Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

മദീന കമ്പോളം ഗൗനിക്കപ്പെടാതെ പോകുന്ന ചരിത്ര വസ്തുതകള്‍

എച്ച്. അബ്ദുര്‍റഖീബ്

പ്രവാചകന്‍ മദീനയില്‍ വളര്‍ത്തിയെടുത്തത് ഒരു ഉത്തമ സമൂഹത്തെയായിരുന്നു. ധാര്‍മികത, രാഷ്ട്രീയ സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക നീതി, സാമ്പത്തിക ക്ഷേമം എന്നീ അഞ്ച് അടിത്തറകളാല്‍ കെട്ടിപ്പടുക്കപ്പെട്ട അനുപമമായ ഒരു ഇസ്ലാമിക ഭരണക്രമവും അവിടെ ഉായിരുന്നു. മതപരവും സാമൂഹികവുമായ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് അദ്ദേഹം മദീനയിലെത്തിയ ഉടന്‍ തന്നെ അവിടെ പള്ളി സ്ഥാപിക്കുന്നത്. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അവിടെ നിര്‍വഹിക്കപ്പെട്ടിരുന്നു എന്നതിനാല്‍തന്നെ മുസ്ലിംകളുടെ മതപരമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം ഈ പള്ളിതന്നെയായിരുന്നു. രാഷ്ട്രീയമായി ചിന്തിക്കുമ്പോള്‍ മക്കയിലെ ബഹുദൈവാരാധകരുമായുാക്കിയ ഹുദൈബിയാസന്ധി ഏറെ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അതുപോലെ പ്രധാനമായിരുന്നു 'മീസാഖുല്‍ മദീന' (മദീന കരാര്‍) എന്ന പേരില്‍ മദീനയിലെ ജൂതന്മാരുമായും പിന്നീട് നജ്‌റാനിലെ ക്രൈസ്തവരുമായും ഉാക്കിയ കരാറുകളും. മുഹാജിറുകള്‍ക്കും അന്‍സാറുകള്‍ക്കുമിടയില്‍ പ്രവാചകന്‍ സ്ഥാപിച്ച ബന്ധവും അവര്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും പുതുതായി മദീനയില്‍ രൂപം കൊണ്ട ഇസ്ലാമിക ഭരണകൂടത്തിന് ശക്തമായ അടിത്തറ പാകി. മദീനയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ കേന്ദ്രവും പ്രവാചകന്റെ പള്ളിയുടെ പരിസരത്തു തന്നെയായിരുന്നു. ഇവിടെ ഏകദേശം 70 മുതല്‍ 80-നടുത്ത് വിദ്യാര്‍ഥികള്‍ പഠനം  നടത്തിയിരുന്നു. പ്രവാചകന്റെ നേരിട്ടുള്ള ശിക്ഷണത്തില്‍ വിദ്യ അഭ്യസിച്ച  അവര്‍ പുതുതായി രൂപംകൊണ്ട രാഷ്ട്രത്തിലെ വിവിധ ജോലികള്‍ക്കായി നിയമിക്കപ്പെട്ടു. മതപരമായ ഉത്തരവാദിത്ത നിര്‍വഹണങ്ങളില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ഈ ആവശ്യാര്‍ഥം അവരെ അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി നിയോഗിക്കുകയും ചെയ്തു. പ്രസിദ്ധ സ്വഹാബി മുആദുബ്‌നു ജബലിനായിരുന്നു സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം.
പുതുതായി സ്ഥാപിക്കപ്പെട്ട ഈ രാഷ്ട്രത്തിന്റെ സുവര്‍ണ അധ്യായങ്ങളിലൊന്നായിരുന്നു രൂപവത്കരണംകൊണ്ടും നടത്തിപ്പുകൊണ്ടും ശ്രദ്ധേയമായ അവിടത്തെ മാര്‍ക്കറ്റ്. സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനും നിലമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് സ്ഥാപിക്കപ്പെട്ടത്. എന്നാല്‍, രാഷ്ട്രത്തിന്റെ സാമ്പത്തിക സുസ്ഥിതിയിലും വളര്‍ച്ചയിലും ഏറെ സംഭാവനകളര്‍പ്പിച്ച ഈ വാണിജ്യ കേന്ദ്രത്തെ പ്രവാചകന്റെ ജീവചരിത്രമെഴുതിയവരും മറ്റ് ചരിത്രകാരന്മാരും പാടേ അവഗണിക്കുകയാണുണ്ടായത്. ആ മാര്‍ക്കറ്റിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ.

മദീന എന്ന കേന്ദ്രം
പല കാരണങ്ങളാല്‍ അറേബ്യയുടെ കേന്ദ്ര ഭാഗമായിരുന്നു മദീന. കച്ചവടത്തിന്റെയും കൃഷിയുടെയും പ്രധാന കേന്ദ്രവും മദീന തന്നെയായിരുന്നു. അന്നത്തെ മറ്റൊരു പട്ടണമായ ത്വാഇഫ് ഒരു കാര്‍ഷികകേന്ദ്രം മാത്രമായിരുന്നു. പറയത്തക്ക കച്ചവടകേന്ദ്രങ്ങള്‍ അവിടെയുണ്ടായിരുന്നില്ല. മക്ക പേരുകേട്ട കച്ചവടകേന്ദ്രമായിരുന്നെങ്കിലും കാര്‍ഷികവൃത്തി അന്നാട്ടുകാര്‍ക്ക് അന്യമായിരുന്നു. എന്നുമാത്രമല്ല, മക്ക കൃഷിക്കനുയോജ്യമായ പ്രദേശവുമായിരുന്നില്ല. എന്നാല്‍ ഇവ രണ്ടിനും അനുയോജ്യമായ അറേബ്യയിലെ അപൂര്‍വം പ്രദേശങ്ങളിലൊന്നായിരുന്നു മദീന. പ്രവിശാലമായ തോട്ടങ്ങളും കൃഷിഭൂമികളും അവടെയുണ്ടായിരുന്നു. ഈത്തപ്പഴത്തിനും മുന്തിരിക്കും പുറമെ മറ്റ് കാര്‍ഷികോല്‍പന്നങ്ങളും വലിയ തോതില്‍ അവിടെ ഉല്‍പാദിപ്പിക്കപ്പെട്ടു. കച്ചവടക്കാരായി ചില മുസ്ലിംകളുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ കച്ചവടത്തിന്റെ സിംഹഭാഗവും ജൂതന്മാര്‍ കൈയടക്കിവെച്ചിരുന്നു. 
