Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

സംഘ് പരിവാറും യുക്തിവാദികളും

കെ. മുസ്തഫാ കമാല്‍ മുന്നിയൂര്‍

ഡിങ്കമതക്കാരുടെ  ഡോഗ്മകള്‍,  കേരള യുക്തിവാദത്തിന്റെ നടപ്പുദീനങ്ങള്‍- ഡോ. പി.എ അബൂബക്കര്‍,  കെ. നജീബ് എന്നിവരുടെ  ലേഖനങ്ങളാണ് (ലക്കം 3117) ഈ കുറിപ്പിനാധാരം.   നിരവധി വ്യാജ പ്രൊഫൈലുകളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്ന  നിരീശ്വരവാദക്കാരുടെ ആധിക്യം അവരിലെ പുത്തനുണര്‍വാണെന്ന് ധരിക്കുന്നത് വസ്തുതാപരമല്ല. സോഷ്യല്‍ മീഡിയക്ക് പുറത്ത് അവര്‍ നടത്തുന്ന  വിവിധങ്ങളായ പരിപാടികള്‍ നിരീക്ഷിച്ചാല്‍ ഇത് ബോധ്യമാവും.
അടുത്തിടെ ഇ.എ ജബ്ബാര്‍ ഗ്രൂപ്പിന്റേതായി തൃശൂരില്‍ നടന്ന രണ്ട് ദിവസത്തെ എഫ്.ടി മീറ്റില്‍ സണ്ണി എം. കപ്പിക്കാടിന്റെ 'ജാതിയും സംവരണവും', സുനില്‍ പി. ഇളയിടത്തിന്റെ 'ഹിന്ദുത്വം ശാസ്ത്രവും പ്രത്യയശാസ്ത്രവും' എന്നീ പ്രഭാഷണങ്ങള്‍   യഥാര്‍ഥത്തില്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടത്  ഈ നിരീശ്വര ഗ്രൂപ്പുകളെ തന്നെയാണ്. ബ്രാഹ്മണിക് ആധിപത്യം രാജ്യത്ത് തിരിച്ചു കൊണ്ടുവരാനുള്ള പൊതുസമൂഹ നിര്‍മിതിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സണ്ണി എം. കപ്പിക്കാട് തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്.
ഇന്ത്യന്‍ ദേശീയതയും  ഇന്ത്യന്‍ കലാരൂപങ്ങളും എങ്ങനെ ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടു എന്ന് സുനില്‍ പി. ഇളയിടം വിശദീകരിക്കുന്നു. ഗസ്നിയുടെ ക്ഷേത്രാക്രമണങ്ങള്‍ക്ക് കാരണം ഗസ്നിയുടെ ഇസ്‌ലാംമത വിശ്വാസമാണെന്ന  നിരീശ്വരവാദികളുടെയും  സംഘ് പരിവാര്‍ വാദികളുടെയും  വിതണ്ഡ വാദത്തെ ചരിത്രത്തിന്റെ പിന്‍ബലത്തില്‍ പൊളിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. പതിമൂന്ന് പ്രാവശ്യം ഗസ്നി  ക്ഷേത്രം ആക്രമിച്ചത്  ക്ഷേത്രത്തിലെ സമ്പത്ത് ലക്ഷ്യം വെച്ചായിരുന്നു, അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു എന്നു ചുരുക്കം.
ഈ ചരിത്ര വസ്തുതകളെ വക്രീകരിച്ച് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭര്‍ത്സിക്കുന്ന   നിരീശ്വരവാദികള്‍ക്കുള്ള വായടപ്പന്‍ മറുപടിയാണ്  സുനില്‍ പി. ഇളയിടത്തിന്റേത്. 
ചുരുക്കത്തില്‍ മനുഷ്യന്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങളെ  ബോധപൂര്‍വം തമസ്‌കരിച്ച്  രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നം ഇസ്‌ലാമും മുഹമ്മദ്  നബിയുടെ വിവാഹങ്ങളുമാണെന്ന  മട്ടില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും  നിരീശ്വരവാദികള്‍  കൊണ്ടാടുന്നത് കാണുമ്പോള്‍ ഡോ. പി.എ  അബൂബക്കര്‍ തന്റെ ലേഖനത്തില്‍  നിരീക്ഷിച്ചത് പോലെ 'ശീത സമര കാലത്ത്  സോഷ്യലിസം വളരുന്നത് തടയാന്‍  മത സ്ഥാപനങ്ങളെ  അമേരിക്ക ഉപയോഗപ്പെടുത്തിയത് പോലെ' ഇന്ന് ഇത്തരം നിരീശ്വരവാദ ഗ്രൂപ്പുകള്‍ ഏതെങ്കിലും ചരടിനാല്‍ നിയന്ത്രിക്കപ്പെടുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്.
ജാതീയ അസ്പൃശ്യതയും ദുരഭിമാന  ജാതി കൊലകളും  നിറഞ്ഞാടുന്ന  സാംസ്‌കാരിക കേരളത്തില്‍  അതൊന്നും ചര്‍ച്ച ചെയ്യാതെ   പൊതുസമൂഹത്തിന്  യാതൊരു അലോസരവും സൃഷ്ടിക്കാത്ത മുഹമ്മദ് നബിയുടെ കുടുംബ ജീവിതം  മഹാ പ്രശ്‌നമാണെന്ന മട്ടില്‍ എഴുന്നള്ളിക്കുന്ന നിരീശ്വരവാദികള്‍ ചില ചരടിനാല്‍ നിയന്ത്രിക്കപ്പെടുന്നു എന്ന് ന്യായമായും സംശയിക്കണം. പ്രസ്തുത എഫ്.ടി മീറ്റില്‍  പ്രമുഖ പത്ര പ്രവര്‍ത്തക  ഷാഹിനയുടെ പ്രസംഗത്തില്‍നിന്നുള്ള ഭാഗം കെ. നജീബ് തന്റെ ലേഖനത്തില്‍ ഉദ്ധരിച്ചത് വളരെ അര്‍ഥവത്താണ്.  സംഘ് പരിവാറിന്  സമാനമായ വെറുപ്പ് ഉല്‍പ്പാദിപ്പിച്ച് വര്‍ഗീയശക്തികള്‍ക്ക് ഊര്‍ജം പകരുന്നതില്‍ മത്സരിക്കുകയാണ് എല്ലാ നിരീശ്വരവാദ ഗ്രൂപ്പുകളും എന്ന് വ്യക്തം.
 സഹോദരന്‍ അയ്യപ്പന്‍, പെരിയാര്‍ തുടങ്ങി നരേന്ദ്ര ധബോല്‍കറും ഗോവിന്ദ്  പന്‍സാരെയും ഗൗരി ലങ്കേഷും വരെയുള്ളവര്‍ തികഞ്ഞ  ദൈവനിഷേധികളായിരുന്നിട്ടും  സമൂഹത്തില്‍ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നവരായിട്ടല്ല കടന്നുപോയതെന്ന്  ഇന്ന് വെറുപ്പ് ഉല്‍പ്പാദനത്തിന്  നേതൃത്വം നല്‍കുന്ന നിരീശ്വരത്വ പ്രചാരകര്‍ ഓര്‍ക്കുന്നത് നല്ലതാണ്. 

 

പ്രബോധന പ്രവര്‍ത്തനങ്ങളിലെ സൂക്ഷ്മത

'പ്രബോധനവും നയതന്ത്ര സൗഹൃദത്തിന്റെ സാധ്യതകളും' എന്ന എസ്.എം സൈനുദ്ദീന്റെ ലേഖനം (ലക്കം 3121) വായിച്ചു. ഇന്ത്യയിലെ പുതിയ സാഹചര്യത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ വളരെ സൂഷ്മത പാലിക്കേണ്ട വിഷയമാണിത്. ജീവിതം കൊണ്ട് സത്യസാക്ഷ്യം നിര്‍വഹിക്കാന്‍ കഴിയണം. ദ്രോഹിക്കുന്നവനെ സഹായിക്കാന്‍ കഴിയണം. അപ്പോള്‍ നിന്റെ ശത്രു പോലും മിത്രമായി മാറും. ക്ഷമാശീലര്‍ക്ക് മാത്രമേ ആ ഭാഗ്യം ലഭിക്കുകയുള്ളു എന്ന് അല്ലാഹു പറയുന്നു (ഫുസ്സ്വിലത്ത്). വാക്ക് കൊണ്ടും കര്‍മം കൊണ്ടും നാം ഇടപെടുന്ന രംഗങ്ങളിലെല്ലാം ഇസ്‌ലാമിനെ അനുഭവിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയണം. ഇസ്‌ലാമിന്റെ കാരുണ്യം, സമത്വം, സാഹോദര്യം, സത്യസന്ധത, നീതിനിഷ്ഠ, ജീവിത വിശുദ്ധി, സമര്‍പ്പണം എന്നിവ ജനങ്ങള്‍ക്ക് ബോധ്യമാകും വിധമാകണം ഒരു മുസ്‌ലിമിന്റെ ജീവിതം. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ യഥാര്‍ഥ ഇസ്‌ലാം ഉള്‍ക്കൊണ്ട് ജീവിക്കുന്നവരാക്കി മാറ്റിയെടുക്കാന്‍ പ്രവര്‍ത്തിക്കുന്നത് തന്നെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ദഅ്‌വത്താണ്. 

കെ.ടി ഇബ്‌റാഹീം എടക്കഴിയൂര്‍


ഇസ്‌ലാമിക കര്‍മശാസ്ത്രം പുനര്‍വായിക്കേണ്ടതുണ്ട്്

കര്‍മശാസ്ത്രത്തിന്റെ നാനാര്‍ഥങ്ങളിലൂടെ സഞ്ചരിക്കുന്ന സ്വാലിഹ് പുതുപൊന്നാനിയുടെ ലേഖനം (ലക്കം 3120) ശ്രദ്ധേയവും പഠനാര്‍ഹവുമായി. കര്‍മശാസ്ത്രത്തിന്റെ നൂതന സങ്കേതങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കല്‍ കൂടിയായി ആ ലേഖനം. സാധാരണയില്‍ കര്‍മശാസ്ത്രം എന്നു കേള്‍ക്കുമ്പോള്‍ നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, വിവാഹം, വിവാഹമോചനം ഇത്രയൊക്കെയാണ് ഓര്‍മയില്‍ വരിക. ഇത്രയും വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകളുടെ പേരിലുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍ പരിശോധിക്കലാണ് കര്‍മശാസ്ത്രം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സയ്യിദ് ഖുത്വ്ബിന്റേതായി പ്രബോധനത്തില്‍ ഇസ്‌ലാമിക ശരീഅത്ത് വിഷയമായി വന്ന ഒരു ലേഖനത്തില്‍ അദ്ദേഹത്തിന്റെ ഒരു അഭിപ്രായം ഓര്‍മയില്‍ ഇന്നും സൂക്ഷിക്കുന്നുണ്ട്.
'ഇസ്‌ലാമിക ശരീഅത്ത് ദൈവിക നീതിയാണ്; അനീതിപരമായി അതില്‍ വല്ലതും നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍ അത് നിങ്ങളുടെ അതു സംബന്ധമായ അറിവിന്റെ അപക്വതയായിരിക്കും. തീര്‍ത്തും യുക്തവും ബുദ്ധിപരവുമായിരിക്കും ദൈവിക നിയമം.'
ഈയിടെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സന്ദീപാനന്ദ സ്വാമികള്‍ 'പുരുഷമേധാവിത്വം മതങ്ങളില്‍' എന്ന വിഷയത്തില്‍ സംസാരിക്കുമ്പോള്‍ ഇസ്‌ലാമിലും പുരുഷ മേധാവിത്വം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് അതിന്റെ തെളിവായി ഒന്ന് രണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി. രണ്ടും സ്വത്തവകാശവുമായി ബന്ധപ്പെട്ടവയായിരുന്നു. ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ പകുതി ഓഹരിക്കേ അവകാശമുള്ളൂ. അത് അനീതിയല്ലേ? ഒരു പിതാവിന് ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂ. അദ്ദേഹം മരിച്ചാല്‍ അദ്ദേഹത്തിന്റെ സ്വത്തിന്റെ പകുതിയെ അവര്‍ക്ക് ലഭിക്കൂ. ബാക്കി പകുതി അദ്ദേഹത്തിന്റെ ജ്യേഷ്ഠാനുജന്മാര്‍ക്കും സഹോദരിമാര്‍ക്കും ലഭിക്കും. പക്ഷേ ആ സ്ഥാനത്ത് ഒരാണ്‍കുട്ടി മാത്രമായിരുന്നെങ്കില്‍ മുഴുവന്‍ സ്വത്തും അവന് ലഭിക്കും. ഇതില്‍ നീതിയെവിടെ എന്ന് സ്വാമികള്‍ ചോദിക്കുമ്പോള്‍ ഞഞ്ഞമിഞ്ഞ മറുപടി പറഞ്ഞ് സ്വാമിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ പോരാ. തീര്‍ത്തും അതിലെ നീതിയും അനീതിയും വേര്‍തിരിച്ച് സ്വാമിക്ക് ബോധ്യം വരുന്ന രീതിയില്‍ പറഞ്ഞു കൊടുക്കാന്‍ നമ്മുടെ പണ്ഡിതന്മാര്‍ക്ക് ബാധ്യതയുണ്ട്.  കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുമ്പോള്‍ മറ്റുള്ളവരുടെ ബുദ്ധിയെ പരീക്ഷിക്കുന്ന രീതിയിലാവരുത് കാര്യങ്ങള്‍.
ഇവിടെയാണ് ഖുത്വ്ബിന്റെ കാഴ്ചപ്പാടുകള്‍ പ്രധാനമാകുന്നത്. അനീതിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അതില്‍ പടച്ചതമ്പുരാന്‍ ഉദ്ദേശിച്ച നീതി നീതിയായി പറഞ്ഞുകൊടുക്കാന്‍ പണ്ഡിതന്മാര്‍ക്ക് കഴിയണം.
നാല് മുജ്തഹിദുകളായ ഇമാമുമാരുടെ അഭിപ്രായങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഇനി ഒരു പുതിയ മുജ്തഹിദിന് പ്രസക്തിയില്ല എന്നതല്ല അവസാന വാക്ക്. ഇവരാരും സ്വയം മദ്ഹബ് സൃഷ്ടിച്ചവരല്ല. ആരും ആരെയും വിമര്‍ശനവിധേയമാക്കിയിട്ടില്ല. അവസാന വാക്ക് എന്റേതാണെന്ന അവകാശവാദവുമില്ല.
അവസാന വാക്ക് പരിശുദ്ധ ഖുര്‍ആനും സുന്നത്തുമാണ്. അത് ഇജ്തിഹാദിനുള്ള അടിസ്ഥാനമാണ്. നിങ്ങള്‍ ഒരു വിഷയത്തില്‍ നിങ്ങളുടെ അറിവിന്റെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തി അബദ്ധം പിണഞ്ഞാല്‍ നിങ്ങള്‍ക്കൊരു പ്രതിഫലമുണ്ട്. തീര്‍ത്തും സുബദ്ധമാണെങ്കില്‍ രണ്ട് പ്രതിഫലവുമുണ്ടെന്നാണ് ഒരു പ്രവാചക വചനം. ഇതില്‍ കൂടുതല്‍ എന്ത് തുറവിയാണ് നിങ്ങള്‍ക്ക് ലഭിക്കാനുള്ളത്? 

സി.കെ ഹംസ ഗ്രാമത്തി ചൊക്ലി

 

 

അസംബ്ലിയില്‍ പോകാതിരുന്നത് നിരാശകൊണ്ടല്ല

ഡോ. എ.എന്‍.പി ഉമ്മര്‍ കുട്ടിയുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖത്തില്‍ എ.കെ കാദര്‍കുട്ടി സാഹിബിനെക്കുറിച്ച്, 'അദ്ദേഹം എം.എല്‍.എ ആയിരുന്നു. പക്ഷേ വിഭജനാനന്തരം ഒരു ഘട്ടമെത്തിയപ്പോള്‍ അദ്ദേഹം അസംബ്ലിയില്‍ പോകാതായി. നിരാശയായിരിക്കണം കാരണം' എന്നെഴുതിക്കണ്ടു.
1920-കളില്‍ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍-ഇലക്ട്രിക്കല്‍ പഠനത്തിനു ശേഷം കാദര്‍കുട്ടി സാഹിബ് തിരിച്ചുവന്ന സന്ദര്‍ഭത്തിലായിരുന്നു അദ്ദേഹത്തിന്റെ മാതൃസഹോദരന്‍ എ.കെ കുഞ്ഞിമായന്‍ ഹാജി 1928-ല്‍ വളപട്ടണത്ത് വടക്കേ മലബാറിലെ ആദ്യത്തെ യന്ത്രവല്‍കൃത വ്യവസായ സ്ഥാപനമായ കോഹിനൂര്‍ സോമില്‍ സ്ഥാപിച്ചത്. അതേത്തുടര്‍ന്ന് കാദര്‍കുട്ടി ബോംബെയിലെ മരവ്യവസായിയായിത്തീരുകയാണുണ്ടായത്. അദ്ദേഹം രാഷ്ട്രീയക്കാരനായിരുന്നില്ല. 1935-ല്‍ കുഞ്ഞിമായന്‍ ഹാജിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു മദ്രാസ് നിയമസഭയിലേക്ക് തലശ്ശേരി താലൂക്കും വടക്കേ വയനാടും ചേര്‍ന്ന നിയോജക മണ്ഡലത്തില്‍നിന്ന് മത്സരിച്ചു ജയിച്ചത്. തുടര്‍ന്നും അദ്ദേഹം മദ്രാസ് എം.എല്‍.എ ആയിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലായിരുന്നു അദ്ദേഹം വളപട്ടണത്ത് വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചത്. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ഫാക്ടറി നിലച്ചുപോകുമെന്നായപ്പോള്‍ ഫാക്ടറിക്കായി മുഴുസമയവും നീക്കിവെക്കുകയാണുണ്ടായത്. വളപട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡിനെ ഏഷ്യയിലെ ഏറ്റവും വലിയ പ്ലൈവുഡ് ഫാക്ടറിയാക്കി അദ്ദേഹം ഉയര്‍ത്തി. കടുത്ത തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉണ്ടായിരുന്ന അക്കാലത്ത് ആയിരക്കണക്കിനാളുകള്‍ക്കാണ് അദ്ദേഹം പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കിയത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഇളയമ്മയുടെ ഭര്‍ത്താവായിരുന്ന കോട്ടാല്‍ ഉപ്പി സാഹിബിനും ഡി. രാജഗോപാലാചാരിയുമായും അക്കാലത്തെ മദ്രാസ് വിദ്യാഭ്യാസ മന്ത്രിയുമായും വൈസ് ചാന്‍സലറുമായുമൊക്കെയുള്ള അടുപ്പം, വിഭജനഘട്ടത്തില്‍ ആരംഭിച്ച ഫാറൂഖ് കോളേജിന് അംഗീകാരം കിട്ടുന്നതിന് വലിയ തോതില്‍ സഹായകമായിട്ടുണ്ട്. ഫാറൂഖ് കോളേജിന്റെ സ്ഥാപക ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ കുഞ്ഞിമായന്‍ ഹാജിയായിരുന്നു. കാദര്‍കുട്ടിയും ഫാറൂഖ് കോളേജിന്റെ ഭാരവാഹിയായിട്ടുണ്ട്. പില്‍ക്കാലത്ത് പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സഹായിച്ചിട്ടുണ്ട്. ഉളിയിലെ പഴയ കാട്ടിലപള്ളി, ഉളിയില്‍ ടൗണ്‍ പള്ളി, തലശ്ശേരി ചേറ്റംകുന്നിലെ തൈലക്കണ്ടി പള്ളി എന്നിവ പുനര്‍നിര്‍മിച്ചത് അദ്ദേഹത്തിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു. 

വി.കെ കുട്ടു ഉളിയില്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി