Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

മഴ പെയ്യും ഇനിയും, പുഴയുമൊഴുകും;  വേണ്ടത് സന്തുലിത ജീവിതപാഠം:  പരിസ്ഥിതി സാക്ഷരത പകര്‍ന്നുനല്‍കി സോളിഡാരിറ്റി കാമ്പയിന്‍

മൊയ്‌നുദ്ദീന്‍ അഫ്‌സല്‍

ഒരു തോര്‍ത്ത് പുതച്ചാല്‍ പോകുന്ന തണുപ്പും ആ തോര്‍ത്തു കൊണ്ട് വീശിയാല്‍ മാറുന്ന ഉഷ്ണവുമേയുള്ളൂ എന്ന പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്റെ വാക്കുകള്‍ ഇന്നെവിടെയെങ്കിലും എടുത്തുദ്ധരിച്ചാല്‍ ഇപ്പറഞ്ഞത് കേരളത്തെക്കുറിച്ചു തന്നെയാണോ എന്ന് നാം സംശയിക്കും. അത്രക്ക് ഈ സംസ്ഥാനം മാറിപ്പോയിരിക്കുന്നു. നാടിനെയും അതിന്റെ സാഹചര്യങ്ങളെയും സാധ്യതകളെയും പരിഗണിക്കാതെയുള്ള വികസനപ്പാച്ചിലുകള്‍ നാടിനെ കീഴ്മേല്‍ മാറ്റിമറിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. തീര്‍ത്തും മറ്റൊന്നായി കേരളം മാറിയിരിക്കുന്നു. അതിന്റെ കെടുതികള്‍ നമ്മെ ബോധ്യപ്പെടുത്താന്‍ രണ്ട് പ്രളയകാലങ്ങള്‍ തന്നെ വേണ്ടി വന്നു. 'അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും' എന്ന ചൊല്ല് കൃത്യമായി പുലര്‍ന്നിരിക്കുന്നു.
മഴയും പുഴയും മലമടക്കുകളും കാടും കാട്ടരുവിയും നമുക്ക് ഉല്ലാസകരമായ അനുഭവങ്ങളായിരുന്നു. 2018-ല്‍ അപ്രതീക്ഷിതമായി പ്രളയം വന്നപ്പോഴും കേരളം സമാശ്വസിച്ചത് അതിനെ നൂറ്റാണ്ടിന്റെ പ്രളയമെന്ന പേരിട്ടു വിളിച്ചാണ്. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമുണ്ടാവുന്നത്, ഇനി ഇന്ന് ജീവിച്ചിരിക്കുന്നവരുടെ ജീവിതകാലം കഴിഞ്ഞ് ഒരു പ്രളയത്തെ പ്രതീക്ഷിച്ചാല്‍ മതി എന്ന്. കഴിഞ്ഞ വര്‍ഷം ഡാം മാനേജ്മെന്റിലെയും മറ്റും പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഇക്കൊല്ലം എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ച് ദുരന്തത്തിന്റെ വ്യാപ്തി പിന്നെയും വര്‍ധിപ്പിച്ച് പ്രളയമെത്തി. നൂറ്റാണ്ടിന്റെ പ്രളയം തന്നാണ്ട് പ്രളയത്തിലേക്ക് വഴിമാറി. ഇതിന്റെയൊക്കെ കാരണമായി ആഗോളതാപനത്തെ ചിലര്‍ കൂട്ടുപിടിക്കുമ്പോഴും തച്ചുതകര്‍ക്കപ്പെട്ട ഗിരി നിരകളും പിഴുതെറിയപ്പെട്ട മരക്കൂട്ടങ്ങളും വരിയുടക്കപ്പെട്ട പശ്ചിമഘട്ടവും മലിനമാക്കപ്പെട്ട ജലവും അന്തരീക്ഷവുമെല്ലാം അവഗണിക്കാനാകാത്ത രീതിയില്‍ നമുക്കുചുറ്റും ഒരു യാഥാര്‍ഥ്യമാണ്.
ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്-
വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്ന പകലിനും ദ്വേഷമുണ്ട്..
എന്ന് കവി മുരുകന്‍ കാട്ടാക്കട പാടി പറയുന്നത് എത്ര യാഥാര്‍ഥ്യബോധത്തോടെയാണ്!
നമ്മുടെ നാട് വികസിക്കേണ്ടതുണ്ട് എന്നും ആ വികസനം മണ്ണിനെയും മനുഷ്യനെയും മനസ്സിലാക്കിയും പരിഗണിച്ചുമാണ് സാധ്യമാവേണ്ടതെന്നും വസ്തുതാപരമായി കേരളത്തോട് വിളിച്ചു പറഞ്ഞ പ്രസ്ഥാനമാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. അത്തരം തീരുമാനങ്ങളും സമീപനങ്ങളുമുണ്ടായില്ലെങ്കില്‍ നാം നേരിടേണ്ടിവരുന്ന ദുരന്തത്തിന്റെ വ്യാപ്തി കണക്കുകള്‍ വെച്ചു തന്നെ സമര്‍ഥിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെയാണല്ലോ കേരളത്തിന് നടുവെ വലിയ മതിലു പോലെ കെട്ടിയുയര്‍ത്തി കൊണ്ടുവരാന്‍ പോയ എക്സ്പ്രസ് ഹൈവേ എന്ന വികസനഭ്രാന്തിനെതിരെ കേരളസമൂഹം ആവേശപൂര്‍വം സോളിഡാരിറ്റിക്കൊപ്പം നിലയുറപ്പിച്ചത്. വികസന ആത്യന്തികതയെ തുറന്നു കാണിക്കുക മാത്രമല്ല സോളിഡാരിറ്റി ചെയ്തത്. കേരളത്തിനനുഗുണമായ വികസനരീതികള്‍ പരിചയപ്പെടുത്തുകകൂടി ചെയ്തു.
ആത്യന്തികവാദങ്ങളെയൊന്നും സോളിഡാരിറ്റി പ്രോത്സാഹിപ്പിക്കുന്നില്ല. പരിസ്ഥിതിയെക്കുറിച്ച കാഴ്ചപ്പാടും അങ്ങനെത്തന്നെ. പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായി മനുഷ്യനെയാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഈ ലോകത്തുള്ള സകലതും മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് (അല്‍ബഖറ-29). ആകാശഭൂമിയിലുള്ളതെല്ലാം, ചന്ദ്രനെയും സൂര്യനെയുമൊക്കെ മനുഷ്യര്‍ക്ക് കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു എന്നും അല്ലാഹു പറയുന്നുണ്ട് (ഇബ്‌റാഹീം-33, അല്‍ജാസിയ-12,13). എന്നാല്‍ ഇവയുടെ ഉപയോഗത്തിന് അല്ലാഹു വെച്ചിരിക്കുന്ന വ്യവസ്ഥ, ഒന്നും അമിതമാകരുത് എന്നതാണ്. ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയില്‍നിന്നാണെങ്കിലും അംഗശുദ്ധിക്ക് വെള്ളമെടുക്കുമ്പോള്‍ മിതത്വം പാലിക്കണമെന്നാണ് പ്രവാചകാധ്യാപനം. ഉപയോഗം ചൂഷണമായി മാറരുതെന്നും പരിസ്ഥിതിയുടെ നിലനില്‍പിനെ ബാധിക്കുന്നത് ശ്രദ്ധിക്കണമെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (അല്‍ അഅ്‌റാഫ്-56).
ചൂഷണത്തിനും അമിത പരിസ്ഥിതിവാദത്തിനുമിടയിലാണ് ഖുര്‍ആന്റെ പരിസ്ഥിതിസമീപനം. സന്തുലിതമായ ഈ കാഴ്ചപ്പാട് പുതിയ പശ്ചാത്തലത്തില്‍ ശക്തമായി മുന്നോട്ടു വെക്കേണ്ടതുണ്ട് എന്ന ആലോചനയിലാണ് പരിസ്ഥിതി കാമ്പയിന്‍ എന്ന ആശയം സോളിഡാരിറ്റി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ദുരന്തം വിതച്ച തകര്‍ച്ചയില്‍നിന്ന് കരകയറാനായി കേരളത്തിന്റെ പുനര്‍നിര്‍മാണ രീതി എങ്ങനെയാവണമെന്ന വിപുലമായ ആലോചനകള്‍ നടക്കുമ്പോള്‍തന്നെ പരിസ്ഥിതിയെക്കുറിച്ച ചര്‍ച്ചകളും തുടങ്ങിവെക്കേണ്ടതുണ്ടെന്ന തീരുമാനത്തില്‍ 'മഴ പെയ്യും ഇനിയും, പുഴയുമൊഴുകും; വേണ്ടത് സന്തുലിത ജീവിതപാഠം' എന്ന തലക്കെട്ടില്‍ 2019 ആഗസ്റ്റ് 25-ന് പരിസ്ഥിതി സാക്ഷരതാകാലം പ്രഖ്യാപിക്കപ്പെട്ടു. ആവേശകരമായ പ്രതികരണങ്ങളാണ് കാമ്പയിന് കേരളത്തിലുടനീളം ലഭിച്ചത്. പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പൊതുജനങ്ങളും ധാരാളമായി കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
'പശ്ചിമഘട്ടവും കേരളത്തിന്റെ നിലനില്‍പും -ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനര്‍വായന' എന്ന തലക്കെട്ടില്‍ കൊച്ചി നഗരത്തില്‍ നടന്ന ഓപണ്‍ ഫോറമായിരുന്നു കാമ്പയിനിലെ ആദ്യ പരിപാടി. 'മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റിക്ക് ഇനിയും ചിലത് പറയാനുണ്ട്' എന്ന തലക്കെട്ടില്‍ ആലുവയിലും, 'പരിസ്ഥിതി സംരക്ഷണം മാറേണ്ടത് നമ്മുടെ വീക്ഷണങ്ങള്‍ തന്നെയാണ്' എന്ന തലക്കെട്ടില്‍ തൃശൂരും, 'ഇസ്വ്‌ലാഹ്, ഫസാദ് - പരിസ്ഥിതി രാഷ്ട്രീയവും ഇസ്‌ലാമും' എന്ന തലക്കെട്ടില്‍ കോഴിക്കോട്ടും, 'പ്രളയം പറയാന്‍ ബാക്കിവെച്ചത്' എന്ന തലക്കെട്ടില്‍ അരീക്കോട്ടും സെമിനാറുകള്‍ നടന്നു. എറണാകുളം ജില്ലയിലെ മാഞ്ഞാലി, മുപ്പത്തടം, മലപ്പുറം ജില്ലയിലെ വേങ്ങര എന്നിവിടങ്ങളില്‍ ജനകീയ ചര്‍ച്ചകളും നടന്നു. മലപ്പുറം ജില്ലയിലെ വളവന്നൂരില്‍ പ്രകൃതിചൂഷണത്തിനെതിരെ നടന്ന ചായക്കട ചര്‍ച്ച വ്യത്യസ്തമായ അവതരണംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്ത ടേബ്ള്‍ ടോക്കും നടന്നു.
യുവാക്കള്‍ക്ക് പ്രകൃതിയുടെ വിവിധ ഭാവങ്ങളെ അനുഭവിച്ചറിയാന്‍ വഴിയൊരുക്കിയ പരിസ്ഥിതി പഠനക്യാമ്പുകള്‍ കാമ്പയിനിലെ പ്രധാന ഭാഗമായിരുന്നു. കണ്ണൂര്‍ ജില്ല നടത്തിയ വളപട്ടണം പുഴ സഹവാസം, 'പശ്ചിമഘട്ടത്തിന് പ്രതീകാത്മക കാവല്‍' എന്ന സന്ദേശമുയര്‍ത്തി മലപ്പുറം ജില്ലാ സമിതി കരുവാരകുണ്ട് മലവാരത്ത് നടത്തിയ ദ്വിദിന ക്യാമ്പ്, കൊച്ചി സിറ്റിയുടെ നേതൃത്വത്തില്‍ മംഗളവനത്തില്‍ നടത്തിയ ഏകദിന പഠന സഹവാസം, തിരുവനന്തപുരം ജില്ല പൂവ്വാറിലൂടെ നടത്തിയ പുഴ സഹവാസ യാത്ര, ആലപ്പുഴ ജില്ലയുടെ നേതൃത്വത്തില്‍ 'ബദല്‍ വീടുനിര്‍മാണം സാധ്യമോ' എന്ന അന്വേഷണവുമായി കുട്ടനാട്ടിലൂടെ നടത്തിയ യാത്ര, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഏരിയ നടത്തിയ ജാനകിക്കാട് സഹവാസയാത്ര എന്നിവയൊക്കെ ഏറെ വിജ്ഞാനപ്രദവും അതോടൊപ്പം ഉല്ലാസകരവുമായി. 'മരിച്ചവരുടെ മണ്ണ്' എന്ന തലക്കെട്ടില്‍ കക്കോടി ഏരിയ കവളപ്പാറ ദുരന്തഭൂമിയിലേക്ക് നടത്തിയ പഠനയാത്ര പ്രകൃതിദുരന്തത്തിന്റെ വ്യാപ്തി യുവതയെ ബോധ്യപ്പെടുത്തി. ഇരിങ്ങാലക്കുട, താനൂര്‍, വേങ്ങര, ഓമശ്ശേരി, വണ്ടൂര്‍ എന്നിവിടങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തന പരിശീലനവും നടക്കുകയുണ്ടായി.
പ്രകൃതിസംരക്ഷണത്തിനായി ജീവിതമുഴിഞ്ഞുവെച്ചവര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിപ്പിച്ച് അവരെ ആദരിക്കുന്ന ചടങ്ങുകള്‍ സംസ്ഥാനത്തിന്റെ 50-ലധികം സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു.
കാമ്പയിന്റെ ആശയം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സന്ദേശപ്രചാരണങ്ങള്‍ നടക്കുകയുണ്ടായി. പാലക്കാട് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ വാളയാര്‍ മുതല്‍ നെല്ലിയാമ്പതി വരെ 'പശ്ചിമഘട്ട വിടവിലൂടെ പ്രകൃതിസംരക്ഷണ സന്ദേശയാത്ര' എന്ന തലക്കെട്ടില്‍ നടന്ന ഏകദിന യാത്ര നിരവധിയാളുകളുമായി സംവദിച്ചാണ് കടന്നുപോയത്. പ്രചാരണ യാത്രകളില്‍ ഏറ്റവും ശ്രദ്ധേയമായത് കോട്ടയം ജില്ലാ സമിതി താഴത്തങ്ങാടി വള്ളംകളിയോടനുബന്ധിച്ച് നടത്തിയ ജലയാത്രയായിരുന്നു. ഒഴുകിവരുന്ന ബോട്ടില്‍നിന്ന് പരിസ്ഥിതിയെ സംബന്ധിച്ച ബോധവല്‍ക്കരണ സന്ദേശങ്ങള്‍, ഗാനങ്ങള്‍, കൊടിതോരണങ്ങള്‍,  ഭൂമിയുടെ തലയോട്ടി പിളര്‍ക്കുന്ന രൂപങ്ങള്‍..... ഇങ്ങനെ കാണികള്‍ക്കിടയിലൂടെ നീങ്ങുന്ന ബോട്ട് കായലോരത്ത് ജീവിക്കുന്നവര്‍ക്ക് പുതുമയുള്ള അനുഭവമായിരുന്നു. മലയോരങ്ങള്‍, കവലകള്‍, വലിയ പട്ടണങ്ങള്‍, ഉള്‍ഗ്രാമങ്ങള്‍ തുടങ്ങി കോട്ടയം ജില്ലയിലെ മുന്നൂറിലധികം കിലോമീറ്ററുകള്‍ താണ്ടി 40 കേന്ദ്രങ്ങളില്‍ കലാജാഥ കടന്നുചെന്നു. 28 ഇടങ്ങളില്‍ നാടകം അരങ്ങേറി, 26 ഇടങ്ങളില്‍ പ്രഭാഷണം നടന്നു.
വയനാട് ജില്ലയുടെ നേതൃത്വത്തില്‍ താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നടത്തിയ പ്രചാരണത്തില്‍ 1500-ലധികം പേര്‍ക്ക് സന്ദേശം കൈമാറി. ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയായ പുത്തൂര്‍മലയിലും സമീപപ്രദേശങ്ങളിലും നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ ആവേശപൂര്‍വമാണ് പ്രതികരിച്ചത്. ഇത്തരമൊരു ബോധവല്‍ക്കരണം ആവശ്യമുണ്ട് എന്ന് നിരവധി പേര്‍ പ്രതികരിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി സമയത്ത് ആലപ്പുഴ ജില്ല സ്ഥാപിച്ച കലാ പ്രചാരണ ബോര്‍ഡുകള്‍ ഏറെ ശ്രദ്ധേയമായി. ഓലമെടഞ്ഞ് ചമയപ്പിച്ച വാഹനവുമായി തൃശൂര്‍ ജില്ലയിലെ ഏറിയാട് യൂനിറ്റ് നടത്തിയ സന്ദേശയാത്രയില്‍ വീട്ടമ്മമാര്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി. ഒരു മാസത്തിനു ശേഷം വീടുകള്‍ വീണ്ടും സന്ദര്‍ശിക്കുമെന്നും മികച്ച കൃഷിക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും പ്രഖ്യാപനവുമുണ്ടായി. പൊന്നാനി ഏരിയ നടത്തിയ പരിസ്ഥിതി സംരക്ഷണ സന്ദേശയാത്രയും ശ്രദ്ധിക്കപ്പെട്ടു.
അടുക്കളത്തോട്ട നിര്‍മാണങ്ങളും മരം നടല്‍ പദ്ധതികളും വിത്ത്- ചെടി വിതരണങ്ങളും വ്യാപകമായി നടന്നു.  ഇടുക്കി ജില്ലയിലും എറണാകുളം ജില്ലയിലെ വൈപ്പിനിലും നടന്ന 'വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം' എന്ന തലക്കെട്ടിലെ പച്ചക്കറിത്തൈ-ഗ്രോബാഗ് വിതരണവും, ഒരു യൂനിറ്റില്‍ ഒരു കൃഷിത്തോട്ടം എന്ന പേരില്‍ കോഴിക്കോട് ജില്ല നടപ്പാക്കിയ പദ്ധതിയും, തൃശൂര്‍-കൊല്ലം ജില്ലകളുടെ നേതൃത്വത്തില്‍ 'ഒരു യൂനിറ്റില്‍ പത്തു മരങ്ങള്‍' എന്ന സന്ദേശത്തില്‍ പൊതു പ്രദേശങ്ങളില്‍ നടന്ന വ്യാപകമായ മരംനടലും, മങ്കട ഏരിയ നടത്തിയ സ്‌കൂള്‍ തോട്ട വിപുലീകരണവും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. പൊതു ജലസ്രോതസ്സുകളില്‍ നടത്തിയ ശുചിത്വ യജ്ഞങ്ങളും പ്രത്യേകമായി എടുത്തു പറയണം. കോഴിക്കോട് ബീച്ചില്‍ കെട്ടിനിന്ന മലിനജലം ഓവുചാലുവെട്ടി ഒഴുക്കിക്കളഞ്ഞു. വള്ളുവമ്പ്രം ഏരിയ നടത്തിയ 'മിനി ഊട്ടിയെ മാലിന്യവിമുക്തമാക്കല്‍ യജ്ഞം', ചേര്‍ത്തല ഏരിയ നടത്തിയ 'മാലിന്യം നീക്കി പൂന്തോട്ടം നിര്‍മിക്കല്‍ പദ്ധതി', മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നടന്ന പൊതുകുളങ്ങളുടെ ശുചീകരണം എന്നിവ ജനോപകാരപ്രദമായി.
ചേന്ദമംഗല്ലൂര്‍, പേരാമ്പ്ര ഏരിയകളില്‍ നീന്തല്‍ മത്സരങ്ങളും ഓമശ്ശേരി ഏരിയയില്‍ വടംവലി മത്സരവും വളവന്നൂര്‍, ബാലുശ്ശേരി, കരൂപ്പടന്ന ഏരിയകളിലും എറണാകുളം - തൃശൂര്‍ ജില്ലകളിലും ഫോട്ടോഗ്രാഫി-ഡോക്യുമെന്ററി മത്സരങ്ങളും നടന്നു. സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വ്യാപകമായ സന്ദേശപ്രചാരണങ്ങള്‍ നടത്തി. കാരൂര്‍ നീലകണ്ഠപ്പിളളയുടെ 'ഉതുപ്പാന്റെ കിണറ്' എന്ന കഥയുടെയും എന്‍.പി. മുഹമ്മദിന്റെ 'വെള്ളം' എന്ന ചെറുകഥയുടെയും സാരാംശങ്ങള്‍ തയാറാക്കി വിതരണം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, സെക്രട്ടറി സി.ടി സുഹൈബ് എന്നിവരുടെ ലഘു വീഡിയോ പ്രഭാഷണങ്ങള്‍ പ്രചരിപ്പിച്ചു.
പ്രമുഖ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകരായ കല്ലൂര്‍ ബാലന്‍, അഡ്വ ഹരീഷ് വാസുദേവ്, ജോണ്‍ പെരുവന്താനം, ഫാ. ആല്‍ബര്‍ട്ട് ആനന്ദരാജ്, സി.ആര്‍. നീലകണ്ഠന്‍, കെ.കെ.റഹ്മാന്‍, പുരുഷന്‍ ഏലൂര്‍, ശ്രീമന്‍ നാരായണന്‍, ഹമീദലി വാഴക്കാട്, മീന മേനോന്‍, വനമിത്ര അവാര്‍ഡ് ജേതാവ് കെ. ബിനു, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, ഗ്രന്ഥകാരന്‍ അബ്ദുല്ലത്വീഫ് കൊടുവള്ളി, ഐ.എസ്.എം സംസ്ഥാന സമിതിയംഗം മുസ്തഫ തന്‍വീര്‍, ടീം വെല്‍ഫെയര്‍ സംസ്ഥാന ക്യാപ്റ്റന്‍ സമദ് നെടുമ്പാശ്ശേരി, ഡോ. ജോസ് മാത്യു വയലില്‍, എസ്.പി രവി, മുനീര്‍ വരന്തരപ്പിള്ളി, മോഹന്‍ദാസ് മാഷ്, ഉര്‍വി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഹസന്‍ നസീഫ്, വിജീഷ് ഏത്തായി, യുവകര്‍ഷകന്‍ ഖാസിം കൊടുങ്ങല്ലൂര്‍, നാഷ്‌നല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍, കോസ്റ്റല്‍ വാച്ചിന്റെ എം.ജെ വിജയന്‍, ആര്‍. അജയന്‍, മുക്കുന്നിമല സമരസമിതി കണ്‍വീനര്‍ സുരേന്ദ്രകുമാര്‍, പെരിങ്ങമല മാലിന്യ പ്ലാന്റ് സമരസമിതിയംഗം ഡോ. ഖമറുദ്ദീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, അഗ്രിക്കള്‍ച്ചര്‍ യൂനിവേഴ്സിറ്റി അസി. പ്രഫസര്‍ മഹേഷ് മോഹന്‍, ഐ.ആര്‍.ടി.സി പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ടി. ലളിതന്‍, വിവരാവകാശ പ്രവര്‍ത്തകന്‍ വി.പി നിജാമുദ്ദീന്‍, ജല സംരക്ഷണ സമിതിയംഗം ഗോപാലന്‍ മലമ്പുഴ, റിസോര്‍ട്ട് മാഫിയ വിരുദ്ധ സമിതിയുടെ സജീഷ് കുട്ടന്നൂര്‍, ദേശീയ കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, ഭാരതപ്പുഴ സംരക്ഷണ സമിതിയംഗങ്ങളായ പാണ്ടിയോട് പ്രഭാകരന്‍, അഡ്വ. കൊച്ചുകൃഷ്ണന്‍, കര്‍ഷകരായ ചാമുണ്ണി മാങ്കുര്‍ശ്ശി, ജോസി ബ്രിട്ടോ, ചിന്നസ്വാമി, ഭഗവല്‍ദാസ്, മരം നട്ടുവളര്‍ത്തുന്നത് ജീവിത വ്രതമായി സ്വീകരിച്ച കല്ലൂര്‍ രമേശ്, ഷിജു നൂറണി, മാധ്യമപ്രവര്‍ത്തകരായ ബോബന്‍ മാട്ടുമണ്ട, ജ്യോതിഷ് പുത്തന്‍, വി.എം. ഷണ്മുഖദാസ്, മനുഷ്യാവകാശ പ്രവര്‍ത്തകനായ റയ്മണ്ട് ആന്റണി, പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതിയംഗം മരിയപ്പന്‍ നീലിപ്പാറ, ഓര്‍ഗാനിക് ഫാമിംഗ് രംഗത്തെ കല്ലൂര്‍ ശ്രീധരന്‍, പഞ്ചായത്ത് - മുനിസിപ്പാലിറ്റി ജനപ്രതിനിധികള്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, പരിസ്ഥിതി ഗ്രൂപ്പുകള്‍, ക്ലബുകള്‍ തുടങ്ങിയവര്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
മാലിന്യസംസ്‌കരണം, മഴവെള്ള സംഭരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക മാതൃകകള്‍ പരിചയപ്പെടുത്തി പാലക്കാട്ട് നടത്തിയ ഏകദിന ശില്‍പശാലയോടു കൂടി പരിസ്ഥിതി കാമ്പയിന്‍ പരിപാടികള്‍ക്ക് ഔപചാരിക സമാപനമായെങ്കിലും, കേരളീയ പൊതുമണ്ഡലത്തില്‍ സോളിഡാരിറ്റി മുന്നോട്ടുവെച്ച പരിസ്ഥിതി വീക്ഷണങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസമുണ്ട്.

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