മക്കയില്‍നിന്ന് മദീനയില്‍ പലായനം ചെയ്‌തെത്തിയ പ്രവാചകന്‍ അവിടത്തെ പ്രാദേശികമായ വിനിമയങ്ങള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഇസ്ലാമിക മൂല്യങ്ങള്‍ക്കും അധ്യാപനങ്ങള്‍ക്കും വിരുദ്ധമാകാത്ത നാട്ടുനടപ്പുകളും സമ്പ്രദായങ്ങളും മാത്രം അതേ രീതിയില്‍ തുടര്‍ന്നു പോവാന്‍ അദ്ദേഹം അനുവാദം നല്‍കി. പഴത്തിനും ഉറുമാമ്പഴത്തിനും പുറമേ ഈത്തപ്പഴം, ബാര്‍ലി, മുന്തിരി, അത്തി മുതലായ ഫല ധാന്യ വര്‍ഗങ്ങളുടെ ഉല്‍പാദനത്തിന് പേരുകേട്ട സ്ഥലമായിരുന്നു മദീന. ഗോതമ്പ് ഉല്‍പാദിക്കപ്പെട്ടിരുന്നുവെങ്കിലും അത് പര്യാപ്തമായിരുന്നില്ല. അതിനാല്‍ വലിയ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങുകയായിരുന്നു പതിവ്. തദ്ദേശീയ ഉല്‍പന്നങ്ങളുടെ കൂട്ടത്തില്‍ തുണിത്തരങ്ങള്‍, ആയുധങ്ങള്‍, തടികൊണ്ട് നിര്‍മിക്കുന്ന ചില ഉപകരണങ്ങള്‍ മുതലായവയും ഉള്‍പ്പെട്ടിരുന്നു. മദ്യവും വലിയ തോതില്‍ ഇവിടെ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു. മദ്യവ്യാപാരത്തിന്റെ കുത്തക ജൂതന്മാരുടെ കൈവശമായിരുന്നു. മറ്റുള്ള മദ്യവില്‍പനക്കാര്‍ ജൂതന്മാരില്‍നിന്ന് വാങ്ങിയാണ് നഗരത്തിനകത്തും പുറത്തുമായി കച്ചവടം നടത്തിയിരുന്നത്. മദ്യം ഹറാമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുസ്ലിം വ്യാപാരികള്‍ ഇതില്‍നിന്ന് പിന്മാറി. മദ്യത്തിന്റെ ഉപഭോഗം പൂര്‍ണമായി അവസാനിച്ചതോടെ വളരെ വേഗത്തില്‍ അതിന്റെ കച്ചവടവും നിലച്ചു. മുസ്‌ലിംകളല്ലാത്തവരും മദ്യക്കച്ചവടം നിര്‍ത്തിവെച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് വരുമ്പോള്‍ ആളുകള്‍ ഒറ്റക്കും കൂട്ടായും കൈത്തറി പോലുള്ള കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഇവയില്‍ പലതും നിരവധിയാളുകള്‍ തൊഴിലെടുക്കുന്ന വിപുലമായ നിര്‍മാണ സംരംഭങ്ങളായിരുന്നു. കാര്‍ഷികോപകരണങ്ങള്‍ നിര്‍മിച്ചിരുന്ന പണിശാലകളും അവിടെ ഉണ്ടായിരുന്നു. പ്രധാനമായും ഇരുമ്പുപയോഗിച്ചാണ് ഇവ നിര്‍മിച്ചിരുന്നത്. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും ബനൂ ഖൈനുഖാ എന്ന പ്രമുഖ ജൂതഗോത്രത്തിന്റെ നിയന്ത്രണത്തിലായിരുന്നു. മദീനക്കു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങളിലെ പ്രധാന തൊഴില്‍ കൃഷിയായതിനാല്‍ തന്നെ കാര്‍ഷികോപകരണങ്ങള്‍ ഇവര്‍ക്ക് അത്യന്താപേക്ഷിതമായിരുന്നു. ബനൂ ഖൈനുഖാഅ് ഗോത്രം ഇതില്‍നിന്നും വന്‍ ലാഭമാണ് ഉണ്ടാക്കിയിരുന്നത്.  മദീനയിലെ കച്ചവടക്കാര്‍ കയറ്റുമതി-ഇറക്കുമതി വ്യാപാരങ്ങളിലും സജീവമായിരുന്നു. സിറിയയില്‍നിന്നും ലെവന്തില്‍നിന്നും വസ്ത്രങ്ങളും മറ്റുല്‍പ്പന്നങ്ങളും അവര്‍ ഇറക്കുമതി ചെയ്തു. ജോര്‍ദാനില്‍നിന്നാണ് ഗോതമ്പ് ഇറക്കുമതി ചെയ്തിരുന്നത്. ഈ വ്യാപാരങ്ങളുടെ കുത്തകയും ജൂതന്മാര്‍ക്കായിരുന്നു. അവര്‍ സിറിയയിലും ജോര്‍ദാനിലും കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും വളരെ സമര്‍ഥമായി അവിടെ നിന്ന് ഇവ നിയന്ത്രിക്കുകയും ചെയ്തു. മദീനയിലെ മറ്റൊരു ജൂതഗോത്രമായ ബനുന്നളീര്‍ ഗോത്രമാണ് ഈ മേഖല അടക്കിവാണിരുന്നത്. 
