Prabodhanm Weekly

Pages

Search

2019 നവംബര്‍ 01

3124

1441 റബീഉല്‍ അവ്വല്‍ 03

ദുര്‍വ്യാഖ്യാനങ്ങള്‍, വ്യാജാരോപണങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന് 

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു വേി വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചുകൊണ്ടിരിക്കുകയാണ് ചിലര്‍. അതൊക്കെയും എത്ര മാത്രം അര്‍ഥശൂന്യമാണെന്ന് സത്യസന്ധമായി വിലയിരുത്തിയാല്‍  ഏവര്‍ക്കും ബോധ്യമാകും. പ്രസ്തുത സൂക്തങ്ങളാണ്  ഇവിടെ വിശകലനവിധേയമാക്കുന്നത്.
1. ''നബിയേ, നീ വിവാഹമൂല്യം നല്‍കിയ നിന്റെ പത്നിമാരെ നിനക്കു നാം അനുവദിച്ചുതന്നിരിക്കുന്നു. അല്ലാഹു നിനക്കു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍ നിന്റെ വലംകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ് പലായനം ചെയ്തെത്തിയ നിന്റെ പിതൃവ്യപുത്രിമാര്‍, പിതൃസഹോദരീപുത്രിമാര്‍, മാതൃസഹോദരപുത്രിമാര്‍, മാതൃസഹോദരീപുത്രിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്. സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത നിനക്കു മാത്രമുള്ള നിയമമാണിത്. അവരുടെ ഭാര്യമാരുടെയും അടിമകളുടെയും കാര്യത്തില്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്കു നന്നായറിയാം. നിനക്ക് ഒന്നിലും ഒരു പ്രയാസവുമുണ്ടാവാതിരിക്കാനാണിത്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്'' (33:50).

വിമര്‍ശനങ്ങള്‍
എ. ''പ്രവാചകന്‍ ഇഷ്ടാനുസരണം വെപ്പാട്ടിമാരെ വെച്ചുകൊണ്ടിരുന്നു. അത് സാധ്യമാക്കാനാണ് അനിയന്ത്രിതമായി അടിമസ്ത്രീകളെ വെച്ചുകൊണ്ടിരിക്കാന്‍ അനുവാദം  നല്‍കുന്ന ഈ നിയമമുണ്ടാക്കിയത്.''
ബി. ''പ്രവാചകന്‍ ഭാര്യമാരോടൊപ്പം തന്റെ ബന്ധുക്കളെ തോന്നിയപോലെ ഉപയോഗിക്കാനായി സ്വയം ആവിഷ്‌കരിച്ച  പ്രസ്താവനയാണിത്.''
സി. ''സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത നിനക്കു മാത്രമുള്ള നിയമമാണിത്.''
''മുഹമ്മദിന്റെ ഈ പ്രസ്താവന സ്വന്തം ഭാര്യക്ക് പോലും സഹിക്കാനാവാത്ത അമര്‍ഷമുണ്ടാക്കി. അതിനാലാണ് ആഇശ ഇതു കേട്ട് പൊട്ടിത്തെറിച്ചത്. അവര്‍ പറഞ്ഞു: 'താങ്കളുടെ  നാഥന്‍ താങ്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണ് ഞാന്‍ കാണുന്നത്. താങ്കള്‍ ഇഛിക്കുന്നതു പോലെയാണല്ലോ താങ്കളുടെ അല്ലാഹു സംസാരിക്കുന്നത്.'
ആഇശ മുഹമ്മദിനോട് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഈ വാചകത്തേക്കാള്‍ കൂടിയ ശബ്ദത്തില്‍  അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും കരണക്കുറ്റിക്ക് അടിക്കാന്‍  ഒരു യുക്തിവാദിക്കും നിരീശ്വരവാദിക്കും കഴിയില്ല.
മുഹമ്മദ് തന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അല്ലാഹുവിന്റെ പേരില്‍ സംസാരിക്കുന്നതാണെന്നാണ് ആഇശ പോലും മനസ്സിലാക്കിയിരുന്നതെന്ന് അവരുടെ ഈ പ്രതികരണം വ്യക്തമാക്കുന്നു.
മുഹമ്മദ് തനിക്ക് മാത്രമായി ആവിഷ്‌കരിച്ച വ്യഭിചാരത്തിന് നിയമസാധുത നല്‍കുന്ന ഈ നിയമം തോന്നിയപോലെ ഏതു പെണ്ണിനെയും തന്റെ കാമപൂര്‍ത്തീകരണത്തിന് ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ്. മുഹമ്മദ് ഇതിനെ വേണ്ടുവോളം ഉപയോഗപ്പെടുത്തുകയും ചെയ്തു. മൈമൂന, ഉമ്മു ശരീക്, സൈനബ്, ഖൗല തുടങ്ങിയവരെയെല്ലാം ഇവ്വിധം മുഹമ്മദ് ഉപയോഗപ്പെടുത്തിയ സ്ത്രീകളാണ്.''
 
കെട്ടുകഥകള്‍
എ. അടിമത്ത സമ്പ്രദായം നിലനിന്നിരുന്ന കാലത്താണ് പ്രവാചകന്‍ നിയോഗിതനായതും ഖുര്‍ആന്‍ അവതീര്‍ണമായതും. അക്കാലത്ത്  വിവാഹം കഴിക്കാതെ തന്നെ അടിമസ്ത്രീകളെ യഥേഷ്ടം ഉപയോഗപ്പെടുത്താനുള്ള അനുവാദം യജമാനന്മാര്‍ക്ക് ഉണ്ടായിരുന്നു. അതവര്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്തിരുന്നു. കാലക്രമത്തില്‍ അടിമത്ത സമ്പ്രദായം അവസാനിപ്പിക്കാന്‍ ആവശ്യമായ നിലപാടുകള്‍ സ്വീകരിച്ച ഇസ്‌ലാം അന്ന് നിലവിലുണ്ടായിരുന്ന നിയമങ്ങളില്‍ ഒട്ടേറെ പരിഷ്‌കരണങ്ങള്‍ വരുത്തി. അടിമകളോടുള്ള സമീപനം പൂര്‍ണമായും പരിഷ്‌കരിച്ചതോടൊപ്പം അടിമസ്ത്രീയില്‍ കുട്ടികളുണ്ടായാല്‍ അതോടെ അവര്‍ സ്വതന്ത്രരാകുമെന്നത് കൂടി അതിലുള്‍പ്പെടുത്തി.
ഈ സൂക്തത്തിലൂടെ മറ്റു വിശ്വാസികള്‍ക്കെന്ന പോലെ പ്രവാചകനും അടിമസ്ത്രീകളെ ജീവിത പങ്കാളികളാക്കാന്‍ അനുവാദം നല്‍കപ്പെട്ടു. എന്നിട്ടും അദ്ദേഹം അതുപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് പ്രബലാഭിപ്രായം. യുദ്ധത്തടവുകാരായി പിടികൂടപ്പെട്ടവരില്‍ പ്രവാചകന് വന്നുചേര്‍ന്ന അടിമസ്ത്രീകള്‍ മൂന്നു പേരായിരുന്നു. ബനൂഖുറൈള യുദ്ധത്തില്‍ തടവുകാരിയാക്കപ്പെട്ട റൈഹാന, ബനുല്‍ മുസ്ത്വലിഖ് യുദ്ധത്തില്‍ തടവുകാരിയാക്കപ്പെട്ട ജുവൈരിയ, ഖൈബര്‍ യുദ്ധത്തില്‍ ബന്ദിയാക്കപ്പെട്ട സ്വഫിയ്യ എന്നിവരാണവര്‍. ഇവരെ ആരെയും നബി തിരുമേനി അടിമകളാക്കി വെച്ചില്ല. ജുവൈരിയയെയും സ്വഫിയ്യയെയും സ്വതന്ത്രരാക്കി വിവാഹം കഴിക്കുകയാണുണ്ടായത്. റൈഹാനയെ മോചിപ്പിച്ച് സ്വതന്ത്രയാക്കി. അങ്ങനെ അവര്‍ ഇസ്‌ലാം സ്വീകരിച്ച് സ്വന്തം  കുടുംബത്തിലേക്ക് തിരിച്ചുപോവുകയും ചെയ്തു. റൈഹാന പ്രവാചകന്റെ അടിമയായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടാനിടയായത് തുടര്‍ന്ന് നടന്ന അവരുടെ ഇസ്‌ലാം സ്വീകരണവും സ്വദേശത്തേക്കുള്ള തിരിച്ചുപോക്കും വിട്ടുകളഞ്ഞതിനാലാണ്.
പ്രവാചകന്‍ അടിമസ്ത്രീകളെ സ്വീകരിച്ചിരുന്നുവെന്ന് വാദിക്കുന്ന പലരും അത് മാരിയത്തുല്‍ ഖിബ്ത്വിയ്യയിലേക്കാണ് ചേര്‍ത്തുപറയുന്നത്. അവരോ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരിയല്ല. ഈജിപ്ഷ്യന്‍ ഭരണാധികാരി  മുഖൗഖിസ് സമ്മാനിച്ചതാണ്. രക്ഷിതാവെന്ന നിലയില്‍ അദ്ദേഹം അവരെ  സമ്മാനിച്ചതോടെ അത് വിവാഹം ചെയ്തു കൊടുക്കലായി. പ്രവാചകന്‍ ആ സമ്മാനം സ്വീകരിച്ചതോടെ  വിവാഹം പൂര്‍ത്തിയായി. അവരില്‍  ഇബ്‌റാഹീം എന്ന കുട്ടി ജനിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് എല്ലാവരും പ്രവാചകന്റെ മറ്റു പത്‌നിമാരെ പോലെ തന്നെ അവരെയും വിശ്വാസികളുടെ മാതാവായി വിശേഷിപ്പിക്കുകയും പരിഗണിക്കുകയും ചെയ്യുന്നത്. ചുരുക്കത്തില്‍, വിവാഹം കഴിക്കാതെ ഒരു സ്ത്രീയുമായും പ്രവാചകന്‍ ജീവിതം പങ്കിട്ടിട്ടില്ല.
ബി. ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാ അടുത്ത ബന്ധുക്കളെയും ഏതൊരു വിശ്വാസിക്കും വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്. സംബോധന നബിയോടാണെങ്കിലും മുഴുവന്‍ മനുഷ്യര്‍ക്കും ഈ നിയമം ബാധകമാണ്. ഇസ്‌ലാമിലെ പല നിയമങ്ങളുടെയും പ്രഥമ സംബോധിതന്‍ പ്രവാചകനാണ്. തുടര്‍ന്ന് മുഴുവന്‍ മനുഷ്യരും.
അതുകൊണ്ടുതന്നെ  നബിതിരുമേനിയും അവിടുത്തെ അനുയായികളും ഈ വിശുദ്ധ വാക്യത്തില്‍ പരാമര്‍ശിച്ചവരെ വിവാഹം ചെയ്തിരുന്നു. അന്നുതൊട്ടിന്നോളം ഈ സമ്പ്രദായം തുടര്‍ന്നു വരുന്നു.
അക്കാലത്ത് നിലനിന്നിരുന്ന രണ്ട് ആത്യന്തികതകള്‍ക്കിടയില്‍ സന്തുലിത സമീപനം സ്വീകരിക്കാന്‍ സമൂഹത്തെ  ഇതിലൂടെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയുമായിരുന്നു ഖുര്‍ആന്‍. അന്നത്തെ  ക്രൈസ്തവ ആചാരപ്രകാരം ഏഴ് പൂര്‍വ പിതാക്കന്മാരുടെ സന്താനപരമ്പരകളില്‍ ആര്‍ക്കിടയിലും പരസ്പര വിവാഹം പാടില്ലായിരുന്നു. ജൂതന്മാരാകട്ടെ സഹോദരിയുടെയും സഹോദരന്റെയും മക്കളെ വിവാഹം ചെയ്യാന്‍ അനുവദിച്ചിരുന്നു. ഇസ്‌ലാം രണ്ടിനുമിടയില്‍ സന്തുലിത സമീപനം സ്വീകരിക്കുകയായിരുന്നു. സഹോദരന്റെയും സഹോദരിയുടെയും മക്കളെ വിവാഹം ചെയ്യുന്നത് വിലക്കി. അതോടൊപ്പം പിതൃസഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരീ സഹോദരന്മാരുടെയും മക്കളെ വിവാഹം ചെയ്യുന്നത്  അനുവദിക്കുകയും ചെയ്തു. നിയമ പരിഷ്‌കാരമാണ് വിശുദ്ധ സൂക്തത്തിലെ ഈ ഭാഗം നിര്‍വഹിക്കുന്നത്.
സി. ഏതെങ്കിലും വിശ്വാസിനിയായ സ്ത്രീ സ്വന്തത്തെ ദാനം ചെയ്താല്‍ അവരെ വിവാഹം കഴിക്കാമെന്നാണ് പ്രസ്തുത  സൂക്തത്തിലുള്ളത്. വിവാഹം കഴിക്കാതെ ഉപയോഗപ്പെടുത്താമെന്നോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നോ അല്ല. അതുകൊണ്ടുതന്നെ വിമര്‍ശകന്മാര്‍ ആരോപിക്കുന്ന പോലെ വ്യഭിചാരത്തിനുള്ള അനുമതിയോ ഏതു പെണ്ണിനെയും തോന്നിയപോലെ ഉപയോഗിക്കാനുള്ള സമ്മതപത്രമോ അല്ല. ഖുര്‍ആനില്‍ എന്താണുള്ളതെന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ആരോ എവിടെയോ എഴുതിവെച്ചത് അതേപടി പകര്‍ത്തിവെക്കുകയാണ് നിരീശ്വരവാദികള്‍ മറ്റു ഇസ്‌ലാംവിമര്‍ശനത്തിലെന്ന പോലെ ഇതിലും ചെയ്തത്.
  സ്വയം സമര്‍പ്പിച്ചവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം എന്താണ്? സ്വയം സമര്‍പ്പിച്ചവരെ വിവാഹം കഴിക്കുമ്പോള്‍ മഹ്‌റ് നല്‍കേണ്ടതില്ലെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്ന കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. ഇബ്‌നു കസീര്‍, ഇബ്‌നു ജരീറുത്തത്വബരി പോലുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇത് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചകന് ഇവ്വിധം മഹ്‌റ് നല്‍കാതെ വിവാഹം ചെയ്യാന്‍ അനുവാദം ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും അതുപയോഗപ്പെടുത്തിയിട്ടില്ല. എല്ലാ ഭാര്യമാര്‍ക്കും നല്‍കിയത് അഞ്ഞൂറ് ദിര്‍ഹമോ സമാനമായതോ ആണെന്ന് ഇമാം മുജാഹിദും മറ്റു പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്. വ്യത്യസ്തമായുള്ളത് ഉമ്മുഹബീബയുമായുള്ള വിവാഹമാണ്. എത്യോപ്യയിലായിരുന്ന അവരുടെ വിവാഹത്തിന് നേതൃത്വം നല്‍കിയതും മഹ്‌റ് നല്‍കിയതും രാജാവ്  നജ്ജാശിയാണല്ലോ. നാനൂറ് ദിര്‍ഹമായിരുന്നു അദ്ദേഹം നല്‍കിയ മഹ്‌റ്. ഹുയയ്യിന്റെ മകള്‍ സ്വഫിയ്യക്കുള്ള മഹ്‌റ് അടിമത്തത്തില്‍നിന്നുള്ള അവരുടെ മോചനമായിരുന്നു. സാബിത് ബ്‌നു ഖൈസുമായുണ്ടാക്കിയ മോചന കരാര്‍പത്രമായിരുന്നു ജുവൈരിയക്കുള്ള മഹ്‌റ്. ഇങ്ങനെ മഹ്‌റ് നല്‍കാതെ പ്രവാചകന്‍ ആരെയും വിവാഹം കഴിച്ചിട്ടില്ല.
പ്രവാചകന്റെ മുന്നില്‍ സ്വന്തത്തെ സമര്‍പ്പിച്ച ഒരു സ്ത്രീയെ സംബന്ധിച്ച് സഹ്‌ലുബ്‌നു സഅ്ദ് പറഞ്ഞ സംഭവം ഇമാം അഹ്മദ് ഉദ്ധരിക്കുന്നുണ്ട്. അവര്‍ നബിതിരുമേനിയോട് പറഞ്ഞു: 'ഞാന്‍ എന്നെ അങ്ങക്ക് സമര്‍പ്പിച്ചിരിക്കുന്നു.' പ്രവാചകന്‍ നിശ്ശബ്ദത പാലിച്ചു. ആ സ്ത്രീ ദീര്‍ഘനേരം അവിടെ നിന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പ്രവാചകനോട് പറഞ്ഞു: 'അങ്ങയ്ക്ക് താല്‍പര്യമില്ലെങ്കില്‍ ഞാന്‍ വിവാഹം ചെയ്തുകൊള്ളാം.' ആ സ്ത്രീയുടെ സമ്മതത്തോടെ നബിതിരുമേനി അവരെ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു.
ഹാരിസ് മകള്‍ മൈമൂന, അസദ് ഗോത്രക്കാരി ഉമ്മു ശരീക്, ഉമ്മുല്‍ മസാകീനായി അറിയപ്പെടുന്ന സൈനബ് ബിന്‍തു ഖുസൈമ, ബനൂ സുലൈം ഗോത്രത്തിലെ ഹകീമിന്റെ മകള്‍ ഖൗല പോലുള്ള ചിലര്‍ പ്രവാചകന് തങ്ങളെ സ്വയം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകളു്. അവരെയൊക്കെ പ്രവാചകനുമായി ചേര്‍ത്തു പറയുകയാണ് നി രീശ്വരവാദികള്‍ ചെയ്യുന്നത്. എന്നാല്‍ മൈമൂന, ഉമ്മുല്‍ മസാകീന്‍ സൈനബ് പോലുള്ളവര്‍ പ്രവാചക പത്‌നിമാരാണ്. വിവാഹം കഴിച്ചവരെയല്ലാതെ സ്വയം സമര്‍പ്പിച്ച ആരെയും പ്രവാചകന്‍ സ്വീകരിച്ചിട്ടില്ലെന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞതായി ഇബ്‌നു അബീഹാതിം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ കാര്യം യൂനുസു ബ്‌നു ബുകൈറയില്‍നിന്ന് ഇബ്‌നുജരീറും ഉദ്ധരിക്കുന്നു. ഇമാം മുജാഹിദ് പ്രാമുഖ്യം നല്‍കിയതും ഇതേ അഭിപ്രായത്തിനാണ്. ഭാര്യമാരോടൊത്തല്ലാതെ മറ്റാരുമായും പ്രവാചകന്‍ ജീവിതം പങ്കിട്ടിട്ടുമില്ല. പ്രാമാണിക ചരിത്രരേഖകളിലൊന്നും അത്തരമൊരു സംഭവവുമില്ല. എന്നല്ല, അങ്ങനെയൊരു പരാമര്‍ശം പോലുമില്ല.
പുണ്യപ്രവാചകന്റെ പേരില്‍ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുകയെന്ന ഹീനവൃത്തിയില്‍ അഭിരമിക്കുകയാണ് ഇസ്‌ലാംവിമര്‍ശകര്‍. 
തന്നെ വിവാഹം കഴിക്കാന്‍ പ്രവാചകനോടാവശ്യപ്പെട്ട മൈമൂനയെ സംബന്ധിച്ചാണ് പ്രസ്തുത സൂക്തമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രവാചകന്റെ പിതൃവ്യന്‍ അബ്ബാസാണ് അവരെ വിവാഹം ചെയ്തുകൊടുക്കാന്‍ മുന്‍കൈ എടുത്തതും  മഹ്‌റ് നല്‍കിയതും.
വസ്തുതകള്‍ ഇതായിരിക്കെ പിന്നെ എന്താണ് പ്രസ്തുത സൂക്തത്തിന്റെ ലക്ഷ്യം?
നാലു പേരെ മാത്രമേ ഒരേസമയം ഭാര്യമാരായി സ്വീകരിക്കാന്‍ പാടുള്ളൂവെന്ന നിയമത്തില്‍നിന്ന് നബിതിരുമേനിയെ ഒഴിവാക്കലാണ് ഈ സൂക്തത്തിന്റെ ഉദ്ദേശ്യമെന്ന് പ്രമുഖരായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഒമ്പതു പേരില്‍നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നത് വിവാഹമോചിതരാകുന്നവര്‍ക്കും അതിലൂടെ പ്രവാചകനും ഏറെ പ്രയാസമുണ്ടാക്കും എന്നതിനാലാണ് ഈ ഇളവ് നല്‍കിയത്. അതാണ് 'നിനക്ക് പ്രയാസമുണ്ടാവാതിരിക്കാന്‍ വേണ്ടിയാണിതെ'ന്ന് ഖുര്‍ആന്‍ പ്രത്യേകം പറഞ്ഞത്.
ഈ സൂക്തം കേട്ട് പ്രവാചകപത്‌നി ആഇശ ബീവി (റ) പറഞ്ഞതിങ്ങനെയാണ്: 'താങ്കളുടെ  നാഥന്‍ താങ്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായി ഞാന്‍ കാണുന്നു.'
പ്രവാചകനും ആഇശ ബീവിയും തമ്മിലുള്ള ഗാഢബന്ധത്തെയും അഗാധപ്രണയത്തെയും സംബന്ധിച്ച സാമാന്യധാരണയുള്ള ആര്‍ക്കും പ്രവാചകപത്‌നിയുടെ സ്‌നേഹോഷ്മളമായ ഈ തമാശ ഉള്‍ക്കൊള്ളാന്‍ ഒട്ടും പ്രയാസമുണ്ടാവില്ല. പ്രവാചകനോടൊപ്പം ഓട്ടമത്സരം നടത്തുകയും അവിടുത്തെ ചുമലില്‍ തല വെച്ച് കളി കണ്ടാസ്വദിക്കുകയും സദാ തമാശ പറഞ്ഞ് ആഹ്ലാദിക്കുകയും ചെയ്ത പ്രിയതമയായിരുന്നു അവര്‍. എന്നിട്ടും അവരുടെ സ്‌നേഹപൂര്‍വമായ തമാശയെ അല്ലാഹുവിന്റെയും പ്രവാചകന്റെയും 'കരണക്കുറ്റിക്കുള്ള അടി'യായി കാണുന്നവര്‍ ശരീരകാമനകള്‍ക്കപ്പുറം ദാമ്പത്യത്തിന്റെ ഊഷ്മളതയെയോ സ്‌നേഹപ്രപഞ്ചത്തെയോ സംബന്ധിച്ച് ഒന്നുമറിയാത്തവരോ അറിഞ്ഞിട്ടും അസഭ്യവര്‍ഷത്തില്‍ നിര്‍വൃതി അനുഭവിക്കുന്ന അതിനീചന്മാരോ ആകാനേ നിര്‍വാഹമുള്ളൂ.
യഥാര്‍ഥത്തില്‍ ആഇശ ബീവി പ്രവാചകനോട് ഇങ്ങനെ പറഞ്ഞത് ഈ സൂക്തം അവതരിച്ചപ്പോഴല്ലെന്നും മറിച്ച് മുപ്പത്തിമൂന്നാം അധ്യായത്തിലെ അമ്പത്തി ഒന്നാമത്തെ സൂക്തം അവതീര്‍ണമായപ്പോഴാണെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.  പ്രസ്തുത സൂക്തമിങ്ങനെ: ''ഭാര്യമാരില്‍നിന്ന് നിനക്കിഷ്ടമുള്ളവരെ നിനക്കകറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ അടുപ്പിച്ചുനിര്‍ത്താം. ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയ ശേഷം അടുപ്പിച്ചു നിര്‍ത്തുന്നതിലും നിനക്കു കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കാനും അവര്‍ ദുഃഖിക്കാതിരിക്കാനും നീ അവര്‍ക്കു നല്‍കിയതില്‍ അവര്‍ തൃപ്തരാകാനും ഏറ്റവും പറ്റിയതിതാണ്. നിങ്ങളുടെ മനസ്സിനകത്തുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനാണ്. ഏറെ സഹനമുള്ളവനും അവന്‍ തന്നെ'' (33:51).
ഏതായാലും ആഇശ ബീവി സ്‌നേഹസ്വരൂപനായ തന്റെ പ്രിയതമനോട് തീര്‍ത്തും തമാശയായി പറഞ്ഞതാണിത്. പ്രവാചകന്‍ പ്രിയതമയുടെ കലര്‍പ്പില്ലാത്ത ഊഷ്മളമായ ആത്മബന്ധത്തിന്റെ സ്‌നേഹപ്രകടനമായേ അത് പരിഗണിച്ചിട്ടുമുള്ളൂ. വിമര്‍ശകര്‍ ആരോപിക്കുന്ന പോലെയായിരുന്നുവെങ്കില്‍ നന്നെച്ചുരുങ്ങിയത് തന്റെ അനിഷ്ടമെങ്കിലും പ്രകടിപ്പിക്കുമായിരുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചതായി വിമര്‍ശകര്‍ പോലും ആരോപിക്കുന്നില്ല.
മുഹമ്മദ് നബിയുടെ ആഗ്രഹങ്ങളാണ് അല്ലാഹുവിന്റെ വെളിപാടുകളായി പുറത്തു വരുന്നതെന്ന് ആഇശ പോലും വിശ്വസിച്ചിരുന്നുവെന്ന നിരീശ്വരവാദികളുടെ വിമര്‍ശനം വിശകലനം പോലും അര്‍ഹിക്കാത്തവിധം അബദ്ധജഡിലമാണെന്ന് ഏത് സാമാന്യബുദ്ധിക്കും ബോധ്യമാകും. അത്തരമൊരു  കാഴ്ചപ്പാട്  അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ ഖുര്‍ആന്റെ നിര്‍ദേശം പാലിച്ച് നീണ്ട നാല്‍പത്തെട്ട് കൊല്ലത്തോളം അവര്‍ വിധവയായി കഴിയുമായിരുന്നില്ല. പ്രവാചകന്‍ മരണപ്പെടുമ്പോള്‍  യുവതിയായിരുന്ന, അസാധാരണ പ്രതിഭയും  പാണ്ഡിത്യവും സൗന്ദര്യവും ഒത്തിണങ്ങിയിരുന്ന അവര്‍ക്ക് അനായാസം അതിവേഗം പുനര്‍വിവാഹം നടത്താമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്യാതിരുന്നത് ഖുര്‍ആനിലൂടെ നല്‍കപ്പെട്ട നിര്‍ദേശം തന്റെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റേതാണെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടു മാത്രമാണെന്ന് മനസ്സിലാക്കാന്‍ മലിനമനസ്‌കരല്ലാത്ത എല്ലാവര്‍ക്കും നിഷ്പ്രയാസം സാധിക്കും.
2. ഇസ്‌ലാംവിമര്‍ശകര്‍ പ്രവാചകനെയും അവിടുത്തെ പത്‌നിമാരെയും അവഹേളിക്കാനായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന മറ്റൊരു സൂക്തം:
''വിശ്വസിച്ചവരേ, പ്രവാചകന്റെ വീടുകളില്‍ അനുവാദമില്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് പ്രതീക്ഷിച്ചിരിക്കരുത്. എന്നാല്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ നിങ്ങളവിടേക്കു ചെല്ലുക. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിരിഞ്ഞുപോവുക. അവിടെ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കരുത്. നിങ്ങളുടെ അത്തരം പ്രവൃത്തികള്‍ പ്രവാചകന് പ്രയാസകരമാകുന്നുണ്ട്. എങ്കിലും നിങ്ങളോടതു തുറന്നുപറയാന്‍ പ്രവാചകന്‍ ലജ്ജിക്കുന്നു. എന്നാല്‍ അല്ലാഹു സത്യം പറയുന്നതിലൊട്ടും ലജ്ജിക്കുന്നില്ല. പ്രവാചക പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍ മറയ്ക്കു പിന്നില്‍ നിന്നാണ് നിങ്ങളവരോട് ചോദിക്കേണ്ടത്. അതാണ് നിങ്ങളുടെയും അവരുടെയും ഹൃദയശുദ്ധിക്ക് ഏറ്റവും നല്ലത്. അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം കഴിക്കാനും പാടില്ല. ഇതൊക്കെയും അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യം തന്നെ'' (33:53).
 
വിമര്‍ശനം
''പ്രവാചകന്‍ വാര്‍ധക്യത്തില്‍  നിരവധി ഭാര്യമാരെ കൂടെ നിര്‍ത്തിയിരുന്നതിനാല്‍ അവരെ തൃപ്തിപ്പെടുത്താന്‍  കഴിയുമായിരുന്നില്ല. ഇക്കാര്യത്തില്‍ പ്രവാചകനു തന്നെ തന്റെ ഭാര്യമാരെക്കുറിച്ച് ഭയാശങ്കകളുണ്ടായിരുന്നു. അതിനാലാണ് ഇത്ര കര്‍ക്കശമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.''

വ്യാജാരോപണം
സമൂഹത്തില്‍ സദാചാരവിശുദ്ധിയും ഉയര്‍ന്ന ധാര്‍മികമൂല്യങ്ങളും  നിലനിര്‍ത്താനായി മുഴുവന്‍ മനുഷ്യര്‍ക്കുമായി നല്‍കിയ നിര്‍ദേശങ്ങളാണ് ഉപര്യുക്ത സൂക്തത്തിലുള്ളത്. പ്രവാചകന്റെ കാലശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം ചെയ്യാന്‍ പാടില്ലെന്ന ഒരൊറ്റ നിര്‍ദേശം മാത്രമേ വ്യത്യസ്തമായുള്ളൂ. ഇതിന്റെ അവതരണ പശ്ചാത്തലം  പ്രവാചകജീവിതവുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് തിരുമേനിയുമായി ചേര്‍ത്തു പറഞ്ഞത്.
  നബിതിരുമേനി സൈനബിനെ വിവാഹം കഴിച്ചപ്പോള്‍ സദ്യയില്‍ സംബന്ധിക്കാനെത്തിയവരില്‍ ചിലര്‍  ആഹാരം കഴിച്ച ശേഷവും സ്ഥലംവിടാതെ  അവിടെത്തന്നെ കഴിച്ചുകൂട്ടി. അവര്‍  പലവിധ വര്‍ത്തമാനങ്ങളിലേര്‍പ്പെട്ടു. അപ്പോഴാണ് പ്രസ്തുത സൂക്തം അവതരിച്ചത്.
 ഒട്ടേറെ ബാധ്യതകള്‍ നിര്‍വഹിക്കാനുള്ള പ്രവാചകന്റെ സമയം അനാവശ്യമായി അപഹരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നതിനെ വിലക്കുന്ന ഈ വിശുദ്ധ സൂക്തം സമൂഹത്തിന് സാമാന്യ മര്യാദയും മാനവിക മൂല്യങ്ങളും പെരുമാറ്റ ക്രമങ്ങളും പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍  മാന്യന്മാരായ മുഴുവന്‍ മനുഷ്യര്‍ക്കും ബാധകമാണ്. സ്ത്രീ-പുരുഷ ബന്ധത്തില്‍ പാലിക്കേണ്ട അതിര്‍വരമ്പുകളും ചിട്ടവട്ടങ്ങളും ഇതുള്‍ക്കൊള്ളുന്നു.
ധര്‍മനിഷ്ഠമായ സമൂഹസൃഷ്ടിക്ക് ആവശ്യമായ  നിയമനിര്‍ദേശങ്ങള്‍ നല്‍കിയതിനെപ്പോലും പരമപരിശുദ്ധരായ പ്രവാചകപത്‌നിമാരെ നബിതിരുമേനി സംശയിച്ചിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായി വ്യാഖ്യാനിക്കാന്‍ കുടില മനസ്സുകള്‍ക്കേ സാധിക്കൂ.
ഓരോരുത്തരും തന്നെപ്പോലെ തന്നെയാണ് മറ്റുള്ളവരുമെന്ന് കണക്കാക്കിയും സ്വന്തം നിലവാരത്തില്‍ നിന്നുമാണല്ലോ കാര്യങ്ങള്‍ നോക്കിക്കാണുക.
3. ''നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ'' (66:1).

വിമര്‍ശനം
''പ്രവാചകന്‍ മാരിയത്തുല്‍ ഖിബ്ത്വിയ്യയുമായി ശയിക്കുന്നത് സഹപത്‌നിയായ ഹഫ്‌സ്വ കാണാനിടയായി. അതേക്കുറിച്ച് ഹഫ്‌സ്വയും ആഇശയും രോഷാകുലരായി പ്രവാചകനോട് സംസാരിച്ചു. അപ്പോള്‍ 'ഇനിമുതല്‍ താന്‍ മാരിയത്തിനെ സമീപിക്കുകയില്ലെ'ന്ന് പ്രവാചകന്‍ പ്രതിജ്ഞ ചെയ്തു. മാരിയത്തുമായുള്ള ബന്ധം  തുടരാന്‍ ആഗ്രഹിച്ച മുഹമ്മദ്  അതിനായി അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കിയതാണ് ഈ വാക്യം. അതുകൊണ്ടും മതിയാക്കാതെ ആഇശയെയും  ഹഫ്‌സ്വയെയും വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.''

കല്‍പിതകഥ
ഈ വിശുദ്ധ വാക്യത്തെ തീര്‍ത്തും തെറ്റായി വ്യാഖ്യാനിക്കുകയാണ് നിരീശ്വരവാദികള്‍ ചെയ്യുന്നത്. യഥാര്‍ഥത്തിലിത് മാരിയത്തുമായി ബന്ധപ്പെട്ടതല്ല. വിമര്‍ശകരുടെ ആരോപണം എത്രമാത്രം അബദ്ധജഡിലമാണെന്ന് ഏവര്‍ക്കും അനായാസം ബോധ്യമാകും.
മാരിയത്തിനെ സമീപിക്കുകയില്ലെന്ന് പ്രവാചകന്‍ ശപഥം ചെയ്തതായി പറയുന്ന അതേ വിമര്‍ശകര്‍ തന്നെ ആഇശ ബീവിയെയും ഹഫ്‌സ്വയെയും വിവാഹമോചനം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നു. അല്ലാഹുവിന്റെ പേരില്‍ പ്രവാചകന്‍ പറഞ്ഞുണ്ടാക്കുന്നതാണ് ഖുര്‍ആന്‍ സൂക്തങ്ങളെന്ന ധാരണയാണ് ആഇശ ബീവിക്കും ഹഫ്‌സ്വക്കും ഉണ്ടായിരുന്നതെങ്കില്‍ പ്രസ്തുത സൂക്തത്തിന്റെ പേരില്‍ തന്റെ ശപഥം തിരുത്താന്‍ അവരിരുവരും പ്രവാചകനെ അനുവദിക്കുമായിരുന്നില്ല. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. അതോടൊപ്പം ഒരു കാര്യം കൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
നബിതിരുമേനിയെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും ഖുര്‍ആന്‍ സൂക്തങ്ങള്‍  ഉപയോഗിച്ച നിരീശ്വരവാദികള്‍ അതുവഴി ഇതൊന്നും  പ്രവാചകന്‍ സ്വയം പറഞ്ഞതല്ലെന്ന് തുറന്നു സമ്മതിക്കുകയാണല്ലോ ചെയ്യുന്നത്. പ്രവാചകന്‍ പ്രവാചകനെ തന്നെ വിമര്‍ശിക്കുന്ന വചനങ്ങള്‍ ലോകാന്ത്യം വരെ നിലനില്‍ക്കുന്ന ഗ്രന്ഥത്തില്‍ എഴുതിച്ചേര്‍ക്കുകയില്ലല്ലോ. അഥവാ അതുകൂടി മനസ്സിലാക്കാനുള്ള കഴിവ് പ്രവാചകന് ഇല്ലായിരുന്നുവെന്നാണ് വാദമെങ്കില്‍ അത്തരം ഒരു വ്യക്തിക്ക് ഇത്തരമൊരു ഗ്രന്ഥം  തയാറാക്കാന്‍ എങ്ങനെ സാധിക്കും?
യഥാര്‍ഥത്തില്‍ പ്രസ്തുത സൂക്തം അവതരിച്ച പശ്ചാത്തലം വിമര്‍ശകര്‍ വിശദീകരിച്ചതല്ല. 
ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ അത് വ്യക്തമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സൈനബിന്റെ വീട്ടില്‍നിന്ന് പ്രത്യേക ഗന്ധമുള്ള തേന്‍ കഴിച്ചു വന്ന നബിതിരുമേനിയോട് പത്‌നിമാരായ ആഇശ ബീവിയും ഹഫ്‌സ്വയും അസഹ്യമായ ദുര്‍ഗന്ധമുണ്ടെന്ന്  പറഞ്ഞു. തേന്‍ കഴിച്ചതിലുള്ള അതൃപ്തി അവര്‍  പ്രവാചകനെ അറിയിക്കുകയും ചെയ്തു. അപ്പോള്‍ ഇനിമുതല്‍  താന്‍ തേന്‍ കഴിക്കുകയില്ലെന്ന് അവിടുന്ന് പ്രതിജ്ഞ ചെയ്തു. പ്രവാചകന് ഏറെ ഇഷ്ടകരവും അനുവദനീയവുമായ തേന്‍ ഭാര്യമാരുടെ ഇംഗിതം പരിഗണിച്ച് സ്വന്തത്തിന് നിഷിദ്ധമാക്കിയതിനെയാണ് പ്രസ്തുത സൂക്തം വിമര്‍ശിക്കുന്നത്. പ്രബലമായ  തെളിവുകളോടെ ആധികാരികമായിത്തന്നെ  വസ്തുത വ്യക്തമാക്കിയിരിക്കെ ഖുര്‍ആനിനോടും പ്രവാചകനോടുമുള്ള അരിശം തീര്‍ക്കാനായി  കല്‍പിതകഥകളില്‍ അഭിരമിക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്.  
ഖുര്‍ആന്‍ സൂക്തങ്ങളെ മാത്രമല്ല, ഹദീസുകളെയും  നിരീശ്വരവാദികള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റിദ്ധാരണകള്‍ പരത്താന്‍ ശ്രമിക്കുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്:
ആഇശയില്‍നിന്ന് നിവേദനം: 'എനിക്ക് ആറു വയസ്സായിരിക്കെ നബി എന്നെ വിവാഹം കഴിച്ചു. പിന്നീട് ഞങ്ങള്‍ മദീനയില്‍ വന്നു' (ബുഖാരി).

വിമര്‍ശനം
''മുഹമ്മദ് കാമഭ്രാന്തനായതിനാലാണ് ആറു വയസ്സുള്ള കൊച്ചുകുട്ടിയെ കല്യാണം കഴിച്ചത്. മുഹമ്മദ് ചെയ്തത് അക്കാലത്തെ പതിവനുസരിച്ചാണെന്നാണ് പറയുന്നതെങ്കില്‍ എക്കാലത്തേക്കുമുള്ള  മാതൃകയാണ് പ്രവാചകനെന്ന് എങ്ങനെ പറയാന്‍ കഴിയും? ഇക്കാലത്ത് അതില്‍ എന്ത് മാതൃകയാണ് ഉള്ളത്?''

പുകമറ നീങ്ങുമ്പോള്‍
പ്രവാചകന്‍ ആഇശ ബീവിയെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ പ്രായം എത്രയായിരുന്നു എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. അതില്‍ ഏറ്റവും കുറഞ്ഞത്  ആറു വയസ്സും കൂടിയത് പതിനെട്ട് വയസ്സുമാണ്. ആറു വയസ്സാണെന്ന റിപ്പോര്‍ട്ട് സ്വീകരിക്കുകയാണെങ്കില്‍ ഒന്‍പതാമത്തെ വയസ്സിലാണ് പ്രവാചകനോടൊത്തുള്ള ദാമ്പത്യം ആരംഭിക്കുന്നത്. തദടിസ്ഥാനത്തിലാണ് വിമര്‍ശകര്‍ പ്രവാചകനെ കാമഭ്രാന്തനെന്ന് വിളിക്കുന്നത്.
ആഇശ ബീവിയെ ആദ്യം വിവാഹാന്വേഷണം നടത്തിയത് മുഹമ്മദ് നബിയല്ല, ജുബൈറു ബ്‌നു മുത്വ്ഇമാണ്. അത് നടക്കാതെ പോയപ്പോഴാണ് നബിതിരുമേനി അവരെ വിവാഹം ചെയ്തത്. അക്കാലത്ത് ലോകത്തെവിടെയുമെന്നപോലെ അവിടെയും ശൈശവവിവാഹം നിലവിലുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ നിയമജ്ഞന്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ശാരദയെ വിവാഹം ചെയ്തത് അവരുടെ പതിമൂന്നാമത്തെയോ പതിനാലാമത്തെയോ വയസ്സിലാണ്. ഇന്ന് ഇന്ത്യയില്‍ ആരെങ്കിലും അങ്ങനെ ചെയ്താല്‍ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്യപ്പെടും. അടുത്ത കാലം വരെയും ഇന്ത്യയിലുടനീളം അഞ്ചും ആറും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കാറുണ്ടായിരുന്നു. അതിനേക്കാള്‍ ചെറിയ കുട്ടികളെയും വിവാഹം ചെയ്യുന്ന സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് ആഇശാ ബീവിയുമായുള്ള പ്രവാചകന്റെ വിവാഹം വിവാദവിഷയം പോലും ആകാതിരുന്നത്.
പ്രവാചകനുമായുള്ള വിവാഹത്തില്‍ ആഇശ ബീവി ജീവിതത്തിലൊരിക്കല്‍ പോലും ദുഃഖിക്കുകയോ സങ്കടപ്പെടുകയോ ഖേദിക്കുകയോ ചെയ്തിട്ടില്ല. അവരുടെ പിതാവ് അബൂബക്ര്‍ സിദ്ദീഖോ മാതാവ് ഉമ്മു റുമാനോ ഈ വിവാഹത്തോട് വിയോജിക്കുകയോ അനിഷ്ടം കാണിക്കുകയോ അസ്‌ക്യത പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നല്ല, അവരെല്ലാം എന്നും എപ്പോഴും  സന്തോഷിക്കുകയും അഭിമാനിക്കുകയും തികഞ്ഞ സംതൃപ്തി അനുഭവിക്കുകയുമായിരുന്നു.പ്രവാചകന്‍ അവരെ വിവാഹം ചെയ്തതിന്റെ മുഖ്യ ഉദ്ദേശ്യങ്ങളിലൊന്ന് അബൂബക്ര്‍ സിദ്ദീഖുമായുള്ള ആത്മബന്ധം  സുശക്തവും സുദൃഢവുമാക്കുക എന്നത് കൂടിയായിരുന്നുവല്ലോ.
വൈജ്ഞാനികരംഗം ഉള്‍പ്പെടെ മുഴുവന്‍ ജീവിതമേഖലകളിലും അത്യുന്നതങ്ങളിലെത്താന്‍ ആഇശ ബീവിക്ക് സാധിച്ചത് അവരുടെ ചെറുപ്രായത്തില്‍തന്നെ പ്രവാചകന്‍ വിവാഹം ചെയ്തതിനാലാണ്. യഥാര്‍ഥത്തില്‍  മനുഷ്യചരിത്രത്തിലെ അത്യുന്നതങ്ങളിലെത്തിയ വനിതാരത്‌നങ്ങളുടെ മുന്നണിയില്‍ തന്നെ ഇടം കിട്ടാന്‍ സാധ്യമാകുംവിധം ചെറുപ്രായത്തില്‍ തന്നെ പ്രവാചകന്റെ കൂടെ കഴിയാന്‍ അല്ലാഹു  അവസരമൊരുക്കുകയായിരുന്നു.
പ്രവാചകന്‍ ആഇശ ബീവിയെ മാത്രമേ വിവാഹം ചെയ്തിരുന്നുള്ളൂവെങ്കില്‍ ഇക്കാലത്ത് പ്രവാചകന്റെ ഈ വിവാഹത്തില്‍ എന്താണ് മാതൃക എന്ന ചോദ്യം ഇത്തിരിയെങ്കിലും പ്രസക്തമാകുമായിരുന്നു. എന്നാല്‍ പ്രവാചകന്റെ മൂന്നാമത്തെ വിവാഹമായിരുന്നുവല്ലോ അത്. ബാക്കിയുള്ളവരെല്ലാം മധ്യവയസ്‌കകള്‍ തൊട്ട് വയോവൃദ്ധകള്‍ വരെയുള്ളവരായിരുന്നുവല്ലോ. അതിനാല്‍തന്നെ  മാതൃക തേടിപ്പോകുന്നവര്‍ക്ക് അദ്ദേഹത്തില്‍ അത് കണ്ടെത്താന്‍ ഒട്ടും പ്രയാസപ്പെടേണ്ടിവരില്ല. സച്ചിദാനന്ദന്‍ പറഞ്ഞപോലെ ശ്വസിക്കുന്നതു  തന്നെ  അന്തരീക്ഷത്തില്‍ മാലിന്യമുണ്ടോ എന്നറിയാന്‍ വേണ്ടിയാവരുതെന്നു മാത്രം. ക്ഷീരമുള്ളോരകിടിന്‍ചുവട്ടിലും ചോരയാണല്ലോ കൊതുക് തേടുക.

എന്തുകൊണ്ട്?
കന്നുകാലികളെപ്പോലെ  അനിയന്ത്രിതമായി ആര്‍ക്കും ആരെയും എവിടെ വച്ചും എങ്ങനെയും ഉപയോഗിക്കാമെന്ന മതമുക്ത ഭൗതിക വീക്ഷണം  സ്വീകരിച്ചവര്‍ മറ്റുള്ളവരും തങ്ങളെപ്പോലെയാണെന്ന്  കരുതുന്നതാണ് പ്രശ്‌നത്തിന്റെ മര്‍മം. തങ്ങളുടെ വശമുള്ള അശ്ലീലതയുടെയും അധര്‍മത്തിന്റെയും അളവുകോലു കൊണ്ടാണ് അവര്‍ എല്ലാറ്റിനെയും അളക്കുന്നത്. ശരീരകാമനകള്‍ക്കടിപ്പെട്ട് ഭോഗാസക്തരായി കഴിയുന്നവര്‍ തങ്ങളുടെ അരാജക  ജീവിതത്തിന് തടസ്സം നില്‍ക്കുന്നത് ഇസ്‌ലാമും  അതിന്റെ  വേദഗ്രന്ഥവും പ്രവാചകനുമാണെന്ന് മനസ്സിലാക്കുന്നു്. അവര്‍ ഇസ്‌ലാമിനെ മുഖ്യശത്രുവായി കാണാന്‍ അതാണ് കാരണം. മാനവിക മൂല്യങ്ങളോടും സദാചാര നിയമങ്ങളോടും ധാര്‍മികാധ്യാപനങ്ങളോടും നിരീശ്വരവാദികളും മറ്റു ഭൗതികവാദികളും വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാട് മനസ്സിലാക്കുന്ന ഏവര്‍ക്കും അവരുടെ ഇസ്‌ലാംവിരോധത്തിന്റെ മര്‍മം അനായാസം ബോധ്യമാകും. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (36-37)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രവാചക സ്‌നേഹവും അനുധാവനവും
എം.എസ്.എ റസാഖ്