Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

ട്രംപിന്റെ ബഗ്ദാദി വധം ആട്ടക്കഥ

അബൂബക്കര്‍ ബഗ്ദാദി ഇതിനു മുമ്പ് ചുരുങ്ങിയത് ഏഴു തവണയെങ്കിലും 'മരിച്ചു ജീവിച്ചി'ട്ടുണ്ടെന്ന് അറബ് കോളമിസ്റ്റായ അരീബ് റന്‍താവി എഴുതുന്നു. വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലീബ് പ്രവിശ്യയില്‍ കഴിയുകയായിരുന്ന ബഗ്ദാദിയുടെ ഒളിത്താവളം അമേരിക്കയുടെ ഡല്‍റ്റാ ഫോഴ്‌സ് വളഞ്ഞതോടെ രക്ഷയില്ലെന്നു കണ്ട് ബഗ്ദാദി അയാളുടെ മൂന്നു കുഞ്ഞുങ്ങള്‍ക്കൊപ്പം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ലോകത്തെ അറിയിച്ചിരിക്കുന്നത്. 2004-ല്‍ ബഗ്ദാദിയെ അമേരിക്കന്‍ സൈന്യം പിടികൂടി 'ബൂക്ക' തടവറയില്‍ പാര്‍പ്പിച്ചപ്പോള്‍ എടുത്ത രക്തസാമ്പിളുകളുമായി ഒത്തുനോക്കി മരിച്ചത് ഐ.എസിന്റെ പരമോന്നത അധ്യക്ഷന്‍ തന്നെയാണെന്ന് തങ്ങള്‍ ഉറപ്പിച്ചുവെന്നും ട്രംപ് പറയുന്നു. ട്രംപ് ഇങ്ങനെയൊക്കെ ആണയിട്ട സ്ഥിതിക്ക് ബഗ്ദാദിക്ക് ഇനിയുമൊരു 'പുനര്‍ജന്മം' ഉണ്ടാകില്ലെന്നു കരുതാം. ബിന്‍ലാദന്‍ വധത്തിലെന്ന പോലെ ബഗ്ദാദി വധത്തിലും ഒരുപാട് ദുരൂഹതകള്‍ ബാക്കിയാണ്. എങ്ങനെയാണ് അയാള്‍ സിറിയയിലെ ഇദ്‌ലീബില്‍ എത്തിയത്? സിറിയയുടെ കിഴക്കേ അറ്റത്ത് ഒളിവില്‍ പാര്‍ത്ത ബഗ്ദാദി എങ്ങനെയാണ് പെട്ടെന്ന് കുര്‍ദ് മിലീഷ്യകളുടെയും റഷ്യന്‍ സൈനികരുടെയും കണ്ണ് വെട്ടിച്ച് സിറിയയുടെ പടിഞ്ഞാറേ അറ്റത്ത് എത്തിയത്? കഥയില്‍ ചോദ്യമില്ലാത്തതു പോലെ ഈ ദുരൂഹതകളും ഒരിക്കലും നീങ്ങാന്‍ പോകുന്നില്ല.