മദീനയില്‍ ഹിജ്റ ചെയ്‌തെത്തിയ മുഹാജിറുകള്‍ക്ക് ആദ്യത്തെ ഒന്നര വര്‍ഷം കൊടിയ ദാരിദ്യത്തിന്റേതായിരുന്നു. ഏകദേശം ഇതേ സമയത്താണ് ജൂതന്മാരുടെ വലിയൊരു കച്ചവടസംഘം മദീനയിലെത്തുന്നത്. സുഗന്ധ ദ്രവ്യങ്ങളും ആഭരണങ്ങളും വിലയേറിയ രത്‌നക്കല്ലുകളുമടക്കം പലതും അവര്‍ കൊണ്ടുവന്നിരുന്നു. ഈ കൗതുക ദൃശ്യത്തിന് സാക്ഷികളായ മുസ്ലിം ചെറുപ്പക്കാരും സ്ത്രീകളും തങ്ങള്‍ക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണിതെന്ന് ആലോചിച്ച് കടുത്ത നിരാശയിലായിരുന്നു. തങ്ങളുടെ ദാരിദ്ര്യം അവരെ പലരെയും വല്ലാതെ  അലട്ടി. ഈ സന്ദര്‍ഭത്തിലാണ് അവരെ സമാശ്വസിപ്പിച്ചുകൊണ്ട് ഖുര്‍ആനിലെ ഈ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിക്കുന്നത്: ''ആവര്‍ത്തിച്ച് പാരായണം ചെയ്യുന്ന ഏഴു സൂക്തങ്ങള്‍ നിനക്കു നാം നല്‍കിയിട്ടുണ്ട്; മഹത്തായ ഈ ഖുര്‍ആനും. അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക് നാം നല്‍കിയ സുഖഭോഗങ്ങളില്‍ നീ കണ്ണുവെക്കേണ്ടതില്ല. അവരെയോര്‍ത്ത് ദുഃഖിക്കേണ്ടതുമില്ല. സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക'' (ഹിജ്ര്‍ 87-88).
വ്യാപാരത്തിന്റെ വലിയൊരു ഭാഗവും നിയന്ത്രിച്ചിരുന്നത് വ്യത്യസ്ത ജൂതഗോത്രങ്ങളായിരുന്നു. തദ്ദേശീയ മുസ്‌ലിംകള്‍ (അന്‍സ്വാറുകള്‍) നേരത്തേ ജൂതന്മാരില്‍നിന്ന് ഭീമമായ സംഖ്യ കടമായി വാങ്ങിയിരുന്നു. തദ്ഫലമായി മുതലും പലിശയുമൊടുക്കാന്‍ അന്‍സ്വാറുകള്‍ക്ക് അവരുടെ ഭൂസ്വത്തുക്കള്‍ ജൂതന്മാര്‍ക്ക് തീറെഴുതിക്കൊടുക്കേണ്ടിവന്നിരുന്നു. എന്നാല്‍ മദീനയില്‍ മുഹാജിറുകളെത്തിയതോടെ ഈയവസ്ഥക്ക് വലിയ അളവില്‍ മാറ്റം സംഭവിച്ചു. മുഹാജിറുകള്‍ കച്ചവടത്തില്‍ സമര്‍ഥരും അതിന്റെ നാനാ വശങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കിയവരുമായിരുന്നു. അവരില്‍ പലരും ഏറെ അനുഭവസമ്പത്തുള്ള അഗ്രഗണ്യരായ കച്ചവടക്കാരായിരുന്നു. മൂലധനത്തിന്റെ അപര്യാപ്തത മൂലം വളരെ ചെറിയ തുകയുമായാണ് അവര്‍ കച്ചവടം ആരംഭിച്ചതെങ്കിലും അവരുടെ വരവോടുകൂടി കമ്പോളത്തിലെ ജൂതന്മാരുടെ പ്രതാപം ക്ഷയിക്കാന്‍ തുടങ്ങി. അനിഷേധ്യമെന്ന് കരുതിയിരുന്ന അവരുടെ ആധിപത്യത്തിന് അവസാനം അറുതിയായി. പ്രമുഖ സ്വഹാബിവര്യന്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് കച്ചവടം ആരംഭിക്കുന്നത് ബനൂ ഖൈനുഖാഅ് ഗോത്രത്തിന്റെ അങ്ങാടിയിലാണ് (ബുഖാരി, കിതാബുല്‍ ബുയൂഅ്). ഇതുള്‍പ്പടെ ആ പ്രദേശത്തെ എല്ലാ അങ്ങാടികളും നിയന്ത്രിച്ചിരുന്നത് അബൂറാഫിഅ് എന്ന അതിസമ്പന്നനായ വര്‍ത്തക പ്രമാണിയായിരുന്നു. അയാള്‍ നിശ്ചയിക്കുന്ന വില നിലവാരമാണ് ചോദ്യം ചെയ്യപ്പെടാതെ അനുവര്‍ത്തിക്കപ്പെട്ടുപോന്നത്. എല്ലാ ജൂതവ്യാപാരികളും അയാളുടെ തിട്ടൂരങ്ങള്‍ പിന്തുടര്‍ന്നുപോന്നു. ഇത് ജൂതനല്ലാത്ത ഒരാള്‍ക്കും കച്ചവടം തുടങ്ങാന്‍ സാധ്യമല്ല എന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചു. കൊടുക്കുന്നതിനും വാങ്ങുന്നതിനും അവര്‍ക്ക് വ്യത്യസ്ത അളവുകളാണ് ഉണ്ടായിരുന്നത്. ഇതാകട്ടെ ഇസ്ലാം കര്‍ശനമായി നിരോധിച്ചതുമാണ്. അബൂറാഫിഇനെ വെല്ലുവിളിക്കുക മാത്രമല്ല, അയാളുടെ സമഗ്രാധിപത്യം അവസാനിപ്പിച്ച ആദ്യവ്യാപാരി കൂടിയായിരുന്നു അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്. അനധികൃതമായ എല്ലാ കീഴ്‌വഴക്കങ്ങളും തന്റെ സംവിധാനത്തിനു കീഴില്‍ ഒന്നിനു പിറകെ ഒന്നായി അദ്ദേഹം അവസാനിപ്പിച്ചു. 

