Prabodhanm Weekly

Pages

Search

2019 നവംബര്‍ 01

3124

1441 റബീഉല്‍ അവ്വല്‍ 03

മുഹമ്മദ് നബി സാധിച്ച ധാര്‍മിക വിപ്ലവം

ജി.കെ എടത്തനാട്ടുകര

സാംസ്‌കാരിക ദൂഷ്യങ്ങള്‍ അടിഞ്ഞുകൂടിയ ഒരു സമൂഹമായിരുന്നു അറബികള്‍. പക്ഷേ മുഹമ്മദ് (സ) അവര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വമായിരുന്നു. അതിനാല്‍ 'അല്‍ അമീന്‍' (വിശ്വസ്തന്‍) എന്ന പേരിലാണ് മക്കക്കാര്‍ മുഹമ്മദിനെ വിളിച്ചിരുന്നത്. മദ്യപാനം, വ്യഭിചാരം, ചൂതാട്ടം, ഗോത്രമഹിമയുടെ പേരിലുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങി തന്റെ ജനതയില്‍ നിലനിന്നിരുന്ന നൂറുകൂട്ടം അധര്‍മങ്ങള്‍ കണ്ട് സഹികെട്ട മുഹമ്മദ് പലപ്പോഴും ഹിറാ ഗുഹയില്‍ തനിച്ചിരിക്കാറുണ്ട്. അവിടെ വെച്ചാണ് നാല്‍പതാം വയസ്സില്‍ അദ്ദേഹത്തിന് ആദ്യത്തെ ദൈവിക വെളിപാട് ഉണ്ടായത്. അതിങ്ങനെയായിരുന്നു:
''വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു'' (96: 1-5).
അതോടെയാണ് മുഹമ്മദ് എന്ന മനുഷ്യന്‍ മുഹമ്മദ് നബിയാവുന്നത്. മുഹമ്മദ് നബിയോടുള്ള ദൈവത്തിന്റെ ആദ്യകല്‍പന വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നില്ല; വിജ്ഞാനവുമായി ബന്ധപ്പെട്ടതായിരുന്നു. വായന എന്നത് അറിവ് നേടാനുള്ള താക്കോലാണ്. അറിവ് മനുഷ്യ പുരോഗതിയുടെ അടിസ്ഥാനവും. എന്നാല്‍ കേവലമായ അറിവുകൊണ്ട് മാത്രം മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാകുന്നില്ല. രോഗിയുടെ വൃക്ക മോഷ്ടിക്കുന്ന ഡോക്ടര്‍ ഉദാഹരണമാണ്. അതുകൊണ്ടുതന്നെ വായനക്ക്, അഥവാ അറിവ് നേടുന്നതിന് ഉപാധി വെച്ചിരിക്കുന്നു; ദൈവനാമത്തിലായിരിക്കണമത്. മുഹമ്മദ് നബിക്ക് ലഭിച്ച പ്രാഥമികാധ്യാപനങ്ങളുടെ കാലികപ്രസക്തിക്ക് അടിവരയിടുമാറ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാശാസ്ത്രജ്ഞന്‍ ലോകത്തോട് ഇങ്ങനെ പറഞ്ഞു: 'വിശ്വാസമില്ലാത്ത വിജ്ഞാനം വികലാംഗനാണ്; വിജ്ഞാനമില്ലാത്ത വിശ്വാസം അന്ധനും.' ശരിയായ വിശ്വാസത്തിന്റെയും ശരിയായ വിജ്ഞാനത്തിന്റെയും സമന്വയമാണ് മനുഷ്യകുലത്തിനു വഴികാട്ടിയാവുക.
മക്കയിലെ നിവാസികള്‍ക്ക് വിശ്വാസത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. മുന്നൂറ്റി അറുപത് വിഗ്രഹങ്ങള്‍ കഅ്ബാലയത്തിലുണ്ടായിരുന്നു. അവയെ ചുറ്റിപ്പറ്റി ആരാധനകളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമുണ്ടായിരുന്നു. അതോടൊപ്പം എല്ലാ തിന്മകളെയും അവര്‍ കൊണ്ടാടി. സ്ത്രീപുരുഷന്മാര്‍ നഗ്നരായി കഅ്ബാലയത്തെ ചുറ്റിയിരുന്നത് വിശ്വാസത്തിന്റെ ഭാഗമായിരുന്നു. ഇത് വ്യഭിചാരത്തില്‍നിന്ന് മനുഷ്യനെ തടയാനല്ല, അതിലേക്ക് നയിക്കാനാണുതകുക. മദ്യം തൊട്ടു തെറിപ്പിച്ച് പൂജ നടത്തിയാല്‍ തൃപ്തിപ്പെടുന്ന ദൈവസങ്കല്‍പങ്ങള്‍ വിശ്വാസികളെ മദ്യത്തില്‍ നിന്നകറ്റാനല്ല, മദ്യപാനികളാക്കാനാണുതകുക. തെറിപ്പാട്ടു പാടിയാല്‍ തൃപ്തിപ്പെടുന്ന ദൈവസങ്കല്‍പത്തിലുള്ള വിശ്വാസം മനുഷ്യനെ സംസ്‌കരിക്കുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുക. ഇപ്രകാരം മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്ന വിശ്വാസം തെറ്റാണ്; നന്മയിലേക്ക് നയിക്കുന്ന വിശ്വാസമാണ് ശരി.
ദൈവകല്‍പനപ്രകാരം മനുഷ്യനെ ശരിയിലേക്ക്, അഥവാ നന്മയിലേക്ക് നയിക്കുന്ന വിശ്വാസ പ്രഖ്യാപനമാണ് പ്രവാചകന്‍ തന്റെ ജനതയില്‍ നടത്തിയത്. അതോടെ 'അല്‍ അമീന്‍' ആയിരുന്ന മുഹമ്മദ് അവര്‍ക്ക് വെറുക്കപ്പെട്ടവനായി. പ്രവാചകന്‍ കല്ലെറിയപ്പെട്ടു. ദൈവകല്‍പനകള്‍ ഏറ്റുവാങ്ങിക്കൊണ്ട് പ്രവാചകന്‍ തന്റെ ദൗത്യം തുടര്‍ന്നു. ഈ സത്യം അംഗീകരിച്ച ഏതാനും അനുയായികളും പ്രവാചകനും പതിമൂന്നു വര്‍ഷക്കാലം മക്കയില്‍ പീഡിപ്പിക്കപ്പെട്ടു.
പ്രവാചകന്‍ അവരോട് പറഞ്ഞതിന്റെ ചുരുക്കം: സൃഷ്ടികളെ ദൈവമാക്കാതെ സൃഷ്ടിച്ച ദൈവത്തെ മാത്രം വണങ്ങുക. സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് മാത്രം വഴങ്ങുക. വ്യാജദൈവങ്ങളെ മാറ്റി യഥാര്‍ഥ ദൈവത്തെ അംഗീകരിക്കുക. ദൈവേതര നിയമങ്ങള്‍ മാറ്റി ദൈവിക നിയമങ്ങള്‍ സ്ഥാപിക്കുക. മനസ്സിന്റെ പരിവര്‍ത്തനം വ്യക്തിയുടെ പരലോകരക്ഷക്കും വ്യവസ്ഥിതിയുടെ പരിവര്‍ത്തനം സമൂഹത്തിന്റെ ഇഹലോകരക്ഷക്കുമാണ്. ഇങ്ങനെ മനുഷ്യന്റെ ഇഹപര രക്ഷക്കുള്ള ദൈവിക ജീവിതപദ്ധതിയാണ് പ്രവാചകന്‍ തന്റെ ജനതയോട് പറഞ്ഞത്.

മദീനയില്‍
മക്കയിലെ മുഹമ്മദ് നബി ദൈവകല്‍പനകള്‍ പ്രബോധനം ചെയ്തതിന്റെ പേരില്‍ പീഡിതനായിരുന്നുവെങ്കില്‍ മദീനയിലെ മുഹമ്മദ് നബി പീഡിതരുടെ സംരക്ഷകനായ ഭരണാധികാരിയായിരുന്നു. മക്കയില്‍ പതിമൂന്നു വര്‍ഷക്കാലം അസഹ്യമായ പീഡനങ്ങള്‍ സഹിച്ച് ദൈവകല്‍പന പ്രകാരം മദീനയിലേക്ക് ഹിജ്‌റ (ദേശത്യാഗം) ചെയ്ത പ്രവാചകനെയും അനുയായികളെയും മദീനക്കാര്‍ നെഞ്ചോട് ചേര്‍ത്തുവെച്ചു. മദീനയില്‍ പള്ളിപണിത പ്രവാചകന്‍ അവിടത്തെ ഒരു 'പള്ളി ഇമാം' ആയി കഴിഞ്ഞുകൂടുകയല്ല ചെയ്തത്, അവിടത്തെ ജൂത-ക്രൈസ്തവ വിഭാഗങ്ങളുമായെല്ലാം ധാരണയായി ഒരു ഭരണകൂടം സ്ഥാപിച്ച് അതിന്റെ ഭരണാധികാരിയാവുകയായിരുന്നു.
അതോടെ 'നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെ പോലെ ഭൂമിയിലും ആക്കേണമേ' (ബൈബിള്‍, പുതിയ നിയമം, മത്തായി 6:10) എന്ന് മുഹമ്മദ് നബിക്ക് അറുനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് യേശു ക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥനയുടെ ഉത്തരമെന്നോണം 'ദൈവരാജ്യം' ഒരു യാഥാര്‍ഥ്യമാവുന്നതിന് തുടക്കമായി.
മദീനയിലെ പ്രവാചകനിലൂടെ തുടക്കമിട്ട ദൈവരാജ്യത്തിന്റെ പ്രത്യേകതകളില്‍ ചിലത് ഇങ്ങനെയാണ്:
* 'സ്രഷ്ടാവിനെതിരില്‍ സൃഷ്ടികള്‍ക്ക് അനുസരണമില്ല' എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വപ്രകാരം അവിടുത്തെ എല്ലാം ദൈവാനുസരണത്തിന് വിധേയമായി. എല്ലാ പൈശാചികതകളും അവസാനിച്ചു തുടങ്ങി.
* ഒരു ദൈവത്തിന്റെ സൃഷ്ടികള്‍ എന്ന നിലക്ക് കറുത്ത ബിലാലും വെളുത്ത അബൂബക്‌റും തുല്യരായി. നമ്മുടെ നാട്ടില്‍ പട്ടിക്കും പൂച്ചക്കും സ്വതന്ത്രമായി നടക്കാവുന്ന വഴിയിലൂടെ ഒരു കറുത്തവന് വഴിനടക്കാന്‍ അനുവാദമില്ലാത്ത കാലത്താണ് കറുത്ത ബിലാലിനെ കഅ്ബാലയത്തിന്റെ മുകളില്‍ കയറ്റി പ്രവാചകന്‍ ബാങ്ക് വിളിപ്പിച്ചത്!
* ഒരു മുസ്‌ലിം നടത്തിയ മോഷണക്കുറ്റം ഒരു ജൂതന്റെ പേരില്‍ ആരോപിക്കാന്‍ ചില മുസ്‌ലിംകള്‍ വരെ ശ്രമം നടത്തിയപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായം 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ ജൂതന് അനുകൂലമായി അവതരിപ്പിക്കപ്പെട്ടതോടെ മത-സാമുദായിക പക്ഷപാതിത്വത്തിന്റെ എല്ലാ പഴുതുകളും അടച്ചു.
* തിന്മകളുടെ മാതാവായ മദ്യം നിഷിദ്ധമായതോടെ ചരിത്ര കാലഘട്ടത്തിലെ ആദ്യത്തെ മദ്യ നിരോധിത രാജ്യമതായി.
* സമ്പന്നനു മാത്രം ലഭിക്കുന്ന പലിശ നിഷിദ്ധമാവുകയും ദരിദ്രനു മാത്രം ലഭിക്കുന്ന സകാത്ത് നിര്‍ബന്ധമാവുകയും ചെയ്തതോടെ ദാരിദ്ര്യനിര്‍മാര്‍ജനം പ്രയോഗത്തില്‍ വന്നു.
* വ്യഭിചാരത്തെ നിഷിദ്ധമായി പ്രഖ്യാപിച്ച് വിവാഹത്തെ എളുപ്പമാക്കിയതോടെ ലൈംഗിക അരാജകത്വം അവസാനിക്കുകയും 'ലൈംഗിക ദാരിദ്ര്യ'ത്തിന് ധാര്‍മിക പരിഹാരമുണ്ടാവുകയും ചെയ്തു.
* വിവാഹം സാധുവാകാന്‍ പുരുഷന്‍ സ്ത്രീക്ക് മഹ്‌റ് (വിവാഹമൂല്യം) നല്‍കണമെന്നത് നിര്‍ബന്ധമായതോടെ സ്ത്രീയില്‍നിന്ന് പുരുഷന്‍ കാശുവാങ്ങി കല്യാണം കഴിക്കുന്നതിന്റെ സാധ്യതയെ തന്നെ അടച്ചുകളഞ്ഞു.
* പെണ്‍കുട്ടികള്‍ ജനിക്കുന്നത് ശാപമാണെന്ന ധാരണയെ തിരുത്തി പെണ്‍സന്താനങ്ങള്‍ സൗഭാഗ്യമാണെന്ന് വന്നതോടെ ശിശുഹത്യക്ക് പരിഹാരമായി.
* സ്ത്രീജനത്തെ ഒന്നുകില്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, അല്ലെങ്കില്‍ അരങ്ങില്‍നിന്ന് അടുക്കളയിലേക്ക് എന്ന ആത്യന്തിക നിലപാടുകളില്‍നിന്ന് രക്ഷിച്ചെടുത്ത് അടുക്കളയിലും അരങ്ങിലും തങ്ങളുടെ ധര്‍മനിര്‍വഹണത്തിനുള്ള അവസരങ്ങളൊരുക്കി.
* ഒരു പെണ്ണിന് ആടിനെ പിടിക്കുന്ന ചെന്നായയെ അല്ലാതെ മറ്റൊരാളെയും ഭയപ്പെടാതെ രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റം വരെ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയുമാറ് ആഭ്യന്തരരംഗം സുരക്ഷിതമായി. ഇങ്ങനെ തുടങ്ങി സകല മാനവിക മൂല്യങ്ങളും അവിടെ കളിയാടി.

എന്തുകൊണ്ട് അന്ത്യദൂതന്‍?
മാനവകുലത്തെ നേര്‍മാര്‍ഗത്തില്‍ നയിക്കാന്‍ ദൈവം നിയോഗിച്ച പ്രവാചകന്മാരില്‍ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി.
ലോകം ഒരു ഗ്രാമം പോലെ ഒന്നാകാന്‍ പോകുന്ന ഒരു ചരിത്ര ഘട്ടത്തിലാണ് ഭൂഖണ്ഡങ്ങളുടെ മധ്യം എന്ന് വിശേഷിപ്പിക്കാവുന്ന മക്കയില്‍ അന്ത്യപ്രവാചകനെ ലോകജനതക്കു വേണ്ടി നിയോഗിക്കുന്നത്. മക്ക കേന്ദ്രീകരിച്ച് ഒരു വൃത്തം വരച്ചാല്‍ എല്ലാ വന്‍കരകളെയും അത് സ്പര്‍ശിക്കും. ലക്ഷത്തില്‍പരം പ്രവാചകന്മാര്‍ പറഞ്ഞ അതേ കാര്യം ലോകജനതയോട് മൊത്തത്തില്‍ പറയാനാണ് അന്ത്യപ്രവാചകനെ നിയോഗിച്ചത്. 'ലോകജനതക്ക് മുഴുവന്‍ കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല' (27:107) എന്നും 'എന്നാല്‍ അദ്ദേഹം ദൈവത്തിന്റെ ദൂതനും പ്രവാചകന്മാരില്‍ അന്തിമനുമാണെ'ന്നും (32:40) ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നുണ്ട്. ഒരു പ്രവാചകന്‍ എന്ന നിലക്ക് മുഹമ്മദ് നബിയല്ലാതെ മറ്റാരും ഇന്ന് കല്ലെറിയപ്പെടുന്നില്ല എന്നത് അദ്ദേഹം ഈ കാലഘട്ടത്തിലെയും പ്രവാചകനാണെന്നതിനാണ് അടിവരയിടുന്നത്.

എന്തുകൊണ്ട് ഇനി പ്രവാചകന്മാര്‍ വരേണ്ടതില്ല?
പ്രവാചകന്മാര്‍ അയക്കപ്പെടേണ്ടിവരുന്ന ആവശ്യങ്ങള്‍ പലതാണ്. അതിലൊന്ന്, പ്രവാചകന്മാരെ ദൈവം നിയോഗിക്കുന്നത് ഏകദൈവത്വത്തിലധിഷ്ഠിതമായ ജീവിതം പഠിപ്പിക്കാനാണ്. മുന്‍കാല പ്രവാചകരെല്ലാം പഠിപ്പിച്ചത് അതായിരുന്നെങ്കിലും പില്‍ക്കാലത്ത് പ്രവാചകന്മാരില്‍തന്നെ ദിവ്യത്വം ആരോപിക്കപ്പെടുകയും ദൈവകല്‍പനകളിലും ഏകദൈവത്വത്തിലും വെള്ളം ചേര്‍ക്കപ്പെടുകയും ചെയ്തു. എന്നാല്‍, മുഹമ്മദ് നബിയില്‍ ഇന്നേവരെ ദിവ്യത്വം ആരോപിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ ആരും ആരാധിക്കുന്നുമില്ല. അദ്ദേഹത്തിന്റെ അനുയായികള്‍ ആരാധനാലയങ്ങളില്‍ പോകുന്നത് സ്രഷ്ടാവായ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമാണ്.
മുഹമ്മദ് നബിക്ക് മുമ്പും ശേഷവുമുണ്ടായ മഹാന്മാരുടെ ചിത്രങ്ങളോ വിഗ്രഹങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ മുഹമ്മദ് നബിയുടെ ഒരു ചിത്രം പോലുമില്ല എന്നത് ഒരത്ഭുതമാണ്. അദ്ദേഹം ആരാധിക്കപ്പെട്ടാല്‍ ഇനിയും പ്രവാചകനെ അയക്കേണ്ടിവരുമെന്നതിനാല്‍ ദൈവത്തിന്റെ തന്നെ ഇടപെടലാണത്. എന്തൊക്കെ ജീര്‍ണതകളുണ്ടെങ്കിലും ഏകദൈവത്വം എന്ന അടിസ്ഥാന ആശയത്തെ ഇന്നും ഒരു സമൂഹം നിലനിര്‍ത്തിപ്പോരുന്നു. അതിനാല്‍ ഇത് പഠിപ്പിക്കാന്‍ ഇനി ഒരു പ്രവാചകന്‍ വരേണ്ടതില്ല. ഇസ് ലാമില്‍ പുതിയ ദൈവങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് അത് സത്യമാണെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്.
രണ്ടാമതായി, ദൈവകല്‍പനകള്‍ ഉള്‍ക്കൊള്ളുന്ന വേദഗ്രന്ഥങ്ങള്‍ നല്‍കാന്‍ പ്രവാചകന്മാര്‍ വരേണ്ടതുണ്ട്. അങ്ങനെ നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ആയിരത്തിനാനൂറില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് അവതരിപ്പിക്കപ്പെട്ട അതേ അവസ്ഥയില്‍ ഇന്നും നിലനില്‍ക്കുന്നു. അതിനാല്‍, ഒരു വേദഗ്രന്ഥം നല്‍കാന്‍ ഒരു പ്രവാചകന്‍ ഇനി വരേണ്ടതില്ല.
മൂന്നാമതായി, ആദമിന്റെ കാലത്ത് ഇന്ന് ആവശ്യമായത്ര നിയമങ്ങള്‍ (ശരീഅത്ത്) വേണ്ടിവന്നിരുന്നില്ല. മാനവസമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് പ്രവാചകന്മാരിലൂടെ പുതിയ നിയമങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് ചെയ്തത്. ഒടുവില്‍ മുഹമ്മദ് നബിയിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാമല്‍ വ്യക്തി, കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ എങ്ങനെ ആയിരിക്കണം എന്നതിനുള്ള അടിസ്ഥാന നിയമങ്ങള്‍ പഠിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ഒരു പ്രവാചകന്‍ വന്നാല്‍ തന്നെ പുതിയതായി ഒന്നും പറയാനില്ല.
മാത്രമല്ല, അന്ത്യപ്രവാചകനെ ലോകസഞ്ചാരികളായ അറബികള്‍ക്കിടയില്‍ നിയോഗിച്ചതിലും അന്ത്യവേദമായ വിശുദ്ധ ഖുര്‍ആന്‍ മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത അറബി ഭാഷയില്‍ അവതരിപ്പിക്കപ്പെട്ടതിന്റെ പിന്നിലും യുക്തിയുണ്ട്. അറബികള്‍ സഞ്ചാരികളായിരുന്നതിനാലാണ് അന്നുതന്നെ ഈ സന്ദേശം ലോകം ചുറ്റിയത്. മാറ്റമില്ലാത്ത അറബിയിലാണ് ഖുര്‍ആന്‍ എന്നതുകൊണ്ടാണ് അതിലെ ആശയങ്ങള്‍ ഇന്നും മനസ്സിലാകുന്നത്.

പറഞ്ഞതത്രയും സത്യങ്ങള്‍
സര്‍വതരം അധര്‍മങ്ങളും നിറഞ്ഞൊഴുകുന്ന ഒരു ജനതയിലാണ് മുഹമ്മദ് നബി നിയോഗിതനാകുന്നത്. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതടക്കം സ്ത്രീപുരുഷന്മാര്‍ നഗ്നരായി കഅ്ബാലയത്തെ ചുറ്റുന്നതു പോലുള്ളതെല്ലാം അതില്‍പെടും. ഇങ്ങനെയുള്ള ഒരു സമൂഹത്തോട് പ്രവാചകന്‍ മൂന്ന് അടിസ്ഥാന കാര്യങ്ങളാണ് പറഞ്ഞത്:
ഒന്നാമത്തേത്, മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങളെയും മനുഷ്യ 'കല്‍പനകളെ'യും കൈയൊഴിച്ച് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെയും ദൈവകല്‍പനകളെയും അനുസരിച്ച് ജീവിക്കുക എന്നതായിരുന്നു.
രണ്ടാമത്തേത്, ദൈവകല്‍പനകള്‍ മനുഷ്യരെ അറിയിക്കാന്‍ ദൈവം പല കാലങ്ങളിലായി നിയോഗിച്ച ലക്ഷത്തില്‍പരം പ്രവാചകന്മാരില്‍ അവസാനത്തെ പ്രവാചകനാണ് താന്‍ എന്നായിരുന്നു.
മൂന്നാമത്തേത്, നശ്വരമായ ഈ ജീവിതം കര്‍മം ചെയ്യാനുള്ളതാണെന്നും കര്‍മങ്ങളുടെ പരിപൂര്‍ണ ഫലം മരണാനന്തരമുള്ള അനശ്വര ജീവിതത്തില്‍ അനുഭവിക്കേണ്ടിവരും എന്നതുമാണ്.
മുഹമ്മദ് നബി തന്റെ ജനതയില്‍ ജീവിച്ചതും അവരോട് ജീവിക്കാന്‍ പറഞ്ഞതും ഈ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതനുസരിച്ച് ജീവിതത്തെ മാറ്റിപ്പണിയാന്‍ ആരെല്ലാം തയാറായോ അവരില്‍നിന്ന് തിന്മകള്‍ ഇല്ലാതായിക്കൊണ്ടിരുന്നു. അങ്ങനെ ക്രമേണ ആ സമൂഹം:
* മദ്യക്കുടങ്ങള്‍ തെരുവിലൊഴുക്കി മദ്യത്തോട് വിടപറഞ്ഞു.
* രഹസ്യമായി വ്യഭിചരിച്ചവര്‍ കുറ്റബോധത്താല്‍ പ്രവാചകനെ ശല്യപ്പെടുത്തി ശിക്ഷകള്‍ ഏറ്റുവാങ്ങി.
* പലിശക്കച്ചവടം സകാത്ത് വിതരണത്തിലേക്ക് വഴിമാറി.
* വംശീയ മഹത്വം അവസാനിച്ച് മനുഷ്യസമത്വം സ്ഥാപിതമായി. അതോടെ വെളുത്തവന്‍ കറുത്തവന് കൈകൊടുത്ത് ആലിംഗനം ചെയ്തു തുടങ്ങി.
* സമൂഹനിര്‍മിതിയില്‍ പെണ്ണിന്റെ പങ്കിനെ അവളുടെ അവകാശമായി നിര്‍ണയിച്ചു.
* കുടുംബവും കുടുംബബന്ധങ്ങളും പവിത്രമായി ഗണിക്കപ്പെട്ടു.
* 'ഭൂമിയിലുള്ളവരോട് കാരുണ്യം കാണിച്ചാലാണ് ആകാശത്തുള്ളവന്റെ കാരുണ്യം ലഭിക്കുക' എന്നറിഞ്ഞതോടെ 'കാട്ടറബി'കളില്‍ കാരുണ്യം ഉറവ പൊട്ടി.
* 'സ്വന്തത്തിനും മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും എതിരാണെങ്കിലും ശരി, നിങ്ങള്‍ നീതിക്ക് സാക്ഷികളാവണം' എന്ന ദൈവകല്‍പന അറിഞ്ഞതോടെ അവര്‍ നീതിയുടെ കൊടിവാഹകരായി.
* ആര്‍ജിക്കുക, ഭോഗിക്കുക എന്ന മനുഷ്യനിലെ ഭൗതികപ്രചോദനത്തെ വര്‍ജിക്കുക, ത്യജിക്കുക എന്ന ആത്മീയ മൂല്യങ്ങളിലേക്ക് തിരിച്ചുവിട്ടു.
* അധികാരം എന്നാല്‍ 'അധികഭാര'മാണെന്ന ബോധത്താല്‍ 'യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിന്‍കുട്ടി വിശന്നുമരിച്ചാല്‍ ദൈവത്തോട് ഞാന്‍ മറുപടി പറയേണ്ടിവരുമല്ലോ' എന്ന് വിലപിക്കുന്നവരായി മാറി ഭരണാധികാരികള്‍.
ഇങ്ങനെ മനുഷ്യന്റെ വ്യക്തി, കുടുംബ, സാമൂഹീക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെല്ലാം മനുഷ്യത്വത്തിന്റെ താല്‍പര്യമനുസരിച്ചുള്ള സകല നന്മകളും സ്ഥാപിതമായി. ഈ വസ്തുതകള്‍ വെച്ചുകൊണ്ട് ആലോചിക്കുക, പ്രവാചകന്‍ പറഞ്ഞത് കളവോ സത്യമോ?
മുഹമ്മദ് നബി പറഞ്ഞത് ഇല്ലാത്തതായിരുന്നുവെങ്കില്‍ ആ കാലഘട്ടത്തില്‍ സ്വന്തം ജനതയോട് ഏറ്റവും അധികം കളവു പറഞ്ഞ മനുഷ്യന്‍ അദ്ദേഹമായിരിക്കും. അധര്‍മങ്ങളില്‍ കുളിച്ചു കിടക്കുന്ന ഒരു ജനതയോട് നിരന്തരം പച്ചക്കളവ് പറഞ്ഞുകൊണ്ട് ധര്‍മം സ്ഥാപിതമാകുമെങ്കില്‍ കളവിനെ ഒരു കുറ്റമായി കാണാമോ? ഇല്ലെന്നുറപ്പാണ്. പക്ഷേ, കളവിനെ ഒരു തെറ്റായി കാണാതിരിക്കാന്‍ മനുഷ്യമനഃസ്സാക്ഷിക്കാവില്ല. നുണ പറഞ്ഞുകൊണ്ട് ധാര്‍മിക വിപ്ലവം അസംഭവ്യമാണ്.
അതിനാല്‍, മുഹമ്മദ് നബി പറഞ്ഞതെല്ലാം സത്യമാണെന്നു വ്യക്തം. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (36-37)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രവാചക സ്‌നേഹവും അനുധാവനവും
എം.എസ്.എ റസാഖ്