Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 25

3123

1441 സഫര്‍ 25

അക്‌റം നദ്‌വിയുടെ പഠനയാത്രകള്‍

അശ്‌റഫ് കുറ്റിപ്പുറം

ഉത്തര്‍പ്രദേശ് വാരാണസി ജില്ലയിലെ ജോണ്‍പൂര്‍ നഗരത്തിലെ ഒരു ചെറിയ ഗല്ലിയില്‍  ഇല്ലായ്മയുടെ വറുതിയില്‍നിന്ന് വിശ്വത്തോളം വളര്‍ന്ന പണ്ഡിതനാണ് മുഹമ്മദ് അക്‌റം നദ്‌വി. ഇസ്‌ലാമിക ചിന്തക്ക് നല്‍കിയ സംഭാവനകള്‍ക്ക് അല്ലാമാ ഇഖ്ബാല്‍ പുരസ്‌കാരം കരസ്ഥമാക്കിയ അദ്ദേഹം ലോകോത്തര സര്‍വകലാശാലയായ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസ് തലവനും അസ്സലാം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രിന്‍സിപ്പലും സഹസ്ഥാപകനുമാണ്.
നാട്ടിലെ  ചെറു പാഠശാലകളില്‍നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം നദ്‌വത്തുല്‍ ഉലമായില്‍ ചേര്‍ന്ന് ഹദീസ് പഠനത്തില്‍ ബി.എ (ആലിമിയ്യ) ഡിഗ്രിയും എം.എയും പൂര്‍ത്തിയാക്കി. അതേ സ്ഥാപനത്തില്‍തന്നെ അക്‌റം നദ്‌വിയെ അന്നത്തെ റെക്ടര്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി  അധ്യാപകനായി നിയമിക്കുകയും ചെയ്തു. അധ്യാപനത്തിനിടെ ലഖ്‌നൗ സര്‍വകലാശലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗ്രി നേടി. തുടര്‍ന്ന് അറബി സാഹിത്യത്തില്‍ പി.എച്ച്.ഡി.
 അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അഭ്യര്‍ഥന പ്രകാരം 1989-ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ഓക്‌സ്‌ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ റിസര്‍ച്ച് ഫെല്ലോ ആയി ചേര്‍ന്നു. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ക്കു പുറമെ, വിവിധ ഭാഷകളില്‍ മുപ്പതോളം ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള സ്വന്തം രചനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2013-ല്‍ അദ്ദേഹം ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല വിട്ടു.
30 വര്‍ഷമായി ഡോ. നദ്‌വി അധ്യാപന-രചനാ മേഖലകളിലുണ്ട്. അറബി വ്യാകരണം (നഹ്‌വ്), മോര്‍ഫോളജി (സ്വര്‍ഫ്), ഖുര്‍ആന്‍ വ്യാഖ്യാനം (തഫ്‌സീര്‍), ഹദീസ്, ഫിഖ്ഹ് എന്നിവയുടെ നിദാനശാസ്ത്രങ്ങള്‍ (ഉസ്വൂല്‍) എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആമുഖ പുസ്തകങ്ങള്‍ (മുഖദ്ദിമ) ലോകമെമ്പാടും ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ പഠിപ്പിക്കപ്പെടുകയും കോളേജുകളില്‍ ആലിമിയ്യ (ഇസ്‌ലാമിക്  ബിരുദം)  പാഠ്യപദ്ധതി വികസനത്തിന് സഹായകമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതരില്‍ ഒരാളായി ഇന്ന് അദ്ദേഹം അംഗീകരിക്കപ്പെടുന്നു.

സമുദ്രങ്ങള്‍ മഷിയായിരുന്നെങ്കില്‍! 
അടുത്തിടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് ലഖ്‌നൗവിലെ നദ്‌വ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു നാല്‍പതു പേരടങ്ങുന്ന ഒരു സംഘം. ഡോ: അക്‌റം നദ്‌വിയും ശിഷ്യരും സഹ അധ്യാപകരുമാണ് ആ സംഘത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് ദിവസത്തിലധികം നദ്‌വയില്‍ തങ്ങിയ ശേഷമാണ് അവര്‍ യാത്ര തിരിച്ചത്.
കൂടെയുള്ള ശിഷ്യരോട് വിശേഷങ്ങള്‍ തിരക്കുന്നതിനിടക്ക് അക്‌റം നദ്‌വിയുമൊത്തുളള അനുഭവം പറയാമോ എന്ന ചോദ്യത്തിനു മുമ്പില്‍ അവരെല്ലാവരും വാചാലരായി. 
ലോകോത്തര സര്‍വകലാശാലകളായ ഓക്‌സ്‌ഫോര്‍ഡിലെയും കേംബ്രിഡ്ജിലെയും ഒട്ടനവധി വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളാണ് നിരന്തരമായി അക്‌റം നദ്‌വിയെ പിന്തുടരുന്നത്. നദ്‌വയുമായി സാമ്യമുള്ള പാഠ്യപദ്ധതി നടപ്പില്‍ വരുത്തി ശനി, ഞായര്‍ ഒഴിവു ദിവസങ്ങളില്‍ അദ്ദേഹം തന്റെ വിലയേറിയ സമയം ഇവര്‍ക്കായി മാറ്റിവെക്കുന്നു. ഇതേ തുടര്‍ന്നാണ് അക്‌റം നദ്‌വിയില്‍നിന്ന് ഖുര്‍ആനും ഹദീസും പഠിച്ച പ്രശസ്ത എഴുത്തുകാരി കാര്‍ല പവര്‍ തന്റെ ഈ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് 'സമുദ്രങ്ങള്‍ മഷിയായിരുന്നെങ്കില്‍' (If Oceans Were Ink)  എന്ന പുസ്തകമെഴുതിയത്.
പുസ്തകത്തില്‍ പവറിന്റെ ഒരു ചോദ്യവും നദ്‌വിയുടെ മറുപടിയും ഈ കുറിപ്പുകാരനെ വല്ലാതെ ആകര്‍ഷിച്ചു; 'ഈ മഴയുള്ള ബ്രിട്ടനില്‍ തന്റെ കുടുംബത്തില്‍നിന്നൊക്കെ വര്‍ഷങ്ങളോളം അകന്നുനിന്ന് ഏകാന്ത ജീവിതം നയിക്കുന്നതെന്തിനാണെന്നും തന്റെ കഴിവുകള്‍ പാഴാക്കുന്ന ഒരു ജോലിയില്‍ അധ്വാനിക്കുന്നതെന്തിനാണെന്നും' പവര്‍ ചോദിക്കുമ്പോള്‍, യൂസുഫ് നബിയുടെ അല്ലെങ്കില്‍ ബൈബിളിലെ ജോസഫിന്റെ കഥയാണ് നദ്‌വി ഉദ്ധരിക്കുന്നത്. ജയിലിലടക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ കുടുംബം ഒരു കിണറ്റിലേക്ക് വലിച്ചെറിയുകയും അടിമയായി വില്‍ക്കുകയും ഒടുവില്‍ സ്വപ്‌നങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിയുമെന്നു പറഞ്ഞ് ഒരു രാജാവിന്റെ പ്രീതി പിടിച്ചുപറ്റുകയും ചെയ്തപ്പോള്‍, യൂസുഫിന്റെ ഭാഗ്യം താഴുകയും ഉയരുകയും ചെയ്തിരുന്നു. അപ്പോഴൊക്കെയും യൂസുഫ് (അ) ദൈവത്തോട് വിശ്വസ്തതയുള്ളവനും കൂറുള്ളവനുമായി തുടര്‍ന്നു.
ഡാനിഷ് കാര്‍ട്ടൂണുകളെയും സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേഴ്‌സസി'നെയും പോലുള്ള രചനകളെ  എങ്ങനെ പ്രതിരോധിക്കാം എന്ന് ചോദിച്ചപ്പോള്‍ നദ്‌വി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഇസ്‌ലാമിനെതിരെയുള്ള അത്തരം പ്രകോപനങ്ങള്‍ അവഗണിക്കുക, കാരണം അതാണ് പ്രവാചകന്‍ ചെയ്തിരുന്നത്.' 
ഒരു സോഷ്യല്‍ മീഡിയ അഭിമുഖത്തില്‍ കാര്‍ല പവറിനോട് ഞാനിതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ''നിങ്ങള്‍ പുസ്തകം ആസ്വദിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ശൈഖ് അക്‌റമിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഞാന്‍ പറയാം: അദ്ദേഹത്തെ പിന്തുടര്‍ന്ന് സമയം ചെലവഴിച്ചത് എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. അദ്ദേഹത്തിന്റെ ജോലിയില്‍ എനിക്ക് ഒരു വലിയ മനസ്സും ആത്മാര്‍ഥതയും  കാണാന്‍ കഴിഞ്ഞു. ഇസ്ലാമിനെക്കുറിച്ചും ഖുര്‍ആനെക്കുറിച്ചും മാത്രമല്ല, ഒരു പൂര്‍ണ മനുഷ്യനായി എങ്ങനെ ജീവിക്കാമെന്നതിനെക്കുറിച്ചും ഞാന്‍ ഒരുപാട് പഠിച്ചു. നദ്‌വി എഴുതിയ ഇന്ത്യന്‍ ട്രാവലോഗിന്റെ ആമുഖത്തില്‍ തന്റെ ഒരു സുഹൃത്ത് എഴുതിയതായി കാണാം; അക്‌റമിന്റെ ഈ ഉയര്‍ച്ചക്കും വളര്‍ച്ചക്കും പിന്നില്‍ ആ വിനയത്തിന്റെയും സൗമ്യതയുടെയും കറകളഞ്ഞ മനസ്സാണ് എന്ന്.''

രചനകള്‍ 
അബുല്‍ ഹസന്‍ അലി നദ്‌വി - ഹിസ് ലൈഫ് & വര്‍ക്‌സ് (നദ്‌വി ഫൗണ്ടേഷന്‍, 2013) എന്ന അക്‌റം നദ്‌വിയുടെ പുസ്തകത്തില്‍ അലിമിയാന്റെ ജീവചരിത്രത്തോടൊപ്പം ഇന്ത്യയിലെ മുസ്‌ലിം ജീവിതവും വിശകലനം ചെയ്യപ്പെടുന്നു. 
അബൂഹനീഫ: ഹിസ് ലൈഫ്, ലീഗല്‍ മെത്തേഡ് ആന്റ് ലെഗസി (ലീസ്റ്റര്‍: കുബെ, 2010) ആണ് മറ്റൊരു പ്രധാന കൃതി.
അല്‍ഫിഖ്ഹ് അല്‍ ഇസ്‌ലാമി: ഹനഫി വീക്ഷണ പ്രകാരം (ലണ്ടന്‍: ഏഞ്ചല്‍വിംഗ്, 2007) എന്ന കൃതിയും ശ്രദ്ധിക്കപ്പെടുകയുണ്ടായി.
ഇമാം അബൂഹനീഫയുടെയും അദ്ദേഹത്തെ പിന്തുടരുന്നവരുടെയും ഫിഖ്ഹിന്റെ യഥാര്‍ഥ സമാഹാരം. ഇംഗ്ലീഷില്‍ ആദ്യമായി  വിശദമായ വിധികള്‍ അവ അടിസ്ഥാനമാക്കിയുള്ള തെളിവുകള്‍ക്കൊപ്പം അവതരിപ്പിക്കുന്നു. എല്ലാ വാദങ്ങളെയും ശ്രദ്ധാപൂര്‍വം കണക്കിലെടുക്കുന്ന  ഈ പുസ്തകത്തെ ഇംഗ്ലീഷിലെ ഹനഫീ ഫിഖ്ഹിലുള്ള ആദ്യത്തെ ആധികാരിക സ്രോതസ്സായി  കാണുന്നവരുണ്ട്.
മദ്‌റസ ലൈഫ് (ലണ്ടന്‍, തുറുത്ത്, 2007) എന്ന കൃതി നദ്വത്തുല്‍ ഉലമായിലെ വിദ്യാര്‍ഥി ദിനങ്ങളെക്കുറിച്ച ഓര്‍മക്കുറിപ്പാണ് (ഉര്‍ദുവില്‍നിന്ന് വിവര്‍ത്തനം). 
ഇമാം അബ്ദുല്‍ അസീസ് അദ്ദഹ്‌ലവി എഴുതിയ ദ ഗാര്‍ഡന്‍ ഒഫ് ഹദീസ് സ്‌കോളേര്‍സ് എന്ന കൃതി (ലണ്ടന്‍, തുറുത്ത്, 2007) പേര്‍ഷ്യനില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് മുഹമ്മദ് അക്‌റം നദ്വി അതിന് വ്യാഖ്യാനമെഴുതി. അത് പീന്നീട് ഐഷ ബെവ്ലി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു.

അല്‍മുഹദ്ദിസാത്ത് 
നദ്‌വിയുടെ മാസ്റ്റര്‍പീസ് എന്ന് പറയാവുന്നത് നാല്‍പത് വാള്യങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന അല്‍മുഹദ്ദിസാത്ത് തന്നെയായിരിക്കും. ഇസ്‌ലാമിക സമൂഹത്തിലെ സ്ത്രീകളുടെ പങ്ക്, അവരുടെ മുന്‍കാല നേട്ടങ്ങള്‍, ഭാവി സാധ്യതകള്‍ എന്നിവ കൃത്യമായി അവലോകനം ചെയ്യുന്ന ഒരു എന്‍സൈക്ലോപീഡിയ തന്നെയാണ് ഇത്. ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ സ്ത്രീകള്‍ ഒരുപാട് പഠിക്കുകയും ഉയര്‍ന്ന പദവികള്‍ വഹിക്കുകയും ചെയ്തിരുന്നു. നൂറ്റാണ്ടുകളായി സ്ത്രീകള്‍ മതവിജ്ഞാനത്തിനായി യാത്ര ചെയ്യുകയും ഇസ്‌ലാമിക ലോകത്തെമ്പാടുമുള്ള പ്രശസ്തമായ പള്ളികളിലും മദ്‌റസകളിലും പഠന ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അവര്‍ നേടിയ അറിവും അതിന് അധ്യാപകര്‍ നല്‍കിയ സാക്ഷ്യപത്രങ്ങളും വളരെ വ്യക്തതയോടെ അവതരിപ്പിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. 
എട്ടു വര്‍ഷം മുമ്പ് അക്‌റം നദ്‌വി ഹദീസ് പണ്ഡിതകളുടെ ഒറ്റ വാള്യത്തിലുള്ള ജീവചരിത്ര നിഘണ്ടു രചിച്ചിരുന്നു. അദ്ദേഹം പറയുന്നത് കാണുക: ''20 അല്ലെങ്കില്‍ 30 ഹദീസ് പണ്ഡിതകളെ കണ്ടെത്തുമെന്ന വാശിയിലായിരുന്നു ഞാന്‍. പക്ഷേ പഠിച്ചു വന്നപ്പോള്‍ കണ്ടെത്തിയത് 9000-ലേറേ പേരെ!'' അങ്ങനെ അദ്ദേഹത്തിന്റെ ബൃഹദ് ഗ്രന്ഥത്തിന് 42 വാള്യങ്ങള്‍ വേണ്ടിവരുന്നു. ദമസ്‌കസിലും ബെയ്റൂത്തിലുമുള്ള അദ്ദേഹത്തിന്റെ പ്രസാധകര്‍ ഈ പ്രോജക്ടിനെ എതിര്‍ത്തിരുന്നു. വിഷയ വ്യാപ്തികാരണം അമ്പത് വാള്യങ്ങള്‍ വേണ്ടിവരുന്ന കൃതി നാല്‍പത് ആക്കിയാല്‍ പ്രസിദ്ധീകരിക്കാം എന്ന അവരുടെ തീരുമാനമാണ് അന്തിമമായത്. അദ്ദേഹം അതിനെഴുതിയ ആമുഖത്തിന്റെ ഇംഗ്ലീഷ് പരിഭാഷ -ഏതാണ്ട് 400 പേജ് ദൈര്‍ഘ്യമുള്ളത്- ഇംഗ്ലണ്ടില്‍ പുറത്തിറങ്ങി. 
ഈ പണ്ഡിതകളൊന്നും മുമ്പ് അജ്ഞാതരായിരുന്നില്ല.  പ്രവാചകന്റെ ഭാര്യ ആഇശ(റ)യില്‍നിന്ന് തുടങ്ങുന്നു ആ പരമ്പര. നിരവധി പാശ്ചാത്യ അക്കാദമികള്‍ സ്ത്രീകളുടെ മതവിദ്യാഭ്യാസത്തെക്കുറിച്ച് നേരത്തേ എഴുതിയിട്ടുണ്ട്.  ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് ഹംഗേറിയന്‍ ഓറിയന്റലിസ്റ്റ് ഇഗ്‌നാസ് ഗോള്‍ഡ്സിഹര്‍ കണക്കാക്കിയത് മധ്യകാല ഹദീസ് പണ്ഡിതന്മാരില്‍ 15 ശതമാനവും സ്ത്രീകളാണെന്നാണ്.  എന്നാല്‍ നദ്‌വിയുടെ ഈ ഗ്രന്ഥം ഹദീസ് പണ്ഡിതകളുടെ എണ്ണം അതിലുമേറെയാണ് എന്ന് സ്ഥാപിക്കുന്നു.
ഒരു ഫെമിനിസ്റ്റായി സ്വയം അവതരിപ്പിക്കുകയല്ല അക്‌റം നദ്‌വി. മൊറോക്കന്‍ എഴുത്തുകാരി ഫാത്തിമ മെര്‍നിസി, ബോസ്റ്റണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍ കെസിയ അലി തുടങ്ങിയ മുസ്ലിം ഫെമിനിസ്റ്റുകള്‍ ഇസ്‌ലാമിക നിയമത്തിലെയും ചരിത്രത്തിലെയും സ്ത്രീകളുടെ പങ്കിനെക്കുറിച്ച് പുതിയ വെളിച്ചം വീശുന്നുണ്ടെങ്കിലും അവരുടെ ലോകവീക്ഷണവും വലിയതോതില്‍ അവരുടെ വായനക്കാരും പാശ്ചാത്യ ബന്ധമുള്ളവരാണ്. പള്ളികളിലും സര്‍വകലാശാലകളിലും പ്രഭാഷണങ്ങള്‍ നടത്തുകയും അനന്തരാവകാശം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ സസൂക്ഷമം ഫത്വ നല്‍കുകയും ചെയ്യുന്ന പണ്ഡിതന്‍ കൂടിയാണ് അക്‌റം നദ്‌വി.  
ഈ വിശ്വഗ്രന്ഥത്തിന് ആമുഖങ്ങള്‍ എഴുതിയത് ഡോ: യൂസുഫുല്‍ ഖറദാവി, അക്‌റം നദ്‌വിയുടെ ഗുരുനാഥന്‍ സഈദ് അഅ്‌ളമി എന്നിവരാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (34-35)
ടി.കെ ഉബൈദ്‌