പുതിയ മാര്‍ക്കറ്റിന്റെ രൂപവത്കരണം
പ്രവാചകന്‍ മദീനയിലെത്തിയ ശേഷം എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്ന് തന്റെ പള്ളിക്ക് സമീപത്തായി ഒരു മാര്‍ക്കറ്റ് സ്ഥാപിക്കുക എന്നതായിരുന്നു. ജൂതന്മാരുടെ ആധിപത്യത്തില്‍നിന്ന് വിശ്വാസികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബദല്‍ കമ്പോളം സ്ഥാപിക്കപ്പെടുന്നത്. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് ഏറെ ആദരിക്കപ്പെടുന്ന ഒരു വ്യാപാരിയായി ഇതിനോടകം മാറിക്കഴിഞ്ഞിരുന്നു. ക്രയവിക്രയത്തിനായി അദ്ദേഹത്തിന്റെയടുക്കല്‍ ധാരാളം മൂലധനവുമുണ്ടായിരുന്നു. കച്ചവടത്തില്‍ അദ്ദേഹത്തെ അതിജയിക്കുക ജൂതന്മാരെ സംബന്ധിച്ചേടത്തോളം അസാധ്യം തന്നെയായി. എന്നാല്‍ ഇതായിരുന്നില്ല ചെറുകിട മുസ്ലിംവ്യാപാരികളുടെ അവസ്ഥ. ഇവര്‍ ജൂതവ്യാപാരികളുടെ സ്ഥിരം ഇരകളായിരുന്നു. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ പോലും ഇവരുടെ അധിക്ഷേപത്തിനും പരിഹാസത്തിനും ഇരകളായി. ചില റിപ്പോര്‍ട്ടുകളില്‍ കാണുന്ന പ്രകാരം, സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരു മുസ്ലിം വനിതയോട് ഒരു ജൂതവ്യാപാരി  അപമര്യാദയായി പെരുമാറിയതിനാലാണ് ബനൂ ഖൈനുഖാഅ് യുദ്ധമുണ്ടാകുന്നത്. ഹിജ്റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തിലായിരുന്നു യുദ്ധം. ഈയൊരൊറ്റ സംഭവംതന്നെ ഇവരുടെ മേല്‍ക്കോയ്മയും ദുഷ്പ്രഭുത്വവും എത്രത്തോളമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നു. തന്നെയുമല്ല ജൂതന്മാര്‍ കരുതിയിരുന്നത് തങ്ങളൊഴികെ ബാക്കിയുള്ളവരെല്ലാം പിഴച്ചവരാണെന്നും അതിനാല്‍തന്നെ അവരെ ചൂഷണംചെയ്യുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു.
സാമ്പത്തിക ശക്തിയും സ്വാശ്രയത്വവും പുതുതായി രൂപംകൊണ്ട ഇസ്ലാമിക ഭരണകൂടത്തിന്റെ നിലനില്‍പിനും രാഷ്ട്രീയസുസ്ഥിരതക്കും അനിവാര്യമാണെന്ന് പ്രവാചകന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് പ്രവാചകന്‍ ഒരു ബദല്‍ ബിസിനസ് പ്ലാറ്റ്ഫോമിന് രൂപം നല്‍കുന്നത്. പുതിയ മാര്‍ക്കറ്റിന്റെ സംസ്ഥാപന വേളയില്‍ പ്രഖ്യാപിച്ചു: ''ഇത് നിങ്ങളുടെ സ്വന്തം കമ്പോളമാണ്. ഇവിടെ നിങ്ങളെ ആരും അടിച്ചമര്‍ത്തുകയോ നിങ്ങളോട് വിവേചനം കാണിക്കുകയോ ഇല്ല. ശ്വാസം മുട്ടിക്കുന്ന ഒരു നികുതിയും നിങ്ങളുടെ മേല്‍ ചുമത്തപ്പെടുകയില്ല.'' ജൂതന്മാര്‍ പല പേരുകളിലായി ഭീമമായ നികുതികളും പിഴകളും മുസ്ലിം കച്ചവടക്കാരുടെ മേല്‍ ചുമത്തിയിരുന്നു. പൂര്‍ണമായും നികുതിമുക്ത കമ്പോളമാണ് പ്രവാചകന്‍ മുസ്ലിംവ്യാപാരികള്‍ക്കായി മദീനയില്‍ തുറന്നുകൊടുത്തത്. 
പ്രവാചകന്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: ''നമ്മുടെ ഈ കമ്പോളത്തിലേക്ക് ഉല്‍പന്നങ്ങളുമായി വരുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളിയെ പോലെയാണ്'' (മുസ്വന്നഫ് അബീശൈബ, പേ. 305).  

വ്യാപാരികള്‍ക്ക് സൗകര്യങ്ങള്‍
മദീനയില്‍ പുതുതായി സ്ഥാപിക്കപ്പെട്ട മാര്‍ക്കറ്റ് പ്രവാചകന്റെ പള്ളിയുടെ പരിസരത്തുതന്നെയായിരുന്നു; ജൂതന്മാരുടെ കേന്ദ്രത്തില്‍നിന്ന് കുറച്ച് ദൂരെ മാറി. പ്രവാചകന്‍ ഈ കേന്ദ്രം സ്ഥാപിക്കുന്നതോടൊപ്പം, വ്യാപാരിസൗഹൃദപരമായ ഒരന്തരീക്ഷം അവിടെ ഒരുക്കുകയും പഴയ കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് പുതിയ മാര്‍ക്കറ്റില്‍ കച്ചവടം തുടങ്ങാന്‍ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. കച്ചവടത്തില്‍ നേരത്തേ തന്നെ അനുഭവസമ്പത്തുള്ള പ്രവാചകന്റെ നയവൈദഗ്ധ്യം പ്രമുഖരായ പല വ്യാപാരികളെയും പുതിയ ഈ കേന്ദ്രത്തിലേക്ക് ആകര്‍ഷിച്ചു. പ്രവാചകനെടുത്ത ആദ്യതീരുമാനം എല്ലാ വ്യാപാരികള്‍ക്കും ഇവിടെ കച്ചവടം തുടങ്ങാന്‍ അനുമതി നല്‍കുക എന്നതായിരുന്നു. വിനിമയം എളുപ്പമാക്കുന്നതോടൊപ്പം തന്നെ വലിയ ലാഭവും നേടാന്‍ സഹായിക്കുന്ന നികുതിമുക്ത വാണിജ്യകേന്ദ്രങ്ങള്‍ വ്യാപാരികളെ ആകര്‍ഷിക്കുമെന്ന് പ്രവാചകന്‍ മനസ്സിലാക്കിയിരുന്നു. വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെത്തന്നെ പുതിയ ഈ സംവിധാനത്തില്‍ ആകൃഷ്ടരാവുകയും അതിന്റെ ഗുണഭോക്താക്കളായി മാറുകയും ചെയ്തു. സാധാരണക്കാരനെന്നോ കച്ചവടക്കാരനെന്നോ ഭേദമില്ലാതെ എല്ലാവരെയും ഇത് ആകര്‍ഷിച്ചു. ജൂതന്മാര്‍ അവരുടെ കമ്പോളത്തില്‍ പലപേരിലുമുള്ള നികുതികള്‍ ഈടാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. 
കച്ചവടക്കുത്തക ചിലരില്‍ മാത്രമായി പരിമിതപ്പെടുന്നത് തടയാന്‍ അങ്ങാടിയില്‍ ആരും സ്ഥിരമായി ഒരു സ്ഥലം കൈയാളുന്നില്ല എന്ന് പ്രവാചകന്‍ ഉറപ്പുവരുത്തി. ആദ്യം വരുന്നവര്‍ക്ക് തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ലഭിച്ചു. ഇതുമൂലം അങ്ങാടിയില്‍ നേരത്തേ എത്തുക എന്നത് ലാഭം കൂട്ടാനുള്ള വഴിയായി. മറ്റു കമ്പോളങ്ങളിലെ വ്യാപാരികള്‍  ഇവിടേക്ക് തങ്ങളുടെ കച്ചവടം മാറ്റിസ്ഥാപിക്കുമാറ് വളരെവേഗം നഗരത്തിലെ കേന്ദ്ര കമ്പോളമായി അതുമാറി. ഈ മാര്‍ക്കറ്റിന്റെ പ്രാധാന്യം മനസ്സിലാക്കിയ ചില വന്‍കിട വ്യാപാരികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥലത്ത് സ്ഥിരം തമ്പുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. അങ്ങാടി മുഴുവനായും വേലി കെട്ടിത്തിരിക്കാനും അവര്‍ പദ്ധതിയിട്ടതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അവരിലൊരാള്‍ അങ്ങാടിയുടെ കണ്ണായ സ്ഥലത്ത് ഒരു സ്ഥിരം തമ്പ് കെട്ടിയുയര്‍ത്തുകയും ചെയ്തു. ഇതറിഞ്ഞ പ്രവാചകന്‍ അത് കത്തിച്ചുകളയാന്‍ ഉത്തരവിടുകയാണുണ്ടായത് (വഫാഉല്‍ വഫ ബി അഖ്ബാരി ദാരില്‍മുസ്ത്വഫ, പേ. 520).
കച്ചവടത്തില്‍ ധാര്‍മികമൂല്യങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ പ്രവാചകന്‍ എത്രത്തോളം ശ്രദ്ധാലുവായിരുന്നു എന്ന് ഈ സംഭവം തെളിയിക്കുന്നു. വളരെ വേഗം മദീന അറേബ്യയിലെ പ്രമുഖ വാണിജ്യകേന്ദ്രമായി മാറി. ഈ മാര്‍ക്കറ്റില്‍ പിന്തുടര്‍ന്നുപോന്ന നേരും നെറിയുമുള്ള കീഴ്‌വഴക്കങ്ങളും, നികുതിയും കൊള്ളലാഭവും ഒഴിവാക്കിയുള്ള വ്യാപാര നയങ്ങളും കാരണം കച്ചവടക്കാര്‍ക്ക് ജൂതന്മാരുടെ മാര്‍ക്കറ്റില്‍  താല്‍പര്യം നഷ്ടപ്പെട്ടു. ക്രമേണ അവരും അവരുടെ കച്ചവടം പുതിയ ഈ കമ്പോളത്തിലേക്ക് പറിച്ചുനട്ടു.

കമ്പോള നിയന്ത്രണവും നടത്തിപ്പും
അങ്ങാടിയിലെ ചിട്ടവട്ടങ്ങളും ക്രമീകരണങ്ങളും വിലയിരുത്താനായി പ്രവാചകന്‍ പതിവായി അവിടം സന്ദര്‍ശിക്കാറുണ്ടായിരുന്നു. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ പ്രവാചകന്‍ വലിയൊരു ധാന്യക്കൂമ്പാരത്തിനടുത്തെത്തി. അദ്ദേഹം അതിനുള്ളില്‍ കൈയിട്ട് നോക്കിയപ്പോള്‍ നനവ് അനുഭവപ്പെട്ടു. എന്താണിതിനു കാരണമെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ മഴ കാരണമായി നനഞ്ഞതാണെന്ന് ആ കച്ചവടക്കാരന്‍ മറുപടി നല്‍കി. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'വഞ്ചന കാണിക്കുന്നവര്‍ നമ്മില്‍ പെട്ടവരല്ല' (സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍, അബ്‌വാബുല്‍ ബുയൂഅ്, ഹദീസ് നമ്പര്‍. 2983) 
അക്കാലത്ത് ദല്ലാള്‍ എന്ന അര്‍ഥം വരുന്ന 'സിംസാര്‍' എന്ന വാക്കാണ് വ്യാപാരികളെ കുറിക്കാന്‍ ഉപയോഗിച്ചിരുന്നത്. അതിനു പകരം പ്രവാചകനാണ് 'വ്യാപാരി' എന്ന അര്‍ഥം വരുന്ന 'താജിര്‍' എന്ന മാന്യമായ പദം പ്രയോഗത്തില്‍ കൊണ്ടുവരുന്നത്. അന്നത്തെ പ്രമുഖ വ്യാപാരികളിലൊരാളായ കൈസാന്‍ സിറിയയില്‍നിന്ന് മദ്യം ഇറക്കുമതി ചെയ്ത് മദീനയില്‍ വില്‍ക്കുന്നയാളായിരുന്നു. ഒരിക്കല്‍ അയാള്‍ മടങ്ങിവന്നപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'കൈസാന്‍, മദ്യം നിരോധിക്കപ്പെടുന്ന സമയത്ത് താങ്കള്‍ ഇവിടെഹാജരുണ്ടായിരുന്നില്ല. ഈ നിമിഷം മുതല്‍ താങ്കള്‍ ഈ കച്ചവടം നിര്‍ത്തിക്കൊളളുക' (മുസ്‌നദ് അഹ്മദ്, ഹദീസ് നമ്പര്‍ 18591).
അറേബ്യയിലെതന്നെ കേന്ദ്ര വാണിജ്യസങ്കേതമായി വളര്‍ന്നുകൊണ്ടിരുന്ന ഈ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സൂക്ഷ്മമായി വിലയിരുത്തുന്നതിനുമായി പ്രവാചകന്‍ ഓവര്‍സിയര്‍മാരെ നിയമിച്ചിരുന്നു. മാര്‍ക്കറ്റിലെത്തുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഇവര്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. ഇവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. പുരുഷന്മാരായ ഓവര്‍സിയര്‍മാരില്‍ പ്രമുഖ സ്വഹാബികളായ ഉമറു ബ്‌നുല്‍ ഖത്ത്വാബ്, സഈദു ബ്‌നുല്‍ ആസ്വ് തുടങ്ങിയവരുായിരുന്നു. സംറ ബിന്‍ത് ജുന്ദുത് അസ്സദിയ, ഷിഫ ബിന്‍ത് അബ്ദില്ല എന്നിവര്‍ ഇക്കൂട്ടത്തിലെ വനിതകളായിരുന്നു. മദീനയില്‍ പുതുതായി രൂപംകൊണ്ട സമൂഹത്തില്‍ സ്ത്രീവ്യാപാരികള്‍ക്ക് ഏറെ പരിഗണനയും ആദരവും ലഭിച്ചിരുന്നു. അസ്മ ബിന്‍ത് മഹര്‍ബ, ഖൗല ബിന്‍ത് സുവൈബ്, മലിക ഉമ്മു സൈബ്, ഖീല അല്‍ നമരിയ്യ മുതലായവര്‍ ചരിത്രരേഖകളില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്ന വനിതാ വ്യാപാരികളാണ്.
 മദീനയിലെ പുതിയ മാര്‍ക്കറ്റ് വ്യാപാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്നതിന് പ്രവാചകന്‍ താഴെ പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു:
•    വസ്ത്രങ്ങള്‍ക്കു പുറമെ, പലചരക്ക് ഉല്‍പന്നങ്ങള്‍, കന്നുകാലികള്‍ തുടങ്ങി ഓരോ ഉല്‍പന്നങ്ങളുടെയും വില്‍പനക്കായി പ്രത്യേകം സ്ഥലങ്ങള്‍ നിശ്ചയിച്ചു. ഇത് തടസ്സങ്ങളും അസ്വാരസ്യങ്ങളുമില്ലാതെ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ സഹായിച്ചു. മാര്‍ക്കറ്റ് എല്ലായ്പ്പോഴും വളരെ വൃത്തിയായി സംരക്ഷിക്കപ്പെട്ടു.
•    മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതിന് വിപുലമായ നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിച്ചു. അവിടേക്ക് വരുന്ന വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സംഭവിച്ചേക്കാവുന്ന അപായം ഒഴിവാക്കാനായി വ്യാപാരികളുടെ ആയുധങ്ങള്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളില്‍ മാത്രം വെക്കാന്‍ സംവിധാനമൊരുക്കി. മാര്‍ക്കറ്റിനുള്ളിലെ നടവഴികളിലിരിക്കുന്നത് പൂര്‍ണമായും നിരോധിച്ചു.
