Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

പോപ്പുലിസം ഇന്ത്യന്‍ ആള്‍ക്കൂട്ടങ്ങളെ ഭ്രാന്തമായി ഗ്രസിക്കുന്നത് എന്തുകൊണ്ട്?

ഡോ. ഇര്‍ഫാന്‍ അഹ്മദ്

2017-ലായിരുന്നു ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റത്. ഈ ഘട്ടത്തില്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അമിത് വര്‍മ ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു ലേഖനം എഴുതുകയുണ്ടായി. ഇന്ത്യയിലും അമേരിക്കയിലുമുള്‍പ്പെടെ ശക്തിപ്രാപിച്ചുവരുന്ന 'പോപ്പുലിസ'ത്തിന്റെ ആള്‍രൂപങ്ങള്‍ എന്ന നിലയില്‍ ട്രംപിനെയും നരേന്ദ്ര മോദിയെയും താരതമ്യം ചെയ്യുന്നതായിരുന്നു പ്രസ്തുത കുറിപ്പ്. ജര്‍മന്‍ രാഷ്ട്രീയ തത്ത്വശാസ്ത്രജ്ഞനും ചരിത്രകാരനുമായ ജാന്‍ വെര്‍ണര്‍ മുള്ളര്‍ പോപ്പുലിസത്തിനു നല്‍കുന്ന നിര്‍വചനം വിശദീകരിക്കുന്ന കൃതിയെ ഉപജീവിച്ചുകൊണ്ടായിരുന്നു വര്‍മ ഈ ലേഖനം തയാറാക്കിയിരുന്നത്. മുള്ളറുടെ നിര്‍വചനവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി എത്രമാത്രം ചേര്‍ന്നുപോരുന്നു എന്നത് തന്നെ വിസ്മയിപ്പിക്കുകയുണ്ടായി എന്ന് വര്‍മ വ്യക്തമാക്കുന്നു. പോപ്പുലിസവുമായി ബന്ധപ്പെട്ട് മുള്ളര്‍ അവതരിപ്പിക്കുന്ന ഏഴ് സ്വഭാവ സവിശേഷതകളും സമകാലീന ഇന്ത്യയില്‍ സംഗതമാണ് എന്ന പക്ഷക്കാരനാണ് വര്‍മ.
എന്താണ് പോപ്പുലിസമെന്ന ചര്‍ച്ചക്ക് ഇന്ന് അക്കാദമീഷ്യന്മാരും നരവംശ ശാസ്ത്രജ്ഞരും സാമൂഹിക ചിന്തകരും വര്‍ധിച്ച പ്രാധാന്യം കല്‍പിക്കുന്നു്. എല്ലാ അധികാരങ്ങളും ജനങ്ങളില്‍നിന്ന് വരുന്നു എന്ന ജനാധികാരവാദവും ജനങ്ങളുടെ കൈയടി നേടാന്‍ ജനപ്രീണന തത്ത്വസംഹിത പ്രയോഗിക്കുന്ന നേതാക്കളും പോപ്പുലിസ്റ്റ് ആശയത്തിന്റെ പരിധിയില്‍ വരുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തകരും വിദേശ നിരീക്ഷകരുമെല്ലാം സമീപകാലത്തായി ഇന്ത്യന്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതിന് പോപ്പുലിസ്റ്റ് പ്രഭാവത്തെ ആവര്‍ത്തിച്ച് അവതരിപ്പിച്ചുവരുന്നുണ്ട്. ക്രിസ്റ്റഫ് ജാഫര്‍ലോട്ട്, ലൂയിസ് ടില്ലിന്‍, അരവിന്ദ് രാജഗോപാല്‍, അശുതോഷ് വര്‍ഷ്‌നി  തുടങ്ങിയ സാമൂഹിക ശാസ്ത്രജ്ഞരും 'പോപ്പുലിസം' എന്ന സംജ്ഞയെ ആവര്‍ത്തിച്ച് പ്രയോഗിക്കുന്നതായി കാണാം.
അധികാരത്തിലേറുന്ന പക്ഷം പോപ്പുലിസ്റ്റുകള്‍ അനുവര്‍ത്തിക്കുന്ന പെരുമാറ്റങ്ങളെ സംബന്ധിച്ച മുള്ളറുടെ നിരീക്ഷണങ്ങളെ പൂര്‍ണമായി ശരിവെക്കുന്ന സംഭവമായിരുന്നു പതിനഞ്ചുകാരനായ ഹാഫിസ് ജുനൈദിന്റെ ദാരുണ കൊലപാതകത്തോടുള്ള അധികാരികളുടെയും അവരുടെ സില്‍ബന്ധികളുടെയും അര്‍ധ പോപ്പുലിസ്റ്റുകളുടെയും മാധ്യമങ്ങളുടെയും പ്രതികരണങ്ങള്‍. തലസ്ഥാനനഗരിയില്‍നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെ വെച്ചായിരുന്നു ജുനൈദിനെ ജനാധികാരവാദികളായ സംഘം അടിച്ചുകൊന്നതെങ്കിലും ജുനൈദിന്റെ വീട് സന്ദര്‍ശിക്കാനോ കുടുംബത്തെ ആശ്വസിപ്പിക്കാനോ ട്വിറ്റര്‍ ഉപയോഗ ഭ്രമക്കാരനായ പ്രധാനമന്ത്രി തയാറായില്ല എന്നതു പോകട്ടെ അദ്ദേഹമോ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളോ ട്വിറ്ററിലൂടെ ഒരു സന്ദേശം പുറത്തുവിടാന്‍ പോലും മിനക്കെട്ടതുമില്ല. ജുനൈദിനെ 'ആള്‍ക്കൂട്ടം' (crowd) കൊലപ്പെടുത്തി എന്നായിരുന്നു മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത. ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങളിലെ പ്രതികളെ കേവലം 'ക്രൗഡ്' എന്ന് ന്യൂനീകരിക്കുന്ന രീതിയും കൊലപാതകം പോലെ ഹീനമായ രാഷ്ട്രീയ തന്ത്രമായാണ് നരവംശ ശാസ്ത്രജ്ഞര്‍ വിലയിരുത്താറ്. ജുനൈദിനെ കത്തികൊണ്ട് കുത്തിയ പ്രതികള്‍ അവന്റെ രണ്ട് സഹോദരന്മാരെ മര്‍ദിച്ചവശരാക്കുകയും ചെയ്തു. എന്തുകൊായിരുന്നു ഈ ക്രൂരത? അവര്‍ മുസ്‌ലിംകളായിരുന്നു എന്നതുകൊണ്ടുതന്നെ. താടി വളര്‍ത്തിയതും തൊപ്പിയണിഞ്ഞതുമാണ് അവരുടെ മുസ്‌ലിം സ്വത്വത്തെ തിരിച്ചറിയാന്‍ പ്രതികളെ സഹായിച്ചത്. ജുനൈദിനെയും സഹോദരങ്ങളെയും  ബീഫ് തീറ്റക്കാര്‍, ദേശദ്രോഹികള്‍, പാകിസ്താനികള്‍ എന്നെല്ലാം പ്രതികള്‍ വിളിച്ചാക്ഷേപിച്ചുകൊണ്ടിരുന്നു. പ്രാണവേദനയില്‍ ഒരു തുള്ളി ദാഹജലം ചോദിച്ചിട്ടും ആരും കൊടുത്തില്ല. ജുനൈദിന്റെ സഹോദരന്റെ മുറിവേറ്റ ശരീരം റെയില്‍ പ്ലാറ്റ്‌ഫോമില്‍ കിടന്നിട്ടും ജനക്കൂട്ടത്തില്‍ ഒരാളും പ്രതികരിച്ചില്ല.
ഈ ആള്‍ക്കൂട്ടക്കൊല മോദിയുടെ അധികാരത്തിനു കീഴീല്‍ ആദ്യത്തെ സംഭവമായിരുന്നില്ല. ഝാര്‍ഖണ്ഡ്, ദാദ്രി, ഉന്നാവ്, ഹാര്‍പൂര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ടത്തിന്റെ അടിച്ചുകൊലകള്‍ അരങ്ങേറി. മുസ്‌ലിംകള്‍ ബീഫ് കഴിക്കുന്നു, വിശുദ്ധമായി കരുതപ്പെടുന്ന പശുവിനെ മോഷ്ടിച്ച് വില്‍ക്കുന്നു, അല്ലെങ്കില്‍ കശാപ്പിന് കൊണ്ടുപോകുന്നു തുടങ്ങിയ പ്രചാരണങ്ങളാല്‍ പ്രേരിതരായാണ് മിക്കയിടത്തും ഇത്തരം ലിഞ്ചിംഗുകള്‍ അരങ്ങേറിയത്. ഗുജറാത്തില്‍ 2002-ല്‍ നടന്ന വര്‍ഗീയ കശാപ്പിനു സമാനമായ ഭരണകൂട ഒത്താശയോടെ നടക്കുന്ന കൊലകളുമായി ലിഞ്ചിംഗിനു ബന്ധമുണ്ടെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാകുന്നു എന്ന ചിന്താഗതിയും ബഹുസ്വരതാവിരുദ്ധ ആശയങ്ങളും തന്നെയായിരുന്നു ഇത്തരത്തില്‍ പോപ്പുലിസ്റ്റ് നീക്കങ്ങള്‍ക്ക് പ്രേരണയായിരുന്നത്.
അമേരിക്ക നേതൃത്വം നല്‍കുന്ന പുതുലോകക്രമത്തില്‍ ഇസ്‌ലാം മുഖ്യശത്രുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. ശീതയുദ്ധ ഘട്ടത്തില്‍ കമ്യൂണിസമായിരുന്നു മുഖ്യശത്രു. അപരര്‍ ശത്രുക്കളാണെന്ന ചിന്തയാണ് ഇന്ത്യയിലും പോപ്പുലിസത്തെ ത്വരിതപ്പെടുത്തുന്നത്.
19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ പ്രയോഗിക്കപ്പെട്ട അര്‍ഥത്തില്‍ അല്ല സമകാലീന ഘട്ടത്തില്‍ പോപ്പുലിസം എന്ന സംജ്ഞ ഉപയോഗിക്കപ്പെടാറുള്ളത്. അമേരിക്കയിലാണ് ഈ പദത്തിന്റെ ഉല്‍പത്തി. 1891-ല്‍ അഭ്യസ്തവിദ്യരായ സംഘങ്ങള്‍ നടത്തിയ മുന്നേറ്റം വിശദീകരിക്കുന്നിടത്താണ് ആദ്യമായി ഈ പദം പ്രയോഗിക്കപ്പെട്ടത്. നഗരവത്കരണം, കോര്‍പറേറ്റ്‌വത്കരണം എന്നിവക്കെതിരെയായിരുന്നു ആ മുന്നേറ്റം. ഏതാണ്ട് സമാന വിവക്ഷയുള്ള 'നരോദ് നിഷെറ്റവോ' (Narodnichestvo) എന്ന പദം സോവിയറ്റ് റഷ്യയിലും പ്രാബല്യത്തില്‍ വന്നു. 'ജനങ്ങളിലേക്കു മടങ്ങുക' എന്ന അര്‍ഥം കുറിക്കുന്ന ഈ റഷ്യന്‍ സംജ്ഞ ഗ്രാമങ്ങളിലെ കര്‍ഷകര്‍ നടത്തിയ മുന്നേറ്റത്തെയാണ് സൂചിപ്പിച്ചിരുന്നത്. ഗ്രാമീണ കര്‍ഷക സമൂഹവും പോപ്പുലിസവും തമ്മില്‍ അഭേദ്യ ബന്ധം നിലനിന്നു എന്നു ചുരുക്കം. ഇത്തരം ലളിത കാര്‍ഷിക സാമൂഹിക ജീവിതമാണ് ദേശമൊന്നാകെ മാതൃകായേക്കണ്ടതെന്ന പരികല്‍പനയും ഇതിന്റെ ഭാഗമായി രൂപപ്പെട്ടു. മഹാത്മാ  ഗാന്ധിയുടെ ഗ്രാമസ്വരാജ് സങ്കല്‍പവും നഗര വ്യാവസായികതയോടുള്ള എതിര്‍പ്പും പോപ്പുലിസവുമായി ചേര്‍ന്നുപോകുന്നത് ഈ ചരിത്ര പശ്ചാത്തലം മൂലമാണെന്ന് രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ നരേന്ദ്ര സുബ്രഹ്മണ്യന്‍ നിരീക്ഷിക്കുന്നു.
പോപ്പുലിസത്തിന്റെ ഈ വിവക്ഷ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും നിലനിന്നു. 'വികസനം' എന്ന വ്യവഹാരത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പോപ്പുലിസത്തിന്റെ പ്രതിനിധികളായി ഭാരതീയ കിസാന്‍ യൂനിയന്‍ (ബി.കെ.യു) പ്രവര്‍ത്തകര്‍ നിലകൊണ്ടതായി അഖില്‍ ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ആദിവാസികളെയും കര്‍ഷകരെയും പോപ്പുലിസ്റ്റുകളായി വിശേഷിപ്പിക്കുന്ന ശ്രദ്ധേയമായ പഠനമാണ് ഡി.എന്‍ ദിനകര്‍ മുന്നോട്ട് വെക്കുന്നത്.
എന്നാല്‍ വര്‍ത്തമാന ഘട്ടത്തില്‍ 'പോപ്പുലിസം' എന്ന സംജ്ഞയുടെ അര്‍ഥപരികല്‍പനകളില്‍ ഏറെ വ്യതിയാനം സംഭവിച്ചതായി കാണാം. ഇന്ത്യയിലും ഇന്ത്യക്കു പുറത്തും ഇപ്പോഴത്തെ പോപ്പുലിസത്തിന്റെ കാതല്‍ ബഹുസ്വരതാവിരുദ്ധതയാണെന്ന മില്ലറുടെ സിദ്ധാന്തത്തിന് ഊന്നല്‍ നല്‍കുന്ന രീതിയാണ് ഈ പ്രബന്ധത്തില്‍ ഞാന്‍ അവലംബിക്കാന്‍ ഉദ്ദേശിക്കുന്നത്. പോപ്പുലിസത്തിന്റെ ഏറ്റവും പ്രഗത്ഭനായ സൈദ്ധാന്തികനാണ് മുള്ളര്‍. ബലിഷ്ഠമായ അടിത്തറകളിലാണ് അദ്ദേഹത്തിന്റെ പോപ്പുലിസ്റ്റ് സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെങ്കിലും അവയെ വിമര്‍ശനാത്മകമായി വിലയിരുത്താനാണ് ഈ പ്രബന്ധത്തിന്റെ അവസാന ഭാഗങ്ങളില്‍ ശ്രമിക്കുന്നത്.

പോപ്പുലിസവും ബഹുസ്വരതയും ഇന്ത്യയില്‍
മുള്ളറിന്റെ ആശയങ്ങളാല്‍ പ്രചോദിതരായി പോപ്പുലിസത്തിന് സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ നിരവധി എഴുത്തുകാര്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. മതത്തെ അടര്‍ത്തിമാറ്റി ഇന്ത്യയിലേത് സെക്യുലര്‍ പോപ്പുലിസമാണെന്ന് സമര്‍ഥിക്കാന്‍ പരിശ്രമിക്കുന്ന വര്‍മയെപ്പോലുള്ള ചിന്തകര്‍ മുള്ളറെ യാന്ത്രികമായി പിന്തുടരുകയായിരുന്നു. അമര്‍ത്യാ സെന്‍, രാമചന്ദ്ര ഗുഹ തുടങ്ങിയ ലിബറലുകളും ഇതേ വീക്ഷണം പങ്കുവെക്കുന്നു. 'നിയോ നാഷ്‌നലിസം' എന്ന കൃതിയില്‍ മുകുളിക ബാനര്‍ജിയുടെ വിശകലനം പോപ്പുലിസത്തെ ദേശീയതാ വാദത്തിന്റെ തന്നെ കൈവഴിയായാണ് മനസ്സിലാക്കുന്നത്. ഗീത അയനെസ്‌ക്യൂ, എണസ്റ്റ് ഗെല്‍നര്‍ തുടങ്ങിയ നരവംശ ശാസ്ത്രജ്ഞരും ജനാധികാരവാദ തത്ത്വസംഹിതയില്‍ ദേശീയതാ വാദത്തിന്റെ പ്രധാന ചേരുവകള്‍ അടങ്ങിയതായി നിരീക്ഷിക്കുന്നുണ്ട്. നിയോ നാഷ്‌നലിസം, നിയോ പോപ്പുലിസം തുടങ്ങിയ സംജ്ഞകളിലൂടെയും അവര്‍ ഈ പ്രതിഭാസത്തെ വിശകലനം ചെയ്യുന്നു. ഇന്ത്യന്‍ പോപ്പുലിസത്തിന്റെ ഉറവിടത്തെ മുകുളിക ബാനര്‍ജി വി.ഡി സവര്‍ക്കറുടെ 'ഹിന്ദുത്വ' എന്ന കൃതിയിലെ മതാത്മക ദേശീയതാ വാദത്തിലാണ് കണ്ടെത്തുന്നത്. ഭാരതീയതയെ സവര്‍ക്കറുടെ 'ഹിന്ദുത്വ' നിര്‍വചിക്കുന്നത് പൂര്‍ണമായും മതാത്മക ആശയത്തിലാണ്. അഥവാ ഹിന്ദു പുണ്യഭൂമിയായി ഇന്ത്യയെ കാണുന്നവരാണ് ഇന്ത്യക്കാര്‍. ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ഇന്ത്യാവിരുദ്ധരും ഇന്ത്യക്കാരല്ലാത്തവരുമായേ പരിഗണിക്കൂ എന്നും ഈ കൃതി വാദിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ആധാരമാക്കിയായിരുന്നു 1925-ല്‍ ആര്‍.എസ്.എസ് രൂപംകൊണ്ടത്. കോളണിയാനന്തര ഇന്ത്യയില്‍ ഇതേ ആശയവുമായി ജനസംഘം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ടു. ജനസംഘത്തിന്റെ പിന്‍ഗാമിയായി ഇപ്പോള്‍ അധികാരം വാഴുന്ന ബി.ജെ.പി രൂപംകൊള്ളുകയും ചെയ്തു. ഹിന്ദുത്വ ആചാര്യന്‍ സവര്‍ക്കറുടെ വംശീയ ഹിന്ദു വീക്ഷണത്തില്‍നിന്ന് വിഭിന്നമായ മതേതര ബഹുസ്വര വീക്ഷാഗതിക്കാരായി മുകുളിക ബാനര്‍ജി ഗാന്ധിജിയെയും നെഹ്‌റുവിനെയും അവതരിപ്പിക്കുന്നു. ഇന്ത്യയില്‍ വര്‍ഗീയതയുടെ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഇവരുടെ ആശയങ്ങള്‍ക്ക് സാധിച്ചതായി മുകുളിക അവകാശപ്പെടുന്നു. മതസങ്കുചിതത്വത്തെയും മതാത്മക മേധാവിത്വവാദത്തെയും ഗാന്ധി നിരാകരിക്കുന്നതായാണ് മുകുളികയുടെ വാദം. എന്നാല്‍ ഹിന്ദുമതം, തന്റെ രാഷ്ട്രീയ ചിന്താഗതികളെ ഇതരര്‍ക്കും സ്വീകാര്യമാക്കുന്ന രീതിയിലുള്ള ധാര്‍മിക ചട്ടക്കൂട് ഗാന്ധിജിക്ക് നല്‍കിയതായി മുകുളിക അഭിപ്രായപ്പെടുന്നു. മുസ്‌ലിംകളായിരിക്കെ തന്നെ മൗലാനാ അബുല്‍ കലാം ആസാദ്, ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ തുടങ്ങിയവര്‍ ഗാന്ധിരാഷ്ട്രീയത്തെ പിന്തുടര്‍ന്നത് അതുകൊണ്ടായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഹിന്ദു-മുസ്‌ലിം ധ്രുവീകരണം തന്നെയാണ് ഇന്ത്യയിലെ പോപ്പുലിസത്തിന്റെ പ്രധാന അടിത്തറ എന്നു ഞാന്‍ കരുതുന്നു. അതേസമയം ജാതിപ്രശ്‌നവും കീഴാളവിരുദ്ധതയും ഇതിന്റെ ഭാഗമാണ്. മുസ്‌ലിംകളെ പരദേശികളും പാക് അനുകൂലികളുമായി മുദ്രയടിക്കുന്ന പ്രവണത ഇന്ത്യയില്‍ അനുദിനം ശക്തിപ്പെടുന്നുണ്ട്. ആള്‍ക്കൂട്ടത്തിന്റെ കര്‍തൃത്വത്തെ അഥവാ ജനാധികാരവാദത്തെ തീവ്രമാക്കുന്ന ആഖ്യാനങ്ങളും വ്യവഹാരങ്ങളും വ്യാപകമായി അവലംബിക്കപ്പെടുന്നു. 2014-ല്‍ നരേന്ദ്ര മോദി നടത്തിയ ഒരു പ്രഭാഷണം ഉദാഹരണമായെടുക്കാം: 'പാകിസ്താന് ഇന്ത്യയില്‍ മൂന്ന് എ.കെകളെ സുഹൃത്തുക്കളായി ലഭിച്ചിരിക്കുന്നു. എ.കെ 47 തോക്ക്, അരവിന്ദ് കെജ്‌രിവാള്‍, എ.കെ ആന്റണി.' ക്രിസ്ത്യാനിയായ ആന്റണി പ്രതിരോധമന്ത്രിയായി തുടരുന്നതും, കെജ്‌രിവാളിന്റെ ദല്‍ഹി മുഖ്യമന്ത്രി പദവുമാണ് മോദി ഉന്നമിട്ടത്. തുടര്‍ന്ന് കെജ്‌രിവാളിനെ താടിയും തലപ്പാവുമണിഞ്ഞ മുസ്‌ലിമായ രീതിയില്‍ മോദി പക്ഷക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ കുപ്രചാരണം നടത്തുകയും ചെയ്തു.
പോപ്പുലിസ്റ്റ് വ്യവഹാരങ്ങളില്‍ മുസ്‌ലിംകള്‍ ഇങ്ങനെ സദാ അപരനിര്‍മിതികള്‍ നടന്നുവരുന്നു. മുസ്‌ലിംകളെ ഈ വിധം അപരവത്കരിക്കുന്നതിനെ വിമര്‍ശിക്കവെ അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകനായ ബില്‍ കോണ്‍സിലര്‍ 'ബൈ ലൈഫ് ആസ് റാഡിക്കല്‍ ലോയര്‍' എന്ന ആത്മകഥയില്‍ എഴുതിയത് ചിന്തോദ്ദീപകമാണ്; 'മുസ്‌ലിംകള്‍ ഈ യുഗത്തിലെ നീഗ്രോകളായി മാറിത്തീരാന്‍ ഇടയുണ്ട്.'

കാരുണ്യവചനത്തില്‍ പൊതിഞ്ഞ  മഹാ ക്രൗര്യങ്ങള്‍

ജനാധികാരവുമായി ബന്ധപ്പെട്ട് മുള്ളര്‍ വിഭാവനം ചെയ്ത സര്‍വ സവിശേഷതകളും വളരെ നേരത്തേതന്നെ ഇന്ത്യയില്‍ ആവിര്‍ഭവിച്ചു എന്ന വാദം എനിക്കില്ല. സമകാലിക പോപ്പുലിസ്റ്റ് മുന്നേറ്റങ്ങളില്‍ പുതിയ വേരുകളൊന്നും കാണാന്‍ സാധ്യമല്ല എന്ന വീക്ഷണവും എനിക്കില്ല. 9/11 ആക്രമണം 'ജനങ്ങള്‍' എന്ന സംജ്ഞയുടെ നിര്‍വചനത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. ഒരു ഭാഗത്ത് ഭീകരതയും മറുവശത്ത് മാനവരാശിയും എന്ന ദ്വന്ദ്വം അതോടെ രൂപപ്പെട്ടു. 'ഇസ്‌ലാമിക ഭീരകത' എന്ന പദാവലി ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ മാധ്യമങ്ങളെ മോദി ഏറെ പ്രശംസിച്ചത് ഓര്‍ക്കുക. ഭീകരത ഇസ്‌ലാമിന് ജന്മസഹജമായി ഉള്ളതാണെന്നും 1400 വര്‍ഷമായി ലോകം ഇസ്‌ലാമിന്റെ ഭീകരത അനുഭവിച്ചുവരികയാണെന്നും മോദി പ്രസ്താവിക്കുകയുണ്ടായി. ഇതര മതങ്ങളെ ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് അ
ഭിപ്രായപ്പെട്ട മോദി 9/11-ഓടെ മാനവരാശി ഒരുവശത്തും ഭീകരത മറുവശത്തും നിലയുറപ്പിച്ച് പോരാടുകയാണെന്നും ടെലിവിഷന്‍ അവതാരകന്‍ രാജ്ദീപ് സര്‍ദേശായിയുമായി നടത്തിയ സംഭാഷണത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
മോദി പരാമര്‍ശിക്കുന്ന ആ മാനവരാശി അതേ സങ്കല്‍പത്തില്‍ മുമ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മോദിയുടെ പാര്‍ട്ടി വക്രബുദ്ധിയോടെ അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിച്ച ഒരു നിര്‍മിതിയായിരുന്നു അത്. സര്‍ദേശായിയുമായി ടെലിവിഷന്‍ സംവാദത്തില്‍ ഭീകരതയുമായി ബന്ധപ്പെട്ട തന്റെ പാര്‍ട്ടിയുടെ നിലപാടുകള്‍ ഇന്ത്യയെ രണ്ടായി വിഭജിച്ചതായും മോദി അവകാശപ്പെട്ടു. ഇന്ത്യ മുന്‍കൈയെടുത്ത യു.എന്‍ സമ്മേളനത്തില്‍ ഭീകരതാ വിഷയം മികച്ച രീതിയില്‍ അവതരിപ്പിക്കാനും സാധ്യമായത്രെ. ഭീകരതയെ പിന്തുണക്കുന്നവരും മാനവതയെ പിന്തുണക്കുന്നവരും എന്ന വിഭജനം ലോകമെമ്പാടും ശക്തിപ്പെടുമെന്ന് മോദി വിശ്വസിക്കുന്നു.
