Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 25

3123

1441 സഫര്‍ 25

'ഞങ്ങടെ വീടും കുലവും മുടിച്ചതാരോ?'

കെ.പി ഇസ്മാഈല്‍

മധുരവും മഹദ്‌സന്ദേശങ്ങളും ഒത്തുചേര്‍ന്ന കവിതാ സമാഹാരമാണ് പി. മധുസൂദനന്റെ 'എത്ര കിളിയുടെ പാട്ടറിയാം' എന്ന ഗ്രന്ഥം. അതിലെ ഒരു കൊച്ചു കവിതയാണ് 'ഒന്നാനാം കുന്നിന്മേല്‍.'
'വര്‍ഷമേഘങ്ങള്‍ പനിനീര്‍കുടവുമായ്
വാനിലെമ്പാടും നിറഞ്ഞകാലം
ഒന്നാനാം കുന്നുവെടിഞ്ഞപ്പറവകള്‍
ദൂരെയെങ്ങോട്ടോ പറന്നുപോയി.'

പക്ഷികള്‍ മടങ്ങിവരുന്നതിനു മുമ്പ് ചില മനുഷ്യര്‍ അവിടേക്ക് ഒളിച്ചുകടന്നെത്തി. വ്യവസായി എന്ന വമ്പന്റെ കോലത്തില്‍ അവന്‍ മലകയറി വെട്ടിയും ചുരണ്ടിയും മാന്തിയും കുഴിച്ചും തകര്‍ത്തും പലതും കൊള്ളയടിച്ചു കൊണ്ടുപോയി. ആ കൊടുംവഞ്ചനയുടെ ഫലമായി ഉരുള്‍പൊട്ടലും ചീറ്റലും പൊട്ടിയൊലിക്കലുമുണ്ടായി. മണ്ണും മലകളും മനുഷ്യരും മൃഗങ്ങളും വീടുകളും കാടുകളും ഒലിച്ചുപോയി.
'കൈവിട്ട കൂടു തിരക്കിയൊരുദിനം
പോയ കിളികള്‍ മടങ്ങിയെത്തി!'
ഒന്നാനാം കുന്നില്‍ വന്നിരുന്ന കിളി അവിടത്തെ കാഴ്ചകള്‍ കണ്ട് തളര്‍ന്നുപോയി. ഉറക്കെ നിലവിളിച്ചുപോയി:
'ഒന്നാനാം കുന്നിലക്കൂടില്ല, കൂടുള്ള
കൊമ്പില്ല; കൊമ്പുള്ള വൃക്ഷമില്ല!
ആടിത്തിമിര്‍ക്കുന്ന കാടില്ല; കാടിനു
തോടിന്റെ തങ്കച്ചിലങ്കയില്ല!'
ഈ തകര്‍ച്ചയുടെ ഉത്തരവാദി ആരാണെന്നു പറയാനുണ്ടോ?
ഒന്നാനാം കുന്നില്‍ തകര്‍ന്നുവീഴുമ്പോള്‍ ആ പക്ഷികള്‍ ഇങ്ങനെ കേണു പാടി:
'ഞങ്ങളെ കുന്നിലെ കാടും മരങ്ങളും
കൂടും കുലവും മുടിച്ചതാരോ?'
ഒരമ്മക്കിളി തന്റെ കൊച്ചു കുഞ്ഞുങ്ങളെ എങ്ങനെ പരിചരിക്കുന്നുവെന്ന് 'ഒരു പക്ഷിക്കഥ'യില്‍ പറയുന്നു:
'ചിന്നം പിന്നം മഴപെയ്തപ്പോള്‍
ചപ്പില പാറിപ്പോയപ്പോള്‍
കൂടിനകത്തെ കുരുവിക്കുഞ്ഞിനു
കുളിരാല്‍ മേനി വിറച്ചല്ലോ!
കുളിരു സഹിക്കാതങ്ങനെ കുരുവി-
ക്കുഞ്ഞു കരഞ്ഞു ചിലച്ചപ്പോള്‍,
ചില്ലയിലമരും തള്ളക്കിളിതന്‍
ചിറകാല്‍ വാതിലടച്ചല്ലോ!'
എന്നാല്‍ പണക്കൊതിയരായ ചില മനുഷ്യര്‍ മറ്റു മനുഷ്യരുടെ സങ്കടം കണ്ടില്ല.  അവരുടെ കൃഷിയിടങ്ങളും വാസസ്ഥലങ്ങളും അവര്‍ തകര്‍ത്തു. മണ്ണൊലിപ്പും ഉരുള്‍പൊട്ടലുമുണ്ടായി. നാടുമുഴുവന്‍ ഒലിച്ചുപോയി; ഒപ്പം മനുഷ്യരും.
ഗാഡ്ഗില്‍ കമ്മിറ്റിയിലെ അംഗമായ ഡോ. വി.എസ് വിജയന്‍ എഴുതുന്നു: ''പശ്ചിമഘട്ടത്തില്‍ നിലവില്‍ 5926 ക്വാറികളുണ്ട്. അതില്‍ 750 ക്വാറികള്‍ക്കേ  അനുവാദമുള്ളൂ. കരിങ്കല്ല് എന്നത് പൊതുസ്വത്താണ്. അത് കുറച്ചു പണമുള്ള ആള്‍ക്ക് തോന്നുംപോലെ എടുത്ത് കൊള്ളയടിക്കാനുള്ളതല്ല. കാശ് സ്വന്തം പോക്കറ്റിലേതാണെങ്കിലും വിഭവങ്ങള്‍ എല്ലാ ജനതക്കും അവകാശപ്പെട്ടതാണ്, പൊതുസ്വത്താണ്'' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2019 സെപ്റ്റംബര്‍ 29).
പക്ഷികള്‍ കരയുന്നതുപോലെ പാവപ്പെട്ട മനുഷ്യരും നെഞ്ചത്തടിച്ചു കരയുകയാണ്:
'ഞങ്ങളെ വീടും കുലവും മുടിച്ചതാരോ?'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (34-35)
ടി.കെ ഉബൈദ്‌