ബഗ്ദാദിയുടെ മരണത്തോടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന ഐ.എസ് ഭീകര സംഘടനയുടെ കഥകഴിഞ്ഞു എന്ന മട്ടിലാണ് പ്രചാരണങ്ങള്‍. ബഗ്ദാദി വധം ഐ.എസിന് വലിയ തിരിച്ചടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കിഴക്കന്‍ സിറിയയിലെയും പടിഞ്ഞാറന്‍ ഇറാഖിലെയും തലസ്ഥാനമെന്ന് ഘോഷിക്കപ്പെട്ട റഖയിലെയും ഐ.എസ് ശക്തികേന്ദ്രങ്ങള്‍ സംയുക്ത സേനയാല്‍ തകര്‍ക്കപ്പെട്ടതിനേക്കാള്‍ വലിയ തിരിച്ചടിയൊന്നുമല്ല ബഗ്ദാദി വധം. അല്‍ഖാഇദയുടെയും ഐ.എസിന്റെയും ചരിത്രം പരിശോധിച്ചാല്‍ ഒരു നേതാവ് കൊല്ലപ്പെടുമ്പോള്‍ അയാളേക്കാള്‍ ഭീകരനും നിഷ്ഠുരനുമായ മറ്റൊരാള്‍ കടിഞ്ഞാണേല്‍ക്കുന്നതാണ് കാണാനുള്ളത്. ക്രൂരതകള്‍ക്ക് കുപ്രസിദ്ധനായ അല്‍ഖാഇദ കമാന്റര്‍ അബൂ മുസ്വ്അബ് സര്‍ഖാവി 2006-ല്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷമാണല്ലോ ഭീകര സംഘങ്ങളുടെ കൂട്ടായ്മയുടെ കടിഞ്ഞാണ്‍ അബൂബക്കര്‍ ബഗ്ദാദിയുടെ കൈകളില്‍ വരുന്നത്. ഇനി എഴുന്നള്ളുന്നത് ബഗ്ദാദിയേക്കാള്‍ ക്രൂരനായ മറ്റൊരുത്തനാണെങ്കിലോ? ഭീകര സംഘങ്ങളെ സംബന്ധിച്ചേടത്തോളം വ്യക്തിയുടെ വധം ആഘോഷിക്കുന്നതില്‍ വലിയ കഴമ്പൊന്നുമില്ല.
അല്‍ഖാഇദയുടെയും ഐ.എസിന്റെയും ഒട്ടുമിക്ക നേതാക്കളെയും ഇതിനകം അമേരിക്ക വധിച്ചുകഴിഞ്ഞു. അതുകൊണ്ട് ഭീകര പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ കഴിഞ്ഞോ? ഒരു സംഘത്തെ ഇല്ലാതാക്കിയാല്‍ മറ്റൊരു പേരില്‍ ഇതിനേക്കാള്‍ തീവ്രതയോടെ ഭീകരവാദികള്‍ രംഗത്തു വരും. രോഗത്തിനല്ല ഇവിടെ ചികിത്സ. ഭീകരവാദവും തീവ്രവാദവുമൊക്കെ പൊട്ടിമുളക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. 2003-ല്‍ അമേരിക്ക നടത്തിയ ഇറാഖ് അധിനിവേശവും തുടര്‍ന്ന് ഇറാഖി ജനത അനുഭവിക്കേണ്ടിവന്ന കൊടും യാതനകളുമാണ് ഐ.എസിന് വളര്‍ന്നുവരാനുള്ള വളക്കൂറുള്ള മണ്ണൊരുക്കിയത് എന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. പക്ഷേ അമേരിക്കന്‍ വിശകലനങ്ങളിലൊന്നും ഈ അധിനിവേശം കടന്നുവരികയില്ല. പശ്ചിമേഷ്യയിലെ സ്വേഛാധിപതികള്‍ ജനങ്ങളുടെ സ്വാതന്ത്ര്യ മോഹങ്ങളെ തല്ലിക്കൊഴിക്കുന്നതിന്റെയും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതിന്റെയുമൊക്കെ നിഷേധാത്മക പ്രതികരണമെന്ന നിലക്കും ഭീകരത മുളപൊട്ടുന്നു. ഈ സ്വേഛാധിപതികള്‍ക്ക് ജനാധിപത്യ ധ്വംസനത്തിന് സകലവിധ സഹായങ്ങളും നല്‍കുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങളായതിനാല്‍ അക്കാര്യവും മിണ്ടാന്‍ നിവൃത്തിയില്ല. ഇസ്‌ലാമിലെ ജിഹാദും ഖിലാഫത്തുമൊക്കെയാണ് ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങളെന്ന് അവര്‍ കണ്ടുപിടിച്ചുകളയുന്നത് ഈ കുറ്റകൃത്യത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് മറച്ചുപിടിക്കാന്‍ മാത്രമാണ്. മറ്റൊരു വിധം പറഞ്ഞാല്‍, ട്രംപിന് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ ഈ ബഗ്ദാദി വധം ആട്ടക്കഥ പ്രയോജനപ്പെട്ടേക്കാം; 2011-ലെ ബിന്‍ലാദന്‍ വധം ബറാക് ഒബാമയെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ തുണച്ചതുപോലെ. ഇതുകൊണ്ടൊന്നും ഭീകരത ഇല്ലാതാകാന്‍ പോകുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി