Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

കശ്മീര്‍:  സ്മൃതിനാശം സംഭവിക്കാത്തവര്‍ക്ക് ചില വസ്തുതകള്‍

പി.പി. അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

ഇന്ത്യ സ്വതന്ത്രയായതിനു ശേഷം കുറഞ്ഞത് രണ്ട് തലമുറയെങ്കിലും പിന്നിട്ടുകഴിഞ്ഞു. ഇന്ന് 80 വയസ്സിനു മുകളിലുള്ളവര്‍ക്കേ 1947-ന്റെ ചെറിയ ഓര്‍മയെങ്കിലുമുണ്ടാവൂ. എന്തിനേറെ പറയുന്നു, 1975 -ലെ ഭീകരമായ അടിയന്തരാവസ്ഥയെ പറ്റി അറിയാത്തവരായിരിക്കും ഇന്ന് 55 വയസ്സിനു താഴെയുള്ളവര്‍. ഇത്രയും പറഞ്ഞത് നാട്ടിന്റെ ചരിത്രത്തെ നേരെ ചൊവ്വെ അറിയാത്തവരാണ് ഇന്നത്തെ വോട്ടര്‍മാരില്‍ (18 വയസ്സിനു മുകളിലുള്ളവര്‍) മഹാ ഭൂരിപക്ഷവും എന്ന് തിരിച്ചറിയാനാണ്. ഇങ്ങനെയുള്ള സമൂഹത്തിന് കശ്മീര്‍ വിഷയത്തിന്റെ ഉള്ളുകള്ളികള്‍ കൃത്യമായി ഗ്രഹിക്കാന്‍ വളരെ പ്രയാസമുണ്ടാകും. ചിന്താശീലരായ പുതുതലമുറക്കു വേണ്ടി കൂട്ടി വായിക്കാനും സത്യസന്ധമായ വിശകലനം നടത്താനും ചില ഉദ്ധരണികള്‍ നിരത്തുകയാണ്. 1980-ല്‍ പ്രശസ്തമായ 'മലയാളനാട്' വാരികയില്‍ പ്രഗത്ഭനായ ഒ.വി വിജയന്‍ എഴുതിയത് പുനര്‍വായനക്കായി താഴെ ചേര്‍ക്കുകയാണ്:
''... കാശ്മീര്‍ ഇന്ത്യയില്‍ ലയിക്കാന്‍ തീരുമാനിക്കുന്ന അവസരത്തില്‍ കാശ്മീരീജനതയുടെ അനിഷേധ്യ നേതാവ് അബ്ദുല്ലയായിരുന്നു. മതേതരവും വികേന്ദ്രീകൃത ജനാധിപത്യപരവുമായ ഒരു ഉപരാഷ്ട്ര സമുച്ചയത്തില്‍ ( Family of Nationalities) ലയിക്കാനാണ് അദ്ദേഹം കാശ്മീരീജനതക്കു വേണ്ടി തീരുമാനമെടുത്തത്. അമ്പത്തിമൂന്നില്‍ അദ്ദേഹത്തെ തുറുങ്കിലടച്ചത് എന്തിന്?
... കാശ്മീരിന്റെ വിലയനം സ്വീകരിക്കുന്ന വേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു കാശ്മീരീ ജനതക്ക് കൊടുത്ത ഉറപ്പ് എന്തായിരുന്നു? അവരുടെ ഹിതം അറിഞ്ഞ ശേഷമേ വിലയനം സാധ്യമായിത്തീരൂ എന്ന്. എന്നാല്‍ എന്നാണ് നാം കാശ്മീരീ ജനതയുടെ ഹിതം മനസ്സിലാക്കിയത്?
..... കാശ്മീരികള്‍ സ്വയം കാശ്മീരികളെന്നും മറ്റുള്ളവരെ ഇന്ത്യക്കാരെന്നും പറയുന്നു. അസുഖകരമായ ഈ സത്യങ്ങളെ നാം മുപ്പത് കൊല്ലം മൂടിവെച്ചു. അവയെ സത്യസന്ധതയോടെ നേരിടാന്‍ മടിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്വന്തം അസ്തിത്വത്തെ സംരക്ഷിക്കാനായിരുന്നുവോ തന്റെ സ്വദേശമായ കാശ്മീരിനെ പിടിച്ചുനിന്നത്? ആ പിടിച്ചുനില്‍ക്കല്‍ കാരണമായാണോ ഇന്ത്യയും പാക്കിസ്ഥാനുമായി നിരവധി സംഘട്ടനങ്ങളുണ്ടായത്? ഞാനൊന്നും പറയാന്‍ തുനിയുകയല്ല ഇവിടെ, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താന്‍ നാം സത്യസന്ധമായും ആണത്തത്തോടും ശ്രമിക്കണമെന്ന് നിര്‍ദേശിക്കുക മാത്രമാണ്.
... പാക്കിസ്ഥാനും ഇന്ത്യയുമായി ഈ മൂന്ന് ദശകങ്ങളായി സംഘര്‍ഷാവസ്ഥയാണ്. നാലായിരം കോടി രൂപയുണ്ടായാല്‍ നമുക്ക് രാജസ്ഥാന്‍ ജലസേചന പദ്ധതി നടപ്പാക്കി, മരുഭൂമിയെ വിഭവസമൃദ്ധമായ കൃഷിഭൂമിയാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ അത്രയും പണം വേണം മുങ്ങിക്കപ്പലുകളും വാണങ്ങളും സംഭരിക്കാന്‍. നാം അത് സംഭരിച്ചു കഴിഞ്ഞാല്‍ പാക്കിസ്ഥാന്‍ വീണ്ടും ആയുധക്കലവറ നിറക്കുന്നു. അപ്പോള്‍ നാമും പിന്തുടരുന്നു. പിന്നെ പാക്കിസ്ഥാന്‍ നമ്മെ പിന്തുടരുന്നു. അങ്ങനെ അവസാനമില്ലാതെ. ആ കാലമത്രയും ആ അനന്തതയത്രയും രാജസ്ഥാന്‍ മരുഭൂമിയായിക്കിടക്കുന്ന ... ദശലക്ഷക്കണക്കിന് മാറാവ്യാധിക്കാര്‍ ചീഞ്ഞു മരിക്കുന്നു. മുപ്പത്തിയാറ് കോടി മനുഷ്യര്‍ ദാരിദ്ര്യരേഖയുടെ താഴേയ്ക്കു വഴുതി വീഴുന്നു.
.... യുദ്ധം നമ്മുടെ രാഷ്ട്രീയമാണ്. മാത്രമല്ല ചീനയുടെയും പാക്കിസ്ഥാന്റെയും കാര്യത്തില്‍ ഒരു ദേശീയ ധാരണ (ചമശേീിമഹ ഇീിലെിൗെ)െ ഉണ്ടാക്കാന്‍ നാം ഇതുവരെ മിനക്കെട്ടിട്ടില്ല. കോണ്‍ഗ്രസ്സുകാരന്‍ സംസാരിച്ചാല്‍ ജനസംഘം മുറവിളി കൂട്ടും, നാടിനെ ഒറ്റിക്കൊടുക്കുകയാണെന്ന്, മറിച്ചും. ഈ പരാധീനതയില്‍ നാം വന്‍ശക്തികളുടെ കരുക്കളായി മാറുകയും ചെയ്യുന്നു. അമേരിക്ക ചീനക്കെതിരായും റഷ്യ പാക്കിസ്ഥാനെതിരായും നമ്മെ ഉപയോഗിച്ചു.
...കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അതിനെ തൊട്ടു കളിക്കരുതെന്നും ജനസംഘത്തിന്റെ ഷോവനിസത്തോടു കൂടിയാണ് കമ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത് വാദിച്ചത്. കാരണം ലളിതം, കാശ്മീരിന്റെ പാക്കിസ്ഥാന്‍ മേഖലയില്‍, അമേരിക്ക സൈനിക സന്നാഹങ്ങള്‍ നിറച്ച സ്ഥിതിക്ക് വെടിനിറുത്തല്‍ രേഖയ്ക്കിപ്പുറത്ത് ഇടം വേണമെന്നത് സോവിയറ്റ് യൂനിയന്റെ താല്‍പര്യമായിരുന്നു. കൃഷ്ണമേനോനെ പുറത്താക്കാന്‍ കൃപലാനിയും മൊറാര്‍ജിയും കഠിന ശ്രമങ്ങള്‍ നടത്തിയെങ്കില്‍ അവര്‍ ഇവിടത്തെ അമേരിക്കന്‍ ലോബിയുടെ താല്‍പര്യങ്ങളെ നടപ്പാക്കുക മാത്രമായിരുന്നു. നാഗഭൂമിയും മിസോറാമും ഉത്തര പ്രദേശത്തെ പോലെ  'ഭാരത'മാണെന്ന് ശഠിക്കുന്നത് ഇന്ത്യന്‍ ബൂര്‍ഷ്വാസിയാണ്. കമ്യൂണിസ്റ്റുകാരനും ആ മാന്ത്രിക വലയില്‍പെട്ട് ഭ്രമബുദ്ധിയായിത്തീരുന്നുവെന്ന് മാത്രം.
......എന്താണ് ഭാരതമെന്ന കാര്യത്തില്‍ വിപുലവും ധീരവുമായ ഒരു ചര്‍ച്ച ആവശ്യമായിത്തീര്‍ന്നിരിക്കുകയാണിന്ന്. സ്വതന്ത്ര ഭാരതത്തിന്റെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പിന്തുടര്‍ച്ചാവകാശി മാത്രമാണെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യ സമരം ഒരു പ്രഹസനമായി തരം താഴുന്നു. അങ്ങനെ സംഭവിക്കാന്‍ നാം അനുവദിച്ചുകൂടാ. ഈയിടെ ലാല്‍ദെങ്ക സുപ്രധാനമായ ഒരു സത്യത്തിനു നേരെ വിരല്‍ചൂണ്ടി. ഇന്ത്യയില്‍ മൂന്ന് ഗോത്രധാരകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്യരും ദ്രാവിഡരും മംഗോളിയരും.
....നിലവിലുള്ള സംവിധാനത്തെ തകര്‍ത്ത് ഇന്ത്യയെ നുറുങ്ങുകളാക്കുന്നത് ആര്‍ക്കും നല്ലതാവാന്‍ വഴിയില്ല. എന്നാല്‍ ഇന്ത്യ അതിന്റെ ദേശീയ ഘടകങ്ങളുടെ വിഭിന്നത അംഗീകരിക്കണം. ഹിന്ദിയും ഹിന്ദുമതവും രാഷ്ട്രീയ കരുക്കളല്ലാതായിത്തീരണം. അവ സാമ്രാജ്യ സംസ്ഥാപനത്തിനുതകുമെങ്കിലും ജനായത്തപരവും സംതൃപ്തവും ആയ ഒരു സമുദായത്തെ സൃഷ്ടിക്കാന്‍ ഉപകരിക്കുകയില്ല. പ്രസക്തമായിട്ടുള്ളത് രാഷ്ട്രമെന്ന മിഥ്യയല്ല, മനുഷ്യനെന്ന യാഥാര്‍ഥ്യമാണ്. മനുഷ്യനിലൂടെയേ രാഷ്ട്രം യഥാര്‍ഥമായിത്തീരുന്നുളളൂ. ഇതോടൊപ്പം നമ്മുടെ നിരവധി യുദ്ധങ്ങളെയും നാം വിലയിരുത്താന്‍ മുതിരേണ്ടതാണ്. തുറന്നു പറഞ്ഞാല്‍, ദേശസ്‌നേഹമില്ലാത്ത, മനുഷ്യസ്‌നേഹം കൊണ്ട് ത്രസിക്കുന്ന ഒരു സ്വയം വിമര്‍ശനം (ഇന്ദ്രപ്രസ്ഥം, പേജ് 139-143. പന്തളത്തെ പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ചത്).
കശ്മീരില്‍ ചീഫ് ജസ്റ്റിസായും പത്ത് ദിവസം ഗവര്‍ണറായും സേവനമനുഷ്ഠിച്ച പരേതനായ ജസ്റ്റിസ് വി. ഖാലിദ് സാഹിബിന്റെ നിരീക്ഷണം കൂടി കാണുക:
''ആ ഒരു വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു. ഇപ്പോള്‍ അവിടെ നടക്കുന്ന സംഭവങ്ങള്‍ അറിയുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു. കുറേ കാര്യങ്ങളിലെങ്കിലും നമ്മുടെ സര്‍ക്കാറിന്റെ കൈകാര്യം ചെയ്യലിലെ താളപ്പിഴകളാണ് കുഴപ്പമുണ്ടാക്കുന്നത്. ജഗ്‌മോഹനെ ഗവര്‍ണറാക്കി കശ്മീരില്‍ അയച്ചു എന്നതാണ് ഇന്ദിരാ ഗാന്ധി ചെയ്ത വലിയ തെറ്റ്. ജഗ്‌മോഹന്‍ കശ്മീരികളെ ഒട്ടും സ്‌നേഹിച്ചിരുന്നില്ല. ജഗ്‌മോഹന്‍ രണ്ട് പ്രാവശ്യം കശ്മീരിലുണ്ടായിരുന്നു. ബി.കെ. നെഹ്‌റുവായിരുന്നു ഒരു ഘട്ടത്തില്‍ അവിടെ ഗവര്‍ണര്‍. അദ്ദേഹം വളരെ മാന്യനായിരുന്നു. അദ്ദേഹവുമായി നല്ല അടുപ്പത്തിലായിരുന്നു. വിരമിച്ചതിന് ശേഷവും അത് തുടര്‍ന്നു. ഇന്ദിരാഗാന്ധിയും ബി.കെ.നെഹ്‌റുവും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല, അവര്‍ ബന്ധുക്കളാണെങ്കിലും. ഇന്ദിരാഗാന്ധി ബി.കെ നെഹ്‌റുവിനോട് ഫാറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്യില്ലെന്നും അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ പിരിച്ചുവിടുകയുള്ളൂ എന്നുമുള്ള നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. അന്ന് ബി.കെ. നെഹ്‌റു അമേരിക്കയിലൊക്കെ ലെക്ചര്‍ ടൂറിന്ന് പോകാറുണ്ടായിരുന്നു. അപ്പോഴദ്ദേഹം ലീവെടുക്കാറില്ല.
... ഞാന്‍ ചെന്ന കാലത്ത് പക്ഷേ യാത്രക്ക് ലീവെടുക്കാതെ ഇന്ദിരാ ഗാന്ധി സമ്മതിച്ചില്ല. അങ്ങിനെ ഗവര്‍ണര്‍ പദവിയിലിരിക്കെ പത്ത് ദിവസം അദ്ദേഹം ലീവെടുത്ത് പോയി. ആ പന്ത്രണ്ട് ദിവസം ഞാനായിരുന്നു ആക്ടിംഗ് ഗവര്‍ണര്‍. ഏറെ കഴിയുന്നതിനുമുമ്പെ ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ ഗുജറാത്തിലേക്ക് മാറ്റിക്കളഞ്ഞു. അപ്പോഴാണ് ജഗ്‌മോഹന്‍ വന്നത്. പിറ്റേദിവസം എന്നെ ഡിന്നറിന് വിളിച്ചു, കൂടെ ഫാറൂഖ് അബ്ദുല്ലയെയും. ഏറെ നേരം സംസാരിച്ചു. നല്ല തമാശയൊക്കെ പറഞ്ഞു അന്ന് രാത്രി പിരിഞ്ഞു. നേരം പുലര്‍ന്നപ്പോഴേക്കും ഫാറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്തിരുന്നു. അന്ന് ........കേസൊന്നും വന്നിട്ടില്ല. ഡിസ്മിസ് ചെയ്യപ്പെട്ടാല്‍ ആരും സുപ്രീംകോടതിയില്‍ പോകാറുമില്ല. വാസ്തവത്തില്‍ ഫാറൂഖ് അബ്ദുല്ല അന്ന് സൂപ്രീം കോടതിയില്‍ പോയിരുന്നുവെങ്കില്‍ പിരിച്ചുവിടപ്പെട്ട നടപടി റദ്ദാക്കുമായിരുന്നു....... ചരിത്രപരമായി നോക്കിയാല്‍ കശ്മീരികളെ ഇന്ത്യാഗവണ്‍മെന്റ് ധരിപ്പിച്ചിരുന്നത് ഒരു ഹിതപരിശോധന ഉണ്ടാകുമെന്നാണ്. ഹിതപരിശോധന മുഖേന ആര്‍ക്കൊപ്പം ചേരണമെന്ന് തീരുമാനിക്കാനുള്ള അവകാശം. അതവര്‍ വിശ്വസിച്ചു. എന്നാലത് നടന്നില്ല. ഹരികൃഷ്ണയായിരുന്നല്ലോ കശ്മീര്‍ രാജാവ്. അദ്ദേഹം ഇന്ത്യക്കൊപ്പം ചേരാന്‍ തീരുമാനിച്ചതുകൊണ്ടാണല്ലോ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്. ഹിതപരിശോധനയെന്ന വാഗ്ദാനം ആ സമയത്ത് നല്‍കിയതാണ്. ലംഘിക്കപ്പെട്ട വാഗ്ദാനത്തെച്ചൊല്ലി വഞ്ചിക്കപ്പെട്ടു എന്ന തോന്നലായിരുന്നു കശ്മീരികള്‍ക്ക്. മാത്രമല്ല കശ്മീരിലെ ഓഫിസുകളിലെവിടെയും അര്‍ഹിക്കുന്ന പ്രാതിനിധ്യം അവര്‍ക്കുണ്ടായിരുന്നില്ല. കശ്മീരികള്‍ക്ക് മുഖ്യധാരയിലേക്കെത്താന്‍ ഒന്നും ചെയ്തുകൊടുത്തില്ല. വികസനകാര്യത്തില്‍ ശ്രദ്ധിച്ചില്ല.
....പദ്ധതികള്‍ രൂപപ്പെടുത്തുമെന്ന വാഗ്ദാനമല്ലാതെ ഒന്നും ചെയ്തില്ല. ന്യായമായ അവകാശം അനുവദിച്ചില്ലെന്ന പരാതി അവര്‍ക്കിപ്പോഴുമുണ്ട്. ..അത് കേള്‍ക്കാനും പരിഹരിക്കാനും സന്നദ്ധരായാല്‍ മതിയായിരുന്നു. കശ്മീരികളിലധികവും പാവങ്ങളാണ്... കശ്മീരികള്‍ക്ക് ഉദ്യോഗങ്ങളിലെത്താനുള്ള വഴിയൊരുക്കണം. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ അവരും പങ്കാളികളാണെന്ന ബോധത്തിലേക്ക് അവരെ എത്തിക്കണം. കശ്മീരികളെ ശത്രുമനസ്സുള്ളവരാക്കിത്തീര്‍ത്ത കുറ്റത്തില്‍ വലിയ പങ്ക് ഗവര്‍ണറായിരുന്ന ജഗ്‌മോഹന്നാണ്. കശ്മീരിലെ ജനതയോട് അദ്ദേഹത്തിന് ലവലേശം സ്‌നേഹമുണ്ടായിരുന്നില്ല. എന്നാല്‍ ബി.കെ. നെഹ്‌റു അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്ന് കശ്മീരീവേര് ഉണ്ടായിരുന്നുവല്ലോ? 370-ാം വകുപ്പ് എടുത്തുകളയാന്‍ പാടില്ലെന്നാണെന്റെ അഭിപ്രായം. അത് അങ്ങനെതന്നെ നിലനിര്‍ത്തണം. കശ്മീരിന്റെ മാത്രം കാര്യമല്ല. ഹിമാചല്‍ പ്രദേശിന്നും അരുണാചല്‍ പ്രദേശത്തിനുമെല്ലാമുണ്ട് ചില പ്രത്യേക അവകാശങ്ങള്‍. അവരെ നാം വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. ഹിതപരിശോധനയാണ് പോംവഴി എന്ന് പറയാനിപ്പോള്‍ കഴിയില്ല. തെരഞ്ഞെടുപ്പ് നടത്തിയതോടെ ഹിതപരിശോധനയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് നമ്മുടെ വാദം. സിംലകരാര്‍ പ്രകാരമാണ് എല്ലാ പരിഹാരശ്രമങ്ങളും നടത്തേണ്ടത്. ഹിതപരിശോധനയില്ലാതെ കശ്മീര്‍ ജനതയുടെ മുഴുവന്‍ വിശ്വാസവും ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് പരിഹാരമാര്‍ഗം...ഫാറൂഖ് അബ്ദുല്ല പലപ്പോഴും പറഞ്ഞകാര്യം ഓര്‍മയുണ്ട്; 'ഇന്ന ഡാമില്‍നിന്ന് ഇത്ര വൈദ്യുതി തരാമെന്ന് പറഞ്ഞിട്ടും അത് തന്നിട്ടില്ല. പദ്ധതികളെക്കുറിച്ച് പറയുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. പിന്നെ നമ്മളെന്തു ചെയ്യും...?'
കശ്മീരീ പണ്ഡിറ്റുകളും കശ്മീരീ മുസ്‌ലിംകളും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. പണ്ഡിറ്റുകളെ അവിടെ നിന്ന് അടിച്ചോടിച്ചു എന്ന് പറഞ്ഞാലത് ഞാന്‍ വിശ്വസിക്കില്ല. എന്റെ കൂടെ ജോലിക്കാരായി പണ്ഡിറ്റുകള്‍ കുറേ പേരുണ്ടായിരുന്നു....കശ്മീരീ ഭാഷയാണവര്‍ സംസാരിക്കുകപോലും ചെയ്യാറ്'' (ചന്ദ്രിക ആഴ്ചപ്പതിപ്പ്. 2013 ജനു: 23).

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