•    ഇരുവശത്തുനിന്നും വലിയ ചുമടുമേറ്റി വരുന്ന രണ്ട് ഒട്ടകങ്ങള്‍ക്ക് ആയാസരഹിതമായി നടക്കാന്‍ പാകത്തില്‍ വിശാലമായ റോഡുകളായിരുന്നു മാര്‍ക്കറ്റിനുള്ളിലുണ്ടായിരുന്നത്. 

അന്യായങ്ങളൊഴിവാക്കാനുള്ള നടപടികള്‍
അല്ലാഹു കച്ചവടം അനുവദനീയമാക്കുകയും പലിശ നിരോധിക്കുകയും ചെയ്തു (2:275). പലിശ നിരോധിച്ച് കച്ചവടം അനുവദനീയമാക്കിയപ്പോഴും എല്ലാതരം കച്ചവടങ്ങളും ഇസ്‌ലാം അനുവദനീയമാക്കിയിട്ടില്ല. നിയമവിരുദ്ധമായ എല്ലാ വരുമാനമാര്‍ഗങ്ങളും വേരോടെ പിഴുതെറിയുക എന്നതായിരുന്നു ലക്ഷ്യം. നിയമവിരുദ്ധമായ വ്യാപാരങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന അനീതിയുടെ പ്രകടമായതും അല്ലാത്തതുമായ എല്ലാ വകഭേദങ്ങളെയും അത് നിര്‍മാര്‍ജനം ചെയ്യുന്നു. കളവ്, ചതി, വിശ്വാസവഞ്ചന മുതലായ മാര്‍ഗങ്ങളിലൂടെ നേടുന്ന ലാഭം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാചകന്‍ ചില നടപടികള്‍ കൈക്കൊണ്ടു.
ലോകത്തെ എല്ലാ മാര്‍ക്കറ്റുകളെയും പോലെതന്നെ മദീനയിലെ പുതിയ മാര്‍ക്കറ്റിലും ബാര്‍ട്ടര്‍ സമ്പ്രദായം വ്യാപകമായിരുന്നു. ജൂതന്മാരാവട്ടെ ഈ സംവിധാനം ഉപയോഗിച്ചത് അവരുടെ സ്വാര്‍ഥലാഭത്തിനു വേണ്ടിയായിരുന്നു; അതുവഴി സമ്പദ്  വ്യവസ്ഥയില്‍ അവരുടെ ആധിപത്യം ഉറപ്പിക്കാനും. കൃഷി, വ്യവസായം, വ്യാപാരം എന്നിവയെല്ലാം ഇവരുടെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. കൃഷിയിറക്കുന്ന കാലയളവില്‍ ആളുകള്‍ക്ക് തങ്ങള്‍ നല്‍കുന്ന വസ്തുക്കള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്ന അവകാശവാദം അവര്‍ ഉന്നയിക്കുമായിരുന്നു. എന്നാല്‍ ആളുകള്‍ ഇത് തിരികെ നല്‍കുമ്പോള്‍ അവര്‍ കൊടുക്കുന്ന വസ്തുക്കള്‍ക്ക് ഗുണനിലവാരം കുറവാണെന്നു പറഞ്ഞ് കൊടുത്തതിലും ഇരട്ടി തിരികെ വാങ്ങുകയും ചെയ്യും. ഒരു കിലോഗ്രാമാണ് അവര്‍ കടമായി നല്‍കുന്നതെങ്കില്‍ അതിന്റെ ഇരട്ടിതൂക്കം അവര്‍ തിരികെ വാങ്ങും. മദീനയിലെ സാധാരണ ജനതയെ അവര്‍ എത്ര ഭീകരമായാണ് ചൂഷണം ചെയ്തിരുന്നത് എന്ന് ഇത് വെളിവാക്കുന്നു.
പലിശ നിരോധിച്ചിറങ്ങിയ ആയത്തുകളെ തുടര്‍ന്ന് പ്രവാചകന്‍ നിയമവിരുദ്ധമാക്കിയ നിരവധി സമ്പ്രദായങ്ങളുടെ കൂട്ടത്തില്‍ മുച്ചൂടും ചൂഷണത്തില്‍ മുങ്ങിയ ഈ സമ്പ്രദായവും പെട്ടു. 'രിബല്‍ ഫദ്ല്‍' എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഹദീസ്  ഇങ്ങനെയാണ്: ''സ്വര്‍ണം, വെള്ളി, ബാര്‍ലി, ഗോതമ്പ്, ഉപ്പ് എന്നിവ മാറ്റക്കച്ചവടം നടത്തുമ്പോള്‍ തല്‍ക്ഷണം തന്നെ വിനിമയം നടന്നിരിക്കണം.'' അഥവാ കാലവിളംബം കൂടാതെ നടത്തണം. ഈ വിനിമയത്തിനിടയില്‍ അധികമായി വരുന്ന അളവ് പലിശയായി പരിഗണിക്കപ്പെടും. ഈ നിയമം കാരണം ബാര്‍ട്ടര്‍ സംവിധാനത്തിന്റെ ഉപയോഗം കുറയുകയും നാണ്യാധിഷ്ഠിത വ്യാപാരത്തിന് കൂടുതല്‍ സ്വീകാര്യത കൈവരുകയും ചെയ്തു.
മാര്‍ക്കറ്റിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ മറ്റൊരു സംഗതി അളവുകളും തൂക്കങ്ങളും ഏകീകരിക്കുക എന്നതായിരുന്നു. ഓരോ കച്ചവടക്കാരനും അവരവരുടെ ഇഷ്ടപ്രകാരം അളവുകളും തൂക്കങ്ങളും നിര്‍ണയിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഈ ഏകീകരണം സാധ്യമാവുകയില്ല. മദീനയില്‍ കമ്പോള നിയന്ത്രിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ അളവുതൂക്കങ്ങളുടെ ഏകീകരണവും പ്രവാചകന്‍ ഉറപ്പുവരുത്തി. ഓരോ പ്രദേശങ്ങളിലുമുള്ള കമ്പോളങ്ങള്‍ വ്യത്യസ്തമായ അളവ് തൂക്ക സമ്പ്രദായങ്ങളാണ് പിന്തുടര്‍ന്നുപോന്നിരുന്നത്. മക്കയിലെ സമ്പ്രദായമായിരിക്കില്ല മദീനയില്‍ കാണാനാവുക. കമ്പോളത്തിലെ മുടിചൂടാ മന്നന്മാരായ മക്കാവ്യാപാരികളുടെ കൈവശം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വലിയ തോതിലുള്ള നിക്ഷേപങ്ങളുണ്ടായിരുന്നു. ഇവ ഏകീകൃത രൂപത്തിലുള്ളതും ഉന്നത ഗുണനിലവാരമുള്ളവയുമായിരുന്നു. അതിനാല്‍ മക്കയിലെ തൂക്ക സമ്പ്രദായം അറേബ്യയിലെ എല്ലാ മാര്‍ക്കറ്റുകള്‍ക്കും ബാധകമാകുന്ന മാനദണ്ഡമായി പ്രവാചകന്‍ നിശ്ചയിച്ചു; അപ്രകാരംതന്നെ മദീനക്കാരുടെ അളവു സമ്പ്രദായവും (നസാഈ, കിതാബുസ്സകാത്ത്, ഹദീസ് നമ്പര്‍, 2371). ഇതുവഴി സ്വര്‍ണത്തിലും വെള്ളിയിലും മക്കക്കാര്‍ പിന്തുടര്‍ന്ന നാണ്യവ്യവസ്ഥയും മാനകങ്ങളും അറേബ്യന്‍ മാര്‍ക്കറ്റുകളില്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം തന്നെ കാര്‍ഷികോല്‍പാദനത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മദീനക്കാരുടെ അളവിന്റെ മാനദണ്ഡങ്ങളും സര്‍വാംഗീകൃതമായി മാറി.
മക്ക തുകല്‍വ്യവസായത്തിന്റെ വലിയൊരു കേന്ദ്രമായിരുന്നു. മക്കയിലെ തുകല്‍ വ്യാപാരികള്‍ മദീനയിലെ അങ്ങാടിയിലെത്തുന്നതിനു മുമ്പു തന്നെ ജൂതന്മാര്‍ അവരെ വഴിയില്‍ തടഞ്ഞ് മുഴുവന്‍ ചരക്കും വിലകൊടുത്തു വാങ്ങുകയും തുടര്‍ന്ന് കൊള്ളലാഭത്തില്‍ അങ്ങാടിയില്‍ വില്‍ക്കുകയുമായിരുന്നു പതിവ്. മക്കക്കാരെങ്ങാനും മാര്‍ക്കറ്റിലെത്തിയാല്‍ അവര്‍ അവിടത്തെ വിലനിലവാരം മനസ്സിലാക്കി ഉയര്‍ന്ന ലാഭം നേടുമെന്ന് തിരിച്ചറിഞ്ഞ ജൂതന്മാര്‍ അവര്‍ നഗരത്തിലെത്തുന്നതിനു മുമ്പ് തന്നെ ചരക്കുകള്‍ വാങ്ങിക്കൂട്ടി. ഇതുവഴി അവര്‍ക്ക് സാധനങ്ങള്‍ പൂഴ്ത്തിവെക്കാനും പിന്നീട് കൊള്ളലാഭത്തില്‍ ഇവയെല്ലാം മറിച്ചുവില്‍ക്കാനും സാധിച്ചു. പ്രവാചകന്‍ ഈ സമ്പ്രദായം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. മാര്‍ക്കറ്റിലെത്തുന്നതിനു മുന്നേ ചരക്കുകള്‍ വാങ്ങുന്നത് തടഞ്ഞു.
മദീനാ മാര്‍ക്കറ്റിനെ സംബന്ധിച്ച ഇത്തരം വിശദാംശങ്ങള്‍ ഇനിയും കൂടുതല്‍ പഠനവിധേയമാക്കുകയും ലോകശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യേണ്ടതു്. വ്യാപാരവും വാണിജ്യവുമെല്ലാം പ്രവാചകചര്യയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് കൂടുതല്‍ മുസ്‌ലിംകള്‍ ഈ മേഖലയിലേക്ക് കടന്നുവരേണ്ടതുണ്ട്. ഇത് സമ്പല്‍സമൃദ്ധിയും ഐശ്വര്യവും കൈവരുത്തുന്നതോടൊപ്പം പരലോകത്ത് ശാശ്വത വിജയവും നേടിത്തരും. ധാര്‍മികമൂല്യങ്ങളില്‍ അധിഷ്ഠിതമായ കച്ചവടരീതികള്‍ അനുവര്‍ത്തിക്കുകയും സത്യസന്ധരായ കച്ചവടക്കാരായി മാറുകയും ചെയ്താല്‍ പരലോകജീവിതത്തില്‍ നമ്മെ കാത്തിരിക്കുന്നത് സച്ചരിതരോടും രക്തസാക്ഷികളോടുമൊപ്പമുള്ള സഹവാസമാണ്. 

വിവ: ജസീല്‍ അബ്ദുല്‍ വാഹിദ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി