Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

പരിശീലനവും നൈപുണി വികാസവും

എം.വി മുഹമ്മദ് സലീം

(ജീവിതം-11)

ഖത്തര്‍ റേഡിയോ ഉര്‍ദുവില്‍ പരിപാടി നടത്താന്‍ അര മണിക്കൂര്‍ ദൈര്‍ഘമുള്ള ഒരു സെഷന്‍ അനുവദിച്ചിരുന്നു. ഇതില്‍ മലയാളത്തില്‍ പ്രബോധനപ്രധാനമായ പരിപാടി നടത്താന്‍ അനുവാദം ലഭിക്കുന്നതിനായി ഇസ്‌ലാമിക മതകാര്യാലയത്തിന്റെ സഹായം തേടിയപ്പോള്‍ അവര്‍ പരിഗണിക്കുമെന്നു പറഞ്ഞു. പക്ഷേ ദീര്‍ഘകാലത്തേക്ക് തയാറാക്കിയ പരിപാടിയായിരുന്നു അവരുടേത്. ആ പ്രോഗ്രാമുകളില്‍ പെട്ടെന്ന് മാറ്റം വരുത്താന്‍ പ്രയാസമുള്ളതിനാല്‍ ഞങ്ങള്‍ക്ക് അനുവാദം കിട്ടാന്‍ വൈകി. അവസാനം റമദാനിലെ ഓരോ ദിവസവും അഞ്ചു മിനിറ്റ് പ്രഭാഷണം നടത്താനുള്ള സമയമാണ് അനുവദിച്ചത്.
മലയാളികളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ഈ റേഡിയോ പ്രഭാഷണം ശ്രദ്ധിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. റേഡിയോ ശ്രദ്ധിക്കുന്നത് ജോലിയെ പ്രതികൂലമായി ബാധിക്കുകയില്ല. ദൈര്‍ഘ്യം കുറവായതിനാല്‍ എല്ലാവര്‍ക്കും മുഴുവനായി കേള്‍ക്കാനും സൗകര്യമാണ്. മൂന്നോ നാലോ വര്‍ഷം ഈ പരിപാടി തുടര്‍ന്നു. എഴുതിത്തയാറാക്കിയ കൊച്ചു പ്രഭാഷണങ്ങളാണ് അവതരിപ്പിച്ചിരുന്നത്.
അതിനിടെ അമേരിക്കയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി വന്ന ഫാസ് അല്‍ അത്വിയ്യ എന്ന യുവാവ് മതകാര്യവകുപ്പുമായി ബന്ധപ്പെടുകയും ഖത്തര്‍ ടി.വിയിലെ ചാനല്‍ ടൂ വില്‍ ആഴ്ചതോറും മലയാളത്തില്‍ അരമണിക്കൂര്‍ പരിപാടി നടത്താന്‍ അനുവാദം വാങ്ങിത്തരികയും ചെയ്തു. ഇംഗ്ലീഷില്‍ വാര്‍ത്തയും മറ്റു വിനോദ പരിപാടികളും ധാരാളമായി വരാറുള്ള ചാനലാണിത്. അനറബികള്‍ സാധാരണ ശ്രദ്ധിച്ചിരുന്നതും ഈ ചാനല്‍ തന്നെ. ഇതില്‍ നടക്കുന്ന പരിപാടികള്‍ വീക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും അന്ന് മലയാളികളായിരുന്നു.
എന്നോട് ആറു മാസത്തേക്കുള്ള പരിപാടി തയാറാക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. അര മണിക്കൂര്‍ നേരത്തേക്ക് വീഡിയോ പരിപാടി തയാറാക്കുക വളരെ ശ്രമകരമാണെന്ന് മനസ്സിലായി.  എഴുതി തയാറാക്കിയ സ്‌ക്രിപ്റ്റ് അറബി വിവര്‍ത്തനത്തോടു കൂടിയാണ് സമര്‍പ്പിക്കേണ്ടത്. പ്രോഗ്രാം സംവിധാനം ചെയ്യാമെന്നേറ്റ സുഹൃത്ത് സമയം പകുതിയായി  വെട്ടിച്ചുരുക്കാന്‍ നിര്‍ദേശിച്ചു. പ്രോഗ്രാം എഡിറ്റ് ചെയ്ത് അനുയോജ്യമായ ദൃശ്യങ്ങള്‍ ഇടക്ക് ചേര്‍ത്തുകൊണ്ടാണ് സംപ്രേഷണം ചെയ്തിരുന്നത്. അങ്ങനെ ദീര്‍ഘകാലം ഈ ചാനലിലൂടെ മലയാളത്തില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പരിപാടി നടത്താന്‍ സാധിച്ചു. ഖത്തര്‍ ടി.വിയുടെ സംപ്രേഷണം  ബഹ്‌റൈന്‍, യു.എ.ഇ, സുഊദി അറേബ്യ എന്നീ നാടുകളിലും  ലഭ്യമായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷമായിരുന്നു  സംപ്രേഷണം. അതിനാല്‍ മിക്കവാറും  എല്ലാ തൊഴിലാളികള്‍ക്കും പരിപാടി ശ്രദ്ധിക്കാന്‍  പറ്റുമായിരുന്നു. തൊണ്ണൂറ്റി മൂന്ന് എപ്പിസോഡുകളില്‍ തയാറാക്കിയ പ്രസ്തുത പരിപാടിയില്‍ ദൈവാസ്തിക്യം, ഏകദൈവവിശ്വാസം, മരണാനന്തര ജീവിതം, പ്രവാചകന്മാരുടെ ദൗത്യം എന്നീ അടിസ്ഥാന വിഷയങ്ങള്‍ക്കു പുറമെ ഇസ്‌ലാമിനെതിരില്‍ വിവിധ മേഖലകളില്‍നിന്ന് ഉന്നയിക്കപ്പെടുന്ന അനേകം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും  ഉള്‍ക്കൊള്ളിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ വാര്‍ത്താവിനിമയ മാധ്യമങ്ങളുടെ നേരെ കര്‍ശന നിലപാടുണ്ടായിരുന്ന കാലമായിരുന്നു അത്. സദാചാര നിഷ്ഠ, സാമൂഹിക- രാഷ്ട്രീയ ബന്ധങ്ങള്‍, ഫലസ്ത്വീന്‍ പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ മുന്നില്‍ വെച്ച് വാര്‍ത്താ മാധ്യമങ്ങളെ നിരീക്ഷിക്കാനും വേിവന്നാല്‍ നിരോധിക്കാനും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും സംവിധാനമുണ്ടായിരുന്നു. ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍, മാസികകള്‍ എന്നിവ വായിച്ച് മേല്‍പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനങ്ങളില്‍ രാഷ്ട്രത്തിന്റെ നിലപാടിന് വിരുദ്ധമായവ കണ്ടെത്തി അവ സെന്‍സര്‍ ചെയ്യുക, സ്ഥിരമായി വീഴ്ച വരുത്തുന്നവയുടെ പ്രസിദ്ധീകരണം തടയുക എന്ന ജോലി വാര്‍ത്താവിനിമയ മന്ത്രാലയം എന്നെ ഏല്‍പിക്കുകയുായി. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട ഭാരിച്ച ഒരു ജോലി. മുറിച്ചുമാറ്റേണ്ട ഭാഗങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തി നല്‍കിയാല്‍ മാത്രമേ ബന്ധപ്പെട്ടവര്‍ക്ക് അത് നടപ്പാക്കി പത്രങ്ങളും മറ്റും വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഇതിനേക്കാള്‍ ശ്രമകരമായിരുന്നു ചലച്ചിത്ര സെന്‍സറിംഗ്. യൂറോപ്യന്‍ സിനിമകളാണ് എനിക്കധികവും ലഭിക്കുക. അവ ആദ്യന്തം കണ്ട ശേഷം കഥയുടെ ഉള്ളടക്കം ഒരു റിപ്പോര്‍ട്ടായി സമര്‍പ്പിക്കണം. മധ്യപൗരസ്ത്യ ദേശത്തെ പ്രശ്‌നങ്ങളില്‍ അറബ്‌വിരുദ്ധമായ പാശ്ചാത്യ വീക്ഷണങ്ങളെ പ്രമോട്ട് ചെയ്യുന്ന കഥാതന്തുവായിരിക്കും ഇത്തരം ഫിലിമുകളില്‍ അധികവും. ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ജൂതന്മാരോട് അനുഭാവമുാക്കാന്‍ പോന്ന ധാരാളം കഥകള്‍ പാശ്ചാത്യര്‍ പ്രചരിപ്പിച്ചിരുന്നു. ഇവയെല്ലാം പഠിച്ച് റിപ്പോര്‍ട്ടെഴുതി സമര്‍പ്പിക്കുക എന്ന ശ്രമകരമായ സെന്‍സറിംഗാണ് ഞാന്‍ ചെയ്യേണ്ടിയിരുന്നത്. കൗതുകം ജനിപ്പിക്കുന്ന ചില പാശ്ചാത്യ ചലച്ചിത്രങ്ങള്‍ കാണാന്‍ ഇതിലൂടെ അവസരമുണ്ടായി. ഫൈസല്‍ രാജാവിന്റെ വധം പ്ലാന്‍ ചെയ്ത ഒരു പടം, സുഊദി പെട്രോളിയം മന്ത്രി അഹ്മദ് സകി യമാനിയെ ബ്ലാക്ക്‌മെയ്ല്‍ ചെയത് ഒപെക്കിന്റെ യോഗത്തില്‍ എണ്ണവില വര്‍ധിപ്പിക്കുന്നത് തടയുന്ന മറ്റൊരു പടം മുതലായവ അതില്‍ പെടും. സെന്‍സറിംഗ് പോളിസിയനുസരിച്ച് നിരോധിച്ച ഏറ്റവും വലിയ ഫിലിമായിരുന്നു 'ഫോര്‍ ദോസ് ഐ ലവ്ഡ്' എന്ന ജൂത പടം. യൂറോപ്പില്‍ ജൂതന്മാര്‍ അനുഭവിച്ച പീഡനങ്ങള്‍ ചിത്രീകരിച്ച പ്രസ്തുത പടം ഏതൊരാളുടെയും അനുകമ്പ പിടിച്ചുപറ്റാന്‍ പോന്നതാണ്. അവസാനം കഥാപാത്രങ്ങള്‍ ജൂത രാഷ്ട്രത്തിലെത്തുന്നതു വരെയുള്ള ചരിത്രം ഭംഗിയായി സംവിധാനം ചെയ്തിരിക്കുന്നു.
ഖത്തര്‍ അസോസിയേഷന്‍ പൊതുജനസമ്പര്‍ക്കം സജീവമാക്കാന്‍ പെരുന്നാള്‍ സുദിനത്തില്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു. ഇതില്‍ ആകര്‍ഷകമായ കലാപരിപാടികള്‍ ഉണ്ടാകും. അധികവും പ്രവര്‍ത്തകരുടെ തന്നെ സൃഷ്ടികളായിരിക്കും. അഭിനേതാക്കളും പ്രവര്‍ത്തകരില്‍നിന്നു തന്നെ. വീഡിയോഗ്രാഫിയില്‍ പ്രാവീണ്യമുള്ള എ.വി മുഹമ്മദുണ്ണിയെ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ചരിത്രം നാടകമാക്കാന്‍ ഏല്‍പിച്ചത് ഓര്‍ക്കുന്നു. അദ്ദേഹം നല്ല ഒരു സ്‌ക്രിപ്റ്റുമായാണ് എന്റെയടുത്ത് എത്തിയത്. വളരെ ആകര്‍ഷകമായി ആ കഥ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുകയും ചെയ്തു. അഡ്വക്കറ്റ് അറക്കല്‍ ഖാലിദ് ധാരാളം സൃഷ്ടികള്‍ അസോസിയേഷന്റെ  പരിപാടികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. 
കുവൈത്തിലും സുഊദി അറേബ്യയിലും പ്രവര്‍ത്തകരുമായി അധികസമയം ഒന്നിച്ചിരിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇത് അവര്‍ക്ക് അത്യാവശ്യമായ കാര്യങ്ങള്‍ പഠിപ്പിക്കാനും പല പരിശീലനങ്ങളും നല്‍കാനും അവസരമൊരുക്കി. വിശുദ്ധ ഖുര്‍ആന്‍ പാരായണം, തജ്വീദ് നിയമങ്ങള്‍ മുതലായവയായിരുന്നു  ആദ്യമാദ്യം പരിശീലിപ്പിച്ചിരുന്നത്. പിന്നീട് താല്‍പര്യമുള്ള പ്രവര്‍ത്തകര്‍ക്ക് പ്രസംഗ പരിശീലനം നടത്തി. അത് വളരെ വിജയകരമായിരുന്നു. പ്രസംഗം എഴുതി തയാറാക്കി ഹൃദിസ്ഥമാക്കാന്‍ പറയും. വിഷയത്തിന്റെ എല്ലാ വശങ്ങളും പോയന്റുകളായി നല്‍കി അവ വികസിപ്പിക്കാന്‍ ശീലിപ്പിക്കും.  ശ്രോതാക്കളെ പരിഗണിച്ച് വിഷയാവതരണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന രീതി മനസ്സിലാക്കിക്കൊടുക്കും. ഇതിലൂടെ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള  പ്രവര്‍ത്തകര്‍ ഒന്നാംതരം പ്രസംഗകരായി മാറിയ അനുഭവമു്. എത്രവേണമെങ്കിലും അധ്വാനിക്കാന്‍ സന്നദ്ധരായ പ്രവര്‍ത്തകര്‍. ഓരോ കഴിവ് ആര്‍ജിക്കുമ്പോഴും അതവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കൂടുതല്‍ താല്‍പര്യമുള്ളവരെ നവീന സംഭാഷണ/പെരുമാറ്റ രീതികളും ശ്രോതാവിനെ ആകര്‍ഷിക്കാന്‍ ഉതകുന്ന ടെക്‌നിക്കുകളുമൊക്കെ പഠിപ്പിക്കും.
സുഊദി അറേബ്യയില്‍ വെച്ച് ഒരു അസാധാരണ അനുഭവമുണ്ടായി. ക്ലാസ്സ് കഴിഞ്ഞശേഷം പ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു: 'മൗലവി സ്റ്റീഫന്‍ കോവിയുടെ സെവന്‍ ഹാബിറ്റ്‌സ് വായിച്ചിട്ടുണ്ടോ?' 'ഇല്ല' ഞാന്‍ മറുപടി പറഞ്ഞു. 'എന്തേ അങ്ങനെ ചോദിക്കാന്‍?' 'ഇന്ന് നിങ്ങള്‍ ക്ലാസ്സില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ആ ഗ്രന്ഥത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.' ഞാന്‍ സെവന്‍ ഹാബിറ്റ്‌സ് അന്വേഷിച്ച് നടന്നു. അവസാനം അറബി കോപ്പി ലഭിച്ചു. അതു വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ചിന്തകള്‍ പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും ശിക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ് എന്ന് മനസ്സിലായത്. പിന്നീട് സെവന്‍ ഹാബിറ്റ്‌സ് ഇംഗ്ലീഷ് ഒറിജിനല്‍ കൂടി കൈയില്‍ വന്ന ശേഷം ജീവിത വിജയത്തിന് അനിവാര്യമായ ഏഴ് സവിശേഷതകളെയും ഖുര്‍ആനിക വചനങ്ങളിലൂടെയും നബിവചനങ്ങളിലൂടെയും വിശദീകരിച്ച് പ്രവര്‍ത്തകരെ പഠിപ്പിച്ചു.
നൈപുണിവര്‍ധനവിന് സഹായകമാകുന്ന സല്‍ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുക വളരെ ശ്രമകരമാണ്. ക്ലാസ്സില്‍ ഇരിക്കാനും പഠിക്കാനും പഠിപ്പിക്കാനും എളുപ്പമാണ്. അത് നമ്മുടെ ശീലമാക്കിയെടുക്കാനാണ് പ്രയാസം. നമ്മുടെ തര്‍ബിയത്ത് പരിപാടികളില്‍ പലതും വേണ്ടത്ര ഫലം കാണാതെ പോകുന്നത് ഇതേ കാരണത്താലാണ്. ചെറുപ്പത്തില്‍ ശീലിച്ച പലതും മറക്കാനോ മാറ്റാനോ മനുഷ്യന്‍ തയാറാവുകയില്ല. ശീലങ്ങളെ മാറ്റിക്കൊണ്ടല്ലാതെ നൈപുണി വികസിപ്പിച്ചെടുക്കുക സാധ്യവുമല്ല. തര്‍ബിയത്ത് പരിപാടിയെ മാറ്റത്തിന്റെ വളരെ പ്രധാനമായ അടിത്തറയായാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. കഠിന പരിശീലനത്തിലൂടെ ഉദ്ദിഷ്ട മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നൈപുണി വികസന പരിശീലനത്തിലൂടെ സാധിച്ചിട്ടു്.
ഗള്‍ഫ് രാജ്യങ്ങളില്‍ അക്കാലത്ത് രോഗചികിത്സ ഭാരിച്ച ചെലവുള്ളതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും. അറബിയോ ഉര്‍ദുവോ സംസാരിക്കാന്‍ അറിയണം. അതിനാല്‍ അധിക മലയാളികളും ചൊട്ടു ചികിത്സയില്‍ അഭയം തേടും. നാട്ടില്‍നിന്ന് വരുമ്പോള്‍ ആയുര്‍വേദ മരുന്നെന്തെങ്കിലും കൈയില്‍ കരുതും. അത് പരസ്പരം മാറിമാറി ഉപയോഗിക്കും. വൈജ്ഞാനിക പരിശീലനത്തോടൊപ്പം ആരോഗ്യപരിശീലനവും അനിവാര്യമാണെന്ന് ബോധ്യമായി. കുവൈത്തില്‍ കളരി അഭ്യസിച്ച ചില പ്രവര്‍ത്തകരുണ്ടായിരുന്നു. അവരോടൊത്ത് പ്രഭാതത്തില്‍ ചില ചെറിയ അഭ്യാസങ്ങള്‍ ഞങ്ങള്‍ പതിവാക്കി. നാട്ടില്‍നിന്ന് ദീര്‍ഘകാലം ചികിത്സിച്ചിട്ടും മാറാത്ത ചില അസുഖങ്ങള്‍ ഈ ശാരീരികാഭ്യാസങ്ങള്‍ കൊണ്ട് മാത്രം സുഖമായ അനുഭവമുണ്ട്.
ജിദ്ദയില്‍ ട്രാവല്‍സ് നടത്തിക്കൊണ്ടിരുന്ന ഒരു പ്രവര്‍ത്തകനെ പെട്ടെന്ന് ഡിസ്‌ക് തകരാറായി റൂമില്‍ കൊണ്ടുവന്നു. പരസഹായമില്ലാതെ അനങ്ങാനാവുന്നില്ല. ഉച്ചഭക്ഷണത്തിന് റൂമിലെത്തിയപ്പോഴാണ് ഞാന്‍ വിവരമറിയുന്നത്. ദുസ്സഹമായ വേദന. ഡിസ്‌കിന്റെ തകരാറിന് യോഗാസനത്തില്‍ ഒന്നാംതരം പ്രതിവിധിയുണ്ട്. അതില്‍ ഏറ്റവും പ്രധാനം നിന്നുചെയ്യണം. ബാക്കി രണ്ടെണ്ണം കിടന്നു ചെയ്താല്‍ മതി. എന്തുചെയ്യും?
എനിക്കൊരു സൂത്രം തോന്നി. നിന്ന് ചെയ്യാനുള്ളത് മലര്‍ന്നു കിടന്ന് ചെയ്തു തുടങ്ങുക. അനങ്ങാന്‍ സാധിക്കുന്നതുവരെ പല തവണ അതാവര്‍ത്തിച്ചു. പിന്നീട് കമഴ്ന്നു കിടന്ന് ചെയ്യാനുള്ളവ കൂടി ചെയ്തു. വൈകുന്നേരമായപ്പോള്‍ പരസഹായത്തോടെ നിന്ന് യോഗാസനം ചെയ്തു. പിന്നീട് ഒരാഴ്ച കൊണ്ട് പ്രയാസം മാറി ഓഫീസിലേക്ക് പോയിത്തുടങ്ങി. ഈ സംഭവം യോഗാസനം പരിശീലിക്കാന്‍ ധാരാളം പേര്‍ക്ക് പ്രചോദനമായി.
'ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന് പ്രിയപ്പെട്ടവനുമാണ്' എന്ന നബിവചനം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. ഗള്‍ഫില്‍നിന്ന് പലവിധ രോഗങ്ങളുമായല്ല നാട്ടിലേക്ക് തിരിച്ചുപോകേണ്ടത്, ആരോഗ്യമുള്ള ശരീരവും സമാധാനമുള്ള മനസ്സുമായാണ്. 

(തുടരും)

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