Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 25

3123

1441 സഫര്‍ 25

സൈനിക നീക്കത്തില്‍നിന്ന് സമാധാനം ഉറവ പൊട്ടുമോ?

വടക്കു കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ഓപ്പറേഷന് 'സമാധാനത്തിന്റെ ഉറവ' എന്നാണ് പേരിട്ടിരിക്കുന്നത്. സ്ഥിതിഗതികള്‍ അത്യന്തം കലുഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍ എന്തു സമാധാനമാണ് പതിനായിരങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായ ഈ സൈനിക നീക്കം കൊണ്ടുവരിക എന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിശദീകരിച്ചിട്ടില്ല. ഒരുപക്ഷേ ഇമ്പമുള്ള ഒരു പേര് കൊടുത്തതാവാം. അതല്ലെങ്കില്‍ തുര്‍ക്കി ജനതക്ക് സമാധാനം പ്രദാനം ചെയ്യുന്ന നീക്കം എന്നാവും ഉദ്ദേശിച്ചിട്ടുണ്ടാവുക. തുര്‍ക്കിയുടെ പരമ്പരാഗത ദേശീയ പരിപ്രേക്ഷ്യത്തിലൂടെ നോക്കിയാല്‍ അതില്‍ ശരിയുണ്ടു താനും. കാരണം തുര്‍ക്കി ദേശീയത അതിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊന്നായി കാണുന്നത് കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി.കെ.കെ)യെയാണ്. അതിനെ ഭീകര പ്രസ്ഥാനമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. തുര്‍ക്കിയോട് ചേര്‍ന്ന സിറിയന്‍ അതിര്‍ത്തി നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രവര്‍ത്തിക്കുന്ന പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ് (വൈ.പി.ജി എന്ന് ചുരുക്കപ്പേര്) എന്ന കുര്‍ദ് സംഘടന പി.കെ.കെയുടെ സിറിയന്‍ ബ്രാഞ്ചാണ് എന്നാണ് തുര്‍ക്കിയുടെ ആരോപണം. അത് ദേശസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്‍ തന്നെ തകര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുബോധം തുര്‍ക്കിയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് യൂറോപ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ഗോളടിക്കുമ്പോള്‍ തുര്‍ക്കി ടീമിലെ കളിക്കാര്‍ മിലിറ്ററി സല്യൂട്ട് ചെയ്യുന്നത്. ഈ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നീക്കം തന്നെയാണ് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ ഉര്‍ദുഗാന്‍ നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തന്റെ പാര്‍ട്ടിക്ക് നഷ്ടമായ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാനുള്ള അവസരമായും ഒരുപക്ഷേ അദ്ദേഹം ഇതിനെ കാണുന്നുണ്ടാവാം.
കുര്‍ദ് ഭീഷണി അവസാനിപ്പിക്കാന്‍ ദീര്‍ഘമായ തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ 'സംരക്ഷിത മേഖല' ഉണ്ടാക്കണമെന്നത് തുര്‍ക്കി മുമ്പേ ലക്ഷ്യമിടുന്നതാണ്. 2016-നു ശേഷം മൂന്ന് സൈനിക നീക്കങ്ങള്‍ ഇതിനു വേണ്ടി തുര്‍ക്കി നടത്തി. ഉര്‍ദുഗാനെതിരെ നടന്ന പരാജയപ്പെട്ട അട്ടിമറിക്ക് തൊട്ടുടനെ 2016 ജൂലൈയില്‍ തുര്‍ക്കി നടത്തിയ 'യൂഫ്രട്ടീസ് പരിച' എന്ന് പേരു വിളിച്ച സൈനിക നീക്കത്തില്‍ വടക്കു പടിഞ്ഞാറന്‍ സിറിയയില്‍നിന്ന് ഐ.എസിനെയും വൈ.പി.ജിയെയും തുരത്തുകയുണ്ടായി. 2018-ല്‍ മറ്റൊരു സൈനിക നീക്കം കൂടി നടത്തി, 'ഒലിവ് കൊമ്പ്' എന്ന പേരില്‍. സിറിയന്‍ നഗരമായ അഫ്രീനില്‍നിന്ന് വൈ.പി.ജിയെ നിഷ്‌കാസനം ചെയ്യുകയായിരുന്നു ലക്ഷ്യം. സമാന സ്വഭാവത്തിലുള്ള ഓപ്പറേഷന്‍ തന്നെയാണ് 'സമാധാനത്തിന്റെ ഉറവ' എന്ന പേരിലും നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ നീക്കം മേഖലയെ കൂടുതല്‍ അരക്ഷിതമാക്കുമെന്ന് തുര്‍ക്കിക്ക് അറിയാഞ്ഞിട്ടല്ല. മേഖലയില്‍ കളിക്കുന്ന മറ്റു വിദേശ കളിക്കാരെ പ്രതിരോധിക്കാനും വേണ്ടിവന്നാല്‍ വെട്ടിവീഴ്ത്താനും ഇതേ മാര്‍ഗമുള്ളൂ എന്നവര്‍ ചിന്തിക്കുന്നുണ്ടാവണം. അമേരിക്കന്‍ സൈന്യം പിന്മാറുന്ന ഒഴിവിലേക്ക് മറ്റു കളിക്കാര്‍ കയറി നില്‍ക്കുന്നത് തടയാന്‍ കൂടിയാണ് ഈ നീക്കമെന്നര്‍ഥം. എന്നു മാത്രമല്ല, സിറിയ-തുര്‍ക്കി അതിര്‍ത്തിയിലുടനീളം 'ബഫര്‍  സോണുകള്‍' സ്ഥാപിച്ചു കഴിഞ്ഞാല്‍ തുര്‍ക്കിയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ആഗോള സമാധാന ചര്‍ച്ചയും ഫലം കാണുകയുമില്ല.
തുര്‍ക്കിയില്‍ താമസിക്കുന്ന സിറിയന്‍ അഭയാര്‍ഥികളെ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ തുര്‍ക്കി ശ്രമിച്ചേക്കുമെന്ന ചില രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ട്. തുര്‍ക്കി പ്രസിഡന്റിന്റെ സംസാരത്തിലും അതിന്റെ സൂചനയു്. ഒരു വിഭാഗത്തെ അഭയാര്‍ഥികളാക്കിയാണോ അതേ നാട്ടില്‍നിന്നുള്ള മറ്റൊരു വിഭാഗം അഭയാര്‍ഥികളെ പുനരധിവസിപ്പിക്കേണ്ടത്? അതെന്തായാലും ഈ സൈനിക നീക്കങ്ങളൊന്നും സിറിയന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ തുര്‍ക്കി സ്വീകരിച്ച മാതൃകാപരമായ നിലപാടിന്റെ ശോഭ കെടുത്തിക്കളയുന്നില്ല. ഈ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്ന പി.കെ നിയാസിന്റെ തുര്‍ക്കി യാത്രാവിവരണത്തില്‍നിന്ന് അത് വായിച്ചെടുക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (34-35)
ടി.കെ ഉബൈദ്‌