Prabodhanm Weekly

Pages

Search

2019 നവംബര്‍ 01

3124

1441 റബീഉല്‍ അവ്വല്‍ 03

സഹനം കൊണ്ട് പൂത്തുലഞ്ഞ ഒറ്റമരക്കാട്

കമല്‍ സി. നജ്മല്‍

മുഹമ്മദ് (സ) സര്‍വ സമൂഹങ്ങള്‍ക്കും വഴികാണിക്കുന്ന നായകനാണ്. നായകത്വം എന്ന ആ പരികല്‍പനയില്‍ എന്തൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന അന്വേഷണം നമ്മെ ചില പുനര്‍വായനകളിലേക്കും നവീകരണങ്ങളിലേക്കും നയിക്കും. 
മുഹമ്മദ് (സ) ഇസ്‌ലാമിന്റെ ആത്മാവാണ്. അവിടെ തൊട്ടു കൊണ്ടല്ലാതെ പടച്ചവനിലേക്ക് ഒരു വഴിയില്ല. അതുകൊണ്ടാണ് റസൂലിനെ പിന്‍പറ്റാനുള്ള സന്ദേശങ്ങള്‍ നിരന്തരം വിശുദ്ധ ഗ്രന്ഥത്തില്‍ വരുന്നത്. ഇസ്‌ലാമിന്റെ യുക്തിയും ശക്തിയും വഴിയും വഴികാട്ടിയും സന്ദേശവും സൗന്ദര്യവുമാണ് മുഹമ്മദ് (സ). ആ ആത്മീയമായ ബോധത്തില്‍നിന്ന് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ചിലത് റബ്ബ് ഇസ്‌ലാമില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നതുകൊണ്ടാണ് യുക്തിവാദികള്‍, ഭൗതികവാദികള്‍, ആശയവാദികള്‍, സ്വാതന്ത്ര്യവാദികള്‍ തുടങ്ങിയവര്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ കഴിയാത്തത്. ചിലരുടെ കാതുകള്‍ അടച്ചിരിക്കുന്നു എന്നു തന്നെയാണ് പറയുന്നത്. നിങ്ങള്‍ക്ക് മുസ്‌ലിം ആവാന്‍ എത്രയോ എളുപ്പം. ത്യാഗ-നന്മ-നീതി-സ്‌നേഹ വഴികളിലൂടെ ഇബാദത്തിനെ സമ്പൂര്‍ണമായി പുല്‍കാന്‍ കഴിയുമ്പോള്‍, പൂന്തോട്ടത്തിലേക്ക് പടച്ചവന്‍ ഇട്ട വിത്തായി നിങ്ങള്‍ മാറുന്നു. എത്രയെത്ര ഘട്ടം വീണ്ടും വീണ്ടും മുന്നേറാന്‍ കിടക്കുന്നു. മുളച്ചു പൊന്തിയതിനു ശേഷം ഓരോ നിമിഷവും നിങ്ങള്‍ പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കാരണം റസൂല്‍ കാണിച്ചുതന്ന വഴി കാലാതിവര്‍ത്തിയും ഓരോ നിമിഷവും പുതുക്കപ്പെടുന്നതുമാണ്. അടിയുറച്ച ഇബാദത്തില്‍നിന്നു കൊണ്ടല്ലാതെ ആ പുതുമ നിങ്ങള്‍ക്ക് തിരിച്ചറിയാനാവില്ല. നിങ്ങളില്‍ പൂവിടുന്ന സുഗന്ധത്തിന്റെ ആര്‍ജവമാണ് ചുറ്റുപാടിനെ വിമോചിപ്പിക്കേണ്ടത്. സ്വന്തം വിമോചനത്തില്‍ തുടങ്ങി ചുറ്റുപാടുകളുടെ ആകെത്തന്നെ വിമോചനത്തിന് ഊര്‍ജം പകരുന്ന ഒരു പൂന്തോട്ടത്തിലെ സജീവതയുള്ള ചെടിയായിരിക്കുകയെന്നതിനു വേണ്ടിയാണ്, അതിനു വേണ്ടി മാത്രമാണ് ചരിത്രത്തില്‍ പടച്ചവന്‍ മുഹമ്മദിനെ തെരഞ്ഞെടുത്തത്. ആ മാതൃക വളര്‍ന്നു വികസിച്ച് ലോകത്തിന്റെ വിമോചനം പ്രഖ്യാപിച്ച് അത് തുടങ്ങിവെക്കുകയും ചെയ്തു. മുസ്‌ലിം എന്ന നിലയിലുള്ള വളര്‍ച്ചയുടെ പരിണാമഘട്ടങ്ങള്‍ ലോകത്തിന്റെ വിമോചന ദൗത്യത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം. 
ഇസ്‌ലാമിന്റെ പ്രാരംഭ കാലഘട്ടത്തോടും സാമൂഹികാവസ്ഥയോടും ചേര്‍ത്തു വെച്ചു വേണം മുഹമ്മദ് നബി(സ)യുടെ സാമൂഹികവും രാഷ്ട്രീയവുമായ വിമോചന സ്വപ്‌നത്തെയും അതിന്റെ പ്രായോഗികതയെയും പരിശോധിക്കാന്‍. ഇന്നത്തെ കാലത്തോട് ചേര്‍ത്തുവെച്ച് അതിന്റെ സാധ്യതകളും അന്വേഷിക്കപ്പെടേണ്ടതുണ്ട്. മാറ്റം ഇസ്‌ലാമില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഈ മാറ്റം ജൈവികതയുടെ നിലനില്‍പാണ്, ദീനിന്റെ നിലനില്‍പാണ്. ഒരു മാവ് ഒരിക്കലും മാറിപ്പോവുന്നില്ല. അതിനര്‍ഥം മാവിന് മാറ്റമേയില്ലെന്നല്ല. കാലത്തിനനുസരിച്ച് മാവിന് ജൈവികമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. പുതിയതാണ് അത് എന്നും. ചുരുക്കിപ്പറഞ്ഞാല്‍ ലോകത്തിന്റെ തന്നെ മാറ്റമായിരുന്നു ഇസ്‌ലാം. ഇസ്‌ലാമിലെ മാറ്റം അതിന്റെ ജൈവികതയുടെ വീണ്ടെടുപ്പ് ആണ്. ഇസ്‌ലാമിക സംസ്‌കൃതിയില്‍ ഇല്ലാതെ പോവുന്നത് എന്താണ് എന്ന ചോദ്യം അതീവ പ്രധാനമാണ്. നഷ്ടപ്പെടുന്നത് ഇസ്‌ലാം തന്നെയാണോ എന്നതും. അങ്ങനെ എന്തെങ്കിലും നഷ്ടപ്പെടുന്നുവെന്ന് തോന്നുന്നുവെങ്കില്‍ അതിന്റെ വീണ്ടെടുപ്പാണ് മുഹമ്മദ് (സ) എന്ന വിശ്വമാനവിക നേതാവ്. ഇസ്‌ലാമിനെ വീണ്ടെടുക്കൂക എന്നു പറഞ്ഞാല്‍ മുഹമ്മദി(സ)നെ വീണ്ടെടുക്കൂ എന്നു തന്നെയര്‍ഥം.
മാനവചൈതന്യം മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമാണെന്ന് നമ്മളെ പഠിപ്പിച്ചത് മുഹമ്മദ് (സ) ആണ്. മൗനം കൊണ്ടും സഹനം കൊണ്ടും പുഞ്ചിരി കൊണ്ടും ശത്രുവിനെ നേരിട്ടു മുഹമ്മദ് (സ). മുഹമ്മദ് (സ) എന്നാല്‍ ഒരിക്കല്‍പോലും വേര്‍പ്പെടുത്താനാവാത്തവിധം അടരുകള്‍ തീര്‍ത്ത ഒരു പുഷ്പമാണ്. ദൈവത്തിന്റെ ഏകത്വത്തോടൊപ്പം  മനുഷ്യന്റെ ഏകത്വം കൂടി അദ്ദേഹം പ്രഖ്യാപിച്ചു. മനുഷ്യന്റെ നവീകരണത്തിലൂടെ സാമൂഹികാവസ്ഥയുടെ നവോത്ഥാനം സാധ്യമാക്കിയ അനശ്വര വ്യക്തിത്വം. ഇസ്‌ലാമിന്റെ ലാളിത്യവും ചലനാത്മകതയും ആര്‍ജവവും രൂപപ്പെടുത്തിത്തന്നത് മുഹമ്മദ് (സ) ആണ്. ആത്മാവ് നഷ്ടപ്പെടാത്ത ജീവസ്സുറ്റ ഒരു പാരമ്പര്യത്തിന്റെ നവീനമായ ബഹിര്‍സ്ഫുരണങ്ങള്‍ ഒരു ഉത്തരം എന്ന നിലയില്‍ ഇന്ത്യക്കു മുന്നില്‍ രക്ഷാമാര്‍ഗമായി നിര്‍ത്തുന്നു.
ഇന്ത്യന്‍ ജാതിവ്യവസ്ഥയിലെ അനീതി, അടിമത്തം, മനുഷ്യത്വരാഹിത്യം തുടങ്ങിയവക്കുള്ള പരിഹാരം എന്തുകൊണ്ടും മുഹമ്മദില്‍ തെരയേണ്ടതുണ്ട്. ആ സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഇന്ത്യ എത്രകാലം നിലനില്‍ക്കുന്നു എന്നതിനനുസരിച്ചാവും ഇന്ത്യന്‍ ഫാഷിസത്തിന്റെ ഭാവി തീരുമാനിക്കപ്പെടുക. 
ഇസ്‌ലാമിന്റെ വിമോചനസങ്കല്‍പം ഇന്ത്യന്‍ സാഹചര്യത്തില്‍ അടിയന്തര രാഷ്ട്രീയ വിഷയം കൂടിയാണ്. മുഹമ്മദിന്റെ ജാഗ്രത കൊ േഭാവികാലത്ത് വിമോചനം സാധ്യമാവൂ. ഇസ്‌ലാം ഇന്ത്യന്‍ ഫാഷിസത്തെ സര്‍ഗാത്മകമായി പ്രതിരോധിക്കും. അതിന് ഒരു വീണ്ടെടുപ്പിന്റെയും ഐക്യത്തിന്റെയും ദൂരം മാത്രം. ഇസ്‌ലാമിന്റെ മഴവില്‍വര്‍ണങ്ങള്‍ക്ക് അതിനുള്ള ശക്തിയുണ്ട്. അവിടെയും പൂത്തുലയുന്നത് മുഹമ്മദ് (സ) എന്ന ഒറ്റമരക്കാടു തന്നെയാവും, തീര്‍ച്ച.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (36-37)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രവാചക സ്‌നേഹവും അനുധാവനവും
എം.എസ്.എ റസാഖ്