിലാണ് 169 മീറ്റര്‍ ഉയരത്തിലുള്ള തുര്‍ക്കിയിലെ തന്നെ ഏറ്റവും വലിയ ഈ അണക്കെട്ട് പണിതത്. ലോകത്തെ തന്നെ വന്‍കിട അണക്കെട്ടുകളിലൊന്നു കൂടിയാണിത്. കെബാന്‍ (1965-നും 1975-നുമിടയില്‍ പണി പൂര്‍ത്തിയായത്), കരാകായ (1987-ല്‍ തുറന്നത്), ബെര്‍സിക്, കര്‍കാമിസ് എന്നിവയും യൂഫ്രട്ടീസ് നദിക്കു കുറുകെ തുര്‍ക്കി പണിത അണക്കെട്ടുകളാണ്.
ടൈഗ്രീസ് തുര്‍ക്കിയില്‍ ഒഴുകിത്തുടങ്ങുന്നത് കിഴക്കന്‍ അനത്തോലിയയിലെ എലാസിഗ് പ്രവിശ്യയിലെ മലനിരകളില്‍നിന്നാണ്. അവിടെനിന്ന് പല ചെറുനദികളായി ഒഴുകി സിസ്‌റെക്കു സമീപം തുര്‍ക്കിയുടെ അതിര്‍ത്തി കടന്ന് യൂഫ്രട്ടീസില്‍ ചേരുന്നു. 1900 കി.മീറ്റര്‍ നീളമുള്ള ടൈഗ്രീസിന്റെ 525 കി.മീറ്ററാണ് തുര്‍ക്കിയിലുള്ളത്. ടൈഗ്രീസിലും നിരവധി അണക്കെട്ടുകളും ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റുകളും തുര്‍ക്കി പണിതിട്ടുണ്ട്. കാരല്‍കിസി (1985-1997), ബാത്മാന്‍ (1986-1999), ദിക്ലെ (1986-1997), ഇലിസു (നിര്‍മാണത്തില്‍) എന്നിവയാണ് പ്രധാനപ്പെട്ടവ.
യൂഫ്രട്ടീസ് നദിയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് ബോട്ട് സവാരി നടത്തണമെങ്കില്‍ ഹാല്‍ഫെതിയിലേക്ക് വരണം. നദിയുടെ ഒരു ഭാഗത്ത് പൂര്‍ണമായും വലിയ മലനിര. അതില്‍ പലതരത്തിലുള്ള ഫലവൃക്ഷങ്ങള്‍ കൃഷിചെയ്തിട്ടുണ്ട്. അതിനിടയിലൂടെയാണ് യൂഫ്രട്ടീസിന്റെ ഒഴുക്ക്. വിശാലമായ യൂഫ്രട്ടീസിലൂടെ ബോട്ട് സവാരി നടത്തുന്ന പ്രതീതിയല്ല, മറിച്ച് മനോഹരമായ തടാകത്തിലൂടെയുള്ള ഉല്ലാസ യാത്രയായാണ് അനുഭവപ്പെടുക.
അര മണിക്കൂര്‍ ബോട്ട്‌യാത്രക്കുശേഷം യൂഫ്രട്ടീസ് നദിയില്‍ പകുതി മുങ്ങിയ സവാസാന്‍ കോയു എന്ന ഗ്രാമത്തിലെത്തി. മുങ്ങിയ ഗ്രാമത്തിനു പകരമായി പുതിയത് സര്‍ക്കാര്‍ പണിതിട്ടുണ്ടെങ്കിലും പഴയതിനെ അതേപടി നിലനിര്‍ത്തിയിരിക്കുന്നു. അണക്കെട്ടില്‍ വെള്ളമുയര്‍ന്നപ്പോള്‍ മുങ്ങിയ കൂട്ടത്തില്‍ മനോഹരമായ ഒരു പള്ളിയുമുണ്ട്. ഉസ്മാനിയ വാസ്തുശില്‍പത്തില്‍ പണിത പള്ളിയുടെ ഒരു മിനാരം മാത്രം വെള്ളത്തിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നു, കൂട്ടത്തില്‍ കുറച്ചു വീടുകളും കടകളും. ഇരു ഭാഗത്തെയും പ്രകൃതിഭംഗി ആസ്വദിച്ച് അവിടെനിന്ന് മടക്കയാത്ര.
അര ലക്ഷത്തില്‍താഴെ മാത്രം ജനസംഖ്യയുള്ള ഹാല്‍ഫെതി മുഖ്യമായും കാര്‍ഷിക ഗ്രാമമാണ്. ബ്ലാക് റോസ് എന്ന പുഷ്പം കാണപ്പെടുന്ന ലോകത്തെ ഏക പ്രദേശമാണ് ഹാല്‍ഫെതി. സാധാരണ പോലെ കടും ചുവപ്പ് നിറത്തിലാണ് ഈ പുഷ്പം വിടരുന്നതെങ്കിലും വേനല്‍കാലത്ത് അത് കറുപ്പ് നിറമാകും. ഇതിന്റെ വിത്തുകള്‍ മറ്റു പ്രദേശങ്ങളില്‍ മുളപ്പിച്ചാല്‍ കടും ചുവപ്പ് നിറത്തിലുള്ള പുഷ്പം മാത്രമാണ് വിടരുക. അതുകൊണ്ടുതന്നെ ഹാല്‍ഫെതിയില്‍ യൂഫ്രട്ടീസിന്റെ തീരത്ത് വളരുന്ന ബ്ലാക്ക് റോസ് ലോകപ്രശസ്തമാണ്.

ഇബ്‌റാഹീം നബിയുടെ കുളം
ആധുനിക ഇറാഖിന്റെ പഴയ പേരാണ് മെസൊപ്പൊട്ടേമിയ. എന്നാല്‍, ഇറാഖ് മാത്രം ഉള്‍പ്പെടുന്ന പ്രദേശമല്ല മെസൊപ്പൊട്ടേമിയ. ഇന്നത്തെ കുവൈത്ത്, സിറിയയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, തെക്കു-കിഴക്കന്‍ തുര്‍ക്കി, ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ചില പ്രദേശങ്ങള്‍  തുടങ്ങിയവയും മെസൊപ്പൊട്ടേമിയയുടെ ഭാഗമാണ്.
പ്രവാചകന്‍ ഇബ്‌റാഹീമിന്റെ(അ) ജന്മസ്ഥലം ഇറാഖിലെ ഊര്‍ പട്ടണത്തിലാണെന്നത് കുട്ടിക്കാലത്തേയുള്ള വിവരമാണ്. എന്നാല്‍ പ്രവാചകന്മാരുടെ നഗരമെന്ന പേരിലാണ് സാന്‍ലിഉര്‍ഫ അറിയപ്പെടുന്നതെന്നും ഇബ്‌റാഹീം നബി (അ) ജനിച്ച ഗുഹയും അദ്ദേഹത്തെ നംറൂദ് തീക്കുണ്ഡത്തില്‍ എറിഞ്ഞ സ്ഥലവും സാന്‍ലി ഉര്‍ഫയിലെ പ്രധാന സന്ദര്‍ശന കേന്ദ്രമാണെന്നും കേട്ടപ്പോള്‍ ആദ്യം അമ്പരപ്പാണുണ്ടായത്. ഇബ്‌റാഹീം നബിയുടെ ജനനം മെസൊപ്പൊട്ടേമിയയുടെ ഭാഗമായ എദേസ്സയിലാണെന്നാണ് ചരിത്ര പുസ്തകങ്ങളില്‍ കാണുന്നത്. എദേസ്സ ഇന്നത്തെ സാന്‍ലി ഉര്‍ഫയുടെ ഭാഗമാണ്. മെസൊപ്പൊട്ടേമിയ മേഖലയില്‍ തന്നെയാണ് ഇന്നത്തെ ഇറാഖിലെ ഊറും സാന്‍ലി ഉര്‍ഫയും എന്നതും ഇരു സ്ഥലങ്ങളും തമ്മില്‍ വലിയ അകലമില്ലാത്തതും സാന്‍ലി ഉര്‍ഫ എന്ന പേരില്‍ 'ഊര്‍' ഉള്ളതിനാലും ഇബ്‌റാഹീം നബിയുടെ ജന്മസ്ഥലത്തെക്കുറിച്ച് തര്‍ക്കത്തിന് വകയില്ലെന്നാണ് തോന്നുന്നത്. പോരാത്തതിന് ഇബ്‌റാഹീം നബി(അ)യുടെ ജീവിതം വിവിധ ദേശങ്ങളിലായി പരന്നുകിടക്കുകയാണല്ലോ. അഗ്നികുണ്ഡത്തില്‍നിന്ന് രക്ഷപ്രാപിച്ചശേഷം സ്വദേശം വിട്ട് ഇബ്‌റാഹീം(അ) ആദ്യം ഹര്‍റാനില്‍ (ഹാറാന്‍) പോയെന്ന് തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൗലാനാ മൗദൂദി വിശദീകരിക്കുന്നുണ്ട് (മലയാള വിവര്‍ത്തനം, വാള്യം 1 പേജ് 98). ഹാറാന്‍ ഉര്‍ഫയില്‍നിന്ന് ഏറെയൊന്നും അകലെയല്ല. ഊറും അനാത്തോലിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സര്‍ ലയനോര്‍ഡ് വോള്ളി തന്റെ അയൃമവമാ (London  1935) എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നതും മൗദൂദി (ഇതേ വാള്യം പേജ് 495) ഉദ്ധരിച്ചിട്ടുണ്ട്.
സെമിറ്റിക്ക് മതങ്ങളായ ഇസ്‌ലാം, ക്രിസ്ത്യാനിറ്റി, ജൂതായിസം എന്നിവ ഒരുപോലെ പ്രവാചകനായി അംഗീകരിക്കുന്ന ഇബ്‌റാഹീം (എബ്രഹാം) നബി ജനിച്ചുവെന്ന് കരുതുന്ന ഗുഹയും നംറൂദ് രാജാവ് പ്രവാചകനെ എറിഞ്ഞ തീക്കുണ്ഡവും ശിക്ഷ നടപ്പാക്കാന്‍ തെരഞ്ഞെടുത്ത വലിയ കോട്ടയും അതിന്മേല്‍ പണിത വലിയ രണ്ട് തൂണുകളും ഉള്‍പ്പെടെ നിരവധി ചരിത്രസ്മാരകങ്ങള്‍ സ്ഥിതിചെയ്യുന്ന വലിയ കോംപ്ലക്‌സാണിത്. സാന്‍ലി ഉര്‍ഫയിലെ പഴയ ടൗണിലാണ് ഈ കേന്ദ്രം. ഒരു പാര്‍ക്കില്‍ പ്രവേശിക്കുന്ന പ്രതീതിയാണ് ഇവിടെ എത്തുമ്പോള്‍ അനുഭവപ്പെടുക. പ്രവേശിച്ച് അമ്പതു മീറ്റര്‍ നടന്നാല്‍ ആദ്യം കാണുക ടര്‍ക്കിഷ് ഭാഷയില്‍ 'ബാലിക്‌ലി ഗോള്‍' (മത്സ്യങ്ങളുടെ തടാകം) എന്നറിയപ്പെടുന്ന ഇബ്‌റാഹീം നബിയുടെ കുളമാണ് (Pool of Abraham). 
ഇബ്‌റാഹീം നബി എറിയപ്പെട്ട തീക്കുണ്ഡത്തിന്റെ സ്വഭാവം അല്ലാഹു മാറ്റുകയും തീജ്ജ്വാലകള്‍ വെള്ളവും കത്തിക്കാന്‍ ശേഖരിച്ച വിറകുകള്‍ മത്സ്യങ്ങളുമായി എന്നാണ് വിശ്വാസം. ധാരാളം മത്സ്യങ്ങള്‍ ഈ കുളത്തിലുണ്ട്. ദൈവിക ദൃഷ്ടാന്തമായതിനാല്‍ കുളവും അതിലെ മത്സ്യങ്ങളും പരിപാവനമായാണ് കരുതുന്നത്. മത്സ്യങ്ങളെ പിടിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അതിനാല്‍ നിരവധി മത്സ്യങ്ങള്‍ ഇവിടെയും സമീപത്തെ അയ്ന്‍ സെലിഹ കുളത്തിലും കാണാം. സന്ദര്‍ശകര്‍ ധാരാളമായി മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ഇവിടെനിന്ന് നൂറു മീറ്റര്‍ മാത്രം അകലെ ഒരു പഴയ കെട്ടിടത്തിനകത്താണ് ഇബ്‌റാഹീം നബി ജനിച്ചുവെന്ന് പറയപ്പെടുന്ന ഗുഹ. പാദരക്ഷകള്‍ അഴിച്ചുവെച്ച് അല്‍പം കുനിഞ്ഞുവേണം അകത്തു കടക്കാന്‍. ഒരു കണ്ണാടിക്ക് അപ്പുറത്തുനിന്ന് ഗുഹയുടെ അകം കാണാം. മക്കയിലെ ഹിറാ ഗുഹയുടെയും സൗര്‍ ഗുഹയുടെയും സമീപത്ത് കാണുന്നതുപോലെ ഇവിടെയും നമസ്‌കാരം നിര്‍വഹിക്കുന്ന സന്ദര്‍ശകരെ കണ്ടു. പക്ഷേ, മക്കയിലേതു പോലെ ഏതെങ്കിലും തരത്തിലുള്ള ആരാധനകള്‍  വിലക്കുന്ന ബോര്‍ഡുകളൊന്നും വെച്ചിട്ടില്ല. ധാരാളം ക്രിസ്ത്യന്‍ സന്ദര്‍ശകരെയും ഇവിടെ കാണാനായി. ഇതോടനുബന്ധിച്ച് ഒരു പള്ളിയുണ്ട്. ഖലീലുല്ലാഹി മസ്ജിദ് എന്നാണ് പേര്. സമീപത്തു തന്നെ ആധുനിക സൗകര്യങ്ങളോടെയുള്ള വലിയ പള്ളിയും പണി കഴിപ്പിച്ചിട്ടുണ്ട്.

ബദീഉസ്സമാന്‍ സഈദ് നൂര്‍സി
ഉസ്മാനിയാ ഖിലാഫത്തിന്റെ അവസാന കാലത്ത് ജീവിച്ച പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവും ഇസ്‌ലാമിക പരിഷ്‌കര്‍ത്താവുമായ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ ഖബ്‌റിടവും ഈ വിശാലമായ കോംപ്ലക്‌സിലാണ്. 1876-ല്‍ കിഴക്കന്‍ തുര്‍ക്കിയില്‍ ബിത്‌ലിസ് പ്രവിശ്യയിലെ നുര്‍സ് ഗ്രാമത്തില്‍ ജനിച്ച ബദീഉസ്സമാന്‍ 1960 മാര്‍ച്ച് 23-ന് സാന്‍ലി ഉര്‍ഫയിലാണ് അന്ത്യശ്വാസം വലിച്ചത്. സാധാരണ മുസ്‌ലിം പണ്ഡിതന്മാരില്‍നിന്ന് വ്യത്യസ്തനായി ഖുര്‍ആനു പുറമെ ശാസ്ത്രത്തിലും തത്ത്വചിന്തയിലും വ്യുല്‍പത്തി നേടിയ ബദീഉസ്സമാന്‍, അക്കാലത്തെ ഖുര്‍ആന്‍ വിമര്‍ശകര്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന പണ്ഡിതനായിരുന്നു. ഖുര്‍ആനെ അവമതിക്കാന്‍ വ്യാജാരോപണങ്ങളുന്നയിച്ച യൂറോപ്യന്‍ ബുദ്ധിജീവികളെ അദ്ദേഹം ഖുര്‍ആന്‍ സൂക്തങ്ങളും ശാസ്ത്ര സത്യങ്ങളും ഉദ്ധരിച്ചാണ് നേരിട്ടത്. കോളനികാര്യങ്ങള്‍ക്കുള്ള ബ്രിട്ടീഷ് സെക്രട്ടറി ഗ്ലാഡ്സ്റ്റന്റെ നിരന്തരമുള്ള വിമര്‍ശനങ്ങള്‍ക്ക് ബദീഉസ്സമാന്‍ നല്‍കിയ മറുപടികള്‍ പ്രസിദ്ധമാണ്. ആറായിരത്തിലധികം പേജുകളുള്ള 'രിസാലെ നൂര്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാനമാണ് നൂര്‍സിയുടെ മാസ്റ്റര്‍പീസ്.
പ്രവാചകന്മാരുടെ കാല്‍പാടുകള്‍ പതിഞ്ഞ പ്രദേശമെന്ന നിലയില്‍ ഉര്‍ഫയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു സഈദ് നൂര്‍സി. ഉര്‍ഫയെപ്പറ്റി അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവിടെയുള്ള ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: 'ഉര്‍ഫയിലെ ജനങ്ങള്‍ക്കുവേണ്ടി, അവിടത്തെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി, ഖബ്‌റിടങ്ങളില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രഭാതത്തിലും പ്രദോഷത്തിലും ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്. ഉര്‍ഫയിലെ ജനങ്ങള്‍ക്ക് ഞാന്‍ ആശംസ നേരുന്നു. അവിടത്തെ കല്ലും മണ്ണും അനുഗൃഹീതമാണ്. അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്ന വിശേഷണം ലഭിച്ച ഇബ്‌റാഹീം നബി(അ)യുടെ സ്ഥലമാണ് ഉര്‍ഫ. ആരോഗ്യമുണ്ടെങ്കില്‍ അടുത്ത ശൈത്യത്തില്‍ ഉര്‍ഫയിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'
തന്നെ ഉര്‍ഫയിലേക്ക് കൊണ്ടുപോകണമെന്ന് മരിക്കുന്നതിനു മൂന്നു ദിവസം മുമ്പ് നൂര്‍സി ശിഷ്യന്മാരോട് പറഞ്ഞു. ഉര്‍ഫയിലെ ഇപെക് പാലസ് ഹോട്ടലില്‍ താമസിക്കവെയാണ് നൂര്‍സി അല്ലാഹുവിലേക്ക് യാത്രയായത്. ഇബ്‌റാഹീം നബി(അ)യുടെ ജന്മസ്ഥലത്തിന് നൂറ് മീറ്റര്‍ മാറിയാണ് അദ്ദേഹത്തെ കബറടക്കിയത്. എന്നാല്‍ 1960 മേയ് 27-ലെ പട്ടാള അട്ടിമറിക്കുശേഷം ശത്രുക്കള്‍ നൂര്‍സിയുടെ ഖബ്ര്‍ പൊളിക്കുകയും മയ്യിത്ത് മറ്റെവിടെയോ മറമാടുകയും ചെയ്തു. അത് എവിടെയെന്നത് ഇന്നും രഹസ്യമാണ്.

ഹാരന്‍ സര്‍വകലാശാല
യൂഫ്രട്ടീസിന്റെ ഓരം ചേര്‍ന്ന്, ചരിത്ര സ്മാരകങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ് സാന്‍ലി ഉര്‍ഫ. പ്രവാചകന്മാരുടെ കാല്‍പാടുകള്‍ പതിഞ്ഞ സാന്‍ലി ഉര്‍ഫയുടെ മറ്റൊരു വിസ്മയമാണ് പുരാതന നഗരമായ ഹാരന്‍. ഉര്‍ഫ നഗരത്തില്‍നിന്ന് ഏതാണ്ട് 45 കി.മീറ്റര്‍ മാറി ഒരു മലമ്പ്രദേശമാണ് ഹാരന്‍. പുരാതന സംസ്‌കാരത്തിന്റെ അവശേഷിപ്പുകളായ മണ്‍കട്ടകള്‍ കൊണ്ടുള്ള വീടുകള്‍ ഇവിടത്തെ പ്രത്യേകതയാണ്. തേനീച്ചക്കൂടിന്റെ രൂപത്തിലുള്ളതായതിനാല്‍ ബീഹൈവ് വീടുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ചൂടിലും തണുപ്പിലും ഒരുപോലെ സംരക്ഷണ കവചമായാണ് ഈ വീടുകള്‍ ഉപയോഗപ്പെടുത്തുന്നത്. മാത്രമല്ല, ഭക്ഷണസാധനങ്ങള്‍ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഈ വീടുകളുടെ അകത്തളങ്ങളിലുണ്ട്.
അല്‍പം കൂടി യാത്ര ചെയ്തപ്പോള്‍ ലോകത്തെ ഏറ്റവും പുരാതനമായ ഹാരന്‍ ഇസ്‌ലാമിക സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടു. കുന്നിന്‍മുകളില്‍നിന്നുള്ള കാഴ്ച അവര്‍ണനീയം. വലിയ തൂണുകളും പൊളിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. യുനെസ്‌കോയുടെ സംരക്ഷിത സ്മാരകങ്ങളില്‍ ഹാരന്‍ സര്‍വകലാശാലയും ഉള്‍പ്പെടുന്നു. 1992-ല്‍ ആരംഭിച്ച സാന്‍ലി ഉര്‍ഫയിലെ ആധുനിക സര്‍വകലാശാലക്കും ഹാരന്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. പാഠശാലയുടെ ഭാഗമായി പടുത്തുയര്‍ത്തിയിരുന്ന പള്ളിയുടെ കൂറ്റന്‍ മിനാരവും ചരിത്ര സ്മാരകമായി നിലനില്‍ക്കുന്നു.
പ്രവാചകന്മാരുടെ നഗരമെന്നാണ് ഉര്‍ഫ അറിയപ്പെടുന്നത് എന്നു പറഞ്ഞുവല്ലോ. ഇബ്‌റാഹീം നബി(അ)യുടെ പരമ്പരയില്‍പെട്ട യഅ്ഖൂബ് നബി (അ) ഹാറനില്‍ താമസിച്ചിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന കിണര്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്ന ഒരു തോട്ടവും അധികം അകലെയല്ലാതെ കണ്ടു. അയ്യൂബ് നബി മാരകമായ രോഗവുമായി പടവെട്ടിയ കാലത്ത് ഉര്‍ഫയിലാണ് കഴിഞ്ഞതെന്നും പറയപ്പെടുന്നു.
സമാധാനത്തിന്റെ കേന്ദ്രമായ സാന്‍ലി ഉര്‍ഫ പ്രവിശ്യയെ ഞെട്ടിച്ച് തീവ്രവാദവുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങള്‍ ഉണ്ടായതായി ഒപ്പമുള്ള ഉര്‍ഫ ടൂറിസം വകുപ്പിലെ ഗൈഡ് മെഹ്മത് ഓഖാന്‍ ഓര്‍മിപ്പിച്ചു. 2015 ജൂലൈയിലായിരുന്നു അത്. സിറിയയിലെ റഖയിലേക്ക് കടത്താനിരുന്ന ഒരു ട്രക്ക് നിറയെ സ്‌ഫോടക വസ്തുക്കള്‍ ടര്‍ക്കിഷ് സുരക്ഷാ സേന പിടിച്ചെടുത്തത് പ്രദേശവാസികള്‍ അമ്പരപ്പോടെയാണ് കേട്ടത്. അക്‌സകെയിലിലായിരുന്നു സംഭവം. അഞ്ചു ദിവസത്തിനപ്പുറം അധികമൊന്നും അകലെയല്ലാത്ത സുറുകിലെ മുനിസിപ്പല്‍ കള്‍ച്ചറല്‍ സെന്ററിനു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരു സംഭവങ്ങള്‍ക്കു പിന്നിലും ഐ.എസ് ആയിരുന്നു. സഞ്ചാരികളുടെ കേന്ദ്രമായ സാന്‍ലി ഉര്‍ഫയില്‍ മറ്റൊരു തീവ്രവാദ പ്രവര്‍ത്തനവും പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മെഹ്മത് പറഞ്ഞു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി