Prabodhanm Weekly

Pages

Search

2019 നവംബര്‍ 01

3124

1441 റബീഉല്‍ അവ്വല്‍ 03

മാതൃകയാണ് മുഹമ്മദ് നബി

എം.ഐ അബ്ദുല്‍ അസീസ് , അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

ഓടിത്തളര്‍ന്ന്, രക്തമൊഴുകുന്ന കണങ്കാലുമായി ഈത്തപ്പനത്തോട്ടത്തിന്റെ തണലിലിരുന്ന് വിശ്രമിക്കുകയാണ് പ്രവാചകന്‍ മുഹമ്മദ് (സ). മക്കയില്‍ തന്നെ ശത്രുവാക്കി നിര്‍ത്തിയവരില്‍നിന്നും തല്‍ക്കാലത്തേക്ക് മാറി തന്റെ ബന്ധുക്കളുടെ നാടായ ത്വാഇഫിലേക്ക് നീങ്ങിയതായിരുന്നു അദ്ദേഹം. ചെറിയൊരു ആശ്വാസവും അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കലുമായിരുന്നു ലക്ഷ്യം. പക്ഷേ, തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു പ്രതികരണം. ബന്ധുത്വം ബാധ്യതയാക്കാതെ അവര്‍ പ്രവാചകനെ ക്രൂരമായ മര്‍ദനത്തിന് വിധേയമാക്കി, കല്ലെറിഞ്ഞ് ആട്ടിപ്പായിച്ചു.  ആ ജനതക്കുമേല്‍ അല്ലാഹുവിന്റെ ശിക്ഷ ആയിക്കൂടേ എന്ന സമ്മതമാരാഞ്ഞെത്തിയ മാലാഖയോട് പ്രവാചകന്‍: 'അല്ലാഹുവേ, എന്റെ ജനതക്ക് നീ പൊറുത്തുനല്‍കണേ, അവര്‍ അറിവില്ലാതെ ചെയ്തുപോയതാണ്'.
''നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്''
പത്തു വര്‍ഷത്തെ പ്രവാസജീവിതത്തിനൊടുവില്‍ മദീനയില്‍നിന്ന് മക്കയിലേക്ക് തിരിച്ചുവരുന്ന പ്രവാചകന്റെയും അനുയായികളുടെയും ചേതോഹരമൊയൊരു ചിത്രമുണ്ട് ചരിത്രത്തില്‍. തന്നെയും തന്നില്‍ വിശ്വസിച്ചവരെയും തുല്യതയില്ലാത്ത വിധം ദ്രോഹിക്കുകയും ആട്ടിപ്പുറത്താക്കുകയും, ചിലരെ കൊന്നുതള്ളുകയും ചെയ്ത നാട്ടുകാരിലേക്കാണ് നിരവധി യുദ്ധങ്ങളില്‍ വിജയക്കൊടി നാട്ടിയ മുഹമ്മദ് സൈന്യസമേതം കടന്നുവരുന്നത്. ചരിത്രത്തിന്റെ സ്വാഭാവിക ആഖ്യാനമനുസരിച്ച് പ്രതികാരത്തിന്റെ ചോരപ്പുഴയൊഴുകേണ്ട സന്ദര്‍ഭം. പ്രവാചകന്‍ പക്ഷേ, മന്ദസ്മിതം തൂകി: ''പോവുക, നിങ്ങളിന്ന് സ്വതന്ത്രരാണ്''
''നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്''
    ലോകത്തെത്ര വിജയശ്രീലാളിതര്‍ കടന്നുപോയിട്ടുണ്ട്! സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചവരും സമ്പത്ത് കുന്നുകൂട്ടിയവരും. വാണ നാടും നാട്ടുകാരും അവരെ അംഗീകരിച്ചില്ല. പ്രവാചകന്‍ പക്ഷേ, ജനഹൃദയങ്ങളില്‍ സാമ്രാജ്യം കെട്ടിപ്പടുത്തു. അദ്ദേഹത്തെ അനുഗമിച്ചവരും അതാവര്‍ത്തിച്ചു. തന്റെ അനുയായികളെ വകവരുത്തിയവര്‍ക്കും നാട്ടില്‍നിന്ന് പുറത്താക്കിയവര്‍ക്കും വിദ്വേഷം നട്ടുവളര്‍ത്തിയവര്‍ക്കും അവര്‍ തിരിച്ചുനല്‍കിയത് സ്‌നേഹമായിരുന്നു. അതിനാല്‍, കഠിന ശത്രുക്കള്‍പോലും അദ്ദേഹത്തിന്റെ ആത്മമിത്രങ്ങളായി. മുഹമ്മദിനെ കശാപ്പു ചെയ്യാനിറങ്ങിയ ഉമറിന്റെ നന്മക്കു വേണ്ടി, ഇസ്‌ലാമിനെതിരെയുള്ള യുദ്ധങ്ങള്‍ക്ക് നായകത്വം നല്‍കിയ അബൂജഹ്‌ലിനു വേണ്ടി പാതിരാവില്‍ പ്രാര്‍ഥിക്കുന്ന പ്രവാചകനെയാണ് നാം കണ്ടുമുട്ടുന്നത്. ഉഹുദ് യുദ്ധത്തില്‍ പ്രവാചകനെയും അനുയായികളെയും അപായപ്പെടുത്തിയ സൈനികനീക്കത്തിന് നേതൃത്വം നല്‍കിയത് ഖാലിദു ബ്‌നു വലീദായിരുന്നു. പിന്നീട് പ്രവാചകനുവേണ്ടി പ്രതിരോധിക്കുന്ന, പ്രവാചകന് ശേഷവും ചരിത്രത്തെ മുന്നോട്ടു നയിക്കുന്ന പ്രതിബദ്ധതയുള്ള പടനായകനായാണ് അദ്ദേഹത്തെ നാം കാണുന്നത്. ഇതൊന്നും ആകസ്മികതയല്ല. 'തിന്മയെ ഏറ്റവും മികച്ച നന്മകൊണ്ട് പ്രതിരോധിക്കുക, അപ്പോള്‍ കഠിന ശത്രുപോലും ആത്മ മിത്രമായിത്തീരു'മെന്ന ഖുര്‍ആനിക തത്ത്വത്തെ പ്രയോഗവല്‍ക്കരിക്കുകയായിരുന്നു.  
''നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്''
ഈ പ്രവാചകന്റെ മതവും-ഇസ്‌ലാം- അനുയായികളും എന്നും എവിടെയും കടന്നുചെന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. ജനഹൃദയങ്ങളെയാണ് അവര്‍ കീഴടക്കിയത്. അവരെ ക്രൂരന്മാരാക്കിയതും പൈശാചികവല്‍ക്കരിച്ചതും ചരിത്രമെഴുത്തുകാരാണ്. അദ്ദേഹത്തെ രക്തദാഹിയായും സ്ത്രീമോഹിയായും വക്രീകരിച്ചത് സ്വന്തം സാമ്രാജ്യങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്. 
വിമോചകനായിരുന്നു, പ്രവാചകന്‍. ഏതെങ്കിലും ഒരു വിഭാഗത്തിന്റെയല്ല, മുഴുവന്‍ മനുഷ്യരുടെയും. അത് കേവലമൊരു വിമോചനമല്ല. ഖുര്‍ആനിനെയാണ് പ്രവാചകന്‍ വിളംബരം ചെയ്തത്. ഒരു ദൈവം, ഒരൊറ്റ മനുഷ്യന്‍ എന്നതാണ് അതിന്റെ കേന്ദ്രാശയം. എല്ലാവരും ഒരേ മാതാപിതാക്കളില്‍നിന്ന്. സാഹോദര്യമാണ് മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം. അതിനാല്‍ വിമോചിതര്‍ക്ക് ആരോടും പ്രതികാരമുണ്ടായിരുന്നില്ല. വംശീയതയും വര്‍ഗീയതയും ദേശഭ്രാന്തും കനം വെക്കുന്ന ഈ കാലത്ത് പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച വിമോചനത്തെ സംബന്ധിച്ച കാഴ്ചപ്പാടും വിശ്വസാഹോദര്യവും വലിയ കാര്യങ്ങളാണ്. ജാതീയതയും ജന്മിത്വവും നിലനിന്നിരുന്ന കേരളത്തിന് സാഹോദര്യത്തിന്റെ അനുഭവമണ്ഡലം കടല്‍ കടന്നെത്തിച്ചത് പ്രവാചകന്റെ അനുയായികളായിരുന്നല്ലോ.
''നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്''
നിങ്ങള്‍ പോകുന്ന നാടുകളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമുണ്ടാകും, അവരെ ഉപദ്രവിക്കരുത്, വൃക്ഷങ്ങള്‍ മുറിച്ചുകളയരുത് എന്നത് ഏതോ പ്രകൃതി മൗലികവാദിയുടെ വാക്കുകളല്ല. യുദ്ധസന്നാഹം നടത്തുന്ന സൈന്യത്തിന് ഭരണാധികാരിയായ മുഹമ്മദ് നബി(സ)യുടെ വിട്ടുവീഴ്ചയില്ലാത്ത കല്‍പനയാണ്. ഇങ്ങനെയും ഒരു ഭരണാധികാരിയോ?  
''നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്''
യുദ്ധത്തില്‍ ഒരു കുഞ്ഞ് കൊല്ലപ്പെട്ടന്നറിഞ്ഞപ്പോള്‍, അത് ശത്രുപക്ഷത്തെ കുഞ്ഞല്ലേയെന്ന് സൈനികര്‍ ന്യായം പറഞ്ഞപ്പോള്‍ 'അതെന്റെ കുഞ്ഞെ'ന്ന് ക്ഷുഭിതനായ, കണ്ണീര്‍ കവിളുകളെ നനയിച്ച നബിയാണ് മുഹമ്മദ് (സ).
അപ്പോള്‍ മാതൃകയാണ് പ്രവാചകന്‍. മനുഷ്യസമൂഹത്തിന്റെ ഭൗതിക ജീവിതത്തിന്റെയും പരലോക വിജയത്തിന്റെയും നിദാനവും ആ ചര്യയത്രെ. ആ ജീവിതത്തെ പ്രായോഗികമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയത്രെ നമ്മുടെ ദൗത്യം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (36-37)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രവാചക സ്‌നേഹവും അനുധാവനവും
എം.എസ്.എ റസാഖ്