സാമൂഹിക വിഭജനത്തെ അഥവാ ധ്രുവീകരണത്തെ പോപ്പുലിസത്തിന്റെ നിര്‍മാണ ഘടകമായി മുള്ളര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇത്തരമൊരു ധ്രുവീകരണ സങ്കല്‍പത്തെ മോദി ശ്രമിച്ചതു പോലെ ആഗോളതലത്തിലേക്ക് വികസിപ്പിക്കുന്നതില്‍ മുള്ളര്‍ പരാജയപ്പെടുകയായിരുന്നു. മാനവരാശിയുടെ സുഹൃത്തുക്കള്‍ എന്നും മാനവരാശിയുടെ ശത്രുക്കള്‍ എന്നുമുള്ള വിഭജനത്തിലൂടെ ഭീകരതയിലേക്കും തീവ്രവാദത്തിലേക്കും ആകര്‍ഷിക്കപ്പെടുന്ന സര്‍വരും മനുഷ്യത്വവിരുദ്ധരും മനുഷ്യത്വമില്ലാത്തവരും മനുഷ്യരേക്കാള്‍ ഒരുപടി താഴ്ന്നവരും എന്ന പരികല്‍പന സമര്‍ഥിക്കാനും മോദിയുടെ വാചാടോപങ്ങള്‍ക്കു സാധിച്ചു.
മാനവികതയെ സംബന്ധിച്ച് ഉയര്‍ന്ന അരങ്ങുകളില്‍ ഈവിധം വാചാലനാകുന്ന മോദിയുടെ വ്യവഹാരങ്ങള്‍ സ്വാഭാവികമായും ഗുജറാത്തില്‍ 2002-ല്‍ അരങ്ങേറിയ മുസ്‌ലിംവിരുദ്ധ കശാപ്പ് നമ്മുടെ ഓര്‍മകളിലുണര്‍ത്തുന്നു. ആയിരക്കണക്കിന് നിരപരാധികളായ മുസ്‌ലിംകളാണ് ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ നടന്ന കലാപത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ടത്. ഗുജറാത്ത് കലാപത്തോട് ദീര്‍ഘകാലം മൗനം ദീക്ഷിച്ച മോദി ഒടുവില്‍ പ്രതികരിച്ചത് തീര്‍ത്തും അവഹേളനപരമായ രീതിയിലുമായിരുന്നു. വാഹനത്തിനടിയില്‍പെട്ട പട്ടിക്കുഞ്ഞ് ചാകുന്നതിലെ വേദനയായാണ് ഗുജറാത്ത് കുരുതിയെ അദ്ദേഹം ന്യൂനീകരിച്ചത്. ഈ വാഗ്‌ശൈലിയിലൂടെ മുസ്‌ലിംകളെ ഒന്നടങ്കം മൃഗലോകത്തേക്ക് നീക്കിനിര്‍ത്തുകയായിരുന്നു അദ്ദേഹം. ഈ നിസ്സാരവത്കരണ മനോനിലയാണ് ജുനൈദിന്റെ ദാരുണ കൊലപാതക വേളയിലും ജനക്കൂട്ടത്തില്‍ നാം ദര്‍ശിച്ചത്. ആ മൃതദേഹമോ സഹോദരന്റെ രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന ശരീരമോ നോക്കാന്‍ അവര്‍ സന്നദ്ധരായിരുന്നില്ല.
ഇന്ത്യയില്‍ പോപ്പുലിസം പ്രവര്‍ത്തിക്കുന്ന രീതി ഇത്തരം സംഭവങ്ങളില്‍ പ്രകടമാകുന്നു. നേതാക്കള്‍ നിസ്സാരവത്കരിക്കുന്നവരെ അനുയായികളും നിസ്സാരവത്കരിക്കുന്നു. അനുതാപത്തിനു പകരം അവര്‍ നിസ്സംഗതയെ വരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഇത്തരം ദാരുണതകളെ തമസ്‌കരിക്കുന്നു. അതേസമയം ജുനൈദിന്റെ ഉമ്മ സാഇറ മകന്‍ കൊല്ലപ്പെട്ട വാര്‍ത്തയോട് പരവിദ്വേഷം തീണ്ടാതെയാണ് പ്രതികരിച്ചത്. കണ്ണീരില്‍ കുതിര്‍ന്ന ആ വാക്കുകളോട് ശരിയായി പ്രതികരിക്കാന്‍ ജനാധിപത്യത്തിന് സാധിക്കുമോ? 

(തുടരും)

വിവ: വി.പി.എ അസീസ്‌
 

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