Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

സാമൂതിരി ഭരണം മുതല്‍ ദ്രാവിഡ സംസ്‌കാരം വരെ

ഡോ. എ.എന്‍.പി ഉമ്മര്‍ കുട്ടി / സദ്‌റുദ്ദീന്‍ വാഴക്കാട്

പ്രതിഭാധനനായ വ്യക്തിത്വമാണ് ഡോ. എ.എന്‍.പി ഉമ്മര്‍ കുട്ടി. അധികമാരും കടന്നുചെല്ലാത്ത ജൈവ - സമുദ്രശാസ്ത്ര ഗവേഷണ മേഖലയില്‍ തന്റേതായ സംഭാവനകളര്‍പ്പിച്ച അദ്ദേഹം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുമായിരുന്നു. നിരവധി പുസ്തകങ്ങളുടെയും സമുദ്രശാസ്ത്ര വിഷയങ്ങളില്‍  മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളുടെയും കര്‍ത്താവ്. ഇംഗ്ലീഷിലും മലയാളത്തിലുമായി അനേകം ലേഖനങ്ങള്‍. 1933  ഡിസംബറില്‍ തലശ്ശേരിയില്‍ ജനനം. ബി.ഇ.എം.പി ഹൈസ്‌കൂള്‍, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ്, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. മറൈന്‍ ബയോളജിയില്‍ ഡോക്ടറേറ്റ്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ട് മണ്ഡപം തമിഴ്‌നാട്, ഓഷ്യാനോഗ്രഫിക് ലബോറട്ടറി എറണാകുളം, ഗോവ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ കൊച്ചി കേന്ദ്രം, കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1968 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രകൃതി ശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍. 1975-1991 കാലത്ത് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍. 1992-96 കാലത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. യു.ജി.സി റിവ്യു കമ്മിറ്റി ചെയര്‍മാന്‍, വി.സി. നിയമന പാനലിലെ യു.ജി.സി നോമിനി, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി വിദഗ്ധ സമിതി, കേരള -എം.ജി യൂനിവേഴ്‌സിറ്റി അക്കാദമി കൗണ്‍സില്‍, മുഖ്യമന്ത്രി ചെയര്‍മാനായുള്ള ഔദ്യോഗിക ഭാഷാ സമിതി, സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയര്‍മാനായ സാംസ്‌കാരിക ഉപദേശക സമിതി, ഗ്രന്ഥശാലാ സംഘം ഭരണ സമിതി, പബ്ലിക് ലൈബ്രറി കമ്മിറ്റി തുടങ്ങിയവയില്‍ അംഗം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിജ്ഞാന കൈരളി മാസിക ചീഫ് എഡിറ്റര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു. 
കടലിനെ കണ്ടെത്തല്‍, ഇന്ത്യാ സമുദ്രം, പരിണാമം, കോണ്‍തികി പര്യടനം, കടലിന്റെ കഥ, ശാസ്ത്ര സ്വാധീനം മലയാളത്തില്‍, സയന്‍സ് ഓഫ് ഓഷ്യന്‍സ്, ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഓഷ്യാനോഗ്രഫി തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. സയന്‍സ് ഓഫ് ഓഷ്യന്‍സ് ആറ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അബുല്‍ കലാം ആസാദ് രചിച്ച തര്‍ജുമാനുല്‍ ഖുര്‍ആന്റെ ഫാതിഹ അധ്യായത്തിന്റെ വ്യാഖ്യാനം,  അല്ലാമാ ഇഖ്ബാലിന്റെ മത ചിന്തകളുടെ പുനഃസംവിധാനം ഇസ്‌ലാമില്‍, ലാരി കോളിന്‍സും ഡോമനിക് ലാപിയറും ചേര്‍ന്ന് എഴുതിയ മൗണ്ട് ബാറ്റണും ഇന്ത്യാ വിഭജനവും, മുന്‍ ഉപരാഷ്ട്രപതിയും ചീഫ് ജസ്റ്റിസുമായ ഹിദായത്തുല്ലയുടെ ആത്മകഥ മൈ ഓണ്‍ ബോസ്‌വെല്‍,  മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ശ്രീരാജ് മോഹന്‍ ഗാന്ധിയുടെ ഡിസ്‌കവറിങ്ങ് മുസ്‌ലിം മൈന്‍ഡ്, ഇന്ത്യയിലെ ആദ്യ മുസ്‌ലിം ഹോം സെക്രട്ടറി എച്ച്.എം.എസ് ബര്‍ണിയുടെ പാട്രിയോട്ടിസം ഓഫ് ഇഖ്ബാല്‍ തുടങ്ങിയ കൃതികള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു. കടലിന്റെ കഥക്ക് കേരള ഗവണ്‍മെന്റിന്റെയും കടലിനെ കണ്ടെത്തലിന് സാഹിത്യ അക്കാദമിയുടെയും ക്യാഷ് അവാര്‍ഡ്. കടലിന്റെ കഥക്ക് സ്വദേശി ശാസ്ത്ര പുരസ്‌കാരം. തലശ്ശേരിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഡോ. എ.എന്‍.പി ഉമ്മര്‍ കുട്ടിയുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ പ്രധാന ഭാഗങ്ങള്‍.

 

ബഹുമുഖ മേഖലകളില്‍ വേറിട്ട മുദ്രകള്‍ പതിപ്പിച്ച തലശ്ശേരിക്കാരനാണ് താങ്കള്‍. മുസ്‌ലിം സമൂഹത്തിന്റെ പ്രൗഢ പാരമ്പര്യമുള്ള പ്രദേശമാണ് തലശ്ശേരി. ഡോ. എ.എന്‍.പി ഉമ്മര്‍കുട്ടി എന്ന വ്യക്തിത്വം എങ്ങനെയാണ് രൂപപ്പെട്ടത്?

തലശ്ശേരി എന്റെ വളര്‍ച്ചയിലും വ്യക്തിത്വ രൂപീകരണത്തിലും  വലിയ പങ്കുവഹിച്ചിട്ടുണ്ട്. തലശ്ശേരിയുടെ വിദ്യാഭ്യാസ, സാമൂഹിക അന്തരീക്ഷം ഒരു കാലത്ത് ഏറെ മുന്നിലായിരുന്നു. സാമ്പത്തികവും സാമൂഹികവുമായി അതിന്റെ പ്രയോജനം മുസ്‌ലിം സമൂഹത്തിനുമുണ്ടായി.  വിദ്യാഭ്യാസത്തോട് ആദ്യ ഘട്ടത്തില്‍ മുസ്‌ലിം സമൂഹം പൊതുവില്‍ താല്‍പര്യം കാണിച്ചിരുന്നില്ലെങ്കിലും പിന്നീട് അതില്‍ മാറ്റം സംഭവിച്ചു. അത് ഉപയോഗപ്പെടുത്തി വിദ്യാഭ്യാസപരമായി വളരാന്‍ ഭാഗ്യം ലഭിച്ചവരില്‍ ഞാനുമുള്‍പ്പെടുന്നു. 
എന്റെ കുടുംബ പാരമ്പര്യം തലശ്ശേരിയിലല്ല, കോഴിക്കോട് കാപ്പാടാണ്. എ.എന്‍.പി അവിടത്തെ വീട്ടുപേരാണ്. എ.എന്നിന്റെ പൂര്‍ണരൂപം, 'അബ്ബാസിന്റകത്ത് നടമ്മല്‍.' അതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. പ്രമുഖനായ ഒരു അറബ് വ്യാപാരി, മുഹമ്മദ് ബ്‌നു അബ്ബാസ് 1400-നടുത്ത് കോഴിക്കോട്ട് വന്നിരുന്നു. സാമൂതിരിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം വ്യാപാരാവശ്യാര്‍ഥം കുറച്ച് വര്‍ഷങ്ങള്‍ കോഴിക്കോട്ട് താമസിക്കുകയുണ്ടായി. ഇവിടെ നിന്ന് വിവാഹം കഴിക്കാനുള്ള ആഗ്രഹം അദ്ദേഹം സാമൂതിരിയെ അറിയിച്ചു. കാപ്പാട്ടെ ഒരു നമ്പൂതിരി കുടുംബത്തിലെ യുവതിയെയാണ് സാമൂതിരി നിര്‍ദേശിച്ചത്. അത് അംഗീകരിക്കപ്പെട്ടതോടെ, ആ പെണ്‍കുട്ടി മുഹമ്മദ് ബ്‌നു അബ്ബാസിനു മുന്നില്‍ രണ്ട് നിബന്ധനകള്‍ വെച്ചു; 'ഒന്ന്, വിവാഹിതയാകുന്നതോടെ ഞാന്‍ എന്റെ വീട്ടില്‍നിന്ന് താമസം മാറേണ്ടി വരും. അതുകൊണ്ട് എനിക്ക് താമസിക്കാന്‍ സ്വന്തമായി വീടു വെക്കണം. രണ്ട്, എനിക്ക് പുറമെ നിങ്ങള്‍ ഇനിയൊരു വിവാഹം കഴിക്കരുത്.' മുഹമ്മദ് ബിന്‍ അബ്ബാസ് ഇതംഗീകരിച്ചു. അദ്ദേഹം അന്ന് പണിത വീട് 'അബ്ബാസിന്റകത്ത്' എന്നാണ് അറിയപ്പെട്ടത്. അന്നത്തെ കോഴിക്കോട്-തലശ്ശേരി പ്രധാന നടയില്‍ / വഴിയില്‍ ആയിരുന്നു വീട് എന്നതിനാല്‍ 'നടമ്മല്‍' എന്നുകൂടി ചേര്‍ന്നു. അങ്ങനെയാണ് 'അബ്ബാസിന്റകത്ത് നടമ്മല്‍' തറവാട് ഉണ്ടായത്.
പോര്‍ച്ചുഗീസ് അധിനിവേശത്തെത്തുടര്‍ന്നാണ് കുറേപേര്‍ കാപ്പാട്ട് നിന്ന് മറ്റുദേശങ്ങളിലേക്ക് താമസം മാറിയത്. മുസ്‌ലിം സ്‌പെയിനിന്റെ തൊട്ടടുത്ത രാജ്യമായിരുന്ന പോര്‍ച്ചുഗലിന് മുസ്‌ലിംകളോട് കടുത്ത ശത്രുതയുണ്ടായിരുന്നു. അറബ് മുസ്‌ലിംകളോടുള്ള വെറുപ്പോടെ, അവരെ പരാജയപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കടല്‍ കീഴടക്കി യാത്ര തുടര്‍ന്ന പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നപ്പോഴും നേരിടേണ്ടി വന്നത് മുസ്‌ലിംകളെത്തന്നെ. കോഴിക്കോട്ടെയും മറ്റും മുസ്‌ലിം സ്വാധീനവും പ്രതാപവും പോര്‍ച്ചുഗീസുകാരെ വിറളി പിടിപ്പിച്ചു. സാമൂതിരിയുമായി സഖ്യത്തിലായ അവര്‍ കുഞ്ഞാലി മരയ്ക്കാര്‍ ഉള്‍പ്പെടെ മുസ്‌ലിംകളോട് ചെയ്ത ക്രൂരതകള്‍ ചരിത്രത്തില്‍ രേഖപ്പെട്ടതാണ്. സാമ്പത്തികം ഉള്‍പ്പെടെയുള്ള മേഖലകളില്‍ മുസ്‌ലിംകളെ തകര്‍ക്കാന്‍ അവര്‍ പലതും ചെയ്തു. അബ്ബാസിന്റകത്ത് കുടുംബത്തിലെ കായിറ്റി എന്ന് വിളിച്ചിരുന്ന അബ്ദുല്‍ഖാദറും കുടുംബവും പോര്‍ച്ചുഗീസുകാര്‍ അവിടെ നിന്ന് ഓടിച്ചവരില്‍പെടുന്നു. കായിറ്റി വിവാഹം ചെയ്ത കൂട്ടായിയില്‍ പോയി താമസമാക്കി. അദ്ദേഹമവിടെ പണിത വീടിന് പേരിട്ടത് 'പാണ്ടികശാല'യെന്നാണ്. മുമ്പില്‍ കച്ചവടവും പുറകില്‍ താമസവും, ഇതായിരുന്നു രീതി. 'അബ്ബാസിന്റകത്ത് നടമ്മല്‍ എന്നതോടൊപ്പം അദ്ദേഹം 'പാണ്ടികശാല' എന്നുകൂടി ചേര്‍ത്തു, അതാണ് എ.എന്‍.പി.

അപ്പോള്‍, അറബികളുടെ കേരള യാത്ര, ഇവിടെ നമ്പൂതിരി കുടുംബവുമായുള്ള വിവാഹബന്ധം, വീടുനിര്‍മാണം, സാമ്രാജ്യത്വ ശക്തികളുടെ ക്രൂരത കാരണമായുള്ള പലായനം തുടങ്ങിയവയില്‍ നിന്ന്, ഒരു വീടിന്റെയും കുടുംബത്തിന്റെയും പേരു തന്നെ രൂപപ്പെട്ടത് ചരിത്രപരമാണല്ലോ?

അതേ, ചരിത്രം അവിടെ അവസാനിക്കുന്നില്ല. പവന്‍ പോക്കര്‍ എന്ന് അറിയപ്പെടുന്ന കച്ചവടക്കാരനായ ഒരു കപ്പലോട്ടക്കാരനുണ്ടായിരുന്നു തലശ്ശേരിയില്‍. ഇവിടത്തെ ആളുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോയി അറേബ്യയുടെയും കിഴക്കന്‍ ആഫ്രിക്കയുടെയും തീരങ്ങളില്‍ വില്‍ക്കലായിരുന്നു പ്രധാന ബിസിനസ്. സാധനങ്ങള്‍ക്ക് വില ലഭിച്ചിരുന്നത് പൗ് എന്ന ബ്രിട്ടീഷ് നാണയത്തിലായിരുന്നു. ബ്രിട്ടീഷ് രാജാവിന്റെ ചിത്രമുള്ള പവന്‍ അന്ന് പല ദേശത്തും ഉപയോഗിക്കാമായിരുന്നു ഇന്നത്തെ ഡോളര്‍ പോലെ. ആവശ്യമുള്ളവരെല്ലാം പോക്കറുടെ അടുത്ത് നിന്നാണ് പവന്‍ വാങ്ങിയിരുന്നത്. പവന്റെ കൈമാറ്റ കേന്ദ്രമായിരുന്നു, ഇന്നത്തെ ഗവ. എല്‍.പി സ്‌കൂളിനടുത്തുള്ള പാറമ്മല്‍ എന്ന വീട്.  ഇക്കാരണത്താല്‍ അദ്ദേഹം 'പവന്‍ പോക്കര്‍' എന്ന് അറിയപ്പെട്ടു. 
ഒരു കച്ചവട യാത്രക്കിടയില്‍ പോക്കറിന്, പൊന്നാനിയിലെ 'അബ്ബാസിന്റകത്ത് നടമ്മല്‍ പാണ്ടികശാല' കുടുംബ ശാഖയില്‍ നിന്ന് വിവാഹാന്വേഷണം വന്നു. വിവാഹമോചിതയായ സ്ത്രീയായിരുന്നു വധു. വിവാഹം നടന്നു, അവര്‍ തലശ്ശേരിയില്‍ വന്ന് താമസമാക്കി. അങ്ങനെയാണ് തലശ്ശേരിയും എ.എന്‍.പി കുടുംബവുമായി ബന്ധം ആരംഭിക്കുന്നത്. പോക്കറിന്റെ മരുമകന്‍ - സഹോദരിയുടെ മകന്‍ - പക്കി എന്ന് വിളിക്കുന്ന പക്രുദ്ദീന്‍  എ.എന്‍.പി കുടുംബത്തില്‍നിന്ന് വിവാഹം ചെയ്തു. 1870-നടുത്താണ് അത്. അവര്‍ കൂട്ടായിയില്‍ തന്നെയാണ് താമസിച്ചത്. ആ ബന്ധത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ പിറന്നു; ബീഫാത്തു, ആഇശ, പാത്തൂട്ടി. പക്രുദ്ദീന്റെ ഭാര്യ മരണപ്പെട്ടപ്പോള്‍ അനാഥരായ ആ മൂന്ന് പെണ്‍കുട്ടികളെ അദ്ദേഹം തലശ്ശേരിയിലേക്ക് കൊണ്ടുവന്നു, തലായിലെ പാറമ്മല്‍ തറവാട്ടുവീട്ടില്‍ താമസിപ്പിച്ചു. പോക്കറിന്റെ വീട്ടില്‍ അധികം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് വലിയ സ്ഥാനം ലഭിച്ചു. പവന്‍ പോക്കറിന്റെ വീടിന്റെ അവകാശികളായി ഇവര്‍ മാറി. 'അബ്ബാസിന്റകത്ത് നടമ്മല്‍ പാണ്ടികശാല' എന്ന തറവാട്ടു പേര് അവര്‍ നിലനിര്‍ത്തുകയും ചെയ്തു. 
ഇതിലെ തലശ്ശേരിയില്‍ താമസിച്ച അബ്ദുല്ല - ആഇശ ദമ്പതികളുടെ മകള്‍ സൈനബയുടെ മകനാണ് ഞാന്‍. 1933 ഡിസംബറിലായിരുന്നു എന്റെ ജനനം. ഉപ്പ മൂസക്കോയ ഹാജി കൂട്ടായിയിലെ ചെറിയച്ചന്‍ വീട്ടുകാരനായിരുന്നു. ചെറിയച്ചന്‍ വീട് കൂട്ടായിയിലെ നമ്പൂതിരി കുടുംബമായിരുന്നു. ഇസ്‌ലാം സ്വീകരിച്ച ശേഷം അവര്‍ ചെറിയച്ചന്‍വീട്ടില്‍ വാക്കില്‍(സി.വി) എന്ന പുരാതന നമ്പൂതിരി തറവാട്ടിലാണ് ഉപ്പ ജനിച്ചതും വളര്‍ന്നതും. കുടുംബം മതം മാറിയപ്പോഴും തറവാട്ട് പേര് നിലനിര്‍ത്തി. സി. വി എന്നാണ് തറവാട് അറിയപ്പെട്ടിരുന്നത്. ഇങ്ങനെയുള്ള ഇസ്‌ലാം സ്വീകരണ സംഭവങ്ങള്‍ അക്കാലത്ത് ധാരാളമുണ്ടായിരുന്നു. വിവാഹത്തിന് ശേഷം ഉപ്പ തലശ്ശേരിയില്‍ വലിയ നിലയില്‍ സ്വന്തം ബിസിനസ് തുടങ്ങി. പക്ഷേ, 1930-കളിലെ ലോക സാമ്പത്തിക മാന്ദ്യത്തോടെ കച്ചവടം തകര്‍ന്നു.

എങ്ങനെയായിരുന്നു താങ്കളുടെ പഠനം, വിദ്യാഭ്യാസ വളര്‍ച്ച? 

എന്റെ ഉപ്പയുടെ രണ്ട് കാരണവന്മാര്‍, കുഞ്ഞായന്‍ കുട്ടി, കുട്ടൂസാന്‍ സാമാന്യം വിദ്യാഭ്യാസമുള്ളവരും ബ്രിട്ടീഷ് ഗവണ്‍മെന്റിനു കീഴില്‍  ഉദ്യോഗസ്ഥരുമായിരുന്നു. അതുകൊണ്ട് ഉപ്പാക്ക് വിദ്യാഭ്യാസത്തില്‍ നല്ല താല്‍പര്യമായിരുന്നു. നാലാമത്തെ മകനായ എന്നിലായിരുന്നു ഉപ്പയുടെ പ്രതീക്ഷ.  നല്ല പ്രോത്സാഹനം തന്നു. മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം എന്റെയടുത്ത് കസേരയിട്ട് ഇരിക്കുമായിരുന്നു ഉപ്പ. ആ പ്രോത്സാഹനമാണ് എന്റെ വളര്‍ച്ചയുടെ അടിസ്ഥാനം. മക്കളുടെ വളര്‍ച്ചയില്‍, സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ക്ക്, വിശേഷിച്ചും പിതാവിന് വലിയ റോളുണ്ട്. 
അന്ന് വിദ്യാഭ്യാസത്തിന് ഇവിടെ വലിയ സ്ഥാനമൊന്നുമില്ല. തലായി ഗവ. മാപ്പിള സ്‌കൂളില്‍ നാലാം ക്ലാസ് പാസ്സായി, തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ച ഏക മുസ്‌ലിം വിദ്യാര്‍ഥി ഞാനാണ്! അതില്‍ നിന്നു തന്നെ അന്നത്തെ അവസ്ഥ മനസ്സിലാക്കാം. ഇത്തരം സ്‌കൂളുകളില്‍ അന്ന് പത്തു മണി വരെ മതപഠനവും തുടര്‍ന്ന് സ്‌കൂളുമായിരുന്നു. പത്ത് മണി വരെയുള്ള സെഷനില്‍ കുട്ടികള്‍ ധാരാളമുണ്ടാകും, ശേഷം തീരെ കുറയും! 1950-കളിലാണ് മുസ്‌ലിം മധ്യവര്‍ഗത്തില്‍ വിദ്യാഭ്യാസ ഉണര്‍വുകളുണ്ടായത്. എന്നാല്‍ ഉപരിവര്‍ഗ മുസ്‌ലിംകളില്‍ നേരത്തേ അതുണ്ടായിരുന്നു, പെണ്‍മക്കളെ പഠിപ്പിച്ച തലശ്ശേരിക്കാരന്‍ കുഞ്ഞിമ്മായനൊക്കെ അവരില്‍ മുന്നില്‍ നിന്നു. ആഇശ റഊഫും ആമിനാ ഹാശിമും അദ്ദേഹത്തിന്റെ മക്കളാണ്. ഹാശിം കോയമ്പത്തൂരില്‍ ഡെപ്യൂട്ടി കലക്ടറായിരുന്നു. തലശ്ശേരിയില്‍ താമസിച്ച  ഇവരെ പഠിപ്പിച്ചതിന്റെ പേരിലാണ് കുഞ്ഞിമ്മായനെ ചിലര്‍ കാഫിര്‍ എന്ന് വിളിച്ചത്! ഇങ്ങനെ ഒരു കാലം മുസ്‌ലിം സമൂഹത്തില്‍ കഴിഞ്ഞ് പോയിട്ടുണ്ട്. 
മുസ്‌ലിം സമ്പന്നരും പ്രമാണിമാരും ധാരാളമുണ്ടായിരുന്നു തലശ്ശേരിയില്‍. എ.കെ കാദര്‍കുട്ടി സാഹിബിന്റെ കാരണവര്‍ എ.കെ കുഞ്ഞിമ്മായിന്‍ ഹാജി അവരില്‍ മുമ്പനാണ്. ഉപ്പി സാഹിബ്, ബി.പോക്കര്‍ സാഹിബ്, കെ.എം സീതി സാഹിബ് തുടങ്ങിയവര്‍ വേറെയും. അവരുടെയെല്ലാം നേതൃത്വത്തിലാണ് തലശ്ശേരിയില്‍നിന്ന് ചന്ദ്രിക പത്രം ആരംഭിക്കുന്നത്. കോണ്‍ഗ്രസ് പക്ഷത്തായിരുന്ന മാതൃഭൂമി മാത്രമാണ് അന്ന് കോഴിക്കോട്ട് നിന്ന് ഇറങ്ങിയിരുന്നത്. അന്ന് കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്ത് നില്‍ക്കുന്ന മുസ്‌ലിം ലീഗിന് ഒരു പത്രം എന്ന ചിന്തയില്‍നിന്ന് ചന്ദ്രിക പിറവിയെടുത്തു, തലശ്ശേരിയില്‍നിന്ന്. 1934-ലാണ് ഇത്. ചന്ദ്രികക്കും എനിക്കും ഏതാണ്ട് ഒരേ വയസ്സാണ്! ദാറുസ്സലാം യതീം ഖാനയും വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള താല്‍പര്യം കൊണ്ടു കൂടി ഉയര്‍ന്നു വന്നതാണ്. പഠിക്കാന്‍ അവസരം കിട്ടിയിട്ടില്ലാത്ത സമ്പന്നര്‍, തങ്ങളുടെ അടുത്ത തലമുറയുടെ വിദ്യാഭ്യാസ വളര്‍ച്ചക്ക് വേണ്ടി പരിശ്രമിക്കുകയായിരുന്നു. അതിന്റെ ഗുണഭോക്താക്കളാണ് ഞങ്ങളൊക്കെ. ഈ ചരിത്രവും തലശ്ശേരിക്കുണ്ട്. 
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ കിട്ടിയ വായനാശീലം എനിക്ക് വലിയ ഗുണം ചെയ്തു. അഞ്ചാം ക്ലാസ് മുതല്‍ പഠിച്ച ബാസല്‍ മിഷന്‍ സ്‌കൂള്‍ അറിവിന്റെയും അനുഭവങ്ങളുടെയും വലിയൊരു ലോകമായിരുന്നു. തലശ്ശേരിയിലെ മികച്ച സ്‌കൂളായിരുന്നു അത്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ഈ സ്‌കൂളില്‍ മുസ്‌ലിം കുട്ടികള്‍ക്ക് നല്ല പരിഗണന കിട്ടിയിരുന്നു. എന്നാല്‍, മുസ്‌ലിം പെണ്‍കുട്ടികള്‍ തീരെ ഉണ്ടായിരുന്നില്ല. മുബാറക് സ്‌കൂള്‍ വന്ന ശേഷമാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ കാര്യമായി പഠിക്കാന്‍ തുടങ്ങിയത്. ബാസല്‍ മിഷന്‍ സ്‌കൂളിലെ അന്തരീക്ഷം, അവസരങ്ങള്‍ എല്ലാ രംഗത്തും വളരാന്‍ വഴിയൊരുക്കി. സഭാകമ്പമില്ലാതെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശീലിച്ചു, അധ്യാപകര്‍ അതിന് അവസരവും തന്നു. എഴുത്തിന്റെയും പ്രസംഗത്തിന്റെയും ആദ്യപാഠങ്ങള്‍ അവിടെനിന്നായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ പൊതുപ്രസംഗം, ഒരു അധ്യാപകന്റെ യാത്രയയപ്പ് യോഗത്തില്‍. സ്‌കൂള്‍ മാഗസിന്റെ എഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറാകുന്നതിന്റെ ആദ്യ ചവിട്ടുപടി എന്ന് ഇതിനെ വിശേഷിപ്പിക്കാം. 1952-ലാണ് എസ്.എസ്.എല്‍.സി പാസായത്. അന്ന് വടക്കേ മലബാറില്‍ ആകെ പന്ത്രണ്ട് ഹൈസ്‌കൂളുകള്‍. അവയില്‍ എസ്.എസ്.എല്‍.സിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടി. അന്ന് റാങ്ക് രീതിയൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് ബ്രണ്ണന്‍ കോളേജില്‍ രണ്ട് വര്‍ഷം ഇന്റര്‍മീഡിയറ്റിന് പഠിച്ചു.

സ്വാതന്ത്ര്യം ലഭിച്ചതിന്റെ അടുത്ത വര്‍ഷങ്ങളിലായിരുന്നല്ലോ താങ്കളുടെ സ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് പഠനം. എന്തായിരുന്നു അന്നത്തെ മുസ്‌ലിം അവസ്ഥ?

ഇന്ത്യ സ്വാതന്ത്ര്യം നേടി, വിഭജനം നടന്നു. ശേഷം ഇവിടത്തെ മുസ്‌ലിം സമൂഹം ഒരുതരം അനാഥാവസ്ഥയിലായിരുന്നു. നേതൃത്വമില്ലാത്ത ഒരു ആള്‍ക്കൂട്ടം പോലെ. കാദര്‍ കുട്ടി സാഹിബിന്റെ മാത്രം ഉദാഹരണം പറയാം. അദ്ദേഹം എം.എല്‍.എ ആയിരുന്നു. പക്ഷേ, വിഭജനാനന്തരം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹം അസംബ്ലിയില്‍ പോകാതെയായി, നിരാശയായിരിക്കണം കാരണം. പ്ലൈവുഡ് ബിസിനസില്‍ മാത്രമായി ഒതുങ്ങി. അദ്ദേഹത്തെപ്പോലുള്ളവരുടെ പിന്മാറ്റം മുസ്‌ലിം സമൂഹത്തെ അനാഥരാക്കിക്കളഞ്ഞുവെന്ന് പറയാം. നിരാശാബോധം പലരിലും പടര്‍ന്നിരുന്നുവെന്നതാണ് അനുഭവം. വിഭജനാനന്തര കാലമായതുകൊണ്ടാവണം, 'നിനക്കെന്താ ഇവിടെ കാര്യം' എന്നൊക്കെ മുസ്‌ലിം വിദ്യാര്‍ഥികളോട് ചിലര്‍ ചോദിക്കുകയുണ്ടായി! ഇത് ഇവിടത്തെ കഥ. മദ്രാസില്‍ ഇത്തരം ചോദ്യങ്ങളൊന്നും നേരിട്ടിട്ടില്ല. ദ്രാവിഡ സംസ്‌കാരത്തിന്റെ നന്മയായിരുന്നു അത്.

മദ്രാസിലെ കോളേജ് വിദ്യാഭ്യാസവും തുടര്‍പഠനവും എങ്ങനെയായിരുന്നു?

മദ്രാസില്‍ പോയി മെഡിസിന് ചേരണം എന്നായിരുന്നു ആഗ്രഹം. അപേക്ഷ അയക്കാന്‍ വൈകിയതിനാല്‍ സീറ്റ് കിട്ടിയില്ല. ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ബി.എസ്.സിക്ക് ചേര്‍ന്നു. ഇവിടെയായിരുന്നു എന്റെ വളര്‍ച്ചയുടെ രണ്ടാം ഘട്ടം. 1956-ലാണ് ഞാന്‍ ബി.എസ്.സി പാസായത്. അപ്പോഴേക്കും മലബാര്‍ മദ്രാസ് സംസ്ഥാനത്തു നിന്ന് വേര്‍പ്പെടുത്തിയിരുന്നതിനാല്‍, ഇവിടെ നിന്നുള്ളവര്‍ക്ക് പിന്നെ പി.ജിക്ക് റിസര്‍വേഷന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, എം.എസ്.സിക്ക്  ഉത്തരേന്ത്യയിലെ ഏതെങ്കിലും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ ചേരണമെന്നായി ആഗ്രഹം. ബനാറസ്, ആഗ്ര, അലീഗഢ് തുടങ്ങിയ സ്ഥാപനങ്ങളില്‍ സീറ്റ് കൂടുതല്‍, അപേക്ഷകര്‍ കുറവ് എന്നതായിരുന്നു അവസ്ഥ. മുസ്ലിം സാംസ്‌കാരിക അന്തരീക്ഷമുള്ള അലീഗഢായിരുന്നു എനിക്ക് താല്‍പര്യം. മദ്രാസില്‍ നിന്നു നേരിട്ട് പോയി അലീഗഢില്‍ അപേക്ഷിച്ചു. അഭിമുഖം കഴിഞ്ഞ്, അഡ്മിഷന്‍ കിട്ടി. ഹൈദറാബാദുകാരനായ ബാബര്‍ മിര്‍സ എന്ന സുവോളജി പ്രഫസറായിരുന്നു അഭിമുഖകാരന്‍, മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 'എന്തുകൊണ്ട് എനിക്ക് അലീഗഢില്‍ അഡ്മിഷന്‍ കിട്ടണം' എന്ന് ഞാന്‍ തന്നെ സംസാരിച്ച് സമര്‍ഥിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കേരളത്തില്‍നിന്ന്, വിശേഷിച്ച് കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് കുറച്ചു പേര്‍ അലീഗഢിലുണ്ടായിരുന്നു. ജീവിതത്തിലെ വഴിത്തിരിവായിരുന്നു അലീഗഢ് കാലം. ഒന്നാം റാങ്കോടെ എം.എസ്.സി പൂര്‍ത്തിയാക്കി. അലീഗഢില്‍നിന്ന് ഫസ്റ്റ് ക്ലാസ്സോടെ, ഒന്നാം റാങ്ക് കിട്ടിയ ആദ്യ ദക്ഷിണേന്ത്യക്കാരനായി. ഇതിന്റെ ഫലമായി അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍ തന്നെ പി.എച്ച്.ഡിക്ക് ഫെല്ലോഷിപ്പ് ലഭിച്ചു, ഏതാനും മാസങ്ങള്‍ അവിടെ തങ്ങി. ഉത്തരേന്ത്യയില്‍ തന്നെ തുടരാന്‍ താല്‍പ്പര്യമില്ലാതിരുന്നതിനാല്‍ ദക്ഷിണേന്ത്യയില്‍ ജോലി കിട്ടാന്‍ ആഗ്രഹിച്ചു. 
ഇതിനിടെ, ഞാന്‍ തമിഴ്‌നാട്ടിലെ മണ്ഡപത്തുള്ള സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫെല്ലോഷിപ്പിന് അപേക്ഷിച്ചിരുന്നു. സമുദ്രശാസ്ത്ര രംഗത്തെ ഇന്ത്യയിലെ ഏക സ്ഥാപനമായിരുന്നു ഇത്. അവിടെ പ്രവേശനം ലഭിച്ചു. മൂന്നര വര്‍ഷം കൊണ്ട് റിസര്‍ച്ച് പൂര്‍ത്തിയാക്കി. അവിടെത്തന്നെ ജൂനിയര്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയും ലഭിച്ചു. അതിനിടെ ഗോവയില്‍ പുതുതായി തുടങ്ങിയ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയില്‍ സീനിയര്‍ തസ്തികയില്‍ ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചു, അത് സ്വീകരിക്കപ്പെട്ടു. മലയാളിയായ ഡോ. എന്‍.കെ പണിക്കര്‍ സാറായിരുന്നു ഡയറക്ടര്‍. എറണാകുളത്തായിരുന്നു എന്റെ പോസ്റ്റിംഗ്. അവിടെ ഗവേഷണ പഠനവുമായി മുന്നോട്ടു പോയി. 
അധ്യാപന മേഖലയോട് എനിക്ക് കവിഞ്ഞ താല്‍പര്യമുണ്ടായിരുന്നു. അതിനിടക്കാണ്, കേരള യൂനിവേഴ്‌സിറ്റിയില്‍ കുറേ തസ്തികകള്‍ ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചത്. എറണാകുളത്ത് അന്ന് കേരളയുടെ നാല് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അതിലൊന്ന് സമുദ്രശാസ്ത്ര വകുപ്പായിരുന്നു. അവിടെ നിയമനം ലഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ അവിടെത്തുടര്‍ന്നു. പിന്നീട് കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലേക്ക് മാറി. ബ്രിട്ടീഷ് ഗവണ്‍മെന്റ് ആരംഭിച്ച മൂന്ന് പ്രധാന സ്ഥാപനങ്ങളാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ബോട്ടണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവ. കല്‍ക്കത്തയിലായിരുന്നു ഇതിന്റെ ആസ്ഥാനം. 1966-ലാണ് ഞാന്‍ അവിടെ എത്തുന്നത്.

പഴയ ബ്രിട്ടീഷ് ഭരണത്തിന്റെ ആസ്ഥാനമായിരുന്നല്ലോ കല്‍ക്കത്ത. എന്തായിരുന്നു 1960-കളില്‍ കല്‍ക്കത്തയുടെ അവസ്ഥ? അക്കാലത്തെ പശ്ചിമ ബംഗാളിന്റെ സ്ഥിതിവിശേഷങ്ങള്‍?

1960-കളിലെ കല്‍ക്കത്ത ഒരു നരകമായിരുന്നു. അതൊരു സഫറിംഗ് സിറ്റിയാണ് അന്ന്. മരിക്കുന്ന നഗരം (Dying City) എന്നാണ് ഞങ്ങളതിനെ വിശേഷിപ്പിച്ചിരുന്നത്. 1911 വരെ ഇന്ത്യയെ നിയന്ത്രിച്ച നഗരം. പിന്നീട് തലസ്ഥാനം ദല്‍ഹിയിലേക്ക് മാറിയപ്പോള്‍ തന്നെ കല്‍ക്കത്ത മരിക്കാന്‍ തുടങ്ങിയിരുന്നു. 1947-ല്‍ സ്വാതന്ത്ര്യം നേടി, രാജ്യം വിഭജിക്കപ്പെട്ടതോടെ ആ മരണം ഉറപ്പായിത്തീര്‍ന്നു! പല വിഭവങ്ങളുടെയും ഉല്‍പ്പാദന കേന്ദ്രം ഈസ്റ്റ് ബംഗാളിലായി. ചണം, നെല്ല് തുടങ്ങിയ പ്രധാന കാര്‍ഷിക ഉല്‍പാദനം കൂടുതല്‍ ഇന്നത്തെ ബംഗ്ലാദേശ് എന്ന ഈസ്റ്റ് ബംഗാളിലും ഫാക്ടറികള്‍ കൂടുതല്‍ ഇന്ത്യയുടെ ഭാഗമായ പശ്ചിമ ബംഗാളിലും! കല്‍ക്കത്ത വിഭവ ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി. ജല ദൗര്‍ലഭ്യം ജനങ്ങളെ തീരാദുരിതത്തിലാക്കി. ഗവണ്‍മെന്റ് സപ്ലൈ ചെയ്യുന്ന കലങ്ങിയ വെള്ളം ശേഖരിച്ചുവെച്ച് ഊറിയ ശേഷം വേണം ഉപയോഗിക്കാന്‍. നാടുനീളെ അഭയാര്‍ഥികളായിരുന്നു. കല്‍ക്കത്ത തെരുവിലൊക്കെ ആയിരക്കണക്കായ ആളുകള്‍ കിടന്നുറങ്ങുന്നത് കാണാമായിരുന്നു. വീടും തൊഴിലും ഭക്ഷണവും കിട്ടാതെ ജനം വലയുന്നു. ചേരികള്‍ തിങ്ങിനിറഞ്ഞു. മുസ്‌ലിം പ്രമാണിമാരും നേതാക്കളും പാകിസ്താനിലേക്ക് പോയതിനാല്‍ 'ചപ്പുചവറുകള്‍' എന്ന് വിശേഷിപ്പിക്കാവുന്നവര്‍ മാത്രം ഇവിടെ ബാക്കിയായി. മുസ്‌ലിംകള്‍ക്ക് ധാരാളം വഖ്ഫ് ഭൂമിയുണ്ടായിരുന്നു, സ്വാതന്ത്ര്യാനന്തരം എല്ലാം അന്യാധീനപ്പെട്ടു, പിന്നീട് കുറേ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. തലശ്ശേരിയില്‍ സത്താര്‍ സേട്ടിന്റെ മൂന്ന് നില കെട്ടിടമുണ്ടായിരുന്നതും റെഫ്യൂജീസ് പ്രോപ്പര്‍ട്ടി ആക്റ്റ് അനുസരിച്ച് ഗവണ്‍മെന്റ് ഏറ്റെടുക്കുകയാണുണ്ടായത്.  പള്ളികളും മറ്റും ഏറ്റെടുത്ത് ഗവണ്‍മെന്റ് നിശ്ചയിക്കുന്ന കമ്മിറ്റിയുടെ ഭരണത്തിലാക്കിയിരുന്നു. കുറേ ഭൂമി സ്വകാര്യ വ്യക്തികളും ഗ്രൂപ്പുകളും കൈയേറുകയും ചെയ്തു. ടിപ്പുവിന്റെ കുടുംബം കല്‍ക്കത്തയിലുണ്ടായിരുന്നു, ഞാന്‍ അവരെ കണ്ടിട്ടില്ല. ടിപ്പുവിന്റെ പിന്മുറക്കാരില്‍ ഒരാള്‍ക്ക് അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലര്‍ക്കിന്റെ ജോലി നല്‍കിയതായി വായിച്ചിട്ടുണ്ട്.
കലങ്ങിമറിഞ്ഞ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷമാണ് അന്ന് ബംഗാളിലുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ അജയ് ഘോഷായിരുന്നു മുഖ്യമന്ത്രി. ജ്യോതിബസുവിനെപ്പോലുള്ള ഇടതു നേതാക്കളുമുണ്ട് മറുവശത്ത്. ഇരു വിഭാഗവും കാര്യമായൊന്നും ചെയ്തില്ല. സ്വാതന്ത്ര്യാനന്തരം ഇരുപത്തിയഞ്ചോളം വര്‍ഷങ്ങള്‍ ഇതായിരുന്നു അവസ്ഥ. അതിന്റെ മൂര്‍ധന്യതയിലാണ് ഞങ്ങള്‍ അവിടെ എത്തിയത്.  ഞായറാഴ്ചകളില്‍ ഏറെ നേരം ക്യൂ നിന്നാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. രണ്ട് മുട്ട കിട്ടണമെങ്കില്‍ പോലും നീണ്ട ക്യൂ! ഇക്കാരണങ്ങളാലെല്ലാം, ഭാര്യയും രണ്ട് കുട്ടികളുമായി അവിടെ തുടരാന്‍ പ്രയാസമായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അവസരം ലഭിച്ചതോടെയാണ് കല്‍ക്കത്തയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത്.

കല്‍ക്കത്തയില്‍ മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ പ്രവര്‍ത്തിച്ചിരുന്നുവല്ലോ?

മദ്രാസിലെയും കല്‍ക്കത്തയിലെയും  മലബാര്‍ മുസ്‌ലിം അസോസിയേഷനുകള്‍ ഇവിടെ നിന്ന് കച്ചവടത്തിനും മറ്റും പോയവര്‍ സ്ഥാപിച്ചതാണ്. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ മലയാളികള്‍ ഇവിടെയെല്ലാം എത്തിയിരുന്നു. തലശ്ശേരിയില്‍നിന്നുള്ള കുറേ പേരുണ്ടായിരുന്നു രണ്ട് സ്ഥലങ്ങളിലും. എ.സി മുഹമ്മദ് ആന്റ് കമ്പനി കല്‍ക്കത്തയിലെ മുസ്‌ലിം പ്രമാണിയുടേതായിരുന്നു. കല്‍ക്കത്തയിലെ ആദ്യത്തെ ആറുനില കെട്ടിടം അദ്ദേഹത്തിന്റേതാണ്. ബ്രിട്ടീഷുകാര്‍ക്ക് ഭക്ഷ്യസാധനങ്ങളും മറ്റും സപ്ലൈ ചെയ്തിരുന്നു അദ്ദേഹം. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നുള്ള ക്ഷാമകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് സാധനങ്ങള്‍ കിട്ടാനുള്ള പ്രധാന വഴി അദ്ദേഹമായിരുന്നു. ആലുവക്കാരന്‍ മക്കാര്‍ സാഹിബുണ്ടായിരുന്നു കല്‍ക്കത്തയില്‍, മുസ്‌ലിം അസോസിയേഷന്റെ നേതാക്കളിലൊരാള്‍. തൊഴിലന്വേഷിച്ചു ചെല്ലുന്നവരെയും രോഗികളെയും മറ്റും സഹായിക്കുക, മയ്യിത്ത് ഖബ്‌റടക്കുക, വിദ്യാഭ്യാസ സഹായം നല്‍കുക തുടങ്ങിയവയായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങള്‍.

ദ്രാവിഡ സംസ്‌കാരത്തിന്റെ നന്മയെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. താങ്കള്‍ വിദ്യാര്‍ഥിയും ഉദ്യോഗസ്ഥനുമായി കുറേ കാലം തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നു. എന്താണ് നിങ്ങള്‍ അനുഭവിച്ച തമിഴ് ജനത?

മനുഷ്യസ്‌നേഹികളായ നല്ല ജനതയാണ് ഞാന്‍ അനുഭവിച്ച തമിഴര്‍. ഉദാരമനസ്‌കര്‍ ധാരാളമുണ്ടായിരുന്നു, സാമ്പത്തികമായി സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍. മണ്ഡപത്തെ മുസ്‌ലിം പ്രമാണിമാരും പൊതുവില്‍ നല്ലവരായിരുന്നു. മദ്രാസ് സിറ്റിയില്‍ ശരിയായ ദ്രാവിഡ സംസ്‌കാരം അനുഭവിക്കാന്‍ കഴിഞ്ഞു. മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് അതിന്റെ ഒരു പ്രത്യേകതയാണ്. പ്രസിഡന്‍സിയിലെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം തമിഴരായിരുന്നിട്ടും, സുവോളജി അസോസിയേഷന്റെ സെക്രട്ടറിയായി ഒന്നാം വര്‍ഷം തന്നെ എന്നെ തെരഞ്ഞെടുത്തത് മറ്റുള്ളവരെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള അവരുടെ സന്നദ്ധതയുടെ തെളിവാണ്. കാമ്പസിനകത്ത് മത-സമുദായ വിവേചനം ലവലേശം ഉണ്ടായിരുന്നില്ല. സുവോളജി പ്രഫസര്‍ ജോണ്‍ സുന്ദര്‍രാജ് ഉദാഹരണം. മദ്രാസിലെ ബഡാ മസ്ജിദിനടുത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്, ആ പള്ളിയിലാണ് ഞങ്ങള്‍ നമസ്‌കരിക്കാന്‍ പോയിരുന്നത്, അവിടെയും എല്ലാവരോടും ഇടപെട്ടു ജീവിച്ചു. മുസ്‌ലിം സ്ത്രീകള്‍ ളുഹ്ര്‍, അസ്്വര്‍ നമസ്‌കാരങ്ങള്‍ക്ക് പള്ളിയില്‍ വന്നിരുന്നു! വലിയ ഷാള്‍/മക്കനയാണ് അവര്‍ ധരിച്ചിരുന്നത്. നമസ്‌കരിച്ചിറങ്ങുന്നവരുടെ അനുഗ്രഹം വാങ്ങാന്‍ ഇതര മതക്കാര്‍, സ്ത്രീകളും പുരുഷന്‍മാരും ധാരാളമായി പള്ളിയുടെ മുമ്പില്‍ നിരന്നു നില്‍ക്കുന്നത് ആദ്യമായി കണ്ടത് അവിടെയാണ്. ആര്‍ക്കും അതില്‍ തടസ്സമൊന്നുമുണ്ടായിരുന്നില്ല. 'ആരാധനാലയത്തില്‍ പോകുന്ന, നമസ്‌കരിക്കുന്ന ആളുകള്‍ നല്ല മനുഷ്യരാണ്, നല്ല മനസ്സിന്റെ ഉടമകളാണ്, ഈശ്വരാനുഗ്രഹമുള്ളവരാണ്. അവരുടെ അനുഗ്രഹം വാങ്ങണം' - ഇതായിരുന്നു ഈ ചടങ്ങിന്റെ പ്രേരകം. ഇതെല്ലാം ദ്രാവിഡ സംസ്‌കാരത്തിന്റെ നന്മയില്‍ പെടുന്നു. വടക്കേ ഇന്ത്യയിലെ കര്‍ക്കശമായ ഹൈന്ദവ സംസ്‌കാരത്തില്‍നിന്ന് പല നിലക്കും വ്യത്യസ്തമായിരുന്നു ഇത്. പള്ളിയുടെ ഭാഗമായ ഒരു ഹാളില്‍ എസ്.എം ഫാസിലിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളില്‍  എല്ലാ വിഭാഗം വിദ്യാര്‍ഥികളും പങ്കെടുത്തിരുന്നു. അവിടെ മത- സമുദായ വിവേചനമൊന്നും ഉണ്ടായിരുന്നില്ല.

 (തുടരും)

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