Prabodhanm Weekly

Pages

Search

2011 മെയ് 7

നിജാദ്, ആമൂലി, മജ്ലിസ്.... അവിസ്മരണീയമായ തെഹ്റാന്‍ ദിനങ്ങള്‍

ബിശ്റുദ്ദീന്‍ ശര്‍ഖി

തുറന്ന ജീപ്പുകളും മോട്ടോര്‍ സൈക്കിളുകളുമടക്കം വാഹനങ്ങളുടെ നീണ്ട നിരയുടെ അകമ്പടിയോടെയാണ് ഇറാന്റെ തലസ്ഥാന നഗരിയായ തെഹ്റാനിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടത്. പ്ളക്കാര്‍ഡുകളും ബാനറുകളുമേന്തിയ ചെറുപ്പക്കാര്‍ ആഹ്ളാദത്തിമിര്‍പ്പിലായിരുന്നു. ഫലസ്ത്വീനില്‍ പല കാലങ്ങളിലായി രക്തസാക്ഷികളായ കുട്ടികളുടെ ചിത്രങ്ങളുമായി കുട്ടികളുടെ ചെറു സംഘങ്ങള്‍ അങ്ങിങ്ങായി വഴിയോരങ്ങളില്‍ കാത്തുനിന്നിരുന്നു. കറുപ്പും കാപ്പിയും നിറങ്ങളുള്ള നീളന്‍ കുപ്പായങ്ങളും അതിമനോഹരമായി കെട്ടിവെച്ച തലപ്പാവുകളുമണിഞ്ഞ് ശീഈ പണ്ഡിതന്മാരും സ്വീകരണ സ്ഥലങ്ങളിലെല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു. തിരക്കേറിയ മുഖ്യ തെരുവുകളിലൊന്നില്‍ ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ച ഹോട്ടലിലെത്തുമ്പോള്‍ അതിശൈത്യത്തിന്റെ കരിമ്പടം പുതച്ചിരുന്നു നഗരം. നേരത്തെ അറിയിച്ചതു പ്രകാരം ദല്‍ഹിയില്‍നിന്നുതന്നെ ശൈത്യ സ്ഥലങ്ങളിലേക്കാവശ്യമായ കോട്ടുകളും കൈയുറകളും പാദരക്ഷകളും കരുതിവെച്ചിരുന്നതിനാല്‍ വിഷമിക്കേണ്ടിവന്നില്ല ഞങ്ങള്‍ക്കാര്‍ക്കും. പലരും സ്ളീപ്പിംഗ് ബാഗുകളടക്കം കരുതിയിരുന്നെങ്കിലും താമസം, സൌകര്യങ്ങളുള്ള ഹോട്ടലുകളിലായതിനാല്‍ ഉപയോഗിക്കേണ്ടിവന്നില്ല. നഗരത്തിന് ചുറ്റുമുള്ള പര്‍വതങ്ങള്‍ മുഴുവന്‍ മഞ്ഞണിഞ്ഞു നില്‍ക്കുന്ന കാഴ്ച മനോഹരം.

തെഹ്റാന്‍ യൂനിവേഴ്സിറ്റിയില്‍ നിജാദിനോടൊപ്പം
തെഹ്റാന്‍ യൂനിവേഴ്സിറ്റിയിലായിരുന്നു ആദ്യ സ്വീകരണ പരിപാടി. ഒരല്‍പം മാറി രക്തസാക്ഷി ചത്വരത്തില്‍ നിന്ന് പ്രകടനമായാണ് അതിഥികളും ആതിഥേയരുമടങ്ങുന്ന സംഘം യൂനിവേഴ്സിറ്റിയിലേക്ക് പോയത്. വിവിധ സംഘടനകളും ഗ്രൂപ്പുകളും അണിചേര്‍ന്ന പ്രകടനം ആവേശകരമായിരുന്നു. മുമ്പില്‍ ഫിര്‍ദൌസിയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ള വലിയൊരു ഹാളിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഹാളിനകത്തേക്കുള്ള വഴിനീളെ അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകകള്‍ നിലത്തു വിരിച്ചിരുന്നത് ചവിട്ടി വേണമായിരുന്നു അകത്തു കടക്കാന്‍. ഇതിന് മുമ്പ്, പലേടത്തും പതാകകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നതില്‍ വിമ്മിട്ടമുണ്ടായിരുന്ന പലരുമുണ്ടായിരുന്നു കൂട്ടത്തില്‍. രാജ്യത്തിന്റെ പതാക കത്തിക്കുന്നത് പോലുള്ള രൂക്ഷമായ പ്രതിഷേധ ശൈലികള്‍ കരണീയമല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. പത്തു മുപ്പതു മീറ്റര്‍ നീളത്തിലും അതിനൊത്തെ വീതിയിലും വഴിമുഴുക്കെ പതാകകള്‍ വിരിച്ചിരുന്നതിനാല്‍ എല്ലാവര്‍ക്കും അത് ചവിട്ടി അകത്തു കടക്കുക മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
പെണ്‍കുട്ടികളായിരുന്നു സംഘാടകരില്‍ എഴുപത് ശതമാനവും. സദസ്സും പകുതിയിലധികം പെണ്‍കുട്ടികള്‍ കൈയടക്കിയിരുന്നു. പേര്‍ഷ്യന്‍ ഭാഷയിലുള്ള വിപ്ളവഗാനങ്ങള്‍ ഇടക്കിടക്ക് മൈക്കിലൂടെ കേട്ടുകൊണ്ടിരുന്നു. മിക്കവാറും സമയങ്ങളില്‍ സദസ്സ് പാട്ടുകളുടെ വരികള്‍ ആവേശത്തോടെ ഏറ്റുചൊല്ലി. അപ്രതീക്ഷിതമായാണ് പ്രസിഡന്റ് അഹ്മദീ നിജാദ് സദസ്സിനെ സ്തബ്ധമാക്കിക്കൊണ്ട് കടന്നുവന്നത്. അദ്ദേഹം പങ്കെടുത്തേക്കാം എന്നൊരു ചെറു പ്രതീക്ഷ മാത്രമാണ് സംഘാടകര്‍ മുമ്പ് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. അദ്ദേഹം കടന്നുവന്നതോടെ സദസ്സിന്റെ ആവേശം ഉച്ചസ്ഥായിയിലായി. പ്രസിഡന്റിന് ഹസ്തദാനം ചെയ്യാനും ആലിംഗനം ചെയ്യാനുമായി ആളുകള്‍ തിരക്കു കൂട്ടി. എല്ലാവരെയും കൈയുയര്‍ത്തി അഭിവാദ്യം ചെയ്ത അദ്ദേഹം വിനയത്തിന്റെ ശരീരഭാഷകളോടെ സദസ്യരുടെ കൂട്ടത്തില്‍ വന്നിരുന്നു. വളരെ സാധാരണമായ വസ്ത്രധാരണമായിരുന്നു അദ്ദേഹത്തിന്റേത്. കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാര്‍ സാധാരണക്കാരെ പോലെ തന്നെ തോന്നിച്ചു. മന്ത്രിമാര്‍ക്കു പോലും യുദ്ധസമാനമായ സുരക്ഷാ അന്തരീക്ഷം കണ്ടുശീലിച്ചിട്ടുള്ള ഞങ്ങള്‍ കാരവന്‍ അംഗങ്ങള്‍ക്ക് വളരെ ജനകീയവും സാധാരണവുമായ അദ്ദേഹത്തിന്റെ രീതിയും ഭാവവും കൌതുകമേകി. ഒരു രാഷ്ട്രത്തലവന്‍ ഇത്ര 'കൂളാ'യി ജനങ്ങളുമായി ഇടപെടുന്നത്, സെക്യൂരിറ്റി ഒബ്സഷനില്‍ ജീവിതം തള്ളിനീക്കുന്ന നമുക്ക് ഉള്‍ക്കൊള്ളാനാവാത്ത പ്രതിഭാസമാണ്. സ്ത്രൈണമായ ഒരു ഒതുക്കവും മനോഹാരിതയും അദ്ദേഹത്തിന്റെ നടപ്പിലും ഇരിപ്പിലും പിന്നീടദ്ദേഹം നടത്തിയ പ്രഭാഷണത്തിലും കാണപ്പെട്ടു. അമേരിക്കക്കെതിരെ ഉറഞ്ഞുതുള്ളുകയും ഇസ്രയേലിനെ ഭൂമിയില്‍നിന്ന് പിഴുതെറിയും എന്നൊക്കെ ഭീഷണി മുഴക്കുകയും ചെയ്യുന്ന നിജാദ് ഇത്രയും സൌമ്യവും ലളിതവുമായ ആകാരഭാഷയുള്ളയാളാണെന്നത്- ടി.വിയിലും മറ്റും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ മുമ്പ് കേട്ടിരുന്നെങ്കിലും- പുതിയ അനുഭവമായിരുന്നു. സെക്യൂരിറ്റി കൌണ്‍സിലിന്റെ പ്രമേയങ്ങളെ കൂനയില്‍ തള്ളേണ്ട പഴങ്കടലാസ് എന്നും, ഇറാന്റെ ആണവകാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ ഒബാമയെ ഓടിവന്നതിന്റെ കിതപ്പ് മാറാത്ത പുതുക്കക്കാരന്‍ എന്നും, ഹിലരിയെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുന്ന അമ്മായിയമ്മ എന്നും ശകാരിച്ചിട്ടുള്ള നിജാദ്, കണ്ണുകള്‍ കൂമ്പിയടച്ച് സ്ത്രൈണ ശബ്ദത്തില്‍ സംസാരിക്കുന്നത് ഞങ്ങള്‍ കൌതുകത്തോടെ നോക്കിനിന്നു. പതിഞ്ഞ സ്വരവും ഭാവവും പക്ഷേ, വിമര്‍ശനത്തിന്റെ മൂര്‍ച്ചയൊട്ടും കുറച്ചില്ല. ഫലസ്ത്വീന്‍ മക്കളെ ചൊല്ലി വികാരാധീനനായ അദ്ദേഹം അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഇസ്രയേലിനെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ലോകരാജ്യങ്ങളെയും കണക്കറ്റ് പ്രഹരിച്ചു. എന്‍.ടി.യു.ഐയുടെ അസിം റോയി കാരവനു വേണ്ടി തെഹ്റാന്‍ യൂനിവേഴ്സിറ്റിയില്‍ സംസാരിച്ചു.

മജ്ലി സിലെ അത്താഴവിരുന്ന്
ഇറാന്‍ പാര്‍ലമെന്റ് (മജ്ലിസ്) ഞങ്ങള്‍ക്ക് നല്‍കിയ അത്താഴവിരുന്ന് ആവേശകരമായിരുന്നു. വളരെ ലഘുവായ സുരക്ഷാ പരിശോധനകളേ പാര്‍ലമെന്റിനകത്തു കടക്കാന്‍ ഞങ്ങള്‍ക്ക് വേണ്ടിവന്നുള്ളൂ. ഭരണകൂടത്തിന് ഇത്രയും 'ലൈറ്റ് വെയ്റ്റ്' ആയ ഒരു ജീവിതോപകരണമാകാം എന്ന് ഇറാനിലുണ്ടായിരുന്ന ഓരോ ദിവസവും ഞങ്ങള്‍ അനുഭവിച്ചറിയുകയായിരുന്നു. പഴയ പാര്‍ലമെന്റ് കെട്ടിടം വളരെ ചെറുതാണ്. അതിനു സമീപത്ത് കടുംപച്ച നിറത്തിലുള്ള പുതിയ പടുകൂറ്റന്‍ കെട്ടിടം ഉയര്‍ന്നുവന്നിരിക്കുന്നു. രണ്ടു കെട്ടിടങ്ങളും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. വലിയ കെട്ടിടത്തിനകത്ത് പാര്‍ലമെന്റംഗങ്ങളുടെ സാന്നിധ്യത്തില്‍ കാരവന്‍ അംഗങ്ങള്‍ ഫലസ്ത്വീന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ഗാനമാലപിക്കുകയും ചെയ്തു. വിവിധ ഭാഷകളിലുള്ളതും താളത്തിലുമുള്ള മുദ്രാവാക്യങ്ങള്‍ പാര്‍ലമെന്റംഗങ്ങള്‍ ആഹ്ളാദത്തോടെ ആസ്വദിക്കുന്നത് കാണാമായിരുന്നു. ചെറിയ ഹാളില്‍ നടന്ന ചടങ്ങില്‍ കാരവന്‍ ക്യാപ്റ്റന്‍ ഫിറോസ് മീത്തി ബോര്‍വാല സംസാരിച്ചു. മഹാത്മജിയുടെ ആത്മകഥ, സന്നിഹിതരായിരുന്ന അംഗങ്ങള്‍ക്ക് മുംബൈ യൂനിവേഴിസിറ്റിയില്‍ നിന്നു വന്ന വിദ്യാര്‍ഥികള്‍ കൈമാറി. പകരമായി ഓരോ കാരവന്‍ അംഗത്തിനും മുത്തു പതിപ്പിച്ച മോതിരങ്ങള്‍ പാര്‍ലമെന്റംഗങ്ങള്‍ സമ്മാനമായി നല്‍കി.

ജവാദ് ആമൂലിയോടൊപ്പം
ഇറാനിലെ ഉന്നത ശീര്‍ഷനായ പണ്ഡിതശ്രേഷ്ഠന്‍ ആയത്തുല്ലാ ജവാദ് ആമൂലിയെ സന്ദര്‍ശിച്ചത് മറക്കാനാവാത്ത ഒരനുഭവമാണ്. ഇറാനിലെ മതാധികാര ഘടനയില്‍ പരമോന്നത നേതാവ് അലിഖാംനഇയുടെ തൊട്ടടുത്ത സ്ഥാനത്തുള്ളയാളാണ് ആയത്തുല്ല ആമൂലി. പതിഞ്ഞ സ്വരത്തില്‍ വളരെ ദാര്‍ശനികമായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം നടത്താന്‍ വിവര്‍ത്തകന്‍ നന്നേ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. ഒരു രാഷ്ട്രീയ പ്രശ്നം എന്നതിലുപരി 'ഇസ്രയേല്‍' എന്നത് ഒരു മനോഭാവമായി അദ്ദേഹം അവതരിപ്പിച്ചത് വളരെ കൌതുകകരമായി അനുഭവപ്പെട്ടു. ഇസ്രയേലിനെതിരെ കൊടി പിടിക്കുന്ന പടയാളികളോട് ആദ്യം സ്വന്തം മനസ്സിലെ 'ഇസ്രയേലിനെ' മെരുക്കിയെടുക്കാന്‍ അദ്ദേഹം ഉപദേശിച്ചത് നിറകണ്ണുകളോടെയാണ് സംഘാംഗങ്ങള്‍ കേട്ടത്. ഇസ്ലാമിനു മാത്രമേ ഇനി ലോക സാമ്രാജ്യത്വത്തിനെ നേരിടാനുള്ള ശേഷിയുള്ളൂ എന്ന് പറഞ്ഞ കിര്‍മാന്‍ ഗവര്‍ണറുടെ പ്രസംഗത്തെ മുന്‍ നിര്‍ത്തി, അമുസ്ലിംകളായ ഞങ്ങള്‍ ഇസ്രയേലിനെതിരെ പോരാടുന്നതിനെക്കുറിച്ച് എന്താണഭിപ്രായം എന്ന് ആയത്തുല്ലയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിക്കുകയുണ്ടായി. ഇസ്രയേല്‍ ലോകത്തിന്റെ കൈകളില്‍ പുരണ്ട കറയാണെന്നും അത് കഴുകിക്കളയേണ്ടത് മതഭേദമെന്യേ ഏവരുടെയും ബാധ്യതയാണെന്നും ആരു കഴുകിയാലും കറ നീങ്ങി കൈ വൃത്തിയാകുമെന്നും മറുപടി പറഞ്ഞു. പക്ഷേ, ഇസ്ലാമിന് പ്രത്യക്ഷത്തില്‍ കാണുന്ന കാരണത്തിനും കര്‍മത്തിനും അപ്പുറത്തുള്ള ചില ഉള്ളകങ്ങളുണ്ട്. അതിന് അതിന്റേതായ മൂല്യവും ഫലവും ഉണ്ട്. അത് ഭൌതികമായ കാരണങ്ങളുടെയും പ്രതികരണങ്ങളുടെയും അപ്പുറം നില്‍ക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്രാജ്യത്വത്തിനെതിരെ മതേതരത്വത്തിനോ സോഷ്യലിസത്തിനോ കമ്യൂണിസത്തിനോ ഇനി രാഷ്ട്രീയബലം ഇല്ലെന്നും ഇസ്ലാമിനു മാത്രമേ ഇനി ഭാവിയുള്ളൂ എന്നുമുള്ള കിര്‍മാന്‍ ഗവര്‍ണറുടെ നിര്‍ദോഷമായ അഭിപ്രായ പ്രകടനത്തെ സംഘാടകര്‍ അങ്ങേയറ്റം അപലപിക്കുകയുണ്ടായി. മതേതരരും സോഷ്യലിസ്റുകളുമടങ്ങുന്ന അതിഥികളെ അവഹേളിച്ചത് ശരിയായില്ല എന്നഭിപ്രായപ്പെട്ട സംഘാടകര്‍ ഗവര്‍ണര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് ഉടനടി പരാതി അയക്കുകയാണുണ്ടായത്. 'ഇസ്ലാമും പരിസ്ഥിതിയും' എന്ന തന്റെ പുസ്തകം അതിഥികള്‍ക്കോരോരുത്തര്‍ക്കും അദ്ദേഹം സമ്മാനിക്കുകയുണ്ടായി. തഫ്സീര്‍, ഇസ്ലാമിക ദര്‍ശനം, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ഹമാസ് ഓഫീസില്‍
തെഹ്റാനില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് കേന്ദ്രത്തില്‍ നിന്നും ഞങ്ങളെ ക്ഷണിക്കാന്‍ ആളുകള്‍ വരികയുണ്ടായി. ഈ ലേഖകനും ശഹിന്‍ കെ. മൊയ്തുണ്ണിയും അവരുടെ ആതിഥേയത്വം സ്വീകരിച്ച് അവരുടെ ഓഫീസ് സന്ദര്‍ശിച്ചു. ഓഫീസ് ചുമതലയുള്ള അബു സുറൂര്‍ എന്ന ചെറുപ്പക്കാരന്‍ അറബി സംസാരിച്ചിരുന്നതുകൊണ്ട് ആശയവിനിമയം എളുപ്പമായിരുന്നു. പേര്‍ഷ്യന്‍ ഭാഷയിലെ ഹമാസ് വെബ്സൈറ്റിനു വേണ്ടി കാരവന്‍ പ്രതിനിധികള്‍ എന്ന നിലക്ക് ഞങ്ങളുടെ ഇന്റര്‍വ്യൂ എടുക്കുകയും അന്നു തന്നെ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

മധുരസ്മരണകളോടെ ഇറാന് വിട
'ഏഷ്യ ടു ഗസ്സ' യാത്രയിലെ അവിസ്മരണീയമായ രണ്ടാഴ്ചകളാണ് ഇറാന്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ജനങ്ങളുടെ അടങ്ങാത്ത സാമ്രാജ്യത്വവിരോധം, അതിതീവ്രമായ മതബോധവും വികാരവും, സ്ത്രീകളുടെ വ്യാപകമായ സാമൂഹിക പങ്കാളിത്തം, ഭരണാധികാരികളുടെയും ഭരണക്രമത്തിന്റെയും ലഘുത്വം, ശാസ്ത്രീയമായ നഗരസംവിധാനവും ശുചിത്വവും, സംഘാടനത്തിലെ കൃത്യതയും ആസൂത്രണവും എന്നീ പല ഘടകങ്ങള്‍ ഇറാന്റെ ഈ അവിസ്മരണീയതക്ക് നിദാനങ്ങളായുണ്ട്. നിര്‍ദോഷമായ പരാമര്‍ശങ്ങളായിരുന്നിട്ടും അതിഥികളെ മുറിവേല്‍പ്പിച്ചേക്കും എന്ന് കരുതി ഗവര്‍ണര്‍ക്കെതിരെ പരാതിയയച്ച സംഘാടകര്‍, സുന്നികളായ അതിഥികളുടെ കൂടെ ശീഈ രീതി വിട്ട് നമസ്കാരം നിര്‍വഹിച്ച വളണ്ടിയര്‍മാര്‍, ഗസ്സ യാത്രികരെന്ന നിലക്ക് ഒരിക്കല്‍ പോലും ഞങ്ങളില്‍ നിന്ന് കൂലി വാങ്ങാതിരുന്ന തെഹ്റാനിലെയും മറ്റു നഗരങ്ങളിലെയും ടാക്സി ഡ്രൈവര്‍മാര്‍, ഞങ്ങള്‍ക്കു വേണ്ടി മണ്‍കുടുക്കകളില്‍ ചില്ലറത്തുട്ടുകള്‍ കരുതിവെച്ച പെണ്‍കുട്ടികള്‍, റോഡരികില്‍ നിന്ന് കൈയയുര്‍ത്തി കരഞ്ഞു പ്രാര്‍ഥിച്ച സ്ത്രീകള്‍, പ്രസിഡന്റിനെ കൈവീശിക്കാണിക്കൂ, അദ്ദേഹം കൈകാട്ടി വിളിച്ചാല്‍ ഞാന്‍ അടുത്തേക്കു വിടാം എന്ന് കാതില്‍ മന്ത്രിച്ച സുരക്ഷാ ഭടന്മാര്‍... അങ്ങനെ നമ്മുടെ അറിവിനും അനുഭവത്തിനും വ്യത്യസ്തമായൊരു വിരുന്നായിരുന്നു ഇറാനിലെ പതിനാലു ദിനങ്ങള്‍. അവസാന ദിവസം തെഹ്റാനില്‍ നിന്നും നീണ്ട 18 മണിക്കൂര്‍ മഞ്ഞണിഞ്ഞ സന്‍ജാനിലൂടെയും തബ്രീസിലൂടെയും സഞ്ചരിച്ച് ടര്‍ക്കിഷും അസരിയും ചുവക്കുന്ന ഇറാന്‍-തുര്‍ക്കി അതിര്‍ത്തി ഗ്രാമമായ മാക്കുവില്‍ എത്തിയപ്പോള്‍  ആലോചിച്ചത് ഇനിയെന്നാണ് ഈ മണ്ണിലേക്കൊരുമടക്കം എന്നാണ്. ഈ സമ്മോഹനമാണ് ആ സമയത്ത് ഓരോ കാരവന്‍ അംഗത്തെയും മഥിച്ചിട്ടുണ്ടാവുക എന്ന് ന്യായമായും ഞാന്‍ കരുതുന്നു. അതിര്‍ത്തി പട്ടണമായ മാക്കുവില്‍ വെച്ചു നടന്ന യോഗത്തില്‍, ഈ ലേഖകന്‍ കാരവനെ വിട്ട് നേരത്തേ സിറിയയില്‍ എത്തിച്ചേരണമെന്ന് തീരുമാനമുണ്ടായി. കാരവന്‍ തുര്‍ക്കിയിലൂടെ കടന്ന് സിറിയയില്‍ എത്തുന്നതിന് മുമ്പ് ദമസ്കസില്‍ ചെയ്തുതീര്‍ക്കേണ്ട ചില സുപ്രധാന ദൌത്യങ്ങളുമായി ഇറാനിയന്‍ സുഹൃത്ത് സലിം ഗഫൂരിയുടെ കൂടെ ഉടന്‍ തന്നെ തബ്രിസ് വിമാനത്താവളത്തിലേക്ക് തിരിച്ചു. പത്തു പതിനെട്ടു ദിവസം കൊണ്ടുണ്ടായിത്തീര്‍ന്ന സൌഹൃദവും ആഹ്ളാദവും മാറ്റിനിര്‍ത്തേണ്ടിവരുന്നതില്‍ വിഷമമുണ്ടായിരുന്നെങ്കിലും പുതിയ ചുമതലയുടെ ആവേശത്തില്‍, അതൊക്കെ മറന്ന് ദമസ്കസിലേക്ക് യാത്രയായി.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം